സലിം സാറിനെ നോക്കി മഹേഷ് പുഞ്ചിരിച്ചു.
“സാർ പെട്ടെന്ന് ഇങ്ങ് തിരികെ വന്നല്ലോ. “
“അത് പിന്നെ ആ രാഹുൽ സാറിന് ചില സമയത്ത് ഇഞ്ചി കടിച്ച കുരങ്ങിൻ്റെ സ്വഭാവമാണ്. തിരികെ വരുമ്പോൾ എന്നെ കണ്ടില്ലേൽ എല്ലാവരുടേയും മുന്നിൽ വച്ച് തെറി വിളിച്ചു നാണം കെടുത്തി കളയും.. “
“അത് ശരിയാണ് സർ, ഞാൻ കുറെ തെറി കേട്ടിട്ടുണ്ട്. “
“ആ താൻ ഇനി പൊയ്ക്കോളൂ, തൻ്റെ ജോസഫ് സാറിനോട് പറഞ്ഞേക്ക് ആ ആരോൺ മരിച്ചു പോയെന്ന്. വിതച്ചതല്ലേ കൊയ്യൂ. മാത്യൂവിൻ്റെ മകനല്ലേ, അയാളാരാ മോൻ. “
രാഹുലിൻ്റെ കണ്ണിൽ പെടാതെ രക്ഷപെടാനായിരുന്നു മഹേഷിൻ്റെ ശ്രമം. ആളൊരു കുറുക്കനാണ്. എന്തെങ്കിലും സംശയം തോന്നിയാൽ പിന്നെ അത് മതി. പിന്നെ അയാൾ സദാ പിറകെയുണ്ടാകും.
മഹേഷ് പുറത്തിറങ്ങി ജീപ്പ് സ്റ്റാർട്ട് ചെയ്തു.
ജീപ്പിൽ പി ബി കയറി കാണുമോ?
അവൻ മിടുക്കനാണ്, കയറാതിരിക്കില്ല. പക്ഷേ ഇവിടം മുഴുവൻ പോലീസാണ്. ഇവിടമൊരു ക്രൈം ലൊക്കേഷനാണ്. എങ്ങനെയാണ് പോലീസിൻ്റെ കണ്ണുവെട്ടിച്ച് കയറാൻ പറ്റിയത്.
പിറകിലെ സീറ്റിൽ ഒരാളനക്കം. മതി ഇത് മതി. അത് പി ബി ആകും.
ഗേറ്റിനടുത്ത് ജീപ്പ് പോലീസ് തടഞ്ഞു. വണ്ടി ഒതുക്കി നിർത്തിയിട്ട് മഹേഷ് ജീപ്പിൽ നിന്നും പുറത്തിറങ്ങി.
“ഇത് ജയിലിലെ വണ്ടിയാണല്ലോ. താനെന്താ ഇവിടെ. “
“സൂപ്രണ്ട് ജോസഫ് സർ പറഞ്ഞിട്ട് വന്നതാണ്. നമ്മുടെ സഞ്ജീവ് സാറിനെ വെടി വെച്ച് കൊന്ന കേസ് ഇല്ലേ. അതിലെ പ്രതി മാത്യുവിന്റെ മകനല്ലേ ഇന്ന് മരണപ്പെട്ടത്. അയാളുടെ രണ്ടാം ഭാര്യ പ്രൊഫസ്സർ മാലതി ഇവിടെ സുബ്രഹ്മണ്യൻ ഡോക്ടറുടെ ചികിത്സയിലാണ്. ആരോൺ പോലീസ് സ്റ്റേഷനിൽ നിന്നും നേരെ ഇങ്ങോട്ടു വന്നതെന്തിനാണ് എന്നറിയാനാണ്. “
“എന്നിട്ട് കാരണം കണ്ടെത്തിയോ. “
“ആരോൺ ഡോക്ടറെ കാണാൻ വന്നതാണ്. ഡോക്ടർ ഇപ്പോൾ പോലീസിനൊപ്പം മാലതിയുടെ മുറിയിലേയ്ക്കു പോയിരിക്കുന്നു. ജോസഫ് സാർ നാളെ വന്നു ഡോക്ടറെ നേരിട്ട് കാണും. “
മഹേഷിനോപ്പം ആ പോലീസുകാരൻ ജീപ്പിന്റെ ബാക്കിലേയ്ക്ക് നടന്നു. അയാൾ പിറകിലെ ഹാഫ് ഡോർ തുറന്നു ഒന്ന് ജീപ്പിനകം ടോർച്ചടിച്ച് പരിശോധിച്ചു
മഹേഷിന്റെ ഹൃദയം പേടിയാൽ വിറ കൊണ്ടു. പി ബി എങ്ങാനും പിടിയ്ക്കപ്പെട്ടാലുള്ള കാര്യം. ഭാഗ്യത്തിന് പി ബി പിറകിൽ ഉണ്ടായിരുന്നില്ല. അയാൾ ജീപ്പിൽ നിന്ന് എപ്പോൾ ഇറങ്ങി പോയി എന്നറിയില്ല. തല്ക്കാലം താൻ രക്ഷപെട്ടു.
“താനൊന്നും വിചാരിക്കേണ്ട, രാഹുൽ സാറിന്റെ കർശന നിർദ്ദേശമുണ്ട്. എല്ലാ വാഹനനങ്ങളും പരിശോധിക്കണമെന്ന്. പോലീസ് വണ്ടിയും ഡോക്ടർമാരുടെ വണ്ടിയും, ഒന്നും ഒഴിവാക്കരുതെന്ന്. “
“അത് ശരിയാ സാറേ, ഏത് വഴിക്കാണ് നമുക്ക് പണി കിട്ടുക എന്ന് പറയാൻ പറ്റില്ല. നമ്മള് പോലീസുകാര് പെട്ട് പോകും. തലപ്പത്ത് ഉള്ളവരെ രക്ഷിക്കാൻ വേണ്ടി ശിക്ഷിക്കുക നമ്മളെ പോലുള്ള സാധാരണ പോലീസുകാരെയാണ്. “
“അതാണ് കാര്യം, എന്റെ ഡ്യൂട്ടി ഞാൻ ചെയ്തു. താൻ പൊയ്ക്കോ, ഇതൊന്നും ജോസഫ് സാർ അറിയണ്ട, അങ്ങേരെന്നെ ചീത്ത വിളിക്കും. “
“ഞാൻ പറയത്തില്ല സാറേ.
മഹേഷ് വണ്ടിയെടുത്തു മുന്നോട്ട് പോയി. വഴിയിൽ മുഴുവൻ തെരെഞ്ഞെങ്കിലും പി ബി യെ എവിടെയും കണ്ടില്ല. വണ്ടി നിർത്തി മഹേഷ് ഒരു നിമിഷം ആലോചിച്ചു. ഇന്ന് രാത്രി ഫ്ലൈറ്റ് എന്നല്ലേ അയാൾ പറഞ്ഞത്. അപ്പോൾ ഈ വഴി പോയിട്ട് കാര്യമില്ല. എയർപോർട്ട് റോഡിലേയ്ക്ക് പോകണം.
മഹേഷ് ജീപ്പ് ഒരു വഴിയിൽ നിർത്തിയിട്ടു.
ഇനി പോലീസ് ജീപ്പിൽ മുന്നോട്ടുള്ള പോക്ക് അപകടമാണ്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു എന്നാകും കേസ്. ജയിലിൽ പോയി ജീപ്പ് കൊണ്ടിട്ട് മടങ്ങാനുള്ള സമയവുമില്ല. ഒരു ഊബർ ടാക്സി വിളിക്കാം എന്ന് കരുതിയപ്പോഴാണ് പിറകിലൊരാളനക്കം, ദൂരെ ഇരുട്ടിൽ രണ്ടു പേര് തന്നെ നോക്കി നില്ക്കുന്നു. ഒന്ന് പി ബി ആയിരുന്നു. പിറകിലൊരു ബാക്ക് പാക്ക് ബാഗുണ്ടായിരുന്നു. അല്പം അകലെയായി പാർക്ക് ചെയ്തിരുന്ന ടു വീലറിനടുത്തേയ്ക്കു മഹേഷ് നടന്നു.
“മഹേഷ് സാറെ എനിക്ക് പോകാൻ സമയമായി. ഇനി വൈകിയാൽ ഫ്ലൈറ്റ് മിസ്സാകും. എല്ലാത്തിനും നന്ദി. “
“എടാ നീ ജീപ്പിൽ നിന്നും എങ്ങനെ മുങ്ങി. നീ സൂക്ഷിച്ചു പോകണേ. “
“സാർ വണ്ടി ഓഫ് ചെയ്തു ഇട്ടപ്പോൾ, അത് ഇറങ്ങി ഓടാനുള്ള സിഗ്നലാണെന്ന് എനിക്ക് തോന്നി. അത് എനിക്ക് രക്ഷയായി. അവിടെ ക്യാമറ വേറെ ആംഗിളിൽ ആയിരുന്നു. “
മഹേഷ് ഷർട്ടിൻ്റെ അകത്തു സൂക്ഷിച്ചിരുന്ന ഒരു പൊതിക്കെട്ടു പുറത്തെടുത്തു.
“ഇതാ ജോസഫ് സാർ നിനക്ക് തരാൻ പറഞ്ഞു. നീയാണ് ഇത് ചെയ്തതെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. നീ ഇന്ത്യയിലേക്ക് ഉടനെ മടങ്ങി വരേണ്ട. രാഹുൽ രഘുവരൻ, അങ്ങേരു കൂർമ്മ ബുദ്ധിയാണ്. സൂക്ഷിക്കണേ. “
പി ബി, ആ പൊതിയഴിച്ചു നോക്കി. അഞ്ഞൂറിന്റെ അഞ്ചു കെട്ടുകൾ. മൂന്നുകെട്ടുകൾ തന്റെ ബാഗിൽ നിക്ഷേപിച്ചിട്ടു രണ്ടെണ്ണം മഹേഷിന്റെ നേരെ തിരികെ നീട്ടി.
“ഞാനെൻ്റെ വാക്ക് പാലിച്ചു. ഇത് സാറിനും അശോകേട്ടനുമുള്ളതാണ്. സാറിന് വീട് പണിയൊക്കെ നടക്കുകയല്ലേ. സാർ അൻപതിനായിരം അശോകേട്ടന് നേരിട്ട് കൊണ്ട് പോയി കൊടുക്കണം. വേറെ ആരെയും ഏല്പിക്കാൻ ഇനി സാധിക്കില്ല. ചേട്ടനും ചേച്ചിയുമാണ് നാദിയയെ ഒരാഴ്ച പൊന്നുപോലെ നോക്കിയത്. അതെനിക്ക് മറക്കാൻ പറ്റില്ല. “
“ഞാൻ കൈക്കൂലി വാങ്ങും. പക്ഷേ നിൻ്റെ കയ്യിൽ നിന്നും വാങ്ങില്ല. ഈ തുക ഞാൻ നേരിട്ട് കൊണ്ട് പോയി കൊടുത്തോളാം. നീ വിഷമിക്കണ്ട. ആസ്ട്രേലിയയിൽ കൊച്ചിനോടൊപ്പം കുറെ നാൾ സുഖമായി കഴിയൂ. നീ ഇനി എയർ പോർട്ടിലോട്ടു എങ്ങനെ പോകും. “
“ടെന്നീസിന്റെ ടു വീലർ ഉണ്ട്. അതാകുമ്പോൾ ആരെയും പേടിക്കണ്ട. സാറിനെ കാണാഞ്ഞു അവനെ ഞാൻ വിളിച്ചു വരുത്തിയതാണ്, ബാഗ് അവൻ്റെ കൈവശം ആയിരുന്നു. ഞങ്ങൾ കുറെ നേരമായി സാറിനെ പിന്തുടരുകയായിരുന്നു. “
“ശരി നീ പൊയ്ക്കോ, വൈകണ്ട, സൂക്ഷിക്കണേ ഇനി. നീ എന്നെ വിളിക്കണ്ട. ഡെന്നി വഴി ഞാൻ വിവരങ്ങൾ അറിഞ്ഞോളാം. “
“ശരി സാർ ഞാൻ പോയി വരാം. “
മഹേഷ് ഇരുട്ടത്തേയ്ക്കു മാറി നിന്ന് പി ബി യെ കെട്ടിപ്പിടിച്ചു.
“എന്റെ വലം കൈ പോയ പോലെ തോന്നുന്നു. വീട്ടിലായാലും നാട്ടിലായാലും ജോലിയിലായാലും ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ നിന്റെ മുഖമായിരുന്നു പെട്ടെന്ന് ഓർമ്മ വരുന്നത്. എല്ലാത്തിനും നിന്റെ കയ്യിൽ ഒരു ഉത്തരമുണ്ട്. കാരണം നിനക്ക് നിയമത്തെ പേടിയ്ക്കണ്ട, ന്യായത്തെ പേടിച്ചാൽ മതി. പക്ഷെ സാധാരണ പൗരന്മാർക്കോ. അത് പറ്റില്ലല്ലോ, നിയമമാണ് എല്ലാം. “
“സാർ വിഷമിക്കാതെ, ഒരു പി ബി പോയാൽ മറ്റനേകം പി ബി മാർ നിങ്ങളുടെ കൂടെ തന്നെയുണ്ട്. നീൽ അല്ലെങ്കിൽ ഡെന്നി, ഡെന്നി ഇല്ലെങ്കിൽ സോളമൻ, സോളമൻ ഇല്ലെങ്കിൽ ഗബ്രിയേൽ, ഗബ്രിയേൽ ഇല്ലെങ്കിൽ റാഫേൽ….. ഈ പരമ്പര അങ്ങനെ തുടരും. സാറിനു എന്ത് പ്രശ്നമുണ്ടെങ്കിലും ഒരു പേപ്പറിൽ എഴുതി ഞങ്ങളുടെ കുരിശടിയിലെ നേർച്ച പെട്ടിയിൽ ഇട്ടാൽ മതി. “
മഹേഷ് പി ബി യുടെ മുഖത്തേക്ക് നോക്കി.
“അവൻ പറഞ്ഞത് സത്യമാ സാറെ. അത് കൈകാര്യം ചെയ്യുന്നത് ഇടവക പള്ളിയല്ല, ഞങ്ങളാണ്, നാട്ടുകാർ. പണം മുഴുവൻ പള്ളിക്ക്, സെന്റ് ജോർജ്ജ് പുണ്യാളന് വരുന്ന നിവേദനമൊക്കെ ഞങ്ങളങ്ങു തീർപ്പാക്കും. ഞങ്ങളും പുണ്യാളനും തമ്മിലുള്ള ഉടമ്പടിയാണ്. അതിപ്പോൾ വസ്തു തർക്കം ആണേലും പെണ്ണ് കേസ് ആണേലും….. “
ഡെന്നിയാണ് മറുപടി പറഞ്ഞത്.
“വാടാ, സമയം പോകുന്നു. ഇപ്പോൾ എങ്കിലും പോയില്ലെങ്കിൽ…. “
ഡെന്നി ബൈക്ക് സ്റ്റാർട്ടാക്കി, പി ബി അതിൽ കയറിയിരുന്നു. മഹേഷിനെ നോക്കി കൈ വീശി കാണിച്ചു. അവർ കണ്ണിൽ നിന്നും അകലുന്നത് വരെ മഹേഷ് നോക്കി നിന്നു. കൈ അറിയാതെ നെഞ്ചിൽ വച്ച് പോയി. ഇപ്പോൾ വല്ലാത്ത ആശ്വാസം. അവൻ പിടിയ്ക്കപ്പെട്ടില്ലല്ലോ.
അവനെ രക്ഷപെടുത്തണമെന്നുള്ളത് പോലീസ് ഡിപ്പാർട്ട്മെൻ്റിൽ പലരുടെയും ആഗ്രഹമാണ്. അവൻ പിടിക്കപ്പെട്ടാൽ പലരും സർവ്വീസിൽ നിന്നും പിരിഞ്ഞു പോകേണ്ടി വരും. കണ്ണിനു മുന്നിൽ നടക്കുന്ന പല അഴിമതികളും, ഉന്നതങ്ങളിലെ സമ്മർദ്ദം മൂലം കണ്ടില്ലെന്നു നടിക്കേണ്ടി വരും, ഒരു ഫോൺ കോളിൽ വാദിയുടെയും പ്രതിയുടെയും പേരുകൾ മാറ്റേണ്ടി വരും. ചിലപ്പോൾ പ്രതിയെ നിരപരാധി ആക്കേണ്ടി വരും, നിരപരാധിയെ പ്രതിയാക്കേണ്ടി വരും. ആ സമയത്ത് അപമാനം കണ്ടും സങ്കടം കൊണ്ട് ഓഫീസർമാരുടെ തല കുനിയും, കണ്ണുകൾ നിറയും. ആ സന്ദർഭങ്ങളിൽ നന്മയുടെ അംശം ഹൃദയത്തിൽ പേറുന്ന പല പോലീസുകാരും ബാറിൽ പോയിരിക്കാറുണ്ട്. അപ്പോൾ ഒരേയൊരാഗ്രഹമേയുള്ളു, ബോധം പോകുന്ന വരെ കുടിക്കണം, ഒന്ന് ബോധം കെട്ട് നന്നായി ഉറങ്ങണമെന്ന്.
ആ സമയത്ത് ബാറിൽ വച്ച് കണ്ടു മുട്ടുന്ന ചിലരുണ്ട്, തികച്ചും അപരിചിതർ. അവർ നമ്മളെ കൃത്യമായി പി ബി യുടെ മുന്നിലെത്തിക്കും. സിസ്റ്റത്തിൻ്റെ ബലഹീനതകൾ അവനറിയാം. അതിനാൽ രഹസ്യമായി അവൻ ചെയ്യുന്ന ചില പ്രവർത്തികൾ കണ്ടില്ല എന്ന് നടിക്കും. ചിലപ്പോൾ വലിയ തോതിൽ സാമ്പത്തിക ലാഭം നമുക്കും ഉണ്ടാകാറുണ്ട്. അപ്പോഴും സങ്കടം തോന്നാറില്ല, കാരണം അതൊക്കെ പണക്കാരുടെ പൈസയാണ്. ഒരിക്കലും പട്ടിണി പാവങ്ങളെ അവൻ പിഴിയാറില്ല. അതിനാരും മുതിരാറില്ല. അവൻ അതിനു ആരേയും സമ്മതിക്കാറില്ല.
ജയിലിൽ ചെന്ന് കയറുമ്പോൾ ജോസഫ് സാർ മഹേഷിനെ കാത്തിരിക്കുകയായിരുന്നു. ബൈക്കിൽ സാറിനെ കൊണ്ടാക്കാനായി പോകുമ്പോൾ അവിടെ നടന്നത് മഹേഷ് വിശദീകരിച്ചു പറഞ്ഞു.
“നീ വെറുതെ എന്റെ പേര് സലീമിനോട് പറയേണ്ടായിരുന്നു. ഇനിയിപ്പോൾ ആ കുറുക്കൻ രാഹുൽ… “
“വേറെ നിവൃത്തിയില്ലായിരുന്നു സാറെ. ആ സലിം സാറിനെ മുറിക്കു മുന്നിൽ കാവൽ നിർത്തിയത് വെറുതെയാണെന്നു സാർ വിചാരിക്കുന്നോ. ഡോക്ടറുടെ മുറി പൂട്ടാൻ അയാൾ സമ്മതിച്ചതുമില്ല. ആ ചെറുക്കൻ തലനാരിഴക്കാണ് അവിടെ നിന്നും രക്ഷപെട്ടത്. “
“അതെന്താ അങ്ങനെ ഒരു സംശയം. “
“മുൻ പരിചയത്തിൻ്റെ പേരിൽ പി ബി ഡോക്ടറുടെ മുറിയിൽ ഒളിഞ്ഞിരുന്നു. സംശയം തോന്നിയതിനാൽ ആകും രഹസ്യമായി പരിശോധിക്കാൻ ആ മുറി തുറന്നിടാൻ പറഞ്ഞത്. “
“എങ്കിൽ സലിം കയറി പരിശോധിക്കില്ലേ. “
” സലീം സാർ മടങ്ങി വന്നപ്പോൾ ഞാൻ പുറത്തേയ്ക്ക് നടന്നു. തിരിഞ്ഞ് നോക്കിയപ്പോൾ സലിം സർ, ഡോക്ടറുടെ മുറിയ്ക്ക് കാവൽ നിൽക്കുന്നു, കോൺസ്റ്റബിൾ വിഷ്ണു മുറിയിൽ ഒളിച്ച് കയറുന്നു. തലനാരിഴയ്ക്ക് പി ബി രക്ഷപ്പെട്ടു. “
“അവൻ ഈ രാജ്യം വിടുന്നത് വരെ എനിക്ക് ഒരു മനസാമാധാനവുമില്ല. “
“ഒരു മണിക്കാണ് അവൻ്റെ ഫ്ലൈറ്റ്. അത് വരെ നമുക്ക് ഏതെങ്കിലും ബാറിൽ കൂടാം സാറെ. സാർ കൂടെയുള്ളപ്പോൾ എനിക്കൊരു ധൈര്യമാ. “
“നീ ബാറിൽ പോയി ഒരു വിസ്കിയും രണ്ടു സോഡയും കുറച്ചു പൊറോട്ടയും ബീഫും വാങ്ങിക്കോ, നമുക്ക് ബീച്ചിലെ തട്ടുകടയിൽ പോയിരിക്കാം. അതാണ് സേഫ്. “
“ശരി സാറേ. “
മഹേഷിൻ്റെ ബൈക്കിൻ്റെ പിന്നിലിരുന്ന് കടപ്പുറത്തേക്കുള്ള യാത്രയിൽ ജോസഫ് സർ ആലോചിക്കുകയായിരുന്നു ആരാണ് തനിക്ക് ഈ പിബി യെന്ന്.
വളരെ സത്യസന്ധൻ എന്ന് ഡിപ്പാർട്ട്മെൻ്റിൽ പേര് നേടിയിട്ടുള്ള താനെങ്ങിനെയാണ് പി ബി യുടെ വലയത്തിൽ അകപ്പെട്ടത്. താനെന്തിനാണ് പി ബി യെ പിന്തുണയ്ക്കുന്നത്. ഓർമ്മകൾ വളരെ കാലം പിറകോട്ട് പോയി.
മഹേഷ് ബൈക്ക് നിർത്തിയപ്പോഴാണ് ബീച്ചിലെത്തി കഴിഞ്ഞെന്ന് ജോസഫ് മനസ്സിലാക്കിയത്. ജോസഫ് സാറിൻ്റെ മൗനം വായിക്കാൻ കഴിവുള്ള മഹേഷ് മണലിൽ ഷൂസ് ഊരിയിട്ട് ഇരുന്നു.
ജോസഫ് നിലത്തിരുന്നുവെങ്കിലും മൗനം തുടർന്നു. മഹേഷ് അയാളുടെ മൗനം അവസാനിപ്പിക്കാനൊരു ശ്രമം തുടർന്നു.
“സാറിപ്പോൾ എന്താ ചിന്തിക്കുന്നതെന്ന് ഞാൻ പറയട്ടെ. “
ജോസഫ് തലകുലുക്കി സമ്മതിച്ചു.
മഹേഷ് രണ്ട് ഡിസ്പോസിബിൾ ഗ്ലാസ് മണലിൽ വച്ച് അതിൽ വിസ്കിയും സോഡയും നിറച്ചു. ജോസഫ് സാർ ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ് ഒഴിഞ്ഞ് വച്ചു.
“നീ പറയാൻ പോകുന്നത് ആ മേനകയുടെ കാര്യമല്ലേ. അവളൊരു രസികത്തിയായിരുന്നു. “
മഹേഷ് പുഞ്ചിരിച്ചു കൊണ്ട് ഗ്ലാസ് വീണ്ടും നിറച്ചു. ജോസഫ് സാർ എന്തോ ഓർത്ത് കൊണ്ട് ആകാശത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് മണലിൽ കിടന്നു.
(തുടരും…. )
✍️✍️നിഷ പിള്ള


1 Comment
Good