“പ്രിയമനസാ നീ വാ, വാ
പ്രേമമോഹനാ ദേവാ”
ലിവിംഗ് റൂമിൽ ഇരുന്നു ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ് പാർവണമോൾ. അതു നോക്കിക്കൊണ്ട് സോഫയിൽ ഇരിക്കുന്ന ഉഷ, മോളോട് പറഞ്ഞു.
“മോളെ ഇടതു ഭാഗത്തേക്ക് കൈ പോവുമ്പോൾ കണ്ണും ആ ഭാഗത്തേക്ക് പോണം. ഇതാ ഇങ്ങിനെ.” അവൾ എഴുന്നേറ്റു നിന്നു ചെറുതായി സ്റ്റെപ്പിട്ടു മോൾക്ക് കാണിച്ചു കൊടുത്തു.
അതു കണ്ടു കൊണ്ടു അതു വഴി വന്ന അതുൽ ഒരു നിമിഷം അതു നോക്കിനിന്നു. എന്നിട്ടു റൂമിൽ എത്തി മൊബൈലിൽ നോക്കികൊണ്ടിരുന്ന ദിവ്യയോട് അതിശയത്തിൽ ചോദിച്ചു.
“അമ്മ നന്നായി ഡാൻസ് ചെയ്യുന്നുണ്ടല്ലോ. പഠിച്ചിട്ടുണ്ട് അല്ലേ?”
ദിവ്യ അവന്റെ മുഖത്തേക്ക് നോക്കി പിന്നെ അത്ഭുതത്തോടെ ചോദിച്ചു. “ആര് എന്റെ അമ്മയോ?”
“അതേ” എന്നു അതുൽ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.. എന്നിട്ടു ചിരിയോടെത്തന്നെ പറഞ്ഞു.”എന്റെ അമ്മക്ക് ശരിക്കു പഠിക്കാൻ ത്തന്നെ സമയം കിട്ടീട്ടില്ല. പതിനേഴു വയസ്സിലായിരുന്നു കല്യാണം. പതിനെട്ടുവയസ്സിൽ ത്തന്നെ ചേച്ചി ജനിച്ചു. പിന്നെ അച്ഛന്റെയും അച്ഛമ്മയുടെയും ഞങ്ങളുടെയും കാര്യങ്ങൾ നോക്കിതന്നെയായിരുന്നു അമ്മയുടെ ജീവിതം .ഏട്ടന് വെറുതെ എന്തെങ്കിലുംകണ്ടു തോന്നിയതാവും.”
അതുൽ പിന്നെ ഒന്നും പറയാൻ പോയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉഷയുടെ അനിയത്തി ഗീത അവരുടെ വീട്ടിലേക്കു വന്നു. വിശേഷങ്ങൾ ഒക്കെ പറയുന്ന കൂട്ടത്തിൽ ദിവ്യ, പാർവണമോളുടെ ഡാൻസ് റസിഡൻസ് അസോസിയേഷന്റെ പരിപാടിയുടെ ഭാഗമായി ടൌൺഹാളിൽ ഉണ്ടെന്നും ചിറ്റ അതു കാണാൻ വരണമെന്നും പറഞ്ഞു ഗീതയെ ക്ഷണിച്ചു.
“ഓ, മോൾ അമ്മമ്മയെപോലെ ആണ് അല്ലേ? നൃത്തത്തിലൊക്കെ താല്പര്യമാണല്ലോ” ഗീത അതു പറഞ്ഞപ്പോൾ ദിവ്യക്കു ഒന്നും മനസ്സിലായില്ല. അമ്മ നൃത്തം ചെയ്യാനോ എന്ന ഒരു ഭാവമായിരുന്നു ആ നോട്ടത്തിൽ.
“ചേച്ചി പണ്ടത്തെ കാര്യങ്ങൾ ഒന്നും ഇവരോടൊന്നും പറഞ്ഞില്ലേ “ഗീത ചോദിച്ചു.
“നിന്റെ അമ്മ ചെറുപ്പത്തിൽ നന്നായി ഡാൻസ് ചെയ്യുമായിരുന്നു. ഒൻപതാം ക്ലാസ്സ് വരെ സ്കൂളിലെ മികച്ച നർത്തകി അല്ലായിരുന്നോ, പിന്നെ ശിവരാത്രിക്കു നമ്മുടെ ഈ അമ്പലത്തിൽ ചെയ്ത ഉമാപരിണയം സംഗീതശില്പമൊക്കെ ഇപ്പോഴും എന്റെ മനസ്സിൽ നിന്നു പോയിട്ടില്ല.”
അതും പറഞ്ഞു ഗീത ഉഷയുടെ മുഖത്തേക്ക് നോക്കിയപ്പോൾ “അതൊക്കെ ഒരു കാലം, നീ വന്നിട്ടു ചായ കുടിച്ചില്ലല്ലോ “എന്നും പറഞ്ഞു ഉഷ അകത്തേക്ക് നടന്നു.
ദിവ്യ ഓർത്തതു അമ്മയെ കുറിച്ചു തന്നെയായിരുന്നു. അമ്മ നൃത്തം ചെയ്യുന്ന കാര്യമൊന്നും ഇതുവരെ അറിഞ്ഞില്ലല്ലോ. പാവം അമ്മ സ്വന്തം ഇഷ്ടങ്ങൾ ഒക്കെ ആരെയും അറിയിക്കാതെ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കി ജീവിച്ചു. അവൾക്കു എന്തോ വലിയ പ്രയാസം തോന്നി അതോർത്തപ്പോൾ.
ദിവസങ്ങൾകുറെ കഴിഞ്ഞു. ഒരു ഓഫീസിൽ നിന്നു വരുന്ന വഴി സൂപ്പർ മാർക്കറ്റിൽ വച്ചാണ് ദിവ്യ അവളുടെ കൂടെ പഠിച്ച റോഷ്നിയെ കണ്ടത്. അവൾ ഇപ്പോൾ ഒരു പ്ലേ സ്കൂൾ നടത്തുകയാണ്. ആഴ്ചയിൽ മൂന്നുദിവസം വൈകുന്നേരം ഒരു ഡാൻസ് ക്ലാസ്സും നടത്തുന്നുണ്ട്.
കുറെ പേര് ഉണ്ടോ നിന്റെ ഡാൻസ്ക്ലാസ്സിൽ എന്നു ചോദിച്ചപ്പോൾ അവൾ ഒന്നുചിരിച്ചു. എന്നിട്ടു പറഞ്ഞു.
” ഇതു നീ വിചാരിക്കുന്ന പോലെ ഉള്ള ക്ലാസ്സ് അല്ല. ഒക്കെ അമ്മമാരാണ്. എട്ടു പേർ ഉണ്ട് ഇപ്പോൾ ഒരു നാൽപ്പത്തി എട്ടിനും അമ്പതിഅഞ്ചിനും ഇടയിൽ പ്രായം ഉള്ളവർ. നൃത്തം ചെയ്യാൻ ഉള്ള ആഗ്രഹം പണ്ടു ഉണ്ടായിരുന്നവർ. അന്ന് അവർക്കു അതിനുള്ള സാഹചര്യം ഉണ്ടായില്ല. ഇപ്പോൾ തിരക്കുകൾ ഒക്കെ തീർന്നു കിട്ടിയ സമയത്തു അവർ എൻജോയ് ചെയ്യുന്നു.”
തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ദിവ്യ ചിന്തിച്ചത് അമ്മയെ കൂടി ഈ ക്ലാസ്സിൽ ജോയിൻ ചെയ്യിച്ചാലോ എന്നായിരുന്നു.
പക്ഷെ വിട്ടിൽച്ചെന്നു അമ്മയോട് ഒന്നു സൂചിപ്പിച്ചപ്പോൾ അമ്മ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു,
“പിന്നെ.. ഈ പ്രായത്തിൽ അല്ലേ ഡാൻസ് പഠിത്തം. വെറുതെ ആളുകളെ കൊണ്ടു പറയിപ്പിക്കാൻ “. അമ്മ അങ്ങിനെ പറഞ്ഞെങ്കിലും ആ കണ്ണുകളിൽ കണ്ട തിളക്കത്തിലൂടെ അമ്മയുടെ ഇഷ്ടം ദിവ്യക്കു അറിയാൻ കഴിയുന്നുണ്ടായിരുന്നു.
കുറച്ചു നിർബന്ധത്തിൽ കൂടി അവൾ അമ്മയെ ഡാൻസ്ക്ലാസ്സിൽ എത്തിച്ചു. ഒരാഴ്ച കൊണ്ടു ത്തന്നെ അമ്മക്ക് നൃത്തത്തിനോടുള്ള ഇഷ്ടം റോഷ്നി തിരിച്ചറിഞ്ഞു.
രണ്ടു മാസത്തിനു ശേഷം പഠിച്ച അമ്മമാരുടെ കോൺഫിഡൻസ് കൂട്ടാൻ വേണ്ടി ഒരു ഡാൻസ് പ്രോഗ്രാം റോഷ്‌നി ഒരുക്കി. ദിവ്യയുടെ അമ്മ മനോഹരമായി നൃത്തം ചെയ്തു.
റോഷ്നിയുടെ ടീച്ചർ നടത്തുന്ന മോഹിനിയാട്ടത്തിന്റെ ക്ലാസ്സിൽ ദിവ്യയുടെ അമ്മ കൂടി ജോയിൻ ചെയ്തു.
ഇന്ന് ഉഷ ഒരു ഡാൻസ് ടീച്ചർ ആണ്. അൻപതിന് മുകളിൽ കുട്ടികൾ പഠിക്കുന്ന നുപുര എന്ന ഡാൻസ് സ്കൂളിലെ ടീച്ചർ.മനസ്സിൽ ഒരു കാര്യം ചെയ്യാൻ ഉള്ള താല്പര്യവും അതു നടപ്പിലാക്കാൻ ഉള്ള പിന്തുണ നൽകാനുള്ള ആളും കൂടെ ഉണ്ടെങ്കിൽ പ്രായം ഒരു പ്രശ്നമേഅല്ലെന്നു ഉഷയിലൂടെ പലർക്കും മനസ്സിലാക്കാൻ സാധിച്ചു. പണ്ട് ചെയ്യാൻ ആഗ്രഹിച്ചത് പലതും കുടുംബത്തിന് വേണ്ടിയും മക്കൾക്ക് വേണ്ടിയും മാറ്റി വെച്ചവർ വാർദ്ധക്യത്തിൽ എത്തുമ്പോൾ നിങ്ങൾക്ക് ആരോഗ്യമുണ്ടെങ്കിൽ ഇനിയും ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സമയമുണ്ട് വയസ്സ് ഒന്നും പ്രശ്നമല്ല. എന്ന് പ്രോത്സാഹനവുമായി കൂടെ ഒരാൾ ഉണ്ടെങ്കിൽ അവർക്കു കൊടുക്കുന്ന സന്തോഷവും ആത്മവിശ്വാസവും ഒരു പാടു വലുതാണ്. അതേ മനസ്സിൽ സൂക്ഷിച്ചു വെച്ച ആഗ്രഹങ്ങൾ നടപ്പിലാക്കാൻ ഒരു മനസ്സുണ്ടെങ്കിൽ വയസ്സ് ഒരു സംഖ്യ മാത്രമാണ്.
#എന്റെരചന
#Age is just a number


10 Comments
മനോഹരം 👌
ആഹാ സുന്ദരം! ഇവിടെ ഞങ്ങൾ കുറച്ചു പേരും ഇങ്ങിനെ ചില പരിപാടികൾ ഒക്കെ ഒപ്പിക്കുന്നുണ്ട്!
അതേ ജലജ പ്രായം വെറുമൊരക്കം മാത്രം.
അതിനെ വെല്ലാനുള്ള മനസ്സുണ്ടായാൽ മതി
നല്ലെഴുത്ത്♥️♥️♥️
സ്നേഹം സിന്ധു ❤️❤️
നന്നായി എഴുതി ❤️🥰
സ്നേഹം സിന്ധു ❤️❤️
വളരെ മനോഹരമായ രചന അഭിനന്ദനങ്ങൾ ആശംസകൾ .
പ്രായമായി എന്ന് നമുക്ക് വെറുതെ തോന്നുന്നതാണ്.സത്യത്തിൽ ആർക്കും പ്രായമാകുന്നതേയില്ല. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഒന്നു കൂടി ചെറുപ്പമാകുന്നു. ഞാൻ ഇപ്പോൾത്തന്നെ അങ്ങനെയാണ്.
നല്ല എഴുത്ത്. ഒത്തിരി ആളുകൾക്ക് പ്രചോദനം നൽകുന്ന എഴുത്ത്. ❤️🥰👏🫂
സ്നേഹം ❤️❤️
Great 👌