ഫോർട്ട് കൊച്ചിയിലെ ഒരു കടൽത്തീരം, നേരം വെളുത്തു വരുന്നതേയുള്ളു, ജനങ്ങൾ ഉണരുന്ന സമയം. ദൂരെ നിന്നും രാവിലത്തെ കുർബാനയുടെ പള്ളിമണികൾ കേൾക്കാം.
രാവിലത്തെ നടത്തം കഴിഞ്ഞു അരവിന്ദ് എന്ന മുപ്പതുകാരൻ തിരയിലൂടെ കാലുകൾ നനച്ചു, തീരത്ത് കൂടെ നടക്കുകയാണ്. അവൻ തന്റെ ഷൂസ് ഊരി കയ്യിൽ പിടിച്ചിരിക്കുന്നു. ഉപ്പ് വെള്ളത്തിനു നെഗറ്റീവ് എനർജിയെ കഴുകി കളയാൻ കഴിയുമെന്ന് ആദ്യ ക്രഷ് ആയ ഗ്രേസ് അവനോട് പറഞ്ഞിട്ടുണ്ട്.
“ ചില ഓർമ്മകൾ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല. ”
അരവിന്ദ് കാറിൽ നിന്നും വെള്ളമെടുത്തു മുഖം കഴുകി, അങ്ങനെ ചെയ്താൽ മനസ്സിൽ നിന്നും ഓർമ്മകളെ കഴുകി മാറ്റാൻ കഴിയെന്ന് പ്രത്യാശിച്ചു.
വീക്കെൻഡിൽ അരവിന്ദ് പുറത്തു കറങ്ങാമെന്നു കരുതി ഇറങ്ങിയതാണ്. മുന്നിൽ ഒരു ആർട്ട് ഗാലറിയുടെ ബോർഡ് കണ്ടു അവിടെ കാർ നിർത്തി. അവൻ വണ്ടി റോഡരികിൽ പാർക്ക് ചെയ്തു. ചാറ്റൽ മഴ വക വയ്ക്കാതെ റോഡ് ക്രോസ്സ് ചെയ്തു ഗാലറി ലക്ഷ്യമാക്കി നടന്നു.
അരവിന്ദ് ഗാലറിയുടെ അകത്തേക്ക് കയറി. ക്ലാസിക്കൽ പെയിന്റിങ്ങുകളും മോഡേൺ പെയിന്റിങ്ങുകളും, ഗാലറിയിൽ രണ്ട് വശത്തായി അലങ്കരിച്ചു വച്ചിരിക്കുന്നു.
ആധുനികതയിലേയ്ക്ക് അരവിന്ദിന്റെ കണ്ണുകൾ നീണ്ടു. സ്ത്രീ രൂപങ്ങൾ ആണ് പ്രധാനവിഷയം, സ്ത്രീകളുടെ മനോഹരങ്ങളായ കാൽപാദങ്ങൾ, കാൽപാദങ്ങൾ പതിഞ്ഞ മണൽ തീരങ്ങൾ, കടൽ, അരുവികൾ, പാറക്കെട്ടുകൾ, എല്ലാത്തിലും പെൺകാലുകളാണ് പ്രധാന വിഷയം.
“അപ്പോൾ കാലാണ് ഇവിടെ താരം. “
ഒരു വലിയ പെയിന്റിങ്ങിന്റെ മുന്നിൽ അരവിന്ദ് നിന്നു. മഴ പെയ്യുന്ന പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെ നടക്കുന്ന നഗ്നമായ പാദങ്ങൾ. നെയിൽ പോളിഷിട്ട നീണ്ട കാൽ പാദങ്ങൾ. അവൻ ആ ചിത്രം ആസ്വദിച്ചു കുറെനേരം നിന്നു. ആ ചിത്രം ആദ്യ കാഴ്ച്ചയിൽ തന്നെ അവനെ വശീകരിച്ചു കളഞ്ഞു.
അരവിന്ദിന്റെ പിറകിൽ നിന്നുമൊരു സ്ത്രീ ശബ്ദം കേട്ടു.
“അത് എന്റെ പുതിയ ചിത്രമാണ്. അവസാനത്തെ കാൽപാടുകൾ എന്നാണ് പേരിട്ടത്. ”
അരവിന്ദ് പിന്നിലേക്ക് തിരിഞ്ഞുനോക്കി. ഒരു നാൽപതിയഞ്ചു വയസ്സ് തോന്നുന്ന ഒരു സ്ത്രീ നില്ക്കുന്നു. വെള്ള നിറത്തിലുള്ള സ്ലീവ് ലെസ് ബ്ലൗസിനു മുകളിലൂടെ അലസമായി കിടക്കുന്ന കടും നീല സോഫ്റ്റ് കോട്ടൺ സാരി. ചുരുണ്ടു കിടക്കുന്ന നീണ്ട മുടിയിഴകൾ കവിളിലും തോളിലും പരന്നു കിടന്നിരുന്നു. അവർ അവന് നേരെ കൈ നീട്ടി.
“ഞാൻ സുഹാസിനി. ഈ ഗാലറിയുടെ ഉടമയും ചിത്രകാരിയും. “
“ഞാൻ അരവിന്ദ്, ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്. കലയേയും കലാകാരന്മാരെയും ഇഷ്ടമാണ്. ഈ ചിത്രം ഞാൻ എടുക്കുകയാണ്. “
പ്രൈസ് ടാഗിൽ കണ്ട തുക അരവിന്ദ് സുഹാസിനിയെ ഏല്പിച്ചു.
“വിലപേശുന്നില്ലേ. “
സുഹാസിനി ചിരിച്ചു കൊണ്ട് ചോദിച്ചു. അവൻ ഇല്ലായെന്ന് തലയാട്ടി.
“ഈ ചിത്രം വളരെ മനോഹരമാണ്. ഈ കാലുകൾ….. അതിമനോഹരം.
അതിനുള്ളിൽ ഒരു കഥയുണ്ടാകും. ”
“ഓരോ നടത്തവും ഓരോ ജീവിതങ്ങളാണ്, ഓരോ കഥകളാണ്, ചിലത് നല്ല രീതിയിൽ മുന്നോട്ട് പോകും ചിലത്…… ”
അരവിന്ദ് ഞെട്ടിത്തരിച്ചു.
“സുഹാസിനിക്ക് എന്നെ നേരിട്ട് അറിയാമോ?”
“ഇല്ല, നിങ്ങൾ പറഞ്ഞിരുന്നല്ലോ… ഒരു കഥയുണ്ടെന്ന്. ഞാൻ ഊഹിച്ചു. “
അരവിന്ദ് ചമ്മലോടെ അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ നോട്ടങ്ങൾ അവന്റെ ഹൃദയത്തെ പിളർത്തി.
രണ്ടാഴ്ച്ചക്ക് ശേഷം അവർ ഒരു കഫേയിൽ വച്ചു കണ്ടു മുട്ടി.
“എന്താ അരവിന്ദ് എന്നെ കാണണമെന്ന് പറഞ്ഞത്. “
“സുഹാസിനി എന്തിനാണ് ഈ ബീച്ച് കഫേ തെരെഞ്ഞെടുത്തത്. “
സുഹാസിനി അവനു ഉത്തരം നൽകിയില്ല. അവൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.
“നീ കലയെ നോക്കി കാണുന്നത് എങ്ങനെയാണ്?”
“ഞാൻ കാണുന്നത് രൂപങ്ങളാണ്.
പ്രത്യേകിച്ചും സ്ത്രീകളുടെ പാദങ്ങൾ, അവരുടെ നടപ്പുകൾ… അതെന്നെ വല്ലാതെ മോഹിപ്പിക്കും. ”
അരവിന്ദ് തല കുനിച്ചു.
“നിങ്ങളുടെ ചിരി അതിമനോഹരമാണ്, പക്ഷേ അതിനേക്കാൾ ഞാൻ ആസ്വദിക്കുന്നത് നിങ്ങളുടെ മനോഹരമായ കാൽ പാദങ്ങളാണ്. “
നീല ജീൻസിനു താഴെ, സുഹാസിനിയുടെ വെളുത്ത ഞരമ്പ് തെളിഞ്ഞ പാദങ്ങളിലേക്കു അരവിന്ദ് ആർത്തിയോടെ നോക്കി.
“ഫൂട്ട് ഫെറ്റിഷിസം അല്ലെങ്കിൽ പോഡോഫീലിയ ഒരു ലൈംഗിക കാമനയാണെന്ന് എനിക്കറിയാം മാഷേ. “
അരവിന്ദ് തെല്ലു കുറ്റബോധത്തോടെ തല കുനിച്ചു.
“അതെ, സ്ത്രീകളോട് ആകർഷണം പുരുഷൻമാർക്ക് ഉണ്ടാകും..
പക്ഷേ ആകർഷണത്തിൽ കുടുങ്ങിയാൽ, നിനക്ക് സൗന്ദര്യം ആസ്വദിക്കാൻ കഴിയില്ല, നിന്റെ ഉള്ളിൽ മോഹത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമേ കാണൂ. ”
അരവിന്ദ് ദുഖത്തോടെ തല കുനിച്ചു.
“എനിക്ക് സ്ത്രീകളെ പ്രണയിക്കാൻ കഴിഞ്ഞിട്ടില്ല. മോഹം അല്ലാതെ പ്രണയം എന്തെന്ന് അറിയാത്തവനാണ് ഞാൻ. ”
സുഹാസിനി പുഞ്ചിരിച്ചു.
“മോഹിക്കുന്നവർ കണ്ണുകളാൽ കാണും.
പ്രണയിക്കുന്നവർ ഹൃദയത്താൽ കേൾക്കും….. ഒരിക്കൽ എന്നേയുമൊരാൾ പ്രണയിച്ചിരുന്നു, കണ്ണുകൾ കൊണ്ട് മാത്രം, എന്നെ മനോഹരങ്ങളായ മാറിടങ്ങളെ ഈ തേളുകൾ കരണ്ട് തിന്നാൻ തുടങ്ങിയപ്പോൾ….. അയാളുടെ പ്രണയം അവസാനിച്ചു. ഞാൻ ഏകയായി തീർന്നു…… ”
” ബ്രെസ്റ്റ് കാൻസർ. “
അരവിന്ദിന്റെ വിരലുകൾ സുഹാസിനിയുടെ വിരലുകളെ ചേർത്ത് പിടിച്ചു.
കഫേയുടെ പുറത്ത് മഴ കനത്തു തുടങ്ങി.
ഒരു ഞായറാഴ്ച ദിവസം. ആർട്ട് ഗാലറിയുടെ വാതിൽ അടഞ്ഞു കിടന്നു. വെള്ള പലാസോയും കുർത്തയും അണിഞ്ഞ സുഹാസിനി പുതിയ ചിത്രത്തിൻ്റെ പണിപ്പുരയിലാണ്. അത് നോക്കി അടുത്തിരുന്ന അരവിന്ദിനെ കാണാഞ്ഞിട്ട് സുഹാസിനി അവനെ തിരിഞ്ഞ് നോക്കി.
അവളുടെ അരികിൽ മറ്റൊരു ക്യാൻവാസ്സിൽ അവനും വരയ്ക്കുകയാണ്. അതിൽ കാലുകൾ മാത്രമല്ല സുഹാസിനിയുടെ പൂർണ രൂപം, അവൾ നടന്നു അകലുകയാണ്.
“അരവിന്ദ്, ഈ നടത്തതിന്റെ അർത്ഥമെന്താണ്. ? “
“ഞാനൊരു പുതിയ പാത കണ്ടെത്താൻ പഠിക്കുകയാണ്. ”
രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു.
അരവിന്ദും സുഹാസിനിയും നഗ്നപാദരായി കൈകോർത്തു ബീച്ചിലൂടെ നടക്കുകയാണ്. അരവിന്ദ് കൂടെ കൂടെ സുഹാസിനിയെ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ അവന്റെ കണ്ണിൽ അവളോടുള്ള മോഹമല്ല, അവളോടുള്ള തീവ്ര പ്രണയമാണ് കാണാൻ കഴിയുന്നത്.
അവളുടെ നഗ്നമായ മാറിടത്തിൽ മുഖമമർത്തി കിടന്നു കൊണ്ടവൻ കരഞ്ഞു.
“ഇത് മുറിച്ചു മാറ്റിയപ്പോൾ നിനക്ക് വേദനിച്ചില്ലേ”
“ഇല്ല, അയാൾ എന്നെ ഉപേക്ഷിച്ചപ്പോൾ തന്നെ ഞാൻ മരിച്ചിരുന്നു. മരിച്ചവർക്ക് വേദനയില്ല. ഇപ്പോളെന്റെ പുനർജനമാണ്. “
അവൾ അവന്റെ മുടിയിഴകളെ തഴുകി.
“ടിക്കറ്റ് കൺഫോം ആയല്ലോ, എനിക്കിനി പോകാതെ പറ്റില്ലല്ലോ. എന്റെ ഗാലറി നിന്നെ ഏല്പിക്കുന്നു. “
അരവിന്ദ് ശബ്ദമുണ്ടാക്കാതെ കരഞ്ഞു.
ആശുപത്രിയിൽ കിടക്കയിലാണ് സുഹാസിനി, രാപകൽ അവളുടെ അടുത്തു അരവിന്ദ് ഇരുന്നു. അവൾ വളരെ പ്രയാസത്തോടെ ശ്വാസമെടുത്തു. അരവിന്ദ് അവളുടെ വിരലുകൾ തലോടി.
“എന്റെ കാലുകൾ സാവധാനം അനങ്ങുന്നു. മുന്നോട്ടു പോകാൻ കൊതിക്കുന്നു, എനിക്ക് നടക്കണം എന്ന് ആഗ്രഹം തോന്നുന്നു. ”
അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞു.
” എന്റെ കാലടികൾ നിന്റേത് തന്നെയാണ്. ഞാൻ നിന്നെ എടുത്തു കൊണ്ട് നടക്കട്ടെ. നീ പോയാൽ ഞാൻ എങ്ങോട്ട് നടക്കും?”
“എന്റെ യാത്രകൾ നീ അറിഞ്ഞതാണ്,
ഇനി എന്റെ വഴികൾ നീ വരയ്ക്കണം. ”
അവൻ അവളുടെ നെറ്റിയിൽ അവസാനമായി അമർത്തി ചുംബിച്ചു
“ എന്റെ കാൽപ്പാടുകളെ നീ മനോഹരമായി വരയ്ക്കണം. ”
സുഹാസിനിയുടെ ചരമ വാർഷികത്തിൽ ഫൈൻ ആർട്സ് സൊസൈറ്റി നടത്തിയ ചിത്ര പ്രദർശനത്തിൽ ഒന്നാം സമ്മാനം നേടിയിരിക്കുന്ന ചിത്രം അനൗൺസ് ചെയ്തു.
“അവളുടെ കാൽപ്പാടുകൾ… “
വെള്ളികൊലുസ് അണിഞ്ഞ മനോഹരമായ പാദങ്ങൾ കടലിൽ അലിഞ്ഞു പോകുന്നു. ആ പാദങ്ങളിലേയ്ക്ക്, ആകാശത്തു നിന്നും പതിക്കുന്ന സ്വർഗീയ പ്രകാശം.
മാധ്യമങ്ങൾ ക്യാമറയും മൈക്കുമായി അരവിന്ദിനെ പൊതിഞ്ഞു.
“ഈ ചിത്രത്തിനു എന്തിനാണ് ഇങ്ങനെ ഒരു പേരിട്ടത്?”
അരവിന്ദ് പുഞ്ചിരിച്ചു കൊണ്ട്, തന്റെ ഇടനെഞ്ചിൽ തലോടി.
“അവൾ പോയെങ്കിലും
അവളുടെ കാൽ പാടുകൾ ഇവിടെ ഉണ്ട്. ”
അരവിന്ദ് കൂട്ടി ചേർത്തു.
“സൗന്ദര്യം കണ്ണുകളിൽ അല്ല…അത് ഹൃദയത്തിലാണ്. ”
എല്ലാവരും പിരിയാൻ തുടങ്ങി. മുകളിൽ നിന്ന് പറന്നിറങ്ങിയ ഒരു വെള്ള തൂവൽ ആരും കാണാതെ അരവിന്ദ് എടുത്തു പോക്കറ്റിലിട്ടു.
✍️✍️നിഷ പിള്ള


2 Comments
മനോഹരം. ഹൃദയത്തിൽ നിന്നൊരു പ്രണയം.
❤️👌👏
Nannayirikkunnu.iniyum nalla nalla storys undavatte.aasamsakal