രാത്രിയിൽ മുറിയിൽ കയറി കതകടച്ചിട്ട് മേശയുടെ താഴത്തെ അറ തുറന്നു. അത് നിറയെ ബ്രൗൺ നിറത്തിലെ കവറുകൾ അടുക്കി വച്ചിരിക്കുകയാണ്. ഏറ്റവും മുകളിലിരുന്നത് പുറത്തേക്കെടുത്തു. കവറിനു മുകളിൽ No. 1 , തീയതി, ഇംഗ്ലീഷ് ചാപ്റ്റർ 1 എന്ന് എഴുതിയിട്ടുണ്ട്. അങ്ങിനെ ഒരാഴ്ച ഇടവിട്ട് ഒരുവർഷം ഓരോ വിഷയത്തെ ആസ്പദമാക്കി എഴുതിയ പേപ്പറുകൾ അടങ്ങിയ കവറുകൾ.
പത്താം ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞ ദിവസമാണ് അനിയത്തി ഒരു വലിയ ബ്രൗൺ കവറുമായി വന്നത്. ഞാനും അമ്മയും അടുക്കളയിലായിരുന്നു.
“ദേ, ഈ കവർ നമ്മുടെ മതിലിനു മുകളിൽ ഇരുന്നതാണ്. ചെടിച്ചില്ലക്കിടയിൽ.”
‘അമ്മ അത് വാങ്ങി തുറന്നു. ആദ്യം ചെറിയൊരു പേപ്പർ പുറത്തേക്ക് വീണു. അതിൽ ഭംഗിയുള്ള അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു.
“പ്രിയ അശ്വതീ , ഇന്ന് മുതൽ എല്ലാ ആഴ്ചയിലും ഇതുപോലൊരു കവർ നിങ്ങളുടെ മതിലിന്റെ മുകളിലെത്തും. പത്താംക്ലാസ്സിലെ എല്ലാ വിഷയങ്ങളുടെയും ചാപ്റ്റർവൈസ് വിവരങ്ങൾ അതിലുണ്ടാകും. കുട്ടി മിടുക്കിയാണെന്നറിയാം. എങ്കിലും ഇത് പത്താം ക്ലാസ്സിൽ ഏറ്റവും മികച്ച വിജയം നേടാൻ ഈ അജ്ഞാതസുഹൃത്തിന്റെ സഹായമാണ്. ”
കൂടെയുണ്ടായിരുന്ന പേപ്പറുകളിൽ ഇംഗ്ലീഷ് ആദ്യ പാഠത്തിന്റെ കുറിപ്പുകളും ചോദ്യോത്തരങ്ങളും ലളിതമായി എഴുതിയിരിക്കുന്നു.
ആരായിരിക്കുമെന്ന് ഒരു പിടിയും കിട്ടിയില്ല. അച്ഛൻ ചൂടനാണ്. അറിയിച്ചാൽ ആളെ കണ്ടുപിടിച്ച് വഴക്കുണ്ടാക്കും. ഏതായാലും പഠനത്തിനുള്ള സഹായമല്ലേ, അച്ഛനോട് പറഞ്ഞ് പ്രശ്നം ഉണ്ടാക്കേണ്ടയെന്ന് ‘അമ്മ പറഞ്ഞു.
ആ വർഷം മുഴുവൻ ഓരോ ആഴ്ചവീതം പഠിക്കാൻ ഏറെ സഹായകരമായ കവറുകൾ ലഭിച്ചു. ആരാണ് വയ്ക്കുന്നതെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞതേയില്ല. പത്താംക്ലാസ്സിൽ മികച്ച മാർക്കോടെ സ്കൂൾ ഫസ്റ്റായി വിജയിക്കാൻ ഈ അജ്ഞാത സമ്മാനങ്ങളും സഹായിച്ചു. അവസാന കവറിൽ ഒരു കത്ത് കൂടിയുണ്ടായിരുന്നു.
“പ്രിയ അശ്വതീ , എന്റെ സമ്മാനങ്ങൾ കുട്ടിയുടെ വിജയത്തെ സഹായിച്ചുവെന്ന് കരുതുന്നു. എല്ലാ നന്മകളും നേർന്നു കൊണ്ട് അജ്ഞാത സുഹൃത്ത് .”
പിന്നെ കവറുകൾ വന്നില്ല. ആവശ്യമില്ലെങ്കിലും അജ്ഞാത സുഹൃത്തിന്റെ സമ്മാനക്കൂട്ടം കളയാൻ മനസ്സ് വന്നില്ല. അങ്ങിനെയാണ് അതെല്ലാം മേശയുടെ താഴത്തെ അറയിൽ സൂക്ഷിച്ചു വച്ചത്. കാലം പോകവേ ഞാനത് മറക്കുകയും ചെയ്തു.
മികച്ച മാർക്കോടെ പിജി കഴിഞ്ഞപ്പോൾ ആറു മാസം മുൻപ് ബാങ്കിൽ ജോലി കിട്ടി.
ഇന്ന്, ഉച്ചഭക്ഷണം കഴിഞ്ഞ് മൊബൈൽ ഫോൺ നോക്കിയിരിക്കുമ്പോഴാണ് സുമുഖനായ ഒരു ചെറുപ്പക്കാരൻ മുന്നിലെത്തിയത്.
“അശ്വതീ , തിരക്കില്ലെങ്കിൽ എനിക്കിത്തിരി സംസാരിക്കാനുണ്ടായിരുന്നു.”
ഏതെങ്കിലും കസ്റ്റമർ ആയിരിക്കുമെന്ന് കരുതി ഇരിക്കാൻ പറഞ്ഞു .
” ഞാൻ ആരാണെന്നും കുട്ടിയുടെ പേരറിഞ്ഞത് എങ്ങിനെ എന്നൊക്കെ ആയിരിക്കും ഇപ്പോൾ ചിന്തിക്കുന്നത് . എന്റെ പേര് മുരളീകൃഷ്ണൻ. പേര് പറഞ്ഞാൽ അശ്വതിക്ക് മനസ്സിലാകില്ല. എന്നാൽ വർഷങ്ങൾക്കു മുൻപേ അശ്വതിക്ക് ലഭിച്ച കുറെ സമ്മാന കവറുകൾ ഓർമ്മിച്ചു നോക്കൂ. അന്നത് വച്ച അജ്ഞാത സുഹൃത്തിനെ തിരഞ്ഞില്ലേ. ആ ആളാണ് മുന്നിൽ ഇരിക്കുന്നത്.” ആദ്യം അത്ഭുതം കൊണ്ട് എനിക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല. പിന്നെ പതുക്കെ ഞാൻ ചോദിച്ചു.
“എന്തിനായിരുന്നു താങ്കൾ അന്ന് എനിക്ക് ഒത്തിരി സഹായകരമായ ആ സമ്മാനങ്ങൾ തന്നത്. എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത കാര്യമാണ്.”
അയാൾ മനോഹരമായി ചിരിച്ചു.
“അശ്വതീ, സ്കൂളിൽ നിന്നെക്കാൾ മൂന്നു വർഷം മുൻപാണ് ഞാൻ പഠിച്ചിരുന്നത് . അന്ന് മുതലേ കുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്നാൽ അച്ഛനില്ലാത്ത, അമ്മയുടെ ചെറിയ വരുമാനത്തിൽ ജീവിക്കുന്ന, എനിക്ക് നാട്ടിലെ പേരുകേട്ട തറവാട്ടിലെ സുന്ദരിയും സമ്പന്നയുമായ പെൺകുട്ടിയോട് ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം വന്നില്ല. അല്ലേലും അക്കാലത്തു പ്രണയം എന്നൊക്കെ പറഞ്ഞാൽ വലിയ പുകിലുകൾ ഉണ്ടാകുമല്ലോ. അശ്വതി പത്താംക്ലാസ്സിലെത്തിയപ്പോൾ മറക്കാനാവാത്ത സമ്മാനം തരണമെന്ന് ആഗ്രഹം തോന്നി. ഒരുപാട് ആലോചിച്ചപ്പോഴാണ് പഠിത്തത്തിനു സഹായകരമായ കുറിപ്പുകൾ എന്ന ആശയം കിട്ടിയത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിനു മാത്രമേ ഇക്കാര്യം അറിയാമായിരുന്നുള്ളൂ. പഠിക്കാൻ മിടുക്കനായിരുന്ന ഞാൻ അന്ന് എൻജിനീയറിങ്ങിന് ചേർന്നിരുന്നു.”
ഒരു കഥ കേൾക്കുന്ന അത്ഭുതത്തോടെ മിഴിച്ചിരിക്കുന്ന എന്നെ നോക്കി അയാൾ തുടർന്നു.
“വർഷങ്ങൾ കടന്നു പോയി. മികച്ച രീതിയിൽ എൻജിനീയറിങ് പാസ്സായ എനിക്ക് ദുബായിലെ ഒരു പ്രശസ്ത കമ്പനിയിൽ നല്ല ജോലി കിട്ടി. മൂന്നു വർഷം കൊണ്ട് ഞാൻ പലതും നേടി . നാട്ടിൽ കുറെ സ്ഥലം വാങ്ങി , നല്ല വീട് വച്ചു , ചേച്ചിയുടെ വിവാഹം നടത്തി . നിന്നെ ചോദിച്ചു വരാൻ ധൈര്യമായി . ആദ്യം കുട്ടിയോട് ഇഷ്ടം തുറന്നു പറയാനാണ് വന്നത്. അശ്വതി സമ്മതിച്ചാൽ ഞാനും അമ്മയും വീട്ടിലേക്ക് വരാം.”
അയാൾ എന്റെ കണ്ണുകളിലേക്ക് പ്രത്യാശയോടെ നോക്കി.
ഒരു കുസൃതി ചോദ്യമാണ് ഞാൻ ചോദിച്ചത്.
“ഇത്രയും നാൾ കാത്തിരുന്നിട്ട് ഇപ്പോൾ വരുമ്പോൾ എന്റെ കല്യാണം കഴിഞ്ഞിരുന്നുവെങ്കിലോ.”
“നാട്ടിലെ കൂട്ടുകാരൻ വഴി നിന്റെ വിവരങ്ങളൊക്കെ അപ്പോഴപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു. കുട്ടിക്കും ജോലിയായ സ്ഥിതിക്ക് ഇനി തുറന്നു പറഞ്ഞില്ലെങ്കിൽ നീ മറ്റാരുടേതെങ്കിലും ആകുമെന്ന് തോന്നിയതു കൊണ്ടാണ് ഇപ്പോൾ വന്നത്. ”
“എനിക്ക് ഇഷ്ടമില്ലെങ്കിലോ ” ചിരിയടക്കി ഗൗരവത്തിൽ ഞാൻ ചോദിച്ചു.
“പിന്നെ എനിക്കൊന്നും പറയാനില്ല. എന്റെ ജീവിതത്തിൽ അശ്വതി അല്ലാതെ മറ്റൊരു പെണ്ണില്ല. കുട്ടിക്ക് ഇഷ്ട്ടമായാലും ഇല്ലെങ്കിലും .”
പിന്നെ മുരളി ഒരു കാർഡ് മേശപ്പുറത്തു വച്ചു.
“ഇതെന്റെ കാർഡാണ്. അശ്വതി ആലോചിക്കൂ. എന്നിട്ട് സമ്മതമെങ്കിൽ ഇതിലെ നമ്പറിൽ വിളിക്കണം. പിറ്റേന്ന് തന്നെ അമ്മയുമായി ഞാൻ വീട്ടിലെത്തും. ഒരാഴ്ചക്കകം വിളിച്ചില്ലെങ്കിൽ കുട്ടിക്ക് ഇഷ്ടമല്ലെന്ന് ഞാൻ കരുതും. പിന്നെ ഒരിക്കലും അശ്വതിയെ ശല്യപ്പെടുത്തുകയില്ല.”
മുരളി പോയി. ഈശ്വരാ, എന്തെല്ലാം ആണ് സംഭവിക്കുന്നത്. ഒരിക്കൽ അജ്ഞാതന്റെ സമ്മാനങ്ങൾ കിട്ടുക. ഒട്ടും പ്രതീക്ഷിക്കാതെ ആ അജ്ഞാതൻ വിവാഹഭ്യർത്ഥനയുമായി മുന്നിലെത്തുക . വിശ്വസിക്കാൻ പറ്റിയില്ല. എങ്കിലും ആ കാർഡ് എടുത്ത് ബാഗിലേക്കിട്ടു.
അന്ന് പിന്നെ ജോലിയിൽ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല. തലവേദനയെന്നു പറഞ്ഞ് നേരത്തെ മുറിയിൽ കയറി കതകടച്ചതാണ്. പിന്നെ ആദ്യത്തെ സമ്മാനപ്പൊതി പുറത്തെടുത്തു. ആ പേപ്പറിൽ സൗമ്യമായ ഒരു മുഖം തെളിഞ്ഞു വരുന്നുവല്ലോ . എന്നെ സ്വീകരില്ലേയെന്ന് ആ കണ്ണുകൾ ചോദിക്കുന്നുവോ. പതിയെപ്പതിയെ ആ മുഖം തന്റെ മനസ്സിൽ തെളിയുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ അമൂല്യമായ ആ സമ്മാനപ്പൊതികൾ വാരി മാറോടു ചേർത്തു. പിന്നെ ബാഗിൽ നിന്ന് ആ കാർഡ് പുറത്തെടുത്തു. മുരളിയുടെ നമ്പർ ഫോണിൽ മെല്ലെ അമർത്തുമ്പോൾ ആ സ്നേഹസമ്മാനങ്ങളിൽ നിന്നുയർന്ന പ്രണയത്തിന്റെ സുഗന്ധം എന്നെ പൊതിഞ്ഞു.


8 Comments
സ്നേഹം
സന്തോഷം…. നന്ദി❤️🙏
മനോഹരം. 👌❤️
സന്തോഷം…. നന്ദി❤️🙏
കൊള്ളാം 👌🥰💗
സന്തോഷം…. നന്ദി❤️🙏
നല്ല കഥ👌🌹
പ്രണയം ഇങ്ങനെയും ആവാം അല്ലേ❤️❤️
അതെ……സന്തോഷം…. നന്ദി❤️🙏