പുറത്ത് താളമേളങ്ങളോടെ കന്നിമുണ്ടൻ തകർക്കുന്നു.
മഴക്കാലത്തു യാത്ര ചെയ്യുന്നത് ഇഷ്ടമാണ്. അതുകൊണ്ടാണ് കൂടെ ജോലി ചെയ്യുന്ന വർഷയുടെ അനിയത്തിയുടെ കല്യാണത്തിന് പോകാമെന്നു വച്ചത്. വീട്ടിലെത്തി, കുറച്ചു സാധനങ്ങൾ കൂടി ജോലിസ്ഥലത്തേക്ക് എടുത്തേക്കാം എന്ന് വിചാരിച്ചു.
വർഷങ്ങൾക്കു മുൻപ് വാങ്ങിവച്ച സ്യൂട്ട് കേസ്, സാരികൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചതുകൊണ്ട് പുത്തനായിരിക്കുന്നു. വിവാഹത്തിനു ഭർത്താവിന്റെ വീട്ടിലേക്കു പോകാൻ വാങ്ങിയ വിലകൂടിയ പെട്ടി, വർഷങ്ങൾ പോയതറിയാതെ. സിപ്പിന്പോലും ഒരുമാറ്റവുമില്ല. മൂന്നുദിവസത്തെ ദാമ്പത്യം, പുതുമ വറ്റാതെ. സ്നേഹത്തോടെ ചേർത്തുപിടിച്ചു ഒപ്പം കൂട്ടിയ പ്രിയപ്പെട്ടവൻ. മുറിയടച്ച് ആദ്യം പറഞ്ഞത്, “എനിക്ക് ഭാര്യയായി ഇയാളെ ഇഷ്ടമില്ല. മറ്റൊരു പെൺകുട്ടിയെ സ്നേഹിച്ചുപോയി”. എന്നാണ്.
നിറഞ്ഞു തുളുമ്പുന്ന പാൽ തൂവിപ്പോവാതിരിക്കാൻ പെട്ടെന്ന് മേശമേൽ വച്ച് ഇപ്പോൾ അദ്ദേഹം തന്നെ ചേർത്തുപിടിക്കും എന്നോർത്ത് ഒട്ടൊരു സംഭ്രമത്തോടെ നിന്ന എന്നിലേക്ക് ഇടിത്തീ പോലെ വന്നുവീണ വാക്കുകൾ.നിമിഷ നേരത്തേക്ക് ഞാൻ എന്നെത്തന്നെ മറന്നു.
“പിന്നെന്തിനാ ഇദ്ദേഹം എന്നേ കല്യാണം കഴിച്ചത്.” ചോദ്യത്തോടൊപ്പം ഒറ്റ പൊട്ടീരായിരുന്നു എന്റെ മറുപടി.
ഒരു തിരിച്ചടി പ്രതീക്ഷിച്ചു. പക്ഷെ “ആരോടും ഇത് പറയരുത് “എന്ന് മാത്രം പറഞ്ഞു.
മൂന്നാം ദിവസം പടിയിറങ്ങുമ്പോൾ ആരോടും ഒന്നും പറഞ്ഞില്ല. പിന്നീട് 3 ദിവസം കൊണ്ട് ഭർത്താവിനെ വേണ്ടെന്നുവച്ച തന്റേടി എന്ന ഓമനപ്പേര് കിട്ടിയതുകൊണ്ട് ആരും കെട്ടിയില്ല. തിരിച്ചു പോകാത്തത് എന്താണെന്നു ചോദ്യം പോലുമുണ്ടായില്ല. ബന്ധുക്കളുടെ മുഖങ്ങളിൽനിന്ന് താൻ മഹാപരാധം ചെയ്തിട്ട് ഓടിപ്പോന്നതാണെന്ന ഭാവം. ശരിയാണ്. പേരുകേട്ട കുടുംബത്തിലെ സുന്ദരനായ ചെറുപ്പക്കാരനെ, വലിച്ചെറിഞ്ഞു തിരിച്ചുപോന്ന പെണ്ണ്. വീട്ടുകാർക്കും, നാട്ടുകാർക്കും ചോദ്യചിഹ്നം.
തുരുതുരാന്നു വർഷങ്ങൾ പാറിപ്പോയി. അന്യനാട്ടിലേക്കു ട്രാൻസ്ഫർ വാങ്ങി. പിന്നീട് ഒരാണിനും മനസ്സിൽ ഇടം കൊടുത്തില്ല. കാലങ്ങൾക്കുശേഷം ഇന്ന് നാട്ടിലെത്തി. സഹപ്രവർത്തകയുടെ അനിയത്തിയുടെ കല്യാണം. ഗുരുവായൂർ വച്ച്. എല്ലാറ്റിനും കൂടെനിൽക്കുന്നവളാണ്. ഒഴിവാക്കാൻ പറ്റിയില്ല. കണ്ണനെയും കാണാലോ എന്ന് മനസ്സിൽ വിചാരിച്ചു. വെളുപ്പിന് ഗുരുവായൂർ എത്തി. കണ്ണനെ കണ്ടു തൊഴുതു.
എന്നേ കണ്ടപ്പോൾ കണ്ണന്റെ ചുണ്ടിലൊരു കള്ളച്ചിരി തെളിഞ്ഞോ? ഏയ് തോന്നലാവും. ഒരുപാട് കല്യാണങ്ങൾ ഉണ്ടായിരുന്നു. തിരക്കിൽ നിന്നൊഴിഞ്ഞു നിന്നു. കല്യാണം കഴിഞ്ഞ് പെണ്ണും ചെറുക്കനും ഇറങ്ങി വന്നു.
“ഇത് പ്രിയംവദ. എന്റെ സഹപ്രവർത്തകയാണ്. എന്നെ സുഹൃത്ത് മണവാട്ടിക്കും മണവാളനും പരിചയപ്പെടുത്തി. ഇത് പയ്യന്റെ അച്ഛനുമമ്മയും, ഇത് ഏട്ടനാണ്, പുറത്താണ്. നിന്നെപ്പോലെ ഒറ്റയാനാണ്” കൂട്ടുകാരി മണവാളൻറെ കൂടെയുള്ളയാളെ കാണിച്ചുകൊണ്ട്, എന്നോട് രഹസ്യം പോലെ പറഞ്ഞു.
ഞാൻ മുഖമുയർത്തി. അയാളും. ഒരൊറ്റ നിമിഷം. എന്റെ മനസ്സിൽ മറ്റൊരു കല്യാണപ്പന്തൽ, നിറഞ്ഞുകത്തുന്ന നിലവിളക്ക്, സ്വർണ്ണാഭരണവിഭൂഷിതയായിതാലമേന്തിയ വധു, നാദസ്വരം, ചേർത്തുനിർത്തി താലിയണിയുമ്പോൾ കഴുത്തിൽ തട്ടിയ ചുടു നിശ്വാസം.
ആരും കാണാതെ ഞാനാ മുഖത്തേക്ക് നോക്കി. അവിടെ മായാതെ കിടക്കുന്ന എന്റെ കൈവിരൽപ്പാടുണ്ടോ?
ഭാനുമോഹൻ.


4 Comments
നല്ലയെഴുത്ത്.👍
മനസ്സിൽ തൊട്ട എഴുത്ത്❤️👌🌹
നന്നായിരിക്കുന്നു.🌹
നല്ലെഴുത്ത്, പ്രതിലിപി, ഫേസ്ബുക്കിലെ മിക്കവാറും എല്ലാറ്റിലും എന്റെ ഒരു കുഞ്ഞെഴുത്തെങ്കിലും ഇല്ലാതെയില്ല. ജീവിതത്തിലെ വെളിച്ചം അണഞ്ഞപ്പോൾ എല്ലാറ്റിലും നിന്ന് പിൻവലിഞ്ഞ് ഒരു ചിതൽപ്പുറ്റിൽ ഒളിച്ചിരിക്കയായിരുന്നു. ഇനി ഒരു പുനർജ്ജനി ആകുമോ? അറിയില്ല. ഞാനറിയാത്ത, എന്നെയറിയാത്ത ജയശ്രീ മുതൽ എല്ലാ കുട്ടികളോടും ഒന്നേയുള്ളൂ. നിങ്ങളിൽ ഒരാളായി ഈ കൊച്ചിക്കാരിയെയും ചേർക്കുക. കാണാം വല്ലപ്പോഴും. ഹൃദയപൂർവ്വം
ഭാനുമോഹൻ