ഏതൊരു മഴക്കാലത്തും ചിങ്ങപ്പുലരിയുടെ തെളിച്ചവും ഭംഗിയും നമുക്ക് അനുഭവിക്കാൻ കഴിയുന്നത് അത് നമ്മുടെ മനസിലേക്ക് സന്തോഷം കൊണ്ടു വരുന്ന ഒന്നിനായുള്ള ഒരു കാത്തിരിപ്പായത് കൊണ്ട് കൂടിയാണ്…അതെ, തിരുവോണം.
അന്നത്തെ ഓണം- അവരുടെയും
“ഇപ്പോഴത്തെ ഓണം ഒന്നും ഒരു കാര്യവുമില്ല. അതൊക്കെ പഴയ ഓണം, അതിന്റെ ഒരു ഭംഗിയും സന്തോഷവും ഒന്നും ഇപ്പോഴത്തെ ഓണത്തിന് ഇല്ല. ”
കുട്ടിക്കാലത്ത് മുതിർന്നവരിൽ പലരിൽ നിന്നും പലതവണയായി കേട്ടിട്ടുള്ള വാക്കുകൾ ആണിത്. പറഞ്ഞിട്ടുള്ളവരെല്ലാം കുറച്ച് പ്രായമുള്ളവർ ആയിരിക്കും എന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ.
ചിലപ്പോൾ അവർക്ക് മുൻപ് ആസ്വദിച്ചിരുന്നത് പോലെ ഇപ്പോൾ ഓണം അല്ലെങ്കിൽ ഓണാഘോഷങ്ങൾ ഒന്നും ആസ്വദിക്കാൻ കഴിയുന്നുണ്ടാവില്ല. അതിന് പല കാരണങ്ങൾ ഉണ്ടാകാം. വ്യക്തിപരമായതും അല്ലാത്തതും. എനിക്ക് തോന്നിയിട്ടുള്ള ഒരു പ്രധാന കാരണം നമ്മളെല്ലാം ചെറുപ്പം ആയിരുന്നപ്പോൾ അതായത് കുട്ടിയായിരുന്നപ്പോൾ ഒരു ടെൻഷനും ഇല്ലാതെ മറ്റൊന്നിനെയും പറ്റി ആലോചിക്കുക പോലും ചെയ്യാതെ എല്ലാ ആഘോഷങ്ങളും, അതായത് കല്യാണങ്ങൾ, പിറന്നാളാഘോഷങ്ങൾ,ഉത്സവങ്ങൾ, അവധിക്കാലങ്ങൾ, അവധി ദിനങ്ങൾ എന്നിങ്ങനെ എല്ലാം ആസ്വദിച്ചിരുന്നു. അതല്ലെങ്കിൽ ഇതെല്ലാം നമുക്ക് സന്തോഷത്തോടെ ആഘോഷിക്കാൻ സാധിച്ചിരുന്നു. കാരണം കുട്ടിക്കാലത്ത് മറ്റു ഉത്തരവാദിത്വങ്ങൾ കുറവായിരുന്നതും ജോലികൾ ഒന്നും അധികം ഇല്ലാതിരുന്നതും, പൂർണ്ണ മനസ്സോടെ എല്ലാം ആസ്വദിക്കാൻ നമ്മെ സഹായിച്ചിരുന്നിരിക്കാം.
കുട്ടികളുടെ ഓണം- പൂക്കളുടെയും
കുട്ടിക്കാലത്ത് ഓണം എന്നു പറഞ്ഞാൽ പൂക്കളം ഇടണം എന്നതും ഓണക്കോടി എടുക്കണം എന്നതും അല്ലാതെ മറ്റൊരു കാര്യത്തിനെ പറ്റി ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു.
ഓണക്കോടി ഏതുതരം വസ്ത്രം ആയിരിക്കും, അതിന്റെ നിറം എന്തായിരിക്കും. ഓണപ്പൂക്കളത്തിന്റെ ആകൃതി എങ്ങനെ വേണം. തിരുവോണത്തിന്റെ അന്നത്തെ പൂക്കളത്തിന് മാത്രമായി കടയിൽ നിന്നും പൂക്കൾ വാങ്ങി കൊണ്ടുവരും. അതിൽ ആകെ മൂന്നോ നാലോ തരം പൂക്കൾ മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനാൽ തന്നെ ബാക്കി കുറച്ചു നിറങ്ങൾക്ക് വേണ്ടി ഉള്ള പൂക്കൾ എവിടെ നിന്ന് സംഘടിപ്പിക്കും എന്നിങ്ങനെയുള്ള ചിന്തകൾ മാത്രമേയുള്ളു അപ്പോൾ മനസ്സിൽ. അതിന് മധുരം പകരാൻ ഓണസദ്യയിലെ പായസവും, ഓണത്തിന്റെ സ്പെഷ്യൽ പലഹാരങ്ങളും തുടങ്ങിയ കൊതിയൂറും ഓർമ്മകളും.
അത്തപ്പൂവ് ഇടുന്ന ദിവസം മുതൽ ഓരോ ദിവസത്തെയും പൂക്കളത്തിന്റെ വൈവിധ്യവും ഭംഗിയും ഞങ്ങൾ കുട്ടികൾക്ക് എന്നും ഒരു ആശങ്ക തന്നെയായിരുന്നു. കാരണം പൂക്കളം ഇടാറുള്ളത് കുട്ടികൾ മാത്രമായിരുന്നു. മുതിർന്നവർ അതിൽ പങ്കെടുക്കുന്നത് തിരുവോണത്തിന്റെ അന്നത്തെ പൂക്കളത്തിന് വേണ്ടി മാത്രമാണ്. ആദ്യത്തെ മൂന്നോ നാലോ ദിവസത്തെ പൂക്കളങ്ങൾ പരീക്ഷാചൂടിനുള്ളിൽ ആയിരിക്കും. എന്നാലും പൂക്കളമിട്ട് കഴിഞ്ഞാൽ അടുത്ത വീടുകളിൽ പൂക്കളങ്ങൾ എല്ലാം പോയി നോക്കും. ആരുടെ വീട്ടിലെയാണ് പൂക്കളം കൂടുതൽ നന്നായത് എന്ന്.
വീട്ടിൽ ചെമ്പരത്തിയും, മന്ദാരവും ചെത്തിയും പിന്നെ പേര് ഓർമ്മയില്ലാത്ത മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ചില പൂക്കളും മാത്രമാണ് ഉള്ളതെങ്കിലും, പൂക്കളം ഇടാൻ വേണ്ടി പൂവ് അന്വേഷിച്ച് അടുത്ത വീടുകളിലോ പറമ്പുകളിലോ നടക്കാനായി ആർക്കും ഒരു മടിയും ഉണ്ടായിരുന്നില്ല. അങ്ങനെ കൂട്ടുകൂടി നടന്ന് സംസാരിച്ച് പലയിടങ്ങളിൽ നിന്നുമായി പൂ നുള്ളി കൊണ്ടു വരുന്നതും, ഓരോരുത്തരുടെയും ഭാവന അനുസരിച്ച് ക്രിയാത്മകമായി പലതരം പൂക്കളങ്ങൾ തയ്യാറാക്കുന്നതും തന്നെയായിരുന്നു ഓണാഘോഷങ്ങളിലേക്കുള്ള തുടക്കം.
അത്തം തുടങ്ങിയ ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്കൂൾ അടയ്ക്കും, ഓണത്തിന് വേണ്ടിയുള്ള അവധി. അവസാന ദിവസത്തെ സ്കൂളുകളിലെ ഓണാഘോഷത്തോടെയാണ് അവധി കാലത്തിന്റെ തുടക്കം. അന്നത്തെ സ്കൂൾ കാലഘട്ടത്തിൽ പൂക്കള മത്സരങ്ങളും പായസത്തിന്റെ മധുരവും മാത്രം ഉണ്ടായിരുന്ന ചെറിയ രീതിയിലുള്ള ഓണാഘോഷങ്ങൾ ആയിരുന്നു.
പുതുമയുടെ ഓണം- പുതു വസ്ത്രങ്ങളുടെയും
പുസ്തകങ്ങളെല്ലാം മാറ്റിവെച്ച്, ഓണക്കോടി എടുക്കാൻ പോകുന്നതും വാങ്ങി കൊണ്ട് വന്നു എല്ലാവർക്കും കാണിച്ചു കൊടുക്കുന്നതും ധരിച്ചു നോക്കി ഭംഗി ആസ്വദിക്കുന്നതും എടുത്തു അലമാരയിൽ വച്ചതിനു ശേഷവും ഇടയ്ക്കിടെ തൊട്ടു നോക്കു ന്നതും പുതുഗന്ധമാസ്വദിക്കുന്നതും ‘അതിൽ അഴുക്കു പിടിപ്പിക്കല്ലേ’ എന്ന് വഴക്ക് കേൾക്കുന്നതും കുട്ടിക്കാലത്തെ സ്ഥിരം പരിപാടി തന്നെ. പുതിയ വസ്ത്രങ്ങളോടൊപ്പം വീട്ടിലേക്കുള്ള എല്ലാ വസ്തുക്കളും വാങ്ങും. അങ്ങനെ എല്ലാം കൂടെയൊരു പുത്തൻ ഉണർവും പുതു ഗന്ധവും ആയിരിക്കും വീട്എ മുഴുവൻ. അവധിക്കാലം ആസ്വദിച്ചു കുട്ടികൾ എല്ലാവരും കൂടിയിരുന്നു കളിച്ചും ചിരിച്ചും വർത്തമാനങ്ങൾ പറഞ്ഞു ടിവി കണ്ടും നടക്കുന്നതിനിട യിൽ “ഓണമാണ്, വീടും പരിസരവും എല്ലാം വൃത്തിയാക്കണം അതിനു കുട്ടികളെല്ലാവരും സഹായിക്കണം” എന്നെല്ലാം പറഞ്ഞു അമ്മമാർ ഇടയ്ക്ക് ഓരോരോ ജോലികൾ ഏൽപ്പിക്കുന്നത് അത്ര ഇഷ്ടമല്ലെങ്കിൽ കൂടി ഓണത്തിന്റെ ആവേശം കാരണം അത് എല്ലാവരും കൂടെ ചെയ്യും. ‘ഓണത്തിന് മുൻപായി മുറ്റവും തൊടിയും വൃത്തിയാക്കുന്നതും അരിമാവ് കൊണ്ട് മുറ്റം അണിയുന്നതും തൃക്കാക്കരയപ്പനെയും മാതേവരെയും ഒരുക്കുന്നതും ‘ നന്ദനാർ ഉണ്ണിക്കുട്ടന്റെ വാക്കുകളിലൂടെ പങ്കു വച്ചത് അന്നത്തെ പോലെ ഇന്നുമോർമയുണ്ട്.
അങ്ങനെ തകൃതിയായ ഒരുക്കങ്ങൾ ക്കിടയിൽ പൂക്കളുടെയും പുതുവസ്ത്ര ങ്ങളുടെയും സുഗന്ധത്തിനിടയിലേക്ക് പരിചിതമായ മറ്റു ചില വാസനകൾ രുചി മുകുളങ്ങളെ ഉണർത്താനായി കടന്നു വരും. ഓണപ്പലഹാരങ്ങളുടെയും സദ്യയിലേക്കുള്ള കറിക്കൂട്ടുകളുടെയും.
രുചിക്കാഴ്ചകളുടെ ഓണം- ഗന്ധങ്ങളുടെയും
പലഹാരങ്ങൾക്ക് മുൻപേ അടുക്കള കയ്യടക്കിയിട്ടുണ്ടാവുക പലതരം അച്ചാറുകളുടെ സമ്മിശ്ര ഗന്ധമാണ്. നാട്ടിൽ കറി നാരങ്ങ എന്നു പറയാറുള്ള സദ്യക്ക് വിളമ്പാറുള്ള വലിയ നാരങ്ങയുടെ അച്ചാർ മുതൽ എല്ലാവർക്കും പ്രിയപ്പെട്ട ചെറുനാരങ്ങ അച്ചാറും, മാങ്ങ അച്ചാറും നെല്ലിക്ക അച്ചാറും സദ്യയിൽ പ്രധാനിയായ ഇഞ്ചികറി അഥവാ ഇഞ്ചി അച്ചാറും പിന്നെ ഓണത്തിന് വേണ്ടി അല്ലെങ്കിലും വീട്ടിൽ മിക്കവാറും ഉണ്ടാകുന്ന മീൻ അച്ചാറും എല്ലാം ദിവസങ്ങൾക്കു മുൻപേ തന്നെ ഗന്ധം കൊണ്ട് മത്തുപിടിപ്പിച്ചിട്ടുണ്ടാകും.
അതെല്ലാം ഒന്നടങ്ങുന്നത് ഓണപലഹാരങ്ങളുടെ മാധുര്യം ഓർമിപ്പിച്ചു കൊണ്ട് നറു നെയ്യ് ഗന്ധം ചുറ്റും പരക്കുമ്പോഴാണ്.
ഓരോ പലഹാരത്തിന്റെ മണങ്ങൾ തിരിച്ചറിയുന്നതും അത് തയ്യാറായോ എന്നറിയാനായി അടുക്കളയിലേക്കുള്ള എത്തി നോട്ടവും ഇടയ്ക്ക് ഓടിപ്പോയി ഓരോന്ന് എടുത്തിട്ട് വരുന്നതും പങ്കു വയ്ക്കുന്നതും ഓണാഘോഷത്തിന്റെ ആവേശം കൂട്ടുന്നു.
ഉണ്ണിയപ്പം പകുതി മൂപ്പാകുമ്പോൾ മറിച്ചിടുന്നതും, അച്ചപ്പത്തിനുള്ള അച്ച് മാവിൽ മുക്കി എണ്ണയിലേക്ക് താഴ്ത്തുമ്പോൾ അച്ചപ്പം കൃത്യമായ ആകൃതി പ്രാപിച്ചു എണ്ണയിലേക്ക് വീഴുന്നതും, പരത്തി വച്ച മാവ് ‘ഡയമണ്ട്’ ഷേപ്പിലേക്ക് മുറിച്ചെടുത്ത് ‘ഡയമണ്ട് കട്ട്, വെട്ടു പലഹാരം’ എന്നൊക്കെ പേരുള്ള ആ പലഹാരം എണ്ണയിലേക്കിടുന്നതിനു മുൻപ് ഓരോന്നിലും എള്ള് കൊണ്ടുള്ള കറുത്ത പൊട്ടുകൾ എത്രയു ണ്ട് എന്ന് എണ്ണി നോക്കുന്നതും ഒക്കെ ആയിരുന്നു എന്റെ ഇഷ്ടവിനോദം. കായ വറുക്കുന്നത് കാണുന്നതിനേക്കാൾ ഇഷ്ടം അതിന്റെ തൊലി മുഴുവൻ നുറുക്കി കൂട്ടുന്നതിനായിരുന്നു. അവലോസ് പൊടിയുടെ രുചിയും മണവും ഇഷ്ടമെങ്കിലും അത് ഉരുളിയിൽ ഇളക്കികൊണ്ടിരിക്കുന്ന അസുഖകരമായ ശബ്ദം താല്പര്യമില്ലാത്തത് കൊണ്ട് ആ വശത്തേക്ക് അങ്ങനെ പോകാറില്ല.
മാവേലിയുടെ ഓണം-മഴയുടെയും
വൃത്തത്തിൽ നിന്നും സമചതുരത്തിലേ ക്ക് മൂലം നാളിൽ ആകൃതി മാറുന്ന പൂക്കളത്തിന്റെ കൗതുകം മാറുമ്പോഴേ ക്കും ഉത്രാടപ്പാച്ചിൽ തുടങ്ങാറായിട്ടുണ്ടാകും. ഓണക്കോടിയും പലഹാരങ്ങളും തയ്യാറായി, വീടും പരിസരവും ഒരുങ്ങി അതിനൊപ്പം ഞങ്ങളും. ഉത്രാടപ്പാച്ചിലും സദ്യവട്ടവും എല്ലാം മുതിർന്നവർക്കല്ലേ? ഞങ്ങൾ കുട്ടികളെല്ലാം ചേർന്ന് ഉത്രാടം വൈകുന്നേരം കൂടിയിരിക്കും പൂ നുള്ളാൻ. തോട്ടത്തിൽ നിന്നും തൊടിയിൽ നിന്നും ഞങ്ങൾ ശേഖരിച്ചതും കൂടാതെ അച്ഛൻ വാങ്ങി കൊണ്ടു വന്നതും ആയ ഒരുപാട് പൂക്കൾ
നടുവിൽ കൂട്ടിയിട്ട് ഞങ്ങൾ കുട്ടികൾ എല്ലാവരും കൂടി അതെല്ലാം വൃത്തിയായി തരം തിരിച്ചു വയ്ക്കും, എന്നിട്ട് പൂക്കളമിടാൻ തുടങ്ങും.ചിലപ്പോൾ എന്റെ വീട്ടിൽ ആദ്യം എന്നൊക്കെ വാശി പിടിയ്ക്കും. പക്ഷേ കാര്യമില്ല, മുതിർന്ന കുട്ടികളുടെ സഹായമുണ്ടെങ്കിൽ മാത്രമേ അത്രയും വലിയൊരു പൂക്കളമിടാൻ സാധിക്കുകയുള്ളു. കൂട്ടത്തിൽ ചെറുതായത് കൊണ്ട് അവർ പറയുന്ന പോലെ കാത്തിരിക്കും. ഒടുവിൽ പൂവിട്ടു കഴിയുമ്പോഴേക്കും രാത്രി ഒരുപാട് വൈകിയിരി ക്കും. എന്നാലും കുറച്ചു നേരം കൂടി അതിന്റെ ഭംഗി ആസ്വദിച്ചു നിൽക്കും. അടുത്ത കൊല്ലം ഇതിലും വലിയ പൂക്കളം വേണമെന്ന് ആഗ്രഹിക്കും.
അപ്പോഴേക്കും ചുറ്റുപാടും നിന്ന് ഓണം കൊള്ളുന്നതും പൂവിളികളും കേട്ട് തുടങ്ങും. കുളിച്ചു ഓണാക്കോടിയുടുത്ത് പൂക്കളമിട്ട് തൃക്കാക്കരായപ്പന് വിളക്ക് വച്ചു, അടയും പഴവും നേദിച്ച്… അങ്ങനെ കുറച്ചു ചടങ്ങുകൾ ഉണ്ട് ഓണംകൊള്ളുന്നതിന്. അതെല്ലാം പുലർച്ചെ 3 മണിക്ക് തുടങ്ങുമെന്ന് തോന്നുന്നു. എങ്കിലും രാത്രി ഒരു പാട് വൈകി ഉറങ്ങുന്നതിനാൽ പിന്നെ നേരം വെളുത്തിട്ട് മാത്രമേ എഴുന്നേൽക്കൂ.
അത്തം കറുത്താൽ ഓണം വെളുക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അത് കൊണ്ടാവാം അതെപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത് മഴയെപ്പറ്റി ആണെങ്കിൽ അത്തം ദിനത്തിൽ പെയ്യുന്ന മഴ കണ്ട് ഇനിയിപ്പോ ഓണത്തിന് പെയ്യില്ല വെയിലായിരിക്കും എന്ന് പ്രതീക്ഷിച്ചിട്ട് ഈ രണ്ടു ദിവസങ്ങളിലും മഴ പെയ്തു കണ്ടിട്ടുണ്ട്. അങ്ങനെ അപ്രതീക്ഷിതമായി തിരുവോണം ദിവസം രാവിലെ പെയ്തൊരു മഴയിൽ മുറ്റത്തെ പൂക്കളം ഒഴുകി പോയപ്പോൾ എന്റെ സങ്കടം കണ്ട് അച്ഛൻ പോയി കുറച്ചു പൂക്കൾ വാങ്ങി തന്നു. വേറെ ആർക്കും താല്പര്യമില്ലാത്തത് കൊണ്ട് അതുപയോഗിച്ച് അറിയാവുന്ന പോലെ ഒറ്റയ്ക്ക് ഒരു പൂക്കളമിട്ടത് ഓർമയുണ്ട്, ഭാഗ്യത്തിന് അത് കൊണ്ട് പോകാൻ അന്ന് പിന്നെ മഴ വന്നില്ല.
ചമയങ്ങളുടെ ഓണം- ഓണാക്കോടിയുടെയും
എന്തൊക്കെ പറഞ്ഞാലും, എത്ര മഴ പെയ്താലും, തിരുവോണപ്പുലരിയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്. അവധിക്കാലം തുടങ്ങുമ്പോഴേ ദിവസങ്ങൾ എണ്ണിത്തുടങ്ങും ഓരോ പ്രഭാതത്തിലും, ഓണത്തിന് ഇനിയെത്ര ദിവസം ഉണ്ടെന്ന്. എങ്കിലും അന്നത്തെ പ്രഭാതത്തിൽ ഉണർന്നെഴുന്നേൽക്കാൻ മറ്റു ദിവസങ്ങളിൽ ഇല്ലാത്ത സന്തോഷവും ഉന്മേഷവും അനുഭവപ്പെടും. കുളിച്ചു തയ്യാറായി വന്നാലും, അടയും, പഴവും ഉണ്ണിയപ്പവും ഒക്കെ ഉള്ള പ്രഭാതഭക്ഷണത്തിനു ശേഷമേ ഓണാക്കോടി തരികയുള്ളു. പിന്നെ ഒരുക്കമാണ്. എവിടെയും പോകുന്നില്ലെങ്കിലും ഓണനാളിൽ ഒരുങ്ങിച്ചമഞ്ഞു ഇരിക്കണം ‘ മാവേലിയെ വരവേൽക്കാൻ ‘ എന്നാണല്ലോ.
ഓണക്കോടി ധരിച്ചു ഒരുങ്ങിയ ശേഷം, എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും മറ്റുള്ള വീടുകളിലേക്ക് പോകും ഓണക്കോടിയും പൂക്കളവും എല്ലാം വീണ്ടും ഒന്നു കൂടി കാണും അഭിപ്രായവും സന്തോഷവും പലഹാരങ്ങളോടും പായസത്തോടും ഒപ്പം പങ്കു വയ്ക്കും. സദ്യ കഴിക്കാനും പായസം കഴിക്കാനും ഓരോ വീട്ടിലും ക്ഷണിയ്ക്കും, എന്നാലും തിരുവോണ നാളിലെ സദ്യ അതെപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ്. അങ്ങനെ ഒരു നിർബന്ധമുണ്ടായിരുന്നു.
അമ്മമാരുടെ ഓണം- ഒരുമയുടെയും.
സദ്യയൊക്കെ അമ്മയുടെ വകുപ്പാണ് എന്നതിനാൽ അതിനെപ്പറ്റി ഒന്നും ചിന്തിക്കേണ്ട കാര്യമില്ല. അമ്മയെ സഹായിക്കേണ്ട സമയത്ത് ചെന്ന് ആ പറയുന്ന ജോലികൾ മാത്രം ചെയ്യും. സാമ്പാറും രസവും അവിയലും കാളനും തോരനും പായസവും അടക്കം ഉള്ള സദ്യ തയ്യാറായി വിളമ്പാൻ സമയമാകുമ്പോൾ അമ്മ വിളിക്കും ആ സമയത്തേക്ക് അവിടെ ഹാജരാകേണ്ട ആവശ്യം മാത്രമേ കുട്ടിപ്പട്ടാളങ്ങൾക്ക് ഉണ്ടാകാറുള്ളൂ. അതും സാധാരണ ദിവസം ഊണ് കഴിക്കുന്നതിനേക്കാൾ നേരത്തെ തിരുവോണ ദിവസം സദ്യ കഴിക്കും. അതിനുശേഷം ആണ് മറ്റു പരിപാടികൾ.
ആദ്യമൊക്കെ മറ്റു സദ്യ പോലെ ഓരോ ഇലയിൽ നിന്ന് ഓരോരുത്തർ കഴിക്കുന്നതായിരുന്നു ഇഷ്ടം എങ്കിലും വീട്ടിൽ എല്ലാവരും ഒരുമിച്ചു വലിയൊരു വാഴയിലയുടെ ചുറ്റും ഇരുന്ന് ഒരുമിച്ചു സദ്യ കഴിയ്ക്കുന്നത് വലിയൊരു പ്രത്യേകത തന്നെയാണ് എന്ന് പിന്നീട് തോന്നി തുടങ്ങി. മറ്റെവിടെയും ഒരു സദ്യയും ഒരുമിച്ചു മറ്റുള്ളവരോടൊപ്പം ഒരിലയിൽ അത് പോലെ കഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
സദ്യക്കുശേഷമാണ് ഓണാഘോഷ പരിപാടികൾ കാണാനായി പോകുന്നത്. നാട്ടിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പലതരം ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പ്രധാനമായും തിരുവാതിര, ഓണക്കളി, കുട്ടികളുടെ കലാപരിപാടികൾ എന്നിവയാണ്. പുറത്തുനിന്നും കലാകാരന്മാരെ കൊണ്ടുവന്നു പരിപാടികൾക്കൊപ്പം നാട്ടിൽ തന്നെയുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പരിപാടികളും ഉണ്ടാകാറുണ്ട്. സന്ധ്യ വരെ നീളുന്ന പരിപാടികൾക്ക് ശേഷം എല്ലാവരും തിരിച്ചു വീട്ടിലേക്ക് മടങ്ങും. ഞങ്ങൾ കുട്ടികൾ ഈ പരിപാടികൾ മുഴുവൻ കാണണമെന്നില്ല. അതിനിടയിൽ ചിലപ്പോൾ എല്ലാവരും കൂടി കളിക്കാൻ പോകുകയോ സിനിമ കാണാൻ ഇരിക്കുകയോ എല്ലാം ചെയ്യാറുണ്ട്.
വിരുന്നുകാരുടെ ഓണം- രണ്ടാമോണം
ഓണദിവസം രാത്രിയായാലും ആ സന്തോഷം അസ്തമിക്കുന്നില്ല. കാരണം ഓണം നാലുദിവസമാണ് ആഘോഷിക്കാറുള്ളത്. അതിൽ രണ്ടാം ഓണം അമ്മ വീട്ടിലാണ് ആഘോഷിക്കാറ്. അതുകൊണ്ടുതന്നെ പിറ്റേദിവസം അമ്മ വീട്ടിലേക്ക് പോകുന്ന സന്തോഷമാണ്.
പിറ്റേന്ന് രാവിലെ തന്നെ അമ്മ വീട്ടിലേക്ക് പുറപ്പെടും. അവിടെ അമ്മയുടെഅച്ഛനും അമ്മയും വീട്ടുകാരും അവിടു ത്തെ മറ്റുള്ള കൂട്ടുകാരും എല്ലാവരും കാത്തിരിക്കുന്നുണ്ടാകും. അവരോടൊപ്പം അന്നത്തെ ഓണാഘോഷം കഴിഞ്ഞ് അതിന്റെ പിറ്റേന്ന് വീണ്ടും തിരിച്ചു വീട്ടി ലേക്ക്. എങ്കിലും ആ സന്തോഷം അന്ന് അവസാനിക്കുന്നില്ല. മൂന്നാമോണവും നാലാമോണവും വീട്ടിൽ വീണ്ടും കാത്തിരിപ്പുണ്ട്. ഓണത്തിന്റെ അത്രയും ഇല്ലെങ്കിലും ബാക്കി രണ്ടു ദിവസവും എല്ലാവരും ഒരുമിച്ചു വാഴയിലയിൽ ഓണസദ്യ നിർബന്ധമായും ഉണ്ടാകും. ഓണക്കോടി അല്ലെങ്കിലും മറ്റു ദിവസത്തെ പോലെയല്ലാതെ കയ്യിലുള്ളതിൽ പുതിയ വസ്ത്രങ്ങൾ തന്നെയാണ് ബാക്കി രണ്ടു ദിവസവും ധരിക്കാറുള്ളത്. എന്നാണ് മാവേലി വരിക എന്നറിയില്ലല്ലോ. അതുവരെയും വന്നിട്ടില്ലാത്ത മാവേലിയെ വരവേൽക്കാ ൻ വേണ്ടിയാണ് ഇത്രയുമൊക്കെ ആഘോഷം എന്നൊക്കെ പറഞ്ഞാലും സത്യസന്ധമായി പറഞ്ഞാൽ മാവേലി വരാത്തതിൽ അന്നും എനിക്ക് ഒട്ടും വിഷമം തോന്നിയിട്ടില്ല. എന്നാലും ആ നാലു ദിവസവും കഴിയുന്നതോടെയാണ് ഓണം കഴിയുകയാണ് എന്ന തോന്നൽ ഉണ്ടാകുന്നത്.
എങ്കിലും ആദ്യത്തെ സന്തോഷത്തിനു മങ്ങൽ ഏൽക്കാതിരിക്കാൻ സ്കൂൾ തുറക്കുമ്പോൾ പുതിയ ഓണക്കോടിയുമായി ചെല്ലാം, കൂട്ടുകാരെ അവരുടെ ഓണാക്കോടി ഒക്കെ കാണാം അവരുടെ ഓണ വിശേഷങ്ങൾ കേൾക്കാം എന്നൊക്കെ ഓർത്ത് കൊണ്ട് അടുത്ത ഓണത്തിന് ആയുള്ള കാത്തിരിപ്പ് തുടങ്ങും.
കാത്തിരിപ്പിന്റെ ഓണം- ഓർമകളുടെയും
അങ്ങനെ ഒരു കാത്തിരിപ്പിന്റെ ലഹരി മുതിർന്നു കഴിഞ്ഞപ്പോൾ എപ്പോഴൊ എവിടെയോ നഷ്ടപ്പെട്ടു, എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. പൂക്കളം ഇടാനോ പൂക്കൾ ശേഖരിക്കാനോ ഉള്ള ഉത്സാഹം പോയിട്ട്, അത് കാണുമ്പോൾ ഉള്ള പഴയ കൗതുകം പോലും നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നത്, അതിനെക്കാൾ പ്രധാനപ്പെട്ട മറ്റൊരുപാട് കാര്യങ്ങൾ മനസ്സിലുള്ളത് കൊണ്ടായിരിക്കാം. മാത്രമല്ല എന്തും ഏതും വിരൽ തുമ്പിൽ ലഭ്യമായ, സമൂഹ മാധ്യമങ്ങളുടെയും നിർമ്മിത ബുദ്ധിയുടെയും ഇക്കാലത്ത് ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാനു ള്ള മനസ്സ് നഷ്ടപ്പെടുന്നത് നാമറിയാതെ തന്നെയാണ്. പുതുവസ്ത്രങ്ങൾക്ക് പുതുമയോ പുതുമണമോ ഇല്ലാതെ ആയിരിക്കുന്നത് ഏതെങ്കിലും ഒരു വിശേഷ അവസരത്തിനു വേണ്ടി മാത്രം ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഒരുപാട് വസ്ത്ര ശേഖരങ്ങൾ കാരണമായിരിക്കാം. ആവർത്തന വിരസത ഇല്ലാതെ പുതു രുചികൾ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാടൻ രുചികൾ മാത്രമല്ലാതെ വിദേശ വിഭവങ്ങൾ പോലും സർവ്വ സാധാരണമായ നമ്മുടെ അടുക്കളകളിൽ ആ ദിവസവും എന്നത്തേയും പോലെ പ്രത്യേകതകൾ ഒന്നും ഇല്ലാതെ കടന്നു പോകുന്നത് കൊണ്ട് ആയിരിക്കാം ഒരുപക്ഷെ അന്നത്തെ സന്തോഷം ഇല്ല എന്ന് തോന്നുന്നതിന്റെ മറ്റൊരു കാരണം.
എങ്കിലും എന്തും ഏതും ആഘോഷ മാക്കുന്ന ഈ കാലഘട്ടത്തിലും എല്ലാവരും ഓണം ആഘോഷിക്കുന്നുണ്ട് എന്നാൽ ആ സന്തോഷം അവർക്ക് മറ്റൊന്നായിരിക്കാം മറ്റൊരു തലത്തിൽ ആയിരിക്കാം എന്ന് മാത്രം. കുട്ടിക്കാലത്ത് നമ്മൾ മുതിർന്നവരിൽ നിന്ന് കേൾക്കുന്ന അവരുടെ അനുഭവങ്ങൾ ഒക്കെ അതിപ്പോൾ ഓണമായാലും മറ്റെന്തെങ്കിലും കാര്യമായാലും ചിലപ്പോൾ വിചിത്രമായി തോന്നാറില്ലേ? നമുക്ക് ഉൾകൊള്ളാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളവ. അതു പോലെ ഒരു മാറ്റം എല്ലാ തലമുറയിലും ഉണ്ടാകില്ലേ? അതുപോലെ പുതുമകളോടെ പുത്തൻ അനുഭവങ്ങളും മാറ്റങ്ങളുമായി ഓണം എവിടെയാണെങ്കിലും എല്ലാവർക്കും എല്ലാക്കാലത്തും ആഘോഷം തന്നെ. എങ്കിലും ഓരോരുത്തർക്കും തിരുവോണനാളും ഓണാ ഘോഷവും മാറ്റമില്ലാതെ തുടരുന്നത് അവരുടെ ഓർമകളിലാണ്. നിറപ്പകിട്ടും സുഗന്ധവുമുള്ള ചെറിയ മഴയുടെ അകമ്പടിയോടെ എത്തിയിരുന്ന ഓണനാളുകൾ ഓർമത്താളുകളിൽ വരച്ചിടുന്ന മനോഹരചിത്രങ്ങൾ തന്നെ എന്നും.
” എല്ലാവർക്കും ഓണാശംസകൾ”
ഓണം ബ്ലോഗ് 2025


6 Comments
പഴയ ഒരു ഓണക്കാലത്തിലേക്ക് മനസ്സിനെ എത്തിച്ചു…… സന്തോഷം👍🌹
Mini sundaresan 🙏🏻
ഓണത്തിൻ്റെ ഓർമ്മകളെല്ലാം വീണ്ടും മനസ്സിലേക്കു കൊണ്ടുവന്ന എഴുത്ത്.
നന്നായി എഴുതി ഗ്രീഷ്മ♥️👌🌹
Suma jayamohan Thank you 🙏🏻😍
Thanks ജോയ്സ്…. ഇത്തവണ ഓണമില്ല എനിക്ക്… ആ വിഷമം അങ്ങ് എഴുതി തീർത്തു.
ഓണത്തിന്റെ ഓർമ്മകളിൽ പൂക്കളം, ഓണക്കോടി, ഓണസദ്യ, വിരുന്നു പോക്ക് എല്ലാം ഒന്നിനൊന്ന് മിന്നി നിന്ന എഴുത്ത്.
👌👏
കാലം മാറുമ്പോൾ ആഘോഷരീതികൾ മാറുന്നുണ്ടെങ്കിലും ഓണം മലയാളിക്ക് മനസ്സിൽ തിരുവോണം തന്നെ..