വീട്ടിലേക്കുള്ള വഴി മദ്ധ്യേ കോട്ട എത്തിയപ്പോൾ ഹനുമാൻ സ്വാമിയേ ഒന്ന് കണ്ട് കളയാം എന്ന് വെച്ചു, ബസ്സിറങ്ങി. ഒരു വർഷത്തിലേറെയായി ഇങ്ങോട്ട് ഒന്ന് നോക്കീട്ട്. എന്തെന്നാൽ എനിക്ക് തോന്നുമ്പോഴേ ഇവരെയൊക്കെ കാണാനിറങ്ങൂ അതന്നെ ശേഷം, ഒരു വ്യായാമം എന്ന നിലക്ക് കോട്ടക്ക് ചുറ്റും നടക്കുകയും ചെയ്യും.
നല്ല തിരക്കുണ്ട്… നല്ല അലങ്കാരം കണ്ണടച്ച് മനസ്സിലിരുത്തി ഏവർക്കും നല്ലത് വരുത്തണെ എന്ന പതിവ് പല്ലവി ആഞ്ജനേയനോടും പറഞ്ഞൊന്ന് പ്രദക്ഷിണം ചെയ്ത് അവിടെ നിന്ന് ലഭിച്ച പ്രസാദവും കഴിച്ചിറങ്ങി കോട്ടയെ ചുറ്റി നടക്കാൻ തുടങ്ങി. ഒരു റൗണ്ട് കഴിഞ്ഞു രണ്ട് റൗണ്ട് കൂടി ആവാം എന്ന് തോന്നി.
പെട്ടെന്ന് പുറകിൽ നിന്ന് “ഡേയ്….”
ബാങ്കിൽ ജോലി ചെയ്തപ്പോൾ പരിചയപ്പെട്ട ഒരു മുഖം കുറെ നാളായി കോണ്ടാക്ടിൽ ഇല്ല. എന്റെ ഈ കോലത്തെ പുള്ളി മനസ്സിലാക്കിയതിൽ ഞാൻ അത്ഭുതപ്പെട്ടു.
സു: കുറേ നാളായല്ലോ താൻ ഇപ്പോ എവിടെയാ? നല്ല മാറ്റം തനിക്ക്. വർഷം കുറേ ആയില്ലേ നമ്മൾ കണ്ടിട്ട്. അമ്പലത്തിൽ കണ്ടു, പക്ഷെ ആ തിരക്കിനിടയിൽ ഞാൻ വിളിച്ചില്ല. താൻ പോയിക്കാണും എന്ന് വിചാരിച്ചു. എന്റെ ഈ പതിവ് നടത്തം ഉള്ളതുകൊണ്ട് തന്നെ കണ്ടുകിട്ടി.
അല്ലാ, ഞാൻ വളവളാന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നു.
പറയൂ, എന്താ താങ്കളുടെ വാർത്തകൾ ഉഷാറല്ലേ?
ഞാ: പ്രശ്നങ്ങൾ ഉണ്ട് എന്നാലും ഓക്കേ ആണ്. വീട്ടിൽ എല്ലാരും സുഖമായിരിക്കുന്നോ?
സു: എല്ലാരും സുഖമായിരിക്കുന്നു. വാ നമുക്ക് അവിടെ ഇരിക്കാം.
നടത്തം പൂർത്തിയാക്കി ഞങ്ങൾ ആ പുൽത്തകിടിയിൽ ഇരുന്നു.
പുള്ളി ഒരു കുടുംബസ്ഥനാണ് കൂടാതെ ആത്മീയകാര്യങ്ങളിലൊക്കെ അറിവുണ്ടെന്ന് എനിക്കറിയാം. നല്ല സംസാരപ്രിയനും. എന്തായാലും വേറെ തിരക്കില്ലാത്തതിനാൽ എന്റെ ചെവി പുള്ളിക്ക് കൊടുത്തു.
ആത്മീയതയിലേക്കാണ് പോക്ക് എന്നെനിക്കറിയാം. സഹിക്കാൻ തീരുമാനിച്ചു.
സു: തന്റെ ഈ തോന്നിയപോലെ ഭഗവാന്മാരെ കാണുന്നതൊക്കെ നിർത്തി എല്ലാ ദിവസവും പോകുന്ന ഒരു ശീലമുണ്ടാക്കുക. പ്രാർത്ഥിക്കുക ജപിക്കുക… അതുവഴി നമ്മുടെ അബോധ മനസ്സിനെ നിയന്ത്രിച്ചാൽ എല്ലാം ശരിയാവും. പ്രശ്നങ്ങളെയൊക്കെ നേരിടാനുള്ള ഒരു ഊർജ്ജം കൈവരും. കഴിഞ്ഞ ദിവസം ഞാൻ ഒരു ആത്മീയ ക്ലാസ്സിൽ പങ്കെടുത്തു. കുണ്ഡലിനീ ശക്തി വഴി ഉപബോധ മനസ്സിന്റെ നിയന്ത്രണം. ശരിക്കും ഉപകാരപ്രദം. പ്രാണായാമം വഴിയും കുണ്ഡലിനീ ഉണർത്താം. വേണ്ടാത്ത കാമനകളും എല്ലാം പോയി നമ്മുടെ മനസ്സ് നിർമ്മലമാകും. അടുത്ത ദിവസം ഞാൻ വിളിക്കാം, ക്ലാസിൽ ഒന്ന് പങ്കെടുക്കൂ. പെട്ടെന്ന് അദ്ദേഹത്തിന് ഒരു ഫോൺ വന്നു, അഞ്ച് മിനിറ്റ് മാറി നിന്ന് സംസാരിച്ചു തിരിച്ചുവന്നു.
ഞാൻ കോയമ്പത്തൂർ പി ജി ക്ക് പഠിക്കുമ്പോൾ മുതൽ ഉള്ള എന്റെ ഒരു സുഹൃത്തായിരുന്നു. ഇവിടെ ഒരു ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്നു. ഇടയ്ക്കു വിളിക്കും… നാളെ കാണാൻ പറ്റുമോ എന്ന് ചോദിച്ചു വിളിച്ചതാ. ഒഴുക്കിൽ പറഞ്ഞു എന്നേയുള്ളൂ. കാര്യമാക്കണ്ട. തന്നിൽ ഇരുന്നാൽ മതി.
ഞാ: ഉം, നിങ്ങളെ എനിക്കറിയാം. അറിവ് കൂടുതലായതിന്റെയാ. ഉപദേശത്തിന് ഒരു കുറവും ഇല്ലാ… എന്നാ കയ്യിലിരുപ്പോ, കുണ്ഡലിനീ ശക്തിയുടെ പ്രഭാവം ആണോ ഇതും? അല്ലാ പിന്നെ കുറേ നാൾക്ക് ശേഷം കണ്ടതാ. അപ്പോ ആത്മീയവും, പിന്നെ കൂടെയുള്ള സ്ഥിരം സൗഹൃദം എന്ന പേരിൽ ഇങ്ങനെകുറെ വിശ്വസിപ്പീരും മാറ്റമില്ല അല്ലേ?
സു: ഇത് അങ്ങനെയല്ലടോ വിളിക്കുമ്പോൾ സംസാരിക്കും, പിന്നെ…. താൻ വെറുതെ…
ഞാ: എല്ലാം മനസ്സിലായി. ഉരുളണ്ടാ.🤫
ഞാൻ കുറെ കേട്ടിരുന്നതെന്താ? കുറേ നാൾക്ക് ശേഷം കണ്ടതിന്റെ ഒരു ബഹുമാനം. അത്രകണ്ടാ മതി. എനിക്ക് നല്ല വിശപ്പുണ്ട്. ഈ കേട്ടത് കൂടെ ആയപ്പോൾ കൂടി. വാ, പഴയ കാര്യങ്ങൾ നായരുടെ കടയിൽ പോയി അയവിറക്കാം.
സു: എടോ ദേ ഈ ലിസ്റ്റ് കണ്ടോ ഇത് മേടിക്കാതെ വീട്ടിൽക്കേറാൻ പറ്റില്ല.. ചന്ത വരെ പോണം. നമുക്ക് നാളെ കാണാം.
ഞാ: ആദ്യം ചായ+കടി, പിന്നെ തന്റെ ചന്ത+വീട്
നടക്കൂ…. നായരുടെ കടയിലേക്ക് അല്ലെങ്കിൽ എവിടെപ്പോകാം?
സു: തന്നെക്കൊണ്ട് … ഇന്ദ്രപ്രസ്ഥ വിട്ടാലോ?
ഞാ: ആയിക്കോട്ടെ, അവിടുത്തെ “ഇടിയപ്പം+സ്റ്റൂ” ഹോ അന്യായ സ്വാദ് ആണ്. ഇടക്ക് കുടുംബത്തിന്റെ കൂടെ വരാറുണ്ട്. ❤️👌🏻
പിന്നെ അടുത്ത ദിവസത്തെ ക്ലാസ്സിൽ എന്നെ നോക്കണ്ടാ. ക്ലാസ് കഴിഞ്ഞു വിളിക്കൂ…നമുക്ക് നായരുടെ കടയിൽ പോകാം. നല്ല പൊറോട്ടയും മട്ടൻ ചാപ്‌സും കഴിക്കാം. 🥰
അങ്ങനെ, നല്ല ഇടിയപ്പവും സ്റ്റൂവും കഴിച്ചിറങ്ങിയപ്പോൾ ഞാൻ പുള്ളിയോട് പറഞ്ഞു
പറഞ്ഞതിൽ വിഷമം ഒന്നും തോന്നരുത്. ഞാൻ ഇങ്ങനെയാണ് എന്ന് താങ്കൾക്ക് അറിയാവുന്നതാണ്. പിന്നെ എന്തിനാ വെറുതെ? എത്രനാൾ കഴിഞ്ഞാലും വിഭിന്നാഭിപ്രായം ഉണ്ടെങ്കിലും ഈ സൗഹൃദം നിലനിർത്തുന്നുണ്ടല്ലോ അത് മതി. ❤️🤝
താങ്കൾ താങ്കൾ ആയിത്തന്നെ തുടരുക. പിന്നെ ഞാൻ ഞാനായി തന്നെ തുടരും…ഒരു മാറ്റവും ആഗ്രഹിക്കുന്നില്ല, ആരോടും വെറുപ്പുമില്ല ആരെയും നിന്ദിക്കുന്നുമില്ല പ്രത്യേകിച്ച്, ഭക്തിയുടെ കാര്യത്തിൽ. എന്റെ രീതി ഇങ്ങനെ ആണ്. ഒരു ശാന്തത അനുഭവിക്കാനാണ് ഇവിടങ്ങളിൽ ഞാൻ വരുന്നത് പിന്നെ, ഇവരോട് എന്റെ സംസാരം ‘ഹായ്..ബൈ’ യിൽ ഒതുങ്ങും.
ഞാ: (തമാശരൂപേണ)അപ്പോ എന്നെ വിളിക്കൂ ഞാൻ വരാം.
സു: ക്ലാസിന്റെ തീയതി ഞാൻ അറിയിക്കാം.
ഞാ: ക്ലാസ്സിലോട്ടല്ല…ടെക്സ്റ്റൈൽസിലേക്ക് ☺️
സു: എടോ തന്നെ ഞാൻ…
ഞാ: നമ്മളില്ലേ, അപ്പൊ ശരി കാണാം 🫂🤝👋
ആലിംഗനബദ്ധരായി ഞങ്ങൾ പിരിഞ്ഞു.
ജപം, പ്രാർത്ഥന എല്ലാം മുറക്ക് നടത്തുന്നവർ മനസ്സിന്റെ നിയന്ത്രണം എന്നൊക്കെ പറയുന്നു. കിട്ടുന്നവർ ഉണ്ടാകും പക്ഷേ, ഒരുദാഹരണം കണക്കെ ഇന്നെന്റെ മുന്നിൽ വന്ന ഈ കുടുംബസ്ഥനെപ്പോലെയുള്ളവർ തീയതി, സമയം എല്ലാം തീരുമാനിക്കുന്നു…. അവരുടേതായ സമയങ്ങളിൽ ചാറ്റ് ചെയ്യുന്നു കാണുന്നു അങ്ങനെ കീഴ്മേൽ മറിയുന്നു. ആയിക്കോട്ടെ നല്ലത് എല്ലാം അവരവരുടെ ഇഷ്ടം.
പക്ഷേ, നമ്മോടെന്തിന് ഉപദേശം?
ഈ പറയുന്നവരിലെ ആത്മീയത ആ സമയങ്ങളിൽ ഉറക്കമായിരിക്കുമോ? ഇങ്ങനെയുള്ള വികാരങ്ങൾക്ക് എന്താ ഇളവ് ഉണ്ടോ?
നമ്മുടെ ഉള്ളിൽ തന്നെയാണ് “ഈശ്വരൻ” എന്ന സ്വരൂപം കുടിയിരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അപ്പോ എല്ലാത്തരം കാമനകളും ഇങ്ങനെ വന്നുപോയിക്കൊണ്ടിരിക്കുമ്പോൾ ‘ഈശ്വരത്വം’ എന്നതെവിടെപ്പോകും?
എല്ലാം മതത്തിലും ഉണ്ട് ഇതേപോലെ ചിലർ. ദേവനെ / ദേവിയെ, ഈശോപ്പച്ചനെ, പരമകാരുണ്യകനെ ഒക്കെ വിളിക്കുന്നവർ… പ്രത്യക്ഷത്തിൽ വിശ്വാസികൾ അത് പ്രാർത്ഥിക്കുന്ന സമയങ്ങളിൽ മാത്രം ശേഷം, സാഹചര്യം അനുസരിച്ച് ഇപ്പോഴത്തെ എല്ലാ ഷിപ്പിലും കേറിയിറങ്ങുന്നവർ.
സ്വയം ശരി എന്ന് കരുതി ആ ഒരു നിമിഷം കണ്ണടക്കുന്നവർ അപ്പോ ഈ കാണിച്ചു കൂട്ടുന്നതൊക്കെ വെറും പ്രഹസനം അല്ലേ?
വ്യത്യസ്ത സ്വാധീനങ്ങളുടെയും വികാരങ്ങളുടെയും അനുഭവങ്ങളുടേയും മിശ്രിതമാണ് മനുഷ്യജീവിതം അത് മനസ്സിലാക്കിയാൽ ഈ നാടകം ആവശ്യമില്ല.
ആകയാൽ, ഏവർക്കും നല്ലത് വരട്ടെ ❤️🙏🏻
“Fake devotion shines on the outside, but true devotion lives in the heart 🙏✨”


3 Comments
നല്ല രചന.👍
വിജീഷ് കിഴക്കേവാരിയം മനോഹരമായി അവതരിപ്പിച്ചുകാലികപ്രസക്തമായ വിഷയം👌👍❤️💯🙏🙏🙏
ഓരോരുത്തർക്കും അവനവൻ്റെ വിശ്വാസം അതല്ലേ നല്ലത്?
എഴുത്തു രസകരം👌🌹