ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം. തൊട്ടടുത്ത രാധമ്മച്ചേച്ചിയുടെ വീട്ടിൽ അതികഠിനമായ പൂജകൾ നടക്കുന്നു. അവരുടെ മക്കൾ കലയും കുട്ടനും കൂട്ടുകാരായതിനാൽ എപ്പോഴും പോകുന്ന വീടാണ്. വീട്ടിൽ സഹായിക്കാൻ നിൽക്കുന്ന രമച്ചേച്ചി പറഞ്ഞാണ് കഷ്ടകാലം മാറ്റാനുള്ള പൂജയാണു നടക്കുന്നതെന്നറിഞ്ഞത്.
ചെന്നു നോക്കുമ്പോൾ കലയും കുട്ടനും അച്ഛനമ്മമാരും ഭക്തി പാരവശ്യത്തോടെ തൊഴുതു നിൽക്കുന്നു. താടിയും മുടിയും വളർത്തിയ ഒരാൾ, കണ്ണടച്ച് ഗഞ്ചിറയടിച്ച് ഉച്ചത്തിൽ പാടുന്നു
“ഓം ശക്തി, പരാശക്തി,
പരന്ന ശക്തി ഓം ചിറ !”
പരാശക്തി എന്നൊക്കെ കേട്ടതുകൊണ്ട് തൊട്ടടുത്തുുളള ഓച്ചിറ അമ്പലത്തെ കുറിച്ചാണു പാട്ടെന്നു മനസ്സിലായി.
ജനാലയ്ക്കൽ അതിനകം വന്നു നിന്ന തെക്കേലെ ഷീലയോടു ചോദിച്ചു.
“പരന്ന ശക്തി എന്നു വെച്ചാലെന്താ? അതുപോലെ ഓച്ചിറയല്ലേ, ഇയാൾ ഓം ചിറയെന്നു പാടുന്നതെന്താ? ”
ഗഹനമായി ചിന്തിച്ച് , ജ്ഞാനിയെപ്പോലെ അവൾ പറഞ്ഞു.
“എടീ, ഓച്ചിറ അമ്പലമിങ്ങനെ പരന്നുകിടക്കുവല്ലേ, അവിടെല്ലാം പരബ്രഹ്മമൂർത്തിയുടെ ശക്തി പരന്നങ്ങു കിടക്കുവാരിക്കും അതാ കാര്യം.. പിന്നെ ഓം ചിറ എനിക്കും അറിയത്തില്ല ”
ഞങ്ങൾ വീടിൻ്റെ പിന്നിലേയ്ക്കോടി. വല്യവധിക്കാലമാണ്. അവിടെ നിറയെ മാങ്ങയുളെളാരു മൂവാണ്ടനുണ്ട്. ഇന്നു പൂജ നടക്കുന്നതു കൊണ്ട് കലയുടെ അവകാശ ബോധം സഹിക്കാതെ മാങ്ങ പെറുക്കാം. അവിടെ ചെന്നപ്പോൾ മാങ്ങയെല്ലാം പെറുക്കിക്കുട്ടി കലയുടെ മാധവി അമ്മുമ്മ പടിയിൽ പരബ്രഹ്മം പോലെ കുത്തിയിരിക്കുന്നു. കുളിച്ചിട്ടു പോലുമില്ല. മാങ്ങയെടുത്തോ മക്കളേന്നു പറഞ്ഞിട്ട് അവർ നിരാശയോടെ തുടർന്നു.
“മനുഷ്യന് എന്നും നല്ല കാലംനിക്കുമോ, കെട്ട കാലവും വരത്തില്ലേ, അതിനു കണ്ട പ്രാന്തനെയെല്ലാം വീട്ടിക്കേറ്റി പൂജ ചെയ്യുവാന്നോ വേണ്ടേ?”
താടിക്കാരൻ പ്രാന്തനാണെന്നു മനസ്സിലായതോടെ ഞങ്ങൾ മാങ്ങയും വാരിയെടുത്തു പറന്നു.
ഉച്ചയ്ക്ക് കലയുടെ വീട്ടിൽ ബന്ധുക്കളും സദ്യയും ഒക്കെയായി വലിയ ആഘോഷമായിരുന്നു. പായസം ഞങ്ങടെ വീട്ടിലുമെത്തി.
സന്ധ്യയ്ക്കു രമച്ചേച്ചി പറഞ്ഞാണ് കലേടെ അച്ഛൻ്റെ ലോറി അപകടത്തിൽ പെട്ടതും അവരുടെ ചെനയുള്ള ആടുചത്തതുമെല്ലാം ആരോ കൂടോത്രം ചെയ്തിട്ടാണെന്നും ആ കഷ്ടങ്ങൾ ഒഴിക്കാനും അവരെ കൊല്ലാനുമുള്ള കർമ്മം പാതിരാത്രിയിൽ നടക്കുമെന്നും അറിയുന്നത്. ഞാൻ ഞെട്ടിപ്പോയി. ഒരു മാസം മുമ്പ് അവരുടെ ആടു ചത്തപ്പോൾ ഷീല രഹസ്യമായി പറഞ്ഞ ഒരു കാര്യമുണ്ട്. അവരുടെ കയ്യാലച്ചോട്ടിൽ കെട്ടിയിരുന്ന ആടിന് ഷീലയും അനിയൻ സുനിലും കൂടി കപ്പയുടെ ഇല പറിച്ച് കൊടുത്തിരുന്നു. ആടു ചത്തപ്പോൾ ആരോ പറഞ്ഞത്രേ കപ്പയില തിന്നാൽ ആടു ചാകുമെന്ന്.
ആരോടും പറയരുതെന്ന് അമ്മയെ പിടിച്ച് ആണയിടീച്ച് പറഞ്ഞ രഹസ്യമാണ്. ഞാൻ ഉരുകാൻ തുടങ്ങി. പാവം ഷീലയും സുനിലും മരിച്ചു കിടക്കുന്ന കാഴ്ച ഓർത്ത് ഞാൻ കണ്ണും മിഴിച്ചു കിടന്നു. രമച്ചേച്ചിയോടു പറഞ്ഞാൽ സത്യലംഘനം കാരണം എൻ്റമ്മ മരിക്കും. പിന്നെന്തു ചെയ്യും? പേടിച്ച് പേടിച്ച് എപ്പൊഴോ ഉറങ്ങിപ്പോയി.
രാവിലെ വലിയ ബഹളങ്ങൾ കേട്ടാണുണർന്നത്. ആളുകൾ ഷീലയുടെ വീട്ടിലേയ്ക്ക് ഓടുന്നതിനു പകരം കലയുടെ അങ്ങോട്ടോടുന്നതു കണ്ടു ഞാൻ വാ പൊളിച്ചു. അപ്പോഴും രമച്ചേച്ചി പറഞ്ഞാണു വിവരം അറിഞ്ഞത്, പരിഹാര പൂജയൊക്കെ കഴിഞ്ഞ് ഉറങ്ങാൻ കിടന്ന പൂജാരി കൊച്ചു വെളുപ്പാൻ കാലത്ത് കലയുടെ വീട്ടിൽ തുങ്ങി മരിച്ചു. പിന്നത്തെ പുകിലറിയാമല്ലോ. അവരുടെ കഷ്ടകാലത്തിനെന്തു സംഭവിച്ചെങ്കിലും എനിക്കു സമാധാനമായി. ഷീലയും സുനിലും രക്ഷപ്പെട്ടല്ലോ!.
അതു പറഞ്ഞപ്പോൾ, ഷീല വീണ്ടും ജ്ഞാനിയായി പറയുന്നു. “എടീ പൂജയിൽ എന്തോ പിശക് വന്നു കാണും അല്ലേലിങ്ങനെ വരത്തില്ലെ”ന്ന്.
ആയിരിക്കും അല്ലേ?😂 പൂജ ശരിയായിരുന്നെങ്കിൽ നിൻ്റേം സുനിലിൻ്റേം കാര്യം എന്തായേനെ എന്ന കുസൃതിച്ചോദ്യം കാച്ചാനുള്ളത്ര കന്നത്തരം അന്ന് നമുക്കുമില്ലല്ലോ.😀


6 Comments
സ്നേഹം സുമേ❤️❤️❤️
കൂടോത്രം, ചിലർക്ക് വയറ്റിപ്പിഴപ്പ്, ചിലർക്ക് വിശ്വാസം. എഴുത്ത് രസകരം😀.
സ്നേഹം ജോയ്സ്. നന്ദി.❤️❤️
ഏതായാലും ഷീലയും സുനിലും രക്ഷപ്പെട്ടല്ലോ……. സുന്ദരമായ എഴുത്ത്👍🌹
Thank you suma❤️❤️❤️ Hugs❤️❤️
മിഥുനം സിനിമയിലെപ്പോലെ പൂജാരി തേങ്ങയൊന്നും ഉടച്ചില്ല അല്ലേ😀😀😀😀
ഇങ്ങനെയുള്ള കൂടോത്രക്കാർ ഇപ്പോ മുണ്ടെന്നാണ് ജനസംസാരം😀
എനിക്കിഷ്ടമായി❤️❤️