ചെറുപ്പത്തിൽ എന്റെ ഓർമ്മയിലെ ഓണം എന്നാൽ ഓണപ്പരീക്ഷയും ഒരോണപ്പാട്ടുമാണ്. മഴക്കാലം കഴിഞ്ഞാലും അന്നു മഴ നിന്നു ചിണുങ്ങുമായിരുന്നു ഓണനാളുകളിൽ.
ഞാൻ മറച്ചു വക്കുന്നില്ല ഒരു ” ഓണംകേറാമൂല ” തന്നെയായിരുന്നു ഞങ്ങളുടെ ഗ്രാമം എന്ന കാര്യം. കൂട്ടുകാരെന്നെ തെറ്റിദ്ധരിക്കരുതേ.. അന്നത്തെ ഓണത്തിനു ഒരു കാറിയ വെളിച്ചെണ്ണയുടെ മണമായിരുന്നു. ഓണപ്പൂ പറിക്കാൻ ഞങ്ങളുടെ തൊടിയിലെത്തുന്ന പെൺകുട്ടികളുടെ മുടിയുടെ മണമായിരുന്നു ആ മണത്തിനു കാരണം. ഓണം ഹിന്ദുക്കൾക്കു മാത്രമുള്ളതെന്ന നിലപാടുള്ള എന്റെ ഗ്രാമത്തിൽ ഹിന്ദുക്കളായി ആകെ ഉണ്ടായിരുന്നതു കുറച്ചു മരവും കല്ലും പണിയുന്ന ആശാരിമാരായിരുന്നു, അതും പേരിനു മാത്രം.
ഒരു ദിവസം പണിക്കു പോയില്ലങ്കിൽ ( പണിയില്ലാഞ്ഞല്ല നാട്ടിൽ ഇഷ്ടം പോലെ പണിയുണ്ട് ) വീട്ടിൽ തീ പുകയാത്ത അവർക്കെന്തോണം. അവരുടെ ഓണം അവരാഘോഷിക്കുന്നതു അന്നല്പം കൂടുതൽ കുടിച്ചാകും. ഒരു പുത്തനുടുപ്പും കുഞ്ഞു സദ്യയും ആയാൽ അവരുടെ ഓണമാകും. ഊണു കഴിഞ്ഞ് വലിയ മരക്കൊമ്പിൽ വടം പോലുള്ള കയർ കൊണ്ടുള്ള ഒരൂഞ്ഞാലും, ‘ പൂ പറിക്കാൻ പോരുമോ പോരുമോ ‘ എന്നൊരു പാട്ടുപാടിയുള്ള കളിയുമായാൽ അന്നത്തെ ഓണമായി. എന്നാൽ ഞങ്ങളുടെ പെരുന്നാൾ നാട്ടിൽ മുഴുവൻ ആഘോഷത്തിമിർപ്പോടെ ആയിരുന്നു.
കാലം ഒരുപാടു മുന്നേറി ഞാൻ ഒരു പ്രവാസിയായി. ഒരിക്കൽ എന്റെ വെയർ ഹൗസിൽ ഒരു ഇന്റർവ്യൂ നടന്നു. മെയിൻ ഓഫീസിൽ സെലക്ടായവരെയാണ് എന്റെയടുത്തേക്ക് വിടുക. അതിലൊരു പയ്യനോട് എനിക്ക് എന്തോ ഒരു പ്രത്യേകത തോന്നി. അവനെ നമുക്ക് ഷിബു എന്നു വിളിക്കാം. സ്റ്റോറിൽ ലേബർ ജോലിക്കു വന്ന അവനത് കഴിയുമോ എന്ന ഒരു സംശയം. അവന്റെ കൈകളിൽ പണിയെടുത്തതിന്റെ ഒരടയാളവുമില്ല. മാത്രമല്ല സംസാരത്തിൽ അവന്റെ പോളീഷ്ഡ് ലാംഗ്വേജും എന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി. ഒരുപാട് കിള്ളിക്കിള്ളി ചോദിച്ചപ്പോൾ അവനൊരു എകണോമിക്സ് ഗ്രാഡ്വേറ്റാണെന്ന് മനസ്സിലായി. വീട്ടിൽ ഒരു നിവൃത്തിയുമില്ലാതെ കിടപ്പാടം പണയം വച്ച് ഗൾഫിൽ എത്തിയതാണ്. പഠനം അവസാനിച്ചതോടെ അച്ഛന്റെ വേർപാടു മൂലം കുടുംബ ചുമതല മുഴുവൻ ഷിബുവിന്റെ ചുമലിലായി. എല്ലാവരേയും പോലെ ഗൾഫിൽ വന്നാൽ ദിർഹം കായ്ക്കുന്ന മരമുണ്ടെന്ന് കരുതിയാണ് അവന്റെ കുടുംബവും അവനെ അയച്ചത്. അവനോട് എനിക്കു തോന്നിയ സിംപതി മുതലെടുക്കാൻ അവൻ കൂട്ടാക്കിയില്ല. അവന്റെ ഡിഗ്രിസർട്ടിഫിക്കറ്റ് അവൻ മനഃപ്പൂർവ്വം മറച്ചു വച്ചതാണ്, ലേബർ ജോലിക്ക് അതു തടസ്സമാകേണ്ടെന്നു കരുതി.
ഷിബുവിനെ ഞാൻ പ്രത്യേക വാത്സല്യത്തോടെ കൂടെ നിർത്തി. ഓർഡർ ഫോം നോക്കി സാധനങ്ങൾ എടുക്കാനും ഡാറ്റാ എട്രിയും അവൻ പെട്ടെന്നു പഠിച്ചെടുത്തു. മറ്റുള്ള പണിക്കാർക്ക് പരിഭവമില്ലാത്ത വിധം വളരെ തന്മയത്തോടെ അവൻ പെരുമാറി. അർബാബിനു മുന്നിൽ ( അറബി ബോസ് ) അവനെ ഞാനൊരു അസിസ്റ്റന്റ് സ്റ്റോർകീപ്പറാക്കാൻ ശുപാർശ ചെയ്തു ആദ്യത്തെ ആഴ്ച തന്നെ. പിന്നെ എല്ലാവരേയും പോലെ ഞാനും അവനെ അധികം ശ്രദ്ധിച്ചില്ല. ഒരു കാര്യത്തിലും അവനൊരു പരിഭവമോ പരാതിയോ ഇല്ലായിരുന്നു. ഒരു മലയാളി ഹോട്ടലിലെ മെസ്സ് തരമാക്കിക്കൊടുത്തിട്ടും അവൻ സഹതൊഴിലാളികളായ പാക്കിസ്ഥാനികളുടെ മെസ്സിൽ റൊട്ടിയും സബ്ജിയും കഴിച്ചു കൂടി. ഇരുന്നൂറ്റമ്പതു ദിർഹം മെസ്സിനു വരുമ്പോൾ റൂമിൽ നൂറു ദിർഹമേ വരികയുള്ളൂ എന്നതാണ് കാരണം.
സന്തോഷമായി അങ്ങിനെ പോകുമ്പോൾ ഒരു ദിവസം ഷിബു മോർണിംങ് സെക്ഷനിൽ ലീവു ചോദിച്ചു. വല്ല അസുഖവും ആവും എന്നു കരുതി ഞാൻ സമ്മതിച്ചു. അന്നവൻ റൂമിൽ നിന്നും പുറത്തു വന്നേയില്ല, ഞാനതൊട്ടു കാര്യമായി എടുത്തുമില്ല. ഉച്ചയായപ്പോൾ ഭാര്യയോട് ഞാൻ ഉച്ചഭക്ഷണത്തിന് ഉണ്ടാകില്ല അസിസ്റ്റന്റ് ലീവാണെന്ന് പറഞ്ഞപ്പോഴാണ് ഞാനറിയുന്നത് അന്ന് തിരുവോണമാണെന്ന്, അതാവും അവൻ ലീവെടുത്തതെന്നറിയാൻ അവൾ പറയേണ്ടി വന്നു. അവൾ സദ്യ ഉണ്ടാക്കി കാത്തിരിക്കുകയാണു പോലും. ഏതായാലും ഞാൻ ഡ്രൈവറെ വിട്ട് സദ്യ വേർഹൗസിലേക്കെടുപ്പിച്ചു.
സമയം ഒരു പത്തരയായിക്കാണും ( നാട്ടിലപ്പോൾ പന്ത്രണ്ടു മണി. ) പണിയെല്ലാം ഒതുങ്ങിയപ്പോൾ അവനെ ഒരു പാക്കിസ്ഥാനിയെ വിട്ടു റൂമിൽ നിന്നും വിളിപ്പിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുമായി വന്ന അവനെക്കണ്ട് എല്ലാവരും അമ്പരന്നു. എത്ര ചോദിച്ചിട്ടും അവനൊന്നും മിണ്ടുന്നില്ല. ആകെയുള്ള രണ്ടു മലയാളികളിൽ ഒരാളായ അവനെ പാക്കിസ്ഥാനികളാരെങ്കിലും ഉപദ്യവിച്ചോ എന്നറിയാൻ ഞാൻ അവരെ ചോദ്യം ചെയ്യാനൊരുങ്ങുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടവൻ പറഞ്ഞു.
” സാറേ.. എന്റെ അമ്മ ഓണ സദ്യ കഴിക്കില്ലാ എന്നു പറഞ്ഞു വാശി പിടിക്കുന്നു. എനിക്കില്ലാത്ത ഓണം അമ്മക്കും വേണ്ടെന്ന്.”
ആകാംക്ഷയോടെ നിന്ന സഹപ്രകർത്തകർക്ക് വിവരം പറഞ്ഞു മനസ്സിലാക്കുമ്പോൾ ഭക്തിയാർ എന്ന പാക്കിസ്ഥാനി ” മോട്ടാ ചാവൽ സ്പെഷ്യൽ ” ( സദ്യ ) വാങ്ങിക്കൊടുക്കാൻ തയാറായി വന്നു. ശരിക്കും പാക്കിസ്ഥാനികൾ അങ്ങിനെയാണ് സ്നേഹിച്ചാൽ നക്കിക്കൊല്ലും. ഞാനവരെ സമാധാനിപ്പിച്ചു
” എന്റെ വീട്ടിൽ നിന്നും ഇപ്പോൾ സദ്യ കൊണ്ടുവരും അതു ഞങ്ങൾ കഴിച്ചോളാം.. നിങ്ങൾക്കെന്താ വേണ്ടെതെന്നാൽ ഓർഡർ ചെയ്തോളൂ.. ഇന്നത്തെ ഭക്ഷണം എന്റെ വക.”
വിങ്ങി വിങ്ങി കരഞ്ഞുകൊണ്ടിരുന്ന ഷിബുവിനെ അടുത്തു വിളിച്ച് എന്റെ ഫോണിൽ അമ്മയെ വിളിക്കാൻ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ അവൻ വിളിച്ചു. അവരുടെ വീട്ടിൽ ഫോണില്ലാത്തതിനാൽ അയൽപക്കത്തേക്കാണ് വിളിച്ചത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ അവരെത്തി. ഫോണിലൂടെ അമ്മയുടെ കരച്ചിൽ കേട്ട ഷിബു ഒന്നും മിണ്ടാനാകാതെ ഫോൺ എനിക്കു തന്നു. അവരുടെ ശബ്ദം കരച്ചിലിന്റെ അകമ്പടിയോടെ പുറത്തു വന്നു.
” മോനേ.. ഷിബുമോനേ.. അമ്മേടെ മുത്ത് വിഷമിക്കരുത്. അമ്മ ഇന്ന് ഭക്ഷണം കഴിക്കുന്നില്ല.. എന്റെ മകന് ഇല്ലാത്ത ഓണം എനിക്കെന്തിനാ.”
” അമ്മേ ഇതു ഷിബുവല്ല, മുഹമ്മദാ. ”
” അയ്യോ സാറോ.. എന്തേ സാറേ എന്റെ മോനെവിടേ.”
” അവനിതാ എന്റടുത്തുണ്ട്.. ഞങ്ങൾ ഓണ സദ്യ കഴിക്കാൻ പോകുന്നു. അമ്മ ധൈര്യമായി കഴിച്ചോ.”
” സാറെന്നെ പറ്റിക്കണ്ടാ.. ഗൾഫിലെവിടെ ഓണ സദ്യ.”
” നാട്ടിലുള്ളതിൽ കൂടുതൽ ആഘോഷങ്ങൾ ഇവിടെയുണ്ടമ്മേ.. സദ്യകളും.. പക്ഷേ ഇതെന്റെ ഭാര്യ അവനു വേണ്ടി പ്രത്യേകം കൊടുത്തയച്ചതാ.. അമ്മയോട് ഞാൻ കള്ളം പറയോ.”
” പെട്ടെന്നവൻ ഫോൺ വാങ്ങി അമ്മയോടു കയർത്തു.. അമ്മയെന്താ ഈ പറയുന്നത് സാറ് കളവു പറഞ്ഞെന്നോ എന്റെ മുമ്പിൽ ഇരുപത്തി ഒന്നു തരം കറികളും പായസവും കൂട്ടിയുള്ള സദ്യയുണ്ട്. പാക്കിസ്ഥാനികൾക്ക് അവരുടെ ഭക്ഷണവും എല്ലാം സാറിന്റെവകയാ.. അമ്മ സാറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ.”
അവൻ ഫോൺ കൈമാറുമ്പോൾ അവരുടെ മുഖത്തെ ചിരി വീഡിയോകോൾ ഇല്ലാതിരുന്ന കാലത്തും ഞാൻ ഫോണിലൂടെ കണ്ടു.. അവരുടെ ശബ്ദത്തിലൂടെ പ്രാർത്ഥനയിലൂടെ. അവരുടെ കയ്യിൽ നിന്നും ആഹാരം കഴിച്ചോളാം എന്ന ഉറപ്പ് കിട്ടിയതിനു ശേഷമാണ് ഞാൻ ഫോൺ വച്ചത്.
മുഹമ്മദ് അഹമ്മദ്.


13 Comments
നന്നായിട്ടുണ്ട് 👍
ഓർമകളിലെ ഓണം.. നന്നായിരുന്നു..💐
നന്ദിയുണ്ട്
നല്ല ഒരോണക്കഥ👍🌹
നന്ദിയുണ്ട്
Thnx
നന്ദീ
നല്ല ഓർമ്മകൾ👌🌹
നന്ദീ
ഓർമ്മകൾ രസമായിട്ടെഴുതി.❤️👏👏
നന്ദീ.. ഒരുപാട്
നല്ലെഴുത്ത്
നന്ദീ.. ഒരുപാട്