ഫോട്ടോയിലേക്ക് നോക്കുന്തോറും എന്തോ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരസ്വസ്ഥത എന്നെ മൂടുന്നു. അതൊരിക്കലും മുൻപങ്കാളിയുടെ വിവാഹഫോട്ടോ കണ്ടിട്ടുള്ള വിഷമമല്ല, അതെനിക്ക് തീർച്ചയാണ്. കാരണം ആ ബന്ധത്തിൽ ഞാനെന്നെ സ്വതന്ത്രയാക്കിയപ്പോൾ അനുഭവിച്ച സന്തോഷവും സമാധാനവുംഎത്രത്തോളമെന്നത് മറ്റുള്ളവരെ പറഞ്ഞറിയിക്കാൻ എനിക്ക് സാധിക്കില്ല.എന്നാലും ആരാണ് ഇയാൾക്ക് വീണ്ടും പെണ്ണ് കൊടുത്തത്.ഒന്ന് അന്വേഷിക്കാമായിരുന്നില്ലേ. ലോകത്ത് പെണ്ണിനൊന്നും ഒരു വിലയുമില്ലേ..
മമ്മാ..
മോൾടെ വിളികേട്ട് പെട്ടെന്ന് തന്നെ ലാപ് അടച്ചുവെച്ചു, അവളുടെ കണ്ണിലേക്കു നോക്കാതെ എന്തെന്ന് അന്വേഷിച്ചു. എന്റെ മുഖമൊന്നു മാറിയാൽ അവൾ മനസിലാക്കും. വയസ്സ് പതിമൂന്നേ ഉള്ളു. പക്ഷേ ചിലനേരത്തു എന്നെ പെറ്റത് അവളാണോ തോന്നും, ഉപദേശിച്ചങ്ങു കൊല്ലും, അതാണ് മുതല്.
“മമ്മാക്ക് എന്താ പറ്റിയത്,, കുട്ടു പറഞ്ഞല്ലോ മമ്മ കുറച്ചു നേരമായി ഒറ്റക്കിരിക്കുന്നുവെന്ന് ”
ഓഹ് അപ്പോൾ അനിയൻ കുട്ടൻ ഒറ്റികൊടുത്തിട്ടുള്ള വരവാണ്. ഇനിയിപ്പോൾ കാര്യമറിയാതെ അവള് മടങ്ങില്ല. എന്റെ വാശി തെല്ലും കുറയാതെ അവൾക്ക് കിട്ടിയിട്ടുണ്ട്, ഉപ്പയോടും ഉമ്മയോടും വാശിപിടിച്ചു നേടിയെടുത്തതായിരുന്നല്ലോ ഞാനയാളെ. ഒന്നുകൂടെ അന്വേഷിച്ചു ഉറപ്പിക്കാമെന്നു ആരൊക്കെ പറഞ്ഞു. പക്ഷേ ആരുടേയും വാക്കുകൾ എനിക്ക് കേൾക്കണ്ടായിരുന്നു. കേവലം ഒരുമാസത്തെ ബന്ധം തന്നെ എനിക്ക് ധാരാളമായിരുന്നു.
“മമ്മാ.. ഞാൻ ചോദിക്കുന്നതൊന്നും കേൾക്കുന്നില്ലേ, മമ്മ ഏത് ലോകത്താണ് ”
ശോ വീണ്ടും ചിന്ത കറങ്ങിതിരിഞ്ഞു അയാളിലേക്ക് തന്നെ പോവുകയാണല്ലോ. “അത് മോളെ ഞാൻ…ഓരോന്ന് ചിന്തിച്ചുപോയി.നമുക്ക് പുറത്തുപോയാലോ ”
“മമ്മ വിഷയം മാറ്റല്ലേ..
“എന്നാൽ മാറ്റുന്നില്ല. നിന്റെ പപ്പയുടെ വിവാഹം കഴിഞ്ഞു.വേറൊരു പെണ്ണും കൂടി ഇതൊക്കെ അനുഭവിക്കണ്ടേ എന്നോർത്തിട്ടാണ്.”
“മമ്മയെങ്ങനെ അറിഞ്ഞു. പപ്പയുടെ സ്റ്റാറ്റസ് മമ്മ കണ്ടിരുന്നോ”
ഇയാളത് സ്റ്റാറ്റസ് ആക്കി ഇട്ടിരുന്നോ. അപ്പോൾ തീർച്ചയായും ഇവളും കുട്ടുവും കണ്ട് കാണും.
“നിനക്ക് അറിയാമായിരുന്നോ”
“കണ്ടിരുന്നു.”
“കുട്ടുവോ..”
“അവനും അറിയാം”
“അവനെന്തു പറഞ്ഞു”
“ഇനി ഫോണിൽ കൂടി ചീത്ത കേൾക്കുന്നതിനു കുറവുണ്ടാകുമെന്നു, മമ്മ അത് കഴിഞ്ഞിട്ട് ഒരുമാസമായല്ലോ, മമ്മ ഇപ്പോഴാണോ അറിഞ്ഞത്. ”
മോൾടെ ചോദ്യത്തിന് എന്തുത്തരം കൊടുക്കുമെന്നറിയാതെ ഞാൻ പരുങ്ങി. ആരോ പറഞ്ഞുകേട്ടിരുന്നു,ശ്രദ്ധിക്കാൻ പോയിട്ടില്ല. അല്ലെങ്കിലും ഞാനുള്ളപ്പോൾതന്നെ എന്നേക്കാൾ നല്ലപെണ്ണിനെ അവനു കിട്ടുമായിരുന്നെന്നും തന്റെ ഏറ്റവും മോശം സെലെക്ഷൻ ആയിപ്പോയി നീയെന്നും ഇടയ്ക്കിടെ പറയുന്നവൻ വേറെ കെട്ടാതിരിക്കുമോ?.
“മമ്മാ എനിക്കൊരു കാര്യം പറയാനുണ്ട്, പപ്പയിൽനിന്നു രക്ഷപ്പെട്ടിട്ടു രണ്ടു വർഷം ആയില്ലേ, മമ്മക്കും പുതിയ ജീവിതം നോക്കാം. എല്ലാവരും പപ്പയെ പോലെ ആവില്ല. നല്ലൊരു കൂട്ട് മമ്മക്ക് കിട്ടും, റിയലി യൂ ഡീസർവ് ഇറ്റ്.”
“ഇനിയൊരു കൂട്ട്!. എന്റെ ജീവിതത്തിൽ! വേണ്ട മോളെ മമ്മക്ക് കൂട്ടിനു നിങ്ങളുണ്ടല്ലോ അതുമതി”
“എത്രകാലം മമ്മ, ഞങ്ങൾ ഇനി കുറച്ചുകൊല്ലം കൂടി മമ്മയുടെ കൂടെ കാണുമായിരിക്കും, പഠനം, വിവാഹം ഒക്കെയായി ഞങ്ങൾക്ക് പോകേണ്ടി വരില്ലേ. അതുമല്ല മമ്മ ഇങ്ങനെ കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് രോഗിയാവും.ജോലിയും, ട്യൂഷനും, ഓൺലൈൻ ബിസിനസ് എല്ലാം കൂടി ലൈഫ് എങ്ങനെയാ പോകുന്നത് മമ്മ ചിന്തിച്ചിട്ടുണ്ടോ.മമ്മയുടെ ജീവിതത്തിൽ ഒരാൾ കൂടി വന്നാൽ മമ്മക്ക് എന്തുകൊണ്ടും ആശ്വാസമാകും. ”
“റീനു.. മതി, ചെറിയ വായിൽ വലിയ സംസാരം.ഞാനൊന്ന് കിടക്കട്ടെ. നീയും കുട്ടുവും ഫുഡ് കഴിച്ചോ. എനിക്കിപ്പോൾ വേണ്ട”
അവളെ ഒഴിവാക്കിയതാണെന്നും കുറച്ചു നേരത്തേക്ക് അങ്ങോട്ട് വരരുതെന്നുമാണ് ഞാൻ ഉദ്ദേശിച്ചതെന്നു അവൾക്ക് മനസിലായി. കണ്ണ് നിറച്ചു റൂമിൽ നിന്നുമിറങ്ങുന്നവളെ കണ്ടില്ലെന്ന് നടിക്കാൻ ഞാൻ കണ്ണടച്ച് കിടന്നു.അത്രമേൽ സ്നേഹിക്കുന്ന ഇവരെ രണ്ടുപേരെയും എനിക്ക് തന്നു എന്നത് കൊണ്ടുമാത്രമാണ് എനിക്കയാളെ വെറുക്കാൻ സാധിക്കാത്തതെന്നു പലപ്പോഴും തോന്നിട്ടുണ്ട്. സ്നേഹിച്ചു കൂടെ കൂട്ടിയവനിൽ നിന്നും ലഭിച്ച മുറിവുകൾ തുന്നി കൂട്ടാൻ പടച്ചവൻ എനിക്ക് തന്ന മാലാഖകുട്ടികൾ. ഈയൊരു കൂട്ട് ഇല്ലായിരുന്നുവെങ്കിൽ ഞാൻ വിഷാദത്തിന്റെ ചതുപ്പുകളിൽ മുങ്ങിത്താണുപോയേനെ.എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും അയാളുടെ കൂടയുള്ള എന്റെ എട്ടുവർഷങ്ങൾ കണ്മുന്നിലേക്ക് വന്നുകൊണ്ടിരുന്നു.
——————————————-
ആരെയും സംസാരിച്ചു വശപ്പെടുത്തുന്നവൻ, കാണാനുള്ള ഭംഗി കൂടി സംസാരത്തിൽ ഒതുക്കിവെച്ചവൻ.അതിനേക്കാൾ ദീനിയായ, അഞ്ചു നേരം നമസ്‍ക്കരിക്കുന്നവൻ.അയാളെനിക്ക് എന്റെ ഫ്രണ്ടിന്റെ ഇക്കാക്ക മാത്രമായിരുന്നില്ല. എപ്പോഴോ ഒരിഷ്ട്ടം മനസിൽ കൂടി. അയാൾക്കും അങ്ങനെ ഒരിഷ്ടം ഉണ്ടെന്നത് അറിയുന്നത് തന്നെ വീട്ടിൽ ആലോചന വന്നപ്പോഴാണ്. വീട്ടിലുള്ളവരെയും സംസാരിച്ചു വീഴ്ത്തിയെന്നു പറഞ്ഞാൽ മതി. അന്വേഷിച്ചു പോയപ്പോൾ പലരും പല അഭിപ്രായവും പറഞ്ഞു. ഒന്നുകൂടെ ആലോചിക്കാൻ പറഞ്ഞു.പക്ഷേ അവന്റെ ഒരു മെസ്സേജിൽ ഞാൻ വീണു. “വീട്ടിൽ അനിയന്റെയും വിവാഹം ഉറപ്പിച്ചു. നീയെന്നെ ചതിക്കില്ലെന്ന് ഞാൻ ഉറപ്പിക്കട്ടെ. ആളുകൾ എന്ത് പറയുന്നു എന്നെനിക്കറിയില്ല. അല്ലാഹുവാണ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഈ പ്രായത്തിൽ ഒരു കമ്പനി ഫോം ചെയ്യാൻ പറ്റിയെനിക്ക്. അസൂയാലുക്കൾ എന്തെങ്കിലും പറഞ്ഞുകാണും. നിനക്കെന്നോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ ഇന്ന് വൈകിട്ടോടെ വിവാഹം ഉറപ്പിക്കാൻ നിന്റെ ആളുകൾ ഇവിടെ വരണം.അല്ലെങ്കിൽ ഇനി നമ്മൾ തമ്മിൽ കാണില്ല”.
തീരുമാനമെടുക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അല്ലെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ എന്നെ കൊണ്ടൊരു തീരുമാനം എടുപ്പിച്ചു എന്നതാണ് വാസ്തവം. അയാളുടെ ഓരോ കാര്യങ്ങളും അങ്ങനെയായിരുന്നു അയാൾ വിചാരിക്കുന്ന ഓരോ കാര്യങ്ങളും നടക്കുന്നത് വരെ വാശി പിടിക്കും. എന്നെകൊണ്ട് അയാൾക്കിഷ്ട്ടപെടുന്ന ഡ്രസ്സ് ധരിപ്പിക്കാൻ വരെ ഉണ്ടായിരുന്നു ഈ സാമർഥ്യം. സ്നേഹിച്ചും കൊഞ്ചിച്ചും പിണങ്ങിയും, ചീത്തവിളിച്ചും എന്നെ കൊച്ചാക്കിയും അയാൾ അയാളുടെ കാര്യങ്ങൾ നേടി. എനിക്ക് ഒരു മനസും ശരീരവുമുണ്ടെന്നോ അതിനു നോവുമെന്നോ അയാൾ നോക്കാറില്ല.എല്ലാം അയാളുടെ ഇഷ്ട്ടം.ഞാൻ മിണ്ടാതെ ഇരുന്നാൽ പ്രശ്നമാകില്ലല്ലോ എന്ന് കരുതി മിണ്ടാതെ ഇരുന്നാൽ ദേഷ്യം ഇരട്ടിയാവും. പറഞ്ഞു പറഞ്ഞു ഞാൻ ഒന്നിനും കൊള്ളാത്തവൾ ആണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി. പോയിപ്പോയി എനിക്ക് സ്വന്തമായി ഒരഭിപ്രായം പോലും ഉണ്ടായിരുന്നില്ല.
ഇതിനിടയിൽ ബിസിനസ് ആവശ്യത്തിനായി എന്റെ സ്വർണമെല്ലാം പണയത്തിലായി. ഗവണ്മെന്റ് ജോലിയുള്ളവളായത് കൊണ്ടു തന്നെ ബാങ്ക്‌ലോൺ എല്ലാം എന്റെപേരിൽ. എടുത്ത ലോണുകൾ ഒന്നും തിരിച്ചടക്കാൻ അയാൾക്ക് പ്ലാനുണ്ടായിരുന്നില്ല. ആദ്യമാദ്യം കിട്ടിയ ലാഭമൊക്കെ പുതിയ പുതിയ ബിസിനസ് തുടങ്ങി നശിപ്പിച്ചു.ഓരോ തോൽവിയും എന്റെ മേൽ കുതിര കയറാനുള്ള കാരണങ്ങളായി. ഞാനൊപ്പിട്ട ചെക്കുകൾ പലർക്കായി കൊടുത്തത് ഞാൻ അറിയുന്നത് തന്നെ ബാങ്ക് ചെക്ക് മടക്കുമ്പോഴാണ്.മാനസികമായും സാമ്പത്തികമായും തളർന്ന നേരം അനിയത്തിയാണ് സൈക്കോളജിസ്റ്റിനെ കാണാൻ പറഞ്ഞത്.ബിസിനസിലെ തോൽവി ആകാം എന്നോടും മക്കളോടും കാണിക്കുന്ന ദേഷ്യത്തിനും ചീത്ത പറച്ചിലിനും കാരണം എന്ന് കരുതിയ എനിക്ക് തെറ്റി.
കൗൺസിലറേ റൂമിൽ നിന്നുമിറങ്ങുമ്പോൾ എങ്ങനെയെങ്കിലും ഒന്നിച്ചു മുന്നോട്ട് പോവാമെന്ന തീരുമാനത്തിന് തുള വീണിരുന്നു. മൂന്നു നാല് വട്ട മീറ്റിംഗിൽ ഒന്നിൽ പോലും അയാൾ പങ്കെടുത്തിരുന്നില്ല. അയാൾ പറഞ്ഞപടി ഞാൻ അനുസരിക്കുവാണേൽ മുന്നോട്ട് പോകാൻ തയ്യാറാണെന്ന പല്ലവി മാത്രം. അയാളെ സംബന്ധിച്ച് അയാൾക്ക് ഒരു ന്യൂനതയുമില്ല. കുടുംബ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചു എന്നെ ബോധ്യപെടുത്തി, അവനെ അനുസരിച്ചില്ലെങ്കിൽ നരകത്തിൽ പോവേണ്ടി വരുമെന്ന ഓർമപ്പെടുത്തലാണ് അവനു കൗൺസിലിംഗ്.കൗൺസിലർ ചെയ്യേണ്ട പണി അതാണെന്ന് അയാൾ ഇടയ്ക്കിടെ ഓർമപ്പെടുത്തും.
എല്ലായിടത്തും അയാൾ നല്ലവൻ, എന്നോടൊഴിച്ചു എല്ലാവരോടും നന്നായി പെരുമാറും.ആദ്യമൊക്കെ ആരോടാണ് ഇതൊക്കെ പറയുക എന്നറിയുമായിരുന്നില്ല. കാരണം അവന്റെ പുറമെയുള്ള സ്വഭാവം മൂലം ആരും എന്നെ വിശ്വസിച്ചിരുന്നില്ല കൂട്ടത്തിൽ എന്ത് പറയുമ്പോഴും അല്ലാഹുവിനെയും റസൂലിനെയും ആണയിട്ട് പറയും. കേൾക്കുന്നവർ വിശ്വസിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.പിന്നെ ഇയാളെ കുറിച്ചു മോശം പറയുന്നവർ ഉണ്ടായിരുന്നത് അയാളുടെ കീഴിൽ ജോലി ചെയ്യുന്നവരാണ്, ഞാനും അവരുമൊക്കെ അയാൾക്ക് അടിമകളാണ്. അയാളുടെ ആജ്ഞ നിറവേറ്റാൻ വേണ്ടി മാത്രം പടച്ചവൻ പടച്ച സൃഷ്ടികൾ.സാമ്പത്തിക പ്രശ്നങൾ പുറത്തറിയാൻ തുടങ്ങിയതോടെയാണ് ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്നു വീട്ടുകാർക്ക് മനസിലായത്. അല്ല എന്റെ തന്നെ തീരുമാനത്തിന്റെ ഫലം ഞാൻ അനുഭവിക്കേണ്ടതാണ് എന്ന ബോധം കൊണ്ടു ഞാൻ ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. എല്ലാ നിലക്കും എനിക്ക് ശ്വാസം മുട്ടി തുടങ്ങി. ബിസിനസ് ഒക്കെ മുടങ്ങി വീട്ടിലിരിക്കുവാണെങ്കിലും അയാൾക്ക് ടിവി യുടെ റിമോട്ട് വരെ ഞാൻഎടുത്തു കൊടുക്കണം.
അയാൾക്ക് വേണ്ടി പണിയെടുത്തു അയാളുണ്ടാക്കിയ കടം വീട്ടി, അയാളുടെയും അയാൾ കടം വാങ്ങിയവരുടെയും ചീത്ത കേട്ട് ഞാൻ ഉരുകിയുരുകി ഓരോദിവസവും വെളുപ്പിച്ചു.
കൗൺസിലർ ഉറപ്പിച്ചു പറഞ്ഞു “നിങ്ങളുടെ ഭർത്താവ് എൻ പി ഡി പേഷ്യന്റാണ്.നർസിസ്റ്റ് പേർസണാലിറ്റി ഡിസോർഡർ, ഇങ്ങനെ യുള്ളവർക്ക് ഒരിക്കലും അവരുടെ തെറ്റ് മനസിലാക്കാൻ പറ്റില്ല. അവരുടെ കൂടെ താമസിക്കുന്നവർ വല്ലാത്തൊരു ഇമോഷണൽ ട്രോമയാണ് അനുഭവിക്കേണ്ടി വരിക. അതാവട്ടെ അയാളെ പറഞ്ഞു ബോധിപ്പിക്കാനും സാധിക്കില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.കുട്ടികൾക്ക് വേണ്ടി ഇങ്ങനെ മുന്നോട്ട് പോകാനാണ് താല്പര്യമെങ്കിൽ ഇത് സഹിച്ചു മുന്നോട്ട് പോകാം. പക്ഷേ അയാൾ നന്നാവുമെന്ന് പ്രതീക്ഷിക്കരുത്. ഇത് കൂടുതൽ ബാധിക്കുക നിങ്ങളുടെ കുട്ടികളെ ആയിരിക്കും. അച്ഛനും അമ്മയും അടിപിടി കൂടുന്ന സാഹചര്യത്തെക്കാൾ നല്ലത്, നിങ്ങളുടെ കൂടെ അവർ ഒറ്റക്ക് ജീവിക്കുന്നത് ആവും. തീരുമാനം നിങ്ങളുടേത് ആണ്.അല്ലാതെ കൗൺസിലിംഗ് കൊണ്ടോ മരുന്ന് കൊണ്ടോ അയാളെ നന്നാക്കാൻ നിങ്ങൾക്ക് സാധിക്കില്ല.”
അന്ന് മോളും പറഞ്ഞു
“മമ്മാ.. നമുക്ക് ഈ പപ്പയെ വേണ്ട. മമ്മക്ക് മാത്രമല്ല ഞങ്ങൾക്കും വേണ്ട. മതിയായി ഞങ്ങൾക്കും നമുക്ക് വേറെ പോകാം. വീട്ടിലിരിക്കുന്നത് തന്നെ ഇഷ്ടമില്ലാണ്ടായി.”
അത്രയും മതിയായിരുന്നു എനിക്ക് അയാളുടെ ജീവിതത്തിൽ നിന്നും ഇറങ്ങിപോകാൻ. താമസം വേറെ ആയെങ്കിലും അയാൾക്ക് വേണ്ടി ഞാൻ ചിലവാക്കിയ ഒരു കോടിയിലധികം വരുന്ന പൈസയോർത്തു ഡിവോഴ്സ് തരാതെ പരമാവധി നീട്ടി. അവസാനം അതൊഴിവാക്കി കൊടുത്തു ഞാൻ എനിക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അത്രയേറെ മെന്റൽ അഗനി നേരിട്ടിരുന്നു. അതിന്റെ കൂടെ മക്കളെ അവകാശം ഞാൻ വാങ്ങി. അതിനോളം പോന്ന സ്വത്തു മറ്റെന്തുണ്ട്.
———————————————–
മക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് ബീച്ചിലേക്ക് തിരിച്ചത്. മോനോട് ഇന്ന് ബീച്ചിൽ പോകാമെന്നു വാക്ക് കൊടുത്തതാണ്. എനിക്കും ചിന്തകളിൽ നിന്നുമൊരു വിടുതൽ ആവശ്യമായിരുന്നു.തന്റെ ഡ്രൈവിംഗ് തന്നെ ശ്രദ്ധിക്കുന്ന മോളോട് പേടിക്കേണ്ട മമ്മ ഓക്കെയാണ് എന്നുപറഞ്ഞിട്ടും അവളുടെ കണ്ണുകൾ എന്നിൽ തന്നെയായിരുന്നു.
അവർ രണ്ടും മണലിൽ കൊട്ടാരം തീർക്കുന്ന പണിയിൽ ഏർപ്പെട്ടപ്പോൾ ഞാൻ കടലയും കൊറിച്ചു തീരത്തെ തഴുകിപുണരുന്ന തിരയെ നോക്കിക്കൊണ്ട് ഇരുന്നു.സൂര്യനപ്പോൾ ആകാശനീലയിൽ ചുവന്ന ചായം കലക്കിഒഴുക്കിക്കൊണ്ട് കടലിൽ മുങ്ങിതാഴുകയായിരുന്നു.
“മമ്മാ..”
നോക്കിയപ്പോൾ മോൾടെ കൂടെ ഒരു ഫാമിലിയുണ്ട്. എനിക്കത്ര പരിചയമില്ല. അവൾ എനിക്ക് അവരെ പരിചയപ്പെടുത്തി. മൂത്തവൾ അവളുടെ കൂടെയാണ് പഠിക്കുന്നത്. അവരിപ്പോൾ കുട്ടികളുടെ ഉപ്പയെ കുറിച്ചു ചോദിക്കുമോ, എനിക്ക് പേടിയായി. പലപ്പോഴും ഈ ഒരു ചോദ്യം കാരണം അറിയാത്തവരുടെ ഇടയിലേക്ക് പോകാൻ തന്നെ മടിയാണ്. ഭാഗ്യത്തിന് അവരതൊന്നും ചോദിച്ചില്ലെന്ന് മാത്രമല്ല കുട്ടികൾക്ക് ഐസ്ക്രീമും ഉപ്പിലിട്ടതുമെല്ലാം വാങ്ങികൊടുത്താണ് അവർ പോയത്.
“മമ്മ പേടിച്ചു ലെ.. അവരെന്തെങ്കിലും പപ്പയെ കുറിച്ചു ചോദിക്കുമെന്ന് കരുതിയില്ലേ..”
ഞാൻ ചിറി കോട്ടി. അവൾ തുടർന്നു.
“മമ്മക്കറിയോ അതവളുടെ അമ്മയല്ല. ആ മൂന്നാമത്തെ കുട്ടി അവളുടെ അനിയനുമല്ല. പക്ഷേ അവൾക്ക് ആ അമ്മയെ സ്വന്തം അമ്മയേക്കാൾ ഇഷ്ട്ടമാണ്, അമ്മക്ക് അവളെയും അത്കൊണ്ട് തന്നെയാവും അവളുടെ അച്ഛന് അവളെക്കാൾ പ്രിയപ്പെട്ടത് ആ അമ്മയുടെ മോനായത്. അവൾക്കും അനിയത്തിക്കും അവനുംആ അമ്മയും അത്രക്ക് സ്പെഷ്യൽ ആണ്. സ്നേഹം കൊടുത്ത് അവർ സ്നേഹം വാങ്ങി.നമ്മുടെ പപ്പ ഇങ്ങനെ ആയെന്ന് കരുതി എല്ലാവരും അങ്ങനെയല്ല.മമ്മക്ക് വേണ്ടി മാത്രമല്ല ഞങ്ങൾക്ക് വേണ്ടി കൂടിയാണ് മമ്മാ…”
“മ്മ് മമ്മ നോക്കാം. മമ്മക്ക് ആലോചിക്കാൻ സമയം വേണം.എന്നെ ഇഷ്ട്ടപെടുന്ന, നിങ്ങളെ ഇഷ്ട്ടപെടുന്ന ബന്ധം വന്നാൽ മമ്മ സമ്മതിക്കും. എന്നെ ഞാനായി തന്നെ കാണാൻ പറ്റുന്ന, എന്റെ ഇഷ്ട്ടങ്ങൾക്ക് വിലകൽപ്പിക്കുന്ന, നമ്മളെ മനസിലാക്കുന്ന, നമ്മുടെ അഭിപ്രായങ്ങളെ വക വെക്കുന്ന, തുറന്നു സംസാരിക്കാൻ പറ്റുന്ന ഒരാൾ, എന്റെ കുട്ടികളുടെ ഭാരം അയാൾ ഏൽക്കണമെന്നില്ല പക്ഷേ എന്റെ വിഷമങ്ങൾക്ക് കൂട്ടാവാൻ, നിനക്ക് ഞാനില്ലെടി എന്ന് സമാധാനിപ്പിക്കാൻ കഴിയുന്ന, എന്നാൽ എന്റെ പണത്തിൽ കണ്ണ് വെക്കാത്ത ഒരാൾ. അങ്ങനെ ഒരാൾ എപ്പോഴെങ്കിലും വരുമായിരിക്കും ലെ..”
“പിന്നല്ല.. എപ്പോ വന്നെന്ന് ചോദിക്ക്…
അതും പറഞ്ഞു വെള്ളം തെറുപ്പിച്ചോടുന്ന അവളെ ഞാൻ ചേർത്തുപിടിച്ചു.
“നിന്നെപ്പോലൊരു കൂട്ട് ഏതമ്മക്ക് ലഭിക്കും! ഇനി മമ്മക്ക് വേണ്ടി ആരും വന്നില്ലെങ്കിലും മോൾടെ ഈ കൂട്ട് എന്നുമുണ്ടാവില്ലേ.. എനിക്ക്.”
പറഞ്ഞു കഴിഞ്ഞതും കാറ്റുപോലും കടക്കാൻ പ്രയാസപെടുംവിധം അവളെന്നെ ഗാഢമായി പുണർന്നു.
#ഈ_കൂട്ട് _ഇല്ലായിരുന്നുവെങ്കിൽ


24 Comments
ഹൃദയം തൊടുന്ന കഥ👍❤️
വായിച്ചു തീരുമ്പോഴേക്ക് കനം വെച്ച ന്റെ നെഞ്ചേ… അനുഭവിച്ചവളെ നീയാണ് പെണ്ണെ പെണ്ണ്!!!💪🏻
എന്നത്തേയും പോലെ ഹൃദയം തൊടുന്ന എഴുത്ത് 👌ആശംസകൾ dear ❤️
❤️❤️
😥
Emotional story; a happy ending. Her life is already blessed with that lil angel; her ‘kuuutt’. If winter comes, can spring be far behind?? A spring is awaiting her❤️❤️
Now spring is always with her
♥️♥️♥️♥️
No words 🙌
❤️❤️
കൂട്ട് 👌👌👌👌👌
നന്ദേച്ചി 🥰
👍👍😍
So touching
കുറെ നാളായി സാബിയുടെ എഴുത്തു വായിച്ചിട്ട്. നല്ല കഥ
👌🌹 ഇപ്പോൾ അമ്മയ്ക്കു കൂട്ട് മക്കളുണ്ടല്ലോ. ❤️❤️
സുമേച്ചി… കുറച്ചായി എഴുതീട്ട്. ഇതും തിരക്കിട്ടു എഴുതിയതാ. വായനക്ക് താങ്ക്സ് ട്ടോ ❤️
സിൽവിചേച്ചി… താങ്ക്സ് ❤️
റുബിതാ… താങ്ക്സ് വായനക്ക്
Living n loving your story♥️♥️♥️
Thank you for writing a chapter from my life… didn’t know my story could be told soooo beautifully… touched!
ലുബി..🫂🫂🫂
നല്ല കഥ സാബി. ഇത്തരം മനുഷ്യരുടെ കൂടെ പെട്ടു പോയാൽ തീർന്നു. രക്ഷപ്പെടാൻ സ്വയം തീരുമാനിക്കും വരെ ദുരിത ജീവിതം തന്നെയാവും.👌👌👏👏❤️❤️
നല്ല കഥ, ഇത്തരം Narcissist കളുടെ അടുത്തു നിന്നു മോചനം നേടാത്ത സ്ത്രീകൾക്ക് പ്രചോദനമാകട്ടെ !
ജോ… എത്രയോ പേരുണ്ട്. വായനക്ക് ഒരുപാട് താങ്ക്സ് ❤️
♥️♥️♥️♥️