പതിനഞ്ചു വർഷങ്ങൾക്കു ശേഷം തിരക്കിനിടയിൽ ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ എന്നു പറഞ്ഞാൽ ശരിയാകില്ല. ഞാൻ ഉഷയെ കണ്ടു.
റെയിൽവേ സ്റ്റേഷനിൽ തിരക്ക് കൂടിക്കൊണ്ടിരുന്നു. മഴ കാരണം എവിടെയോ പാളത്തിലേക്ക് മണ്ണിടിഞ്ഞുവത്രേ. അതുകൊണ്ട് ട്രെയിനുകളെല്ലാം താമസിക്കുകയാണ്.
എന്റെ നോവലിന് കിട്ടിയ അവാർഡ് സ്വീകരിക്കാനാണ് ഈ പട്ടണത്തിലെത്തിയത്. തിരിച്ചു നാട്ടിലേക്ക് പോകാൻ വൈകുന്നേരത്തെ ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ നല്ല തിരക്കായിരുന്നു. ഭാഗ്യത്തിന് ഒരു ഇരിപ്പിടം കിട്ടി. അപ്പോൾ ട്രെയിൻ താമസിക്കുമെന്ന അറിയിപ്പ് വന്നു .
ചുറ്റും നോക്കിയിരിക്കുമ്പോഴാണ് മൂന്നു കസേരകൾക്കുമപ്പുറത്തെ കസേരയിൽ അവളെ കണ്ടത്. പതിനഞ്ചു വർഷങ്ങൾ രൂപത്തിൽ കുറെ മാറ്റങ്ങൾ വരുത്തിയെങ്കിലും ഏതു തിരക്കിലും ഉഷയെ എനിക്ക് തിരിച്ചറിയാമല്ലോ. നന്നേ ക്ഷീണിച്ചിട്ടുണ്ട്. തോളിൽ കൂടി സാരിത്തുമ്പ് പുതച്ച് കുനിഞ്ഞിരുന്ന് ഏതോ പുസ്തകം വായിക്കുകയാണ്. ഇങ്ങനെയൊരു കണ്ടുമുട്ടൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
നാട്ടിൻപുറത്തെ പ്രമുഖമായ തറവാട്ടിലെ മൂന്നാമത്തെ പുത്രനായിരുന്നു ഞാൻ. കറുത്ത നിറത്തിൽ ഒരു ആജാനബാഹുവായിരുന്നു അച്ഛൻ. വണ്ണമൊഴികെ എനിക്ക് അച്ഛന്റെ തനി സ്വരൂപമായിരുന്നു. ഏട്ടന്മാർക്ക് രണ്ടുപേർക്കും അമ്മയുടെ നിറവും സൗന്ദ്യര്യവും കിട്ടി. അവരെ അപേക്ഷിച്ച് സൗന്ദര്യം കുറവായതു കൊണ്ടാകാം ചെറുപ്പം മുതൽ ഒതുങ്ങി കൂടിയായിരുന്നു ജീവിതം. ഏട്ടന്മാർ രണ്ടുപേരും ഉന്നത വിദ്യാഭ്യാസവും ജോലിയും നേടി കുടുംബമായി വിദേശങ്ങളിൽ ചേക്കേറിയപ്പോൾ ഞാൻ നാട്ടിലെ സ്കൂളിൽ അധ്യാപകനായി. അതോടെ വീട്ടിൽ വിവാഹാലോചനയും തുടങ്ങി.
അന്ന്, സന്ധ്യക്ക് ദീപാരാധന കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് ഉഷയെ ആദ്യമായി കണ്ടത്. അമ്മയുടെ കൂട്ടുകാരി കല്യാണി അമ്മായിക്കൊപ്പം അതുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയും പെൺകുട്ടിയും ഒപ്പം കൂടി. ഞങ്ങളുടെ വില്ലജ് ഓഫീസിൽ സ്ഥലം മാറി വന്ന വില്ലേജ് ഓഫീസറുടെ ഭാര്യയും മകളുമാണെന്നും കല്യാണി അമ്മായിയുടെ അടുത്തുള്ള വാടകവീട്ടിലാണ് താമസമെന്നും മനസ്സിലായി. പൊതുവെ പെൺകുട്ടികളോട് അകലം പാലിച്ചിരുന്ന എനിക്ക് വീട്ടിലെത്തിയിട്ടും ആ പെൺകുട്ടിയെ മറക്കാൻ കഴിഞ്ഞില്ല . പിന്നെ പല പ്രാവശ്യം നാട്ടുവഴിയിൽ വച്ചും വായനശാലയിൽ വച്ചും അവളെ കണ്ടെങ്കിലും സ്വതേ അന്തർമുഖനായ എനിക്ക് പരിചയപ്പെടാൻ ധൈര്യം വന്നില്ല. അവളും എന്നെ ശ്രദ്ധിച്ചില്ല.
ആ സമയത്താണ് എനിക്കൊരു കല്യാണാലോചന മുറുകി വന്നത്. വിവാഹം എന്നാലോചിച്ചപ്പോൾ തന്നെ ഉഷയുടെ മുഖമാണ് മനസ്സിൽ തെളിഞ്ഞു നിന്നത്. അവസാനം ധൈര്യം സംഭരിച്ച് അമ്മയോട് ആഗ്രഹം പറഞ്ഞു.
ഒരന്വേഷണം നടത്തിയിട്ട് അച്ഛൻ എന്റെ മോഹത്തെ തള്ളിക്കളഞ്ഞു. വെറുമൊരു വില്ലേജ് ഓഫീസറുടെ മകൾ, ഡിഗ്രി വരെ പഠിത്തം, അനിയൻ പയ്യൻ എൻജിനീയറിങ്ങിന് പഠിക്കുന്നതേയുള്ളു, ഇത്തിരി സൗന്ദര്യം ഉണ്ടെന്നു കരുതി ആഢ്യത്തമുള്ള ഈ തറവാട്ടിലേക്ക് മരുമകളായി കയറ്റാൻ പറ്റില്ല. അച്ഛൻ പൊട്ടിത്തെറിച്ചു. പക്ഷെ ഈ കാര്യത്തിൽ ഞാൻ വാശി പിടിച്ചു തന്നെ നിന്നു.
വർഷങ്ങളായി തങ്ങളുടെ വീട്ടിലെ കാര്യസ്ഥനാണ് ഭാസ്ക്കരനമ്മാവൻ. ഒരു കാര്യസ്ഥനായല്ല, വീട്ടിലെ ഒരംഗമായാണ് ഞങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നത്. അമ്മാവനും ഭാര്യ ദേവകി അമ്മായിയും ഞങ്ങളുടെ പറമ്പിൽ തന്നെയുള്ള ഒരു വീട്ടിലായിരുന്നു താമസം. മക്കളില്ലാത്ത അവർക്ക് ഞാൻ മകനായിരുന്നു.
എന്റെ വിഷമം കണ്ട അമ്മാവൻ പ്രശ്നം ഏറ്റെടുത്തു. വളരെ നയത്തിൽ അച്ഛനോട് കാര്യങ്ങൾ അവതരിപ്പിച്ചു.
“ചേട്ടാ, അവർക്ക് പണത്തിന്റെ കുറവ് മാത്രമേയുള്ളു. നല്ല തറവാട്ടുകാരാണ്. വിജയൻ മോന്റെ ആഗ്രഹമല്ലേ. ഞാൻ അവിടം വരെയൊന്നു പോയിരുന്നു. മിടുക്കിക്കുട്ടി. ജാതകങ്ങളും നോക്കിച്ചു. നല്ല പൊരുത്തമുണ്ട്. അവർക്കും നൂറുവട്ടം സമ്മതം. മോന്റെ ഇഷ്ടം നമുക്ക് സാധിച്ചു കൊടുക്കാം.”
ഒപ്പം അമ്മയുടെയും ഏട്ടന്മാരുടെയും നിർബന്ധം കൂടിയായപ്പോൾ മനസ്സില്ലാമനസ്സോടെ അച്ഛൻ സമ്മതം മൂളി.
അങ്ങിനെ വിവാഹം നടന്നു. ആദ്യം മുതൽ തന്നെ ഉഷക്ക് എന്നോട് ഒരിഷ്ടക്കുറവുണ്ടോ എന്ന് സംശയം തോന്നിയിരുന്നു. എല്ലാം യാന്ത്രികമായി ചെയ്യുന്നത് പോലെ. ഒരു വലിയ തറവാടിനോട് പൊരുത്തപ്പെടാനുള്ള പ്രയാസമാകാമെന്ന് ഞാൻ ആശ്വസിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾക്കൊരു മകൻ ജനിച്ചു.
വർഷങ്ങൾ കഴിഞ്ഞിട്ടും ഉഷയുടെ പെരുമാറ്റത്തിൽ മാറ്റം വന്നില്ല. സഹികെട്ട് ഒരു ദിവസം ഞാൻ പൊട്ടിത്തെറിച്ചു.
“ഉഷേ, നമ്മുടെ കല്യാണം കഴിഞ്ഞിട്ട് വർഷം നാലായി. കുഞ്ഞിന് മൂന്നു വയസ്സുമായി. ആരോടെക്കൊയോ വിരോധം ഉള്ളതു പോലെയാണല്ലോ ഇപ്പോഴും നിന്റെ പെരുമാറ്റം. ഇനി ചോദിച്ചിട്ടു കാര്യമില്ലെന്നറിയാം. എന്നാലും ചോദിക്കുകയാണ്. നിന്റെ സമ്മതമില്ലാതെയാണോ ഈ വിവാഹം നടന്നത്.”
അപ്പോഴാണ് അവളുടെ ശരിയായ മുഖം പുറത്തു വന്നത്.
“ഇപ്പോഴാണോ നിങ്ങൾ ഈ ചോദ്യം ചോദിക്കുന്നത്. അതെ, എനിക്കിഷ്ടമായിരുന്നില്ല. നിങ്ങളെപ്പോലെയുള്ള ഒരു നിശ്ശബ്ദ ജീവിയായിരുന്നില്ല എന്റെ സങ്കൽപ്പത്തിലെ ഭർത്താവ്. സുമുഖനായ ഉത്സാഹിയായ ഒരു പുരുഷനെയാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്. വലിയ തറവാട്ടിൽ നിന്നുള്ള വിവാഹാലോചന വന്നപ്പോൾ ആരും എന്റെ ഇഷ്ടം നോക്കിയില്ല. ഈ നാട്ടിൻപുറത്ത് ഇങ്ങനെ ജീവിക്കാനായിരിക്കും എന്റെ വിധി.”
ഞാൻ തരിച്ചിരുന്നു പോയി. മനസ്സ് നിയന്ത്രണം വീണ്ടെടുത്തപ്പോൾ ഒരാവശ്യം മാത്രം അവളോട് പറഞ്ഞു.
“സംഭവിച്ചു പോയി. ദയവു ചെയ്ത് വയസ്സായ അച്ഛനെയും അമ്മയെയും ഇതൊന്നും അറിയിക്കരുത്. പിന്നെ നമ്മുടെ കുഞ്ഞിനേയും. അവരുടെ മുന്നിൽ നമുക്ക് നല്ലൊരു ജീവിതം അഭിനയിക്കണം.”
അവൾ ഒന്നും പറഞ്ഞില്ല. എങ്കിലും ജീവിതം ഒരു നാടകമായി മുന്നോട്ടു നീങ്ങി.
ആറുമാസങ്ങൾ കഴിഞ്ഞ ആ ദിവസം. ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ഭാസ്ക്കരനമ്മാവൻ സ്കൂളിലേക്ക് വന്നത്.
“വിജയൻകുഞ്ഞെ, ഉഷമോൾ രാവിലെ ബാങ്കിൽ പോയിട്ട് ഇതുവരെ വന്നില്ല. ഞാൻ അന്വേഷിച്ചു. അവിടെ ചെന്നിട്ടില്ലത്രെ. എവിടെയെങ്കിലും പോകുമെന്ന് മോനോട് പറഞ്ഞിരുന്നോ. അച്ഛനും അമ്മയും ആകെ വിഷമിച്ചിരിക്കുകയാണ്. മോൻ വീട്ടിലേക്ക് വന്നാട്ടെ.”
അവൾ എവിടെ പോയിക്കാണും. ബാങ്ക് ഇടപാടുകൾക്കെല്ലാം ഉഷയാണ് പോകുന്നത് . അല്ലാതെ മറ്റെങ്ങും പോകാറില്ലല്ലോ. അവളുടെ വീട്ടിലേക്ക് ദൂരമുള്ളതു കൊണ്ട് പറയാതെ പോകുകയില്ല.
അമ്മാവനോടൊപ്പം വീട്ടിലെത്തുമ്പോഴും ഉഷ വന്നിട്ടില്ലായിരുന്നു. കിടപ്പു മുറിയിലേക്ക് കയറിയപ്പോഴാണ് ഫ്‌ളവർ വെയ്‌സിനടിയിലിരിക്കുന്ന നാലായി മടക്കിയ ഒരു പേപ്പർ കണ്ടത്. ഉദ്വേഗത്തോടെ നിവർത്തി വായിച്ചു.
“വിജയേട്ടാ. ബാങ്കിലെ ഉദ്യോഗസ്ഥനായ സുരേഷിനൊപ്പം ഞാൻ പോകുന്നു. ആദ്യത്തെ കാഴ്ചയിൽ തന്നെ സുരേഷിൽ എന്റെ മനസ്സിലെ പുരുഷന്റെ രൂപം കണ്ടു. തുടർച്ചയായ കണ്ടുമുട്ടലുകൾ ഞങ്ങളെ അടുപ്പിച്ചു. ഒരു ജീവിതകാലം മുഴുവൻ മനസ്സിനിഷ്ടമില്ലാത്ത ഒരാളോടൊപ്പം താമസിക്കുന്നതെന്തിനെന്ന് എന്റെ മനസ്സ് ചോദിച്ചു. സുരേഷ് ദൂരെയൊരു സ്ഥലത്തേക്ക് ട്രാൻസ്ഫർ വാങ്ങി. ഞങ്ങൾ പോകുകയാണ്. ദയവു ചെയ്ത് എന്നെ അന്വേഷിക്കരുത്. മോനെ നല്ലതു പോലെ നോക്കണം. എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. എന്നെ ശപിക്കരുത്.”
മനസ്സ് ശാന്തമാക്കാൻ കുറെ നാളെടുത്തു. എന്നിട്ടും ശപിച്ചില്ല. ആദ്യമൊക്കെ അമ്മയെ ചോദിച്ച് മകൻ കരഞ്ഞുവെങ്കിലും ദേവകി അമ്മായിയുടെ സ്നേഹം ആ കുഞ്ഞു മനസ്സിന് സാന്ത്വനമായി. അല്ലെങ്കിലും അവന് ഉഷയേക്കാൾ അടുപ്പം അമ്മായിയോടായിരുന്നല്ലോ. പക്ഷെ ആ ആഘാതം താങ്ങാൻ കഴിയാതിരുന്നത് അച്ഛനും അമ്മയ്ക്കും ആയിരുന്നു. വലിയ താമസമില്ലാതെ അവർ അങ്ങേ ലോകത്തിലേക്ക് യാത്രയായി.
വർഷം പതിനഞ്ച് കഴിഞ്ഞിരിക്കുന്നു. മകന് പതിനെട്ടു വയസ്സ് കഴിഞ്ഞു. അവൻ മെഡിസിന് പഠിക്കുന്നു. എല്ലാ ദുഖങ്ങളും മറക്കാൻ ഞാൻ പൂർണ്ണമായും എഴുത്തിന്റെയും വായനയുടെയും ലോകത്തിൽ മുഴുകി. അമ്മാവനും അമ്മായിയും വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തി. ദൈവം സഹായിച്ച് അവർ ഇന്നും ആരോഗ്യത്തോടെ ഇരിക്കുന്നു.
ഈ നാളുകൾക്കുള്ളിൽ എന്റേതായി കുറെയേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആത്മകഥാംശമായ “ഇന്നലെ” എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്. അത് സ്വീകരിച്ച ദിവസം തന്നെ ഉഷ കണ്മുന്നിലെത്തിയിരിക്കുന്നു.
കാണണോ, മനസ്സിൽ സംഘർഷം നിറഞ്ഞു. വേണ്ട, എത്രമാത്രം നോവിച്ചവളാണ്, സ്വന്തം കുഞ്ഞിനെ മറന്നവൾ, വിവേകം വിലക്കി. പക്ഷെ ചാരം മൂടിക്കിടന്ന ഒരു കനൽ, പ്രണയത്തിന്റെ കനൽ, മനസ്സിൽ മിന്നിത്തിളങ്ങാൻ തുടങ്ങി. ശരിയല്ലെന്ന് മനസ്സ് വിലക്കിയിട്ടും കാലുകൾ അവളുടെ അടുത്തേക്ക് നീങ്ങി. പിന്നിലെത്തി നിന്നിട്ട് ഉഷ ഒന്നും അറിഞ്ഞില്ല. ദരിദ്രമായ ഒരു ജീവിതമാണിപ്പോൾ എന്ന് കണ്ടാൽ തന്നെ അറിയാം. കയ്യിലെ പുസ്തകത്തിൽ ലയിച്ചിരിക്കുകയാണ്. ആ പുസ്തകം, അത് എനിക്ക് അവാർഡ് വാങ്ങിതന്നതല്ലേ. അതാണല്ലോ അവൾ വായിക്കുന്നത്. വിളിക്കണോ. പെട്ടെന്ന് അമ്മേയെന്ന് വിളിച്ചു കരയുന്ന ഒരു മൂന്നുവയസ്സുകാരന്റെ കുഞ്ഞു മുഖം മനസ്സിൽ തെളിഞ്ഞു വന്നു. ജ്വലിച്ചു തുടങ്ങിയ പ്രണയക്കനൽ ആ കണ്ണീരിൽ എരിഞ്ഞടങ്ങി. തിരിഞ്ഞു നടക്കുമ്പോൾ മൈക്കിൽ തന്റെ തീവണ്ടി വരുന്നുവെന്ന അറിയിപ്പ് മുഴങ്ങുന്നുണ്ടായിരുന്നു.


11 Comments
മിനി , ഹൃദ്യമായകഥാരചന. ചുറ്റുപാടും സംഭവിച്ചു കൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്നെയാണ്. അഭിനന്ദനങ്ങൾ
സ്നേഹം…….നന്ദി…… ഈ പ്രോത്സാഹനത്തിന്❤️🙏
മനോഹരമായ കഥ. കഥാന്ത്യം അതീവ ഹൃദ്യം… 🥀🥀
സ്നേഹം…….നന്ദി…… ഈ പ്രോത്സാഹനത്തിന്❤️🙏
ആകാംക്ഷയോടെയാണു വായിച്ചത്. അവസാന ഭാഗവും ഇഷ്ടമായി.❤️
നല്ല രചന മിനീ❤️❤️👌🌹
മിനി നല്ല എഴുത്ത്.എനിക്ക് ഇത് ഒരു കഥയല്ല.എന്റെ ബന്ധുവിൻ്റെ അനുഭവവും ആയി സാദൃശ്യം തോന്നി.
സ്നേഹം…….നന്ദി…… ഈ പ്രോത്സാഹനത്തിന്❤️🙏
Very nice
സ്നേഹം…….നന്ദി…… ഈ പ്രോത്സാഹനത്തിന്❤️🙏
സ്നേഹം…….നന്ദി…… സരിൻ …. പ്രോത്സാഹനത്തിന്❤️🙏
നല്ലെഴുത്ത്