ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ]
ഭാഗം -VIII
ഓപ്പറേഷൻ കഴിഞ്ഞതിന്റെ അന്ന് രാത്രി സിസ്റ്റർ പറഞ്ഞിരുന്നു ഡോക്ടർമ്മാർ രാവിലെ തന്നെ പരിശോധനയ്ക്ക് വരുമെന്ന്. ഒരു ബക്കറ്റ് വെള്ളം കുഞ്ഞമ്മ ഒപ്പിച്ചു തന്നു. പല്ല് തേയ്ച്ചു. വായിൽ ബ്രഷ് തൊടാൻ പറ്റില്ല, വിരലിൽ പേസ്റ്റ് എടുത്തു തേയ്ച്ചു. കട്ട രക്തം മാത്രം വായിൽ ചുവയ്ക്കുന്നു. കുറച്ചു കട്ടൻ ചായയിൽ ബ്രെഡ് അലിയിച്ചു ഒന്ന് രണ്ടു സ്പൂൺ കഴിച്ചു വേദന. ചുറ്റുമുള്ളവർ ഒക്കെ ഫുഡ് കഴിക്കുന്നു, സംസാരം, ബഹളം. ആകെ പ്രാന്ത് ആയി. ആദ്യം പി. ജി ഡോക്ടർമാരും കുട്ടി ഡോക്ടർമാരും വന്നു സ്പൂൺ ഇട്ടു വായ പരിശോധിച്ച് മുറിവിന്റെ ഭാഗം കുമിള പോലെ നിൽക്കുന്നു എന്നു പറഞ്ഞു. സർജറി ചെയ്ത ഡോക്ടർ വന്നു നോക്കി കുഴപ്പമില്ല എന്നു പറഞ്ഞു. വേദന പറഞ്ഞപ്പോൾ ഒരു മൌത്ത് വാഷ് തന്നു ഇത് വായിൽ കൊണ്ടു കുറച്ചു സമയം കഴിഞ്ഞു ഫുഡ് കഴിക്കാൻ പറഞ്ഞു. കുഴപ്പമില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം, ഡ്രിപ് പോകട്ടെ എന്നു പറഞ്ഞു പോയി.
എനിക്ക് ആകെയുള്ളത് ഡ്രിപ് പാരസെറ്റമോൾ, പെയിൻ കൂടുമ്പോൾ പറഞ്ഞാൽ സപ്പോസിറ്ററി. ഉച്ച ആയി എനിക്ക് വല്ലാത്ത വേദന. പി. ജി ഡോക്ടറെ സിസ്റ്റർ വിളിച്ചു. അവർ വന്നു നോക്കി മുറിവ് നന്നായി ചുമന്നു കുമിള പോലെ ആയി എന്നു പറഞ്ഞു. നാവു മരവിച്ചു ഇരിക്കുന്നത് കൊണ്ടു അതിന്റെ അസ്വസ്‌ഥത… സംസാരിക്കാൻ കഴിയാത്തത്കൊണ്ടു ഒന്നു പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്നില്ല. മെയിൻ ഡോക്ടരോട് പിജി ഡോക്ടർ പറഞ്ഞു. അതുകൊണ്ട് മുറിവു കൂടുതൽ ഇൻഫെക്ഷൻ ആക്കാൻ സാധ്യതയുണ്ടെന്നു പറഞ്ഞു ഡിസ്ചാർജ് ഒഴിവാക്കി ഞങ്ങളോട് അഡ്മിറ്റ് ആയ പേ വാർഡിൽ പോകാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ കുറച്ചു സ്വസ്ഥമായി. ബഹളം ഇല്ല. വേദന കൊണ്ടുള്ള പ്രശ്നങ്ങൾ, ഉറങ്ങാൻ കഴിയാത്ത ബുദ്ധിമുട്ട്, ഡ്രിപ് തീർന്നാൽ ബാത്രൂമിൽ കുറെ തവണ പോകേണ്ടി വരും, വെള്ളമില്ലാത്ത ബുദ്ധിമുട്ട്…
ഇവിടെയെത്തിയപ്പോൾ വേദന മാറിയില്ലെങ്കിലും സാഹചര്യം മാറി. വൈകിട്ടും രാത്രിയും സപ്പോസിറ്ററി വച്ചു. വേദന കൂടി വന്നു, രാവിലെ 7. 50നു തന്നെ ഡോക്ടർ വന്നു തൊണ്ട നോക്കി. മുറിവ് ഫുൾ മഞ്ഞ കളർ ആയിട്ടുണ്ട്, പഴുപ്പു ആയിട്ടുണ്ടോ എന്നു സംശയം പറഞ്ഞു. ടെസ്റ്റ് ചെയ്യാൻ പിജി ഡോക്ടറെ ഏല്പിച്ചു. അതു ഒരു സ്വാബ് ഇവിടെ ഒന്ന് പുറത്തുള്ള ഡിഡിആർസി ലാബിൽ… റിസൾട്ട് നാളെ കിട്ടുമെന്ന് ഡോക്ടർ പറഞ്ഞു. സർജറി കഴിഞ്ഞു കിടക്കുന്ന രോഗി ഇൻടി ഒപിയിൽ പോയി ടെസ്റ്റിങ് റൂമിനു വെളിയിൽ ക്യു നിന്ന് വേണം. അതിനു മുൻപ് ഒപിയുടെ മുകളിലത്തെ ബിൽഡിങ്ങിൽ പോയി സ്വാബ് എടുക്കാൻ ഉള്ളത് വാങ്ങി വരണം. കൊറോണ ടെസ്റ്റ് ചെയ്യാൻ സ്വാബ് എടുക്കുന്നത് പോലെ തന്നെയാണെന്ന് പറഞ്ഞിരുന്നു, ഒറ്റ വ്യത്യാസം മാത്രം ഇത് മുറിവിൽ നിന്നും സ്വാബ് എടുക്കും.
കൊറോണ ടെസ്റ്റ് ചെയ്യാൻ സ്വാബ് എടുത്തത് ടൂത്ത് പിക്ക് പോലെ നീളമുള്ള സ്റ്റിക്കിന്റെ അറ്റത്തു പഞ്ഞി പോലെ ഉറപ്പിച്ചു ആണ്. അതിൽ സ്വാബ് എടുത്തിരുന്നത് സീൽഡ് ആയ ടെസ്റ്റ് ട്യൂബ് ഷേപ്പിൽ പോലെയുള്ള ഗ്ലാസ്സ് ട്യൂബ് ആയിരുന്നു. കുഞ്ഞമ്മ വാങ്ങി വന്നത് കണ്ടു ഞാൻ ഞെട്ടി. ഒരു തുറന്ന ടെസ്റ്റ് ട്യൂബ്, അതിനുള്ളിൽ ഒരു ഈർക്കിൽ (തേങ്ങോലയുടെ)… അതും ഒടിഞ്ഞു പോകുന്ന പാകത്തിൽ ഉണങ്ങിയത്.. അതിന്റെ അറ്റത്തു ഒരു ഇത്തിരി പഞ്ഞി.. അതു കണ്ടു ഞങ്ങൾക്ക് ടെൻഷൻ. സർജറി ചെയ്ത മുറിവല്ലേ, ഈർക്കിൽ കൊണ്ടാൽ ഇനി അതു മതി. ബോട്ടിലിൽ അടപ്പും ഇല്ല. എന്തായാലും കുറച്ചു നേരം കാത്തിരുന്നു. പിജി ഡോക്ടർ സ്വാബ് എടുത്തു. പഞ്ഞി തൊടുന്ന പോലെയല്ല തൊണ്ടയിൽ ഈർക്കിലിന്റെ കുത്തൽ അറിയാം കാരണം അറ്റത്തു പഞ്ഞി അത്രയ്ക്ക് കുറവ്. ലാബിൽ കൊടുത്തപ്പോൾ മൂന്നു ദിവസം കഴിഞ്ഞേ വരുകയുള്ളു എന്നു.. അത്യാവശ്യം ആണെന്ന് പറഞ്ഞു, മറുപടിയില്ല. എന്നെ റൂമിൽ ആക്കി കുഞ്ഞമ്മ ഡിഡിആർസിയിൽ പോയി സ്വാബ് എടുക്കാൻ സീൽഡ് ആയുള്ള ബോട്ടിൽ ഒരു കട്ടിയുള്ള കവറിൽ ഇട്ടു തന്നു, ശ്രദ്ധിക്കണം സീൽ പൊട്ടിച്ചിട്ടു സ്വാബ് വച്ചു നന്നായി അടയ്ക്കണം എന്നു പറഞ്ഞു. പിജി ഡോക്ടർ വന്നു സ്വാബ് എടുത്തു. ഞാൻ അറിഞ്ഞില്ല എടുത്തത് പോലും. അതിന്റെ അടപ്പു നന്നായി അടച്ചു കൊണ്ടു കൊടുത്തു പിറ്റേന്ന് തരാം(24hr) ഒരു റിസൾട്ട്, ഒന്ന് കൾച്ചർ ആണു ലേറ്റ് ആകുമെന്ന് പറഞ്ഞു.
എത്ര ശ്രദ്ധിച്ചു എടുക്കേണ്ട കാര്യങ്ങളാണ് വലിയൊരു ഹോസ്പിറ്റലിൽ ഇത്രയും കെയർ ഇല്ലാതെ എടുക്കുന്നത്. അതും ഈർക്കിൽ… ഒപ്പം സർജറി കഴിഞ്ഞവർ ഒരുപാടു നേരം അണുബാധ ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിൽക്കേണ്ടി വരുന്നു. അതൊക്കെ പരിഹരിക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു. ഈ സീരിസ് വായിച്ച ഒരാൾ ചോദിച്ചു ഇത്രയും ഇഷ്ടമല്ലെങ്കിൽ എന്തിനു ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി എന്ന്… നമ്മുടെ സാമ്പത്തികം ആണ്… ഒപ്പം അവിടെ നല്ല കഴിവുള്ള ഡോക്ടർമാർ ഉണ്ട്. പിന്നെ പോകും മുൻപ് ഇതൊന്നും അറിയില്ലായിരുന്നു. ഇതൊക്കെ എഴുതുന്നത് ആരും അവിടെ പോകാതിരിക്കാൻ വേണ്ടിയല്ല പോരായ്മകൾ പരിഹരിച്ചാൽ ഹോസ്പിറ്റലിന്റെ നിലവാരം തന്നെ മാറും.
(ചിത്രം -ഗൂഗിൾ)
തുടരും
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

