ഒരാഴ്ചയായി എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. കണ്ണടച്ചാൽ അവനീബാലയുടെ രൂപമാണ് മനസ്സിൽ. ചത്ത് മലച്ചു, കണ്ണുകൾ തുറന്നു, വെള്ളത്തിൽ കിടക്കുന്ന ബാലയുടെ രൂപം. ബാല എൻ്റെ സ്വന്തം സൃഷ്ടിയാണ്. അവൾ എന്റെ മാത്രമാണെന്നാണ് ഞാൻ ഒരാഴ്ച മുൻപ് വരെ കരുതിയിരുന്നത്. അപ്പോഴാണ് അവന്റെ വരവ്, വിവേക്, അവനീബാലയുടെ ഭർത്താവ്. അവൻ എന്നെ ചോദ്യം ചെയ്തു.
“നിങ്ങൾ!! നിങ്ങളാണെല്ലാത്തിനും കാരണം, എന്റെ ബാലയെ നിങ്ങൾ കൊന്നു. അതും അവളുടെ മുപ്പത്തി രണ്ടാമത്തെ വയസ്സിൽ. എന്റെ മകനോട് നിങ്ങൾ ചെയ്തത്, കൊടും ചതിയാണ്. എന്നെ നിങ്ങൾ വിഭാര്യനാക്കിയില്ലേ, എനിക്കിനിയൊരു ഇണയെ കണ്ടെത്താൻ പ്രയാസമില്ല. പക്ഷെ ആദിത്യന്റെ കാര്യം, അവൻ കൗമാരത്തിലേക്ക് കടക്കുകയാണ്. അമ്മയില്ലാത്ത കുഞ്ഞ്, നിങ്ങളവനെ അനാഥനാക്കിയില്ലേ. “
“ആദിത്യൻ പഠനത്തിൽ നല്ല മിടുക്കനാണല്ലോ? നിങ്ങളുടെ രണ്ട് പേരുടേയും കാര്യത്തിൽ എനിക്ക് ഉത്തരവാദിത്വമില്ലെന്നാണോ നിങ്ങൾ കരുതുന്നത്. ഞാൻ എല്ലാം അന്വേഷിക്കുന്നുണ്ട്. ആദിത്യൻ ക്ലാസ് ഫസ്റ്റാണ്, കൂടാതെ അവനു അവനീബാലയെ പോലെ നല്ല പോലെ പാടാൻ കഴിയുന്നുണ്ട്. അവൻ നല്ലൊരു വായനക്കാരനുമാണ്. നിങ്ങളവനെ നീന്തലിനും പറഞ്ഞയക്കുന്നുണ്ട്. “
മരിച്ച ദിവസം, വിവേകിനേയും ആദിത്യനേയും തനിച്ചാക്കി അവൾ തറവാട്ടിലേയ്ക്ക് പോയതാണ്, അവളുടെ ഏട്ടന്റെ ഓർമ്മ ദിനത്തിൽ. അവൾ പിന്നീട് നഗരത്തിലേക്ക് മടങ്ങി വന്നിട്ടേയില്ല. ഏട്ടൻ മരിച്ചു കിടന്ന കുളത്തിൽ അവളും മരിച്ചു കിടന്നിരുന്നു. ആഴത്തിലെ മീനുകളെ പോലെ കണ്ണുകളടയ്ക്കാതെ.
“അവൾക്ക് ആ കുളവും തറവാട് വീടും നൊസ്റ്റാൾജിയ ആയിരുന്നല്ലോ. അന്നത്തെ ദിവസം എനിക്കൊരു പ്രധാനപ്പെട്ട മീറ്റിംഗ് ഉണ്ടായി പോയി. അല്ലെങ്കിൽ ഞാനെന്റെ ബാലയെ ഒറ്റയ്ക്ക് വിടില്ലായിരുന്നു. “
വിവേക് വിങ്ങി പൊട്ടി.
“കാര്യസ്ഥൻ രാമേട്ടൻ കുളത്തിൽ പോയി നോക്കുമ്പോൾ ബാല മരിച്ചു കിടക്കുകയായിരുന്നില്ലേ. നിങ്ങൾക്ക് വേണമെങ്കിൽ അവളെ അബോധാവസ്ഥയിൽ ആക്കാമായിരുന്നു. അവൾ വെള്ളം കുടിച്ചു ബോധം പോയ അവസ്ഥയിൽ, അങ്ങനെ നിങ്ങൾക്ക് കഥ എഴുതി നിർത്താമായിരുന്നു. എന്റെ ബാല മരിയ്ക്കേണ്ടായിരുന്നു. “
“കഥാപാത്രങ്ങൾ കഥാകാരിയെ ചോദ്യം ചെയ്യാറില്ല വിവേക്. നിങ്ങളുടെ ഭാഗത്തും തെറ്റുണ്ടല്ലോ. എന്നെ മാത്രം നിങ്ങൾ കുറ്റം പറയരുത്. ബാല ചത്ത മലച്ചു മലർന്ന് കിടന്നു എന്ന് നിങ്ങൾ പറഞ്ഞത് കള്ളമായിരുന്നു, ബാലയുടെ ശരീരം വെള്ളത്തിൽ കമഴ്ന്നു കിടന്നിരുന്നു അതാണ് ഞാൻ എഴുതിയത്. എൻ്റെ ബാല ആഴത്തിലുള്ള മീനുകളെ നോക്കാൻ വേണ്ടി കണ്ണുകൾ തുറന്നു പിടിച്ചതാണ്. അവളെ ഞാനല്ല കൊന്നത്, അവളുടെ ഏട്ടന്റെ താരാട്ടു പാട്ടു കേട്ടാണവൾ കുളത്തിനരികിലേയ്ക്ക് നടന്നത്, എത്തി നോക്കിയത്. ഞാൻ എന്ത് തെറ്റ് ചെയ്തു. ബാലയുടെ കഥ എഴുതിയതാണോ ഞാൻ ചെയ്ത തെറ്റ്. “
ഞാൻ വിവേകിനോട് ദേഷ്യപ്പെട്ടു.
“വിവേക്, ഞാൻ അവനീബാലയുടെ കഥ എഴുതാനല്ല ശ്രമിച്ചത്. അമർത്യയുടെ കഥയാണ് ഞാൻ എഴുതാൻ തുടങ്ങിയത്. ആഴങ്ങളിലെ മീനുകളെ തേടി മുങ്ങാംകുഴി ഇട്ടവന്റെ കഥ. കുളത്തിലെ തവളകളെയും നീർക്കോലികളെയും പേടിപ്പിച്ചവന്റെ കഥ. ശീതകാലത്തിൽ, ആഴത്തിലെ വെള്ളം ഐസ് പിടിക്കുമ്പോൾ അതിൽ കണ്ണ് തുറന്നു കിടന്നു, എത്തി നോക്കുന്നവരെയൊക്കെ ഞാൻ പേടിപ്പിക്കുമെന്നു പറഞ്ഞ കുറുമ്പൻ ചെക്കന്റെ കഥ. അതിലുപരി ഈയുള്ളവളെ സ്നേഹിച്ചു സ്നേഹിച്ചു അകാലത്തിൽ പിരിഞ്ഞു പോയ സതീർഥ്യന്റെ കഥ. അതാണ് ഞാൻ എഴുതി തുടങ്ങിയത്. പക്ഷെ ബാല… അവൾ… അവളാണ് എന്റെ കഥയെ തിരുത്തിയത്, അവളെന്റെ ആത്മാവിലിരുന്നു കൊണ്ട്, എന്റെ ചിന്തകളിൽ മാറ്റം വരുത്തിയത്. “
വിവേക് എന്നെ ദയനീയമായി നോക്കി.
“അവൾ എന്റെ മനസ്സിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. പണ്ടും അവളെങ്ങനെ ആയിരുന്നു. അമർത്യനെ ആരും സ്നേഹിക്കുന്നത് അവൾക്കു ഇഷ്ടമല്ലായിരുന്നു. അമർത്യൻ മരിച്ചപ്പോൾ ഇനി ആരും അവനെ സ്നേഹിക്കില്ലെന്നു കരുതിയ ബാലയ്ക്കു തെറ്റി. ഞാനവനെ സ്നേഹിച്ചു, എൻ്റെ കളിക്കൂട്ടുകാരനെ. അവരുടെ തറവാട്ട് വീട്ടിലെ കുളത്തിൽ ഞാൻ സന്ധ്യക്ക് പോയിരുന്ന്, അവനോടു സംസാരിച്ചു. എല്ലാ മരണ വാർഷികങ്ങളിലും ഞാൻ ആ പതിവ് തുടർന്നു. “
“എന്നിട്ട്?”
“എല്ലാ വർഷവും ബാലയോടൊപ്പം ആരെങ്കിലും കാണും, അന്നത്തെ ദിവസം അവൾ ഒറ്റയ്ക്കായിരുന്നു. അന്ന് അമർത്യൻ എന്റെ കാര്യം അവളോട് തുറന്നു പറഞ്ഞിരിക്കും. പെണ്ണല്ലേ, സഹോദരിയാണെങ്കിലും തെല്ലു അസൂയ എന്നോട് തോന്നിയിരിക്കും. അവൾ ആ കഥ മാറ്റി മറിച്ചു. “
“എങ്ങനെ. “
“എനിക്ക് പകരം മീനുകളെ കാണാൻ അവൾ പോയി. അമർത്യൻ പഠിപ്പിച്ചു തന്നതൊക്കെ ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു. എനിക്ക് കണ്ണടയ്ക്കാതെ ഉറങ്ങാൻ കഴിയുമായിരുന്നു മണിക്കൂറുകളോളം. “
വിവേക് പോയില്ല. അയാളെന്നോട് തർക്കിച്ചു കൊണ്ടിരുന്നു. എന്നോട് അനേകം കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അയാളുടെ ചില ചോദ്യങ്ങൾ എന്നെ ദേഷ്യം പിടിപ്പിച്ചു.
“വിവേക് നിങ്ങളൊന്നു ആലോചിച്ചു നോക്ക്, അന്നത്തെ ആ ദിവസം, നിങ്ങളുടെ മീറ്റിംഗ് ഉച്ചയ്ക്ക് അവസാനിച്ചിരുന്നല്ലോ, രാവിലെ തറവാട്ടിലേക്ക് ഇറങ്ങി പോയ ബാലയെ കുറിച്ച് നിങ്ങൾ ആ സമയം വരെ ചിന്തിച്ചതേയില്ല. നിങ്ങളുടെ ടീം ലീഡർ ആയിരുന്ന ഇഷ മൽഹോത്രയുടെ ക്യാബിനിൽ നിങ്ങൾ ആ മദ്ധ്യാഹ്നം എന്ത് ചെയ്യുകയായിരുന്നു?. ഞാനിതൊന്നും അറിയില്ല എന്നാണോ നിങ്ങൾ കരുതിയത്. “
വിവേക് വല്ലാതെ അസ്വസ്ഥനായി.
“എന്റെ സുഹൃത്ത് അമർത്യയെ ഓർത്താണ്, അവന്റെ സഹോദരിയും എന്റെ കഥാപാത്രവുമുമായിരുന്ന അവനീബാലയെ കുറിച്ചും ഓർത്താണ്, ഞാൻ ആദ്യമേ ഈ ചോദ്യങ്ങൾ ഒഴിവാക്കിയത്. പക്ഷേ നിങ്ങൾ എന്നെ മാത്രം കുറ്റക്കാരിയാക്കി. ഇനി പറയൂ എന്തായിരുന്നു ഇഷ മൽഹോത്രയുടെ ക്യാബിനിൽ നടന്ന ചൂടൻ ചർച്ചകൾ, നിങ്ങളുടെ ബന്ധം ഇഷയുടെ ഭർത്താവു കയ്യോടെ പൊക്കിയതിനെ കുറിച്ചായിരുന്നില്ലേ. പാവം ബാലയെ നിങ്ങളോർത്തത് അന്ന് വൈകുന്നേരമായിരുന്നില്ലേ. ഉച്ചക്ക് ലഞ്ച് കഴിഞ്ഞു വിവേക് എന്ത് കൊണ്ട് ബാലയെ അന്വേഷിച്ചില്ല, അവളെ കാണാഞ്ഞു രാമേട്ടനെ വിളിച്ചു പറയാഞ്ഞത് എന്താണ്. എങ്കിൽ മരിക്കുന്നതിന് മുൻപ് തന്നെ രാമേട്ടൻ അവളെ അന്വേഷിച്ചു കണ്ടെത്തുമായിരുന്നില്ലേ. നിങ്ങളാണ് ബാലയെ കൊന്നത്. അല്ല ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. നിങ്ങളുടെ തീരുമാനം എന്റെ തൂലിക അനുസരിച്ചു എന്ന് മാത്രം. “
“അല്ല അങ്ങനെയല്ല, പ്രിയ കഥാകാരി. “
“ഇപ്പോൾ നിങ്ങൾക്ക് ഞാൻ പ്രിയപ്പെട്ടതായോ. ഈ നിമിഷം വരെ ഞാൻ ബാലയുടെ കൊലപാതകിയായിരുന്നല്ലോ. ഇഷയുടെ ഓർമ്മകളിൽ ആണ് നിങ്ങളെന്ന് എനിക്കറിയാം. ബാലയെ നഷ്ടമായത് ആദിത്യന് മാത്രമല്ലേ, അവനല്ലേ അനാഥനായത്. അതിലെനിക്ക് വിഷമമുണ്ട് വിവേക്, നിങ്ങളെ ഓർത്തല്ല. “
“നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല, ഞാൻ എന്റെ ബാലയെ സ്നേഹിച്ചിരുന്നു. “
“അത് ശരിയായിരിക്കാം. പക്ഷെ ഒരിക്കൽ നിങ്ങൾ ഇഷയോടു പറഞ്ഞ തമാശ ഞാൻ കേട്ടിരുന്നു. ആ കുളത്തിന്റെ അരികിൽ, ആഴത്തിലെ മീനുകളെ കാണിക്കാൻ ഇഷയുടെ ഭർത്താവ് തരുൺ മൽഹോത്രയെ കൂടി ഒരിക്കൽ കൊണ്ട് പോകണമെന്ന് നിങ്ങൾ പറഞ്ഞില്ലേ. തരുൺ കൂടി മരണപ്പെട്ടാൽ നിങ്ങൾക്ക് രണ്ടാൾക്കും എളുപ്പത്തിൽ ഒന്നാകാം, അല്ലെ വിവേക്. “
വിവേക് ഒന്നും മിണ്ടാതെ കുളത്തിലെ കല്പടവിൽ നിന്നുമെഴുന്നേറ്റു പോയി.
“വയ്യ, എനിക്കിനി ആരെയും കൊല്ലാൻ വയ്യ. “
ഞാൻ തലകുനിച്ചു വെള്ളത്തിലേക്ക് നോക്കിയിരുന്നു. കുളത്തിൽ മീനുകളില്ല. അങ്ങിങ്ങു കുറെ മാനത്തുകണ്ണികൾ ജലോപരിതലത്തിൽ തത്തി കളിക്കുന്നു. ഒന്നോ രണ്ടോ തവളകൾ പൊത്തിൽ നിന്നും എത്തി നോക്കുന്നു.
“മീനുകളെവിടെ? അമർത്യാ നീയെവിടെ? ബാല എവിടെ പോയി?”
ചുറ്റും ഇരുട്ട് പറക്കാൻ തുടങ്ങി. ഞാൻ കല്പടവുകളിൽ കണ്ണുകളടച്ചിരുന്നു. എത്രനേരം ആ ധ്യാനാവസ്ഥ തുടർന്നുവെന്നറിയില്ല.
തോളിൽ ആരുടെയോ കൈ പതിഞ്ഞപ്പോൾ ആണ് ബോധത്തിലേക്ക് വന്നത്. ഞാൻ തിരിഞ്ഞു നോക്കി അത് സിദ്ധാർത്ഥനാണ്. എന്റെ മറ്റൊരു കഥാപാത്രം, ആദ്യമായി ഞാൻ നൽകിയ പേര് ഇഷ്ടമായില്ലെന്നു എന്നോട് തുറന്നു പറഞ്ഞ എന്റെ ധീരനായ കഥാപാത്രം.
ഞാൻ സിദ്ദുവിനെ നോക്കി പുഞ്ചിരിച്ചു.
“എന്താ ഇവിടെ ഈ സമയത്തു ഒറ്റയ്ക്ക് വന്നിരിക്കുന്നത്, ഞാൻ എത്ര നേരമായി എന്റെ പ്രിയപ്പെട്ടവൾക്കു കാവൽ നില്ക്കുകയായിരുന്നുവെന്നറിയാമോ?”
“ഞാൻ ഒരു സ്വപ്നം കണ്ടു, അതിൽ ഞാൻ കുളത്തിന്റെ ആഴത്തിലേക്ക് നീന്തി പോയി. കണ്ണുകൾ തുറന്നു പിടിച്ചു, മീനുകളോട് സംസാരിച്ചു. അമർത്യയുടെ ഓരോ തമാശകൾ.. അവന്റെയൊരു കാര്യം, ഞാൻ മുപ്പത്തിയാറുകാരി ആയെങ്കിലും അവനിപ്പോഴും വെറും പതിമൂന്നു വയസ്സാണ്, ഇപ്പോഴും നല്ല ചുറു ചുറുക്കാണവന്.
അവനെന്നെ ഉറക്കാൻ ശ്രമിച്ചതാണ്, താരാട്ടു പാടി പാടി. കണ്ണുകളടച്ചപ്പോൾ… “
“പ്രിയപ്പെട്ടവളെ നിനക്ക് നീന്താൻ അറിയില്ലല്ലോ. അല്ലെങ്കിലും ഞാൻ നിന്നെ ഉറങ്ങാൻ സമ്മതിക്കില്ല. ഞാൻ ഒരു തക്കം നോക്കി നിൽക്കുകയായിരുന്നു, നിന്നെ ഉണർത്താനായി. “
“അതെന്ത് കൊണ്ടാണ് സിദ്ദു. “
“ഞാനവന്റെ കയ്യിൽ പിടിച്ചു കല്പടവുകളിൽ നിന്നും എഴുന്നേറ്റു. എന്റെ നീല കോട്ടൺ സാരി നനഞ്ഞിരുന്നു. നനഞ്ഞൊട്ടിയ സാരി ഉടുത്തു നടക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി. ഞാൻ മെല്ലെ വേച്ച് വേച്ച് അവനൊപ്പം നടന്നു. എന്റെ ബുദ്ധിമുട്ടു മനസിലായത് കൊണ്ടാകും, അവനെന്നെ ഇരു കൈകളിൽ കോരിയെടുത്തു.
“ഇന്നെന്താണ് പതിവില്ലാതെ സാരി, സാരിയിൽ, നീ സുന്ദരിയായിരിക്കുന്നു. “
അവൻ മുഖം എന്റെ മുഖത്തോടു അടുപ്പിച്ചപ്പോൾ ഞാൻ മുഖം തിരിച്ചു കളഞ്ഞു.
“എന്നെ നീ പഠിച്ചത് പോലെ നിന്റെ മനസ്സ് എനിക്ക് വായിക്കാൻ കഴിയുന്നുണ്ട്, എന്നിൽ നിന്നും ഒരു ചുംബനം കൊതിച്ചിട്ടും എന്തിനാണ് നീ മുഖം തിരിച്ചത്. “
ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷെ എനിക്കറിയാമായിരുന്നു അതിന്റെ കാരണം. ഞാൻ ഒരു കഥാപാത്രമായിരുന്നില്ല. എനിക്കൊരു പേരില്ലല്ലോ. ഒരു അസ്തിത്വമില്ല. ഞാൻ ആരെയൊക്കെയോ സൃഷ്ടിക്കുന്നു. ആരൊക്കെയോ എന്നെ സ്നേഹിക്കുന്നു. ആരെക്കൊക്കെയോ എന്നെ ചോദ്യം ചെയ്യുന്നു. ആരൊക്കെയോ എന്നെ വായിക്കുന്നു. ഞാൻ ശരിക്കും ആരാണ്?
“പേരില്ലാത്തതാണോ നിന്റെ പ്രശ്നം. ഞാൻ നിനക്ക് പേരിട്ടിരുന്നു യശോധര. സിദ്ധാർത്ഥന്റെ ഭാര്യയായിരുന്ന യശോധര. “
“പക്ഷെ സിദ്ധാർത്ഥൻ യശോധരയെ ഉപേക്ഷിച്ചതല്ലേ. നിനക്ക് ഞാൻ സിദ്ധാർത്ഥൻ എന്ന് പേരിട്ടപ്പോൾ നീ പറഞ്ഞിരുന്നല്ലോ നീ ഈ പേര് വെറുക്കുന്നുവെന്ന്. ഇനി നിന്നെ സിദ്ദു എന്ന് വിളിക്കരുതെന്ന്. എന്റെ സ്വാർത്ഥതയാണ്, ക്ഷമിക്കണം, നിനക്ക് ഒരിക്കലും ഞാൻ ആ പേര് നൽകരുതായിരുന്നു. നിനക്ക് യശോധരയെ ഉപേക്ഷിക്കേണ്ടി വരും. “
ഞാൻ സിദ്ദുവിനെ കെട്ടി പിടിച്ചു കരഞ്ഞു. എന്റെ കണ്ണുനീരിൽ അവന്റെ വെളുത്ത ലിനൻ ഷർട്ട് നനഞ്ഞു.
“പെണ്ണേ നീ ഇങ്ങനെ കരയാതിരിക്കൂ, സിദ്ധാർത്ഥന് യശോധരയെ ഉപേക്ഷിക്കാൻ കഴിയുമോ? ഒരിക്കലും കഴിയില്ല. അസംഭവ്യം. “
“പക്ഷെ യശോധരയ്ക്ക് അവളുടെ മാത്രം സ്വന്തം സിദ്ധാർത്ഥനെ വേണമായിരുന്നു. അവൾക്കു സ്നേഹിക്കാനായി മാത്രം, അവളെ സ്നേഹിക്കാനായി മാത്രം. “
“അത് നടപ്പാക്കാൻ പറ്റില്ലല്ലോ. രാജകുമാരനായ സിദ്ധാർത്ഥനാണ് യശോധരയ്ക്കു സ്വന്തം, ഗൗതമ ബുദ്ധനായതോടെ നാടിൻ്റെ സ്വന്തം ആയി. “
“ഞാൻ സൃഷ്ടിച്ചത് എന്റെ സിദ്ധാർത്ഥനെയാണ്. അവൻ മരിക്കുവോളം എന്റെ മാത്രം സിദ്ധാർത്ഥനായിരുന്നു. “
“അത്രയ്ക്ക് സ്വാർത്ഥത വേണമോ പെണ്ണേ. “
“വേണം സൃഷ്ടിച്ചവൾക്കു ഒരു ഉദ്ദേശമുണ്ടാകുമല്ലോ, സൃഷ്ടിയ്ക്കു ഒരു കടമയും. സിദ്ദു നിന്റെ കടമ എന്നെ സ്നേഹിക്കുകയെന്നാണ്, മരിക്കുവോളം എന്നെ സ്നേഹിക്കുക. “
“നിന്നെ ഞാൻ സ്നേഹിക്കുക മാത്രമല്ല, സംരക്ഷിക്കുക കൂടി ചെയ്യും. “
അവന്റെ നനഞ്ഞ കോട്ടൺ ഷർട്ടിനിടയിലൂടെ അവൾ തന്റെ വിരലുകൾ കടത്തി. അവളുടെ നീണ്ട നഖത്തിന്റെ പോറലുകൾ അവനിൽ നീറ്റൽ ഉണ്ടാക്കി.
“നീയൊരു സാഡിസ്റ്റാണ് എന്റെ പ്രിയകഥാകാരി. നിനക്ക് വേണ്ടി ഞങ്ങൾ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ഞങ്ങളെ നിന്റെ വിരലിലിട്ടു കറക്കി പാവ കളിപ്പിക്കുന്നു. “
“മതി മതി. എന്നെ താഴെ നിർത്തൂ. ഞാൻ നിന്നെ സൃഷ്ടിച്ചത് എന്നെ സ്നേഹിക്കാനാണ്, എനിക്ക് സ്നേഹിക്കാനാണ്. നിന്നോട് സത്യം പറയാല്ലോ, എനിക്ക് സങ്കടം പറയാൻ പോലും ഈ ലോകത്ത് വേറെ ആരുമില്ല. നിനക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നുവെങ്കിൽ… ഞാൻ പോകുന്നു. നീ കേട്ട് കാണുമല്ലോ, വിവേകിന്റെ കുറ്റപ്പെടുത്തലുകൾ, പരിദേവനങ്ങൾ. എനിക്കിനി വയ്യ. കുറ്റപ്പെടുത്തലുകൾ കേട്ടു ഞാൻ മടുത്തു”
തിരിഞ്ഞു നടന്ന എന്റെ കയ്യിലവൻ ബലമായി പിടിച്ചു.
“നിനക്ക് അങ്ങനെ പോകാൻ കഴിയുമോ?നിന്റെ സിദ്ദുവിനെ അനാഥനാക്കി കൊണ്ട്. “
“പറ്റില്ല, പക്ഷെ നീയും എന്റെ സ്നേഹത്തെ സ്വാർത്ഥതയായി കണ്ടപ്പോൾ. “
“എന്റെ പെണ്ണേ, ഞാൻ ജനിച്ചത് തന്നെ സ്നേഹിക്കാനായിട്ടാണ്. ഈ ലോകത്ത് ആദ്യമായിട്ടാകും ഒരു കഥാകാരി അവളുടെ കഥാപാത്രത്തെ പ്രേമിക്കുന്നത്. നിന്നെ പോലെ ആരെയും എനിക്ക് സ്നേഹിക്കാനാകില്ല. “
പിന്നെ ഞാനൊന്നും ചിന്തിച്ചില്ല. സിദ്ദുവിന്റെ കയ്യിൽ പിടിച്ചു മുന്നോട്ടു നടന്നു. ഞങ്ങളുടെ ഇടയിലെ സംശയങ്ങളെ കഴുകി കളയാനായിട്ടാകും, നല്ല പോലെ മഴ ആർത്തലച്ചു പെയ്തു.
ഒരു നിമിഷം ഞാൻ ആലോചിച്ചു നിന്നു. പിന്നെ അവന്റെ കയ്യും പിടിച്ചു മഴയത്ത് ഞാൻ ഓടി. എന്റെ ഒറ്റമുറി വാടക വീട്ടിലെ, ഇൻഡക്ഷൻ കുക്കറിൽ വെള്ളം തിളക്കുമ്പോൾ ഞാൻ വസ്ത്രം മാറ്റി വന്നു. അവൻ അപ്പോഴും ഈറനായി എൻ്റെ മുന്നിൽ നിന്നു. ഞാൻ അവന്റെ കോലം മുടികളിലെ വെള്ളം തട്ടി തെറിപ്പിച്ചു. അവനെ വസ്ത്രം മാറ്റാൻ പ്രേരിപ്പിച്ചു.
ഗ്ലാസ് ജനലിനടുത്തു നിന്ന് കൊണ്ട്, ഞങ്ങൾ മഴ കണ്ടു, ഇഞ്ചി ഇട്ട ചൂട് ചായ ഊതി കുടിച്ചു. പരസ്പരം കണ്ണിൽ നോക്കി നിൽക്കുമ്പോൾ പരസ്പരം കൂടുതൽ അറിയാൻ ഞങ്ങൾ താല്പര്യപെട്ടു.
എന്റെ മുന്നിലെ എഴുത്തു മേശമേൽ അവൻ പേപ്പറും പേനയും എടുത്തു വച്ചു.
“ഞാൻ നിന്നെ ഭ്രാന്തമായി പ്രണയിക്കുന്നു. ഇനി നീ നിന്റെ തൂലികയെടുക്കു. നമ്മുടെ ബാക്കി കഥ കൂടി പൂർത്തിയാക്കൂ. “
“നീ ഇനി മറ്റൊരു കഥയിലേയും കഥാപാത്രമാകാൻ പാടില്ല. നീ എനിക്ക് മാത്രം സ്വന്തമാണ്. “
“അത് ഉറപ്പല്ലേ പെണ്ണേ. നീയാണ് എന്റെ അസ്തിത്വം. “
ഞാൻ അവന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു. അവൻ എന്നോട് കൂടുതൽ ചേർന്നിരുന്നു. ഞാൻ എഴുതി തുടങ്ങി.
“കുളക്കരയിൽ വച്ച് ഞാൻ സിദ്ദുവിനെ വീണ്ടും കണ്ടു മുട്ടി. അവന്റെ ചിന്തകളാണ് എന്നെ ബാലയിൽ നിന്നും, വിവേകിൽ നിന്നും രക്ഷിച്ചത്. എന്റെ രക്ഷകനെ ഞാൻ സിദ്ദുവിലാണ് കണ്ടു മുട്ടിയത്. ഒടുവിൽ ഞങ്ങൾ ഒന്നാകാൻ തീരുമാനമെടുത്തു. എന്റെ മരണം വരെ എന്നെ ഒറ്റയ്ക്കാകില്ല എന്നവൻ എനിക്ക് വാക്ക് തന്നു. “
സിദ്ദുവിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
“ഞങ്ങൾ പരസ്പരം ഭ്രാന്തമായി പ്രണയിച്ചു. കാണാതെയിരിക്കാനോ, മിണ്ടാതെയിരിക്കാനോ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഒരു നിമിഷം പോലും ഞങ്ങൾ പിരിഞ്ഞില്ല. എന്റെ ഒറ്റമുറി വീട്ടിൽ ജീവിതകാലം മുഴുവൻ ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞു. മരണം വരെ വേർപിരിയാതെ ഞങ്ങൾ ഒന്നായി. “
രാമേട്ടന്റെ ഫോണിലേക്കു ഒരു കാൾ വന്നു.
“രാമേട്ടാ, വിവേകാണ്, ഇന്ന് കുളക്കരയിൽ അവർ വന്നിരുന്നോ?ആ എഴുത്തുകാരി?”
“ഇല്ല മോനെ അവർ ഇപ്പോൾ സന്ധ്യാസമയത്ത് കുളക്കരയിൽ വന്നിരിക്കാറില്ല. ഒരാഴ്ച മുൻപ് അവർ വന്നിരുന്നു. അന്ന് അവർ ഒറ്റയ്ക്ക് സംസാരിച്ചു കൊണ്ട് കുളക്കരയിലൂടെ മഴയും നനഞ്ഞു കൊണ്ട് പോകുന്നത് കണ്ടു. ഈയിടെയായി അവർ ആ മുറിയിൽ നിന്നും പുറത്തിറങ്ങാറില്ല. അവർക്കു എന്ത് സംഭവിച്ചെന്ന് എനിക്ക് അറിയില്ല മോനേ. “
“രാമേട്ടാ, നമുക്ക് ആ കുളം അങ്ങ് മൂടി കളയണം. മാനത്തുകണ്ണിയും പോക്കാച്ചി തവളകളും നീർക്കോലിയുമൊക്കെ ഓർമ്മകളിൽ മാത്രം മതി. അല്ലെങ്കിൽ ഇനിയും ആഴത്തിലുള്ള മീനുകളെ തേടി കഥാകാരികൾ അതിൽ നീന്തി തുടിക്കും. “
“അത് വേണ്ട കുഞ്ഞേ, അമർത്യയും ബാലയുമൊക്കെ ഒക്കെ അത്രയ്ക്ക് ഇഷ്ടപ്പെട്ട കുളമാണത്. അതിനു നമുക്ക് ചുറ്റുമതിൽ കെട്ടാം. പുറത്തു നിന്നും ആരും കയറാത്ത വണ്ണം നമുക്ക് അതിനെ സംരക്ഷിക്കാം. “
ആരുടെയോ കൈ നെറ്റിയിൽ പതിഞ്ഞപ്പോൾ ഞാൻ ഉണർന്നു. കിടക്കയിൽ പനിപിടിച്ചു കിടക്കുന്ന എന്നെ സിദ്ദു തലോടി.
“ഇപ്പോൾ എങ്ങനെയുണ്ട്. “
“ആശ്വാസമുണ്ട്. നീ എപ്പോഴും കൂടെയുണ്ടല്ലോ. “
“ഇതാ ഈ മരുന്ന് കഴിക്കൂ. “
“നമുക്ക്, ആ കുളക്കടവിൽ പോകാം, എനിക്കൊന്നു നീന്തണം, നീയും വാ നമുക്കൊന്നിച്ചു നീന്താം, എന്റെ പനി പെട്ടെന്ന് മാറും. “
“നീന്താൻ പോകാം, ഞാൻ വേഷം മാറി വരാം, ആദ്യം നീ ഈ മരുന്ന് കഴിക്കൂ. “
കഴുത്തിൽ സ്റ്റെതസ്കോപ് എടുത്തിട്ടും കൊണ്ട് ഡോക്ടർ സിദ്ധാർത്ഥൻ മുറിയിൽ നിന്നും പുറത്തിറങ്ങി. വാതിൽക്കൽ നിന്ന സെക്യൂരിറ്റിയോട് വിളിച്ചു പറഞ്ഞു.
“ശ്രദ്ധിക്കണേ, കണ്ണ് തെറ്റിയാൽ കുളക്കടവിലേയ്ക്ക് ഓടും. എഴുതി വയ്ക്കുന്ന പേപ്പറുകൾ എപ്പോൾ തന്നെ മാറ്റിയെന്റെ ടേബിളിൽ കൊണ്ട് വയ്ക്കണം. പുതിയ പേപ്പറും പേനയും മേശപ്പുറത്തു എപ്പോഴും ഉണ്ടാകണം. “
തിരിഞ്ഞു നോക്കുമ്പോൾ ഡോക്ടർ സിദ്ധാർഥ് നായർ, സീനിയർ സൈക്കാട്രിസ്റ്റ്, മാനസികാരോഗ്യ വിഭാഗം, സിറ്റി ഹോസ്പിറ്റൽ എന്ന ബോർഡ് അയാളെ നോക്കി പുഞ്ചിരിക്കുന്നതായി അയാൾക്ക് തോന്നി.
✍️✍️നിഷ പിള്ള


6 Comments
ഒരു കുറ്റവും പറയാനില്ല വ്യത്യസ്തമായ മനോഹരമായ ശൈലി സൂപർബ്👌👍❤️❤️🙏🙏🙏
വേറിട്ട ആഖ്യാനശൈലി. വളരെ നന്നായി എഴുതി.
രസിച്ചു വായിച്ചു. കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേയ്ക്കുള്ള അനായാസ യാത്ര ഒത്തിരി ഇഷ്ടമായി നിഷ❤️❤️
Thank you 😊
വേറിട്ട കഥ. മനോഹരം 👌
❤️