ഐപാഡും ഫോണുമായി ബാൽക്കണിയിലിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഒരു വരി പോലും എഴുതാൻ കഴിഞ്ഞിട്ടില്ല.
‘ഈയിടെയായി എഴുത്തൊന്നും കാണുന്നില്ലല്ലോ എന്തു പറ്റി?’
എന്നു ചോദിച്ച് പലരുടേയും മെസേജുകൾ വന്നു കിടപ്പുണ്ട്. മറുപടി എന്തു കൊടുക്കും?
ഇങ്ങനെയൊരു വിരസത ജീവിതത്തിലിന്നു വരെ ഉണ്ടായിട്ടില്ല. പെൻഷനായിട്ട് പത്തു പന്ത്രണ്ടു വർഷമായിട്ടും ചെറുപ്പക്കാരനെപ്പോലെ ഊർജ്ജസ്വലനായി നടക്കുന്നതിൻ്റെ രഹസ്യമെന്തെന്നു ചോദിച്ച് കൂട്ടുകാർ കളിയാക്കിയിരുന്നതാണ്.
ഇനി അവന്മാരുടെയെങ്ങാനും കണ്ണുപെട്ടതായിരിക്കുമോ?
ഛേ… അങ്ങനെയുള്ള അന്ധവിശ്വാസങ്ങളോട് എന്നും അകലം പാലിച്ചിട്ടേയുള്ളു.
ടീപ്പോയിലിരുന്ന ഫോണിനടുത്തേക്ക് ഐപാഡും നീക്കിവെച്ച് അയാൾ ആകാശത്തേക്കു കണ്ണുംനട്ടിരുന്നു.
പത്മയെ ഒറ്റയ്ക്കു വിട്ടത് അബദ്ധമായി. രണ്ടു പേർക്കും കൂടി പോകാമെന്നവൾ പറഞ്ഞതാണ്.
യു.എസിലുള്ള മോളുടെ അടുത്തേക്കു പോയ ഭാര്യയെ ഓർത്തപ്പോൾ അയാളുടെ മനസ്സാകെ അസ്വസ്ഥമായി. പ്രസവ സമയത്ത് അമ്മയും അച്ഛനും കൂടെ വേണമെന്ന് മോൾ നിർബ്ബന്ധം പിടിച്ചപ്പോൾ
താനെത്ര എതിർത്തതാണ്. ഒടുവിൽ അമ്മയെങ്കിലും വന്നേ പറ്റൂ എന്ന അവളുടെ കടും പിടുത്തത്തിനു വഴങ്ങിയത് തെറ്റായിപ്പോയി.
തന്നെ ഒറ്റയ്ക്കാക്കിപ്പോകാൻ പത്മയ്ക്ക് ഒട്ടുംതാല്പര്യമില്ലായിരുന്നു.
അവിടെച്ചെന്നപ്പോൾ അവൾക്കും ജോലിത്തിരക്കായി. ടൈം സോൺ മാറിയതുകൊണ്ട് രണ്ടു കൊച്ചുവർത്തമാനം പറയാൻ പോലും സമയം കിട്ടുന്നുമില്ല.
ഇനി പറഞ്ഞിട്ടെന്തു കാര്യം…
ഒന്നു മിണ്ടിയും പറഞ്ഞുമിരിക്കാൻ ആരുമില്ലാത്തവരുടെ വേദന ഇപ്പോഴാണ് മനസ്സിലാവുന്നത്.
ഫോണിൽ നോട്ടിഫിക്കേഷൻ്റെ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.
ഓ… സുധാകരനായിരിക്കും. വൈകിട്ട് ചീട്ടുകളിക്കാനെത്താമെന്നു പറഞ്ഞിരുന്നതാണ്. ഫോൺ വിളിച്ചാൽ ഭാര്യ അറിയുമെന്നു കരുതി മെസേജയയ്ക്കുകയാവും.
ഒരു മഴത്തുള്ളി കൈയിലേക്കു വീണപ്പോൾ രാജേന്ദ്രൻ എഴുന്നേറ്റു.
ഹാളിൽ വന്ന് ടി.വി ഓൺ ചെയ്തു.
വീണ്ടും നോട്ടിഫിക്കേഷൻ സൗണ്ടു കേട്ടപ്പോഴാണ് ഫോണെടുത്തത്.
സുധാകരൻ്റെ മെസേജുകൾ വന്നു കിടപ്പുണ്ട്. പക്ഷേ ഏറ്റവും മുകളിലായി ഏതോ നമ്പറിൽ നിന്നും വന്ന മെസേജുകൾ കണ്ട് അയാൾ കണ്ണടയെടുത്തു വെച്ചു.
“ഹായ്”
“എന്തു ചെയ്യുന്നു?”
“വീട്ടിൽ ഒറ്റയ്ക്കിരുന്നിട്ടു ബോറടിക്കുന്നില്ലേ?”
ഇതാര്? അയാൾ അത്ഭുതപ്പെട്ടു.
ഡി.പി നോക്കി. ഒരു പനിനീർപ്പൂമാത്രം.
ശ്ശെടാ……..
വീണ്ടും അതാ…..
”ആഹാ ഫോണെടുത്തല്ലോ “
ഓൺലൈൻ കണ്ടതു കൊണ്ടാവും.
മറുപടി കൊടുക്കണോ? അയാളൊന്നു ചിന്തിച്ചു. കൊടുത്തേക്കാം. ആരാണെന്നറിയാമല്ലോ.
“ആരാണ്?”
മറുപടിയില്ല
“ഇപ്പോൾ ഒന്നും എഴുതുന്നില്ലേ?”
“എഴുതുന്ന ഗ്രൂപ്പിലുള്ള ആളാണോ? ”
അതിനും മറുപടിയില്ല.
“ഞാനെഴുതുന്നതൊക്കെ വായിക്കാറുണ്ടോ? അപ്പോൾ ഗ്രൂപ്പിലുണ്ടാവുമല്ലോ?”
മറുവശത്ത് അനക്കമില്ല.
“ഇപ്പോൾ ഏതു ബുക്കാണു വായിക്കുന്നത്?”
പിന്നെ കുറേ നേരം വായനയേക്കുറിച്ചായിരുന്നു.
”പോട്ടേ നാളെക്കാണാം .
ഗുഡ് നൈറ്റ് “
എന്നാലും ആരായിരിക്കും? പത്മയുടെ സുഹൃത്തുക്കളാരെങ്കിലും? ഒന്നും മനസ്സിലാവുന്നില്ല. ഓട്സുണ്ടാക്കിക്കുടിക്കുമ്പോഴും അയാളുടെ മനസ്സിൽ അതു തന്നെയായിരുന്നു.
പത്മ വിളിക്കുമ്പോൾ പറയണോ? പറഞ്ഞേക്കാം… വേണ്ട… അല്ലെങ്കിൽത്തന്നെ അവൾക്കു ആധി പിടിക്കാൻ ചെറിയ കാര്യങ്ങൾ മതി. ഇതു പുലിവാലാകുമെന്നു പറഞ്ഞ് പേടിപ്പിക്കുകയും ചെയ്യും.
തൽക്കാലം വേറെയാരും അറിയാത്തതാണു നല്ലത്. അതിരു വിടാതെ ശ്രദ്ധിച്ചാൽ മതിയല്ലോ.
മരുന്നുകൾ കഴിച്ച ശേഷം അയാൾ ടാബെടുത്തു. ഗ്രൂപ്പിൽ വന്ന പുതിയ കഥകളൊക്കെ വായിച്ചു വായിച്ച് ഉറങ്ങിപ്പോയി.
പിറ്റേന്നുണർന്നപ്പോൾ ആകെയൊരുൽസാഹം തോന്നി. ജോലിക്കാരി ശ്യാമള വന്ന് പാചകവും ക്ലീനിംഗും കഴിഞ്ഞു പോയി.
പുതിയതെന്തെങ്കിലും എഴുതാമെന്നു കരുതിയാണ് ടാബെടുത്തത്. ഒരു കഥയെഴുതി പകുതിയാക്കിയപ്പോഴേ അയാൾക്കു മടുപ്പായി.
ഊണും അരമണിക്കൂർ സമയത്തെ പൂച്ചയുറക്കവും കഴിഞ്ഞ് ഫോണിലെ നോട്ടിഫിക്കേഷനു വേണ്ടി നോക്കിയിരുന്നു.
സന്ധ്യ കഴിഞ്ഞ് എന്നത്തെയും പോലെ ബാൽക്കണിയിലിറങ്ങി.
”കഥയെഴുത്തെന്തായി?”
”പകുതിയായതേയുള്ളു.”
” പുതിയ കഥകളൊക്കെ വായിച്ചോ?”
പിന്നെ കഥകളേക്കുറിച്ചായി.
”കവിതയൊന്നും എഴുതാറില്ലേ?”
”എനിക്ക് കവിത അങ്ങനെ വഴങ്ങില്ല. ഇതുവരെ എഴുതാൻ ശ്രമിച്ചിട്ടില്ല”
”ഒന്നു ശ്രമിച്ചു നോക്കൂ. എന്നിട്ട് ഇങ്ങോട്ടയയ്ക്കൂ. പരിപാടി തുടരണോയെന്ന് ഞാൻ വായിച്ചിട്ടു പറയാം”
ചിരിക്കുന്ന ഒരിമോജിയിട്ട് അയാൾ തനിയെ ചിരിച്ചു.
പിന്നെയതൊരു തുടർക്കഥയായി. വൈകുന്നേരങ്ങൾക്കു വേണ്ടി അയാൾ കാത്തിരിക്കാൻ തുടങ്ങി. സുധാകരനെ പല പല ന്യായങ്ങൾ നിരത്തി ഒഴിവാക്കാൻ അയാൾക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.
” പത്മയില്ലാത്ത സമയത്ത് പുതിയ ചുറ്റിക്കളി വല്ലതും തുടങ്ങിയോ രാജേന്ദ്രാ ” എന്നു സുധാകരൻ ഒട്ടൊന്നു പരിഭവിച്ചത് അയാളെ അലോസരപ്പെടുത്തിയതേയില്ല.
പുതിയ കഥകളും കവിതകളുമെഴുതി. ആദ്യം അജ്ഞാത സുഹൃത്തിനയച്ചു കൊടുത്തു. അഭിപ്രായങ്ങൾ ശ്രദ്ധാപൂർവം വായിച്ച് തിരുത്തലുകൾ വരുത്തി വെബ് സൈറ്റിൽ പോസ്റ്റു ചെയ്തു.
അയാളുടെ ദിവസങ്ങൾ വീണ്ടും പല പല വർണ്ണച്ചാർത്തുകളാൽ നിറഞ്ഞു .
ഒരു ദിവസം ഫോൺ ചെയ്തപ്പോൾ പത്മ ചോദിക്കുകയും ചെയ്തു.
” നല്ല ഉത്സാഹത്തിലാണല്ലോ രാജേട്ടാ.ബോറടിയെല്ലാം മാറിയെന്നു തോന്നുന്നല്ലോ. എഴുത്തും വായനയും വ്യായാമവുമെല്ലാം എങ്ങനെ പോകുന്നു? അതോ സുധാകരേട്ടൻ്റടുത്തു പോയി ചീട്ടുകളിയും സ്മോളടിയുമാണോ പരിപാടി?”
“എവിടെ? ഞാനങ്ങോട്ടു പോകാറേയില്ല. അതു കൊണ്ട് സുധാകരൻ പിണങ്ങിയിരിക്കുകയല്ലേ”
നിറമാർന്ന ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
“പുതിയ ബുക്കുകളൊന്നും വായിക്കുന്നില്ലേ? തപോമയിയുടെ അച്ഛൻ വായിച്ചോ?”
അപ്പോഴാണ് അയാൾ ആ പുസ്തകത്തേക്കുറിച്ചോർത്തത്.
” ഇല്ല വായിക്കണം. കിൻഡിലിൽ ഉണ്ടോയെന്നു നോക്കട്ടെ”
“അതിലൊന്നുമില്ല. ആമസോണിൽ നിന്നൊരെണ്ണം വാങ്ങൂ. വാങ്ങി വെച്ചാൽ കഥാകാരനെക്കൊണ്ട് ഒപ്പിടീക്കാമല്ലോ”
“അത്….. അതെങ്ങനെ…… ?”
അയാൾ അത്ഭുതപ്പെട്ടു.
ഉത്തരം വീണ്ടുമൊരു ചോദ്യമായിരുന്നു.
“ഇപ്പോൾ കവിത ചൊല്ലാറില്ലേ?”
”ചിലപ്പോഴൊക്കെ. എങ്ങനെയറിയാം?”
“വയലാർ കവിതാലാപന മത്സരം കഴിഞ്ഞ് അവാർഡു ജേതാവിനുള്ള സ്വീകരണത്തിനു പോകുമല്ലോ?”
”അവിടെ വരാറുണ്ടോ?”
അത്ഭുതവും ആകാംക്ഷയും തുള്ളിത്തുളുമ്പുന്ന മനസ്സുമായി അയാൾ എന്തു ചോദിക്കണമെന്നറിയാതെ നിന്നു.
കഥ, കവിത, സംഗീതം, നാട്ടുവർത്തമാനങ്ങൾ, ചർച്ചകൾ അങ്ങനെ അയാളുടെ ദിവസങ്ങൾ രസകരമായി ഓടിപ്പൊയ്ക്കൊണ്ടിരുന്നു.
പത്മ തിരിച്ചു വരേണ്ട സമയമായി. അവളോടു നാട്ടിലെത്തിയിട്ടു പതിയെപ്പറഞ്ഞാൽ മതി എന്നയാൾ തീരുമാനിച്ചു. അജ്ഞാത സുഹൃത്തിനെ അവളെങ്ങനെ സ്വീകരിക്കുമെന്നയാൾ ശങ്കിച്ചു.
” വൈഫ് എന്നു വരും?”
“ഇന്നു തിരിക്കും. ഇതൊക്കെ എങ്ങനെയറിയുന്നു? നിങ്ങളാരാണെന്ന് ഒന്നു പറയൂ. “
ചിരിയുടെ ഒരു സ്മൈലിയാണു വന്നത്.
“നിങ്ങൾ ആരായാലും ശരി, തീർത്തും വിരസമായിപ്പോകേണ്ടിയിരുന്ന എൻ്റെ ദിവസങ്ങളെ ഊഷ്മളമാക്കിയ നിങ്ങളോട് എങ്ങനെയാണ് ഞാൻ നന്ദി പറയേണ്ടത്?”
ഒരു കൂപ്പുകൈയും ചിരിയും ഒപ്പം ഗുഡ് നൈറ്റും.
പിറ്റേന്ന് പൂർവാധികം ഉത്സാഹത്തോടെയാണ് അയാൾ പത്മയെ സ്വീകരിച്ചത്. ഒരു നനുനനുത്ത കാററുപോലെ വന്ന് തന്നെ തഴുകിയകന്ന ആ സുഹൃത്തിനേക്കുറിച്ച് അയാൾ ഇടയ്ക്കൊക്കെ ഓർമ്മിക്കാതിരുന്നില്ല. അതൊരു സ്വപ്നം പോലെയാണയാൾക്കു തോന്നിയത്. പക്ഷേ അതൊരു യാഥാർത്ഥ്യമായി അയാളുടെ ചാറ്റ് ഹിസ്റ്ററിയിൽത്തന്നെ കിടന്നു.
#എൻ്റെരചന @ആരോ ഒരാൾ
#കൂട്ടക്ഷരങ്ങൾ


22 Comments
നല്ല എഴുത്ത് ചേച്ചി.. 🥰💗👌👌
സ്നേഹം ഡിയർ❤️❤️
Super 👌
Thank u 😘
ആഹാ…. മനോഹരം
Thank you dear ❤️❤️
നന്നായി എഴുതി.👌
സൗഹൃദ പൂ ർണമായ ഇരിടപെടൽ ജീവിതം പ്രസാദാത്മകമാക്കുമെന്നു കഥാകൃത്ത് അടിവരയിടുന്നു.
👍👏
അതു പത്മ തന്നയല്ലേ സുമേ….. തിരികെ വന്ന പത്മ അജ്ഞാതസുഹൃത്തിനെ കണ്ടോ എന്നു ചോദിക്കുമ്പോൾ ജാള്യതയോടെ നിൽക്കുന്ന ആളിനെ മനസ്സിൽ കാണുന്നു …… സുന്ദരമായ എഴുത്ത്❤️👍
എല്ലാം എൻ്റെ വായനക്കാർക്കു തീരുമാനിക്കാം😀
വേറെയാരാണ് അയാളെ ഇത്ര നന്നായി അറിയുന്നത് അല്ലേ?
ഇത് മനോഹമായിരിക്കുന്നു. ഒരിടത്തു ചോലും ലാഗില്ല. ഗംഭീരം. ഊഷ്മളമായ പോസിറ്റിവിറ്റിയും . അത് പത്മ തന്നെയാണെന്ന് ഊഹിക്കാനുള്ള സ്പേസ് വായനക്കാർക്കു കൊടുത്തതും അസ്സലായി.Hugs.!❤️❤️❤️❤️
സ്നേഹം താരച്ചേച്ചീ❤️❤️
. നല്ല കഥ ഒത്തിരി ഇഷ്ടമായി💕💕💕
സ്നേഹം സെജി❤️❤️
നല്ലെഴുത്ത് ❤️👌
നന്നായിരിക്കുന്നു…. ക്ലൈമാക്സ് അതിമനോഹരം 🙏
Thank u 😘
Thank u dear Sreeja❤️❤️
സൂപ്പർ… ലാസ്റ്റ് വരെ ഞാൻ വിചാരിച്ചു പത്മ ആയിരിക്കുമെന്ന് ❤️
അത് വായനക്കാർക്കു വിടുന്നു
സിന്ധൂ❤️❤️❤️
Super 👌💐
സ്നേഹം❤️❤️
നല്ല എഴുത്ത് ചേച്ചി.. 🥰💗👌👌