ഉമ.. അന്നവൾക്ക് വയസ് എട്ട്. കണിശക്കാരനായ അച്ഛൻ റബ്ബർ വെട്ടി പാലെടുത്തു ഷീറ്റും അടിച്ചു പൊരിവെയിലത്തു രണ്ടുമൂന്നു കിലോമീറ്റർ ദൂരം നടന്നു വിശന്നു വീട്ടിൽ വന്നു കേറി. നേരെ ഭാര്യയോട് വിളിച്ചു പറഞ്ഞു.
“ചോറെടുത്തോടി.. വിശന്നിട്ടു കണ്ണുകാണുന്നില്ല. പറഞ്ഞതും തിണ്ണയിൽ വെള്ളമുണ്ടോന്നു നോക്കി. കൃത്യം ആ സമയത്താണ് ഉമ അച്ഛന്റെ മുമ്പിൽ ചെന്നു പെട്ടത്. അവൾ വയർ നിറയെ ചോറും ഉണ്ട് വെള്ളോം കുടിച്ചു അടുത്ത കളികളിക്കാനുള്ള തിരക്കിലാരുന്നു. അപ്പോഴാണ് അച്ഛന്റെ ചോദ്യം ഒരു പ്രഹരമായി അവളുടെ കവിളിൽ ‘ഡീം’ ന്ന് പതിഞ്ഞത്..
“തിണ്ണയിൽ മൊന്തേം വെള്ളോം വെക്കണമെന്നു നിനക്കറിയത്തില്ലേ… ടി..”
എന്തോ ഒന്നു പൊട്ടുന്ന ഒച്ച കേട്ട് അകത്തൂന്നു ഉമയുടെ അമ്മ വിളിച്ചു ചോദിച്ചു “എന്നാ അവിടൊരു ഒച്ച കേട്ടെ. യ്യോ! ന്റെ കുഞ്ഞെന്തിനാ കരയുന്നെ.. ഈ അച്ചാനെന്തിനാ കൊച്ചിനെതല്ലിയെ..” ആ മാതൃ ഹൃദയം വല്ലാതെ സങ്കടപ്പെട്ടു. എന്നിട്ടിങ്ങനെ കൂട്ടിച്ചേർത്തു.. “ആ.. ഒരു തല്ലിന്റെ കുറവുണ്ടാരുന്നു. കുറച്ചനുസരണക്കേട് കാണിക്കുന്നുണ്ട്.”
ഉമ ഒരു കൈ കൊണ്ട് ഒരു കണ്ണ് പൊത്തി പിടിച്ചു. മറ്റേ കൈ കൊണ്ട് സ്റ്റീൽ മൊന്ത നിറയെ വെള്ളം കൊണ്ട് തിണ്ണയിൽ വച്ചു. അപ്പോഴേക്കും അച്ഛൻ ചോറൂണ് തുടങ്ങിയിരുന്നു. വെള്ളം ആരു കൊടുത്തുവോ ആവോ.. പതിയെ അവളവിടെനിന്ന് മാറി തിണ്ണയിൽ കിടന്നിരുന്ന പ്ലാസ്റ്റിക് കസേരയിൽ ഇരുന്നേങ്ങലടിച്ചു കരയാൻ തുടങ്ങി. കരച്ചിലിന്റെ ഏറ്റക്കുറച്ചിലിന്റെ ശബ്ദം അമ്മയുടെ മനസിനെ നൊമ്പരപ്പെടുത്തി.
അമ്മ വന്നു നോക്കി.. അവളുടെ കണ്ണ് വല്ലാതെ ചുവന്നു കിടക്കുന്നു. “അച്ചാനെന്തൊരടിയാ അടിച്ചത്. അവളുടെ കണ്ണ് പോയെന്നാ തോന്നുന്നേ.” അമ്മ ദേഷ്യപ്പെട്ടുകൊണ്ടു ഭർത്താവിന്റെ നേരെ നോക്കിപറഞ്ഞു. എന്നിട്ട് അയല്പക്കത്തെ ചേച്ചിടെ അടുത്തുനിന്നും ഇത്തിരി മുലപ്പാൽ വാങ്ങി ഉമയുടെ കണ്ണിലൊഴിച്ചു.
“മോനേ ഉമേ, ഇങ്ങ് വന്നേ അച്ചാച്ചന്റെ പൊന്നുമോള് വാ ” അച്ഛൻ അവളെ സ്നേഹത്തോടെ വിളിച്ചു. ഈ സമയം കുഴപ്പമില്ലെന്നറിയാവുന്ന അവൾ ഇത്തിരി ഗൗരവം നടിച്ചു.
“വേണ്ട എന്നെ ആരും വിളിക്കണ്ട.. ഞാൻ വരില്ല. എന്റെ കണ്ണിലല്ലേ ആ വിരല് പോയത്.. എന്റെ കണ്ണ്.. ”
“അതെയ്, വീടിന്റെ തിണ്ണയിൽ എപ്പോഴും ഒരു മൊന്ത വെള്ളം വച്ചിരിക്കണം. ഇനി ഇതു മറന്നുപോകാതിരിക്കാൻ വേണ്ടിയാണത് തന്നത്. പക്ഷെ, കൈ അല്പം മാറിപ്പോയി… മോൾക്ക് എന്താ വേണ്ടത്. വൈകിട്ട് ഞാൻ മേടിച്ചോണ്ടു വരാലോ”. അതു കേട്ടതും അവളച്ഛന്റെ മടിയിൽ കയറിയിരുന്നു. എന്നിട്ട് പറഞ്ഞു “എനിക്കൊരു പാസരം വാങ്ങിത്തരുമോ..” ഉം.. അച്ഛൻ മൂളി.. അവളാ കവിളത്തൊരുമ്മ കൊടുത്തു.
പകൽ ഇഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി. പതിവുപോലെ അച്ഛൻ ടൗണിനു പോയി. കൊലുസ്സുമായി തിരികെയെത്തുന്ന അച്ഛനെ പ്രതീക്ഷയോടെ അവൾ കാത്തിരുന്നു.
” മോളേ നീ ഉറങ്ങിയോ.. ഇതാ നീ പറഞ്ഞ സമ്മാനം.” അച്ഛന്റെ ഒച്ച കേട്ടതും അവൾ ഓടി അച്ഛന്റരികിലെത്തി.
ഒരു പൊതി അച്ഛൻ ആ കുഞ്ഞി കൈകളിലേൽപ്പിച്ചു..
“നീ ഒരിക്കൽ പാസരമെന്നു പറഞ്ഞു കാലിൽ ചക്കര കയറും കെട്ടി കളിച്ചപ്പോൾ മുതൽ വിചാരിച്ചതാണ് . പക്ഷെ.. ഇതു വെള്ളിയൊന്നുമല്ല. വെള്ളിക്കൊലുസ് പിന്നെ വാങ്ങിത്തരാം.. ഇപ്പോൾ ഇതു മോൻ കാലിലിട്.. “
അച്ഛൻ തന്നെ അവളുടെ കാലിൽ ആ കൊലുസിട്ടു കൊടുത്തു.. ഉമയ്ക്കാദ്യമായി കിട്ടിയ സമ്മാനം. അവൾ ആ രാത്രി ആ വീടു മുഴുവൻ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ചുറ്റിനടന്നു.കൊലുസ്സിന്റെ കിലുക്കം കേൾക്കാൻ…. അവളുടെ മറക്കാനാവാത്ത സമ്മാനം. വർഷങ്ങൾ കടന്നുപോയി. അവളുടെ ആ കാലുകളിൽ പിന്നീട് വെള്ളിക്കൊലുസ്സ് കിലുങ്ങി, സ്വർണ്ണ കൊലുസും. പക്ഷെ, ഇന്നും അവളുടെ മനസ്സിൽ ആ എട്ടു വയസ്സുകാരിക്കു കിട്ടിയ പത്തുരൂപയുടെ സ്റ്റീൽ കൊലുസുതന്നെയേറ്റം പ്രിയം. അതിന്റെ ചുറ്റുമുള്ള മണികളും കിലുക്കവും, ആ രാത്രിയും ഇന്നുമവളുടെ മനസ്സിൽ ഭദ്രമാണ്.. അച്ഛനോടുള്ള സ്നേഹവും.
– ജെമിനി കെ രാജ് –
#മറക്കാനാവാത്ത സമ്മാനം


7 Comments
പാദസരത്തിന്റെ കിലുക്കം, അച്ഛന്റെ സ്നേഹമായി എന്നും അവളുടെ മനസ്സിൽ കിലുങ്ങും .
👏🥰
വളരെ സത്യസന്ധമായ ഹൃദയസ്പർശിയായ കഥ.. 🌷🌷🌷
സമ്മാനത്തിൻ്റെ വില നമ്മുടെ മനസ്സിലാണ്. നന്നായി എഴുതി♥️🌹👌
ചില സമ്മാനങ്ങൾ അങ്ങിനെയാണ് ….ഒരിക്കലും വിലയിടാനാവില്ല…… നന്നായെഴുതി🌹👍
ഹൃദയസ്പർശിയായ എഴുത്ത്’👌👍❤️💯🙏🙏
🥰സ്നേഹത്തിന്റെ വിലയുള്ള വലിയ സമ്മാനം 💗 ഒത്തിരി ഇഷ്ട്ടം ആയി👌😍
എല്ലാവരോടും എന്റെ സ്നേഹവും നന്ദിയും. 🥰🥰🥰