ജീവിതത്തിൻ്റെ തിരക്കിനിടയിൽ അവൾ തന്റെപഴയ മുഖം തിരയുകയായിരുന്നു. തൻ്റെ ബാല്യത്തിൻ്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും നല്ല മുഖങ്ങൾ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു…. ഒരുപക്ഷേ തൻ്റെ പിടിപ്പുകേടുകൾ കൊണ്ടായിരിക്കാം.
വിവാഹത്തിന് മുൻപുള്ള തൻ്റെ നാളുകൾ എന്നും പ്രിയമേറിയവയായിരുന്നു. മാതാപിതാക്കന്മാരോടും അനുജത്തിമാരോടും കൂടിയുള്ള ജീവിതം എത്ര സുന്ദരമായിരുന്നു. എല്ലാ ആഴ്ചകളിലും ഉള്ള സിനിമാ കാണാനുള്ള ഓട്ടവും ഉത്സവങ്ങളുടെ തിരക്കിലൂടെയുള്ള നടത്തവും ഒക്കെ എന്നും ഓർമ്മകളിലെ നിറക്കൂട്ടുകൾ ആയിരുന്നു.
തൻ്റെ ജീവിതം വിരസമായതെപ്പോഴാണ്….?
വിവാഹശേഷം തന്നെയാണ്.
ശ്രീപത്മനാഭന്റെ മണ്ണിലേക്ക് തന്നെ പറിച്ചു നടുകയായിരുന്നു. സുന്ദരമായ പച്ചപ്പ് നിറഞ്ഞ തന്റെ ഗ്രാമവും ക്ഷേത്രവും കൽപ്പടവു കെട്ടിയ ക്ഷേത്രക്കുളവും, അതിൽ ഒരു പരൽ മീനിനെ പോലെ നീന്തി തുടിച്ചുള്ള കുളിയും ഈറനടുത്തു ക്ഷേത്രത്തിൽ തൊഴുതുമടങ്ങുന്നതും ഒക്കെ എനിക്ക് ഇന്ന് എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു.
ജോലി കിട്ടി തലസ്ഥാനനഗരിയിലെക്ക് കാലുകുത്തിയ ആദ്യ നാളുകൾ വളരെ സന്തോഷകരമായിരുന്നു. ആദ്യമായി അദ്ദേഹത്തെ കണ്ടത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ്. തന്റെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന സുധയാണ് ആളെ തനിക്ക് പരിചയപ്പെടുത്തി തന്നത്. അദ്ദേഹത്തിൻ്റ പേര് മഹി എന്നാണ്. അദ്ദേഹത്തിൻ്റെ മാന്യമായ പെരുമാറ്റം തന്നെ ആദ്യമായി തന്നെ ആകർഷിച്ചു. സ്റ്റേറ്റ് ഗവൺമെൻ്റ് ഉദ്യോഗസ്ഥനും ലയൺസ് ക്ലബ്ബിൻ്റെ ഉന്നത അംഗത്വമുള്ള ആളാണ് മഹീ എന്നും സുധ പറഞ്ഞു. പിന്നീട് പലപ്പോഴും വഴിയിൽ കാണുമ്പോൾ ഒരു പുഞ്ചിരിയിൽ ഒതുക്കി പോകാറാണ് പതിവ്. മെല്ലെ മെല്ലെ എന്നും കാണാനുള്ള ഒരു ആഗ്രഹം തോന്നിത്തുടങ്ങി. കാണാത്ത ദിവസങ്ങളിൽ ഒന്നിനും ഒരു മൂഡും ഇല്ലാതായി.
അങ്ങനെ നാളുകൾ കഴിഞ്ഞു ലീവിന് നാട്ടിലേക്ക് ബസ്സിനുകാത്തുനിൽക്കുമ്പോൾ അതാ അയാൾ തന്റെ മുൻപിൽ.. പ്രതീക്ഷിക്കാതെ കണ്ടപ്പോൾ വല്ലാത്ത അമ്പരപ്പ് തോന്നി. എന്നാലും ധൈര്യം സംഭരിച്ച് ഒരു ചിരിയിലൊതുക്കി. അയാൾ തൻ്റെ അരികിലേക്ക് തന്നെ ആണല്ലോ വരുന്നത് എന്തിനാണ് ആവോ, പെട്ടെന്നാണ് ചോദിച്ചത് നാട്ടിലേക്ക് ആണോ എന്ന്.. അതെ എന്ന് തലയാട്ടി, നാട്ടിൽ പോയി വരൂ എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ബസിൽ ഇരിക്കുമ്പോൾ മുഴുവൻ ആ ചിന്തയായിരുന്നു മനസ്സിൽ.
ഒരാഴ്ച കഴിഞ്ഞു തിരികെ ഓഫീസിൽ വരുമ്പോൾ തന്നെ പ്രതീക്ഷിച്ച് സുധ നിൽക്കുന്നുണ്ടായിരുന്നു. മഹിക്കു ശ്രീദേവിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു് യാതൊരു മുഖവുരയും കൂടാതെ പറഞ്ഞു. വീട്ടിൽ അച്ഛനോടു അവതരിപ്പിക്കുവാൻ ഭയമായിരുന്നു. പറഞ്ഞപ്പോൾ അച്ഛന് അല്പം എതിർപ്പുണ്ടായിരുന്നു. ഇത്രയും ദൂരം ഒന്നും വേണ്ട, അത് തന്നെയല്ല നിനക്ക് സെൻട്രൽ ഗവൺമെൻറ് ഉദ്യോഗവും അയാൾക്ക് സ്റ്റേറ്റ് ഗവൺമെൻറ് ഉദ്യോഗവുമാണ്. അത് അച്ഛന് തീരെ താല്പര്യമില്ലായിരുന്നു.
തൻ്റെ നിർബന്ധത്തിനു വഴങ്ങി വിവാഹം മംഗളമായി നടന്നു. പിന്നീട് നടന്ന സംഭവങ്ങൾ ഒന്നും തന്നെ ഓർക്കാൻ ഇഷ്ടപ്പെടുന്ന അനുഭവങ്ങൾ അല്ലായിരുന്നു. അയാളുടെ മാന്യതയുടെ മുഖംമൂടി അഴിഞ്ഞു…. ക്രൂരനായ ഒരാൾ…. സംശയരോഗി, ഉപദ്രവകാരി അങ്ങനെ അയാളെ വിശേഷിപ്പിക്കുവാൻ വാക്കുകളില്ല. സ്വന്തമായി ഒരു രൂപ പോലും തന്റെ ശമ്പളത്തിൽ നിന്ന് തനിക്ക് കിട്ടാതായി. അയാളുടെ പ്രാരാബ്ധമുള്ള കുടുംബത്തിൻറെ എല്ലാ ചുമതലകളും തന്റെ ശിരസ്സിൽ ഒരു മുൾക്കിരീടമായി ചൂടിത്തന്നു. വല്ലാത്ത വീർപ്പുമുട്ടലിനിടയിലും രണ്ടു കുട്ടികളുടെ അമ്മയായി, പല തിക്താനുഭവങ്ങൾ ഉണ്ടായിട്ടും തിരികെ പോരാൻ മനസ്സ് പറഞ്ഞിട്ടും കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും ഒരുപോലെ ആവശ്യമാണെന്നുള്ള തോന്നലിൽ തന്റെ ജീവിതം അവിടെ തന്നെ തളച്ചിട്ടു. കുട്ടികളെ പ്രതി അയാളെ സഹിച്ചു അവിടെത്തന്നെ ജീവിതം ഹോമിച്ചു. വ്യത്യസ്തമായ പല ദുരാനുഭവങ്ങൾ സമ്മാനിച്ചു, കാലങ്ങൾ കടന്നുപോയി.
കുട്ടികൾ രണ്ടും മുതിർന്നു വിവാഹിതരായി. ഒപ്പം എന്റെ ഉദ്യോഗത്തിൽ നിന്നുള്ള വിരമിക്കലും നടന്നു. തന്റെ തിരക്കുകളും ഭാരങ്ങളും ദൈനംദിനം ഏറി വരുന്നതായി വളരെ ദയനീയതയോടെ താൻ തിരിച്ചറിഞ്ഞു. ഇതിൽ നിന്നൊക്കെ ഒരു മോചനത്തിനായി ആത്മീയതയുടെ പാതയിലൂടെ യാത്രയായി. എല്ലാ തിരക്കുകളും ഒഴിവാക്കി എനിക്ക് നഷ്ടപ്പെട്ട എൻ്റെ മുഖം തേടി വിദൂരതയിലേക്ക് യാത്രയായി. യാത്ര ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു……
#തിരക്ക്


5 Comments
മക്കൾക്കു വേണ്ടി ജീവിതം ഹോമിക്കുന്ന അമ്മമാർ ധാരാളമുണ്ട്. Touching story.👍
Thank you sherly
Thank you suma
നല്ല കഥ♥️👌🌹
നന്നായെഴുതി🥰❤️