അഞ്ചാം ക്ലാസ്സിലെ ഓണം വെക്കേഷൻ കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസമാണ് രജിത ഞങ്ങളുടെ ക്ലാസ്സിലെ പുതിയ കുട്ടിയായി കയറിവന്നത്. കൂടെ അവളുടെ ഇരട്ട സഹോദരൻ സൂരജും ഉണ്ടായിരുന്നു.
അധികം കൂട്ടുകാരൊന്നുമില്ലാത്ത വളരെ അന്തർമുഖിയായൊരു കുട്ടിയായിരുന്നു ഞാനന്ന്…… ഇന്നും..
രജിത കയറി വന്നപ്പോൾ ടീച്ചർ അവളെപ്പിടിച്ചിരുത്തിയത് എന്റെയടുത്തായിരുന്നു. വെളുത്ത നിറമുള്ള കൈത്തണ്ടയിൽ നിറയെ കറുത്ത രോമങ്ങൾ നിറഞ്ഞു നിന്നിരുന്നു. എനിക്കതൊരു കൗതുകക്കാഴ്ച്ചയായി.
ആരോടും അങ്ങോട്ട് കയറി മിണ്ടുന്നത് എന്റെ ശീലമല്ലാത്തതുകൊണ്ട് അവളെന്നോട് ചോദിച്ചതിനൊക്കെ മുക്കിയും മൂളിയും മറുപടി കൊടുത്തതല്ലാതെ അവളോടൊരു വിശേഷവും തിരക്കാൻപോയില്ല ഞാൻ.
പക്ഷേ രജിത ഒറ്റക്കാഴ്ച്ചയിൽത്തന്നെ എന്നെയവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയാക്കി. ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ കുറച്ചോർമ്മകളെ എനിക്ക് സമ്മാനിക്കാനായി.
ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്ന അവളുടെ അച്ഛന് ട്രാൻസ്ഫർ വരുമ്പോൾ ഇടയ്ക്കിടെ വീടും സ്കൂളും മാറേണ്ടി വരും. അങ്ങനെ വന്നു പെട്ടതാണ് ഞങ്ങളുടെ സ്കൂളിലും.തിരുവനന്തപുരമാണ് അവരുടെ നാട്. അവളുടെയാ “തിരോന്തോരം “ഭാഷ കേൾക്കാൻ നല്ല രസമായിരുന്നു.
ആദ്യം സ്കൂളിനടുത്തുള്ള ഒരു വാടകവീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. പിന്നെയവർ ഞങ്ങളുടെ അയല്പക്കത്തെ വീട്ടിൽ താമസം തുടങ്ങി. അതോടെ സൗഹൃദം കൂടുതൽ ദൃഡമായി.
അന്നേ വായനയോട് വല്യ ആർത്തിയാണ്. സാധാരണ കുട്ടികളുള്ള വീട്ടിൽ വരുത്തിയിരുന്ന പൂമ്പാറ്റയോ, ബാലരമയോ കണികാണാൻ പോലും കിട്ടാതിരുന്ന കാലം. സ്കൂളിൽ ആരെങ്കിലുമത് കൊണ്ടു വന്നാൽ പടം നോക്കാണെങ്കിലും അതൊന്ന് കയ്യിൽ കിട്ടിയെങ്കിലെന്നു കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്.
ഇന്റർവെൽ സമയത്തൊക്കെ രജിത അവളുടെ തിരുവനന്തപുരം വിശേഷങ്ങൾ പറയും. സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചും വാചാലയാകും. അത് കേൾക്കുമ്പോൾ, എന്നും വഴക്കും ബഹളവും നിറഞ്ഞു നിൽക്കുന്ന എന്റെ വീടിന്നെയോർത്തു ഞാൻ സങ്കടപ്പെടും.
ഒരു ദിവസം സ്കൂൾവിട്ടു വരുമ്പോൾ രജിതയുടെ നിർബന്ധം കൊണ്ട് അവളുടെ വീട്ടിൽക്കയറി. നിറ ചിരിയോടെ കൈപിടിച്ച്, അവളുടെയമ്മ നിറയെ പാലൊഴിച്ച ചായയും, ബിസ്ക്കറ്റും ലഡ്ഡുവുമൊക്കെ എടുത്തു തന്നു.
അതൊക്കെ കണ്ട് എന്റെ കണ്ണ് മിഴിഞ്ഞു പോയ്.
സാധാരണ സ്കൂൾ വിട്ട് വീട്ടിൽ ചെന്നു കയറുമ്പോൾ,പാതാംപുറത്ത് തണുത്തു പാടകെട്ടി ഓലച്ചാരം വീണു കിടക്കുന്ന കട്ടൻച്ചായയാണ് എന്നെ കാത്തിരിക്കാറുള്ളത്.
രജിതയുടെ വീട്ടിലെ സമൃദ്ധി എന്നെ കൊതിപ്പിച്ചു കളഞ്ഞു.
ചായ കുടിച്ചു കഴിഞ്ഞപ്പോൾ അവളെന്നെ അവളുടെ മാത്രമായ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയ്. ആ മുറിയിലെ കട്ടിലും, ഭംഗിയുള്ള കിടക്കവിരിയുമൊക്കെ കണ്ടപ്പോൾ രജിത എന്തു ഭാഗ്യവതിയാണെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
കണ്ണുകൾ ആ മുറിയിലാകെ ചുറ്റിത്തിരിയുമ്പോഴാണ് ഭിത്തിയലമാരയിൽ വാരിനിറച്ചു വെച്ചിരിക്കുന്ന പുസ്തകക്കൂട്ടം ഞാൻ കാണുന്നത്.
ബാലരമ, പൂമ്പാറ്റ, ബാലമംഗളം, അമർചിത്രകഥകൾ അങ്ങനെയങ്ങനെ വായനയുടെ ഒരു വസന്തം മുഴുവനുമുണ്ട്. കുതിച്ചു ചാടുന്ന ഹൃദയവുമായി ഞാനതിനരികിലേക്ക് ഓടിച്ചെന്നു.എല്ലാം ആർത്തിയോടെ വാരിയെടുക്കാൻ തോന്നിയെങ്കിലും പതിയെ ഒരെണ്ണമെടുത്തു പേജുകൾ മറിച്ചു.
“സിന്ധൂന് വേണോ അത്. വായിക്കാൻ ”
രജിതയുടെ ചോദ്യം കേട്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിയെനിക്ക്.വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിൽക്കുകയാണ് അതുകൊണ്ട് വേണമെന്ന് മെല്ലെ തലയാട്ടി.
“നീ വീട്ടിൽ കൊണ്ടോയി വായിച്ചോ.
വീണ്ടും രജിതയെന്നെ അത്ഭുതപ്പെടുത്തി.
പിറ്റേ ദിവസം മുതൽ സ്കൂൾ വിട്ടു വന്ന് അനിയനെ വീട്ടിലാക്കിയിട്ട് ഒറ്റയോട്ടമാണ്.അവിടെയെന്നെ കാത്തിരിക്കുന്ന മായാവിയുടെയും, കുട്ടൂസന്റെയുമൊക്കെ ലോകത്തിലേക്ക്.കൂട്ടത്തിൽ അവളുടെയമ്മ തരുന്ന നിറയെ മധുരമുള്ള പാൽക്കാപ്പിയുടെയും മധുര പലഹാരങ്ങളുടെയും സ്നേഹപ്പെയ്ത്തിലേക്കും.
ചില ദിവസങ്ങളിൽ രജിത അടുക്കളയിൽ നിന്ന് “ഡാൽഡ”യെടുത്തു ഉള്ളംകയ്യിൽ വെച്ചു തരും. അവളും എടുക്കും എന്നിട്ട് മെല്ലെ നാവുകൊണ്ട് നക്കിയെടുത്ത് അലിയിച്ചു തിന്നും.കൃഷ്ണൻ വെണ്ണ കട്ട് തിന്നുന്നത് ടീവിയിലൊക്കെ കണ്ടിട്ടുള്ള ഞാൻ ഡാൽഡയെ വെണ്ണയെന്നു തെറ്റിദ്ധരിച്ചു.
വീട്ടിൽ വന്നു കയറുമ്പോൾ അമ്മയുടെ വായിൽ നിന്ന് കേൾക്കുന്ന പ്രാക്കും വിളിയുമൊന്നും എന്നെ സ്പർശിച്ചതേയില്ല.
“തെണ്ടി നടന്നു തിന്നോ.നാണമില്ലാത്ത അസത്ത്.അമ്മ നിർത്താനുള്ള ഭാവമില്ലാതെ പറഞ്ഞു കൊണ്ടിരിക്കും.
ആ പറയുന്നത് എന്നോടല്ല എന്ന ഭാവത്തിൽ ഞാൻ അകത്തേക്കോടും.
ഒരു ദിവസം പുതിയ ലക്കം പൂമ്പാറ്റ വന്നപ്പോൾ അവളതു ബാഗിൽ വെച്ച് സ്കൂളിൽ കൊണ്ടുവന്നു.
ഇന്റർവെൽ സമയത്ത് ഞാനും അവളുംകൂടിയത് വായിക്കാൻ തുടങ്ങി. ബെല്ലടിച്ച് ടീച്ചർ ക്ലാസ്സിൽ വന്നതൊന്നും ഞങ്ങൾ അറിഞ്ഞതേയില്ല. അത്രക്കും രസകരമായ ഒരു വായനയിലായിരുന്നു ഞങ്ങൾ.
അൽഫോൻസാ ടീച്ചറിന്റെ മലയാളം ക്ലാസ്സായിരുന്നു ആ പീരിയഡ്.ടീച്ചർ വന്ന് കസേരയിലിരുന്നിട്ട് ചൂരൽ കൊണ്ട് മേശയിൽ അടിച്ചു ശബ്ദമുണ്ടാക്കി. അപ്പോഴാണ് ഞങ്ങൾ തലയുയർത്തി നോക്കിയത്.
ടീച്ചർ ആദ്യം വിളിച്ചത് എന്നെയായിരുന്നു.
എന്തായിരുന്നു അവിടെ?
പൂമ്പാറ്റ….
പൂമ്പാറ്റയോ.. എവിടെ… കാണട്ടെ.
ഞാൻ കയ്യിലിരുന്ന പൂമ്പാറ്റ ടീച്ചർക്ക് നേരെ നീട്ടി. ടീച്ചറതു വാങ്ങി മേശപ്പുറത്ത് വെച്ചു.
ഇതൊക്കെയാണോ സ്കൂളിൽ കൊണ്ടു വരുന്നത്.നീട്ട് കൈ..
ടീച്ചറിന്റെ അലർച്ച ക്ലാസ്സ് മുറിയാകെ നിശബ്ദത പടർത്തി.
ഞാൻ വിറച്ചു കൊണ്ട് കൈ നീട്ടി.
ടീച്ചർ ഇരുന്നുകൊണ്ട് തന്നെ എന്റെ കൈവെള്ളയിലേക്ക് ആഞ്ഞടിച്ചതും, കൈ ചെന്ന് മേശയുടെ വിളുമ്പിൽ തട്ടി ടീച്ചറിന്റെ വാച്ച് പൊട്ടിച്ചിതറിപ്പോയി.
അതോടെ ടീച്ചർ ദേഷ്യം കൊണ്ട് വിറച്ചു.
നാളെ വരുമ്പോ എന്റെ വാച്ച് നന്നാക്കാനുള്ള പൈസയും കൊണ്ട് വന്നാൽ മതി. അല്ലെങ്കിൽ എന്റെ ക്ലാസ്സിൽ കേറണ്ട.
ടീച്ചർ അവസാനത്തെ ആണിയുമടിച്ചു.
വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്കു പോകുമ്പോൾ ഞാൻ ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ടിരുന്നു.
വീട്ടിൽ ചെന്ന് അമ്മയോട് എങ്ങനെയിക്കാര്യം പറയും. പറഞ്ഞാൽ തന്നെയും വാച്ച് നന്നാക്കാനുള്ള പൈസ അമ്മയുടെ കയ്യിൽ ഉണ്ടാകുമോ എന്നൊക്കയോർത്ത് എനിക്ക് വീട്ടിലേക്ക് പോകാനേ തോന്നിയില്ല.
അന്ന് അടിയുടെ പൂരമായിരിക്കും എന്നയോർമ്മയിൽ ഞാൻ കിടുങ്ങിപ്പോയി.
“നീ കരയാതിരിക്ക്. ടീച്ചറിന് കൊടുക്കാനുള്ള പൈസ ഞാൻ അച്ഛനോട് വാങ്ങിത്തരാം. നിന്റെയമ്മയോട് ഇതൊന്നും പറയാൻ പോണ്ട.
അവളെന്നെ ചേർത്തു പിടിച്ചു. മാതൃവാത്സല്യങ്ങൾ കിനിയുന്ന സ്നേഹവായ്പ്പോടെ.
കരയണ്ട സിന്ധു.. നീ കണ്ണ് തുടക്ക്. പൂമ്പാറ്റ നീ കൊണ്ട് പൊയ്ക്കോ. വായിച്ചു കഴിഞ്ഞിട്ട് തന്നാൽ മതി.
ഏറ്റവും വിലയേറിയ ഒരു ഓഫർ തന്ന് വീണ്ടും വീണ്ടും അവളെന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
പിറ്റേ ദിവസം സ്കൂളിലേക്ക് പോകും വഴി ഒരമ്പതു രൂപ നോട്ട് അവളെന്റെ കയ്യിൽ വെച്ച് തന്നു.
“ഇതാ ടീച്ചർക്ക് കൊടുക്കാനുള്ള കാശ്..
അത് വാങ്ങുമ്പോൾ എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു
എന്റെ കണ്ണുകൾ നിറയുന്നതുകണ്ട് ഒരു ചിരിയോടെ അവളെന്റെ തോളിൽ കയ്യിട്ട് ഒപ്പം നടന്നു.
അന്ന് ആദ്യത്തെ ക്ലാസ്സ് അൽഫോൻസാ ടീച്ചറിന്റെയായിരുന്നു. ടീച്ചർ ക്ലാസ്സിൽ കയറി വന്നതും എന്റെ മുട്ടുകാലിടിക്കാൻ തുടങ്ങി. ടീച്ചർ ആദ്യം നോക്കിയതും എന്നെയായിരുന്നു.
ടീച്ചർ വിളിക്കുന്നതിന് മുൻപേ ഞാനെണീറ്റ് ചെന്ന് ആ അൻപതു രൂപ ടീച്ചറിന് നേരെ നീട്ടി.
എന്തായിത്?
ടീച്ചർ നെറ്റി ചുളിച്ചു.
ടീച്ചറിന്റെ വാച്ച് നന്നാക്കാൻ.
വാക്കുകൾ തൊണ്ടയിൽ കിടന്നു വിക്കി.കണ്ണുകൾ നിറഞ്ഞൊഴുകി.
പെട്ടന്ന് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ടീച്ചർ പൊട്ടിച്ചിരിച്ചു. പിന്നെ കൈനീട്ടി എന്നെ ചേർത്ത് പിടിച്ചു.
“അത് പിന്നെ ടീച്ചർ അപ്പോഴത്തെ ഒരു ദേഷ്യത്തിനു പറഞ്ഞതല്ലേ. വാച്ച് ഞാൻ ഇന്നലെ തന്നെ ശരിയാക്കി. ദാ നോക്ക്
ടീച്ചർ കൈത്തണ്ടയിൽ കിടക്കുന്ന വാച്ച് എന്നെ കാണിച്ചു.
എനിക്കപ്പോഴും കരച്ചിലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
ഇന്റർവെല്ലിന് ഞാനാ പൈസ രജിതക്ക് തിരിച്ചു കൊടുത്തു. പക്ഷേ അവളതു വാങ്ങിയില്ല.
നീയെടുത്തോ അത്. നിനക്ക് തന്നതല്ലേ ഞാൻ.
സ്വതസിദ്ധമായ ആ ചിരിയോടെ അവളതു പറഞ്ഞപ്പോൾ, ആ നോട്ട് എന്ത് ചെയ്യുമെന്നോർത്ത് ഞാനാകെ ആശയക്കുഴപ്പത്തിലായി.
നീയത് അമ്മക്ക് കൊടുത്തോ. എവിടുന്നാന്നു ചോദിച്ചാൽ വഴിയിൽ കിടന്നു കിട്ടിയതാണെന്ന് പറഞ്ഞോ. നിന്റെയമ്മക്ക് സന്തോഷമാകട്ടെ.
എന്റെ ആശങ്കകൾക്കവൾ വിരാമമിട്ടു.
പത്തു രൂപയ്കോ മറ്റോ ഒരു കിലോ അരി കിട്ടുന്ന കാലമാണ്. ഇന്നത്തെ അഞ്ഞൂറിന്റെ വിലയുള്ള അൻപതു രൂപ. അത് കയ്യിൽവെച്ചു കൊടുക്കുമ്പോഴുള്ള അമ്മയുടെയാ സന്തോഷം ആലോചിച്ചപ്പോ തന്നെ എന്റെ സങ്കടമെല്ലാം ആറിത്തണുത്തു.
അടുത്ത ഒരു കൊല്ലം കൂടിയേ രജിത ആ സ്കൂളിൽ ഉണ്ടായുള്ളൂ. ആറാം ക്ലാസ്സിലെ മധ്യവേനലവധിക്ക് തിരുവനന്തപുരത്തേക്കു പോയ അവൾ പിന്നെ തിരിച്ചു വന്നില്ല. അവർ താമസിച്ചിരുന്ന വീട്ടിൽ ചെന്ന് ചോദിച്ചപ്പോൾ അവർ വീടൊഴിഞ്ഞു പോയെന്ന് പറഞ്ഞു.
സങ്കടം കൊണ്ട് നെഞ്ചുവിങ്ങിയെനിക്ക്. കരഞ്ഞു കൊണ്ട് വീട്ടിൽ ചെന്നു കയറിയപ്പോൾ അമ്മ ചോദിച്ചു, എന്താടി മോങ്ങുന്നേ. നിന്റെ തന്ത ചത്തോ…
ഒന്നും മിണ്ടാതെ അകത്തു കയറിക്കിടന്നു. ആഴ്ചകളും മാസങ്ങളും ഏറെ കടന്നു പോകേണ്ടി വന്നു നെഞ്ചിലെ നീറ്റലൊന്നടങ്ങാൻ.
ഒരു യാത്ര പോലും പറയാതെ എന്നിൽ നിന്നിറങ്ങിപ്പോയ ആ സ്നേഹ സമുദ്രത്തെ പിന്നെയൊരിക്കലും ഞാൻ കണ്ടിട്ടേയില്ല. ഇനിയെന്നെങ്കിലും കാണുമെന്ന പ്രതീക്ഷയുമില്ല. കണ്ടാത്തന്നെ അവൾക്ക് എന്നെയോ എനിക്ക് അവളെയോ തിരിച്ചറിയാൻ കഴിഞ്ഞെന്നും വരില്ല.
എങ്കിലും ഇടയ്ക്കിടെ വെറുതെ ഓർക്കും
അവളിപ്പോ എവിടെയായിരിക്കുമോയെന്നും ടീച്ചർക്ക് കൊടുക്കാനുള്ള പൈസ അന്നവൾ തന്നില്ലായിരുന്നെങ്കിൽ വീട്ടിൽ നടന്നേക്കാവുന്ന ഭൂകമ്പങ്ങൾ എന്തൊക്കെയായിരുന്നേനെയെന്നും
#എന്റെ രചന
#ഈ കൂട്ട് ഇല്ലായിരുന്നെങ്കിൽ


6 Comments
ഹാർട്ട് ടച്ചിങ് ❤️❤️
😘🥰മധുരിക്കുന്ന സൗഹൃദത്തിന്റെ ഓർമ്മകൾ😍👌
രജിത, ഒരു സ്നേഹസമുദ്രം തന്നെ. എഴുത്ത് കൊതിപ്പിച്ചു. അത്ര touching ആയിരുന്നു.
❤️👏🫂👌
എന്തൊരു നല്ല എഴുത്ത്. എല്ലാം കൺമുന്നിൽ കാണുന്ന പോലെ തോന്നി.പിന്നീട് ഒരിക്കലും ആ കൂട്ടുകാരിയെ കാണാൻ കഴിഞ്ഞില്ല എന്നറിയുമ്പോൾ എന്തെന്നില്ലാത്ത ഒരു ദുഃഖം മനസ്സിൽ നിറയുന്നു. ആശംസകൾ.
വായിക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി. നല്ലൊരു സൌഹൃദത്തൻെറ ഓർമ്മകൾ. രജിതയെ എവിടെ വച്ചെങ്കിലും കണട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ❤️👍
ചിലരങ്ങനെ ഒന്നും പറയാതങ്ങു പോയ്ക്കളയും. പക്ഷേ അവർ നമ്മുടെ മനസ്സിൽ കൂടു കൂട്ടിക്കഴിഞ്ഞവരല്ലേ മറക്കാൻ കഴിയില്ല.
നല്ലെഴുത്ത് സിന്ധൂ❤️❤️❤️