ഗ്രാമത്തിന്റെ നിശബ്ദതയെ തകർത്ത് മഴത്തുള്ളികൾ താളം കൊട്ടി പെയ്തു. ലക്ഷ്മി അമ്മ മുറിയിലെ ജനലിൽ കൂടി പുറത്തേക്ക് നോക്കി നിന്നു.
മഞ്ഞുമൂടിയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ടതും വർണ്ണാഭമായ പൂക്കൾകൊണ്ട് പരവതാനി വിരിച്ചതുമായ ആ താഴ്വരയിലേയ്ക്ക് കണ്ണുകൾ പായിച്ച് അവർ ഏറെ നേരം നിന്നു.
അവർ ഏറെ ക്ഷീണിക്കുകയും തളരുകയും ചെയ്തിരിക്കുന്നു. രാത്രി കിടന്നിട്ട് അവർക്ക് ഉറക്കം വരുന്നില്ല. അവർ തിരിഞ്ഞും മറഞ്ഞും കിടന്നു.
ആ നിശബ്ദ യാമങ്ങളിൽ അവരുടെ മനസ്സിലൂടെ ഒരായിരം ചിന്തകൾ മിന്നിമറഞ്ഞു. ആലോചിക്കുന്തോറും ആ മനസ്സിൽ വേലിയേറ്റമുണ്ടായി. കണ്ണുകൾ അവരറിയാതെ തന്നെ പൊട്ടിയൊഴുകി.
മകൻ അഹാന് മൂന്നു വയസ്സുള്ളപ്പോഴാണ് അവന്റെ അച്ഛൻ മരിച്ചത്. ക്യാൻസർ എന്ന മഹാരോഗത്തിന് അടിമപ്പെട്ട രാജേട്ടനെ അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. റേഡിയേഷനും മരുന്നുമായി നല്ലൊരു തുക വേണ്ടി വന്നു. ബാങ്ക് ബാലൻസ് ആശുപത്രി ചിലവിലേയ്ക്ക് ഒഴുകി കൊണ്ടിരുന്നു.
അഹാനെ ലക്ഷ്‌മിയമ്മയുടെ വീട്ടിൽ ആക്കിയിട്ടാണ് അവർ ഭർത്താവിനോടൊപ്പം ഹോസ്പിറ്റലിൽ നിന്നത്. ഏകദേശം രണ്ടു മാസത്തോളം ആശുപത്രിയിൽ കഴിച്ചുകൂട്ടി. ഒരു സുപ്രഭാതം അയാൾ എല്ലാവരേയും വിട്ട് വേറൊരു ലോകത്തേക്ക് പോയി. ആ നിശബ്ദ നിമിഷങ്ങളിൽ എന്തു ചെയ്യണമെന്നറിയാതെ അവർ വിങ്ങിപ്പൊട്ടി.
പ്രഭാതം പൊട്ടിവിടരാൻ ഒരുങ്ങി നിൽക്കുന്ന സമയം.. നീണ്ട ഹോസ്പിറ്റൽ വാസത്തിനു ശേഷം പ്രിയപ്പെട്ടവന്റെ ഓർമ്മ കളിൽ മുഴുകി അവർ ലക്ഷ്മി വില്ലയിലേക്ക് മടങ്ങി.
അപ്പോഴേക്കും കയ്യിലുള്ള സമ്പാദ്യമെല്ലാം തീർന്നിരുന്നു. ആദ്യമെല്ലാം ലക്ഷ്‌മി അമ്മയുടെ വീട്ടുകാർ അല്പസ്വല്പം സഹായിച്ചിരുന്നു.
പിന്നീട് അത് കുറഞ്ഞു കുറഞ്ഞു വന്ന് പൂർണ്ണമായും നിലച്ചു. മകനെ വളർത്താനും ജീവിത ചിലവിനും യാതൊരു വഴിയും ഇല്ല.
ഒന്നുരണ്ടു പ്രാവശ്യം മകനേയും എടുത്ത് ജീവനൊടുക്കാൻ തീരുമാനിച്ചു. അതിനായി പുറപ്പെട്ടപ്പോഴൊക്കെ അവന്റെ നിഷ്കളങ്കമായ പുഞ്ചിരിയും ഓമനത്തമുള്ള മുഖവും അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
സുന്ദരിയായ ലക്ഷ്‌മിക്ക് ഒരു ജീവിതം കൊടുക്കാൻ തയ്യാറായി പലരും മുന്നോട്ടു വന്നു. തന്റെ ഭർത്താവിനെ മറന്നൊരു ജീവിതം തനിക്ക് വേണ്ടെന്നവർ തീർത്തു പറഞ്ഞു.
പിന്നീടവർ മകന് വേണ്ടി മാത്രം ജീവിച്ചു.
അവർ വീടുകളിൽ പോയി മുറ്റമടിച്ചും വിഴുപ്പലക്കിയും പാത്രം കഴുകിയും കിട്ടുന്ന വരുമാനം കൊണ്ടവർ ജീവിച്ചു.
ഇതിന്നിടയിൽ മകനെ സ്കൂളിൽ ചേർത്തി. പല വീടുകളിലും പാർട്ട് ടൈം ജോലി ചെയ്തവർ കഠിനമായി അദ്ധ്വാനിച്ചു.
ചിലവ് കഴിഞ്ഞു മിച്ചം കിട്ടുന്ന പണം അവർ മകന്റെ വിദ്യാഭ്യാസ ചിലവിനായി ബാങ്കിൽ നിക്ഷേപിച്ചു.
അഹാൻ പഠിക്കാൻ മിടുക്കനായിരുന്നു. സാധാരണയിലും കവിഞ്ഞ ബുദ്ധിയായി
ആയിരുന്നു അവന്. നാലാം ക്ലാസ്സ് മുതൽ അവന് സ്കോളർഷിപ്പുകളും പാരിതോഷികങ്ങളും കിട്ടി തുടങ്ങി.
വേദനയിലും കഷ്ടപ്പാടുകൾക്കും ഇടയിൽ മകന്റെ വളർച്ചയിൽ ആ അമ്മ അഭിമാനം കൊണ്ടു.
വെയിലും മഴയും തളർച്ചയും ക്ഷീണവും വകവെയ്ക്കാതെ അവർ അദ്ധ്വാനിച്ചു. വീട്ടിലെത്തിയാൽ രാത്രി ഉറക്കമൊഴിച്ചും
ബുദ്ധിമുട്ടിയും അവർ മെഴുകുതിരി നിർമ്മിച്ചും, പപ്പടം ഉണ്ടാക്കി വിറ്റും വരുമാനം കണ്ടെത്തി.
ഭർത്താവിന്റെ ആഗ്രഹം നിറവേറ്റുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന്
അവർ തീരുമാനിച്ചു. മകനെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കണമെന്ന ലക്ഷ്യം മാത്രമേ അവർക്ക് മുന്നിലുള്ളൂ.
കാലം അതിവേഗം ഓടി കൊണ്ടിരുന്നു. അഹാനും വളർന്നു കൊണ്ടിരുന്നു. ആ അമ്മയുടേയും മരിച്ചു പോയ അച്ഛന്റേയും ആഗ്രഹ പൂർത്തീകരണം എന്ന നിലയിൽ അവന്
മെറിറ്റിൽ എം ബി ബി എസ്. ന് സീറ്റ് ലഭിച്ചു.
തണുപ്പുള്ള ആ രാത്രിയിൽ നീലമേഘങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന നക്ഷത്രങ്ങളെ നോക്കി ആ അമ്മയും മകനും തങ്ങളുടെ സന്തോഷം പങ്കിട്ടു. ആ സമയം ആകാശത്ത് ഒറ്റപ്പെട്ട ഒരു നക്ഷത്രം തെളിഞ്ഞു ജ്വലിച്ചു നിന്നിരുന്നു.
അത് തന്റെ അച്ഛൻ തിളങ്ങുന്ന ഒരു നക്ഷത്രമായി ആകാശത്ത് ഉദിച്ചു തന്നെ അനുഗ്രഹിക്കയാണെന്ന് അഹാനു തോന്നി.
വർഷങ്ങൾ അതിവേഗം ഓടികൊണ്ടിരുന്നു. അഹാന്റെ എം ബി ബി എസ് കഴിഞ്ഞ് അവൻ എം. ഡി.ക്ക് ചേർന്നു. അവിടേയും അവൻ ഉന്നത മാർക്ക് വാങ്ങി വിജയിച്ചു.
അവന് വീടിന്നടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ തന്നെ നിയമനം ലഭിച്ചു.
അഹാൻ തന്റെ നിശബ്ദ യാമങ്ങളിൽ തന്റെ അമ്മയെ കുറിച്ചോർത്ത് അഭിമാനിക്കാറുണ്ട്. അവന്റെ എല്ലാ ഉയർച്ചക്കും കാരണഭൂതയായ തന്റെ പ്രിയപ്പെട്ട അമ്മ.
നാലഞ്ചു വർഷം ആ അമ്മയും മകനും എല്ലാ സൗഭാഗ്യങ്ങളോടും കൂടി ജീവിച്ചു.
അഹാന് വിവാഹ പ്രായമായി. ആ അമ്മ ഇടക്കിടെ അത് മകനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
അങ്ങിനെ അമ്മയുടെ ഇഷ്ട പ്രകാരം അവൻ വിവാഹത്തിന് സമ്മതം മൂളി. പിറ്റേന്ന് തന്നെ ആ അമ്മ ബ്രോക്കർ രാമൻ നായരോട് വിവരം പറഞ്ഞു. അയാൾ കൊണ്ടുവന്ന ആലോചന ഇരുകൂട്ടർക്കും ഇഷ്ടപ്പെടുകയും അങ്ങിനെ ആ വിവാഹം നടക്കുകയും ചെയ്തു.
സുന്ദരമായ നീലാകാശ ത്തിനു ചുവട്ടിൽ ശാന്തമായി ഒഴുകുന്ന പുഴയും പ്രകാശ വർണ്ണങ്ങളിൽ ഒളിച്ചുനിൽക്കുന്ന സന്ധ്യയുടെ ദൃശ്യങ്ങളും
ലക്ഷ്മിയമ്മയുടെ മനസ്സിനെ ഏറെ സന്തോഷിപ്പിച്ചു.
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി. ലക്ഷ്മിയമ്മയുടെ ജീവിതത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി. അഹാന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി. ഭാര്യ ആർദ്രയുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു ഭർത്താവായി മാറിക്കൊണ്ടിരിക്കുകയായിരുന്നു അഹാൻ.
ആർദ്ര ഒരു പ്രത്യേക സ്വഭാവക്കാരി ആയിരുന്നു. അവൾ ലക്ഷ്മിയമ്മയോട് സംസാരിക്കുന്നതു പോലും ദുർലഭമാണ്.
വലിയ പൊങ്ങച്ചക്കാരിയും അഹങ്കാരിയുമാണ്.
ഇല്ലാത്ത കുറ്റങ്ങൾ അവൾ ലക്ഷ്മി അമ്മയിൽ ചാർത്തി അഹാന്റെ മനസ്സിൽ വിഷം കുത്തി വെച്ചു.
അഹാൻ വളരെയേറെ മാറിപ്പോയി. തനിക്ക് വേണ്ടി കഷ്ടപ്പെട്ട് മകനെ ഉയർന്ന നിലയിലാക്കിയ അമ്മയെ അവൻ മറന്നു. അമ്മയെ കാണുന്നത് പോലും അവന് വെറുപ്പായി. നേരിൽ ഒന്ന് സംസാരിക്കയോ ഒന്നുമില്ല.
രാത്രിയുടെ നിശബ്ദ യാമങ്ങളിൽ ഭർത്താവിന്റെ ഫോട്ടോക്ക് മുൻപിൽ ആ പാവം പൊട്ടിക്കരയും. ഉറക്കം വരാത്ത രാത്രികളിൽ തന്റെ വിധിയേയും ഓർത്ത് അവർ തേങ്ങി കരയും.
വീട്ടിൽ ഒരു പണിക്കാരിയെ പോലും നിറുത്താതെ ആ വീട്ടിലെ പണി മുഴുവൻ അവൾ ആ അമ്മയെ കൊണ്ട് ചെയ്യിപ്പിച്ചു. പരിഭവമോ പരാതിയോ പറയാതെ അവർ അതെല്ലാം ഏറ്റെടുത്ത് ചെയ്തു.
വയർ നിറയെ ആഹാരം കൊടുക്കാതേയും പീഡനങ്ങൾ കൊണ്ടും അവൾ അവരെ പൊറുതി മുട്ടിച്ചു.
എല്ലാം കണ്ടിട്ടും കേട്ടിട്ടും അഹാൻ കണ്ട ഭാവം നടിച്ചില്ല. അവൾക്കെതിരായി ഒരു വാക്കുപോലും അവനിൽ നിന്നു വന്നില്ല.
അവരുടെ സ്വൈര ജീവിതത്തിനു അമ്മ ഒരു തടസ്ഥമായി തോന്നി തുടങ്ങി. ആർദ്ര അഹാനോട് നിരന്തരം അവരെ വൃദ്ധ സദനത്തിൽ കൊണ്ടുപോയി ആക്കാൻ പറഞ്ഞു ശല്യപ്പെടുത്തി കൊണ്ടിരുന്നു.
ഒടുവിൽ തനിക്ക് ജന്മം തന്ന് തന്നെ വളർത്തി ഈ നിലയിലാക്കിയ അമ്മയെ അവൻ മറന്ന് അവരെ വൃദ്ധ സദനത്തിൽ കൊണ്ടു ചെന്നാക്കി. വീടു വിട്ടിറങ്ങുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഒരു ഇളം കാറ്റ് വന്ന് അവരെ തഴുകി തലോടി പോയി. അത് തന്റെ ഭർത്താവിന്റെ തൂവൽസ്പർശ്ശമാണ്
എന്നിവർക്ക് തോന്നി.
പത്തു വർഷമായി ലക്ഷ്മി അമ്മ വൃദ്ധ സദനത്തിൽ എത്തിയിട്ട്. ഒരു പ്രാവശ്യം പോലും അഹാൻ അവരെ ഒന്ന് കാണാനോ അന്വേഷിക്കാനോ മനസ്സ് കാണിച്ചില്ല. ഏങ്ങി ഏങ്ങി കരയുന്ന അവരെ ഒന്നാശ്വസിപ്പിക്കാൻ അവിടെയുള്ളവർക്ക് വാക്കുകൾ ഇല്ലായിരുന്നു.
ശ്യാമള ഹരിദാസ്.


6 Comments
പലയിടത്തും നടക്കുന്ന ഒരു സത്യം
Thank you so much
പല അമ്മമാരുടെയും അവസ്ഥ …… നന്നായെഴുതി🌹👍
എന്തൊരു കഷ്ടമാണല്ലേ.. ഓരോ അവസ്ഥകൾ
Thank you so much
നന്ദിയില്ലാത്ത മകന് മാത്രമെ അമ്മയെ മറക്കുവാൻ സാധിക്കൂ.