ഓർമ്മയിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഓണങ്ങൾ അനേകം. കുട്ടിക്കാലത്തെ ഓണങ്ങൾക്ക് മധുരിമ കൂടും.നിഷ്കളങ്കമായ ബാല്യത്തിൽ എന്തിനും ജിജ്ഞാസയാണ്. ഓർമ്മ വച്ച കാലത്തൊക്കെ ഓണക്കാലമായാൽ മാത്രമാണ് പുറത്ത് നിന്നും പച്ചക്കറികളും നേന്ത്രക്കായ മുമ്പൊക്കെ വാങ്ങുന്നത്. ചേനയും ചേമ്പും പയറും, വെണ്ടയ്ക്ക വഴുതനങ്ങ തുടങ്ങിയവ അമ്മ തന്നെ വളപ്പിൽ കൃഷി ചെയ്തത് ഉണ്ടാകും. പയറ് കുത്താൻ ( പയറ് കൃഷിചെയ്യുന്നത്) ഞാനും സഹായിക്കാറുണ്ട്.
പറമ്പിൽ വാരം കോരി ചാരം ഇട്ട് അതിന് മുകളിൽ പയർ ഇട്ട് മൂടും. പിന്നീട് പയർ മുളച്ചു ഇലകളാകുമ്പോൾ എന്തെങ്കിലും താങ്ങായി കുത്തിക്കൊടുക്കും. മുതിര അവിടെ കണ്ടത്തിൽ വിതയ്ക്കും. അതെല്ലാം ഉണങ്ങിയാൽ പറിച്ചു ചവിട്ടി മെതിച്ച് മുതിര എടുക്കും.
ഓണക്കാലത്ത് ചെറാക്കുളം കുമാരൻ എന്നയാളുടെ വീട്ടിൽ നിന്നും നേന്ത്രകായയും അത് പോലെ കുമ്പളങ്ങ വെള്ളരിക്ക മത്തങ്ങ തുടങ്ങിയവ വാങ്ങും.
ഞങ്ങളുടെ വീടിൻ്റെ പിന്നിലെ പാടത്ത് കൂടി പോകണം കുമാരന്റെ വീട്ടിലേക്ക്. കുറച്ചൊക്കെ വെറുതെ തരും.അത് പോലെ അമ്പാടൻ മാപ്ള എന്ന് പറയുന്ന തോമൻ മാപ്പിള.അവിടെ നിന്നും വാങ്ങും പച്ചക്കറികൾ.
ഓണത്തിന് മുൻപ് തന്നെ കിഴക്കേ മുറ്റത്ത് മണ്ണ് കൊണ്ടിട്ട് നിരപ്പാക്കി, പിന്നെ ചെറുതായി വെള്ളം ഒഴിച്ച് നിലംതല്ലി ( ക്രിക്കറ്റ് ബാറ്റ്പോലെയിരിക്കും)കൊണ്ട് അടിച്ചു പരത്തി കളം ഉണ്ടാക്കും. അത് ഉണങ്ങിയാൽ ചാണകം മെഴുകി വൃത്തിയാക്കും.
ചാണകം കുട്ടിയായ ഞാൻ അടുത്ത വീട്ടിൽ നിന്ന് കൊണ്ട് വന്നു കൊടുക്കണം. അത് പോലെ മണ്ണും തേമാലിയിൽ (പാടത്ത് നിന്ന്) നിന്നും കൊണ്ട് വന്നു കൊടുക്കണം.
കുനിയൻ ഉറുമ്പിൻ്റെ കൂടന്വേഷിച്ച് പോയി ആ മണ്ണ് കൊണ്ട് വന്നു കുഴച്ച് തൃക്കാക്കരയപ്പൻ ഉണ്ടാക്കും. അഞ്ച് അല്ലെങ്കിൽ ആറ് എണ്ണം.അഞ്ചെണ്ണം വലുതും ഒരെണ്ണം ചെറുതും. പിന്നെ വേറേയും ചില ശില്പങ്ങൾ ഉണ്ടാക്കും. അത് മുത്തിയമ്മ, വിളക്കുകൾ, പറ, ഇടങ്ങഴി നാഴി. എല്ലാം അമ്മയുടെ കരവിരുതിൽ ഉണ്ടാകുന്നതാണ്. അത്ര ഭംഗിയൊന്നും ഇല്ല എന്ന് അമ്മ പറയും. ഞങ്ങൾ കുട്ടികൾക്ക് എന്തറിയാം?
അത് പോലെ കളത്തിന്റെ നടുക്ക് കിഴക്കേ വാതിലിന് നേരെ, ഉയരത്തിൽ ഒരു പീഠം പോലെയുണ്ടാക്കും.
പിന്നീട് ചുവന്ന നിറത്തിലുള്ള മണ്ണ് കൊണ്ട് വന്ന് ഈ തൃക്കാക്കര അപ്പൻമാരേയും മുത്തിയമ്മ വിളക്കുകൾ തുടങ്ങിയവയൊക്കെ ചായം പൂശി ഉണക്കി വയ്ക്കും.
അത്തം മുതൽ ഈ കളത്തിൽ വൃത്തത്തിൽ ചാണകം മെഴുകി അതിന് നടുവിൽ ഒരു തുളസിക്കതിർ വയ്ക്കും.
അതിന് ചുറ്റും മറ്റ് പൂക്കൾ
ഇട്ട് പൂക്കളും തീർക്കും.
പൂക്കൾ വീട്ടിൽ തന്നെ കാണും. അമ്പലത്തിലേക്ക് ആവശ്യമുള്ളതിനാൽ എല്ലാവിധ ചെടികളും വളർത്തുന്നുണ്ട്.തെച്ചി, മന്ദാരം, നന്ത്യാർവട്ടം, വാടാമല്ലി,
കനകാംബരം, പിന്നെ ഓണപ്പൂവ് എന്ന് വിളിക്കുന്ന കൃഷ്ണകിരീടം
( ആ പേര് ഒന്നും അന്ന് അറിയില്ല.വലുതായപ്പോൾ ആണ് അറിയുന്നത്)
പിന്നെ പേരറിയാത്ത ചില ഭംഗിയുള്ള പൂക്കൾ, ശംഖുപുഷ്പം, മഞ്ഞകോളാമ്പി,
എന്തിന് പയറിൻ പൂവ് വരെ പൊട്ടിച്ചു പൂവിടും.
( പയറിൻ പൂവ് പൊട്ടിച്ചതിന് അടി വേറെ)
തിരുവോണം ദിവസം വെളുപ്പാൻ കാലത്ത് കുളിച്ചു വന്നിട്ട് വേണം നാളികേരം കൊട്ടാൻ.
ആ തണുത്ത വെളുപ്പാൻ കാലത്ത് അമ്പലക്കുളത്തിൽ കുളിച്ചു വരണം.
തലേദിവസം തന്നെ ഞങ്ങൾ തുമ്പക്കുടങ്ങൾ ഒരു ഓലക്കുട്ടയിൽ പറിച്ചു വച്ചിരിക്കും. തുളസിയും തെച്ചിയും വേറെ.
തൂശനിലകൾ മുറിച്ച് വച്ചിരിക്കും.
ചാണകം മെഴുകി വൃത്തിയാക്കിയ കളത്തിൽ
അല്പം ഉയരത്തിൽ മണ്ണ് കൊണ്ട് ഉണ്ടാക്കിയ പീഠത്തിൽ അരിമാവ് കൊണ്ട് അണിഞ്ഞ്
അതിനുമുകളിൽ ആവണിപ്പലക വയ്ക്കും.
ആ പലകയിലും അരിമാവ് അണിയും. ( അരിയരച്ച് കലക്കി അതിൽ കൊഴുപ്പിന് വെണ്ടയുടെ ഇല അരച്ച് ചേർക്കും)
അതിന് മുകളിൽ ഇലയിൽ തുമ്പപ്പൂ ഇട്ട് അഞ്ച് തൃക്കാക്കര അപ്പൻമാരെ വയ്ക്കും. അവരേയും അരിമാവ് കൊണ്ട് അണിയും. പിന്നീട് ഈ തൃക്കാക്കര അപ്പൻമാരുടെ മേലുള്ള ദ്വാരങ്ങളിൽ പൂക്കൾ കുത്തിവയ്ക്കും.
തെച്ചിയും ഓണപ്പൂവും പ്രധാനം.
ഇവരുടെ മുമ്പിൽ മൺവിളക്കുകളും മുത്തിയമ്മയും മറ്റ് ശില്പങ്ങളും നിരത്തി വയ്ക്കും. എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച നിലവിളക്ക്, ഇടങ്ങഴി, നാഴി, പറ ഇവയിൽ നെല്ല് നിറച്ച് വച്ചത് ഇവയൊക്കെ നിരത്തി വയ്ക്കും.
പിന്നീട് മൂന്നു നാളികേരം ഉടച്ച് ആ വെള്ളം തൃക്കാക്കര അപ്പൻമാരുടെ മേൽ അഭിഷേകം ചെയ്യുന്നു. പിന്നീട് പൂജയാണ്.ഓട്ട് കിണ്ടിയിൽ വെള്ളം, തുളസിപൂ കൊണ്ട് അർച്ചന. പിന്നീട് നിവേദ്യം.
ശർക്കര പഴം, നാളികേരം, അപ്പം, പൂവട ( അരിയരച്ച് ശർക്കരയും തേങ്ങയും ചേർത്ത അട തന്നെ)
നിവേദ്യം കഴിഞ്ഞ ശേഷം എല്ലാവരും വീടിനുള്ളിൽ കയറി വാതിലടച്ചു പ്രാർത്ഥിക്കുന്നു.
( തൃക്കാക്കരയപ്പന് നിവേദ്യം ഭക്ഷിക്കാൻ സമയം കൊടുക്കുന്നതിന് ആണ് വാതിൽ അടച്ച് പോകുന്നത്!)
പിന്നീട് വീട്ടിൽ എല്ലായിടത്തും ഇറയത്തും ചവിട്ടു പടികൾ തോറും അരിമാവ് കൊണ്ട് അണിയും.
പിന്നെ വീടിൻ്റെ പടിക്കൽ ഒരു സ്ഥലത്ത് ചാണകം മെഴുകി, പലകയിട്ട് ഇല വച്ച് ഒരു ചെറിയ തൃക്കാക്കര അപ്പനെ കൊണ്ട് വച്ച് പൂക്കൾ ചൂടിക്കും.
നിവേദ്യം വച്ചത് എടുത്തു എല്ലാവർക്കും തരും.
നാളികേരം, ശർക്കര, പഴം ഇവ മൂന്നും കൂടി കഴിക്കുന്ന ഒരു രുചിയുണ്ടല്ലോ അത് വേറെ തന്നെയാണ്.
ഇപ്പോഴും ഈ കൂട്ട് എനിക്ക് വളരെ ഇഷ്ടമാണ്.
പിന്നീട് പപ്പടം, പഴംനുറുക്ക്, ശർക്കര പുരട്ടി, കായ വറുത്തത്, നാല് കീറ്, രണ്ട് കീറ് അവയൊക്കെ കൂട്ടി ഒരു ചായകുടി.
ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ ആണവയെല്ലാം.
എന്നും മനസ്സിൽ വച്ച് താലോലിക്കുന്ന ഓർമ്മകൾ.
പിന്നീട് കളിക്കാൻ പോകുകയായി. അന്നത്തെ കൂട്ടുകാർ വിദ്യയും ശ്രീകുട്ടിയും വിശ്വനും മറ്റും. പിന്നേയും കുറേ പേർ ഉണ്ടായിരുന്നു അബ്ബാസ്, അപ്പു, കുഞ്ഞൻ എന്ന ശ്രീകുമാർ, രഘു, ശശി, ബാബു, അങ്ങനെ പലരും. ശിവപുരം ആർട്സ് ക്ലബ് എന്ന പേരിൽ ഒരു ക്ളബ് ഞങ്ങൾ പിള്ളേർ കൂടി ഉണ്ടാക്കി. പന്ത് കളി തന്നെ പ്രധാനം. ഓണത്തിന് അവിടെ അടുത്തുള്ള സായ്വിന്റെ കടയിൽ നിന്ന് വാങ്ങുന്ന ഒന്ന് പത്തിന്റേയും രണ്ട് പത്തിന്റേയും റബ്ബർ ബോളുകൾ വച്ചാണ് കളി.( ഒന്ന് പത്ത് എന്നാൽ ഒരു രൂപ പത്ത് പൈസ, രണ്ട് പത്ത് രണ്ട് രൂപ പത്ത് പൈസ)
അമ്പലപ്പറമ്പിൽ വിശാലമായി കളിക്കാം.
ആകെ ഒരു കുഴപ്പമേയുള്ളൂ. ഉയരത്തിൽ അല്ലെങ്കിൽ നീട്ടി അടിച്ചാൽ അമ്പലക്കുളത്തിൽ വീഴും.
പിന്നീട് അത് നീന്തി ചെന്ന് എടുക്കണം. ചിലരുടെ കാലിന്റെ ശക്തി കാരണം പന്തൊക്കെ പൊട്ടിപ്പൊളിഞ്ഞു പോകും.
എന്റെ എത്രയോ പന്തുകൾ ഓരോരുത്തരും തട്ടി പൊളിച്ചു കഴിഞ്ഞിട്ടുണ്ട്!
ഇപ്പോഴും അവയേക്കുറിച്ച് നല്ല ഓർമ്മകൾ ഉണ്ട്.
അത് പോലെ പന്തുമായി മുന്നേറുമ്പോൾ ഇടക്കാല് വച്ച് വിഴീക്കൽ, തല്ലു കൂടൽ. പിന്നീട് ഗോളടിക്കാൻ ഓടി വീഴൽ.
ഉച്ചയ്ക്ക് ശേഷം മനയ്ക്കൽ ആണ് എല്ലാവരും.അവിടേയ്ക്ക് അമ്മമാർ ഒക്കെ കൈകൊട്ടിക്കളി കാണാനും കളിക്കാനും പോകും. കുട്ടികൾ കൂടെ പോകും.പക്ഷേ അവിടെ ചെന്ന് കളികൾ തുടരും.
പിന്നെ അവിടെ വലിയ ആകർഷണം ഊഞ്ഞാൽ ആണ്. വലിയ മനപ്പറമ്പിൽ നിറയെ ആകാശം മുട്ടുന്ന മരങ്ങൾ ആണ്. അതിൽ പടർന്നു പന്തലിച്ചു കിടക്കുന്ന വലിയ ഊഞ്ഞാൽ വള്ളികൾ. ആലാസ് കയർ ( വലിയ വണ്ണമുള്ള കയർ) പോലെയുള്ള ഊഞ്ഞാൽ വള്ളികളിൽ ഇരിക്കാനുള്ള പടികൾ കെട്ടി അതിൽ ഇരുന്നു ഊഞ്ഞാൽ ആടാൻ മത്സരം ആണ്.
ഏറ്റവും കുഴപ്പം കുറുമ്പൻമാരായ പിള്ളേർ ഓരോരുത്തരെ ഊഞ്ഞാലിൽ കയറ്റി ഉറക്കെ ആട്ടും. പിടിച്ചിരുന്നില്ലെങ്കിൽ നിലത്ത് വീഴും. പിന്നെ വെറ്റിലക്കെട്ട്, പുകയിലക്കെട്ട് എന്നൊക്കെ പറഞ്ഞു
ഊഞ്ഞാലിനടിയിലൂടെ വന്ന് ഉയരത്തിൽ ആട്ടും.
മുന്നോട്ട് വെറ്റിലക്കെട്ട്.
പിന്നോട്ട് പുകയിലക്കെട്ട്
നിലത്ത് വീഴാതിരുന്നാൽ ഭാഗ്യം.
പിന്നെ വലിയ ഗ്രൗണ്ട് പോലെ സ്ഥലങ്ങളിൽ പന്ത് കളി, തൂപ്പ് കളി, ഓടിപ്രാന്തി ഞൊണ്ടിപ്രാന്തി, ഗോട്ടി കളി, ഒളിച്ചു കളി, പലതരം കളികൾ. ആ സമയത്ത്
മനയുടെ ഉള്ളിലും, അത് പോലെ പടിപ്പുര മാളികയിലുമൊക്കെ അമ്മമാരുടെ കൈകൊട്ടിക്കളി നടക്കും
ഞങ്ങളുടെ അടുത്തുള്ള സ്കൂളിൽ ഓണക്കാലത്ത് ധാരാളം മത്സരങ്ങൾ ഉണ്ടാകാറുണ്ട്. ഇഡ്ഡലി തീറ്റ മത്സരം, ചാക്ക് റൈസ്, സൈക്കിൾ സ്ളോറൈസ്, ലോംഗ് ജമ്പ്, ഹൈജമ്പ് നാരങ്ങ സ്പൂണിൽ വച്ച് ഓട്ടം, വടം വലി, ചെസ്, ക്യാരംസ് പഞ്ചഗുസ്തി തുടങ്ങിയ പലതും.
കലാമത്സരങ്ങൾ വേറെ.
നൃത്തങ്ങൾ, ഗാനങ്ങൾ, കൈകൊട്ടിക്കളി, നാടൻപാട്ടുകൾ, നാടോടി നൃത്തം, അങ്ങനെ പലതും.
ഓണക്കാലം അങ്ങനെ സജീവമായിരിക്കും.
ചില വർഷം നാടകാവതരണം, നാടക മത്സരങ്ങൾ ഏകാങ്കമത്സരങ്ങൾ, കഥാരചന, കവിതാരചന എന്നിവ വേറേയും.
ചില നാടകങ്ങൾ സംവിധാനം ചെയ്തു അവതരിപ്പിച്ചു.കൂട്ടുകാരായിരുന്നു അഭിനേതാക്കൾ.
അതിന് സമ്മാനം ലഭിച്ചിരുന്നു. അത് പോലെ കവിതയ്ക്ക് സമ്മാനം ലഭിച്ചു. മറ്റ് മത്സരങ്ങളിൽ ചിലതിലൊക്കെ പങ്കെടുത്തു. അങ്ങനെ ഓണക്കാലത്ത്, ഇന്നത്തെക്കാലത്തെ ഭാഷയിൽ പറയുകയാണെങ്കിൽ അടിപൊളി ആയിരുന്നു.
വീട്ടിൽ ആണെങ്കിൽ ചെറിയമ്മയുടെ മക്കളും വരും.ചിലപ്പോൾ അച്ഛനും.
അച്ഛന് അങ്ങനെ ഓണം എന്നൊരു വിചാരമേ ഉണ്ടായിരുന്നില്ല.വന്നാൽ വന്നു എന്ന് മാത്രം.മക്കൾക്ക് ഓണപ്പുടവ വാങ്ങികൊടുക്കുക എന്നതൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല. അല്ലാതെ ഉടുപ്പുകൾ വാങ്ങിയതും ഓർമ്മയില്ല. സ്വന്തം കാര്യം സിന്ദാബാദ് എന്ന ഒരു ചിന്താഗതിയായിരുന്നു അച്ഛന്. മക്കളോട് സംസാരിക്കുക വരെയില്ല.
പിന്നെയല്ലേ മറ്റ് കാര്യങ്ങൾ. അവസാനകാലത്ത് അമ്മയുമായി തല്ല് കൂടി നാട് വിട്ടു പോകുകയും ചെയ്തു.
കുറേയധികം കാലം ഓണങ്ങളൊക്കെ ആഘോഷിച്ചു.എന്നാൽ പിന്നീട് വേറെ താമസമായപ്പോൾ ഓണത്തിന് സദ്യ മാത്രം ഉണ്ടാക്കും. മറ്റ് ചടങ്ങുകൾ ഒന്നും ചെയ്യാറില്ല. മക്കൾ ചെറുപ്പമായിരുന്നപ്പോൾ എല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ അവരെല്ലാം നാട്ടിൽ ഇല്ലാതായായപ്പോൾ ഒറ്റയ്ക്ക് എന്ത് ചെയ്യാൻ! ഓണമൊക്കെ മാറിപ്പോയി.
#കൂട്ടക്ഷരങ്ങൾ
#ഓണം_2025മത്സരം
#ബ്ളോഗ് രചനാമത്സരം
#എന്റെരചന
#പണ്ടത്തെ ഓണം ഒരു ഓർമ്മക്കുറിപ്പ്
#രചന_രാമചന്ദ്രൻടിവി
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ


6 Comments
അന്നായിരുന്നു ഓണം …… ഇപ്പോൾ പല വീടുകളിലും രണ്ട് വൃദ്ധർ മാത്രം….. മനോഹരമായി എഴുതി🌹👍
ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ നന്നായി ആസ്വദിച്ചു. ഞാൻ കണ്ണൂർ ജില്ലയിലാണ്. അതുകൊണ്ടുതന്നെ പറഞ്ഞിരിക്കുന്ന ഒരു ചടങ്ങും അറിയില്ല. എല്ലാം ശ്രദ്ധയോടെ വാിച്ചു. ഒരുപാടിഷ്ടമായി. അല്ലെങ്കിലും പഴയകാലത്തെ ഉൽസവങ്ങൾ തന്നെയൈാണ് നല്ലത്. അതിൽ ഒരു നിഷ്കളങ്കത ഉണ്ടായിരുന്നു. കാലം കഴിയുന്തോറും പലതും നഷ്ടപ്പെടുന്നു. ഓണവും വിഷുവുമെല്ലാം ഇന്ന് വീടിൻെറ പടികടന്ന് കടകളിലേക്കും കേരളത്തിന്ന വെളിയിലേക്കും പോയിക്കഴിഞ്ഞു.
കുട്ടിക്കാലത്തെ ഓണത്തിൻ്റെ ഓർമ്മകൾ അസ്സലായി എഴുതി. ഇപ്പോൾ മിക്ക വീടുകളിലും അച്ഛനമ്മമാർ മാത്രം. പിന്നെ എന്താഘോഷം അല്ലേ.
എന്നിട്ടും ഇത്തവണ ഞാൻ അത്തപ്പൂക്കളമിടുന്നുണ്ട്. ഒരു രസം
എന്തു രസമായിരുന്നുലേ അക്കാലം. നന്നായി എഴുതി മാഷേ 👌👌
നല്ലെഴുത്ത്….. 👍🏻… ഓർമ്മകൾ
nice