1947ൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ പരിസരങ്ങളെ ചോരച്ചുവപ്പണിയിച്ചത് ഇന്ത്യൻ മണ്ണിനു കുറുകെ സിറിൽ റാഡ്ക്ലിഫ് എന്ന ഇംഗ്ലീഷ് ലോയർ വരച്ച ഒരു വരയാണ്. ഇന്ത്യയെയോ ഇന്ത്യൻ ജനതയെ അടുത്തറിയാതെ ധൃതിയിൽ വരച്ച ഒരു വര.. ന്യൂഡൽഹിയിൽ മൂവർണക്കൊടിയോടൊപ്പം ആരവങ്ങൾ ഉയർന്നപ്പോൾ ലാഹോറിലും നവഖലിയിലും നിലവിളികളുടെ അകമ്പടിയോടെ മത്താപ്പൂകത്തുംപോലെ ചോരപ്പൂക്കൾ വിടരുകയായിരുന്നു! ഇതാണ് സ്വാതന്ത്ര്യമെങ്കിൽ തന്റെ ജീവിതം തന്നെ ഒരു ബീഭൽസമായ തെറ്റായിരുന്നുവെന്ന് അർദ്ധനഗ്നനായ ഫക്കീർ തപിച്ചുകാണണം. തന്റെ ഹൃദയത്തിനു കുറുകയാണ് റാഡ്ക്ലിഫ് വരച്ചത് എന്ന് മരിക്കുവോളം മനസ്തപിച്ചിട്ടുണ്ടാവണം!
1948ൽ കേവലം ഒരു വർഷം പിന്നിടുമ്പോഴേക്കും ലോകഭൂപടത്തിൽ അത്തരത്തിൽ മറ്റൊരു വര കൂടി വീണിരുന്നു. ഇന്ത്യ -പാക്ക് ഭൂമികളിൽ വിഭജനകാലത്തുറവപൊട്ടിയ ചോരപ്പുഴകൾ മെല്ലെ മെല്ലെ വറ്റിത്തുടങ്ങിയെങ്കിലും, പച്ച മഷിയിൽ വരച്ച രണ്ടാമത്തെ വരയെ അന്നത്തെ അതേ തീവ്രതയിൽ ചുവപ്പണിയിച്ചു കൊണ്ടിരിക്കുകയാണ് കാലമിന്നും. അതെ, പാലസ്തീനെയും ഇസ്രായേലിനെയും വേർതിരിച്ച ഗ്രീൻ ലൈൻ ഇന്നും മിസൈലുകൾ തട്ടിയെറിഞ്ഞു കളിക്കുവാനുള്ള ഡിവൈഡർ നെറ്റായി വർത്തിച്ചുകൊണ്ടിരിക്കുന്നു!
എന്തിന്?
ഇന്നത്തെ ഇസ്രയേലും പാലസ്തീനും അടങ്ങുന്ന ദേശത്തിന് പലസ്തീൻ എന്ന പേര് ലഭിക്കുന്നത് എഡി രണ്ടാം നൂറ്റാണ്ടിലാണ്. അതിനുമുൻപ് അതറിയപ്പെട്ടിരുന്നത് കാനാൻ എന്നോ യൂദയ എന്നോ ഒക്കെയായിരുന്നു. യഹൂദരുടെ ദേശം ആയിരുന്ന യൂദയായ്ക്ക് അധിനിവേശങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും അന്തമറ്റ കഥകളാണ് പറയാനുള്ളത്. ക്രിസ്തുവിനുമുൻപുള്ള ശതകങ്ങളിൽ അസീറിയയുടെയും ബാബിലോണിന്റെയും അധിനിവേശങ്ങൾ യഹൂദരെ വർഷങ്ങളോളം അടിമകളും പ്രവാസികളും ആക്കുന്നുണ്ട്. ജെറുസലേം പള്ളിയും അവർ നശിപ്പിച്ചു.ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുമുള്ള പലായനം അന്നുമുതൽ യഹൂദരുടെ ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങി. ക്രിസ്തുവിനു ശേഷം എ ഡി 70ൽ റോമാക്കാർ ഇസ്രയേലുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരുടെ ജീവിതത്തിന്റെ കേന്ദ്രമായ ജെറുസലേം പള്ളി പൂർണ്ണമായിനശിപ്പിക്കുകയും ചെയ്തു. ആ സംഘർഷം കുറച്ചു വർഷങ്ങൾക്കുള്ളിൽ കെട്ടടങ്ങിയെങ്കിലും അവർ തമ്മിലുള്ള ശത്രുത കാലം ചെല്ലുംതോറും വർദ്ധിച്ചുവരികയല്ലാതെ ശമിച്ചതേയില്ല. യഹൂദരുടെ ഏകദൈവ വിശ്വാസവും റോമക്കാരുടെ പേഗൻ ദൈവങ്ങളിലുള്ള വിശ്വാസവും തമ്മിലുള്ള സംഘർഷമായിരുന്നു ഈ ശത്രുതയ്ക്ക് നിദാനം. ഒടുവിൽ കലിപൂണ്ട റോമക്കാർ AD 135ൽ ഇസ്രായേൽക്കാരെ പരിപൂർണ്ണമായി തകർത്ത് യൂദയാ പിടിച്ചെടുത്തു. അവരോടുള്ള കടുത്ത വിരോധത്തിന്റെ പ്രതീകമായി യഹൂദരുടെ ബദ്ധ ശത്രുക്കളായിരുന്ന ഫിലിസ്ത്യരെ ഓർമിപ്പിക്കുവാനെന്നോണം ആ നാടിനെ പലസ്തീൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. അങ്ങനെയാണ് പലസ്തീൻ നിലവിൽ വരുന്നത്.
യഹൂദ ചരിത്രത്തിലെ ഏറ്റവും വലിയ അടിച്ചമർത്തലും ചിതറിക്കലുമാണ് അന്ന് അവിടെ അരങ്ങേറിയത്. ലോകത്തിന്റെ വിദൂര കോണുകളിലേക്കുവരെ അവർ പലായനം ചെയ്തു . ജൂവിഷ് ഡയസ്പോറ എന്നറിയപ്പെടുന്ന യഹൂദ സമൂഹങ്ങൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും തന്നെ രൂപപ്പെട്ടത് ഈ പലായനങ്ങളിലൂടെയാണ്. നമ്മുടെ കൊച്ചു കേരളത്തിലും അവരുണ്ടായിരുന്നല്ലോ- മട്ടാഞ്ചേരിയിൽ. അന്നു തുടങ്ങിയ പ്രവാസമാണ് 1948ലെ യുഎന്നിന്റെ ‘ദ്വിരാഷ്ട്രപരിഹാര’ത്തിലൂടെ രൂപീകൃതമായ ആധുനിക ഇസ്രയേൽ രാഷ്ട്രം പര്യവസാനത്തിൽ എത്തിച്ചത്.
തങ്ങളുടെ പ്രവാസകാലത്ത് പ്രധാനമായും യൂറോപ്പിൽ നിന്നും മറ്റും കടുത്ത യാതനകളാണ് യഹൂദർ ഏറ്റുവാങ്ങിയത്. ക്രിസ്തുവിനെ കുരിശിലേറ്റിയത് യൂദന്മാരാണ് എന്ന ആരോപണം മൂലമായിരുന്നു ഇത്. ഈ ജൂതവിരുദ്ധ വികാരം അഥവാ ആന്റി സെമിറ്റിസം അതിന്റെ ഏറ്റവും ഭീകരമായ രൂപത്തിൽ പ്രവർത്തിപഥത്തിലെത്തിയത് ഹിറ്റ്ലറുടെ ഹോളോകോസ്റ്റിലൂടെയാണ്. ഏകദേശം ആറ് ദശലക്ഷം ജൂതന്മാരാണ് ഹോളോകോസ്റ്റിലൂടെ മാത്രം നിഷ്ഠൂരമായി വധിക്കപ്പെട്ടത്.
യഹൂദർ നിഷ്കാസിതരാക്കപ്പെട്ട എ ഡി 135 നു ശേഷം പാലസ്തീന് എന്തു സംഭവിച്ചു ?
റോമൻ ഭരണത്തിലായിരുന്ന പാലസ്തീൻ പല വംശങ്ങളാലും ഗോത്രങ്ങളാലും ആക്രമിക്കപ്പെടുകയും അധികാരങ്ങൾ മാറിമാറി വരികയും ചെയ്തു. എഡി 620 മുതലുള്ള വർഷങ്ങളിലാണ് പ്രവാചകനായ മുഹമ്മദ് നബി സൗദിയിലെ മക്കയിലും മദീനയിലുമായി ഇസ്ലാം മതം സ്ഥാപിക്കുന്നതും അനുയായികളെ കൂട്ടുന്നതും. എഡി 633ൽ തനിക്കു ലഭിച്ച വെളിപാട് അനുസരിച്ച് അദ്ദേഹം പലസ്തീനിലേക്ക് രാത്രിയിൽ യാത്ര ചെയ്യുകയും അവിടുത്തെ മസ്ജിദ് അൽ അഖ്സയിൽ നിന്ന് സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെ പ്രവാചകന്റെ ജന്മദേശം ആയ സൗദിയോടൊപ്പം, പലസ്തീനും ഇസ്ലാം മതത്തിലെ മർമ്മപ്രധാനമായ സ്ഥലമായിത്തീർന്നു. മക്കയും മദീനയും കഴിഞ്ഞാൽ മുസ്ലിം വിശ്വാസികളുടെ മൂന്നാമത്തെ പ്രധാന പള്ളിയാണ് ജെറുസലേമിലെ അൽ അഖ്സ. പ്രവാചകന്റെ മരണശേഷം പലസ്തീൻ മുസ്ലിം ആധിപത്യത്തിൽ ആവുകയും ചെയ്തു.
ചുരുക്കത്തിൽ, യഹൂദരുടെ, രണ്ടുതവണ നശിപ്പിക്കപ്പെട്ട ജെറുസലേം ദേവാലയവും ഇസ്ലാം വിശ്വാസികളുടെ പുണ്യദേവാലയമായ അൽ അഖ്സയും ജെറുസലേമിലാണ് സ്ഥിതി ചെയ്യുന്നത്.
ഏക ദൈവവിശ്വാസമാണ് യഹൂദ മതത്തിന്റെയും മുസ്ലിം മതത്തിന്റെയും മുഖമുദ്ര. യഥാക്രമം യഹോവയിലും അല്ലാഹുവിലും വിശ്വസിക്കുന്ന ഇരു കൂട്ടരും ഒരേ പാരമ്പര്യം ആണ് പേറുന്നത്. അബ്രഹാം (ഇബ്രാഹിം), യാക്കോബ് (യാക്കൂബ്), മോസസ് (മൂസ) തുടങ്ങിയ പ്രവാചകന്മാരിലൂടെയാണ് അവരുടെ ചരിത്രങ്ങൾ പുരോഗമിക്കുന്നത്. അതായത് ഇരുകൂട്ടരും ജേഷ്ഠാനിയൻ മക്കളെപ്പോലെയാണ്. നിർഭാഗ്യവശാൽ നിർദാക്ഷിണ്യമായ പരസ്പര പോരാട്ടത്തിലൂടെയാണ് ഈ ബന്ധത്തെ ലോകം ഇന്ന് അടയാളപ്പെടുത്തുന്നത്. ദുഃഖത്തിന്റെ നിഴൽ വീണ ജെറൂസലേമിന്റെ ഭൂമികയിൽ അവർ അന്യോന്യം ചോരയിറ്റിക്കളിക്കുന്നു.
ആ നിഴലിനു താഴെ ആകാശം നഷ്ടപ്പെട്ട കുരുന്നുകൾ പ്രശാന്തിയുടെ പ്രാവിൻ തൂവലുകളെ സ്വപ്നം കണ്ടു മയങ്ങുന്നു. ആ സുന്ദരസ്വപ്നത്തിലേക്ക് അവരെ കൈപിടിച്ചു നടത്തുവാൻ ‘സർവ്വജ്ഞാനികൾ’ എന്നഹങ്കരിക്കുന്ന മുതിർന്നവർക്ക് എന്നെങ്കിലും സാധിക്കുമോ??
#എന്റെരചന
#നിഴൽ
<!– wp:paragraph –>
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.
<!– /wp:paragraph –>


5 Comments
മനുഷ്യൻ മനുഷ്യനോട് പക കാണിക്കുന്നത് ഒന്നവസാനിച്ചുവെങ്കിൽ……. നന്നായെഴുതി👍❤️
ചരിത്രം, ചോരക്കളമാക്കിയ ദേശമാണ് ഇസ്രയേൽ – പാലസ്തീൻ. ഓരോ ഭരണാധികാരികൾ, കാലഘട്ടം, മതവിശ്വാസം ഇതെല്ലാം സ്വാധീനിച്ചിരുന്ന അധിനിവേശങ്ങൾ. അതിൽ ജൂതരുടെയും മുസ്ലീമുകളുടെയും കണ്ണീർ വീണു. ഇന്ന് പ്രബലരായ ഇസ്രായേൽ, ഗസയിൽ നടത്തുന്ന അതിക്രമങ്ങളിൽ ദുരിതമനുഭവിക്കുന്ന ഒരു ജനതയുണ്ട്. ആർക്കും ദുഃഖങ്ങൾ നൽകാതെ പ്രശ്നം പരിഹരിക്കപ്പെടട്ടെ !🙏
വളരെ നല്ല blog. ഞാൻ archive ചെയ്യണം എന്നാഗ്രഹിക്കുന്ന എഴുത്ത്. സമാന വിഷയങ്ങളിൽ മുട്ടിത്തിരിയാതെ വളരെ കാലികപ്രസക്തിയുള്ള വിഷയം ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ compile ചെയ്ത് എഴുതിയതിന് നന്ദി, അഭിനന്ദനങ്ങൾ!👍👌
സിൽവി മൈക്കിൾ എഴുത്ത് നന്നായിരുന്നു അഭിനന്ദനങ്ങൾ👌👍❤️💯🙏🙏🙏
എന്താ പറയുക? കുഞ്ഞുങ്ങൾ -എവിടെയാണെങ്കിലും – അവരാണ് ഏറ്റവും ദുരിതത്തിനിരകളാകുന്നത്.
അവരുടെ കണ്ണുകളിലെ കെട്ടുപോയ സ്വപ്നങ്ങളുടെ തിരി ആരു തെളിയ്ക്കും ?
ചിന്തിപ്പിക്കുന്ന എഴുത്ത്
സിൽവീ❤️👌🌹
നല്ല വിഷയം… ❤️