മറ്റന്നാൾ നാട്ടിലേക്ക് തിരിക്കുകയാണ്.
ഇന്ന് മലയാളം സമാജത്തിൻ്റെ കമ്മറ്റി ഉണ്ടായിരുന്നു. സ്ഥാനം നഷ്ടപ്പെട്ടിട്ടും മുൻ പ്രസിഡൻ്റ് ജോയ് കല്ലറ ഇപ്പോഴും താൻ തന്നെയാണ് പ്രസിഡൻ്റ് എന്ന മട്ടിൽ ആയിരുന്നു. അടിച്ച വിസ്കിയുടെ മണം അയാൾ ഖത്തറിൽ നിന്നും കൊണ്ടുവന്ന അത്തറിനെക്കാൾ മേലെ നിന്നിരുന്നു.
നിങ്ങൾ ചിത്തഭ്രമം പിടിപെട്ടപോലെ സംസാരിക്കരുത് എന്ന് സെക്രട്ടറി സൂചിപ്പിച്ചപ്പോൾ, ഇത് ഭ്രമ യുഗമാണ്, ചീത്തഭ്രമം നല്ല ഭ്രമം എന്നൊന്നും ഇല്ല എന്നായിരുന്നു.കല്ലറയുടെ മറുപടി.
യോഗാവസാനം നാട്ടിലേക്ക് പോകുന്ന അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആ കമ്മറ്റി തയ്യാറായി. എല്ലാവരും കണ്ണടച്ചതിനു ശേഷം, ആത്മാവ് പ്രേരിപ്പിക്കുന്ന ആരെങ്കിലും പ്രാർത്ഥിച്ചാട്ടെ എന്ന് കല്ലറ മൊഴിഞ്ഞു. പ്രാവച്ചമ്പലം സെബാൻ കുട്ടമ്പുഴ സണ്ണിയെ പ്രാർത്ഥിക്കാൻ തോണ്ടുകയും, ആത്മാവ് പ്രാവെച്ചമ്പലം സെബാൻ്റെ രൂപത്തിൽ തോണ്ടിയതിനാൽ സണ്ണി പ്രാർത്ഥിക്കുകയും ചെയ്തു.
പടി തുറന്ന്, മുറ്റത്ത് പൊഴിഞ്ഞു വീണ കരിയിലകളെ ചവിട്ടിമെതിച്ചു കൊണ്ട് പ്രവാസി ആയ അയാൾ, അമ്മയുടെ മരണത്തോടെ ആളനക്കമില്ലാത്ത തൻ്റെ വീട്ടിലേക്ക് നടന്നു കയറി.
മഴയിൽ നനഞ്ഞ കരിയിലകൾക്ക്, ഞെട്ടറ്റു വീണതിൻ്റെ ദു:ഖഭാരത്താലാവും കടുത്ത ഗന്ധം ആയിരുന്നു.
എന്തെല്ലാം പേറിയ വീടായിരുന്നു ഇത്?
പേരിടാനാവാത്ത മണങ്ങൾ. അവ തിരിച്ചറിയുന്ന നിമിഷം നമ്മുടെ സ്മൃതികൾ എവിടേക്ക് ഒക്കെയാണ് ഊളിയിടുന്നത്? എത്ര ഓർമ്മകളെ ആണ് സ്മൃതി മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്?നമ്മുടെ ഓർമ്മകളെ പിടിച്ചുകുലുക്കുന്നത്? നമ്മെ വട്ടം കറക്കുന്നത്?
വേനൽ കഴിയുമ്പോൾ പുതുമഴ പെയ്ത് മണ്ണു കുതിരുമ്പോൾ മുറ്റത്തു നിന്നും ഉയരുന്ന ഗന്ധം.
ഞാറ്റുവേല രാത്രികളിൽ വിത്തു നെല്ലു നിറച്ച നനഞ്ഞ ചാക്കിൽ നിന്ന് മുള പൊട്ടി പുറത്ത് വരുന്ന പ്രതീക്ഷയുടെ ഗന്ധം.പുതു വരമ്പ് വച്ച് ഞാറ്റട്ടികൾ സ്വർണ്ണവർണ്ണം പുൽകാൻ തുടങ്ങുന്ന സമൃദ്ധിയുടെ ഗന്ധം. നെല്ല് പുഴുങ്ങുമ്പോൾ നിറവിൻ്റെ ഗന്ധം.പുഞ്ചക്കൊയ്ത്ത് കഴിഞ്ഞുണ്ടായ വൈക്കോൽ കൂനകളിൽ നിന്ന് അഗ്നിപർവ്വതം പുകയുന്ന ചേലോടെയുള്ള ആവിഗന്ധം. ഒരു പാട് ഗന്ധങ്ങൾ ഏറ്റുവാങ്ങിയ വീട്.
വേനലവധികൾ മാങ്ങകളും കശുമാങ്ങകളും ആയി വയറുനിറച്ച ഗന്ധങ്ങൾ
ജൂണിൽ പുതിയ ടെക്സ്റ്റ് ബുക്കുകളുടെയും പുതുവസ്ത്രങ്ങളുടെയും ഗന്ധം.രാത്രിയിൽ പടിഞ്ഞാറേ കോണിൽ നിന്നും പാരിജാതത്തിൻ്റെ സുഗന്ധം. മണ്ണെണ്ണ വിളക്കിൻ്റെ ആരോമാറ്റിക് ഗന്ധം
ചിങ്ങമാസത്തിന് ഓണത്തിൻ്റെ മണങ്ങൾ. പെരുന്നാൾ കാലത്ത് അച്ചപ്പത്തിൻ്റെയും കുഴലപ്പത്തിൻ്റെയും മണം. നേർച്ചച്ചോറിൻ്റെ പെരുന്നാൾ സമാധിയുടെ സങ്കട മണം
മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന പഴുക്കടക്കകൾക്കിടയിൽ വന്നു വീഴുന്ന കത്തിത്തീർന്ന കമ്പിത്തിരികളുടെ മണം.
പിന്നീട് വരുന്ന ക്രിസ്മസ് രാവുകളിലും വൃശ്ചികത്തിലും അലയടിക്കുന്ന പാണ്ടിക്കാറ്റിൻ്റെ കുളിർഗന്ധം. മുറ്റത്ത് മഴ നനഞ്ഞ തുളസിച്ചെടിയുടെ ഗന്ധം. ടൗണിൽ ചൂടിൽ നിന്ന് റീഗലിൽ കയറുമ്പോൾ ബേക്കറി കഴിഞ്ഞ് അപ്പുറത്തെ മുറിയിലെ തണുപ്പും കാപ്പിയുടെ വശ്യമായ സുഗന്ധവും അവിടെ നിന്ന് വാങ്ങിയ കേക്കിൻ്റെ സ്ലാബ് ഐ സിങ്ങിൻ്റെയും സുഹൃത്തുക്കൾ കൊണ്ടുവന്ന നീല ടിന്നിലുള്ള അരവണയുടെയും സാഹോദര്യത്തിൻ്റെ ഗന്ധവും അയാളുടെ ഓർമ്മകളെ ഉയർത്തി.
പള്ളിയിൽ നിന്നും, ആശ്വാസത്തിൻ്റെ, സമാധാനത്തിൻ്റെ അടയാളമായി നെറ്റിയിൽ തൊട്ട എണ്ണയുടെ ഗന്ധം.
പിന്നീട് ഈ വീട്ടിൽ ചന്ദനക്കുറിയുടെയും നെല്ല് നീരിൻ്റെയും ഗന്ധങ്ങൾ വരുകയും പിന്നീട് ഗ്രിപ്പ് വാട്ടറിൻ്റെയും ബേബി പൗഡറിൻ്റെ വാസന കളിലേക്ക് മാറുകയും ചെയ്തു.
ആദ്യ പ്രവാസ നാളുകളിൽ അയാളും വീട്ടിലേക്ക് തിരിച്ച് വന്നത് യാർഡ് ലിയുടെയും ബ്രൂട്ടിൻ്റെയും അകമ്പടിയോടെ തന്നെയാണ്. ഓരോ തിരിച്ചു പോക്കിലും വൈകിട്ട് അസറാപൂക്കൾ അയാൾക്ക് പരമാവധി സുഗന്ധം നൽകാൻ ശ്രമിച്ചു. വീണ്ടും വരും എന്ന പ്രതീക്ഷയോടെ.
ആളൊഴിഞ്ഞ വീട് ജീവിതത്തിലെ ക്ഷണികതയുടെ ഒരു അടയാളപ്പെടുത്തൽ ആണ്.
തന്നെ പഴയ പുസ്തകങ്ങൾ അടുക്കി വച്ച അലമാരക്ക് ഒരു പൗരാണിക ഗന്ധം.എല്ലാ മുറിയിലും അയാൾ തൻ്റെ അമ്മയുടെ ഗന്ധം തേടുകയായിരുന്നു. ആ തിരച്ചിലിനൊടുവിൽ അയാൾക്ക് ഒരു സുഗന്ധം നിറച്ച ഒരു കുപ്പി ലഭിച്ചു. അയാൾ തന്നെ അമ്മക്ക് കൊണ്ടുവന്നത്. ജോർജ്ജിയൻ ക്ലാസിക് ലിമിറ്റഡ് എഡിഷൻ.
അയാൾ കുട്ടി ആയിരിക്കുമ്പോൾ ഓർമ്മയിൽ അമ്മക്ക് ലഭിക്കുന്ന ആദ്യത്തെ പെർഫ്യൂം അതാണ്.ഏഴാം കടലിൽ നിന്ന് അമ്മയുടെ സഹോദരൻ്റെ വക. അയാൾ ഗൾഫിൽ പ്രവാസി ആയപ്പോൾ അതേ ഗന്ധം അന്വേഷിച്ച് നടന്നിട്ടും ലഭിച്ചില്ല. പിന്നീട് സ്വിറ്റ്സർലൻ്റിൽ നിന്നും ആണത് അയാൾ അത് കരസ്ഥമാക്കിയത്. പേര് ജോർജ്ജ് എന്നോ മറ്റോ ആണ് എന്നത് മാത്രമായിരുന്നു അയാളുടെ ഓർമ്മ. ഗന്ധവും. ആ കുപ്പി തന്നെയാണ് അവിടെ ഇരിക്കുന്നത്.
ഇപ്രാവശ്യവും അമ്മയുടെ ഓർമ്മകൾ കൂടെയുണ്ട് എന്ന് ഉറപ്പു വരുത്താൻ പുതിയൊരു കുപ്പി കൂടി അയാൾ കൊണ്ടു വന്നിരുന്നു.
ഈ വീട്ടിലെ എല്ലാ ഗന്ധവും അമ്മയോടൊപ്പം ഇറങ്ങിപ്പോയത് ആൾക്കൂട്ടത്തിൻ്റെ അകമ്പടിയോടെ, കുന്തിരിക്കത്തിൻ്റെയും മെഴുകുതിരികളുടെയും മുല്ലപ്പൂക്കളുടെയും ഗന്ധങ്ങൾ ഒരുമിച്ചു വന്ന ദിവസമായിരുന്നു.ഗന്ധങ്ങൾ നഷ്ടപ്പെടുത്തിയ മഹാമാരിയിൽ.
തൻ്റെ അമ്മ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് അയാൾ നടന്നു. തൻ്റെ ജീവിതകാലം ഏറ്റവും അധികം ചിലവഴിച്ച സ്കൂളും തറവാട്ടു വീടും എല്ലാം തൊട്ടടുത്തു തന്നെ. ഏറ്റവും യോജിച്ച സ്ഥലത്ത് തന്നെ. മൺകൂനയിൽ സ്മരണാഞ്ജലി ഒരുക്കിയ പുഷ്പങ്ങളിൽ നിന്ന് ഉയർന്ന പുതു ചെടികൾ വീണ്ടും പുതിയ പുഷ്പങ്ങളെ യും സുഗന്ധങ്ങളെയും സമ്മാനിച്ചിരുന്നു.
ബാങ്കിൽ പോയി അമ്മയുടെ ഇൻഷുറൻസ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ നോമിനി ആയ അയാളുടെ പേർക്ക് മാറ്റുവാൻ അയാൾ ബാങ്കിലെത്തി.
പുതിയ മാനേജർ തന്നെ കോളേജ് കാലത്തെ സഹപാഠി ആയിരുന്നു.
വളരെ മിടുക്കി ആയ, ആദ്യമേ ജോലിയിൽ കയറിയ അവർക്ക് അയാളെ ആദ്യം മനസിലായില്ല –
പഠന കാലത്തെ ഇരട്ടപ്പേര് പറഞ്ഞാൽ മനസിലാകുമായിരിക്കും.
“ഞാൻ നിങ്ങളുടെ ചേറപ്പായി. നീയാണ് എനിക്ക് ചേറപ്പായി എന്ന ഇരട്ടപ്പേര് ഇട്ടത് “.
ഓ…. നീ ആയിരുന്നോ?
ആ പേരിട്ടത് ഞാനല്ല.
ബീനയാണ് ആ പേരിട്ടത്. അവളുടെ അമ്മ വീട് ഇവിടെ അടുത്ത് ആയിരുന്നു. നിൻ്റെ സംസാരശൈലി അക്കാലത്ത് ഇറങ്ങിയ ചേറപ്പായികഥകൾ എന്ന സീരിയലിൽ അതുപോലെ ഉണ്ടായിരുന്നു.
അവൾ അത് പെട്ടെന്ന് കണ്ടു പിടിച്ചു.അവളുടെ അമ്മയുടെസംസാരം പോലെ തന്നെ നിൻ്റെയും എന്ന്. ആ കോളേജിൽ ഇവിടെ നിന്ന് നീ മാത്രമല്ലേ ഉണ്ടായിരുന്നത് ”
രേഖകൾ ശരിയാക്കുന്നതിനിടയിൽ അയാൾ മടിച്ച് ഒരു കാര്യം അവരോട് പറഞ്ഞു.
“പഠന കാലത്ത് എനിക്ക് നിന്നോട് ഒരു കാര്യം പറയണമെന്നുണ്ടായിരുന്നു.
വല്ലപ്രേമവും ആയിരിക്കും.
അല്ല,
പിന്നെ?
നിനക്ക് എൻ്റെ അമ്മയുടെ രൂപഭാവങ്ങൾ ആയിരുന്നു. പ്രസന്നത, മുഖത്തടിച്ച പോലെ ഡയലോഗ്, സാമർത്ഥ്യം, അമ്മയെ പോലെ മുഖം, ചെമ്പൻമുടി, ബ്രൊൺ കൃഷ്ണമണികൾ ….
“നീ കൊള്ളാലോ ചേറപ്പായി, അത് നന്നായി, നീ പറഞ്ഞത്ശരിയാണല്ലോ .സാമ്യത ഉണ്ട്”
രേഖകളിലെ മരിച്ചു പോയ അമ്മയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ നോക്കി അവൾ ശരിവച്ചു.
“എന്നെക്കാൾ രണ്ട് മാസം മൂത്തതാണല്ലാ നീ ” രേഖകളിൽ നിന്ന് കണോടിക്കാതെ അവർ പറഞ്ഞു.
“മക്കളില്ലാത്ത എനിക്ക് എന്നെക്കാൾ മൂത്ത മകൻ – അമ്മക്ക് പകരം ഞാൻ ….നന്നാവും.ഹ ഹാ “അവർ പൊട്ടിച്ചിരിച്ചു
“ആകസ്മികമായ സാമ്യതകൾ. എൻ്റെകൽപാത്തി തെരുവുകൾക്കും
നിൻ്റെ കുന്നംകുളം അങ്ങാടിക്കും സാമ്യതകൾ ഉള്ള പോലെ.
വല്ലപ്രേമവും ആയിരുന്നെങ്കിൽ ഞാൻ നിന്നെ അന്വേഷിച്ച് വന്നേനെ”
ഉവ്വോ?
“ആ നിന്നെ കുനിച്ച് നിർത്തി കൂമ്പിനിടിക്കാൻ. ഹ ഹാ…
ആദ്യം കിട്ടിയ ജോലിയിൽ കൂടെയുള്ളവന് ജീവിതം കൊടുത്തു. അവനൊരു സൈക്കോ സാഡിസ്റ്റ് ആയിരുന്നു. ഒഴിവാക്കി. പിന്നീട് സഹതാപം കൊണ്ട് ഒരാൾ വന്നു. എല്ലാം ശുഭം എന്ന് കരുതി. അയാൾക്ക് അമ്മയെ നോക്കാൻ ഒരു വേലക്കാരി വേണമായിരുന്നു. ഇപ്പോൾ ഞാൻ സ്വതന്ത്രയാണ്.ഒരു വേൾഡ് ടൂർ കഴിഞ്ഞ് വന്നതേ ഉള്ളൂ. എന്നാലും….”
അവർ അർത്ഥഗർഭമായി തെല്ലിട എന്തോ ചിന്തിച്ചു. വാക്കുകൾ മുറിഞ്ഞു
“നമ്മുടെ മാതാപിതാക്കൾക്ക് നമ്മളാവും വിധം അവസാനകാലത്ത് എന്തെങ്കിലും ചെയ്യാൻ സാധിച്ചു. നമുക്ക് ആരുണ്ടാകും? പ്രത്യേകിച്ച് മക്കളില്ലാത്ത എനിക്ക്? മുനിസിപ്പാലിറ്റിയിൽ ആരെങ്കിലും അറിഞ്ഞാൽ കൊണ്ട് പോയി കത്തിക്കും. അല്ലേ ”
“അതിപ്പോ മക്കളുണ്ടായിട്ടും കാര്യമില്ല. പ്രത്യേകിച്ച് വിദേശത്ത് താമസിക്കുന്നവർക്ക്. പതിനാറു വയസിനു ശേഷം അവർ അവരുടെ പണി നോക്കി പോകും. പോയിരിക്കണം. അതാണ് അവിടുത്തെ സിസ്റ്റം.
നീ പേടിക്കേണ്ട. ഇന്ന് കല്യാണം, മാമോദീസ പോലെ ഫ്യൂണറലിനും ഇവൻറ് മാനേജ്കാരുണ്ട്. അവരെ ഏൽപിച്ചാൽ മതി. എൻ്റെ സുഹൃത്ത് ആൻറപ്പന് ഇതാണ് പണി നമ്പർ തരാം. നാട്ടിൽ വച്ച് ഞാൻ തട്ടിപ്പോവുകയാണെങ്കിൽ ഞാൻ പറഞ്ഞിട്ടുണ്ട്, ഏഴു വെള്ള കുതിരകളെ പൂട്ടിയ വണ്ടി, കിന്നരിത്തലപ്പാവുള്ള ഭടൻമാർ, ഷാൾ,നെഞ്ചത്ത് ചുവന്ന റോസാ പൂ , നടുപ്പന്തീലും പാറേമ്മലും 5 മിനിറ്റ് സ്റ്റോപ്പ് .സംഭവം കളറായിക്കോട്ടെന്ന് ” .
“ശരി രേഖകളുമായി ഞാൻ വീട്ടിൽ വരും.
വീട് കാണുകയും ചെയ്യാം ”
“ശരി”.
ഒരു വ്യാഴാഴ്ച അവധി ദിനത്തിൽ ആണ് അവർ രേഖകളുമായി കയറി വന്നത്. ഭക്ഷണത്തിനിടയിൽ ഒരു സ്പെഷൽ ഐറ്റം എടുക്കട്ടെ എന്ന് അയാൾ ചോദിച്ചു.
“നിങ്ങൾ അച്ചായമ്മാരുടെ മാങ്ങാക്കറിയാണോ “?
“അല്ല മാങ്ങ കൊണ്ട് വേറൊരു കൂട്ട് ആണ്. കടുമാങ്ങ “.
“അത് ഉപ്പിലിട്ട മാങ്ങ അല്ലേ ” ?
“അല്ല. ഇത് വേറെ .മാങ്ങ രണ്ടു വശവും വെട്ടി നടുക്കഷണം അങ്ങനെ നിറുത്തി തിളച്ച വെള്ളത്തിൽ വേവിച്ച് ഉണ്ടാക്കുന്ന ഒരു തരം ഇൻസ്റ്റൻ്റ് അച്ചാർ കൂട്ട് ആണ്.
ഇന്ന് പള്ളികളിലും ഉണ്ടാകും ഇത്. കുന്നംകുളം സ്പെഷ്യൽ ”
അവർ തിരിച്ചു പോകാൻ നേരം അയാൾ കുറച്ച് സ്വിസ് ചോക്കലേറ്റുകളും സുഗന്ധം ഉള്ളിലൊതുക്കിപ്പിടിച്ച ഒരു കുപ്പിയും അവർക്ക് കൊടുത്തു.
“ഇത് എൻ്റെ അമ്മക്ക് പ്രിയപ്പെട്ട സുഗന്ധമാണ്. ഇതിലെ അവസാന തുള്ളി നീ സൂക്ഷിച്ചു വയ്ക്കുക. ഇനി നമ്മൾ കണ്ടു എന്നു വരില്ല.ഞാൻ മരിച്ചു എന്നറിയുമ്പോൾ കാണാൻ വരരുത്. ആ അവസാന തുള്ളി അങ്ങട്ട് അടിച്ചു കളയുക. എൻ്റെ ആത്മാവ് കാറ്റിനൊപ്പം പ്രകൃതിയിൽ സുഗന്ധമായി അലിഞ്ഞു എന്നു കരുതുക ”
എല്ലാ ഗുഹാതുരുത്വത്തിൻ്റെയും ഓർമ്മകൾ പേറിക്കൊണ്ട് അയാൾ തിരിച്ച് സ്വിറ്റ്സർലണ്ടിലേക്ക് തിരിച്ച് പോയി.
കുറച്ച് നാൾക്ക് ശേഷം അയാൾക്ക് ആൻറപ്പൻ്റെ ഒരു വോയ്സ് മെസേജ് ലഭിച്ചു.
” ഡാ ഗെഡി,നീ അന്ന് പറഞ്ഞ പോലെ ഒരു റിഹേഴ്സൽ മറ്റന്നാൾ ഉണ്ട്. ഡെമോ അല്ല. ശരിക്കും ഒറിജിനൽ . ഫ്യൂണറൽ.മാസങ്ങൾക്ക് മുൻപ് അവർ നേരിട്ട് വന്ന് പറഞ്ഞതാണ്. എന്തൊക്കെ ചെയ്യണമെന്ന്. നീ പറഞ്ഞ പോലെ തന്നെ. അന്ന് നിന്നെ വിളിക്കാൻ വിട്ടു പോയി. കഴിഞ്ഞ ദിവസം അവർ മരിച്ചു പോയി
നീ പറഞ്ഞ അതേ ആവശ്യങ്ങൾ എഴുവെള്ളക്കുതിരകൾ, കഴുത്തിൽ ഷാൾ, കിന്നരിത്തലപ്പാവ് വച്ച അകമ്പടിക്കാർ, റോസാപ്പൂ എന്തിന്, ബോഡിയിൽ അടിക്കേണ്ട അത്തർ വരെ അവർ എടുത്തു വച്ചിട്ടുണ്ട്. അവിടുത്തെ ഫാഷൻ ഒക്കെ ഇവിടെയും വന്നു തുടങ്ങി മോനെ”
അന്ന് രാത്രി അയാളുടെ ഫ്ലാറ്റിലെ ജാലകത്തിൽ നിന്നും ജോർജിയൻ ക്ലാസിക് ലിമിറ്റഡ് എഡിഷൻ്റെ സുഗന്ധം അനന്തവിഹായസ്സിൽ ലയിച്ചു.


2 Comments
Super 👌👌
നല്ല രചന👍🌹