“എരണം കെട്ടോളുടെ കൊണവെതിയാരം കാരണം അവനും പോയിക്കിട്ടി. അമ്മിക്കല്ലേൽ കാറ്റടിച്ച പോലിരിക്കുന്ന കണ്ടില്ലേ, മുധേവി”
തള്ളയുടെ പ്രാക്ക് അവളെ തൊട്ടതേയില്ലെന്നു തോന്നി. അലിവോടെ അവളുടെ കയ്യൊന്നമർത്തി.
“നീ ഇച്ചിരി വെള്ളം കുടിക്ക് ജയേ ” അവളനങ്ങിയില്ല. ഉള്ളിലൊരു ജീവനും കൂടിയുള്ളതല്ലേ എന്നു കൂടി പറയണമെന്നുണ്ടായിരുന്നു,
പൊന്നമ്മച്ചേച്ചി കേട്ടാലുണ്ടാകുന്ന പുകിലോർത്തത് വിഴുങ്ങി. താങ്ങിയിരുത്തി ഒരിറുക്ക് വെള്ളം കൊടുത്തപ്പോഴേയ്ക്കും തള്ള വീണ്ടും ചാടി വീണു.
“എന്നാലും എന്തിനാ ശോഭേ,പ്രേമേട്ടനിത് ചെയ്തത്. ?”
ഇതറിഞ്ഞപ്പോൾ മുതൽ തൻ്റെ ഉള്ളിലും ഈയൊരൊറ്റ ചോദ്യമേയുള്ളൂ. ജയ തന്നിൽ നിന്നൊന്നും മറയ്ക്കില്ല. ഓർമ്മ വെച്ച കാലം മുതലുളള കൂട്ടാണ്. അവൾക്കുമറിയില്ലെങ്കിൽ പിന്നെന്താവും?ജീവനായിരുന്നല്ലോ അയാൾക്കിവളെ .വെറും18 മാസത്തെ ദാമ്പത്യം. കാർ മെക്കാനിക്കായ പ്രേമൻ്റെ ആലോചന വന്നപ്പോൾ, അമ്മയുടെ പ്രാക്കിൽ നിന്നൊരു മോചനമെന്നു മാത്രമേ അവൾ പ്രതീക്ഷിച്ചിരുന്നുള്ളു. മുഴുക്കുടിയും, ഒറ്റത്തടിയുമാണ് പ്രേമനെന്ന് അറിഞ്ഞിരുന്നു. .
പ്രതീക്ഷയുടെ തരിമ്പില്ലാതെ പ്രവേശിച്ച വിവാഹത്തിൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു ഡീ അഡിക്ഷൻ ചികിത്സയും കഴിഞ്ഞ് കുട്ടപ്പനായി വന്ന പ്രേമൻ.സ്നേഹിക്കാൻ ആരുമില്ലാതെ വളർന്നതു കൊണ്ടാവാം മുള്ളുമുരിക്കിൻ്റെ സ്വഭാവമുള്ള അമ്മായിയമ്മയെ വരെ ചേർത്തുപിടിച്ചത്. എന്നിട്ടും…………….! ഏറ്റവും സന്തോഷിച്ച ദിവസം , താനൊരച്ഛനാകാൻ പോകുന്നുവെന്ന അറിവിൻ്റെ മുനമ്പിൽ ! തനിക്കിത്ര വട്ടാകുന്നെങ്കിൽ എന്താവും ഇവളുടെയുള്ളിൽ ?
അമ്മയാകാൻ പോകുന്നെന്നറിഞ്ഞ് തുള്ളിത്തുുളുമ്പിയവൾ! പ്രേമൻ്റെ സന്തോഷത്തെക്കുറിച്ചാണ് ഏറെ പറഞ്ഞത്. പുതിയ വിശേഷം രണ്ടു ദിവസം കഴിഞ്ഞു എല്ലാരോടും പറഞ്ഞാൽ മതിയെന്നയാൾ പറഞ്ഞിട്ടും. അവളത് അപ്പോൾ തന്നെ വിളിച്ചറിയിച്ചു.
രാത്രി 8 മണിക്ക് അടുത്ത വീട്ടിലെ പയ്യൻ ഓടി വന്നു പറയുന്നു മെമ്പറു ചേച്ചീ, നമ്മുടെ പ്രേമൻ ചേട്ടൻ തുങ്ങി മരിച്ചു ചേച്ചീടെ ഫോൺ ഓഫാണല്ലോന്ന്.ചാർജ് തീർന്നതു ശ്രദ്ധിച്ചിരുന്നില്ല. ഓടിപ്പിടിച്ചു ചെല്ലുമ്പോഴേക്കും ജയ തളർന്നു വീണിരുന്നു. പ്രേമൻ അന്ന് ഉച്ചയ്ക്ക് വർക്ക്ഷോപ്പിൽ നിന്നിറങ്ങി അയാളുടെ അടച്ചു പൂട്ടിക്കിടന്ന വീട്ടിലേയ്ക്കാണ് പോയത്. പതിവില്ലാതെ ഉച്ചമുതൽ അവിടെ ബൈക്ക് ഇരിക്കുന്നതു കണ്ട അയൽക്കാരാരോ കയറി നോക്കിയാണ് സന്ധ്യയോടെ വിവരമറിഞ്ഞത്. ആത്മഹത്യാകുറിപ്പിൽ “എൻ്റെ ജയേ മാപ്പ് ” എന്നു മാത്രം.ജീവിതാവസാനം വരെ ഉത്തരം കിട്ടാത്തൊരു ചോദ്യത്തിൻ്റെ ഭാരം പേറി ജീവിക്കുക എത്ര ദുസ്സഹമാണ്!
അപ്പോൾ മുതൽ അവൾ തനിച്ചാകാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചു. അയൽക്കൂട്ടത്തിലെ ഒരാളെയെങ്കിലും കൂടെയിരുത്തി. പൊന്നമ്മയുടെ നാക്കായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഒരാഴ്ചയ്ക്കു ശേഷം അവളുടെ പരിഭ്രാന്തമായ വിളി. “ശോഭേ എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോ. നടു വേദന കൊണ്ടു നിൽക്കാൻ വയ്യ “ഓട്ടോ പിടിച്ച് ഓടി എത്തിയയുടൻ തിടുക്കപ്പെട്ടവൾ വന്നു കയറി.
“കൊട്ട്യോനെ മേലോട്ട് കെട്ടിയെടുത്ത് ആഴ്ചയൊന്നായില്ല എങ്ങോട്ടു പോകുന്നെടീ?”
തള്ളയുടെ ചോദ്യം രണ്ടാളും അവഗണിച്ചു. ഓട്ടോയ്ക്കുള്ളിൽ എഴുന്നേറ്റോടുന്ന അവസ്ഥയിലായിരുന്നു അവൾ. എനിക്കെൻ്റെ കുഞ്ഞിനെ വേണം ശോഭേ! എന്നു പറഞ്ഞോണ്ടേയിരുന്നു. കുഞ്ഞല്ലാതെ മനസ്സിലെവിടെയും പ്രേമൻ പോലും ഇല്ലെന്നു തോന്നി. ആശുപത്രി പടിക്കെട്ടു കയറാൻ തുടങ്ങുമ്പോൾ അവൾ പെട്ടെന്നു നിന്നു. “നമുക്കു തിരിച്ചു പോകാം” ശാന്തയായി പറഞ്ഞു.
“അതും എൻ്റെ ഹൃദയം മുറിക്കാനുള്ള കൂട്ടായിരുന്നു. പോയി. ”
തിരിഞ്ഞു നടക്കാനൊരുങ്ങിയ ആളെ പിടിച്ചു വലിച്ചാണ് ഡോക്ടറുടെ മുന്നിലെത്തിച്ചത്. ആ കുരുന്നു കൂട്ട് അപ്പോഴേയ്ക്കും അവൾ തിരിച്ചറിഞ്ഞ പോലെ തന്നെ ഒഴുകിപ്പോയിരുന്നു. ഒബ്സർവേഷൻ സമയം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ പൊന്നമ്മ ഉറഞ്ഞുതുള്ളിയെങ്കിലും ജയ ശാന്തയായിരുന്നു. വളരെ വേഗം അവൾ വീണ്ടും തയ്യൽ മെഷീൻ ചവിട്ടിത്തുടങ്ങി. ആരോഗ്യം ഒന്നു ശരിയായിട്ടു പോരേ എന്നു ചോദിച്ചപ്പോൾ നിനക്കു പറ്റുമെങ്കിൽ ഏതെങ്കിലും സ്ക്കീമിൽ എനിക്കു രണ്ടുമൂന്നു മെഷീൻകൂടി വാങ്ങിത്താ. ഒന്നു രണ്ടാളെ കൂടെ കൂട്ടാം. എന്നായി. അവളുടെ മാറ്റം അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു ആറു മാസം കഴിഞ്ഞ് ഒരു മഴദിവസംപൊന്നമ്മ തല കറങ്ങി വീണു ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും പ്രാക്കും ബഹളവും അവസാനിപ്പിച്ച് അവർ കടന്നുപോയിരുന്നു
പതിയെ തൻ്റെ വീട്ടിലും വിവാഹം കഴിക്കണമെന്ന സമ്മർദ്ദം ഏറി.. നാത്തുൻ്റെ സന്തോഷമില്ലാത്ത മുഖം. അണ്ണൻ്റെ ഭാരമിറക്കി വെയ്ക്കാനുള്ളേ വേവലാതി. ഒടുവിൽ ഒരു വർഷം കഴിഞ്ഞു വരുന്ന പഞ്ചായത്ത് ഇലക്ഷൻ സമയത്ത് ഏറ്റെടുത്ത ജോലി തീർത്തിട്ടു വിവാഹം എന്നു തീരുമാനമായി. ന്യൂസിലൻ്റിൽ നെറ്റ് ബാൾ പരിശീലകനായ അരുണിൻ്റെ ആലോചന വന്നപ്പോൾ , അതുവരെ വന്നവരെപ്പോലെയല്ല നല്ലൊരു കൂട്ടെന്നു തോന്നി. സമ്മതിച്ചു.
നാട് ഇലക്ഷൻ ചൂടിലായി. പഞ്ചായത്തു പ്രസിഡൻറും പാർട്ടിക്കാരും സമ്മർദ്ദം ചെലുത്തിയെങ്കിലും വിവാഹ ശേഷം അരുണിനൊപ്പം പോകാൻ തന്നെ ഉറച്ചു. വീട്ടിൽ യാതൊരു സന്തോഷവും ഇല്ലാതായിരുന്നു. ജയ തനിച്ചാകും എന്നതു മാത്രമാണ് അലട്ടിയത്. പക്ഷേ അവളാണു കൂടുതൽ നിർബന്ധിച്ചത്. തനിക്കു പകരം ഏഴാം വാർഡിൽ ആരെന്ന ചർച്ച വന്നപ്പോൾ പ്രസിഡൻ്റ് സോമൻ ചേട്ടനാണ് ജയയുടെ കാര്യം ചോദിച്ചത്. എങ്ങനെയും സമ്മതിപ്പിക്കണമെന്നു പറഞ്ഞെങ്കിലും നടക്കില്ലെന്നറിയാമായിരുന്നു. പക്ഷേ കേട്ടപാടേ അവൾ സമ്മതിച്ചു.
“എന്നെപ്പോലുള്ളവരാണ് പൊതു പ്രവർത്തനത്തിനു പറ്റിയവർ ആരെയും നോക്കാനില്ല. ആർക്കുവേണ്ടിയും അഴിമതി നടത്തേണ്ടതില്ല. ” എന്നു പറഞ്ഞു ഞെട്ടിക്കുകയും ചെയ്തു. ഇതിനിടയിൽ നോട്ടിഫിക്കേഷനു തൊട്ടു മുമ്പറിയുന്നു നമ്മുടെ പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനം വനിതാസംവരണമാണെന്ന്. സോമൻ ചേട്ടൻ്റെ ഗ്യാസ് പോയി. പകരം രമണി ടീച്ചറും ശ്രീകലാ സുധീഷും ഉഷാറായി വിവാഹത്തിൻ്റ മൂന്നാം നാളായിരുന്നു ഇലക്ഷൻ. റിസൾട്ട് വന്നു. പഞ്ചായത്തിൽ നിന്ന് ജയിച്ച പാർട്ടിയിലെ ഏക വനിതയായി ജയ പ്രസിഡണ്ട് കസേരയിലേയ്ക്ക്.
ന്യൂസിലൻ്റിലെത്തിയതോടെ പണ്ടത്തേക്കാൾ തിരക്കായി. അരുണിൻ്റെ ടീമംഗങ്ങളുടെ യാത്രാ പരിപാടികൾ ഷെഡ്യൂൾ ചെയ്യുന്ന ജോലി തുടങ്ങിയതോടെ , ഭാഷാപ്രശ്നം, കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള കഷ്ടപ്പാട് ഒക്കെയായി. ചേർത്തു പിടിക്കാൻ അരുൺ സദാ സന്നദ്ധനായിരുന്നു. ഒരു പൊതു പ്രവർത്തകയെ അടുക്കളക്കാരിയാക്കാൻ താല്പര്യമില്ല. കൂട്ടുകാരിയാക്കാൻ ഇഷ്ടം എന്നാണ് എപ്പോഴും പറയാറ്
രണ്ടാളുടെയും തിരക്കും ടൈം സോൺ വ്യത്യാസവും കാരണം വിളികൾ കുറഞ്ഞെങ്കിലും മെസേജ് അയയ്ക്കുന്നതിൽ ജയ വീഴ്ച വരുത്തിയില്ല. സോഷ്യൽ മീഡിയയിൽ സജീവമായ അവളെക്കണ്ട് ഒത്തിരി സന്തോഷിച്ചു. പ്രസിഡൻ്റ് എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കു പുറമേ കവിതയും കഥകളും എഴുതാൻ തുടങ്ങിയതോടെ അവൾക്കൊരു താര പരിവേഷവുമായി ജയയുടെ പുസ്തകമിറങ്ങുന്നു എന്ന് FB യിലൂടെയാണ് അറിഞ്ഞത്. നേരിട്ടു പറഞ്ഞില്ല എന്നത് നീറുന്നൊരു മുള്ളായി നെഞ്ചിൽ തറഞ്ഞു. പിന്നീടവൾ മെസേജ് അയച്ചെങ്കിലും മുള്ളവിടെത്തന്നെ തുടർന്നു. പുസ്തക പ്രകാശനത്തിൻ്റെ തലേ ദിവസം വിളിച്ച് ലൈവ് സ്ട്രീമിങ്ങ് ലിങ്കയയ്ക്കാം. രണ്ടാളും ഓൺലൈൻ ഉണ്ടാവണമെന്ന് നിർബന്ധപൂർവ്വം പറഞ്ഞാണു വെച്ചത്. ഫോൺ വെച്ചയുടൻ അരുൺ ചോദിച്ചു, “നിങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?” കരഞ്ഞു പോയി. അവൾ തന്നെ മാത്രമല്ല പ്രേമനെയും മറന്നു കളഞ്ഞെന്നു പരാതി പറഞ്ഞു. ചേർത്തുപിടിച്ചവൻ സമാധാനിപ്പിച്ചു. “അതെന്തുമാകട്ടെ അവൾക്കു ചിറകുമുളയ്ക്കണമെന്നല്ലേ നീയും കൊതിച്ചത്?” അതെയെന്നു തലയാട്ടുമ്പോഴും ആ മുള്ളിൻ്റെ തടച്ചിൽ നെഞ്ചിലുണ്ടായിരുന്നു.
പഞ്ചായത്തിൻ്റെ പുതിയ ഹാളിൽ പ്രൗഢമായ സദസ്സ്. വാട്ട്സ് ആപ്പിൽ പോലും ക്ഷണക്കത്തിട്ടില്ലല്ലോ എന്നോർത്തു. ആരാണ് പുസ്തകം പ്രകാശിപ്പിക്കുന്നതെന്നു പോലും തനിക്കറിയില്ല അവളുടെ വിളി വന്നത് പെട്ടന്നായിരുന്നു .രണ്ടാളും ഓൺലൈനുണ്ടല്ലോ എന്നവൾ ചോദിച്ചു. ഉടൻ വെയ്ക്കുകയും ചെയ്തു. പരിപാടി തുടങ്ങി. സ്റ്റേജിൽ 18 വാർഡിലെയും മെമ്പർമാരിരിക്കുന്നു. ഗ്രാമ വികസനമന്ത്രിയും MLA യും നമ്മുടെ പാർട്ടിക്കാരാണ്. അവരാരുമില്ല. ജയ പതിയെ മൈക്കിനടുത്തേയ്ക്കു വരുന്നു. ഇതൊരു പതിവു ചടങ്ങല്ലെന്നും തൻ്റെ പുസ്തകം ഏറ്റുവാങ്ങുന്നത് 18 മെമ്പർമാരും ഒന്നിച്ചാണെന്നും അറിയിക്കുന്നു. ഇത് പ്രകാശിപ്പിക്കുന്നത് ഓൺ ലൈനായി എൻ്റെ പ്രിയപ്പെട്ട ശോഭയും അരുണും എന്നു വരെയേ കേട്ടുള്ളു .സങ്കടം നെഞ്ചിൽ ചുഴറ്റിക്കുത്താൻ തുടങ്ങിയിരുന്നു. ഞങ്ങളോടവൾ കൈ കൊട്ടാനാവശ്യപ്പെട്ടു. ശേഷം പുസ്തകം കവർ നീക്കി 18 മെമ്പർമാരും ഉയർത്തിപ്പിടിച്ചു. പുസ്തകത്തിൻ്റെ ടൈറ്റിൽ കണ്ടു വീണ്ടും ഞെട്ടി. ‘എന്തിനീ മുറിവ് തന്നു?’ പുസ്തകം തുറന്ന് സമർപ്പണം പേജ് അവൾ ക്യാമറക്കു നേരേ പിടിച്ചു.
” ബന്ധങ്ങളിലെല്ലാം ദൗർഭാഗ്യങ്ങൾ മാത്രം കരുതി വെച്ചങ്കിലും സൗഭാഗ്യങ്ങളെല്ലാം കൂട്ടി വെച്ച് കനിവോടെ തന്ന ഒറ്റ സൗഹൃദത്തിന്, എൻ്റെ എല്ലാ മുറിവുകൾക്കും തൈലമായവൾക്ക്, എൻ്റെ ശോഭയ്ക്ക്.”
വീണു പോകുമെന്നു തോന്നിയിട്ട് അരുണിനെ മുറുകെപ്പിടിച്ചു. മെമ്പർമാരുടെ ആശംസാ പ്രസംഗങ്ങളൊന്നും തൻ്റെ ചെവിയിലെത്തിയില്ല . ഒഴുകിയിറങ്ങിയ കണ്ണിരിനൊപ്പം നെഞ്ചിലെ മുള്ളും എങ്ങോ ഒഴുകിപ്പോയന്ന് മാത്രമറിഞ്ഞു.
– താര സുഭാഷ്
#എൻ്റെ രചന #മുറിവ്
#കൂട്ടക്ഷരങ്ങൾ


12 Comments
ജയ എന്ന ആർജവമുള്ള സ്ത്രീ കഥാപാത്രം, ഓരോ വാചകത്തിലും ഉജ്വലമാക്കിയ എഴുത്ത്. വളരെ നന്നായിരിക്കുന്നു.
👍👏🥰
എന്തിനാണോ എൻ്റെ കണ്ണു നിറഞ്ഞത്?
സ്നേഹം മകളേ!❤️❤️🥰
നല്ല എഴുത്ത്…ആശംസകൾ 👌❤️
Thanks Jinu
😍👌🏻👌🏻 നല്ല എഴുത്ത്..നല്ല കഥ.. 🤝🤝
Thank you suma❤️🥰
ആ മുള്ളും നീറ്റലും മാറിയല്ലോ. ❤️നന്നായിരിക്കുന്നു.❤️
നല്ല കഥ താരച്ചേച്ചി❤️👌🌹
താരാ ❤️ മുറിവുകൾ ചിലപ്പോൾ നല്ലതിനാണല്ലേ?🥰👌
Thanks Sherly
ഉത്തരം കിട്ടാത്ത ചോദ്യത്തിൻ്റെ മുറിവും പേറി ജീവിച്ചവൾ, ജീവിത കൊടുങ്കാറ്റുകളെയെല്ലാം കരിങ്കല്ല് പോലെ നേരിട്ടവൾ…. എത്ര ശക്തയാണ് ചേച്ചിയുടെ ജയ എന്ന കഥാപാത്രം.
മുറിവുകളുടെ, അതിജീവനത്തിൻ്റെ, സൗഹൃദത്തിൻ്റെ സുന്ദരമായ കഥ👌💐💐
സ്നേഹം ഇലക്ട. നന്ദി. സന്തോഷം