കട്ടിലിൽ വെടിയേറ്റ് വീണു കിടക്കുന്ന മഹേഷ്, അങ്ങോട്ട് ഒന്നേ നോക്കിയുള്ളു, അവന്റെ നെറ്റിയിലൊരു വലിയ തുള വീണിരിക്കുന്നു. മുറിവായിൽ ചോര കട്ട പിടിച്ചിരിക്കുന്നു. കട്ടിലിലെ നീല വിരികൾ ചുവന്നു കഴിഞ്ഞു.
“സാർ, കയ്യിൽ റിവോൾവർ.”
സലിം തോക്ക് രാഹുലിന് കാട്ടി കൊടുത്തു. രാഹുൽ കൈലേസ് കൊണ്ട് തോക്ക് കയ്യിലെടുത്തു.
“മഹേഷിന് റിവോൾവർ ഉണ്ടോ? ഗൺ ലൈസൻസ് ഉണ്ടോ.”
“ഇല്ല സാർ, സഞ്ജീവ് സാർ മരിച്ചപ്പോൾ കാണാതായതിൽ ഒരു റിവോൾവറും ഒരു ലാപ്ടോപ്പുമുണ്ട്. സഞ്ജീവ് സാർ തന്നെ സൂക്ഷിക്കാൻ ഏല്പിച്ചിരുന്നുവെന്നാണ് മഹേഷ് എന്നോട് പറഞ്ഞത്.”
“ഇതൊക്കെ നിയമ വിരുദ്ധമല്ലേ, താനിതൊക്കെ മറച്ചു വച്ചത് തെറ്റല്ലേ. ഇവനെന്തിനാ, ഒരു കയ്യിൽ വിലങ്ങു അണിഞ്ഞത്. കയ്യിൽ വിലങ്ങു വച്ചു സ്വയം വെടി വയ് ക്കുക. ഇവന് ഭ്രാന്തായോ. ഇതൊക്കെ എളുപ്പത്തിൽ സാധിക്കുമോ.”
“സാധിക്കും സാർ, ഒരിക്കൽ അവൻ എന്നോട് വാത് വച്ചിരുന്നു. രണ്ടു കയ്യിലും വിലങ്ങു അണിഞ്ഞു കൊണ്ട് അവനൊരു കുപ്പി എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട്. അവൻ അങ്ങനെ ചെയ്തു, വാതു വയ്പ്പിൽ ജയിച്ചു എന്നോട് പൈസ മേടിച്ചു പോയിട്ടുണ്ട്.”
“മ്.”
“സാറേ ക്രൈം സീൻ ആണ് ഒന്നിലും തൊടണ്ട.”
രാഹുലിന്റെ ശ്രദ്ധയിൽ പെടാതെ സലിം മഹേഷിന്റെ ഫോട്ടോകൾ എടുത്തു.
“താൻ ഈ കൈ വിലങ്ങിന്റെ താക്കോൽ ഒന്ന് കണ്ടു പിടിച്ചേ, സ്റ്റേഷനിൽ അറിയിക്കുന്നതിനു മുൻപ് ഈ വിലങ്ങു ഊരി മാറ്റണം. ഇല്ലെങ്കിൽ ഇതിനു നമ്മൾ വിശദീകരണം കൊടുക്കേണ്ടി വരും.”
“സാറേ അവന്റെ മരണത്തിൽ എനിക്കൊരു സംശയം ഉണ്ട്. അവൻ ഇന്ന് എന്നെ ഒരു ചിത്രം കാണിച്ചിരുന്നു.”
അപ്പോഴേക്കും കട്ടിലിനു അടിയിൽ നിന്നും വിലങ്ങിന്റെ താക്കോൽ കിട്ടിയിരുന്നു. രാഹുൽ വിദഗ്ധമായി വിലങ്ങു അഴിച്ചു പോക്കട്ടിലിട്ടു.
“എന്ത് സംശയം.”
രാഹുൽ ആ മുറിയാകെ പരിശോധിച്ചു
“എനിക്കവനെ ഇഷ്ടമായിരുന്നു. പക്ഷേ അവനിൽ എന്തൊക്കെയോ നിഗൂഢതകൾ എനിക്ക് തോന്നിയിരുന്നു. എന്തായിരുന്നു ആ ചിത്രത്തിൽ.”
കൈ വിലങ്ങു സലിം തന്റെ കസ്റ്റഡിയിൽ ആക്കി. സലിം മഹേഷിന്റെ അടുത്ത് വന്നിരുന്നു.
“മഹേഷ് കൈവിലങ്ങുമായി വെടിയേറ്റ് കിടക്കുന്ന ചിത്രം, ജോസഫ് സാറിന്റെ പോക്കറ്റിൽ നിന്നും കിട്ടിയെന്ന്. മരണം അവനെ ഭയപ്പെടുത്തി കാണും. സാറിന്റെ മരണശേഷം അവന്റെ മനോനില തെറ്റിയിരുന്നു.”
“തൊടണ്ട ഒന്നിലും. മഹേഷിന് ഭയമോ, അവൻ പഠിച്ച കള്ളനാണ്. ജാമർ വാങ്ങിയത് പോലീസ് കണ്ടെത്തിയെന്നറിഞ്ഞപ്പോൾ… വേറെ വഴി ഇല്ലാതെ ചെയ്തതാണ്.”
രാഹുൽ അവിടെയെല്ലാം പരിശോധിച്ചു. മേശക്കുള്ളിൽ നിന്നും രണ്ടു ആത്മഹത്യാ കുറിപ്പുകൾ കിട്ടി. ഒന്ന് ഭാര്യയ്ക്കും മറ്റൊന്ന് ഡിപ്പാർട്ട്മെന്റിനും. രാഹുൽ അത് തുറന്നു വായിച്ചു.
“പ്രിയപ്പെട്ട മീനയ്ക്ക്.
ക്ഷമിക്കണം, ഞാൻ ഒരിക്കലും നീ അർഹിച്ച ഭർത്താവ് ആയിരുന്നില്ല. പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ നിന്നെയും കുഞ്ഞുങ്ങളെയും ഞാൻ ഗൗനിച്ചില്ല.
പണം കൊണ്ട് നിന്റെ മനസ്സിനെ സ്വന്തമാക്കാമെന്നു കരുതിയ ഞാനൊരു മണ്ടനാണ്. എന്റെ ശ്രമങ്ങളൊക്കെ വെറുതെയായി. സ്വത്തും പണവുമൊന്നും എന്നെയും നിന്നെയും തൃപ്തിപെടുത്തിയില്ല. എന്റെ എല്ലാ സ്വത്തുക്കളും നിന്റെ പേരിലാക്കി മാറ്റിയിട്ടുണ്ട്. നീ കുഞ്ഞുങ്ങളെ നല്ല മനുഷ്യരാക്കി വളർത്തുമെന്നു എനിക്ക് ഉറപ്പുണ്ട്. എന്നോട് ക്ഷമിക്കണേ. മഹേഷ്…”
രാഹുൽ ആ കത്ത് സലീമിന്റെ നേരെ നീട്ടി.
“അവന്റെ ഭാര്യയും മക്കളും എവിടെ.. ?”
“മീന പിണങ്ങി പിള്ളേരുമായി അവളുടെ വീട്ടിൽ പോയതാണ്. അതവനെ വല്ലാതെ തകർത്തിരുന്നു.”
രാഹുൽ അടുത്ത കത്ത് തുറന്നു വായിച്ചു.
“എത്രയും ബഹുമാനപ്പെട്ട അധികാരികൾ അറിയാൻ,
അധികാര സ്ഥാനങ്ങൾ ദുരുപയോഗം ചെയ്ത ചില മേലധികാരികൾക്ക് വശംവദനായി എനിക്കും ചില തെറ്റുകൾ ചെയ്യേണ്ടി വന്നു. അത് വഴി ഞാനും ധാരാളം പണം സമ്പാദിച്ചു. ചെയ്ത തെറ്റുകൾക്ക് എല്ലാവരോടും മാപ്പു ചോദിക്കുന്നു. ചില തെറ്റുകൾ ചില നല്ല ആളുകളെ സഹായിക്കാനായിരുന്നു അതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല. ആ രഹസ്യങ്ങൾ എന്നോടൊപ്പം മണ്ണടിയട്ടെ.”
“സഞ്ജീവായിരുന്നല്ലോ, ഇവന്റെ വലംകൈ.”
“അല്ല സാർ, അയാളുടെ കൂടെ ചേർന്ന് നിന്നെങ്കിലും അയാളുടെ ചില പ്രവർത്തികൾ അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അത് കൊണ്ടാണ്..”
“അത് കൊണ്ട്? എന്താണ് കാര്യമെന്ന്, താൻ തുറന്നു പറയൂ.”
“സാറെ അവിടെ കുറെ പിള്ളേരുണ്ട്. അവരുമായി മഹേഷിനു ഇടപാടുണ്ടായിരുന്നു.”
“പണമിടപാട് ആണോ?”
“അല്ല സാർ കേസുകളുടെയും പ്രതികളുടെയും വിവരങ്ങൾ മഹേഷ് അവർക്ക് ചോർത്തി കൊടുക്കാറുണ്ട്.”
“അതൊക്കെ നിയമ വിരുദ്ധമല്ലേ. നിങ്ങളൊക്കെ അതിനു കൂട്ട് നിന്നിരുന്നോ? ആരാണവർ?”
“എനിക്കെല്ലാവരെയും അറിയില്ല സാർ, നീൽ എന്നൊരു പയ്യൻ ഉണ്ടായിരുന്നു. മെലിഞ്ഞൊരു ചെറിയ പയ്യൻ, പണ്ടവൻ കുറെ കേസിലൊക്കെ പ്രതിയായിരുന്നു. ഇപ്പോൾ പത്ര വിതരണവുമായി അടങ്ങി ഒതുങ്ങി കഴിയുകയാണ്.”
“എന്തായാലും നമുക്ക് അവന്മാരെ ഒന്ന് പൊക്കണം.”
“അവരത്ര കുഴപ്പക്കാർ അല്ല സാർ. മാത്രമല്ല നാട്ടുകാർക്ക് നല്ല ഉപകാരികളാണവർ.”
മഹേഷിന്റെ ശരീരം ഫോറൻസിക് വിദഗ്ധർ സൂക്ഷ്മ പരിശോധന നടത്തി. വിലങ്ങു അണിഞ്ഞ കൈത്തണ്ടയിലെ ചുവന്ന പാടുകൾ അവർ പരിശോധിച്ചു.
രാഹുൽ അവരുടെ അടുത്ത ചെന്ന് ചെവിയിൽ എന്തോ പറഞ്ഞു. ബോഡി പോസ്റ്റ്മോർട്ടത്തിനു കൊണ്ട് പോകാനുള്ള നിർദ്ദേശം നൽകിയ ശേഷം രാഹുലും സലിമും സ്റ്റേഷനിലേക്ക് മടങ്ങി.
നിധിൻ മുറിയിലേക്ക് ചെന്നപ്പോൾ ദേവി കുഞ്ഞിനെ ഉറക്കുകയായിരുന്നു. നിധിൻ അകത്ത് കയറി വാതിൽ ലോക്ക് ചെയ്തു. നിധിൻ വാട്ട്സാപ്പ് സന്ദേശം അവളെ കാണിച്ചു.
“മഹേഷ് സർ. മരിച്ചോ.”
“ആത്മഹത്യ ആയിരുന്നു, കയ്യിൽ വിലങ്ങിട്ടു സ്വന്തം നെറ്റിയിൽ വെടി വച്ചു മരിച്ചു.”
“എന്തൊരു ഭയാനകമായ മരണം. എന്തായിരുന്നു കാരണം.”
“ഒരു പടം, ആരുടെയോ പെൻസിൽ ഡ്രോയിങ്, മഹേഷ് അത് കണ്ടു ഭയന്നു എന്നാണ് പറയുന്നത്. ആ പടത്തിന്റെ താഴെ ഒരു തുളസിത്തറയും ചെറിയ അക്ഷരങ്ങളിൽ നവനീതം എന്ന വീട്ട് പേരും എഴുതിയിരുന്നു. അതിനരുകിൽ വിലങ്ങണിഞ്ഞ ഒരു യുവാവ് കിടന്നിരുന്നു.”
“അത് കണ്ടു ആത്മഹത്യ ചെയ്തെന്നോ?”
“അയാളുടെ നെഞ്ചിലൊരു ആലില പച്ച കുത്തിയിരുന്നു. അയാളുടെ ഒരു കൈയിൽ വിലങ്ങു വച്ചിരുന്നു. മറ്റേ കയ്യിൽ ഒരു തോക്കും പിടിച്ചിരുന്നു.”
“അതൊരു മരണ കാരണമാകുന്നതെങ്ങനെ?.
കേവലമൊരു പടത്തിന്റെ പേരിൽ ഒരാൾ മരിക്കുമോ?..”
“മഹേഷ് പേടിച്ചു പോയിരുന്നു. മഹേഷിന്റെ കയ്യിൽ സഞ്ജീവ് സാറിന്റെ റിവോൾവർ ഉണ്ടായിരുന്നു. അത് ആരെയും അറിയിക്കാതെ അയാൾ രഹസ്യമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. അയാളിന്ന് സ്റ്റേഷനിൽ പോയി ആരും കാണാതെ വിലങ്ങു എടുത്തു വരുകയായിരുന്നു. മഹേഷ് സാറിന്റെ നവനീതം എന്ന വീട്ടിൽ ആരും താമസമുണ്ടായിരുന്നില്ല. അയാൾ മരിക്കാൻ വേണ്ടി അവിടെ എത്തിയതാണെന്നു കരുതുന്നു.”
“പുറംലോകം അറിയുന്നതിന് മുൻപ് പോലീസെങ്ങനെ അവിടെയെത്തി.”
“ആരോണിന്റെ മാനേജർ വെട്രിവേലിനെ കൊല്ലാൻ കൊലയാളി ഉപയോഗിച്ച ക്യാമറ ജാമർ ഓൺലൈൻ വഴി ഓർഡർ ചെയ്തത് മഹേഷിന്റെ അഡ്രസ്സിലാണ്. അത് പോലീസ് അറിഞ്ഞു. ആരോ അപ്പോൾ തന്നെ അത് മഹേഷിനെ അറിയിച്ചിരുന്നു. അതും കൂടെ അറിഞ്ഞപ്പോൾ മഹേഷിനു ആകെ ഭ്രാന്തായി. ജോസഫ് സാറിന്റെ മരണത്തിനു ശേഷം ഭാര്യയേയും മക്കളെയും അയാൾ കണ്ടിരുന്നില്ല. മഹേഷിന്റെ മുറിയിൽ നിന്നും പൊലീസിന് ധാരാളം നെറ്റ്‌വർക്ക് ഡിവൈസുകൾ കിട്ടിയിരുന്നു. മഹേഷിനു നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നു എന്നാണ് പോലിസ് പറയുന്നത്.”
നിധിൻ ഒരു ഫോട്ടോ ദേവിയെ കാണിച്ചു കൊടുത്തു.
“ഇത് മഹേഷ് മരിച്ചപ്പോൾ ഉള്ള ഫോട്ടോ. ഇതിൽ അയാളുടെ ഒരു കയ്യിൽ വിലങ്ങുണ്ട്.”
സോഷ്യൽ മീഡിയയിൽ കണ്ട ഫോട്ടോ കൂടി കാണിച്ചു കൊടുത്തു.
“ഇത് മീഡിയയിൽ വന്ന ഫോട്ടോ. ഇതിൽ കൈ വിലങ്ങില്ല. അതെങ്ങനെ അപ്രത്യക്ഷമായി.”
“നിധിന് ഈ ഫോട്ടോ എവിടുന്നു കിട്ടി.”
“ഡെന്നി അയച്ചു തന്നതാണ്. അവന് സലിം സാറിന്റെ കയ്യിൽ നിന്നും കിട്ടി. ഇപ്പോഴത്തെ സർക്കിൾ ഇൻസ്പെക്ടർ രാഹുൽ സാർ വളരെ മിടുക്കനാണ്. അയാൾ നീലിനെക്കുറിച്ച് കുറെ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. അയാളെ ഒതുക്കാൻ ഈ ഫോട്ടോ ചിലപ്പോൾ വേണ്ടി വന്നേക്കും.”
“അയാളുടെ കയ്യിൽ നീലിനെതിരെ തെളിവുകളൊന്നുമില്ലല്ലോ.”
“അയാളൊരു സമർത്ഥനായ പൊലീസുകാരനാണ്, തെളിവുകൾ ഉണ്ടാക്കാനാണോ പാട്. നമ്മളും ഒന്ന് സൂക്ഷിക്കാൻ പറഞ്ഞു ഡെന്നി, ഇവിടെ വന്നു അന്വേഷിച്ചാൽ നീലിനെക്കുറിച്ചൊന്നും പറയരുതെന്ന്. അമ്മയുടെ മാനസിക അസുഖത്തെ ഹൈലൈറ്റ് ചെയ്തു സെന്റിമെന്റലായി സംസാരിക്കണമെന്നും പറഞ്ഞു.”
“നീലിനെ കുറിച്ച് നമുക്കൊന്നും വിട്ടു പറയാൻ കഴിയില്ലല്ലോ, നമുക്കൊന്നും അറിയില്ലല്ലോ.”
ദേവി നിധിൻ്റെ മാറിലേക്ക് ചാഞ്ഞു.”
“ദേവി സാറയെവിടെ?
“മുറിയിൽ കാണും. അമ്മയാകെ ടെൻഷനിലാണ്. ചടങ്ങു കഴിഞ്ഞു അവർ മടങ്ങി പോകുന്നത് വരെ എനിക്ക് വേവലാതിയാണ്.”
“അമ്മയെ ശ്രദ്ധിക്കണം ദേവി.”
ദേവി തലയാട്ടി.
രാഹുൽ രഘുവരനൊപ്പം ജീപ്പിൽ കയറുമ്പോൾ സലീമിന് ടെൻഷനായിരുന്നു. രാഹുലിനെ അയാൾക്ക് ബഹുമാനവും ഇഷ്ടവും ആണ്. പക്ഷെ ചില സമയത്തു അയാൾക്ക് നല്ല എടുത്ത് ചാട്ടമുണ്ട്. മുന്നും പിന്നും നോക്കാതെ ഓരോന്നിലും ചാടാറുണ്ട്. ഇതിപ്പോൾ എന്തിനുള്ള പുറപ്പാടാണ് എന്നറിയില്ല.
രാഹുൽ സ്വയം ഡ്രൈവ് ചെയ്തു നഗര പ്രാന്തത്തിലൂടെ പാഞ്ഞു.
ചർച്ചിലേയ്ക്കായിരുന്നു രാഹുലിന്റെ പ്രയാണം. പള്ളിമുറ്റത്ത് രാഹുൽ ജീപ്പ് നിർത്തി.
“ഇവിടെന്താ സാർ?”
“നമുക്ക് അച്ചനെയൊന്നു കാണാം. ഈ പള്ളിയും സെമിത്തേരിയുമൊക്കെ ഞാൻ കേട്ട കഥകളിൽ ഉണ്ട്. നീലിനെ കുറിച്ചുള്ള അന്വേഷണം നമുക്ക് ഈ പള്ളിമുറ്റത്ത് നിന്നും തുടങ്ങാം.”
സലീമിന് ഒരവസരം പോലും നൽകാതെ രാഹുൽ പള്ളിമേടയിലേയ്ക്ക് നടന്നു. സലീമിന് അയാളുടെ ഉള്ളിലെന്താണെന്നു മനസിലായില്ല. പക്ഷെ താൻ ഡെന്നിക്കു ഒരു സൂചന കൊടുത്തിരുന്നു. ഡെന്നിയുമായി നേരിട്ട് അത്ര പരിചയമില്ല. ഈ പിള്ളേരൊക്കെ മഹേഷിന്റെ കൂട്ട് കക്ഷികളാണ്. മഹേഷിന്റെ വാക്കുകൾ സലീമിന് ഓർമ്മ വന്നു.
“പാവം പിള്ളേരാണ് സലിം സാറെ, നാടിനു ഉപകാരികളാണ്. ഈ ഇടവകയിൽ ഒരു വീട്ടിൽ പോലും പട്ടിണിയോ, മദ്യപാനമോ ഗാർഹികപീഢനമോ ഒന്നുമില്ല. ഞാനിവന്മാരെ സമ്മതിച്ചിരിക്കുന്നു. നമ്മളെ കൊണ്ട് പറ്റുമോ?പോലീസുകാർക്ക് അവിടൊരു റോളുമില്ല, അതിന്റെ ചൊറിച്ചിൽ ചില ഏമാന്മാർക്കു ഉണ്ടായിട്ടുണ്ട്. ഈ പിള്ളേരൊക്കെ പള്ളിയിൽ സ്ഥിരമായി പോകുന്നവരും വികാരിയച്ചന്റെ കണ്ണിലുണ്ണികളുമാണ്.”
രാഹുൽ അധികാര ഭാവത്തോടെ കോളിങ് ബെല്ലിൽ വിരലമർത്തി. കപ്യാര് വാറുണ്ണിയേട്ടൻ വന്നു വാതിൽ തുറന്നു. പോലീസ് വേഷധാരികളെ കണ്ടു തെല്ലു പരിഭ്രമിച്ചു.
“വികാരിയച്ചൻ ഇല്ലേ.”
“അച്ചൻ പ്രാർത്ഥനയിലാണ്. ഇപ്പോൾ വിളിക്കാം.”
“വേണ്ട ധൃതി ഇല്ല. ഞങ്ങൾ കാത്തിരിക്കാം.”
സലിം സോഫയിൽ ഇരുന്നു. രാഹുലിന്റെ കണ്ണുകൾ ആ മുറിയിൽ എന്തിനോ വേണ്ടി തെരഞ്ഞു കൊണ്ടിരുന്നു. ഭിത്തിയിൽ തുക്കിയിട്ടിരുന്ന ഫോട്ടോകളിൽ അയാളുടെ കണ്ണുകൾ പതിച്ചു.
“കപ്യാര് ചേട്ടാ, ഈ കൂട്ടത്തിൽ ആരാണ് ഈ നീൽ. ?”
വികാരിയച്ചനും എട്ടോളം ചെറുപ്പക്കാരും ഫുട്ബോൾ ഗ്രൗണ്ടിൽ വച്ചെടുത്ത ഒരു ഫോട്ടോ നോക്കി രാഹുൽ ചോദിച്ചു. സലിം ആ ഫോട്ടോ ശ്രദ്ധിച്ചു. അതിൽ നീലോ ഡെന്നിയോ ഉണ്ടെങ്കിൽ….
“ഇതിൽ നീൽ എന്ന പയ്യൻ ഇല്ലല്ലോ സാർ, അവൻ അങ്ങ് ആസ്‌ട്രേലിയയിൽ അല്ലെ, പിന്നെ ഡെന്നിയും പിള്ളേരും മീൻ പിടുത്തതിന് പോകില്ലേ. അവർക്കു ഈ കളിയൊന്നും അറിയില്ല. ഇത് പള്ളി സ്കൂളിലെ ഫുട്ബോൾ ടീമിനൊപ്പം അച്ചൻ എടുത്ത ഫോട്ടോയാണ്.”
“ആരാ വാറുണ്ണി അത്.”
വികാരിയച്ചനായ ഫാദർ കെവിൻ ബിനോയ് മുറിയിലേയ്ക്കു വന്നു. പോലീസ് യൂണിഫോം കണ്ടപ്പോൾ ഫാദർ വിനീത വിധേയനായി.
“നമസ്കാരം സാർ, ഇരിക്കൂ.”
ഫാദർ വാറുണ്ണിയേട്ടനെ നോക്കി പറഞ്ഞു.
“വാറുണ്ണി ഇവർക്ക് കുടിക്കാൻ എന്തെങ്കിലും കൊടുത്തോ”
വാറുണ്ണിയേട്ടൻ കുശിനി ഭാഗത്തേയ്ക്കു നടന്നു.
“എന്താ സാറെ കാര്യം.”
“അച്ചോ, ഇവിടെ കുരിശടിയിൽ കുറെ അത്ഭുതങ്ങൾ നടക്കുന്നതായി ഞാൻ അറിഞ്ഞു. വിഷമങ്ങളും പീഡകളും അനുഭവിക്കുന്നവർ അവിടെ വന്നു മുട്ടിപ്പായി പ്രാർത്ഥിച്ചാൽ പുണ്യാളൻ അവർക്കു വേണ്ടി അത്ഭുതങ്ങൾ കാണിക്കുമെന്ന്. അച്ഛൻ ഇതിലൊക്കെ വിശ്വാസമുണ്ടോ”
“അതിപ്പോൾ ദൈവത്തിൽ വിശ്വാസമുണ്ടോയെന്നു ചോദിച്ചാൽ എന്താ സാറെ പറയുക. അത് കൊണ്ടല്ലേ ഞാൻ ബ്രഹ്മചര്യം സ്വീകരിച്ചു ഒരു വികാരിയച്ചനായത്. ഇവിടത്തെ കുരിശടിയിൽ വരുന്ന എല്ലാ അപേക്ഷകൾക്കും പരിഹാരം ലഭിക്കാറുണ്ട്.”
“അച്ചോ എന്തെങ്കിലും സാക്ഷ്യം അച്ചന് പറയാനുണ്ടോ.”
“തെളിവുകൾ ആണെങ്കിൽ സാർ വെള്ളിയാഴ്ച വരണം, അന്നിവിടെ തീർത്ഥാടന ദിവസമാണ്, ദൂരെ ദേശങ്ങളിൽ നിന്നും ആളുകളെത്തും. അവർ അവരുടെ അനുഭവങ്ങൾ മൈക്കിലൂടെ വിളിച്ചു പറയും.”
“അത് ഏതെങ്കിലും മനുഷ്യർ ചെയ്യാൻ സാധ്യതയില്ലേ. ഒരു കൂട്ടം ചെറുപ്പക്കാർ ആ കുരിശടിയിൽ സേവനം ചെയ്യാൻ ചുറ്റി നടക്കാറുണ്ടല്ലോ.”
“സാർ ഒരു നിയമപാലകനല്ലേ, എല്ലാവരും ശമ്പളത്തിന് വേണ്ടിയാണു ഈ ജോലി ചെയ്യാൻ തയാറാകുന്നത്. ഒരു സ്റ്റേഷനിൽ വരുന്ന പരാതികളുടെ അമ്പതു ശതമാനമെങ്കിലും തീർപ്പാക്കാൻ പൊലീസ് സേനയ്ക്ക് കഴിയുന്നുണ്ടോ?ഇല്ലല്ലോ പിന്നെങ്ങനെയാണ് സാർ ഒരു കൂട്ടം അജ്ഞാതരായ ചെറുപ്പക്കാർ ഈ ഇടവകയിലെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കുന്നത്.”
“സമൂഹത്തിനല്ലേ അവർ അജ്ഞാതർ?അച്ചന് അവർ ചൊല്പടിയിലില്ലേ.”
“എങ്കിൽ സാർ അത് കണ്ടു പിടിക്കണം. ഇത് ഒരു മത സ്ഥാപനമാണ്. സർ ഒരു അന്യമതസ്ഥനാണ്. ഇവിടെ ഇമ്മാതിരി ആരോപണങ്ങൾ ഉന്നയിച്ചാൽ അത് മത വികാരം വൃണപ്പെടുത്തലാകും.”
“അച്ചൻ രോഷം കൊള്ളേണ്ട, ഞാൻ തെളിവുകളുമായി മടങ്ങി വരും.”
രാഹുൽ ദേഷ്യത്തോടെ സലീമിനെ വിളിച്ചു.
“വാടോ.”
രാഹുൽ ജീപ്പ് വളരെ വേഗതയിൽ പള്ളി കോമ്പൗണ്ടിൽ നിന്നും പുറത്തു കടത്തി.
(തുടരും… )
✍️✍️നിഷ പിള്ള.

