അക്കാനി (കഥ )
………………………………….
“ഇനീം കുറെ നടക്കണോ?”,
അമ്പിളി ഭർത്താവിനോട് ചോദിച്ചു.
ടാർ റോഡ് കഴിഞ്ഞ്, മണ്ണിടവഴികളിലൂടെ അവർ കുറേനേരമായി നടന്നുകൊണ്ടിരുന്നു. യാത്രയിൽ വെട്ടിയിട്ട മരങ്ങളും നിർമാണത്തിലിരിക്കുന്ന ചെറിയ വീടുകളും കാണാമായിരുന്നു.
അവരുടെ മകൾ ചിണുങ്ങി കരയാൻ തുടങ്ങി. മുന്നിലോടുന്ന മകൻ ഇടയ്ക്കിടെ അവരെ തിരിഞ്ഞുനോക്കി.
“ദാ…. എത്താറായി, ഇവിടെ തന്നെ അഞ്ചു സെന്റ് സ്ഥലം വാങ്ങിക്കാൻ എന്താ വില, ഇനി പെരപണിക്കു കടം വേറെ വാങ്ങിക്കണം. എന്നിട്ടാണോ?” പകുതിയിൽ നിർത്തിയ വാചകത്തിൽ തനിക്കൊരു താക്കീത് ഒളിച്ചിരിക്കുന്നുണ്ടെന്നു അമ്പിളിയറിഞ്ഞു.
വലിയ ഒരു പറമ്പിൽ, ചതുരങ്ങളായി മുറിച്ച് അതിര് അളന്നിട്ട തുണ്ടു ഭൂമിയിൽ ഒരു കൊച്ചുപുര സ്വന്തമാകുന്ന യാഥാർഥ്യം അമ്പിളിയെ കരയിപ്പിച്ചു.
എത്ര നാളായി ഒരു വീടിനു കൊതിക്കുന്നു, സന്തോഷാശ്രുക്കൾ തുടച്ചു, അവൾ ആ ചെറിയ ഭൂമി നോക്കികണ്ടു.
“ഈ തെങ്ങു നമുക്ക് കിട്ടും, ഈ വർഷം കായ്ക്കും എന്നു തോന്നുന്നു”, അതിരിലെ തെങ്ങു ചൂണ്ടി അയാൾ പറഞ്ഞു.
“ഉം… കറിക്ക് അരക്ക്യാൻ കിട്ടും”, അവൾ കണക്കുകൂട്ടി.
“നിങ്ങളാണോ ഈ സ്ഥലം വാങ്ങിച്ചത്?”. അപ്പുറത്ത് നിന്നും ഒരു സ്ത്രീ വിളിച്ചു ചോദിച്ചു.
വിടർന്നു ചിരിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും ഒറ്റനോട്ടത്തിൽ തന്നെ അമ്പിളിയെ ആകർഷിച്ചു. കയറ്റി കുത്തിയ നിറം മങ്ങിയ ഉടുപ്പിന് താഴെ അരികു കീറിയ അടിപാവാട തൂങ്ങി കിടന്നു. അവരുടെ വീടുപണി മുക്കാൽ ഭാഗമായിരിക്കുന്നു. ആ ചെറിയ വീടു കണ്ടപ്പോൾ അമ്പിളി മനസ്സിൽ കരുതി, കുഴപ്പമില്ല, നമ്മളെ പോലെ തന്നെ, കൂലിവേലക്കാർ ആണെന്ന് തോന്നുന്നു.
കൈയിലെ ചെമ്മണ് തട്ടികളഞ്ഞു അവർ ചിരിച്ചു.
“അതെ, ഇനി പുര പണിയണം”, നടത്തത്തിന്റെ തളർച്ചയിലും അമ്പിളി ഉത്സാഹം കാണിച്ചു.
“കുടിക്കാൻ വെള്ളം വേണോ?, പിള്ളേർ നന്നെ ക്ഷീണിച്ച മട്ടുണ്ടല്ലോ?”, അവർ മകളുടെ കവിളിൽ തട്ടി.
ചില്ലു ഗ്ലാസിൽ പകർന്ന വെള്ളം സൗഹൃദത്തിന്റെ ചാൽ തുറന്നു തെളിനീരായി ഒഴുകി.
“എന്റെ മക്കളും ഇതേ പ്രായം തന്നെ”, അവർ അമ്പിളിയുടെ കുഞ്ഞുങ്ങളെ ചേർത്തുനിർത്തി.
ചെറിയ വരുമാനമുള്ള ജോലികൾ ചെയ്യുന്ന പ്രഭയും ഭർത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബവുമായി എത്ര വേഗമാണ് അമ്പിളിയും കുട്ടികളും ചങ്ങാത്തത്തിലായതെന്ന് അമ്പിളി ഇടയ്ക്കു ഓർത്തെടുക്കാൻ ശ്രമിക്കും. താൻ ജോലിചെയ്യുന്ന നഴ്സറിയിൽ അമ്പിളിക്കു ജോലി തരപ്പെടുത്തി കൊടുത്തതും പ്രഭ തന്നെയായിരുന്നു. അവർ ഒന്നുചേർന്നു മണ്ണൊരുക്കിയും കള പറിച്ചും ചെടികൾ ചെറിയ പ്ലാസ്റ്റിക് കൂടുകളിൽ നിറച്ചും വെയിൽ മൂക്കുമ്പോൾ തണൽ ചാഞ്ഞും വിശേഷങ്ങൾ പങ്കുവെച്ചു.
സർക്കാർ പള്ളിക്കൂടത്തിൽ പഠിക്കുന്ന മക്കളെ ഒരുമിച്ചു യാത്രയാക്കി, അവർ ചോറ്റ് പാത്രങ്ങൾ തൂക്കി ഒന്നിച്ചു നടന്നു. ഭക്ഷണം പങ്കിട്ട് സൗഹൃദത്തിന്റെ പുതിയ രുചിക്കൂട്ടുകൾ നുണഞ്ഞു.
കടവും പലിശയും പ്രാരാബ്ദകെട്ടുകൾ പൊട്ടിച്ചു പുറത്തുചാടി. വേലിക്കെട്ടി തിരിക്കാത്ത അതിർ കടന്നു, പ്രഭയുടെ വീടിന്റെ ചായ്‌പ്പിൽ അവർ ഇരുന്നു, പരസ്പരം ആശ്വസിപ്പിച്ചു. ചെറിയ കൈമാറ്റങ്ങളും പങ്കിടലുമായി അവർ കൂടുതലടുത്തു. അന്തിച്ചോപ്പു മറയും വരെ കളിച്ചു തിമർക്കുന്ന കുട്ടികൾ പെറ്റമ്മക്കും പോറ്റമ്മക്കും ചുറ്റും ഓടി ഒച്ചവെച്ചു.
ഉണങ്ങിയ വിറകു കൂട്ടിയിട്ട ചായ്‌പ്പിൽ നിന്ന് തെങ്ങിലേക്ക് നോക്കി, പ്രഭ വിളിച്ചു പറഞ്ഞു,
“ദേ… പൂങ്കുല വന്നൂലോ, അമ്പിളി വന്നു നോക്ക് “, പാത്രം തേച്ചുകൊണ്ടിരുന്ന അമ്പിളി കൈ തുടക്കാതെ ഓടിവന്നു.
“ദാ… അവിടെ”, പ്രഭ വിരൽ ചൂണ്ടി. വെയിൽ തേടി വളഞ്ഞു വളർന്നു തെങ്ങ്, പച്ചോല കുടനിവർത്തിയത് പ്രഭയുടെ പുരയിടത്തിൽ ആയിരുന്നു.
തെങ്ങിൻ തടത്തിൽ നിറഞ്ഞ വെള്ളത്തിൽ, നീരണിഞ്ഞ കടലാസുത്തോണി മക്കളുടെ ആരവത്തിനോടൊപ്പം മെല്ലെ നീങ്ങി.
പൂങ്കുല വിരിയുന്നതും മച്ചിങ്ങ വളർന്നു കരിക്കും തേങ്ങയുമായി രൂപപ്പെടുന്നതും ദിവസങ്ങളുടെ വളർച്ചയ്ക്കൊപ്പം അവർ ഒരുമിച്ചു രേഖപ്പെടുത്തി.
‘ട്ട്ടോ….’, വീശിയടിച്ച കാറ്റിന്റെ ഊക്കിൽ തേങ്ങ ചായ്‌പ്പിന്റെ ഓട് പൊളിച്ചു താഴേക്ക് ഉരുണ്ടുനീങ്ങി. പൊട്ടിയ ഓടുകഷണങ്ങൾ പെറുക്കി കൂട്ടുമ്പോൾ പ്രഭയുടെ മുഖം വിവർണമായി. തുടർന്നും പതിവായി വീഴുന്ന തേങ്ങകൾ വിറകുപുരയിൽ യാതൊരു ദാക്ഷിണ്യമില്ലാതെ തുളകൾ വീഴ്ത്തി.
“ഇതു ശരിയാവില്ല, ഇങ്ങനെ ഞങ്ങളുടെ തൊടിയിൽ തേങ്ങ വീണാൽ പറ്റില്ല.” പതിവില്ലാത്തവിധം ദേഷ്യം മുഖത്തും വാക്കുകളിലും കറുപ്പുനിറം പടർത്തി.
“അതിനു ഞങ്ങളെന്തു ചെയ്യാനാ?”, അമ്പിളിയുടെ സ്വരത്തിലും അനിഷ്ടം പ്രകടമായിരുന്നു.
“തെങ്ങിന്റെ കട മാത്രമെ നിങ്ങളുടെ പുരയിടത്തിൽ ഉള്ളൂ. അതാണിങ്ങനെ, ഞങ്ങൾക്ക് ശല്യമാകുന്നത്. ഇതിപ്പോൾ എത്ര ഓട് ഉടഞ്ഞുപോയെന്നറിയാമോ? ” പ്രഭ തേങ്ങ പെറുക്കി, ഊക്കിൽ അമ്പിളിയുടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു.
“പിന്നെ ഞങ്ങൾ തെങ്ങ് വെട്ടികളയണോ? ങാ… ഇതു നല്ല കൂത്ത്”, അമ്പിളി ദേഷ്യം കൊണ്ടു മുരണ്ടു.
“അതു തന്യാ നല്ലത്.” പ്രഭ വേഗത്തിൽ നടന്ന് ഉമ്മറത്ത് കയറി നിന്നു വിളിച്ചു പറഞ്ഞു.
“ഇതാണല്ലേ മനസ്സിലിരിപ്പ്, ങാ.. നടന്നത് തന്നെ. എന്തെളുപ്പത്തിലാണ് പറയുന്നത്, തെങ്ങ് വെട്ടണം, വെട്ടണത്രേ! “, അമ്പിളി പ്രഭയെ തുറിച്ചു നോക്കി.
വെല്ലുവിളിയും ആക്രോശവും തുടർന്നപ്പോൾ കുട്ടികൾ കളി നിർത്തി. അമ്മമാരുടെ ഭാവപകർച്ചയിൽ പകച്ചു നിന്നു. അവരുടെ കയ്യിലെ മഷിത്തണ്ടുകൾ അവരറിയാതെ കയ്യിൽ നിന്നും ഊർന്നുപോയി.
“വാടാ… ഇവിടെ”, പ്രഭ മക്കളെ വിളിച്ചു.
“ഇനി അങ്ങോട്ട് കളിക്കാൻ പോയാലുണ്ടല്ലോ, തല്ലി ഞാൻ പുറം പൊളിക്കും”, ഉഗ്രശാസനത്തിൽ ഭയന്ന കുട്ടികൾ തിരിഞ്ഞു നോക്കി. തങ്ങൾക്കും ചുറ്റും സംഭവിക്കുന്നത് എന്തെന്നറിയാത്ത അമ്പിളിയുടെ മക്കളുടെ
പേടിച്ചരണ്ട കണ്ണുകൾ, അവരെ പിന്തുടരുന്നുണ്ടായിരുന്നു.
എത്ര വേഗമാണ് മനുഷ്യമനസ്സുകളിൽ വൈരാഗ്യം മുളപൊട്ടുന്നത് എന്നോർത്ത് തെങ്ങ് വിതുമ്പി. പൂങ്കുലയിൽ നിന്നും ഊറിവരുന്ന നീരയുടെ മധുരം നുണഞ്ഞു മത്തുപ്പിടിച്ചു ഉറുമ്പുകൾ കൂട്ടംകൂടി ചുരുണ്ടു കുറുകി പറ്റിച്ചേർന്നിരുന്നു. മരം അതിനെ കുടഞ്ഞു കളഞ്ഞില്ല പകരം തന്നോട് ചേർത്തുവെച്ചു.
വീടുകളിലും ജോലിസ്ഥലത്തും പരസ്പരം മുഖം കൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഇരുവരും ശ്രമിച്ചു.
“എന്താ… നിങ്ങൾക്ക് പറ്റീത്?വല്യേ ചക്കരേം ഈച്ചെ ആയിരുന്നുലോ”, എളിയിൽ കൈക്കുത്തി നിന്നു ചെടി നനക്കുന്ന മറെറാരു ജോലിക്കാരി ചോദിച്ചു.
“അതിനു നിങ്ങൾക്ക് ചേതമൊന്നുമില്ലല്ലോ, ഓ… ഒരാൾ കാര്യം അന്വേഷിക്കാൻ വന്നിരിക്കുണു, നിങ്ങൾ പോയി നിങ്ങടെ കാര്യം നോക്ക്”, അമ്പിളി കയർത്തു.
പ്രഭയുടെ കൊളുത്തിവലിക്കുന്ന നോട്ടം അവഗണിച്ചു അവൾ വീണ്ടും പിറുപിറുത്തു.
വിദ്വേഷം, ഇല്ലിമുള്ളു വേലിയായി അതിരിൽ കുത്തിയുയർന്നു. പെട്ടെന്നൊരു ദിവസം പിരിച്ചു മാറ്റപ്പെട്ട കളിക്കൂട്ട്, മക്കളെ നൊമ്പരപ്പെടുത്തി, പുറത്തു ചാടാൻ ഒരുങ്ങിയ വാക്കുകൾ, ശാസനയിൽ ഉറഞ്ഞു. തൊലിയിൽ മുള്ളുകൾ പോറി, മനസ്സിലും ചോര പൊടിഞ്ഞു.
പ്രഭയും അമ്പിളിയും നെഞ്ചിൽ പെരുകുന്ന ഭാരം മെല്ലെ അറിയാൻ തുടങ്ങി. ദിവസങ്ങൾ തോറും ഘനം വെച്ചു അവരെ ഞെരുക്കാൻ തുടങ്ങിയ
അസ്വസ്ഥതയുടെ ഉൾപെരുക്കത്തിൽ വലഞ്ഞു.
“ശ്ശേ…ഒന്നും വേണ്ടായിരുന്നു, ഇത്രയ്ക്കൊന്നും പ്രശ്നമാക്കേണ്ടായിരുന്നു”, സമയത്തിന്റെ ആനുകൂല്യം വിചിന്തനത്തിന്റെ പാത ഇരുവരുടെയും ഇടയിൽ വെട്ടി തുറന്നു.
‘ഇതൊന്നു തീർന്നു, എല്ലാം പഴയതു പോലെ ആയിരുന്നെങ്കിൽ! ‘, ഉള്ളിൽ നുരയുന്ന ആഗ്രഹം ഇടയ്ക്കിടെ നെടുനിശ്വാസങ്ങളായി പുറത്തുവന്നു. തോൽവി സമ്മതിക്കാൻ പാകപ്പെടാത്ത മനസുകൾ സ്വയം വിചാരണ ചെയ്തു. സൗഹൃദം, മുറിച്ചു മാറ്റിയിട്ടും അററുപോകാത്ത പൊക്കിൾക്കൊടി ബന്ധമായി അവർക്കിടയിൽ നീണ്ടു. നീക്കുപ്പോക്കുകളുടെ ആകത്തുകയാണല്ലോ മനുഷ്യജീവിതം.
ചുടുകട്ടകൾ ഇടിച്ചിട്ട് ചായ്പ് പൊളിച്ചു മാറ്റുന്ന ശബ്ദം കേട്ടിട്ടാണ് അമ്പിളി പുറത്തിറങ്ങിയത്. പ്രഭയുടെ കണ്ണുകളിലെ സൗമ്യഭാവം അമ്പിളിയുടെ ഉള്ളു തണുപ്പിച്ചു. അവൾ കുറച്ചു കൂടി മുന്നോട്ടു നടന്നു.
“പ്രഭേ, എന്തിനാ ഇപ്പോളിതു പൊളിക്കുന്നേ?”, അവൾ വാക്കുകൾക്കായി വിക്കി.
“ഒരു വിറകുപുരയല്ലെ അതു വീടിന്റെ പിറകിൽ ഉണ്ടാക്കാം. ”
“അയ്യോ, അതു വേണ്ട.. ഞങ്ങൾ തെങ്ങ് മുറിച്ചുമാറ്റാം എന്നു കരുതിയിരിക്ക്യ”, അമ്പിളി കൈ കൊണ്ടു ആഗ്യം കാണിച്ചു. ഭയം കൊണ്ടു ഞെട്ടി വിറച്ച തെങ്ങിൽ നിന്നും ഉണങ്ങിയ മടൽ ഊർന്നു കാറ്റിലാടി.
“ഏയ്…അതൊന്നും വേണ്ട. അതവിടെ നിന്നോട്ടെ, കായ്ക്കാൻ തുടങ്ങിയ തെങ്ങ് വെട്ടേണ്ട”, പ്രഭ പറഞ്ഞു. അവരുടെ മക്കൾ വിശ്വാസം വരാതെ അമ്മമാരെ ഉറ്റുനോക്കി. നെഞ്ചിൽ നിന്നും ഒഴിഞ്ഞിറങ്ങിയ ഭാരത്തിന്റെ ലാഘവത്തിൽ സ്ത്രീകളുടെ മുഖം പ്രകാശിച്ചു.
“ഈ ചെറിയ കാര്യത്തിനൊന്നും കളയാനുള്ളതല്ല നമ്മുടെ അടുപ്പമല്ലേ?”, പ്രഭയുടെ കണ്ണുകളിൽ നാമ്പിട്ട പുഞ്ചിരി മുഖമാകെ നിറഞ്ഞു.
“അതെ…, ഞാനും ഇത്രയൊന്നും കരുതിയില്ല, എന്തൊക്കെയൊ അപ്പഴത്തെ ദ്വേഷ്യത്തിൽ ബോധമില്ലാതെ പറഞ്ഞു പോയി, ഒന്നും മനസ്സിൽ വെയ്ക്കരുത്”, അമ്പിളിയുടെ സ്വരം നേർത്തു താണു.
“ഏയ്… അതൊന്നും സാരല്യ, ഞാനും ഓർത്തില്ലല്ലോ”, അവരുടെ തിരിച്ചറിൽ അവർക്കിടയിൽ പോക്കുവെയിൽ പൊൻ നിറത്തിൽ മിന്നി.
അമ്പിളിയുടെ മക്കൾ അകത്തേക്കോടി, നിറമുള്ള പട്ടം കൂട്ടുകാരെ എടുത്തു കാണിച്ചു. അവർ അതു കാറ്റിന്റെ ഗതിയിൽ വീശിയെറിഞ്ഞു. പട്ടം കാറ്റിനൊപ്പം ഉയർന്നു പൊങ്ങി, അയഞ്ഞ നൂലിൻ പിടിയിൽ നിന്നും ഊർന്നു, കുടവിരിച്ച പച്ചോലകളിൽ തൊട്ടു. കുട്ടികളുടെ ആർപ്പിൽ മനം നിറഞ്ഞ പട്ടം സന്തോഷത്തോടെ വാൽ ചലിപ്പിച്ച് മരത്തിൽ അള്ളിപ്പിടിച്ചിരുന്ന ഉറുമ്പുകളെ ഉണർത്തി. മരം തന്റെ പൂങ്കുലയിൽ ഒളിച്ചുവെച്ച അക്കാനിയുടെ ഇളം മധുരത്തിനായി അവർ അരിച്ചുനീങ്ങി.
ഇനി എന്തു സംഭവിച്ചുവെന്നോ? ഇതെന്തു ചോദ്യം? അവരെല്ലാവരും ഉറുമ്പുകളും മനുഷ്യരും മധുരക്കള്ളു ഇററിക്കുന്ന തെങ്ങും ഒന്നുച്ചേർന്ന് ജീവിതം മധുരമാക്കി, അത്ര തന്നെ.
***
അക്കാനി – നീര, മധുരക്കള്ള്.
#തിരിച്ചറിവ്.


21 Comments
ബന്ധങ്ങൾ മധുരമാക്കുന്നത് ഇത്തരം വിട്ടുവീഴ്ചകൾ ആയിരിക്കും, കാലങ്ങൾക്കിപ്പുറം നിന്ന് നോക്കുമ്പോൾ വളരെ ചെറുതെന്ന് തോന്നിപ്പിക്കുന്ന ഇത്തരം വിട്ടുവീഴ്ചകൾ ഇന്നൊരു പക്ഷേ വലുതായി തോന്നും. എന്നാലും, പരസ്പരം ഒന്നു തോറ്റാൽ എല്ലാതും മനോഹരമാവുകയേ ഉള്ളൂ. സന്തോഷമായി.
ബന്ധങ്ങൾ മധുരമാക്കുന്നത് ഇത്തരം വിട്ടുവീഴ്ചകൾ ആയിരിക്കും, കാലങ്ങൾക്ക് പത്തും നിന്ന് നോക്കുമ്പോൾ വളരെ ചെറുതെന്ന് തോന്നിപ്പിക്കുന്ന ഇത്തരം വിട്ടുവീഴ്ചകൾ ഇന്നൊരു പക്ഷേ വലുതായി തോന്നും. എന്നാലും, പരസ്പരം ഒന്നു തോറ്റാൽ എല്ലാതും മനോഹരമാവുകയേ ഉള്ളൂ. സന്തോഷമായി.
Rani Zain, thank you.🙏🥰
വായിച്ച് കഴിഞ്ഞപ്പോൾ ഒരു കുഞ്ഞ് പിണക്കം തീർക്കാനുണ്ടെന്ന് എൻ്റെയും മനസ്സ് പറയുന്നു.
Nice sindh.
👏
ഇത്രേയുള്ളൂ കാര്യം …..വിറകുപുര മാറ്റാനോ തെങ്ങു വെട്ടാനോ തീരുമാനിക്കുമ്പോൾ അലിഞ്ഞു പോകുന്നു നാട്ടിൻപുറ പിണക്കങ്ങൾ ……. സുന്ദരമായ കഥ👍❤️
മിനി സുന്ദരേശൻ, ഒത്തിരി നന്ദി, സന്തോഷം.❤️
കഥ നനായിരിക്കുന്നു.അഭിനന്ദനങ്ങൾ. ഇനിയൂംഎഴൂതൂക.
Thank you, Rita chechi.🙏❤️
Thank you, Reetha Jose
നാട്ടിൻപുറങ്ങളിലോക്കെ ഇപ്പോഴും നടന്നു വരുന്ന ഒരു കലാരൂപമാണ് ഈ അതിർത്തി തെങ്ങും തേങ്ങയും അതിനെ ചൊല്ലിയുള്ള അടിപിടിയും. എത്ര സുന്ദരമായാണ് അതൊരു കഥയാക്കി മാറ്റിയത്. സൂപ്പർ 👌👌
Thank you Electa.🙏🥰
മനോഹരം 👌👌👌
Sreeja, സന്തോഷം, നന്ദി, സ്നേഹം.🥰🙏🫂
മനോഹരം ജോയ്സ്❤️👌🌹
പിണക്കങ്ങൾ ഇത്രയേയുള്ളു. ❤️
സന്തോഷം പകരുന്നൊരു എഴുത്തുരീതിയാണ് ജോയ്സിൻ്റേത്.
പതിവുപോലെ ഇഷ്ടമായി. ചെറിയ പിണക്കങ്ങൾ വിട്ടുകളയാനുള്ള തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകട്ടെ.!❤️❤️
Thara, വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.🙏❤️🫂
മനോഹരമായ കഥ Joyce varghese
Suresh, thank you.🙏
Suma, നല്ല വായന. അതു തന്നെയാണ് ഞാൻ ഉദ്ദേശിച്ചതും.
🙏🥰❤️
Suma, thank you.🫂🙏