നിധിന്റെ അടുത്തേയ്ക്കു നീൽ നീങ്ങിയിരുന്നു. കഥ കേൾക്കാനായി ആകാംഷയോടെ അവന്റെ മുഖത്തേയ്ക്കു നോക്കി. അവൻ്റെ മനസ്സ് പഴയ കാലത്തേക്ക് പോയി. അവന്റെ മുഖത്തു ദൈന്യത നിറഞ്ഞു. അവൻ പറഞ്ഞു തുടങ്ങി.
“ഞാൻ ജനിച്ചതും വളർന്നതും ഗുജറാത്തിലെ കച്ച് ജില്ലയിലാണ്. എൻ്റെ അപ്പന് അവിടെ കച്ചവടമായിരുന്നു. അമ്മ ഒരു ആശുപത്രിയിൽ മിഡ് വൈഫ് ആയി ജോലി ചെയ്തിരുന്നു. അപ്പനും അമ്മയും ഞാനും അനിയത്തിയും, വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. “
“ഒരിക്കൽ അപ്പൻ കടയിൽ വച്ച് രക്തം ശർദ്ധിച്ചു, ആ ദിവസം എനിക്ക് നല്ല ഓർമ്മയുണ്ട്, എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ആ ദിവസം. “
നീൽ കുറെ നേരം ദൂരേയ്ക്ക് നോക്കിയിരുന്നു. നാദിയ അടുക്കളയിൽ നിന്നും ആ മുറിയിലേയ്ക്കു മടങ്ങി വന്നു. നീലിനും നിധിനും ഇടയിലുണ്ടായിരുന്ന ഒഴിഞ്ഞ കസേരയിൽ നാദിയ ഇരുന്നു.
“അപ്പനെ ഉടൻ തന്നെ അമ്മ വർക്ക് ചെയ്തിരുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പന് മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ആയിരുന്നു. അത് കണ്ടു പിടിച്ചപ്പോഴേക്കും വളരെ വൈകിയിരുന്നു. കരളിൻ്റെ പ്രവർത്തനം മന്ദഗതിയിൽ ആയി. അപ്പന്റെ മരണശേഷം ഞങ്ങൾ നാട്ടിലേയ്ക്ക് മടങ്ങി വന്നു. അമ്മയുടെ ജോലിയും പോയി, കുടുംബസ്വത്തിൻ്റെ പങ്കും നഷ്ടമായി. അപ്പന്റെ സഹോദരന്മാർ ഞങ്ങൾക്ക് ഒന്നും നൽകിയില്ല. ഞങ്ങളെ കുടുംബത്തിൽ നിന്നും പുറത്താക്കി. “
“അമ്മ വീടിന് അടുത്തുള്ള ഒരു ആശുപത്രിയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിക്കു കയറി. അമ്മ എന്നെയും അനിയത്തിയേയും വളർത്താൻ ശരിക്കും പാടുപെട്ടിരുന്നു. “
“ഞാൻ പ്ലസ് ടു പാസ് ആയ സമയം വളരെ മോശം കൂട്ടുക്കെട്ടിലൊക്കെ ചെന്ന് ചാടിയിരുന്നു, അമ്മ കടം മേടിച്ചു എന്നെ ബാംഗ്ലൂരിൽ ബി എസ് സി നഴ്സിംഗിനു ചേർത്തു. പക്ഷെ വീട്ടിലെ കഷ്ടപ്പാടുകൾ കാരണം പഠനം പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല. “
“അമ്മ ജോലി ചെയ്തിരുന്ന ആശുപത്രി നടത്തിപ്പുകാരൻ ഒരു വ്യാജ ഡോക്ടറാണെന്നു പോലീസ് കണ്ടെത്തി. അമ്മയുടെ ജോലി പോവുകയും അമ്മയടക്കം എല്ലാം സ്റ്റാഫുകൾക്കുമെതിരെ കേസെടുക്കുകയും ചെയ്തു. അമ്മയുടെ നിരപരാധിത്വം തെളിയിക്കാൻ വക്കീലിനെ കണ്ടു. അതിന് വേണ്ടി കുറെ പണം വേണമായിരുന്നു. അനിയത്തിയുടെ പഠനം, അമ്മയുടെ കേസ് അങ്ങനെ പ്രശ്നങ്ങൾക്ക് നടുവിലായി ഞങ്ങൾ. ഒടുവിൽ ഞാൻ പഠനം പൂർണ്ണമായും നിർത്തി. “
“വീട്ടിലെ ദാരിദ്യം എന്നെ വല്ലാതെ തളർത്തി, പതിനെട്ടാം വയസിൽ ഞാൻ ജോലിക്കു പോകാൻ തുടങ്ങി. കൂലി പണികൾ ചെയ്തു കിട്ടുന്ന തുച്ഛമായ കൂലി കൊണ്ട് ഒന്നിനും തികയില്ലായിരുന്നു. ഞാൻ ആ പ്രദേശത്തെ കുപ്രസിദ്ധമായ ഒരു കൊട്ടേഷൻ ഗാങ്ങിൽ ചേർന്നു. കയ്യിൽ ധാരാളം പൈസ വരാൻ തുടങ്ങി, മറ്റുള്ളവർ എന്നെ പേടിക്കാനും തുടങ്ങി. അതൊക്കെ എനിക്കൊരു ഹരമായി മാറി. പോലീസിന്റെ കണ്ണ് വെട്ടിച്ചു ബൈക്കിൽ പറന്നു നടക്കാൻ ഞാൻ ഇഷ്ടപ്പെട്ടു. പതിയെ പതിയെ ഞാനും വളർന്നു. ഞാൻ ഗാങ്ങിന്റെ പ്രധാനികളിൽ ഒരാളായി മാറി. ഞങ്ങളുടെ ഗാങ്ങിൽ നിന്നും മാസപ്പടി വാങ്ങുന്ന പോലീസ് ഓഫീസർമാർ ഉണ്ടായിരുന്നു. ഞാനാണ് ആദ്യമായി പണവും പെണ്ണും വാഗ്ദാനം ചെയ്തു പോലീസിനെ വരുതിയിലാക്കി കൂടെ നിർത്താൻ തുടങ്ങിയത്. “
“ഞാൻ ഗാങ്ങിലെ പ്രധാനി ആയതോടെ പണം കിട്ടുന്ന എല്ലാ കേസുകളും ഞങ്ങൾ ഏറ്റെടുത്തു. എല്ലാവരോടും കൂടുതൽ പണം ആവശ്യപ്പെട്ടു തുടങ്ങി, പണം തന്നാൽ എന്തും ചെയ്തു കൊടുക്കുന്ന “സോൾ ടേക്കേഴ്സ്” എന്നൊരു പേരും ഗാങ്ങിന് ഇട്ടു. “
“ആയിടയ്ക്കാണ് ഞങ്ങളുടെ നാട്ടിൽ ഒരു കച്ചവടക്കാരൻ വന്ന് കച്ചവടം തുടങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നും വന്ന സാദിക്കലി ഷെയ്ഖ്, അയാൾക്ക് പലചരക്കു കച്ചവടമായിരുന്നു. നല്ലൊരു മനുഷ്യസ്നേഹിയായ സാദിക്കലി മിതമായ നിരക്കിൽ സാധനങ്ങൾ വിറ്റു. ആ കടയിൽ കച്ചവടം കൂടി. അയാളെ തകർക്കാനായി നാട്ടിലെ മറ്റൊരു പ്രമുഖ കച്ചവടക്കാരനായ അൻവർ ശ്രമിച്ചു, “
“ആദ്യമയാൾ സാദിക്കലിയെ ഭീഷണിപ്പെടുത്തി. വഴങ്ങുന്നില്ലായെന്ന് കണ്ടപ്പോൾ അയാളുടെ മകന് വേണ്ടി സാദിക്കലിയുടെ മൂത്തമകൾ നാദിയയെ വിവാഹമാലോചിച്ചു. മിടുക്കിയായ മകൾ പഠിച്ച് കഴിയട്ടെ എന്നായി സാദിക്കലി. പിഴച്ച മകനായ മനാഫിനെ നാദിയയുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമവും അങ്ങനെ പരാജയപ്പെട്ടു. അവനാകട്ടെ നാദിയയെ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ അവളുടെ പിറകെ നടന്നു. “
“ഈ നാദിയയാണോ അത്. എന്നിട്ടെന്തായി”
നിധിൻ തൻ്റെ സംശയം പ്രകടിപ്പിച്ചു. അതേയെന്ന് നാദിയ തല കുലുക്കി.
“അൻവർ ഞങ്ങൾ സോൾ ടേക്കേഴ്സിന് ഒരു കൊട്ടേഷൻ നൽകിയിരുന്നു. സാദിക്കലി ഷെയ്‌ഖിനേയും കുടുംബത്തെയും തീർക്കണം, ആ വീട് തകർക്കണം. നല്ലൊരു തുകയ്ക്ക് ഞങ്ങൾ കരാർ ഉറപ്പിച്ചു. അന്ന് രാത്രി തന്നെ കൃത്യം നടത്താൻ പ്ലാൻ ചെയ്തു. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ മുകളിലത്തെ മുറിയിൽ ആകെ ബഹളം, അവരുടെ മകൾ നാദിയയുടെ പഠന മുറിയാണ് മുകളിലെ നിലയിൽ. നാദിയ പഠിക്കാൻ മിടുക്കിയായതു കൊണ്ട് അവൾക്കു വീട്ടിലെ ശബ്ദങ്ങളൊന്നും ശല്യമാകാതിരിക്കാൻ അവൾ ആ മുറി പഠന മുറിയായി ഉപയോഗിച്ചിരുന്നു. പഠിച്ചു കഴിഞ്ഞു അവൾ താഴത്തെ നിലയിലുള്ള മുറിയിൽ സഹോദരങ്ങളുടെ കൂടെയാണ് ഉറങ്ങുന്നത്. “
“അന്നത്തെ രാത്രി ഏകദേശം ഒരു മണി ആയി കാണും, അവൾ സ്റ്റെയർകേസിനടുത്ത് എത്തിയപ്പോൾ അവളെ പിന്നിൽ നിന്നും ആരോ ആക്രമിച്ചു. അവളെ ഒരാൾ മുറിയിലേയ്ക്കു വലിച്ചിഴച്ചു. ആ സമയത്താണ് ഞങ്ങൾ ടെറസ് വഴി ആ വീട്ടിൽ കയറിയത്. ഞങ്ങളുടെ ഗാങ്ങിലുള്ള രണ്ട്പേർ താഴത്തെ നിലയിൽ ചെന്ന് ഷെയ്ഖിനെയും കുടുംബത്തെയും കൊന്നു കളഞ്ഞു. ഞാൻ മുകളിലെ നിലയിൽ നടക്കുന്ന പീഡന ശ്രമം ഒളിഞ്ഞു നിന്ന് കാണുകയാണ്. അന്നൊക്കെ എന്റെ മാനസിക നില അങ്ങനെയായിരുന്നു. പക്ഷെ നാദിയ എല്ലാ ശക്തിയോടും കൂടി അവനെ എതിർത്തു. ആ കാഴ്ച കണ്ടു എനിക്ക് ഹരം കൂടി, ഞാൻ അവനെ പിടിച്ചു മാറ്റിയില്ല. അവൻ പോക്കറ്റിൽ നിന്നും എന്തോ എടുക്കാൻ ശ്രമിക്കുന്നതു കണ്ടു ഞാൻ ചാടി വീണു. അതൊരു ഭദ്രമായി പൊതിഞ്ഞ ആസിഡ് കുപ്പി ആയിരുന്നു. അതവൻ അവളുടെ വായിലേയ്ക്ക് ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. അവൾ മരിയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാനത് കൈ കൊണ്ട് തട്ടി മാറ്റി, നിർഭാഗ്യത്തിന് ആ കുപ്പി ഭിത്തിയിൽ തട്ടി ആസിഡ് പുറത്തേക്ക് തെറിച്ചു. നാദിയയുടെ മുഖത്തിന്റെ ഇടതു വശത്തു വീണു, അവൾ പൊള്ളലേറ്റ് നിലവിളിച്ചു. “
“അവളെ കൊല്ലാൻ ചെന്ന ഞാൻ അവളുടെ ആ അവസ്ഥ കണ്ടു കരഞ്ഞു പോയി. എനിക്കെന്റെ സഹോദരിയെ ഓർമ്മ വന്നു. ഞാൻ അവളെ പീഡിപ്പിക്കാൻ വന്നവനെ കഴുത്ത് ഞെരിച്ചു കൊന്നു. അപ്പോഴേക്കും എന്റെ കൂട്ടാളികൾ ആ മുറിയിലേയ്ക്കു ഓടി വന്നു. ഞങ്ങളാണ് നാദിയയെ ആശുപത്രിയിലാക്കി. അവിടെ വച്ചാണ് അവൾ അവളുടെ കുടുംബാംഗങ്ങൾ മരണപ്പെട്ട വാർത്ത അറിയുന്നത്. കൊന്നവരിലൊരാളാണ് ഞാൻ എന്ന് അറിഞ്ഞിട്ടും അവൾ എനിക്കെതിരെ മൊഴി കൊടുത്തില്ല. അവളുടെ കുടുംബത്തെ കൊന്നയാളെ, അൻവറിൻ്റെ മകൻ മനാഫിനെ സ്വയരക്ഷയ്ക്കു താനാണ് കൊന്നതെന്ന് അവൾ മൊഴി കൊടുത്തു. “
“സംഭവം അവിടെ തീർന്നില്ല, അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച അൻവറിൻ്റെ മകനാണ് കൊല്ലപ്പെട്ടത്. അയാളാകട്ടെ ആ സ്ഥലത്തെ പോലീസ് ഇൻസ്‌പെക്ടർ ആയ സഞ്ജീവിന്റെ സുഹൃത്തായിരുന്നു. സഞ്ജീവിനു അൻവറിൽ നിന്നും ഞങ്ങളുടെ ഗാങ്ങിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു. മകൻ മരണപ്പെട്ട വൈരാഗ്യത്തിൽ ഞങ്ങളെ തീർക്കാനുള്ള പകയുമായി നടക്കുകയായിരുന്നു അൻവർ. “
“പോലീസ് ആശുപത്രിയിൽ വച്ച് നാദിയയെ നല്ല വണ്ണം ഭീഷണിപ്പെടുത്തി. അവളുടെ മാനസിക വിഷമമോ ആരോഗ്യാവസ്ഥയോ ഒന്നും അവർ പരിഗണിച്ചില്ല.. പക്ഷെ അവൾ അവരുടെ ഭീഷണിക്കൊന്നും വഴങ്ങിയില്ല. മനാഫ് ആണ് തൻ്റെ മാതാപിതാക്കളേയും സഹോദരിമാരേയും കൊന്നതെന്ന മൊഴി അവൾ ആവർത്തിച്ചു. പോലീസിന്റെ ഓരോ നീക്കവും എന്നെ അറിയിച്ചു കൊണ്ടിരുന്നു. “
നാദിയ എന്നോട് രഹസ്യമായി പറഞ്ഞു.
“നിങ്ങളാണ് എന്റെ കുടുംബത്തെ ഇല്ലാതാക്കിയതെന്നു എനിക്കറിയാം. അത് പണത്തിനു വേണ്ടിയാണെന്നെനിക്കറിയാം. എത്ര പണം വേണമെങ്കിലും ഞാൻ നിങ്ങൾക്ക് തരാം. നിങ്ങളുടെ ഉള്ളിൽ ഇത്തിരിയെങ്കിലും നന്മയുടെങ്കിൽ എന്റെ നിരപരാധികളായ മാതാപിതാക്കളെയും സഹോദരിമാരെയും ഇല്ലാതാക്കിയ ആ കുടുംബത്തെ നശിപ്പിക്കാൻ എന്റെ കൂടെ നിൽക്കണം.. “
നാദിയ എന്നോട് അപേക്ഷിച്ചു.
“നാദിയ ഞങ്ങൾക്ക് ഒരു കൊട്ടേഷൻ തന്നു. നാദിയായോടുള്ള അനുകമ്പ കൊണ്ടും, ഓഫർ ചെയ്ത തുക കൂടുതൽ ആയതു കൊണ്ടും എന്റെ ഗ്യാങ്ങിലെ അംഗങ്ങൾക്ക് സന്തോഷമായി. സഞ്ജീവിന്റെ ഭീഷണിയുണ്ടായിട്ടും ഞങ്ങൾ അവരെ ഓരോരുത്തരെയായി ഇല്ലാതാക്കി. ഒടുവിൽ മനാഫിൻ്റെ ഉമ്മയുടെ ഊഴമെത്തിയപ്പോൾ അവരെന്നോട് കരഞ്ഞു കാലു പിടിച്ചു, അവരുടെ ഇളയ മകൻ ഒരു ബുദ്ധി മാന്ദ്യമുള്ള കുഞ്ഞാണെന്നും അവരെ ആദ്യം കൊല്ലണമെന്നും, അത് കഴിഞ്ഞേ അവനെ കൊല്ലാൻ പാടുള്ളു എന്നും, അവന്റെ നിശ്ചലമായ ശരീരം കാണാൻ തനിക്കു കഴിയില്ലായെന്നും, താൻ നെഞ്ച് പൊട്ടി മരിക്കുമെന്നും അവർ പറഞ്ഞു. ആ സംഭവത്തിന് ശേഷം ഞാൻ ആ കൊട്ടേഷൻ പരിപാടി വിട്ടു. മനാഫിൻ്റെ ഇളയ അനുജൻ മാലിക് ഇപ്പോഴും ഞങ്ങളുടെ സംരക്ഷണത്തിലാണ്. “
“ആ ഉമ്മ പറഞ്ഞത് എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. ഞാൻ പിന്നീട് കുറ്റകൃത്യങ്ങൾ ചെയ്യാൻ ഭയപ്പെട്ടു. എന്റെ ഗാങ്ങ് അംഗങ്ങൾ സഹായിച്ചത് കൊണ്ട് ഞാൻ ആ ട്രോമ മറികടന്നു. ഞങ്ങളുടെ പ്രവർത്തന ശൈലി തന്നെ ഞാൻ മാറ്റി. “
“എല്ലാ ബന്ധുക്കളും കൈ വിട്ട നാദിയയുടെ ചികിത്സ ഞാൻ ഏറ്റെടുത്തു. സമൂഹത്തിന് നന്മ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. കായംകുളം കൊച്ചുണ്ണിയെ പോലെ, റോബിൻഹുഡിനെ പോലെ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു മാതൃക ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ പതിയെ കൊട്ടേഷൻ പരിപാടി നിർത്തി. ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി തുടങ്ങി. സോൾ ടാക്കേഴ്സ് എന്ന ഗ്രൂപ്പിനെ ഞങ്ങൾ പുനർനാമകരണം ചെയ്തു,
ഷാഡോലൈൻ ഇൻവെസ്റ്റിഗേഷൻസ്. “
“നാദിയയുടെ ബന്ധുക്കൾ, പോലീസ് പറഞ്ഞത് മാത്രം വിശ്വസിച്ചു. മരിച്ചു പോയ അൻവറിന്റെ മകൻ മനാഫ് നാദിയയുടെ കാമുകൻ ആയിരുന്നുവെന്നും, സ്വത്തുക്കൾ തട്ടിയെടുക്കാൻ അവളാണ് എല്ലാവരെയും കൊല്ലിച്ചതെന്നും സഞ്ജീവ് പറഞ്ഞു പരത്തി. ആ വാർത്ത നാട്ടിൽ പരന്നു. “
“എല്ലാവരും കൈ വിട്ടപ്പോൾ നാദിയയുടെ ചികിത്സ ഞാൻ ഏറ്റെടുത്തു. ആദ്യമൊക്കെ അവൾക്കെന്നോട് നല്ല വൈരാഗ്യമായിരുന്നു, എന്നോടുള്ള ദേഷ്യത്തിൽ ദിവസങ്ങളോളം അവൾ പട്ടിണി കിടന്നു. ഒടുവിൽ എന്നോട് അവൾക്ക് അനുകമ്പ തോന്നി, എന്നെയവൾ മനസിലാക്കി. “
നീൽ നാദിയയെ അഭിമാനത്തോടെ നോക്കി.
“ഞങ്ങളുടെ ഡിറ്റക്റ്റീവ് ഏജൻസിയിലെ ആദ്യ വനിതാ ഡിറ്റക്ടീവ് ആയിരുന്നു നാദിയ. പക്ഷെ മുഖത്തെ അടയാളം വച്ച് പലരും അവളെ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ എനിക്ക് പേടി തോന്നി. എനിക്കവളെ നഷ്ടപ്പെടുന്നത് ഓർക്കാൻ കൂടി കഴിഞ്ഞില്ല. “
“ഞാൻ എന്റെ അമ്മയോട് എല്ലാം തുറന്നു പറഞ്ഞു. അമ്മ നാദിയയെ സ്വന്തം മകളെ പോലെ സ്വീകരിച്ചു. നാദിയയെ എന്റെ സഹോദരിയോടൊപ്പം ബാംഗ്ളൂരിലെ ഒരു നഴ്സിംഗ് കോളേജിൽ ചേർത്തു. അവർ രണ്ടു പേരും ഒരേ പോലെ നഴ്സിംഗ് പാസ്സായി. എന്റെ സഹോദരി വിവാഹ ശേഷം ഭർത്താവിനൊപ്പം ആസ്‌ട്രേലിയയിൽ പോയി. അവളുടെ ഒപ്പം അമ്മയും നാദിയായും മനാഫും വിദേശത്തേയ്ക്ക് പോയി. നാദിയയ്‌ക്കു അവിടെ ഒരു ആശുപത്രിയിൽ ജോലി ശരിയായിരുന്നു. “
“രാഹുൽ ആദ്യമെന്നെ ദേവിയുടെ കാര്യത്തിനായി സമീപിക്കുമ്പോൾ തന്നെ ഞാൻ നാദിയയെ വിവരം അറിയിച്ചിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ ഉടനടി തീർപ്പാക്കുന്നതാണ് എന്റെ രീതി. ഈ കേസിൽ ഒരു കടപ്പാട് തീർക്കൽ കൂടിയുണ്ട്. ദേവി വക്കീലിനെ ഞങ്ങൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. സഞ്ജീവിന്റെയും അൻവറിന്റേയും മാനസിക പീഡനങ്ങൾ സഹിക്കാൻ വയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച നാദിയയെ രക്ഷിക്കാൻ ദേവിയാണ് സഹായിച്ചത്. അങ്ങനെയാണ് ദേവിയെ ഞങ്ങൾക്ക് പരിചിതമായത്. ദേവി എന്നെ മറന്നു, പക്ഷേ നാദിയയെ മറക്കാൻ ദേവിക്ക് ആകില്ല. ദേവിക്ക് വേണ്ടി എന്ത് ചെയ്യാനും തയാറായാണ് ഇവൾ നാട്ടിലേയ്ക്ക് തിരിച്ചു വന്നത്. അപ്പോഴേക്കും സഞ്ജീവിനെ മാത്യു തീർത്തിരുന്നു. ഇല്ലെങ്കിൽ ഇവൾ തന്നെ അയാളെ തീർത്തേനെ. “
“നിങ്ങൾ വിവാഹിതരാണോ?”
“ഞങ്ങൾക്ക് എന്തിനാ വിവാഹം, ഞങ്ങൾ ലിവിംഗ് ടുഗെദറിലാണ്, അവൾക്കു ഞാനും എനിക്ക് അവളും, അതാണ് ഞങ്ങൾക്ക് ഇഷ്ടം. അവിടെ ജാതിയും മതവുമൊന്നും ഒരു പ്രശ്നമല്ല. “
നാദിയ ഇടപെട്ടു.
“എല്ലാവരിലും അതൊന്നും പറ്റില്ലായിരിക്കും. പക്ഷെ ഞങ്ങൾ നല്ല ഇണകളാണ്. ആണിന് പെണ്ണും പെണ്ണിന് ആണും മാത്രമല്ല. ഞാൻ എന്താണെന്നു അവന് മാത്രമേ നന്നായി മനസിലാകൂ. പഴയ കുറെ ട്രോമകൾ എനിക്ക് ഉണ്ട്. വെള്ളം തിളക്കുന്നത് കാണുമ്പോൾ എനിക്ക് ആസിഡ് ഓർമ്മ വരും, എനിക്ക് പെട്ടെന്ന് അപസ്മാരം വരും, വായിലൂടെ നുരയും പതയും വരും. ഇപ്പോഴും ഞാൻ ധാരാളം മരുന്നുകൾ കഴിക്കുന്നു. “
“ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകുന്നതാണെന്റെ സ്വപ്നം, പല ട്രീറ്റ്മെന്റുകളും നടത്തി. ഇവൾക്ക് ഒരിക്കലും ഒരമ്മയാകാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ ഞങ്ങൾ സറോഗസിക്കു ശ്രമിച്ചു. ഞങ്ങൾക്ക് അനുയോജ്യമായ പലരെയും തേടി, ഇപ്പോൾ എന്റെ സഹോദരിയാണ് ഞങ്ങളുടെ കുഞ്ഞിന് വേണ്ടി ആ ത്യാഗം ചെയ്യുന്നത്. നാട്ടിലാണെങ്കിൽ ഇതൊക്കെ വലിയ പാപം ആകില്ലേ. “
“എന്റെ ജീവിതം തകർത്തതിൽ നീലിനും കൂട്ടുകാർക്കും പങ്കുണ്ട്. പക്ഷെ ആ കൊട്ടേഷൻ ഇവർ ഏറ്റെടുത്തില്ലെങ്കിൽ അവർ മറ്റാരെ കൊണ്ടെങ്കിലും ചെയ്തേനെ. നീൽ ഇല്ലായിരുന്നെങ്കിൽ മനാഫ് എന്നെ പീഡിപ്പിച്ചു കൊന്നേനെ, ആ സമയത്തു നീൽ അവിടെ വന്നത് കൊണ്ട് എനിക്ക് പ്രതികാരം ചെയ്യാൻ പറ്റി. “
“നാദിയ ആവശ്യപ്പെട്ടതെല്ലാം ഞാൻ അവൾക്കായി ചെയ്തു കൊടുത്തു. അൻവറിന്റെ മരണം നേരിട്ട് കാണണമെന്ന് അവൾ ആവശ്യപ്പെട്ടു. അവനെ എന്റെ കൂട്ടുകാർ ഇവളുടെ മുന്നിൽ വച്ചാണ് തീർത്തത്. അയാളുടെ മരണം ഉറപ്പായ ശേഷമാണ്, അവൾ എന്നോട് സൗഹൃദം ആരംഭിച്ചത്. പിന്നെ ഇവളുടെ മനസ്സ് മാറ്റിയതെല്ലാം എന്റെ അമ്മയും സഹോദരിയും കൂടെയെന്ന്. “
“ഇപ്പോൾ എനിക്ക് നീലിന്റെ പെണ്ണായതിൽ ഒരു വിഷമവും തോന്നുന്നില്ല. ചെയ്ത തെറ്റുകൾക്ക് പരിഹാരം ഉണ്ടോയെന്നൊന്നും അറിയില്ല. പക്ഷെ ഞങ്ങൾ പാവപ്പെട്ടവർക്കായി പലതും ചെയ്യുന്നുണ്ട്. അൻവറിനെ പോലെ, മനാഫിനെ പോലെ, സഞ്ജീവിനെ പോലെയുള്ളവരെ വധിക്കാൻ കൂട്ട് നിൽക്കുകയും ചെയ്യുന്നു. കാരണം ഈ രാജ്യത്തെ നിയമം പണമുള്ളവനേയും അധികാരമുള്ളവനേയുമാണ് കൂടുതൽ സഹായിക്കുന്നത്. “
“നമ്മുടെ വിശേഷങ്ങളൊക്കെ ഇനി പിന്നീട് പറയാം, നിധിന്റെ തീരുമാനം എങ്ങനെയാണ്. നിയമത്തിന്റെ നൂലാമാലകളിലൂടെ നിധിൻ ഇനി കടന്നു പോകേണ്ടി വരും. ദുബായിൽ നിധിനെ കാണാതായ മാൻ മിസ്സിംഗ് കേസ് നിലനിൽക്കുകയാണ്. നിധിൻ മടങ്ങി വന്ന കാര്യം ഇന്ത്യൻ പോലീസ് ദുബായ് പോലീസിനെ ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ട്. ചിലപ്പോൾ നിധിൻ ഒരിക്കൽ കൂടി ദുബായിൽ പോകേണ്ടി വരും. ഈ കേസിൽ സഞ്ജീവിന്റെ ഇടപെടൽ നമുക്ക് തെളിയിക്കണം. അതിനായുള്ള തെളിവുകൾ എന്റെ പക്കലുണ്ട്.
“എന്ത് തെളിവുകൾ. “
“നിധിനെ കൊല്ലാനായി സഞ്ജീവ് ആ ഗോവക്കാരൻ കില്ലറിനെ പരിചയപ്പെടുന്നു. അതിനായി സഞ്ജീവ് ഗോവ സന്ദർശിച്ചിട്ടുണ്ട്. ഫോട്ടോകളും ടിക്കറ്റും തെളിവായി എൻ്റെ കയ്യിൽ ഉണ്ട്. അതിനു ശേഷം സഞ്ജീവ് നാട്ടിൽ വന്നു, ഗോവക്കാരൻ ദുബായ് കടന്നു. നിധിനെ കാണാതായ ശേഷം അവർക്കു പണം ബിറ്റ് കോയിൻ ആയിട്ടാണ് ട്രാൻസ്ഫർ ചെയ്തത്. അതിനു സഞ്ജീവ് സമീപിച്ചത്, ടെക്നോപാർക്കിനടുത്തുള്ള ഒരു കുപ്രസിദ്ധ ഹാക്കറിനെയാണ്. അയാളിൽ നിന്നും എനിക്ക് തെളിവുകൾ കിട്ടിയിട്ടുണ്ട്. പക്ഷെ ഒരു പ്രശ്നമുണ്ട്. നിധിന് വ്യാജ പാസ്പോർട്ട് എടുത്തു സഹായിച്ച ആ മുബൈക്കാരന് പ്രശ്നം വരാൻ ചാൻസുണ്ട്. “
“അല്ലെങ്കിലും എനിക്ക് ദുബായിൽ ഒരിക്കൽ കൂടി പോകാൻ ആഗ്രഹമുണ്ട്. ഞാനും അജ്മലും കൂടെ ഒന്ന് പോകാൻ പ്ലാനിടുന്നുണ്ട്. പുതിയ പാസ്പോർട്ട് എടുത്തു പോകണം. അജ്മലിന്റെ ചേട്ടൻ അൻവറിനെയും കുടുംബത്തേയും ഒന്നും കൂടെ എനിക്കൊന്നു കാണണം, ആ കുട്ടികൾ എനിക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു. ആ ചേച്ചിയും കുട്ടികളും എന്നെ കാണാതായപ്പോൾ വളരെ വിഷമിച്ചു. അവരോടൊക്കെ സന്തോഷം പങ്കു വയ്ക്കണം, നന്ദി പറയണം. അതാണ് ആഗ്രഹം. “
വാതിലിൽ മുട്ട് കേട്ട് ഏജൻറ് പി ബി വാതിൽ തുറന്നു. വളരെ പ്രായം ചെന്ന, മുടി നരച്ച ഒരു മനുഷ്യൻ കാവി കൈലി ഉടുത്തു നില്ക്കുന്നു. പി ബി ഇറങ്ങി മുറ്റത്തേയ്ക്ക് ചെന്നു. മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് മാറി നിന്ന് അവർ ഗൗരവത്തിൽ എന്തൊക്കെയോ സംസാരിക്കുന്നു. നാദിയ വളരെ ഗൗരവത്തോടെ അവരെ നോക്കി നില്ക്കുന്നു. അവരുടെ മുഖഭാവത്തിൽ നിന്നും എന്തോ പ്രശ്നമുണ്ടെന്നു നിധിൻ മനസിലാക്കി.
(തുടരും… )
✍️✍️നിഷ പിള്ള

