പത്തു മുപ്പത് കൊല്ലം മുൻപത്തെ കഥയാണ്. ഞാൻ എട്ടാം ക്ലാസ്സിൽ നിന്നും ഒൻപതാം ക്ലാസ്സിലേക്ക് ജയിച്ച വെക്കേഷൻ സമയം. വിഷു കഴിഞ്ഞു ട്യൂഷൻ സെന്ററുകൾ തുറന്നു. തിങ്കൾ മുതൽ വെള്ളിയാഴ്ച വരെയാണ് ക്ലാസ്സ്. ശനിയും ഞായറും അവധി.
ആദ്യ ആഴ്ചയിൽ മൂന്നു ദിവസത്തെ ക്ലാസ്സ് കഴിഞ്ഞു വന്ന ആദ്യ ഞായറാഴ്ച, ഞങ്ങൾ കുട്ടികൾ എല്ലാവരും അടുത്ത പറമ്പുകളിൽ ഒളിച്ചു കളിച്ചു നടക്കുന്ന കൂട്ടത്തിൽ കൈയിൽ കിട്ടുന്നവ എല്ലാം തിന്നും.
അങ്ങനെ വയറു നിറയെ പഴുത്ത കശുമാങ്ങയും തിന്നു, ചെട്ടിയാരുടെ കശുമാവിന്റെ താഴ്ന്ന ചില്ലകളിൽ തൂങ്ങി ആടി കളിക്കുമ്പോഴാണ്, സന്തോഷിന് പച്ച മാങ്ങാ ഉപ്പും മുളകും വെളിച്ചെണ്ണയും കൂട്ടി തിന്നാം എന്ന ബുദ്ധി തോന്നിയത്.
പിന്നെ ഞങ്ങൾ ഒട്ടും താമസിച്ചില്ല. സന്തോഷ് തന്നെ പച്ചുറുമ്പ് കൂട് നിറഞ്ഞ കിളിച്ചുണ്ടൻ മാവേൽ വലിഞ്ഞു കയറി മാങ്ങാ പൊട്ടിച്ചു. ഞാനും അണ്ണനും വീട്ടിൽ നിന്നും അമ്മ കാണാതെ ഉപ്പും മുളകും വെളിച്ചെണ്ണയും കൊണ്ടു കൊടുത്തു. മാങ്ങാ തൊലി കളഞ്ഞു കൊത്തിയരിഞ്ഞു, ഉപ്പും മുളകും വെളിച്ചെണ്ണയും ഒഴിച്ച് കൊതി തീരെ തിന്നു.
ഇതൊക്കെ അമ്മ അറിയാതെ ഉള്ള ഇടപാടുകളാണ്. വേവിക്കാത്ത സാധനങ്ങൾ തിന്നാൽ വയറു വേദന വരും എന്നാണ് അമ്മയുടെ കണ്ടു പിടുത്തം!
എന്തായാലും കളിച്ചു തിമിർത്ത ഞായർ പകലിനൊടുവിൽ വൈകുന്നേരം കുളിച്ചു നാമം ചൊല്ലിക്കഴിഞ്ഞു എഴുന്നേറ്റപ്പോൾ വയറ്റിൽ കൊള്ളിയാൻ മിന്നിയ പോലെ ഒരു വേദന. ഏതാനും സമയം കഴിഞ്ഞു അത് അപ്രത്യക്ഷമായി.
അത്താഴം കഴിച്ചു എട്ടുമണിയോടെ ഉറങ്ങാൻ കിടക്കുമ്പോൾ വീണ്ടും വയറിനു വല്ലാത്ത അസ്വസ്ഥത. ഞാൻ അണ്ണനോട് പറഞ്ഞു, “എടാ അണ്ണാ, എനിക്ക് വയറു വേദന തോന്നുന്നു.”
“ഓ, പച്ച മാങ്ങായും കശുമാങ്ങയും തിന്നതിന്റെയാ… നീ അമ്മയോട് പറയണ്ട. നമുക്ക് അടി കിട്ടും. രാവിലെ മാറിക്കോളും. നീ കിടന്നു ഉറങ്ങു…”
അണ്ണൻ പറഞ്ഞതിൽ കാര്യമുണ്ട്. കളിക്കുന്നതിനിടയിൽ വയറ്റിലേക്കു ചെന്ന ‘വകകൾ’ എന്തൊക്കെയാണെന്നു അറിഞ്ഞാൽ, അമ്മ ഞങ്ങളെ വെച്ചേക്കത്തില്ല.
രാവിലെ ഉറക്കം എഴുന്നേറ്റപ്പോൾ വയറിന് ആശ്വാസം തോന്നി. പതിവുപോലെ കുളിച്ചു ട്യൂഷൻ ക്ലാസ്സിലേക്ക് പോയി. മലയാളം പഠിപ്പിക്കുന്ന വേണു സാർ ആദ്യത്തെ പീരിയഡ് തകർത്തു പഠിപ്പിക്കുമ്പോൾ എനിക്ക് വീണ്ടും വയറ്റിൽ അസ്വസ്ഥത തുടങ്ങി. ഇന്റർവെൽ സമയത്തു അടുത്ത വീട്ടിലെ കക്കൂസിൽ പോയി. എന്റെ അടിവസ്ത്രത്തിൽ എന്തോ നനവ് പോലെ തോന്നി. അധികം വെളിച്ചമില്ലാത്ത അതിനുള്ളിൽ എനിക്ക് നനവിന്റെ നിറം തിരിച്ചറിയാൻ കഴിഞ്ഞില്ല.
എങ്കിലും ഇടയ്ക്ക് ക്ലാസ്സിൽ ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും ചെറിയ നനവ് അനുഭവപ്പെട്ടു. പാവാടയുടെ പിൻവശം നനഞ്ഞിരുന്നാൽ കൂട്ടുകാർ കണ്ടു കളിയാക്കിയാലോ എന്ന് കരുതി ഞാൻ പാവാട പുറകു വശം പൊക്കി ഇരുന്നു. പെറ്റിക്കോട്ട് ഉള്ളത് കൊണ്ട് കുഴപ്പമില്ല. ക്ലാസ്സ് കഴിഞ്ഞു, എങ്ങനെ എങ്കിലും വീട്ടിലെത്തി.
ഞാൻ ബാത്‌റൂമിലേക്ക് ഓടി. ഇട്ടേക്കുന്നെ തുണികൾ എല്ലാം ഊരിയിട്ടു. ഇളം മഞ്ഞ നിറമുള്ള അടി വസ്ത്രത്തിലേക്കു ഞാൻ ഒന്നെ നോക്കിയുള്ളൂ…. അതിൽ കുറച്ചു ചോരപ്പാടുകൾ!
നേരമല്ലാത്ത നേരത്ത് കശുമാങ്ങയും പച്ച മാങ്ങയും തിന്നു, എന്റെ വയറ്റിൽ നിന്നും ചോര പോകുന്നു. ഞാനിതെങ്ങനെ അമ്മയോട് പറയും? പറഞ്ഞാൽ എനിക്ക് അടി ഉറപ്പാണ്.
കുളിക്കുന്ന കൂട്ടത്തിൽ ഞാൻ അടിവസ്ത്രം നന്നായി കഴുകി എടുത്തു. ബാക്കി വസ്ത്രങ്ങൾ അമ്മ കഴുകാനായി മാറ്റിയിട്ടു. കുളിച്ച ശേഷം വയറ്റിലെ അസ്വസ്ഥതകൾക്ക് തെല്ല് ആശ്വാസം തോന്നി. എങ്കിലും വയറ്റിന്ന് ചോര പോകുന്നത് ആരും അറിയാതിരിക്കാൻ ഞാൻ രണ്ടു അടിവസ്ത്രം ഇട്ടു. കൂടാതെ രണ്ടു പെറ്റിക്കോട്ടും!
അമ്മ വന്നു വിളിച്ചപ്പോൾ ആഹാരം പേരിന് മാത്രം കഴിച്ചു. അമ്മാമ്മ സ്ഥിരം പറയുന്ന കഥയിലെ, ചോര തൂറി ചത്ത ഏതോ ഒരു ദേവകി അക്കനെ ആലോചിച്ചു ഞാൻ കിടുങ്ങി.
എനിക്കും അങ്ങനെ ഒരു ദുർവിധി വരാൻ പോകുന്നു എന്ന് ആലോചിച്ച് ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ പാവാട തുമ്പ് ഉയർത്തി കണ്ണുകൾ തുടച്ചു.
വെറും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ, കുറച്ചു ദിവസങ്ങൾക്കുള്ളിൽ വയറ്റിൽ നിന്നും ചോര പോയി മരണപ്പെടും എന്ന സത്യം എന്നെ നോക്കി പല്ലിളിക്കും പോലെ തോന്നി. ഇപ്പൊ ചോര കൂടുതലായി പോകുന്ന പോലെ തോന്നിത്തുടങ്ങി. ഇടയ്ക്കിടെ അടിവസ്ത്രം നല്ലത് പോലെ നനയാൻ തുടങ്ങി.
എനിക്ക് ഭയങ്കര സങ്കടം തോന്നി. മാടൻ തമ്പുരാനെ, ഞാൻ ഇനിമുതൽ അമ്മ പറയുന്നത് എല്ലാം അനുസരിച്ചോളാം….എന്റെ അസുഖം മാറ്റി തരണേ…ഞാൻ മനസ്സ് നൊന്തു പ്രാർഥിച്ചു. അമ്മയുടെ ജീരക ഡെപ്പിയിൽ നിന്നും എടുത്ത പത്തു പൈസ തലയ്ക്കു ഉഴിഞ്ഞു മാടൻ തമ്പുരാന് നേർച്ചയിടാൻ മാറ്റി വെച്ചു.
പിന്നെ കുറച്ചു നേരത്തേക്ക് വലിയ പ്രശ്നം ഇല്ലായിരുന്നു. അണ്ണൻ ട്യൂഷൻ കഴിഞ്ഞു വന്നു കളിക്കാൻ ഓടിയപ്പോഴും ഞാൻ, എപ്പോഴാ എന്റെ മരണം എത്തുന്നത് എന്നറിയാതെ അടുക്കള വരാന്തയിൽ ഇട്ട ഉരലിന്റെ മുകളിൽ ദുഃഖഭാരത്തോടെ ഇരുന്നു.
സന്ധ്യയായി. വിളക്ക് വെക്കാൻ അമ്മ പറഞ്ഞത് കേട്ട് എഴുന്നേറ്റു പോകുമ്പോൾ, ഉണങ്ങിയ കൊപ്ര അരിഞ്ഞു കൊണ്ടിരുന്ന വല്യമ്മ എന്നെ പിടിച്ചു നിർത്തി പാവാടയുടെ പുറകുവശം സൂക്ഷിച്ചു നോക്കി. ശേഷം പാവാട പൊക്കി പെറ്റിക്കോട്ടും. അതോടെ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഞായറാഴ്ച കളിക്കാൻ പോയപ്പോൾ കശുമാങ്ങയും പുളിയൻ മാങ്ങയും തിന്ന് ഇന്നലെ മുതൽ എന്റെ വയറ്റിൽ നിന്നും ചോര പോകുന്ന ദീനം കരച്ചിലിന്റെ അകമ്പടിയോടെ ഞാൻ വല്യമ്മയോട് പറഞ്ഞു.
വല്ല്യമ്മ നിർത്താൻ കഴിയാത്ത ചിരിയോടെ അമ്മയെ വിളിച്ചു. എന്തൊക്കെയോ കുശുകുശുത്തു. അമ്മയും എന്നെ പരിശോധിച്ചു. ശേഷം അടുക്കളയിലെ തടുക്കിൽ ഇരുത്തിയിട്ട് എനിക്ക് കുളിച്ചു മാറാൻ വസ്ത്രങ്ങൾ എടുത്തു കൊണ്ട് വന്ന്, എന്നോട് കുളിക്കാൻ പറഞ്ഞു.
ഞാൻ കുളിച്ചു വരുമ്പോഴേക്കും അടുത്ത വീട്ടിൽ നിന്നും കുഞ്ഞമ്മയും അമ്മാമ്മയും ചേച്ചിമാരും വന്നു.
ചേച്ചിമാരാണ് എന്നോട് പറയുന്നത്, നീ വലിയ കുട്ടിയായീന്ന്….
അമ്മയോ വല്യമ്മയോ കുഞ്ഞമ്മയോ അങ്ങനെ ആരും തന്നെ പീരിയഡ്‌സ് ആയതിന്റെ ഒരു വിവരണം ഞങ്ങൾ കുട്ടികൾ കേട്ടിട്ടില്ല. കാരണം അന്നത്തെ കാലത്ത് അമ്മമാർ അതൊക്കെ ആരും അറിയാത്ത രഹസ്യങ്ങളായി സൂക്ഷിച്ചു.
ഏപ്രിൽ ചൂടിൽ കണ്ണീർ വാർത്തു നടന്ന ആ ദിനങ്ങളെ ഞാൻ എങ്ങിനെ മറക്കും?


6 Comments
ആ പാവം എത്ര വിഷമിച്ചു…… നല്ലെഴുത്ത്👍💐
പണ്ടത്തെ നിഷ്കളങ്കരായ കുട്ടികളെ കുറിച്ച് നന്നായി അവതരിപ്പിച്ചു. നല്ല എഴുത്ത്.ഷീബ
ഇതൊന്നുമറിയാത്ത ഒരു മണ്ടിപ്പെണ്ണായിരുന്നു ഞാനും.
ഇന്നോർക്കുമ്പോൾ ചിരിക്കാൻ വകയുണ്ട്.😃
നന്നായി എഴുതി ഷീബാ♥️♥️♥️👌
പഴയ കുട്ടികൾക്കെല്ലാം തീർത്തും റിലേറ്റ് ചെയ്യാവുന്ന കഥ. സുന്ദരമായി എഴുതി ഷീബ .❤️❤️
നന്നായി എഴുതി 👍
അമ്മമാരും ടീച്ചേഴ്സും കുട്ടികൾക്കു പറഞ്ഞു കൊടുക്കുമ്പോൾ ഒരു മുൻധാരണയുണ്ടാകും. ഒമ്പതാം ക്ലാസ്സുകാരിയുടെ ആധി നന്നായി എഴുതി.👍👏