ഭാരമേറിയ വെള്ളപാത്രം ചുമന്ന് സുഷമ അലക്കുകല്ലിനരികിലേക്ക് ആയാസപ്പെട്ടു നടന്നു. കലങ്ങിയ സോപ്പു വെള്ളത്തിൽ ആയിരം കുമിളകൾ ചിരിച്ചു പൊന്തുന്നു. അവയുടെ സുതാര്യതയിൽ ഓരോ നീലാകാശങ്ങൾ നിരന്നു. മാറിൽ ചെറിയ മഴവില്ലു വിരിയിച്ച ആയിരം ആകാശങ്ങൾ. കുതിർന്ന തുണിയിലെ അഴുക്കിന്റെ ഇരുൾ, വർണ്ണവില്ലുകളെ ഉടച്ചുമാറ്റി, നേരിയ പാടയായി പരന്നു.
ദാ… ഇതുകൂടി, ഇറയത്തിന്റെ അരികിൽ നിന്നും വീശിയെറിഞ്ഞ അടിപാവാട അവളുടെ തലയ്ക്കു മുകളിലൂടെ പറന്നു, കാൽക്കിഴിൽ വന്നുവീണു.
“അതിന്റെ അരികിലെ ചെമ്മണ്ണ് നന്നായി ഉരച്ചു കഴുകണം. കല്ലിൽ തല്ലി അലക്കിയാലെ തുണി വെളുക്കൂ.”ഏട്ടന്റെ ഭാര്യ അവളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
സുഷമയുടെ ഉള്ളിൽ നിന്നും ഉയർന്ന തേങ്ങൽ നെഞ്ചിൽ കൂടുക്കെട്ടി. അവൾ തലയുയർത്താതെ വിഴുപ്പ് പെറുക്കി, ഊക്കിൽ സോപ്പു വെള്ളത്തിൽ മുക്കിത്താഴ്ത്തി, കറുത്ത പാടയിൽ ചെമ്മണ്ണിന്റെ ചുവപ്പു പകരുന്നത് അമർഷത്തോടെ നോക്കി നിന്നു.
പത്തുവർഷങ്ങൾക്ക് മുൻപ് ഈ കിണറ്റിങ്കരയിലെ വാഴക്കൂട്ടത്തിൽ ചിലക്കുന്ന അണ്ണാൻകുഞ്ഞിനെ നോക്കിയിരിക്കുമ്പോളാണ് അച്ഛൻ പറഞ്ഞത്.
“ഡിഗ്രി പരീക്ഷ കഴിഞ്ഞില്ലേ, ഒരു നല്ല ആലോചന ഒത്തുവന്നിട്ടുണ്ട്, നോക്കാം അല്ലെ മോളെ? നല്ല പയ്യൻ, ദുശീലമൊന്നും ഇല്ലാന്ന് പറയണു”, അച്ഛൻ കൂട്ടിച്ചേർത്തു.
കുടുംബബിസിനസ് നോക്കിനടത്തുന്ന യുവാവിന്റെ ഇടത്തരം കുടുംബത്തിലേക്ക്, അനുഗ്രഹാശിസ്സുകളോടെ വധുവായി ചെന്നുകയറി. താൻ ഭാഗ്യവതിയാണ് എന്നു തോന്നിച്ച ചുരുക്കം ചില നാളുകൾ. എത്ര പെട്ടെന്നാണ് എല്ലാം മാറിമറിയാൻ ആരംഭിച്ചത്. നഷ്ടങ്ങളുടെ കള്ളിയിൽ അക്കങ്ങൾ പെരുകിയപ്പോൾ അവൾ പകച്ചു. എങ്ങനെയെങ്കിലും എല്ലാം ശരിയാകുമെന്ന തോന്നൽ മരീചികയാകുന്നതും വിലകൂടിയ ആഭരണങ്ങൾ തന്നിൽ നിന്നു ഊരിയിറങ്ങുന്നതും അവൾ നോക്കിനിന്നു. നൂലുപോലെ നേർത്തുപോയ മാലയിൽ കൊരുത്ത താലിയും ഒരു വൈരക്കൽ മൂക്കുത്തിയും മാത്രം നല്ലകാലത്തിന്റെ ബാക്കിപത്രങ്ങളായി അവളോട് ചേർന്നുക്കിടന്നു.
ശിശിരത്തിലെ തണുത്ത കാറ്റിൽ, ഇലപ്പൊഴിച്ച മരച്ചില്ലയായി മുഖപ്രസാദം നഷ്ടപ്പെട്ടു നേർത്തവൾ കരുവാളിച്ചു. ഒരു തളിർപ്പിനായി കൊതിച്ച അവളെ നിരാശയാക്കി, അവളോട് യാത്രപ്പോലും പറയാതെ, അയാൾ ഒരു ദിവസം വീടുവിട്ടുപ്പോയി. കാത്തിരിപ്പിന്റെ എണ്ണമറ്റ ദിവസങ്ങൾ കൊഴിഞ്ഞു വീണു. വഴിക്കണ്ണുകൾ തുറന്ന ജാലകം മെല്ലെയടച്ചു. പ്രതീക്ഷയുടെ ഇത്തിരി വെട്ടത്തെ ഇരുട്ട് വിഴുങ്ങി.
“അവന്റെ ഓഹരിയേക്കാൾ കൂടുതൽ കടമുണ്ടിപ്പോൾ, ഞങ്ങളെന്തു ചെയ്യാനാണ്?” ഭർതൃവീട്ടുകാരുടെ ചോദ്യത്തിൽ കുഴങ്ങി അവളുടെ അച്ഛൻ മുററത്തെ ശൂന്യതയിലേക്ക് നോക്കി. മാന്യമായ ഒരു കുടിയിറക്കൽ ആ വാക്കുകളിൽ ധ്വനിച്ചിരുന്നു.
“പെണ്ണുങ്ങൾക്ക് കുറച്ചു മിടുക്കുണ്ടെങ്കിൽ ഇത്രയൊന്നും വഷളാവില്ലായിരുന്നു, ഇവളുടെ പിടിപ്പുകേട് “. വാതിൽ മറഞ്ഞു നിന്ന അവളിലേക്ക് നോട്ടം നീണ്ടു. അച്ഛൻ പെട്ടെന്നു എണീറ്റു, “പോകാം”, അയാൾ മകളെ വിളിച്ചു. മടക്കയാത്രയിൽ രണ്ടുപേരും ഉരിയാടാൻ മറന്നു. വേട്ടയാടുന്ന ചിന്തകൾ വാക്കുകളെ തടവിലാക്കി.
അച്ഛൻ, രൂപമായി ഓർമകളിൽ നിന്നും വേർതിരിച്ചെടുക്കാൻ കഴിയാത്ത തന്റെ മകന്, അയാൾ ചുമരിലെ ചിത്രത്തിലെ ചിരിക്കുന്ന മുഖം മാത്രമായി. മകൾ അനഘക്കു ഒരിക്കലും അവൾ കാണാത്ത അച്ഛൻ കേട്ടുകേൾവിയും. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു മുമ്പിലും തന്റെ അച്ഛനമ്മമാരുടെ മകളെക്കുറിച്ചുള്ള വ്യഥകളുടെ ശ്വാസം മുട്ടിക്കുന്ന കുരുക്കിലും അവൾ പിടഞ്ഞു. നിസ്സഹായതയുടെ തുരുത്തിൽ കരയാൻപ്പോലും മറന്നു. മൗനത്തിന്റെ പുററു മെല്ലെ തന്നെ പൊതിയുന്നതറിഞ്ഞു.
മകന്റെ ശബ്ദം അവളെ ചിന്തകളിൽ നിന്നും ഉണർത്തി.
“ഇന്നെനിക്ക് സമ്മാനം തരും, ആ പടം അമ്മക്ക് കാണിക്കാൻ കൊണ്ടുവരാം”, മുഖം നിറയുന്ന ചിരിക്കിടയിൽ, ഒമ്പതു വയസ്സുകാരൻ അവളുടെ അടുത്തെത്തി.
“ഈ മൂക്കുത്തി നന്നായി വരച്ചിട്ടുണ്ട്, അതിന്റെ തിളക്കം നന്നായി കാണാമെന്ന് ടീച്ചർ പറഞ്ഞു.” അവൻ മൂക്കുത്തിയിൽ വിരൽ തൊട്ടു.
“അതേയോ, അമ്മയുടെ കുട്ടി മിടുക്കനാട്ടോ.” അവൾ വാത്സല്യത്തോടെ അവന്റെ താടി പിടിച്ചുയർത്തി, അവന്റെ കണ്ണിലെ നക്ഷത്രങ്ങളെ നോക്കി. അവളുടെ മൂക്കുത്തിയിലെ വൈരക്കൽ പ്രഭ ആ നക്ഷത്രങ്ങളും പങ്കുവെച്ചിരുന്നു.
അമ്മയും കുഞ്ഞുമായിരുന്നു ചിത്രരചനാമത്സരവിഷയം. പാൽപ്പല്ലുകൾ കാണിച്ചു ചിരിച്ചു സുഷമയുടെ മടിയിൽ ഇരിക്കുന്ന ചിത്രം അവനു വളരെ ഇഷ്ടമായിരുന്നു. ചുമരിൽ തറഞ്ഞ ചിത്രം എത്തിനോക്കാൻ ബദ്ധപ്പെട്ടു ചാരുകസേരയിൽ കയറി നിൽക്കുന്ന മകനെ ശാസിച്ചു ഇറക്കുമ്പോഴും മനസ്സിന്റെ കോണിൽ ഇളം തണുപ്പ് അരിച്ചെത്തുമായിരുന്നു.
അച്ഛന്റെ പഴയ തുണിവിരിപ്പുള്ള ചാരുകസേര അവിടെ നിന്നും വീടിന്റെ തെക്കുഭാഗത്തുള്ള വലിയ ഉമ്മറത്തേക്ക് മാറ്റിയിട്ട് കുറച്ചു നാളായി. തന്റെ അച്ഛന്റെ അദൃശ്യസാന്നിധ്യം ആ കസേരയിൽ ഉണ്ടെന്നു അവൾ വിശ്വസിച്ചു. സ്നേഹം തുളുമ്പി നിന്ന ആ നോട്ടം, തന്റെ തകർച്ചയിൽ വിതുമ്പി തണുത്തുപോയതിനും ജീവൻ കൂടുവിട്ടു പറന്ന ശരീരം മരവിച്ചുപോയതിനും ആ കസേര സാക്ഷിയാണല്ലോ.
“ഇനി ഈ പഴേ സാധനം ഇവിടെ വേണ്ട, തല്ലിപൊളിച്ചു കത്തിക്ക്.” ഏട്ടനതു പുറത്തേക്കിട്ടപ്പോൾ മനസ് നുറുങ്ങി. അവളും അമ്മയും ചേർന്നു കസേര താങ്ങിപ്പിടിച്ചു, തെക്കെവരാന്തയിലേക്ക് സ്ഥലം മാറ്റി. അതിൽ കയറി കളിക്കുന്ന കുട്ടികളെ കണ്ടു ഏട്ടൻ പറഞ്ഞു, “അഗതികൾക്കു കളിക്കാൻ ഒരൂട്ടായി.” അവൾ ഞെട്ടി, താനും മക്കളും എന്നാണ് ഇവിടെ അഗതികളായത്?
“എന്തായിത്? നീ എന്താ പറയണേ? ഞെട്ടിയറ്റാൽ ഇല കടക്കലല്ലെ വിഴൂ? അവൾ വേറെ എവിടെ പോകാനാണ്?” അമ്മ അയാളോടു കയർത്തു.
“നിങ്ങൾക്ക് അങ്ങനെ പറയാം, പുറത്തിറങ്ങുന്ന ഞങ്ങളോടല്ലെ, ആൾക്കാരുടെ ചോദ്യം.” അയാൾ അവജ്ഞ നീട്ടിതുപ്പി. “എത്രക്കാലായി ഇതിനെയൊക്ക തീറ്റിപ്പോറ്റുണു, തന്ത ചത്താൽ ചത്തൂന്നെങ്കിലും പയറാമായിരുന്നു, ഇത് അതും അല്ലല്ലോ”, അയാൾ തലച്ചെരിച്ചു, കസേരയിൽ കയറി കളിക്കുന്ന മകനെ ഈർഷ്യയോടെ നോക്കി.
“വിളക്ക് വെക്കൂ കുട്ട്യേ, ഇനി താമസിക്കേണ്ട”, അമ്മ അസുഖകരമായ രംഗത്തു നിന്നും തന്നെ ഒഴിവാക്കാൻ പറഞ്ഞതാണ് എന്നറിഞ്ഞിട്ടും അവൾ വേഗം അകത്തുപോയി നിലവിളക്കെടുത്തു. വിളക്ക് ക്ലാവ് പിടിച്ചു നിറം മങ്ങിയിരിക്കുന്നു. ഒന്ന് തേച്ചുമിനുക്കി എടുക്കണം. ഞാനും നിന്നെ പോലെ ക്ലാവു പിടിച്ചിരിക്കുന്നു, അവൾ പിറുപിറുത്തു.
ജോലി കഴിഞ്ഞെത്തിയ ഏടത്തിയുടെ മുഖം മ്ലാനമായിരുന്നു.”മോളുടെ ടീച്ചർ വിളിച്ചിരുന്നു. അവൾ പഠിപ്പിൽ മോശമാകുന്നത്രെ, അവളെ പഠിപ്പിക്കുമ്പോൾ നീ കുറച്ചുകൂടി മനസ്സിരുത്തണം. എനിക്കു തീരെ നേരമില്ലാഞ്ഞിട്ടാ സുഷ്മേ.”
ഉം…ഉം… സുഷമ മൂളി.
“ചോദിക്കാൻ മറന്നു, നീ അവളുടെ പുതിയ ജീൻസ് ടോപ് തയ്ച്ചു തീർന്നോ? ”
അവർ ഉത്തരത്തിനായി കാത്തു.
“തയ്ച്ചു മുഴുവനായില്ല, നാളെ തീർക്കാം ഏട്ടത്തി”, അല്പം പേടിയോടെ മറുപടി പറഞ്ഞു.
“നീ ഇവിടെ വെറുതെ ഇരിക്കല്ലേ, എന്താ ഇവിടെ മലമറിക്കുന്ന പണി?” അവർ കയ്യിലെ ബാഗ് മേശയിലേക്കെറിഞ്ഞു. കൊളുത്തി വലിക്കുന്ന നോട്ടം നേരിടാൻ ആകാതെ സുഷമ തലതാഴ്ത്തി.
അതിരാവിലെ തുടങ്ങിയ ജോലികൾ അവളെ തളർത്തിയിരുന്നു. സ്വന്തം വീട്ടിലെ വേതനമില്ലാത്ത വേലക്കാരി. ആർക്കും മുറിവേൽപ്പിക്കാൻ സാധിക്കാത്ത, ആജ്ഞകൾ അനുസരിക്കുന്ന കേവലം ഒരു യന്ത്രമായി മാറിയിരുന്നെങ്കിലവൾ ആശിച്ചു.
സന്ധ്യക്ക് മകളുടെ പിഞ്ഞിപ്പോയ ഉടുപ്പ് തയ്ച്ചുകൊണ്ടിരുന്നപ്പോളാണ് താര വലിയ പ്ലാസ്റ്റിക് കവറുമായി തെക്കെ ഉമ്മറത്തെ പടികൾ കയറിവന്നത്.
“ചേച്ചി വലിയ തയ്യൽ പണിയിലാണല്ലോ.”
“ഏയ്, ഇതു വീട്ടിലെ കുറച്ചു തുണികൾ ശരിയാക്കിയെടുക്കാണ്. ”
“ചേച്ചിക്ക് അറിയാത്ത പണി വല്ലതും ഉണ്ടോന്നാ എനിക്കിപ്പോൾ സംശയം.” താര കിലുകിലെ ചിരിച്ചു. സുഷമ അവളുടെ ചിരിയിൽ പങ്കുചേർന്നു.
“സുഷുമേച്ചി പറഞ്ഞതെല്ലാം ഉണ്ട്, എനിക്ക് നല്ലൊരു ബൊക്കയും ക്രൗണും ഉണ്ടാക്കി തന്നാൽ മതി.”
സുഷമ കവർ തുറന്നു. അവളുടെ മകൾ അനഘ, മിന്നുന്ന മുത്തും നിറമുള്ള ഇലകളും പൂക്കളും കൗതുകത്തോടെ നോക്കി, അവയിൽ വിരലോടിച്ചു.
“എന്തെങ്കിലും ഡിസൈൻ താരയുടെ മനസ്സിലുണ്ടോ?”, അവൾ ചോദിച്ചു.
“ചേച്ചിക്ക് ഇഷ്ടമുള്ളത്, ഈ വിരൽ തൊട്ടാൽ എല്ലാം ഭംഗിയാവില്ലേ?” അവൾ നിറഞ്ഞു ചിരിച്ചു.
“നിനക്ക് കല്യാണസമ്മാനം തരാൻ എന്റെ കയ്യിൽ ഒന്നും ഇല്ലാട്ടോ”, അവളുടെ മുഖത്തെ ചിരി മാഞ്ഞുപോയിരുന്നു.
“അതൊന്നും സാരല്യ, ചേച്ചിയുടെ സ്ഥിതിയൊക്കെ എനിക്കറിയില്ലെ? ഇതൊക്കെ തന്നെ ധാരാളം. ചേച്ചി കല്യാണത്തിന് വരണം ട്ടോ”, അവൾ ക്ഷണിച്ചു.
“ഞാൻ വരുന്നില്ല, കുട്ടികളെ അയക്കാം”, സുഷമ മറുപടി പറഞ്ഞു.
അവൾക്കു ജനക്കൂട്ടത്തെ ഭയമായിരിക്കുന്നു. തന്റെ നേരെ പാഞ്ഞുവരുന്ന ചോദ്യങ്ങളിലും അടക്കം പറച്ചിലുകളിലും അസ്വസ്ഥയായി അവൾ ഉൾവലിയാൻ വെമ്പി. യാത്ര പറഞ്ഞിറങ്ങുന്ന താരയെ അവൾ കണ്ണിമയ്ക്കാതെ നോക്കിനിന്നു, പുഞ്ചിരിയിൽ ആശംസകൾ നേർന്നു.
തൊടിയിൽ പരന്നു കിടക്കുന്ന കരിയിലയും ചുള്ളികളും ഉണക്കപ്പുല്ലും വാരിക്കൂട്ടി കത്തിക്കുന്നിടത്തു, തീജ്വാലയിൽ നിന്നും ഉയരുന്ന പുകയും ചൂടും അവളുടെ കണ്ണുകളിൽ നീറ്റൽ പടർത്തി. തീ പടർന്നു ഗോളാകാരം പൂണ്ടു എല്ലം വിഴുങ്ങുന്ന നിമിഷത്തിനായി അവൾ കാത്തുനിൽക്കുമ്പോളാണ് മകൾ പേടിച്ചുകരഞ്ഞു അവളുടെ അടുത്തേക്ക് ഓടിവന്നത്.
“അമ്മേ, ചേട്ടനെ തല്ലുണു, വാ അമ്മേ, ഓടിവായോ… ” അവൾ കത്തിപ്പടരുന്ന കരിയിലക്കൂനയെ പിന്നിലാക്കി, ഉള്ളിലാളുന്ന തീയുമായി ഓടിയെത്തി.
രോഷാകുലനായി ഏട്ടൻ അലറി,
“തോന്നസ്യം കാട്ടാ, ആ സോമന്റെ കുട്ട്യേ തല്ലി ഒരു പരുവാക്കി, നിന്നെ നന്നാക്കാൻ പറ്റൊന്ന് ഞാൻ നോക്കട്ടെ,” അയാളുടെ കയ്യിലെ ചൂരൽ കുട്ടിയുടെ കിളിന്തു ശരീരത്തിൽ ആഞ്ഞുപതിച്ചു. അവൾ ഒരു നിമിഷം ചലനശേഷി നഷ്ടപ്പെട്ട് തറച്ചുനിന്നു.
“നിർത്ത്, അവൻ ചെറിയ കുട്ടിയല്ലേ?”, അമ്മ ഇടപ്പെട്ടു. കുട്ടികളുടെ നിലവിളികൾക്കിടയിൽ വൃദ്ധയുടെ സ്വരം ചിലമ്പിച്ചു നേർത്തു. അയാളവർക്കു നേരെ കാതടച്ചു. പകരം അയാളിലെ അമർഷം ശാപവാക്കുകൾ മുറുമുറുത്തു.
അർദ്ധപ്രജ്ഞയിൽ അവൾ മുന്നോട്ടാഞ്ഞു, അയാളെ തള്ളിമാറ്റി മകനെ വാരിയെടുത്തു. അവൻ വാടിയ ചീരത്തണ്ടുപ്പോലെ അവളെയൊട്ടി കിടന്നു. അടിയുടെ തിണർത്ത പാടുകളിൽ തലോടിയപ്പോൾ അവൻ ഞെരങ്ങി കണ്ണുതുറന്നു. അവൾ മകനെ മാറോടുചേർത്ത്, പൊട്ടിക്കരയാൻ കൊതിച്ചു. പക്ഷെ അവളുടെ കണ്ണീർ വറ്റിപ്പോയിരുന്നു. പേടിച്ചരണ്ട മകളെ അവൾ അവനോടൊപ്പം ചേർത്തു പിടിച്ചു.
അവളുടെ ചൂടുള്ള നിശ്വാസം ഉയർന്നു. നാസികാഗ്രത്തിലും മൂക്കുത്തിയുടെ കല്ലിനു ചുറ്റും വിയർപ്പുമണികളുടെ ഈർപ്പമായി പറ്റിപ്പിടിച്ചു. എന്നിട്ടും ആ വൈരക്കൽ തിളക്കം മങ്ങാതെ തിളങ്ങി.
“എന്തിനാ മോൻ അങ്ങനെ ചെയ്തേ?”,അവൾ സ്വരം താഴ്ത്തി ചുണ്ടുകൾ, അവന്റെ കാതിൽ ചേർത്തു.
“അവൻ എന്റെ പടത്തിൽ വെള്ളം കോരിയൊഴിച്ചു കീറിക്കളഞ്ഞു.” ദുർബലമായ സ്വരത്തിൽ അവൻ വിതുമ്പികരഞ്ഞു.
“ഞാൻ ഒരൊറ്റ അടിയെ അടിച്ചുള്ളൂ, അവൻ വെറുതെ നുണ പറയുന്നതാണ് “, കുട്ടി കരഞ്ഞുകൊണ്ടിരുന്നു. അവളുടെ കൈകൾ മകന്റെ ദേഹത്തെ പാടുകളിൽ തഴുകി. മാതൃഹൃദയത്തിലെ മുറിവിന്റെ നീറ്റൽ അവളുടെ ചിന്തകളെ ഉദ്ദീപിച്ചുകൊണ്ടിരുന്നു. ഉറക്കം ഒളിച്ചു കളിച്ച രാത്രികളിൽ അവൾ ചിന്തകളെ മേയാൻ വിട്ട് സ്വപ്നത്തിൽ പുഞ്ചിരിക്കുന്ന കുട്ടികളുടെ മുഖം നോക്കിയിരുന്നു. ജീവിതം കരഞ്ഞുത്തീർക്കാൻ ഉള്ളതല്ല, ഔദാര്യത്തിന്റെ കൈകൾ തട്ടിമാറ്റി, അന്തസ്സായി ജീവിക്കണം. അതിനു മാർഗങ്ങൾ തേടണം, അവൾ തീരുമാനിച്ചുറപ്പിച്ചു.
കുറച്ചു ദിവസങ്ങൾക്കു ശേഷം വീടിന്റെ മതിലിൽ ഒരു പരസ്യബോർഡ് പതിപ്പിച്ചു ഉറപ്പിക്കുന്ന ജോലിക്കാരെ സുഷ്മയുടെ ഏട്ടൻ അവിശ്വസനീയതോടെ നോക്കി. അയാൾ വായിച്ചു.
‘അനഘ ക്രാഫ്റ്റ്സ് ആൻഡ് ടൈലറിങ് ‘
‘ആദിത്യ ട്യൂഷൻ സെന്റർ ‘
മുറ്റം കടന്നെത്തിയ അയാൾ അലറി,”സുഷമേ, ഇതൊക്ക ആരോട് ചോദിച്ചിട്ടാ? ”
“ആരോടും ചോദിക്കേണ്ട ആവശ്യമില്ല”, അവളുടെ വാക്കുകൾ മുഴങ്ങി.
“എന്റെ വീട്ടിൽ പിള്ളേരും നാട്ടുകാരും കയറിയിറങ്ങുന്നത് എനിക്കു ഇഷ്ടമല്ല”, അയാളുടെ മുഖം ചുവന്നു.
“എന്റെ വീട്ടിൽ ചെയ്യാമല്ലോ, ഇതു നിങ്ങളുടെ മാത്രം വീടല്ലല്ലോ.” പ്രതീക്ഷിക്കാത്ത തിരിച്ചടിയിൽ അയാൾക്ക് വാക്കുകൾ നഷ്ടപ്പെട്ടിരുന്നു.
തെക്കെവരാന്തയിൽ ഒരുങ്ങിയിരുന്ന തയ്യൽ മെഷീനും പഠനമുറിയും പുത്തൻ വിരിപ്പുള്ള അച്ഛന്റെ ചാരുകസേരയും അവളുടെ പ്രതീക്ഷകളുടെ നാമരൂപങ്ങൾ ആയി.
പ്രാരബ്ധക്കടലിൽ ആടിയുലഞ്ഞ തോണി തുഴഞ്ഞു കടന്നുപോയ കാലം, സുഷമയുടെ മുടിയിൽ വെള്ളി നൂലുകൾ പാകി. അന്ന് യുവചിത്രകാരൻ ആദിത്യന്റെ ആദ്യത്തെ ചിത്ര പ്രദർശനമായിരുന്നു. ഹാളിൽ പ്രവേശിച്ച അതിഥികളുടേയും മറ്റു കലാസ്വാദകരേയും മുന്നിലേക്ക്, മെല്ലെ നൂൽ വലിച്ചു തുറന്നു, ആദ്യത്തെ ചിത്രത്തിന്റെ മറ നീങ്ങിയപ്പോൾ, തെളിഞ്ഞ ഉമ്മറക്കോലായിലെ ചാരുകസേരയുടെ ചിത്രം. അതിനു താഴെ ചാർത്തിയ ഒപ്പിനൊപ്പം കലാകാരന്റെ വിരൽത്തുമ്പിൽ വിരിഞ്ഞ ചന്തമാർന്ന കൈപ്പടയിൽ കടഞ്ഞ അക്ഷരങ്ങൾ, അഗതികളുടെ ചാരുകസേര.
ചിത്രത്തിൽ, കലാകാരനും അയാളുടെ സഹോദരിയും ആ ചാരുകസേരയുടെ ഇരു കൈകളിലും തൊട്ടുനിന്നു. അവരോടൊപ്പം കൈയിലെ തേച്ചുമിനുക്കിയ നിലവിളക്കിലെ തിരിനാളത്തിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന വൈരക്കൽ മൂക്കുത്തിയണിഞ്ഞ സ്ത്രീയും.
ചില മുറിവുകൾ സുഖമുള്ള നോവുകളാണല്ലോ.
#മുറിവ്


45 Comments
നന്നായിട്ടുണ്ട്❤️
Janet, Thank you very much.
🙏❤️
Well
Heart touching. ❤️❤️❤️
Sabira, thank you🙏🥰🫂
Pingback: "മുറിവുകൾ" ഹൃദയസ്പർശിയാക്കിയവർ... - By Electa Joeboy - കൂട്ടക്ഷരങ്ങൾ
ഹൃദയം തൊടുന്ന കഥ👍❤️
മിനി സുന്ദരേശരൻ, ഒത്തിരി നന്ദിയുണ്ട് വായനക്കും ഈ വാക്കുകൾക്കും.🙏
Hugs! 🫂
മനോഹരമായ കഥ👌
Pavithra, Thank you.
🙏❤️
Super novel❤️variety them🥰
Salma, thank you.🙏
മനോഹരം
❤️
Shree ja, 🙏❤️
വളരെ നന്നായിട്ടുണ്ട്.
മുരളി തിരുവാങ്കുഴി, Thank you.
വായനക്കും ഈ കുറിപ്പിനും.
🙏
തിരുവഴി😀
sorry, തെറ്റിപ്പോയി. 🙏
അടുത്തപ്രാവശ്യം തെറ്റില്ല, സത്യം.
ഹൃദയ സ്പർശിയായ എഴുത്ത്. അഭിനന്ദനങ്ങൾ
Anna, thank you.
എഴുത്തും തലക്കെട്ടും മനോഹരം.. നന്നായി എഴുതി.♥️ ഇടക്ക് നിറുത്തി പോകാൻ ആവാതെ പിടിച്ചിരുത്തുന്ന ശൈലി ആണ് ജോയ്സ് ന്റെ ഓരോ എഴുത്തും.
ശരിയാണ്, “ചില മുറിവുകൾ സുഖമുള്ള നോവുകളാണ്..” 👍🏻👍🏻🤝♥️
Sujatha, നന്ദിയുണ്ട്, വായനക്കും ഈ വാക്കുകൾക്കും.❤️🙏
ഇത്തവണയും ഞെട്ടിച്ചു… സൂപ്പർ എഴുത്ത് ചേച്ചി ❤️❤️👌👌🌹🌹
സിന്ധു, സ്നേഹം dear !
❤️❤️❤️
നല്ലകഥയാണ്.ഒരൂപിടൂപേർ ഈ അനൂഭവങ്ങളിൽകൂടി പണ്ടൂം ഇപ്പോഴൂംകടന്നൂപോയിക്കൊണ്ടിരിക്കൂന്നൂ.കോട്ടയത്തെഷൈനിയൂംമക്കൾക്കൂട്രെയിനിൻ്റെമൂൻപിൽ ചാടി മരിക്കേണ്ടഗതികേട്ഉണ്ടായത് കേരളത്തീലാണ്.മകളെയൂംകൂഞ്ഞൂങ്ങളെയൂം ഭർത്താവ് ഉപേക്ഷിച്ചാൽ ചേർത്തൂപിടിക്കേണ്ട മാതാപിതാക്കൾ പോലൂംകൂട്ടിനൂണ്ടായില്ല.സൂന്ദരികളായ ആപെൺമക്കളെ തനിച്ചാക്കി പോകാൻ ആ അമ്മക്ക് കഴിഞ്ഞില്ല.ഇന്നൂ അതോർത്താൽ കരച്ചിൽവരൂം നമ്മൂടെ ആരമായിരൂന്നീല്ല എന്നിട്ടൂ! ജോയ്‌സ് അഭിനന്ദനങ്ങൾ നേരൂന്നൂ.സൂഷമയെപ്പോലെയാകാൻ നേഴ്സായ ഷൈനിക്കൂക.ഴീഞ്ഞില്ല.മനഷൃമനസ്സ് ചിലരൂടെ കല്ലിനേക്കാൾ കഠിനം.
സത്യം, Rita chechi, ചിലർക്ക് അതിജീവിക്കാൻ കഴിയില്ല.
ചേച്ചി എഴുത്ത് ഒത്തിരി ഇഷ്ട്ടം ആയി 👌👌💗😍
Sayara, സ്നേഹം dear.🙏❤️
ജോയ്സ് ,നിങ്ങളെന്തു രസമായിട്ടാണ് എഴുതുന്നത്. ഒറ്റയിരുപ്പിൽ തന്നെ വായിച്ചു. നല്ല ടൈറ്റിലും 👌🌹❤️
Sherly, ഒത്തിരി സന്തോഷം, നന്ദി.🙏🥰
അദ്യം കണ്ണുകൾ നനച്ചെങ്കിലും അവസാനം മനോഹരമായി👌💯❤️ മനോഹരമായ എഴുത്ത് അഭിനന്ദനങ്ങൾ Joyce varghes👌👍💯❤️🙏🙏🙏🙏
Suresh, ഒത്തിരി നന്ദി, സന്തോഷം.🙏
എന്ത് രസാ ഈ എഴുത്ത്.. ജോയ്സ് ❤️❤️❤️❤️
സുനന്ദ, thank you dear.🙏🥰
ഒത്തിരി ഇഷ്ടമായി💕💕
Seji, thank you dear.🙏❤️
കണ്ണു നനയിച്ചു. അഗതികളുടെ കസേര എന്ന ബിംബവും. മൂക്കുത്തിയും മനസ്സിലെ നിലവിളക്കിൻ വെട്ടത്തിൽ വായനയ്ക്കു ശേഷവും തെളിഞ്ഞു കത്തുന്നു. സ്നേഹം ഇങ്ങനെ എഴുതുന്നതിന് ❤️ കുശുമ്പ് ഇങ്ങനെ എഴുതാൻ കഴിയുന്നതിൽ😂🤣 Hugs❤️❤️❤️
എന്താ പറയേണ്ടത് ജോയ്സ് ❤️കഥവായിച്ചു കരയുന്ന പതിവ് ചെറുപ്പത്തിലേയുണ്ട് ഇതൊക്കെ വായിച്ച് എങ്ങനെ കരയാതിരിക്കും. ജോയ്സിൻ്റെ എഴുത്തുകളെല്ലാം മനോഹരം അതിമനോഹരം.❤️👌
സ്നേഹം❤️❤️❤️
സ്നേഹം സുമ, വായനക്കും വാക്കുകൾക്കും. വിവാഹം സ്വന്തം വീട്ടിൽ അവകാശമില്ലാത്തവരാക്കി മാററിയ എത്രയോ പെൺകുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്.😰
Thara, ഒത്തിരി സന്തോഷം. ഈ വാക്കുകൾ നൽകുന്ന പ്രോത്സാഹനത്തിനു നന്ദി, സ്നേഹം.❤️
ആ പെയിന്റിംഗിന്റെ എ ഐ ചിത്രം ഉണ്ടാക്കാമായിരുന്നു. ജോയ്സ്, as usual, ഉമ്മ ❤️❤️
അതേ, ചിത്രം
വായനക്കു ഒത്തിരി നന്ദി.🙏🥰
എപ്പോഴെത്തേയും പോലെ അതി മനോഹരമായ എഴുത്ത്..
ചാരുകസേരയും മൂക്കുത്തിയും മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു… സുഖമുള്ള ഒരു നോവായി..💐💐
Electa, Thank you.🙏❤️
Sayara, സ്നേഹം dear.🙏❤️