കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ ഡാമിൽ നിന്ന് പരൽ മീനുകൾ കൂട്ടത്തോടെ വന്നു വെട്ടി മറഞ്ഞു എപ്പോൾ കാണുമ്പോളും ഒരേ വലുപ്പമുള്ള പരൽ മീനുകളെ ഇവയെന്താ വലുതാകത്തെ എന്നോർത്തു കൗതുകത്തോടെ കാർത്തു നോക്കി നിന്നു.
” കാർത്തു ചേച്ചി “
പുറകിൽ നിന്ന് വിളി കേട്ട് കാർത്തു തിരിഞ്ഞു നോക്കി ഡാമിൻ്റെ അടുത്തുള്ള പറമ്പിൽ നിന്നാണ് ശബ്ദം! കുഞ്ഞച്ചൻ ചേട്ടൻ്റെ അവിടുത്തെ മോളി ചേച്ചിയുടെ മോൻ വർക്കിയാണ് ശബ്ദത്തിനുടമ എന്ന് തിരിച്ചറിഞ്ഞു കാർത്തു പുഞ്ചിരിച്ചു.
”ചേച്ചി അവിടെ എന്താക്കാണെ?” ചെക്കൻ ചെമ്പരത്തി ചെടികൾക്കിടയിൽ നിന്ന് പുറത്ത് വന്നു
”നീ പല്ല് തേക്കാണോ അതോ ഉമിക്കരി തിന്നാണോ?”
ചെക്കൻ്റെ വായ നിറച്ച് ഉമിക്കരി കണ്ട് കാർത്തു കുസൃതിയോടെ ചോദിച്ചു.
”ഞാൻ പല്ലു തേക്കാ, ഉമിക്കരി അയിന് ആരെങ്കിലും തിന്നോ ?” അവൻ്റെ നിഷ്കളങ്കതയോടെയുള്ള മറുപടി കേട്ട് കാർത്തു ചിരിച്ചു.
”പിന്നെ ഉമിക്കരി തിന്നാലെ പല്ലു വെളുക്കണ പോലെ തന്നെ നമ്മളും വെളുക്കും ന്താ തിന്നു നോക്കണോ?” കാർത്തു ചിരി വിടാതെ പറഞ്ഞു.
” വെറുതെ പറയാണ് എന്നെ പറ്റിക്കാൻ ” ചെക്കന് സംശയമായി.
”ആ അത് പോട്ടെ നെൻ്റെ ചേച്ചി എടത്തു ?” വർക്കിയുടെ കൂടെ വാലു പോലെ എപ്പോഴും കാണുന്ന പെങ്ങളെ അവിടെയൊന്നും കാണാഞ്ഞ് കാർത്തു ചോദിച്ചു.
”ചേച്ചി വീട്ടിലാ ഞാൻ ഇന്നലെ വെല്ലിപ്പച്ചൻ പോന്നപ്പോ കൂടെ വന്നതാ ” അവൻ പാടത്തിന് അക്കരയുള്ള സ്വന്തം വീട്ടിലേക്ക് കൈ ചൂണ്ടി.
”അതെന്താ ചേച്ചി പോരാഞ്ഞെ?” കുനിഞ്ഞിരുന്ന് പാലു പാത്രത്തിൻ്റെ മൂടി കനാലിലെ വെള്ളത്തിൽ കഴുകിയെടുത്ത് കാർത്തു നിവർന്നു.
”ചേച്ചി പോന്നാൽ അമ്മ ഒറ്റക്കാകില്ലെ” ഈ കാർത്തു ചേച്ചിക്ക് ഒന്നുമറിയില്ല എന്ന മട്ടിൽ വർക്കി നിന്നു.
” ആ അത് ശരിയാ ആട്ടെ നീ ഇപ്പോ എത്രയിലാ പഠിക്കണെ?” പൊക്കി കുത്തിയ പാവാട തുമ്പ് അഴിച്ചിട്ട് കാർത്തു ആരാഞ്ഞു.
”രണ്ടിലാ… ” വർക്കി വായിലെ ഉമിക്കരി തുപ്പികളത്ത് പറഞ്ഞു.
” വലുതാകുമ്പോ ആരാകണമെന്നാ നെനക്ക് ആഗ്രഹം?” കാർത്തു പിന്നെയും വെറുതെ ചോദിച്ചു.
”എനിക്ക് എനിക്ക് പോലീസാവണം ന്നിട്ട് ജീപ്പില് കേറി ഞാം എറണാകുളത്തിന് പോവും ” വർക്കി കൈയിലെ ഉമിക്കരി പിഞ്ഞി കീറി തുടങ്ങിയ ട്രൗസറിൻ്റെ മൂട്ടിൽ തുടച്ചു കളഞ്ഞ് അഭിമാനത്തോടെ പറഞ്ഞു.
”ന്നിട്ട്?” കാത്തു ജിഞ്ജാസയോടെ പ്രോത്സാഹിപ്പിച്ചു
”ന്നിട്ട് ൻ്റെ അപ്പച്ചനെ പിടിച്ച് വണ്ടീല് കേറ്റി കൊണ്ട് പോരും ” വർക്കി ഉറപ്പിച്ചു.
കാർത്തുവിൻ്റെ മുഖം പെട്ടെന്ന് മ്ളാനമായി എങ്കിലും അവൾ അത് മറച്ചു കളഞ്ഞു പിന്നെയും ചോദിച്ചു ” അപ്പച്ചൻ വന്നില്ലെങ്കിലോ “
” അയിന്ന് അപ്പോ ഞാൻ പോലീസല്ലെ പോലീസുകാര് പിടിച്ചാൽ എല്ലാരും വരും”
ഈ ചേച്ചിക്ക് ഒന്നുമറിയില്ലെ എന്ന മട്ടിൽ വർക്കി ഞെളിഞ്ഞു നിന്നു.
” ആ അത് ശരിയാ… മോൻ നല്ലോണം പഠിക്കണം ട്ടോ ന്നാലെ പോലീസാവാൻ പറ്റൂ ചേച്ചി പോട്ടെ ” വർക്കിയെ വാൽസല്യത്തോടെ ഒന്ന് നോക്കി കാർത്തു പോകാൻ തിരിഞ്ഞു.
” കാർത്തു ചേച്ചി ഞാൻ കനാലിലെ വെള്ളത്തില് മോറ് കഴുകിക്കോട്ടെ “
ചെക്കൻ ചെമ്പരത്തി തലപ്പുകൾ വകഞ്ഞു മാറ്റി താഴേക്ക് ഇറങ്ങാൻ ഭാവിച്ചു.
” വേണ്ട മോനെ കുഞ്ഞച്ചൻ ചേട്ടൻ കണ്ടാൽ പിന്നെ ചീത്ത കേക്കും ” കാർത്തു വർക്കിയെ വിലക്കി.
വർക്കിയുടെ മുഖം വാടി അത് കണ്ട് കാർത്തു അവൻ്റെ തോളിൽ തട്ടി പറഞ്ഞു
”മോനിച്ചിരി കൂടി വലുതാവട്ടെ അപ്പോ മോന് ഡാമില് തന്നെ ഇറങ്ങി കുളിക്കാലോ?”
വർക്കിക്ക് ആ ആശ്വസിപ്പിക്കൽ അത്ര തൃപ്തിയായി തോന്നിയില്ല എങ്കിലും അവൻ ചോദിച്ചു “അതെപ്പോഴാ 3 ൽ എത്തുമ്പോഴാ ?”
”ആം നല്ലോണം പഠിച്ചാൽ 3 ല് എത്തുലോ ചേച്ചി പോട്ടെ ട്ടോ” കാർത്തു അവൻ്റെ കവിളിൽ തട്ടി പറഞ്ഞ് തിരിഞ്ഞു നടന്നു.
ഡാമിൻ്റെ മുകളിലുടെ നടന്നകലുന്ന കാർത്തുവിനെ നോക്കി വർക്കി നിന്നു പിന്നെ ‘ മോറ് കഴുകീട്ട് തേൻ ഉണ്ടോന്ന് നോക്കാം ‘മനസിൽ പറഞ്ഞ്
വിരിയാത്ത ചെമ്പരത്തിമൊട്ടുകൾ ശ്രദ്ധയോടെ പൊട്ടിച്ചെടുക്കാൻ തുടങ്ങി.
ഡാമിൻ്റെ മോളിലൂടെ പാലുപോത്രവും വീശി നടക്കുമ്പോൾ കാർത്തു വർക്കിയെ പറ്റി ഓർക്കുകയായിരുന്നു ‘പാവം കുട്ടി ജനിപ്പിച്ച സ്വന്തം തന്തയെ ഒന്ന് കാണാൻ പോലും കഴിഞ്ഞിട്ടില്ല’ മോളി ചേച്ചി പണിക്ക് പോയി കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കുന്നു അയാളെന്ത് മനുഷ്യനായിരിക്കും?’ മോളിയെ പറ്റി ചിന്തിച്ചപ്പോൾ കാർത്തുവിന് ജാനകിയേടത്തിയെ ഓർമ വന്നു അവൾ തിരിഞ്ഞ് ഡാമിലെ വെള്ളത്തിലേക്ക് നോക്കി അവിടെ കഴുത്തിൽ കുരുക്കുമായി ചത്തുകിടന്ന മണിയുടെ രൂപം അവളെ നോക്കി ചിരിച്ചു, കാർത്തു ഡാമിൻ്റെ താഴേക്ക് നോക്കി അവിടെ മേലെ തൊടിയിലെ അയ്യപ്പൻ നായരുടെ ശരീരം ചോരയൊലിപ്പിച്ച് കിടക്കണ കണ്ടു, അടുത്തിരുന്ന് കരയുന്ന രാധമണിയെ കാർത്തു കണ്ടു, കരഞ്ഞു തളർന്ന ജാനകിയേടത്തിയും രാധമണിയും അവളെ കരയിച്ചു അവൾക്ക് ശ്വാസം മുട്ടണ പോലെ തോന്നി, അവൾ വേഗം ഡാമിൻ്റെ കരയിൽ നിന്ന് പാടത്തേക്കിറങ്ങി, പാടത്തെ നെൽതലപ്പുകളെ തട്ടിതെറിപ്പിച്ച് അവൾ ഓടി…
” യ്യെങ്ങടാ മണ്ടണത് കാർത്തോ ? പാഞ്ചീസ് ചേട്ടൻ്റെ വയലിൻ്റെ അപ്പുറത്ത് കൂടി രാവിലെ പണിക്ക് പോവുന്ന ഉഷ വിളിച്ചു ചോദിച്ചു. കാർത്തു നിന്നു!
”ഏയ് ഒന്നൂല ഉഷേച്ചി ” കാർത്തു മുഖം തുടച്ചു
” ന്തേടി എന്തേലും പ്രശ്നണ്ടോ?”
ഉഷ വായിലെ മുറുക്കാൻ പാടത്തേക്ക് നീട്ടി തുപ്പി
” ഇല്ല ഉഷേച്ചി ഞാൻ വെറുതെ ” കാർത്തു നടക്കാൻ ഭാവിച്ചു.
” ഉം… കല്യാണായിരിക്കണ പെണ്ണാ യ്യ് നോക്കി നടന്നോണ്ടി എവിടേലും മറിഞ്ഞ് വീണ് കൈയ്യും കാലും പൊട്ടിക്കണ്ട” വായിലെ മുറുക്കാൻ അയവെട്ടി ഉഷ പോയി.
ചെമ്പോത്തറ വയലിൻ്റെ നടുക്ക് നിന്ന് കാർത്തു ദൂരെ ഒന്നുമറിയാത്ത ഭാവത്തിൽ ഉറങ്ങുന്ന മണിക്കുന്നിനെ നോക്കി ആകാശത്തേക്ക് നേർത്ത പാടപോലെ ഉയരുന്ന വെള്ള പുകപടലങ്ങൾ അങ്ങിങ്ങായി തങ്ങി നിന്നു. താഴെ വയലിൻ്റെ കരയിൽ കമ്പളം പുതച്ചുമൂടിയ മുത്തിയമ്മയെ പോലെ മോളിയുടെ കുടിൽ നിൽക്കുന്നു അടുത്തുള്ള പണിയപാടിയിൽ മകരമഞ്ഞിൻ്റെ തണുപ്പകറ്റാൻ കരിയില കൂട്ടി തീ കായുന്ന പണിയരെ കണ്ടു. ചീരങ്കിയും ചീരുവും ഉണ്ടാവോ അതിൽ? അവൾ വെറുതെ ദൂരെയുള്ള രൂപങ്ങളെ സങ്കൽപ്പിച്ചു നോക്കി അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന മഞ്ഞിൻ കണികകൾ അവളുടെ കാഴ്ച്ചയെ അവ്യക്തമാക്കി ഒരു നെടു നിശ്വാസത്തോടെ അവൾ വരമ്പിൽ വീണു കിടക്കുന്ന നെൽച്ചെടികളെ ചവുട്ടാതെ അടി വച്ച് നടന്നു. നടക്കുന്നതിനിടയിൽ നെൽച്ചെടികൾക്കിടയിൽ ഒളിച്ചു നിന്നിരുന്ന ഒരു കുഞ്ഞൻ തവള കുറുകെ ചാടി അവളെ പേടിപ്പിച്ചു, മനുഷ്യ രൂപങ്ങൾക്കിടയിൽ മറഞ്ഞിരുന്ന് പെണ്ണുങ്ങളെ വിധിക്ക് വിളയാടാൻ വിട്ടുകൊടുക്കുന്ന ഈശ്വരൻമാരെ അവൾ പഴിച്ചു. മുത്തിയമ്മയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി ” നേരും നെറിയും ഉള്ളവര് കുറവാണ് കാർത്തോ, എപ്പഴാ മനുഷ്യമാര് ചതിക്കണന്ന് അറിയൂല” ശരിക്കും ആണുങ്ങളുടെ ചതികളിൽ പെട്ട് ജീവിതം ഹോമിച്ചു ജീവിച്ചു തീർക്കുന്ന മോളി ചേച്ചിയും ചീരുവും ചീരങ്കിയും ജാനകിയേടത്തിയും വ്യത്യസ്തരല്ലന്ന് അവൾക്ക് തോന്നി ഒരു വിധത്തിലല്ലെങ്കിൽ വേറെ വിധത്തിൽ ആണുങ്ങളാൽ വഞ്ചിക്കപ്പെട്ടവർ, ചിലരെ കല്യാണമെന്ന പേരിൽ ആവശ്യത്തിന് ഉപയോഗിച്ച് വലിച്ചെറിയുന്നു മറ്റു ചിലരെ എന്നും കൂടെ കാണുമെന്ന് ധരിപ്പിച്ച് സ്വന്തം സുഖം നേടിയെടുത്ത് കഴിഞ്ഞ് കൈ കഴുകുന്നു. അവൾക്ക് എല്ലാത്തിനോടും ദേഷ്യം തോന്നി മുന്നിൽ വീണു കിടക്കുന്ന നെൽച്ചെടി കാലു കൊണ്ട് തട്ടി തെറിപ്പിച്ചു വരമ്പിൽ കതിരിൽ നിന്ന് ഉതിർന്ന് ചിതറി കിടക്കുന്ന നെൽമണികൾ അവളെ ദൈന്യതയോടെ നോക്കി “അന്നമാണ് കാർത്തോ ചവിട്ടി തെറിപ്പിക്കല്ലെ നീയ്യ്” കുഞ്ഞിലെ പനമ്പിൽ ഉണക്കാനിട്ടിരിക്കുന്ന നെല്ല് ചിക്കി കളിക്കുമ്പോൾ അമ്മ പറയാറുള്ളത് അവൾക്ക് ഓർമവന്നു അവൾ കുനിഞ്ഞ് തൻ്റെ ചവിട്ടിൽ വരമ്പിലേക്ക് തളർന്ന് വീണു പോയ നെൽച്ചെടിയെ എടുത്തുയർത്തി അരുമയോടെ പാടത്തെ മറ്റു നെൽച്ചെടികളുടെ കൂടെ ചേർത്തു വച്ചു “സാരല്യട്ടോ ” അവൾ മന്ത്രിച്ചു.
” കാർത്തിക പി. വി ” വിളി കേട്ട് കാർത്തു തലയുയർത്തി
തോളത്ത് മൺവെട്ടിയും തലയിൽ കെട്ടുമായി മുന്നിൽ രവിയേട്ടൻ നിക്കണു,
” നീയെന്താക്കണെ? “
അവൾ ഒന്നും മിണ്ടാതെ അവനെ ശൂന്യമായി നോക്കി.
അപ്പോഴാണ് അവളുടെ നനഞ്ഞിരിക്കുന്ന കണ്ണുകൾ അവൻ കണ്ടത്
”എന്താ പെണ്ണെ? നീയെന്താ കരഞ്ഞോ?”
അവൻ അടുത്തേക്ക് വന്ന് അവളുടെ തോളിൽ തൊട്ടു
” എന്തുപറ്റി ആരേലും എന്തേലും പറഞ്ഞോ?
രവി പിന്നെയും ചോദിച്ചു
കാർത്തു ഒന്നും മിണ്ടാതെ മുഖം കുനിച്ചു അവളുടെ കണ്ണുകൾ സജലങ്ങളായി
അവൻ പതുക്കെ അവളുടെ താടിയിൽ പിടിച്ച് ഉയർത്തി, നിറത്തൊഴുകുന്ന അവളുടെ കണ്ണുകൾ കണ്ട് അവൻ്റെ മനം നൊന്തു.
”എന്തിനാ എൻ്റെ പെണ്ണ് കരയണെ പറയ് ഞാനല്ലെ ചോദിക്കണെ “
” ഏയ് ഞാൻ വെറുതെ ഒരോന്ന് ആലോചിച്ച് “
കാർത്തു കൈ ഉയർത്തി മുഖം തുടച്ച് ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു പറഞ്ഞു.
” വേലായുധേട്ടൻ കുടിക്കണ ഓർത്തിട്ടാ “
അവൾ വെറുതെ തലയാട്ടി
”ഞാനും ഓർത്തു അതാവുമെന്ന് ” അവനൊന്ന് നിശ്വസിച്ചു.
” അതൊക്കൊ മ്മക്ക് ശര്യാക്കാന്ന് നമ്മളെ കല്യാണം കഴിഞ്ഞാൽ പിന്നെ അച്ഛനെ കുടിക്കാൻ ഞാൻ വിടൂല പോരെ ” അവൻ വാക്കു കൊടുത്തു.
കാർത്തു തലകുലുക്കി
അവന് അവളുടെ നെറ്റിയിൽ ഒന്നുമ്മ വെയ്ക്കണമെന്ന് തോന്നിയെങ്കിലും ചുറ്റിലും നോക്കിയപ്പോൾ ആത്തികണ്ടത്തിൽ പെണ്ണുങ്ങൾ കള പറിക്കണ കണ്ട് അവളുടെ കവിളിലൊന്ന് തട്ടി
”ന്നാ ശരി ഞാം പോട്ടെ പണിണ്ട് ” ന്ന് പറഞ്ഞ് അവളെ കടന്ന് മുന്നോട്ട് നടന്നു.
”രവിയേട്ടാ ” കാർത്തു അവനെ പിന്നിൽ നിന്ന് വിളിച്ചു
” എന്താ പെണ്ണെ ? “രവി തിരിഞ്ഞു
” മ്മളെ കല്യാണം കഴിഞ്ഞ് രവിയേട്ടൻ എന്നെ വിട്ട് എങ്ങോട്ടെങ്കിലും പോകോ? “
കാർത്തുവിൻ്റെ ചോദ്യം കേട്ട് രവി അമ്പരന്നു.
അവനോട് അങ്ങനെ ചോദിക്കേണ്ടി വന്നതിൽ അവൾക്ക് കുണ്ഠിതം തോന്നി
”ഒന്നൂല വെറുതെ ചോദിച്ചതാ” കാർത്തു തിരിഞ്ഞു നടക്കാൻ ഭാവിച്ചു.
രവിയാകട്ടെ അവളുടെ ചോദ്യത്തിൻ്റെ പൊരുൾ മനസിലാവതെ വരമ്പിൽ തന്നെ നിന്നു.
”പെണ്ണെ ” അവൻ വിളിച്ചു അവൾ നിന്നു. അവൻ മൺവെട്ടി വരമ്പിൽ വച്ച് അവളുടെ അടുത്തേക്ക് വന്ന് അവളുടെ തോളിൽ പിടിച്ച് തൻ്റെ അഭിമുഖമായി നിർത്തി
” ലോകത്ത് എന്തൊക്കൊ സംഭവിച്ചാലും ഭൂമി പിളർന്ന് താഴെ പോയാലും നിൻ്റെ രവിയേട്ടൻ നിന്നെ വിട്ടു പോവില്ല”
കാർത്തുവിൻ്റെ കണ്ണിൽ നോക്കി രവി പറഞ്ഞു അവളുടെ നെറ്റിയിൽ ചുംബിക്കാനായി രവി മുന്നോട്ടാഞ്ഞു കാർത്തു പെട്ടെന്ന് അവൻ്റെ പിടി വിടുവിച്ച് പൊട്ടിച്ചിരിച്ചു കൊണ്ട് വരമ്പിലൂടെ ഓടി ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു
” രവിയേട്ടൻ സാഹിത്യം പറയാൻ തുടങ്ങിയിരിക്കണു എന്തോ കുഴപ്പംണ്ട് ഡോക്ടറെ കണ്ടോളൂട്ടോ ” അവൾ പിന്നെയും ചിരിച്ചു പുള്ളിമാനിനെ പോലെ ഓടിയകലുന്ന അവളുടെ കൊലുസിൻ്റെ കിലുക്കം അവനെ തരളിതനാക്കി അവൻ വിളിച്ചു പറഞ്ഞു
” എൻ്റെ ഡോക്ടറെ കാണാൻ ഞാൻ വരുന്നുണ്ട് വീട്ടിലേക്ക്. ‘ span>
ദൂരെ ആത്തികണ്ടത്തിൽ കള പറിക്കുന്ന പെണ്ണുങ്ങൾ ഈ കാഴ്ച്ച കണ്ട് എന്തോ അടക്കം പറഞ്ഞ് ഉച്ചത്തിൽ ചിരിച്ചു. അത് കേട്ട് പാടത്ത് ഒറ്റാൽ തപ്പിയിറങ്ങിയ കൊറ്റികൾ കൂട്ടത്തോടെ വാനിലേക്ക് ഉയർന്നു.
തുടരും…
ജീസ് കൈതാരം


1 Comment
അടുത്ത കാർത്തു വേഗം വരട്ടെ. അടിപൊളി👌🌹