പ്രിയപ്പെട്ട അച്ഛാ,
ഇന്ന് സെപ്തംബർ 5 ആണ്, അദ്ധ്യാപക ദിനം. എൻ്റെ പ്രിയപ്പെട്ട കുട്ടികൾ പലരും മറക്കാതെ ആശംസകളറിയിച്ച് എന്നെ ആഹ്ലാദഭരിതയാക്കുന്ന ദിവസം.
അതിലുമെത്രയോ ഉപരിയായി എൻ്റെ മനസ്സിനെ നൊമ്പരത്തിൻ്റെ തീരാച്ചൂടിലേക്കെറിഞ്ഞ ദിവസമാണത്.
അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസം.
ഏഴുവർഷങ്ങൾക്കിപ്പുറവും ഒരിയ്ക്കലും മായാത്ത സ്നേഹവുമായി അച്ഛനെന്നെ തൊട്ടു വിളിക്കുന്നുണ്ട്.
എൻ്റെ ഗുരുനാഥന്മാരെ ഓർമ്മിക്കുമ്പോൾ അക്കൂട്ടത്തിൽ ഏറ്റവും മുൻ നിരയിൽ തൂവെള്ള ഖദർ ധരിച്ച് എന്നത്തെയും പോലെ സുസ്മേര വദനനായിരിക്കുന്ന അച്ഛനെ ഞാനെങ്ങനെ കാണാതെ പോവും?
അച്ഛനെ ഓർമ്മിക്കാൻ എന്തിനാണിങ്ങനെയൊരു ദിവസം? മറന്നെങ്കിലല്ലേ ഓർമ്മിക്കേണ്ടതുള്ളു?
അച്ഛനെന്ന സംരക്ഷണകവചം ഇന്നും എന്നും എന്നോടൊപ്പമുണ്ട്. ഒരിക്കലെങ്കിലും അച്ഛനിൽ നിന്ന് ഒരടിയോ ശകാരമോ കിട്ടിയതായി ഓർമ്മിക്കുന്നേയില്ല. എപ്പോഴും വെള്ള ഖദർ മുണ്ടും ഷർട്ടും ധരിച്ച് മായാത്തൊരു പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള അച്ഛൻ ലാളിത്യത്തിൻ്റെ അടയാളം തന്നെയായിരുന്നല്ലോ.
ഹൈസ്ക്കൂളിൽ ഒൻപതിലും പത്തിലും സോഷ്യൽസ്റ്റഡീസ് പഠിപ്പിച്ചത് അച്ഛനായിരുന്നില്ലേ.പാനിപ്പട്ടു യുദ്ധങ്ങൾ നടന്ന വർഷങ്ങളും അക്ബറിൻ്റെയും ഷെർഷായുടെയും തുഗ്ലക്കിൻ്റെയും ഭരണപരിഷ്ക്കാരങ്ങളും രാജ്യങ്ങളുടെ ഭൂപടങ്ങളും ഒന്നും പഠിക്കാൻ എനിക്കൊട്ടും ഇഷ്ടമുണ്ടായിരുന്നില്ല. അച്ഛൻ്റെ ക്ലാസുകളും വിവരണങ്ങളും അത്രയേറെ മനോഹരങ്ങളായിരുന്നതാവാം നന്നായി പഠിക്കാനും നല്ല മാർക്കു വാങ്ങാനും എന്നെ സഹായിച്ചത്.
നൈർമ്മല്യവും ഒഴുക്കുമുള്ളൊരു നദി നമ്മെ കുളിർപ്പിക്കുന്ന പോലെ അച്ഛൻ്റെ ക്ലാസുകൾ ഞങ്ങളുടെ കുഞ്ഞു ഹൃദയങ്ങളെ കോൾമയിർ കൊള്ളിച്ചിരുന്നു.
വലിയൊരു ചൂരലും കൈയിൽ പിടിച്ചു വന്നിരുന്ന മറ്റദ്ധ്യാപകരേക്കുറിച്ചോർക്കുമ്പോൾത്തന്നെ നടുങ്ങിയിരുന്ന ഞങ്ങളുടെ കൊച്ചു മനസ്സുകൾ സാമൂഹ്യപാഠത്തിൻ്റെ സമയമെത്തുമ്പോൾ കുളിരിളം തെന്നലേൽക്കുന്നതു പോലെയാകും.
രണ്ടുമിനിറ്റു വൈകിയാൽ എല്ലാ കണ്ണുകളും മുകളിലെ ഗ്രൗണ്ടിലേക്കു പതിയും. പിന്നെ “സാറിന്നു വന്നില്ലേ?” എന്ന ചോദ്യവുമായി എൻ്റെ നേരെ തിരിയും.
നമ്മുടെ കുഗ്രാമത്തിലെ മിക്കവരും ചോറോ കഞ്ഞിയോ കപ്പയോ ചക്കയോ മാത്രം കഴിച്ചാണ് ജീവിച്ചതെന്ന് അച്ഛനറിയാമല്ലോ. സായിപ്പന്മാരുടെ ഭക്ഷണ രീതികളേക്കുറിച്ച് ഒട്ടൊരു അതിശയോക്തി കലർത്തി അച്ഛൻ വർണ്ണിക്കുമ്പോൾ എത്ര കൊതിയോടെയാണ് ഞാനും എൻ്റെ കൂട്ടുകാരും കേട്ടിരുന്നതെന്നോ. ഞങ്ങൾ കണ്ടിട്ടോ കേട്ടിട്ടിട്ടോ ഇല്ലാത്ത പല ആഹാര പദാർത്ഥങ്ങളുടെയും കാര്യം വിവരിക്കുമ്പോൾ “ആരുടെ വായിലൂടെയായിരുന്നു വലിയ കപ്പലോടിക്കാമായിരുന്നത് “എന്നു പറഞ്ഞ് ഞങ്ങൾ തമ്മിൽ കളിയാക്കാറുമുണ്ടായിരുന്നു.
ഞങ്ങളുടെ മറ്റ് അദ്ധ്യാപകരിൽ നിന്നും വ്യത്യസ്തനായി അച്ഛനെ ഞങ്ങൾ കണ്ടത് വേറൊരു കാര്യം കൊണ്ടു കൂടിയാണ്.
മറ്റുള്ളവരേപ്പോലെ എല്ലാ ദിവസവും വന്ന് തലേന്നു പഠിപ്പിച്ച പാഠങ്ങൾ ചോദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കടുത്ത വാക്കുകൾ മേമ്പൊടി ചേർത്ത ചൂരൽക്കഷായം തന്ന് ഞങ്ങളിൽ പലരേയും കണ്ണീരിലാഴ്ത്തുകയും ചെയ്യാൻ അച്ഛനൊരിക്കലും മുതിർന്നിരുന്നില്ല.
പക്ഷേ ,ആ പക്ഷേ ഞാനൊന്നെടുത്തു പറയട്ടെ. ഓരോ അദ്ധ്യായവും തീരുമ്പോൾ അന്നത്തെ ആ ക്വസ്റ്റ്യൻ ബാങ്കുമായി വന്ന് അച്ഛൻ തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിച്ചിരുന്നത് ഞങ്ങൾക്കൊരു പേടിസ്വപ്നം തന്നെയായിരുന്നു. ഒറ്റ ഉത്തരവും പറയാത്തവർ ക്ലാസു കഴിയുമ്പോൾ കൈവെള്ളയിൽ നോക്കി കണ്ണീരൊഴുക്കുന്നതും എന്നെ നോക്കി മുഖം കറുപ്പിക്കുന്നതും ഞാൻ അച്ഛനോടു പറഞ്ഞിട്ടേയില്ല.
അതുപോലെ പരീക്ഷയ്ക്കു കോപ്പിയടിക്കുന്നത് അച്ഛന് ഏറ്റവും ഇഷ്ടമില്ലാത്ത കാര്യമായിരുന്നല്ലോ. ഇന്ത്യയുടെ ഭൂപടം പേപ്പറിൽ വെച്ചടിച്ചു കൊണ്ടുവന്ന ഉഷയുടെ തുടയിൽ അച്ഛനടിച്ച അടിയുടെ പാടുകൾ ദിവസങ്ങൾക്കു ശേഷവും മാഞ്ഞില്ലെന്നവൾ പരാതി പറഞ്ഞത് ഞാനിപ്പോഴും മറന്നിട്ടില്ല.
അച്ഛനോടൊരു കള്ളം പറഞ്ഞത് ഞാനിപ്പോൾ പറയട്ടെ. ഒൻപതാം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ഉത്തരങ്ങളെല്ലാം എഴുതിക്കൊണ്ടുവരണമെന്ന് അച്ഛൻ പറഞ്ഞിരുന്നില്ലേ. പത്തു ദിവസം ചാടിത്തിമിർത്ത ശേഷം സ്ക്കൂൾ തുറന്നു ചെന്നപ്പോൾ ലീഡർ വത്സല പേപ്പർ വാങ്ങാൻ വന്നപ്പോഴാണ് ഒരു മിന്നൽ എൻ്റെ നെഞ്ചിലൂടെപ്പാഞ്ഞു പോയത്. എനിക്കെന്തൊരു മറവിയായിപ്പോയി. കളിച്ചു നടക്കുന്നതു കണ്ടപ്പോൾ അച്ഛനെന്നെ ഒന്നോർമ്മിപ്പിച്ചതു പോലുമില്ല.
അച്ഛൻ്റെ അടിയേക്കുറിച്ചുള്ള പേടിയോടൊപ്പം ഞാനച്ഛനു നാണക്കേടുണ്ടാക്കുകയാണോ എന്ന ചിന്തയും എന്നെ എത്രയേറെ വിഷമിപ്പിച്ചുവെന്നോ.
അവസാനത്തെ പീരിഡിൽ അച്ഛൻ ക്ലാസിൽ വരുന്നതിനു മുമ്പ്, ബുക്കിൽ നിന്നു പേപ്പറുകൾ കീറിയെടുത്ത് ഞാൻ എങ്ങനെയോ എഴുതിയൊപ്പിച്ചു. എൻ്റെ പ്രാർത്ഥന കൊണ്ടാവുമോ അന്ന് ടീച്ചേഴ്സ് മീറ്റിംഗ് വന്നതും ഒരു പിരീഡു നേരത്തെ വിട്ടതും?
“അവളെന്നെ പറ്റിച്ചതു താനറിഞ്ഞോ?” എന്ന് അമ്മയോടു ചോദിച്ച് അച്ഛനിപ്പോൾ ചിരിക്കുന്നുണ്ടാവും.
വൈകിട്ടു വീട്ടിൽ വന്ന് എല്ലാം നന്നായെഴുതി പിറ്റേന്നു രാവിലെ ലീഡറിനെ ഏല്പിച്ചപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണത്.
പരീക്ഷകൾ കഴിഞ്ഞാൽ എ -പാർട്ടിലെ ഉത്തരങ്ങൾ കറക്റ്റുചെയ്യുകയും മാർക്കുകൾ കൂട്ടിയെഴുതുകയും ചെയ്യുന്ന ജോലി അച്ഛനെന്നും എനിക്കല്ലേ തന്നിരുന്നത്.
മാർക്കുകൾ ആരോടും പറയരുതെന്ന കർശന നിർദ്ദേശവും തരുമായിരുന്നില്ലേ?
സ്ക്കൂൾ തുറന്നു ചെല്ലുമ്പോൾ മാർക്കു ചോദിച്ച് പുറകെ നടന്നിരുന്ന കൂട്ടുകാരോട് അറിയില്ലെന്നു പറയുമ്പോൾ മനസ്സിലെ ചിരി ചുണ്ടത്തു വിരിയാതിരിക്കാൻ ഞാനെത്ര കഷ്ടപ്പെട്ടിരിക്കുന്നു!
അച്ഛൻ കുറച്ചുകാലം കൂടി ഞങ്ങളോടൊപ്പമുണ്ടായിരുന്നെങ്കിൽ..
ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളും വന്നപ്പോൾ എത്ര സമചിത്തതയോടെയാണ് അച്ഛനതെല്ലാം കൈകാര്യം ചെയ്തത്. തൊട്ടാൽ വാടുന്ന മുഖവും മനസ്സുമുള്ള എനിക്ക് അവയെല്ലാം ഉത്തമപാഠങ്ങൾ തന്നെയായിരുന്നു.
ഗേറ്റു തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ അകത്തേക്കു നോക്കി “ദേ മോളു വന്നു” എന്നു പറയാൻ വരാന്തയിലെ കസേരയിൽ അച്ഛനില്ലെന്ന സത്യം എൻ്റെ മനസ്സിപ്പോഴും അംഗീകരിച്ചിട്ടില്ല.
ഈ അച്ഛൻ്റെ മകളായി ജനിക്കാൻ കഴിഞ്ഞതു ഏറ്റവും വലിയൊരു അനുഗ്രഹമായാണു ഞാൻ കരുതുന്നത്. ആയിരം സ്നേഹസൂര്യന്മാരുടെ പ്രഭയുമായി അച്ഛൻ എന്നുമെൻ്റെ മനസ്സിൻ്റെ വിളക്കായിത്തന്നെ നിലനിൽക്കും.
അച്ഛനും അമ്മയുമുൾപ്പെടെ മൺ മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ ഗുരുനാഥന്മാരുടെയും പാദാരവിന്ദങ്ങളിൽ ഒരു പിടി സ്നേഹപ്പൂക്കൾ സമർപ്പിച്ചു കൊണ്ട്
അച്ഛൻ്റെ പ്രിയമകൾ


10 Comments
ഹൃദയസ്പർശിയായ വിവരണം.അച്ഛനേക്കുറിച്ച് പറയുമ്പോൾ ആ സ്നേഹം ഓരോ വരികളിലും തുളുമ്പി നിൽക്കുന്നുണ്ട്.ആ സ്നേഹനിധിയായ ഒപ്പം കർശക്കാരനായ ഒരു അധ്യാപകനുമായ അദ്ദേഹം ഇന്ന് ഇല്ല എന്ന് പറയുമ്പോൾ എഴുത്തുകാരിയോടൊപ്പം നമ്മുടെ മനസ്സും വേദനിക്കുന്നു.
വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി സ്നേഹം മാഷേ❤️❤️❤️
sweet memories
❤️❤️❤️
അച്ഛനോടുള്ള സ്നേഹം ഓരോ വരികളിലും കാണാം.
ഞാനും എന്നും ദൈവത്തോട് നന്ദി പറയാറുണ്ട്.. നല്ലൊരു അച്ഛനെയും അമ്മയെയും എനിക്ക് നൽകിയതിന്.
അതേ നന്ദ❤️❤️❤️
ആ ഒഴിഞ്ഞ കസേര കണ്ണുനനയിച്ചു….. പോകാതെ വയ്യല്ലോ…എന്നാലും പലപ്പോഴും പോകാതിരുന്നെങ്കിൽ എന്ന് മനസ്സ് കരയും…. ഹൃദയം തൊടുന്ന എഴുത്ത്🌹👍
സ്നേഹം മിനീ❤️❤️❤️
അച്ഛൻ ! ഓർമ്മകൾ! കണ്ണുനനയിച്ചു..അച്ഛനുമമ്മയും ചിരിക്കുന്നുണ്ടാവും അല്ലേ സുമേ.?
❤️❤️❤️