ഇരുളിന്റെ സുരക്ഷിതത്വം വെളിച്ചത്തിന്റെ അരക്ഷിതാവസ്ഥയിലേക്ക് വഴി മാറിയപ്പോൾ ഉടുമുണ്ടിൽ ചുരുണ്ടുകൂടികിടന്നുറങ്ങുന്ന കുഞ്ഞുങ്ങളെ തട്ടിയുണർത്തി ജലജ വീട്ടിലേക്കു പോകാനൊരുങ്ങി.
ഇന്നലെ പാതിരാത്രിയിൽ വീടൊരുതീഗോളമായി ആർത്തട്ടഹസിക്കുന്നത് ഇഞ്ചിപ്പുൽകാടുകൾക്കുള്ളിൽ പതുങ്ങിയിരുന്ന് കാണുന്നുണ്ടായിരുന്നു അവളും മക്കളും. ഉടുവസ്ത്രമൊഴികെ മറ്റെല്ലാം കത്തിച്ചാമ്പലാകുന്നതറിഞ്ഞിട്ടും ശ്വാസമടക്കി, മക്കളെ ചേർത്തു പിടിച്ച് ഭൂമിയോടൊട്ടി പിന്നെയും പിന്നെയും അമർന്നിരുന്നു. നാലു ജീവനുകളെ തിരഞ്ഞുഴലുന്ന കണ്ണുകൾക്ക് തങ്ങളെ കാട്ടിക്കൊടുക്കരുതേയെന്ന് തീനാമ്പുകളോട് കേണുകൊണ്ട്.
ഉണർന്നെണീറ്റ മക്കളെയും കൊണ്ട് വേറെയെവിടെയും പോകാനില്ലാത്തതുകൊണ്ട്,
കത്തിയമർന്നു കിടക്കുന്ന വീടിനെ നോക്കി അതിരിലെ തെങ്ങിൻച്ചോട്ടിൽ ചെന്നിരുന്നു.
ഓലപ്പുരയായിരുന്നെങ്കിലും സ്വന്തമായൊരിടമായിരുന്നു അത്.
വിശപ്പുകൊണ്ട് കത്തിയാളുന്നുണ്ടെങ്കിലും കുട്ടികൾ മൂന്നും പേടിപ്പെടുത്തുന്ന ഓരോർമ്മയെ വീണ്ടും വീണ്ടും ഓർത്തെടുത്ത് മൗനത്തെ കൂട്ടുപിടിച്ച് ജലജയുടെ എല്ലുന്തിയ ദേഹത്തോട് ചേർന്നിരുന്നു.
ചൂട് അടങ്ങിയിട്ടില്ലാത്ത ചാരക്കൂനയിലേക്ക് നോക്കിയിരിക്കേ രാത്രിയിൽ ഒളിച്ചിരിക്കാനൊരിടം ബാക്കി വെച്ചിട്ടുപോയ പ്രേത ബംഗ്ലാവിന്റെ ഉടമസ്ഥനോട് അവൾ നന്ദി പറഞ്ഞു. പകല് പോലും ആളുകൾ കയറിച്ചെല്ലാൻ മടിക്കുന്ന, പേടിപ്പെടുത്തുന്നൊരു വിജനതയായിരുന്നു ആ പറമ്പിനും ഇരുട്ടിൽ പുതഞ്ഞു കിടക്കുന്ന ഇരുനില കെട്ടിടത്തിനും. പകൽ വെളിച്ചമണയുമ്പോൾ അതൊരു യക്ഷി ഗൃഹം പോലെ തോന്നിക്കും.
കുടിച്ചു കുഴഞ്ഞു വരുന്ന ഗൃഹനാഥൻ സമനില തെറ്റിയ പ്രവൃത്തികൾ ചെയ്തു തുടങ്ങുമ്പോഴേക്കും കുട്ടികൾ ഇരുളിലേക്ക് ഊളിയിടും. അടിയും തൊഴിയും കൊണ്ട് വശം കെടുമ്പോൾ ജലജയും അവർക്കു പിന്നാലെ ഓടിയിറങ്ങും. ചില ദിവസങ്ങളിൽ അവൾക്കതിനു കഴിയാറില്ല. അടിയുടെ ഭീകരതയിൽ ബോധമറ്റ് വീണുപോകും.
ഒരു തുള്ളി നിലാവു പോലും വഴി കാട്ടാനില്ലാത്ത രാത്രിയുടെ നീണ്ട നിരത്തുകൾ അവരെ ഒരിക്കലും ഭയപ്പെടുത്തിയിട്ടേയില്ല. തങ്ങളുടെ സൊയ്ര്യ വിഹാരത്തെ ഘനിക്കുന്ന കാലൊച്ചകൾ കേട്ട് വിഷം ചീറ്റാനൊരുങ്ങുന്ന ഉരഗങ്ങൾ അവരെ കാണുമ്പോൾ ഓ, നിങ്ങളായിരുന്നോ എന്ന ഭാവമുൾക്കൊണ്ട് പത്തിതാഴ്ത്തി എവിടേക്കോ പോയ് മറയും.
ചിലപ്പോഴൊക്കെ തെക്കേലെ കമലാക്ഷി വല്യമ്മ അവളോട് ചോദിക്കാറുണ്ട്, എന്റെ ജലജേ നീയെങ്ങിനെയാടി ഈ പിള്ളേരേം കൊണ്ട് അവിടെയിരുന്നു നേരം വെളുപ്പിക്കുന്നെയെന്ന്.
അവിടെയാകുമ്പോൾ ആർക്കും ഉപദ്രവമില്ലല്ലോ എന്ന് ജലജ മിഴി ചിമ്മും.
ഒരു പകലിലേക്ക് അഭയം തരാൻ മനസ്സു വരാതെ കൊട്ടിയടക്കപ്പെടുന്ന വാതിലുകളാണ് ചുറ്റിലും.
ആ വാതിലുകൾക്കപ്പുറം,എന്തിന് വെറുതെയൊരു വയ്യാവേലിയെ ചുമക്കണമെന്ന നിസ്സഹായതയുടെ ദീർഘനിശ്വാസങ്ങൾ ചുറ്റിത്തിരിയുന്നുമുണ്ടാകും
നീയിവിടെ വന്നിരിക്കാണോ. എണീറ്റ് വീട്ടിലേക്കു ചെല്ല്.പിള്ളേർക്ക് വല്ലതും കഴിക്കണ്ടേ?
അവളുടെ ദയനീയമായ കണ്ണുകൾക്കു മുന്നിൽ അച്ഛൻ ദൈവരൂപം പൂണ്ടു.
പലപ്പോഴും അയാളുടെ ക്രൂര മർദ്ദനങ്ങളിൽ നിന്ന് അവളെയും മക്കളെയും രക്ഷപെടുത്തുന്നത് അച്ഛനായിരുന്നു.
ഇന്നലെ ഞാൻ ഓടി വന്നപ്പോഴേക്കും തീ ആളിപ്പിടിച്ചിരുന്നു.
നിസ്സഹായത കണ്ണുനീരായി ഒഴുകിയിറങ്ങുമ്പോൾ അതിൽ ആത്മാർത്ഥതയുടെ കണികകൾ പറ്റിപ്പിടിച്ചിട്ടുള്ളത് അവൾക്ക് മനസ്സിലായി.
അങ്ങോട്ട് വന്നാൽ അമ്മ അച്ഛനോട് മുഷിയില്ലേ എന്ന വേവലാതിക്ക്, അവളുടെയും കൂടി മോനല്ലേ നിന്നോടീ ക്രൂരതകൾ ചെയ്തു കൂട്ടുന്നത്. അതിന് പ്രായ്ശ്ചിത്തം ചെയ്യേണ്ട കടമ അവൾക്കുണ്ട് എന്ന മറുപടിയാണ് കിട്ടിയത്. അത് ജലജയുടെ ചുണ്ടിൽ ഒരു ചിരി വിരിയിച്ചു. അതിലൊളിപ്പിച്ച പരിഹാസം അച്ഛൻ കണ്ടുകാണുമോ ആവോ.
അഭയാർഥികളെപ്പോലെ, അകത്തേക്ക് കയറാതെ അടുക്കള വരാന്തയിൽ കൂനിക്കൂടിയിരിക്കുമ്പോൾ അടുപ്പിലിരുന്ന് ചായ തിളച്ചു മറിയുന്ന ഗന്ധം വരണ്ടുങ്ങിയ നാവിനെ കൊതിപ്പിച്ചു.
ആ പിള്ളേർക്ക് വല്ലതും കൊടുക്ക്. അതുങ്ങൾ ഇന്നലെ മുതൽ പട്ടിണിയല്ലേ.
അങ്ങനെ എടുത്തു കൊടുക്കാൻ ഇവിടെ വല്ലതും ഇരിക്കുന്നോ.
അഛന്റെ അപേക്ഷ അമ്മയുടെ അലർച്ചയിൽ ചുരുട്ടിയെറിയപ്പെട്ടു.
അരിയിടുമ്പോൾ നാഴിയരി കൂടുതൽ ഇട്ടേരെ.
അച്ഛന്റെ ശബ്ദത്തിന് പതിവിൽ കൂടുതൽ സൗമ്യതയുണ്ടായിരുന്നു.
നിങ്ങടെ മോൻ മേടിച്ചു തന്ന അരി ഇവിടെ ഇരിപ്പുണ്ടോ. അവനിങ്ങനെ കുടിച്ചു കൂത്താടി നടക്കുന്നത് അവളൊറ്റയൊരുത്തി കാരണമാ. വീട് കത്തിച്ചെങ്കിൽ കണക്കായിപ്പോയി. ആ പേരും പറഞ്ഞ് അവളെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ നോക്കണ്ട. അതിന് ഞാൻ സമ്മതിക്കില്ല.
അകത്ത് സംഘർഷം പൊട്ടി മുളക്കുന്നതറിഞ്ഞ്, അവരുടെ മകൻ തന്ന മൂന്നു കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് ജലജ വീണ്ടും ആ ചാരക്കൂനക്കരികിൽ വന്ന്.
അടുക്കളയായ് ഉപയോഗിച്ചിരുന്ന ഒറ്റമുറി വീടിന്റെ മൂലയിൽ തീപ്പുകയേറ്റു കരുവാളിച്ചു കിടന്ന പാത്രങ്ങൾക്കിടയിൽ അരിയിട്ടു വെച്ചിരുന്ന അലൂമിനിയക്കലം തിരഞ്ഞു.
പിന്നെ പറമ്പിന്റെ മൂലയിൽ മൂന്നു കല്ലുകൾ പെറുക്കി വെച്ച് പുതിയൊരടുപ്പുണ്ടാക്കി, അണയാതെ കിടന്ന കനൽ വാരിയെടുത്ത് അതിൽ തീ പൂട്ടി.
അരി വേവുന്ന ഗന്ധമറിഞ്ഞ്, തെങ്ങിൻ ചുവട്ടിലെ കരിയില മെത്തയിൽ നിന്നും ഉറക്കമുണർന്നു വന്ന കുഞ്ഞിക്കണ്ണുകൾക്കു മുന്നിലേക്ക് കഞ്ഞി വിളമ്പിയ പാത്രം നീക്കി വെച്ചു കൊടുക്കുമ്പോൾ അവളുടെ മനസ്സ് ആകുലപ്പെട്ടു കഞ്ഞിയിൽ ഉപ്പ് കൈക്കുമോ എന്നോർത്ത്. കണ്ണിൽ നിന്നിറ്റി വീണ ഉപ്പു തുള്ളികൾ മുഴുവനും അടുപ്പത്തിരുന്ന കഞ്ഞിക്കലത്തിലേക്കല്ലേ വീണു മറഞ്ഞതും തിളച്ചു തൂവിയതും.


5 Comments
നോവിപ്പിക്കുന്ന എഴുത്ത്……. ചിലരുടെ വിധി ഇങ്ങനെയൊക്കെയാണ് …..ആശംസകൾ സിന്ധു👍❤️
വേദനയിൽ മുക്കിയെടുത്ത പേന
കൊണ്ടെഴുതുമ്പോൾ ചങ്കിൽ തറക്കുന്നതിൽ അത്ഭുതമില്ലല്ലോ. പതിവു പോലെ ഗംഭീരം. !👌👌👏👏❤️❤️
എല്ലാം ഉണ്ടെങ്കിൽ എല്ലാരും ഇണ്ടാവും.. അതാണ് സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ.
നോവു പടരുന്ന രചന. 😰
വല്ലാതെ വേദനിപ്പിക്കുന്ന എഴുത്ത്.
ഇങ്ങനെയും ചില മനുഷ്യർ
നല്ല കഥ സിന്ധൂ❤️👌🌹