ആകാശം മൂടിയ കാർമേഘങ്ങൾ വൈകുന്നേരത്തെ സന്ധ്യ ആക്കിയിരിക്കുന്നു. തണുത്ത കാറ്റേറ്റ് സുജാത ബാൽക്കണിയിൽ തനിച്ചിരുന്നു. കാര്യസ്ഥൻ ശങ്കരേട്ടനും ഭാര്യ കല്യാണിയേട്ടത്തിയും താഴ്വാരത്തിലെ പട്ടണത്തിലേക്ക് പോയിരിക്കുകയാണ്. തണുപ്പും ഇരുട്ടും ഏകാന്തതയും മനസ്സിലെ മുറിവിന്റെ പൊറ്റയിളക്കിയിരിക്കുന്നു .
അന്നും ഇതുപോലൊരു തണുത്ത വൈകുന്നേരമായിരുന്നു. ഞാൻ ഡിഗ്രി മൂന്നാം വർഷം പഠിക്കുന്നു. അവധി ദിവസത്തിലെ മഴയും കുളിരും ഒരു ഉച്ച ഉറക്കത്തിലേക്ക് നയിച്ചു. അന്നായിരുന്നു അദ്ദേഹം ആദ്യമായി സ്വപ്നത്തിൽ കടന്നു വന്നത്. നീണ്ടു മെലിഞ്ഞ് വെളുത്ത് സുന്ദരനായ ഒരാൾ. സാധാരണ പുരുഷന്മാർക്കില്ലാത്ത വലിയ വിടർന്ന കണ്ണുകൾ. കുസൃതി നിറഞ്ഞ ആ മിഴികളിൽ പ്രണയം ജ്വലിച്ചു നിൽക്കുന്നു. പിറകോട്ടു ചീകി വച്ച ചുരുൾ മുടിയിൽ നിന്ന് നെറ്റിയുടെ അഴക് കൂട്ടാനെന്ന പോലെ ഒരിഴ മുന്നോട് വീണു കിടക്കുന്നുണ്ട്. നീണ്ട കൈകൾ നീട്ടി അദ്ദേഹം വിളിച്ചു. പ്രിയേ, വരൂ. ആ അധരങ്ങളിൽ അപ്പോൾ മായികമായൊരു ചിരി നിറഞ്ഞു നിന്നു. നീട്ടിയ കൈകൾക്കുള്ളിലൂടെ ആ നെഞ്ചോടു ചേർന്ന് നിൽക്കുമ്പോൾ ഞെട്ടിയുണർന്നു.
“ഇതെന്തൊരു ഉറക്കമാണ് കൊച്ചെ, എഴുനേറ്റ് വിളക്കൊരുക്കി മാല കെട്ട്. ” അമ്മയുടെ ശകാരമാണ് ഉണർത്തിയത്.
“എവിടെപ്പോയി, ഞാൻ ശരിക്കും കണ്ടില്ലല്ലോ ” പാതി മയക്കത്തിലുള്ള എന്റെ പിറുപിറുപ്പ് അമ്മയെ ദേഷ്യം പിടിപ്പിച്ചു.
“ആരെയാ കണ്ടത് . എന്തൊരു പിച്ചും പേയുമാ നീ പറയുന്നത്. ഇതാ പകലുറങ്ങരുതെന്ന് പറയുന്നത്. ” ‘അമ്മ പുറത്തേക്ക് പോയി.
മനസ്സിൽ ആ രൂപം നിറഞ്ഞു നിൽക്കുകയാണല്ലോ. പിന്നെയും പല പ്രാവശ്യം സ്വപ്നത്തിൽ പ്രണയത്തോടെ അദ്ദേഹം എന്നെ വിളിച്ചു. ഇതു തന്നെയാണ് എന്റെ ജീവിത പങ്കാളി. ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഒരുനാൾ സ്വപ്നത്തിൽ നിന്നിറങ്ങി അദ്ദേഹം വരും. എന്നെ വിവാഹം കഴിച്ച് കൂടെക്കൂട്ടും. ആ വിശ്വാസം എന്റെ മനസ്സിൽ ആഴത്തിൽ ഉറച്ചു.
ഡിഗ്രി കഴിഞ്ഞ് തുടർ പഠനത്തിന് ഞാൻ ഉത്സാഹം കാണിച്ചില്ല. പഠിക്കാൻ അത്ര മിടുക്കിയുമല്ലായിരുന്നല്ലോ. അതോടെ വിവാഹാലോചനകൾ വരാൻ തുടങ്ങി. ചിലതൊക്കെ നാൾ ചേരാത്തത് കൊണ്ട് മാറിപ്പോയി. ചിലതൊക്കെ എന്റെ എതിർപ്പ് കൊണ്ടും. കല്യാണപ്പന്തലിൽ സ്വപ്നത്തിലെ നായകൻ താലി ചാർത്തുന്ന നാളും കാത്ത് ഞാനിരുന്നു.
പക്ഷെ, പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. അയലത്തെ അമ്മൂമ്മ മരിച്ചപ്പോൾ അവിടെ വന്ന അവരുടെ ഒരകന്ന ബന്ധുവിന് എന്നെ കണ്ട് ഇഷ്ടമായി. അവർ വിവാഹാലോചനയുമായി വന്നു. നല്ല ജാതകപ്പൊരുത്തം , കണ്ണെത്താ ദൂരം കിടക്കുന്ന പാടങ്ങളും കൃഷി ഭൂമിയുമുള്ള ഒരു തറവാട്ടിലെ ഏക മകൻ. ബിസ്സിനസ്സ്‌കാരനുമാണ്. കുന്നിൻ പുറത്തെ പൊന്നും മംഗലം ബംഗ്ലാവിൽ അച്ഛനും അമ്മയും മകനും മാത്രം. പെങ്ങൾമാർ രണ്ടുപേരും വിവാഹം കഴിഞ്ഞ് മറ്റു സ്ഥലങ്ങളിലാണ്. വീട് അകലെയാണെന്നും പയ്യന് പ്രായം ഇത്തിരി കൂടുതലാണെന്നുമൊക്കെ താൻ പറഞ്ഞു നോക്കിയെങ്കിലും ആരും അത് കാര്യമാക്കിയില്ല . വിവാഹം ഉറപ്പിക്കുന്നതിന്റെ തലേന്ന് താൻ അമ്മയെ സമീപിച്ചു.
” അമ്മെ, ഈ കല്യാണം എനിക്ക് വേണ്ട. എന്റെ മനസ്സിൽ ഒരാളുണ്ട്. ഞങ്ങൾ പ്രണയത്തിലാണ്. എനിക്ക് അദ്ദേഹത്തെയല്ലാതെ മറ്റാരെയും കല്യാണം കഴിക്കാൻ വയ്യ.”
അമ്മയുടെ മുഖം ചുവന്നു.
“ആരാടീ നിന്റെ മനസ്സിൽ.എല്ലാം തീരുമാനിച്ചു കഴിഞ്ഞപ്പോൾ അവളുടെയൊരു പ്രേമം. മിണ്ടിപ്പോകരുത്. നാളെ കല്യാണം ഉറപ്പിക്കും.”
” ആരാണെന്നു ചോദിച്ചാൽ എനിക്കറിയില്ലമ്മേ . ഇടക്കിടക്ക് സ്വപ്നത്തിൽ വരും. പക്ഷെ ഞങ്ങൾ അകലാൻ കഴിയാത്തവണ്ണം പ്രണയിച്ചു പോയി. ഒരു ദിവസം അദ്ദേഹം വരും. അതുവരെ കാത്തിരിക്കാൻ ‘അമ്മ അച്ഛനോടൊന്നു പറയുമോ.”
അമ്മ പൊട്ടിച്ചിരിച്ചു പോയി.
“ഇത്രേയുള്ളോ. ഞാൻ വിചാരിച്ചു നീ ഏതോ പയ്യനുമായി പ്രണയത്തിലാണെന്ന്. ഇതൊക്കെ നിന്റെ പ്രായത്തിലുള്ള പെൺപിള്ളാരുടെ തോന്നലുകളാണ്. കല്യാണം കഴിയുമ്പോൾ എല്ലാം മാറിക്കൊള്ളും. പിന്നെ, അച്ഛനിതൊന്നും അറിയേണ്ട.”
പിറ്റേന്ന് എന്റെ കല്യാണം ഉറപ്പിച്ചു. അന്ന് രാത്രി സ്വപ്നത്തിൽ അദ്ദേഹം വന്നപ്പോൾ കണ്ണുകളിൽ കുസൃതിയില്ലായിരുന്നു. കരങ്ങൾ പുണരാൻ നീണ്ടു വന്നില്ല. എന്നെ വിട്ടു പോകയാണല്ലേ എന്ന ചോദ്യം സങ്കടത്തിൽ കുതിർന്നതായിരുന്നു. അടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും മനസ്സിൽ ഒരു വലിയ മുറിവുണ്ടാക്കി കൊണ്ട് അദ്ദേഹം മാഞ്ഞുപോയി.
വിവാഹം കഴിഞ്ഞു. കുന്നുംപുറത്തെ ഈ വലിയ ബംഗ്ലാവിലെ നിറഞ്ഞ സമൃദ്ധിയിലേക്ക് ഞാൻ വന്നു. സ്നേഹമുള്ള അച്ഛനും അമ്മയും. പ്രായം ഇത്തിരി കൂടുതലായതു കൊണ്ടാകാം അദ്ദേഹത്തിന് എന്നോട് വാത്സല്യമായിരുന്നു. പക്ഷെ, ബിസിനസ്സിന്റെ തിരക്കുകൾക്കിടയിൽ എന്നെ കൂടുതൽ ശ്രദ്ധിക്കാൻ മുകുന്ദേട്ടന് കഴിഞ്ഞില്ല. അത് എനിക്കൊരു പ്രശ്നമല്ലായിരുന്നു. കാരണം പൂർണ്ണ മനസ്സോടെ അദ്ദേഹത്തെ സ്നേഹിക്കാൻ എനിക്കും കഴിഞ്ഞിട്ടില്ലല്ലോ. മനഃപൂർവം മറക്കാൻ ശ്രമിച്ചിട്ടും വടു കെട്ടിയ മുറിവിൽ നിന്ന് ഇടക്കിടെ ചോരയൊലിച്ചു കൊണ്ടിരുന്നു .
കാലം കടന്നു പോയി. അച്ഛനും അമ്മയും മൺമറഞ്ഞു. ഏക മകൻ ഉപരിപഠനത്തിന് വിദേശത്തേക്ക് പോയതിൽ പിന്നെ ഞാനും മുകുന്ദേട്ടനും മാത്രമായി. ഒപ്പം ശങ്കേരട്ടനും കല്യാണി ചേച്ചിയും.
അപ്രതീക്ഷിതമായിട്ടായിരുന്നു മുകുന്ദേട്ടന്റെ മരണം. രാത്രിയിലെ ഒരു നെഞ്ച് വേദന, ആശുപത്രിയിലെത്തും മുൻപേ അദ്ദേഹത്തെ കൊണ്ട് പോയി. ബിസിനസ്സുകൾ നോക്കി നടത്താൻ പെങ്ങളുടെ മക്കൾ ഉണ്ടായതിനാൽ അതൊന്നും എന്നെ ബാധിച്ചില്ല. അല്ലെങ്കിലും വിവാഹം കഴിഞ്ഞ മുതൽ എന്റേത് ഒറ്റപ്പെട്ട ജീവിതമായിരുന്നല്ലോ.
കോളിങ് ബെൽ അടിക്കുന്നത് കേട്ടാണ് ഓർമ്മയിൽ നിന്നുണർന്നത്. പുറത്തു മഴ തുടങ്ങിയിരുന്നു. തണുത്ത കാറ്റ് ചുറ്റിയടിക്കുന്നുണ്ട്. അന്നത്തെ അന്തരീക്ഷമാവും വീണ്ടും മനസ്സിലെ മുറിവിനെ ഉണർത്തിയത്.
ബെൽ മുഴങ്ങിക്കൊണ്ടിരുന്നു. ശങ്കരേട്ടനാവും. ധൃതിയിൽ കതക് തുറന്നു. വരാന്തയിൽ ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്നു. നേർത്ത വെളിച്ചത്തിൽ ആളെ മനസ്സിലായില്ല. കാറ്റിൽ മരച്ചില്ലകൾ വല്ലാതെ ഉലയുന്നുണ്ട്.
“ആരാ” ഭീതിയോടെ ചോദിച്ചു.
അയാൾ തിരിഞ്ഞു.
ഈശ്വരാ, അദ്ദേഹം, എന്റെ സ്വപ്നത്തിലെ നായകൻ. കുറച്ചു നരച്ചെങ്കിലും ചീകിയൊതുക്കിയ ചുരുൾ മുടിയിൽ നിന്ന് ഒരിഴ നെറ്റിയിലേക്ക് കിടപ്പുണ്ട് . ഇപ്പോഴും മിഴികളിൽ പ്രണയം ജ്വലിക്കുന്നു.
മുഖത്തേക്ക് ഉറ്റു നോക്കി വിറയാർന്ന സ്വരത്തിൽ അദ്ദേഹം ചോദിച്ചു.
“വീണ്ടും ഞാൻ വന്നു. എന്റെ പ്രണയിനീ, വരൂ.” ആ വലതു കൈ എനിക്ക് നേരെ നീണ്ടു.
ഒരു നിമിഷം, എന്റെ കയ്യും മുന്നോട്ടു നീങ്ങി. ആ നെഞ്ചോട് പറ്റിച്ചേരാൻ മനസ്സ് കൊതിച്ചു. പെട്ടെന്ന് ഉള്ളിലെ മുറിവ് വിങ്ങാൻ തുടങ്ങി. അവിടെയതാ, മുകുന്ദേട്ടന്റെ വാത്സല്യമാർന്ന മുഖം.
ഉറക്കെ കരഞ്ഞു കൊണ്ട് ഞാൻ അകത്തു കയറി വാതിലടച്ചു. കിതപ്പോടെ ഭിത്തി ചാരി നിൽക്കുമ്പോൾ പതിയെ പതിയെ നെഞ്ചിലെ പ്രണയത്തിന്റെ മുറിവ് ഉണങ്ങി ഇല്ലാതാകുന്നത് അത്ഭുതത്തോടെ ഞാനറിഞ്ഞു. പിന്നെ, ശാന്തമായ മനസ്സോടെ ജനാലയിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ കനത്തു വരുന്ന മഴയിൽ കൂടി അകന്നകന്നു പോകുന്ന രൂപത്തെ മനസ്സിൽ നിന്നും ഇറക്കി വിട്ടു.
#എന്റെരചന #മുറിവ്


12 Comments
മിനി…
നല്ല എഴുത്ത്
വായിക്കാൻ രസമുള്ള ഒരു കുഞ്ഞ് കഥ 😍🤝🤝
വായനയ്ക്കും പ്രോത്സാഹനത്തിനും സ്നേഹം…..നന്ദി ഇലക്റ്റ ❤️🙏
പ്രണയം നന്നായി എഴുതി. സ്വപ്നകാമുകൻ, അവളുടെ ആഗ്രഹങ്ങളുടെ ആൾരൂപമായിരിക്കാം.
❤️👍
അതെ, വായനയ്ക്കും പ്രോത്സാഹനത്തിനും സ്നേഹം…..നന്ദി❤️🙏
നന്നായിരുന്നു എഴുത്തു.മനസ്സിൽ ഉണങ്ങാത്ത മുറിവായി ഒരു സ്വപനത്തിന്റെ ഓർമ്മകൾ 🥰
സ്വപ്നത്തിലെ പ്രണയ നായകൻ മുന്നിൽ വന്നത് മനസ്സിലെ ഭാവനയാവാം അല്ലേ? എന്തായാലും മുറിവ് കരിഞ്ഞല്ലോ♥️
കഥ ഇഷ്ടമായി മിനീ👌🌹♥️
കാലം മായ്ച്ച പ്രണയസങ്കല്പങ്ങളുടെ മുറിവ് ❣️❣️
നല്ല എഴുത്ത് 👌👌
നല്ല എഴുത്ത്.നന്നായിരിക്കുന്നു.
മിനീ ,നല്ല കഥ. പലപ്പോഴും സ്വപ്ന നായകൻ മുന്നിലെത്തുമ്പോഴാണ് പ്രണയത്തിൽ നിന്ന് വിടുതൽ കിട്ടുന്നത്. പ്രണയം നന്നായെഴുതി.❤️❤️❤️❤️
അതെ, വായനയ്ക്കും പ്രോത്സാഹനത്തിനും സ്നേഹം…..നന്ദി താര❤️🙏
അതെ, വായനയ്ക്കും പ്രോത്സാഹനത്തിനും സ്നേഹം…..നന്ദി ശ്രീകുമാരി❤️🙏
അതെ, വായനയ്ക്കും പ്രോത്സാഹനത്തിനും സ്നേഹം…..നന്ദി❤️🙏