- ബന്ധങ്ങൾ.
ലക്ഷ്മി അക്ക, ഞങ്ങളുടെ ചുറ്റുപാടുമുള്ള വീടുകളെല്ലാം വൃത്തിയാക്കുന്ന ആൾ, ഇന്നേവരെ ചിരിക്കാത്ത മുഖത്തോടു കൂടി ആരും അവരെ കണ്ടിട്ടില്ല, അതായിരുന്നു എന്നെ ആകർഷിച്ചതും. അവർക്ക് ആരോടും പരിഭവമില്ല, കാശ് കണക്കു പറഞ്ഞു വാങ്ങാറില്ല. ഒരു മാസം കൊടുത്തില്ലെങ്കിലും ഒന്നും പറയില്ല, എന്നും വരുന്നതു പോലെ വന്ന് എല്ലാ പണിയും ചെയ്തു തീർക്കും.
ഇതൊക്കെയാണെങ്കിലും ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. എന്താണ് അങ്ങനെ എന്നറിയില്ല, എല്ലാം എന്റെ ഭാര്യ അല്ലെങ്കിൽ മക്കൾ വഴി മാത്രം. അത് അങ്ങനെ തന്നെ ആയിപ്പോയി.
ഒരിക്കൽ ഞാൻ പത്രത്തിലേക്ക് തലതാഴ്ത്തി ഇരിക്കുമ്പോൾ ഭാര്യ കാപ്പിയുമായി വന്നു. ഞാൻ ആവശ്യപ്പെടാതെ കാപ്പി കൊണ്ടുവരികയാണെങ്കിൽ എന്തോ ശുപാർശ ആയിട്ടായിരിക്കും വരിക. കാപ്പി വാങ്ങുമ്പോൾ എന്തേ എന്ന ചോദ്യത്തിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ‘അതേ, ലക്ഷ്മിയുടെ മകൾ ഇപ്രാവശ്യം പത്തിലെത്തി, നിങ്ങൾക്ക് സമയമുള്ളപ്പോൾ അവൾക്ക് കുറച്ച് എന്തെങ്കിലും പറഞ്ഞു കൊടുക്കാമോ എന്ന് ചോദിക്കാൻ പറഞ്ഞു, ‘
അടുക്കളയിൽ പാത്രം കഴുകുന്ന ശബ്ദം പൊടുന്നനേ ഇല്ലാതായി. എന്റെ മറുപടിക്കായി അവർ അടുക്കളയിൽ കാത്തു നിൽക്കുന്നു എന്ന് എനിക്ക് മനസ്സിലായി ആയി. സത്യത്തിൽ എനിക്ക് ദേഷ്യമാണ് തോന്നിയത് കാരണം, സ്കൂളിലെ പണി കഴിഞ്ഞ് വന്നാൽ എങ്ങിനെയെങ്കിലും ചുരുണ്ടുകൂടി ഇരിക്കാനാണ് എനിക്കിഷ്ടം. ഞാൻ ഒരു മടിയൻ തന്നെയാണ്. പറ്റില്ലാന്ന് പറഞ്ഞാൽ പിന്നെ ഇവർ വരാതായാൽ ഇനി ഒരാളെ കണ്ടെത്തും വരെ എനിക്ക് സമാധാനം കിട്ടുകയില്ല. ഞാൻ ദയനീയമായി അവളെ നോക്കി. ‘എന്നും വേണ്ട ഞായറാഴ്ച മാത്രം മതി. ‘ എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. നിന്നെ ഞാൻ ഞാൻ കാണിച്ചു തരാമടീ എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി, എന്നിൽ നിന്നും നോട്ടം മാറ്റി,
‘അതേ ലക്ഷ്മി അക്കാ ഇങ്ങോട്ടു വന്നേ, ’വിളികേൾക്കാൻ കാത്തുനിന്നത് പോലെ അവർ വേഗം ഉമ്മറത്തേക്ക് വന്നു. ‘വളരെ നന്ദി സാറേ’. കൈകൾ കൂപ്പി. അവർ തുടർന്നു ‘ആരും പഠിപ്പിക്കുന്നില്ല പിന്നെ വലിയ പൈസയും ചോദിച്ചിരുന്നു ഞാൻ എവിടെ നിന്ന് എടുത്ത് കൊടുക്കാനാ?’
‘അതൊന്നും സാരമില്ല അക്കാ, സാറിന് ഒരു കുഴപ്പവുമില്ല. അടുത്ത ഞായറാഴ്ച മുതൽ വരാൻ പറയൂ, അല്ലേ ചേട്ടാ’. ചിരിച്ചു കൊണ്ട് അവൾ എന്നെ നോക്കി. എന്തു പറയാൻ?ഇതെല്ലാം ഇവൾ മുൻകൂട്ടി തീരുമാനിച്ചതുപോലെ, ഞാൻ വെറും നടൻ മാത്രം. ശരിയെന്നർത്ഥത്തിൽ ഞാൻ തലയാട്ടി. ഇതൊക്കെ എന്റെ കഴിവ് എന്ന ഭാവത്തിൽ എന്റെ ഭാര്യ ലക്ഷ്മി അക്കയെ കൂട്ടി അടുക്കളയിലേക്ക് നടന്നു. ഞാൻ ആകട്ടെ അവധി ദിനത്തിലെ ഉറക്കം നഷ്ടപ്പെടുന്ന ദുഃഖത്തിലും..
ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ എന്റെ പ്രാർത്ഥന അവർ ഇന്നുവരല്ലേ എന്നായിരുന്നു. എന്നാൽ എന്റെ പ്രാർത്ഥനയെ വിഫലമാക്കി കൊണ്ട് കോളിംഗ് ബെല്ലിന്റെ ശബ്ദമുയർന്നു. മക്കൾ ഓടിപ്പോയി വാതിൽ തുറന്നു. ചിരിച്ചുകൊണ്ടു നിൽക്കുന്ന ലക്ഷ്മി അക്ക, പുറകിലായി ഒരു മെലിഞ്ഞ പെൺകുട്ടിയും! ലക്ഷ്മി അക്ക മോളെ എന്റെ അടുക്കലേക്ക് തള്ളിവിട്ടു. കയ്യിൽ ഒരു പൊതിയുമായി അവൾ അരികിൽ പരുങ്ങി നിന്നു, തെല്ലു ഭയത്തോടെ അവളുടെ അമ്മയെ നോക്കി. അത് സാറിന് കൊടുക്കൂ, അവർ മോളോട് പറഞ്ഞു. അവളുടെ കയ്യിൽ ഉണ്ടായിരുന്ന വെറ്റിലയും അടയ്ക്കയും എന്റെ നേരെ നീട്ടി.
‘ഒന്ന് അനുഗ്രഹിക്കു സാറേ’, ലക്ഷ്മിഅക്കയുടെ അഭ്യർത്ഥന!
ഞാൻ ആ കുട്ടിയുടെ തലയിൽ കൈവെച്ചു, എന്താ പ്രാർത്ഥിച്ചത് എന്ന് ഇന്നും അറിയില്ല.
ഞങ്ങൾ രണ്ടുപേരും കുട്ടികളുടെ പഠന മുറിയിലേക്ക് കയറി. ഞാൻ അവളെ തന്നെ നോക്കി. മെലിഞ്ഞ ഇരു നിറമുള്ള കുട്ടി. മുടിയൊക്കെ നല്ലതുപോലെ ചീകി പിന്നിയിട്ടിരിക്കുന്നു. മുടി ഇതുപോലെ ചീകുന്ന കുട്ടികളെ എനിക്കിഷ്ടമായിരുന്നു. എന്തോ ഒരു പ്രത്യേക ഭംഗി തോന്നി അവളെ കാണാൻ!
‘എന്താ മോളുടെ പേര്?’
‘പാർവതി’; അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
‘ഏതു വിഷയം ആണ് പഠിക്കേണ്ടത്?’
അവൾ എന്നെ തന്നെ നോക്കി ഇരുന്നു.
‘അവൾക്ക് ഒന്നും അറിയില്ല സാറേ, അവളെ എല്ലാം പഠിപ്പിക്കണം’. ലക്ഷ്മി അക്ക വിളിച്ചുപറഞ്ഞു.
അവരുടെ ആ കരുതൽ എനിക്കിഷ്ടമായി. പുസ്തകം ഞാൻ അവളുടെ കൈയിൽ നിന്നും വാങ്ങി വെറുതെ മറിച്ചുനോക്കി, ബുക്കുകൾ വൃത്തിയായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്, ഭംഗിയുള്ള കൈയക്ഷരം. എന്റെ മക്കളുടെ ബുക്കിന്റെ കോലം ഞാനോർത്തു. അവർ ചെറിയകുട്ടികൾ അല്ലേ, എന്നിലെ പിതൃത്വത്തിന് ലേശം അസൂയ തോന്നിയോ? കുറച്ച് സമയം അവളുടെ കൂടെ ചെലവഴിച്ചപ്പോൾ പാർവതി വളരെ ബുദ്ധിമതിയാണ് എന്ന് എനിക്ക് മനസ്സിലായി. അവളുടെ സാഹചര്യങ്ങൾ പരമാവധി ഉപയോഗിക്കാൻ അവൾക്കറിയാം. പറഞ്ഞു കൊടുക്കുന്നത് ഒക്കെ വേഗം മനസ്സിലാക്കി എടുക്കുന്നുണ്ട്, എന്നിലെ അധ്യാപകന് ഇത് വളരെയധികം സന്തോഷം ഉളവാക്കിയ കാര്യമായിരുന്നു. ഒപ്പം കുറച്ചുകൂടി നേരത്തെ എന്റെ അടുത്തു എത്തിപ്പെടാത്തതിൽ വിഷമവും തോന്നി.
ദിവസങ്ങൾ അതിവേഗം കൊഴിഞ്ഞു പോവുകയായിരുന്നു… അവൾ ഞങ്ങളുടെ വീട്ടിലെ ഒരംഗമായി കഴിഞ്ഞിരുന്നു. ഇപ്പോൾ പാർവ്വതി ഞങ്ങൾക്ക് പാറു ആണ്. ആദ്യത്തെ പോലെ അല്ല അവധിദിവസങ്ങളിൽ എല്ലാം രാവിലെ തന്നെ എത്തും, കുട്ടികളുമായി കളിച്ചു സംസാരിച്ചിരിക്കും. ഇതൊക്കെയാണെങ്കിലും പഠനകാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ഇല്ലായിരുന്നു പാറുവിന്. അന്നൊരു അവധി ദിവസം പാറു വരേണ്ട സമയം കഴിഞ്ഞിട്ടും അവളെ കാണുന്നില്ല. ഞാൻ അക്ഷമനായി വരാന്തയിലൂടെ നടക്കുകയായിരുന്നു, ഇടയ്ക്ക് വഴിയിലേക്ക് എത്തി നോക്കും, അവൾ വരുന്നുണ്ടോ എന്നറിയാൻ. പക്ഷേ, നിരാശയായിരുന്നു ഫലം. അന്നായിരുന്നു അവളോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലായത്.
പിറ്റേന്ന് ലക്ഷ്മി അക്ക വന്നപ്പോൾ എന്റെ ഭാര്യ ആദ്യം ചോദിച്ചത് പാറുവിനെ കുറിച്ചായിരുന്നു.
‘എന്തു പറയാനാ ചേച്ചി, അവളുടെ അപ്പാ വീട്ടുകാർ വന്നു. അതായിരുന്നു വരാതിരുന്നത്’
പത്രം വായിക്കുന്നതുപോലെ ഇരിക്കുകയായിരുന്നുയെങ്കിലും അവരുടെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്നു ഞാൻ. അവളുടെ അച്ഛന്റെ വീട് തമിഴ്നാട്ടിൽ ആണെന്ന് എനിക്ക് മനസ്സിലായി. ഒപ്പം അവളെ അവിടേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പോലും, അത് കേട്ടപ്പോൾ എന്തോ ഒരു വല്ലായ്മ എനിക്ക് അനുഭവപ്പെട്ടു.
വാർഷിക പരീക്ഷ അവസാനിച്ചു കഴിഞ്ഞപ്പോൾ ആയിരുന്നു എന്റെ മൂത്ത മോളുടെ പിറന്നാൾ. ഞങ്ങൾക്ക് ഇരുവർക്കും അവധിയായതിനാൽ അവളുടെ പിറന്നാൾ ഞങ്ങൾ ആഘോഷിക്കാറുണ്ട്. മക്കൾക്ക് വസ്ത്രങ്ങൾ വാങ്ങി കൊണ്ടിരുന്നപ്പോൾ ഒരു വലിയ കുട്ടിയുടെ ചുരിദാർ ഞാൻ വാങ്ങി. സ്വതവേ പിശുക്കനായ എന്റെ പെരുമാറ്റത്തിൽ തെല്ലൊന്നമ്പരന്ന ഭാര്യ ഇത് ആർക്കാണെന്ന ഭാവത്തിൽ എന്നെ നോക്കി.
‘നമ്മുടെ പാറുവിന് ഒന്ന് വാങ്ങണമെന്ന് കുറേ ആയി ഞാൻ കരുതുന്നു.’ എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് അവൾ തുടർന്നു, ‘നന്നായി, നല്ല തീരുമാനം തന്നെ.’
പിറന്നാൾ ദിനത്തിൽ കേക്ക് ഒക്കെ മുറിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറായി, അല്പം മടിച്ചു മാറി നിന്നിരുന്ന പാറു എന്റെ അടുത്തേക്ക് നടന്നു വന്നു എന്റെ കയ്യിൽ പിടിച്ചു. എന്തേ എന്ന അർത്ഥത്തിൽ അവളെ നോക്കി… ഭക്ഷണം കഴിക്കുമ്പോൾ ഞാൻ സാറിന്റെ അടുത്ത ഇരുന്നോട്ടെ? അവളുടെ ചോദ്യത്തിന് എനിക്ക് മറുപടി പറയാൻ സാധിച്ചില്ല, വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടക്കുകയായിരുന്നു. മക്കളുടെ മുഖങ്ങളും പാറുവിന്റെ മുഖവും മനസ്സിന്റെ തുലാസിൽ വച്ചപ്പോൾ പാറുവിന്റെ മുഖത്തിനാണ് തൂക്കം കൂടുതൽ അനുഭവപ്പെട്ടത്. മക്കളുടെ പരിഭവങ്ങൾ പരിഗണിക്കാതെ, ഞാൻ എന്റെ അടുത്ത് ഇരുത്തി, ആ മുഖത്ത് കണ്ട പ്രകാശം എനിക്കൊരിക്കലും മറക്കാൻ ആകില്ല. വളരെയധികം സന്തോഷത്തോടെയാണ് പാറു ഭക്ഷണം കഴിച്ചത്…
കുറേസമയം പാറു മക്കളോടു വർത്തമാനം പറയുകയും കളിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഇറങ്ങാൻ സമയമായപ്പോൾ അപ്പോൾ ഭാര്യ അവളുടെ കൈയ്യിൽ ഒരു പൊതി എടുത്തു കൊടുത്തു, വാങ്ങാൻ മടിച്ചവൾ ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ ആ പൊതി വാങ്ങി. ഞാൻ ഗേറ്റിന് അടുത്തേക്ക് നടന്നപ്പോൾ പാറുവും എന്റെ പുറകെ ഇറങ്ങി.
‘മുന്നോട്ടു കയറി നടക്കൂ’എന്നു കേട്ടപാടെ അവൾ എന്റെ ഒപ്പം നടന്നു തുടങ്ങി.
‘സാറ് ക്ഷമിക്കണം, എനിക്ക് സാറിനൊപ്പം ഇരിക്കണം എന്ന് ആവശ്യപ്പെട്ടതിൽ. ‘
‘എന്തിനാ ഇത്തരം ഒരു മാപ്പപേക്ഷ?എനിക്ക് പരാതിയൊന്നുമില്ല സന്തോഷം മാത്രമേയുള്ളൂ ഉള്ളൂ’
“എന്‍റെ കൂട്ടുകാരികളൊക്കെ അവരുടെ അച്ഛൻമാരോടു കൂടെ ഇരുന്ന് വർത്തമാനം പറയുന്നത് കേൾക്കുമ്പോൾ അപ്പായെ കാണാത്ത എനിക്കും കൊതിയായിപ്പോയി. എന്റെ ആഗ്രഹം ആരോടും പറയാനാവാതെ വിഷമിച്ചിരിക്കുകയായിരുന്നു. സാറിന്റെ അടുത്തുവന്നപ്പോൾ മുൻപേ കണ്ട ഒരു പ്രതീതി. ” അവൾ പാതി പറഞ്ഞു നിർത്തി.
‘കേട്ടോ, പാറു നിന്നെ ഞങ്ങൾ അന്യരായ് ഇതുവരെ കണ്ടിട്ടില്ല, നിനക്ക് വേണമെങ്കിൽ ഞങ്ങളുടെ കൂടെ താമസിക്കാം. ‘
‘സാറിന്‍റെ നല്ല മനസ്സിന് നന്ദി. അതൊന്നും ശരിയാവില്ല സാറേ. ‘
പത്താം ക്ലാസുകാരി ഇത്ര പക്വമായി സംസാരിക്കുമോ? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു…
“ദൈവം നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നമ്മിൽ നിന്നും അടർത്തും. നമ്മൾ മനുഷ്യർ ലഭിച്ചതിനേക്കാൾ ഏറെ കിട്ടാതെ പോയതിനെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നവരാണന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. സത്യത്തിൽ എനിക്കില്ലാതെ പോയപ്പോഴാണല്ലോ എന്റെ നഷ്ടത്തിന്റെ വില എനിക്ക് മനസ്സിലായത്. അച്ഛന്റെ സ്നേഹം മക്കളുടെ പിറവി വരെ ആണെന്ന് കേട്ടിട്ടുണ്ട് എന്നാൽ സാറിനെ കണ്ടപ്പോൾ ഞാൻ ഇതുവരെ കരുതിയിരുന്നത് തെറ്റായിരുന്നു എന്ന് എനിക്ക് മനസ്സിലായത്. “
പാറു പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ലായിരുന്നു. കാരണം ആ പത്താം ക്ലാസുകാരിയുടെ പകുതിപോലും അറിവ് എനിക്കില്ലായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഞങ്ങൾ അപ്പോൾ അവരുടെ വീടിനടുത്ത് എത്തിച്ചേർന്നിരുന്നു പാർവതിയുടെ മുഖം നിലാവിൽ കുളിച്ചു നില്ക്കുകയായിരുന്നു… വളരെയധികം ശാന്തമായിരുന്നു ആമുഖം. ആരുടെയോ പ്രേരണയാൽ എന്ന പോലെ ഞാൻ അവളുടെ കരം എന്‍റെ കരങ്ങൾക്കുള്ളിൽ മുറുകെ പിടിച്ചു..
“എന്റെ പൊന്നു മോളെ … എന്റെ പൊന്നു മോളെ … ” എന്ന് വിളിക്കുമ്പോൾ എന്റെ സ്വരം ഇടറിയിരുന്നു. മെല്ലെയവൾ എന്റെ കരം വിടുവിച്ചു തിരിഞ്ഞുനോക്കാതെ വീട്ടിലേക്ക് കയറിപ്പോയി…
കുറച്ചുദിവസത്തേക്ക് ലക്ഷ്മി അക്ക വന്നില്ലായിരുന്നു, പാറുവും. ഒരു ദിവസം കിടക്കുമ്പോൾ ഭാര്യ പാറുവിനെ കുറിച്ച് സംസാരിച്ചു. കുട്ടികൾ എപ്പോഴും അവളെ ചോദിക്കാറുണ്ട് പോലും ! ഞാനൊന്നും പറഞ്ഞില്ല, വെളിച്ചം ഇല്ലാത്തതിനാൽ എന്റെ കണ്ണീർ ആരും കാണുന്നുണ്ടായിരുന്നില്ല.
അന്ന് ഞാൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. കോളിംഗ് ബെല്ലിൽ ശബ്ദം കേട്ടപ്പോൾ ഞാൻ ചെന്നു വാതിൽ തുറന്നു… ലക്ഷ്മിഅക്ക!
പതിവ് പുഞ്ചിരി ആ മുഖത്ത് ഉണ്ടായിരുന്നില്ല. ഞാൻ വാതിലിനടുത്ത് നിന്നും മാറി നിന്നു. ‘സാറെ ചേച്ചിയും കുട്ടികളും ഇല്ലേ’, അകത്തേക്ക് കയറി അവർ ചുറ്റുപാടും നോക്കി കൊണ്ട് ചോദിച്ചു. അന്നാണ് അവർ ആദ്യമായി എന്നോട് സംസാരിക്കുന്നത്.
‘ അവർ അവളുടെ വീട്ടിലേക്ക് പോയി’.
‘പാർവതിയുടെ കല്യാണം കഴിഞ്ഞു സാറേ… അവൾ കുറെ എതിർത്തു നോക്കി, അവളുടെ അപ്പാ വീട്ടുകാർ നിർബന്ധം പിടിച്ചപ്പോൾ എങ്ങനെയാ എന്റെ കൊച്ചു എതിർത്തു നിൽക്കുക? കഴിഞ്ഞില്ല സാറേ… എന്റെ കൊച്ചു ആകെ സങ്കടത്തിലായിരുന്നു, കല്യാണം കഴിഞ്ഞു പോകുമ്പോൾ അവൾ സാറിനെ തിരക്കിയതായി പറയണം എന്നും പറഞ്ഞു, ഒപ്പം അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും. ‘
അടുക്കളയിൽ എത്തിയപ്പോൾ അപ്പോൾ അവരുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. അവർ കരഞ്ഞു തെളിയട്ടെ എന്ന് കരുതി ഞാൻ ഒന്നും സംസാരിച്ചില്ല, എന്റെ മനസ്സിൽ സങ്കടം പെയ്യുകയായിരുന്നു. കാലവർഷത്തിന്റെ മഴപോലെ ശക്തമായി തന്നെ… ജനലിലൂടെ ഞാൻ വിദൂരതയിലേക്ക് നോക്കി നിന്നു.
- സദാചാരം.
രാധ, അധികം ഉയരമില്ലാത്ത കുറച്ച് തടിച്ച് ഇരുണ്ട നിറമുള്ള ഒരു സ്ത്രീയാണ്. രാത്രിയുടെ ഇഷ്ടക്കാരി. ആണുങ്ങൾ ആരും കാണാതെ അവരെ വീക്ഷിക്കും. മറ്റ് സ്ത്രീകൾ (അറിയുന്നവർ) അവളെ പുച്ഛത്തോടെ കൂടി നോക്കും.
ഞങ്ങൾ സ്നേഹിതന്മാരുടെ സംഭാഷണത്തിനിടയിൽ ഇടയ്ക്കെല്ലാം രാധ കയറിവരും, നിനക്ക് അവളുടെ കൂടെ പൊയ്ക്കൂടേ, രാധ നിന്നെ തിരക്കിയിരുന്നു, രാധയോട് കടം പറഞ്ഞു വന്നതല്ലേ, ഇത്തരം വാക്കുകൾ ഞങ്ങൾ പരസ്പരം കളിയാക്കാൻ ഉപയോഗിക്കുന്നതായിരുന്നു.
ലോഡ്ജിന്റെ മുകളിൽ ഇരിക്കുമ്പോൾ അമ്പലത്തിന്റെ മുന്നിലൂടെ ഒരു പ്ലാസ്റ്റിക് കവറും പിടിച്ച് നടക്കുന്നത് കാണാം. അമ്പലത്തിന് അപ്പുറത്തുള്ള കെട്ടിടത്തിന് മുന്നിൽ പാൻമസാല വിൽക്കുന്ന ഒരു ഭായി ഉണ്ട്. അയാളുടെ കടയിൽ നിന്നും മുറുക്കാൻ വാങ്ങി അവിടെ ചുറ്റിപ്പറ്റി ഉണ്ടാകും. ഈ ഭായിയുടെ കട ഞങ്ങളുടെയും വിശ്രമ കേന്ദ്രമാണ്. വെള്ളി ശനി ഞായർ ദിവസങ്ങളിൽ തൊട്ടടുത്ത തീയറ്ററിലായിരിക്കും രാധ ഉണ്ടാവുക. പുതിയ പടം റിലീസ് ആകുകയാണെങ്കിൽ തിരക്ക് ഒഴിയുന്നതുവരെ അവിടെ ഉണ്ടാകും.
വൈകുന്നേരങ്ങളിൽ ഞങ്ങൾ അമ്പല മൈതാനത്ത് വർത്തമാനം പറഞ്ഞിരിക്കാൻ വരും. മൈതാനത്തേക്ക് പോകുമ്പോൾ ഭായിയുടെ കടയിൽ നിന്നും മുറുക്കാൻ വാങ്ങിച്ചു കൊണ്ടാണ് പോകുക. മൈതാനത്ത് ആളുകൾ അധികം ആണെങ്കിൽ ഭായിയുടെ കൂടെ നിൽക്കും. അടയ്ക്കാ മുറിച്ചു കൊടുക്കുക വെറ്റില കെട്ടു പൊട്ടിച്ച് വെള്ളത്തിലിടുക തുടങ്ങിയ സഹായങ്ങൾ ഞങ്ങൾ ചെയ്തു കൊടുക്കും. കടയുടെ മുന്നിൽ അടുക്കി വെച്ചിരിക്കുന്ന തകര ടിന്നുകൾ വെറ്റിലിലയിലേക്ക് കൊട്ടുന്നതേ കാണാറുള്ളൂ, ഇന്നേവരെ ആ പാത്രങ്ങൾ മാറ്റുന്നത് അല്ലെങ്കിൽ നിറക്കുന്നത് ഞാൻ കണ്ടിട്ടില്ല.
ഭായിയുടെ കയ്യിൽ നിന്നും ഒരു മുറുക്കാൻ വാങ്ങി ചവച്ചുകൊണ്ട് എന്തോ ചിന്തയിൽ മുഴുകി നിൽക്കുന്നത് കാണാം എന്താണ് അവരുടെ ചിന്തകളിൽ ഉണ്ടാകുക എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇതിനിടയിൽ ഞങ്ങളുടെ സംസാരം ഉയരുകയാണെങ്കിൽ മിണ്ടാതിരിയെടാ എന്ന് ഒരു ക്ലാസ്സ് ടീച്ചറുടെ അധികാരത്തോടു കൂടി അവർ ഞങ്ങളോട് ആജ്ഞാപിക്കും.
രണ്ടുദിവസം തുടർച്ചയായി അവധി ആയതിനാൽ ഒപ്പമുണ്ടായിരുന്ന സ്നേഹിതൻ നാട്ടിലേക്ക് പോയി. ഒന്നും ചെയ്യാനില്ലാതെ മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ എന്റെ നാടിനെ കുറിച്ചുള്ള ഓർമ്മകൾ എന്റെ ചിന്താമണ്ഡലത്തെ ചുട്ട് പൊളിച്ചു. ഒരു ശമനത്തിനായി സിഗരറ്റ് വലിക്കാൻ ആയി പായ്ക്കറ്റ് തുറന്നു നോക്കിയപ്പോൾ കാലി ആയിരുന്നു. ടെറസിൽ നിന്നു നോക്കിയപ്പോൾ ഭായി അവിടെ ഇരിക്കുന്നുണ്ട്, എങ്കിൽ അവിടെ പോയി കുറച്ചു സമയം ഇരിക്കാം എന്ന് കരുതി അവിടേക്ക് നടന്നു. നടക്കുമ്പോൾ അടുത്ത കടയിൽ നിന്നും സിഗരറ്റും വാങ്ങി പോക്കറ്റിലിട്ടു മുന്നോട്ടു നടന്നു.
‘രാവിലെ അച്ചായനെ കാണാതായപ്പോൾ ഞാൻ കരുതി നാട്ടിലേക്ക് പോയി കാണും എന്ന്’, വെറ്റില വെള്ളത്തിലേക്ക് ഇട്ടു കൊണ്ട് ഭായി പറഞ്ഞു.
“നമ്മളൊക്കെ എങ്ങോട്ട് പോകാനാ ഭായീ, യാത്രയ്ക്ക് തന്നെ വേണം രണ്ടു ദിവസം; പിന്നെ എന്ത് പോകാനാ?”മേശക്കടിയിൽ നിന്നും തീപ്പെട്ടി എടുത്ത് സിഗരറ്റിന് തീകൊളുത്തി പുക അലക്ഷ്യമായി ഊതി കൊണ്ട് ഞാൻ തുടർന്നു : “ഇന്നാരും ഇല്ലെന്നാ തോന്നുന്നേ, ഒറ്റയ്ക്ക് റൂമിൽ ഇരുന്നു മടുത്തു. “
പിറകിലുള്ള കടയുടെ പടിയിലേക്കിരുന്നു ഞാൻ.
പൊതു അവധി ആയതിനാൽ അമ്പലത്തിൽ ധാരാളം ആളുകൾ വരുന്നുണ്ടായിരുന്നു. സന്ധ്യാസമയത്ത് വിളക്കുകളുടെ പ്രഭയിൽ കുളിച്ചു നിൽക്കുന്ന അമ്പലത്തിന് ഒരു പ്രത്യേക വശ്യത ഉണ്ട്!!! ഒപ്പം അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്ന ഭജനയും നമ്മളെ വേറൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
“എന്താ ഭായ് ഒന്നുകൂടിയാലോ?” ഒറ്റയ്ക്ക് ബാറിൽ പോകാൻ എനിക്ക് മൂഡ് ഇല്ലാത്തതിനാൽ ഞാൻ ഭായിയെ ഒന്ന് പ്രലോഭിപ്പിച്ചു.
“വേണ്ട അച്ചായാ, ഇന്ന് എനിക്ക് കുറച്ചു തിരക്കാണ്. ” ഒരു ചെറിയ താല്പര്യം ഭായിക്കുണ്ടെന്നു എന്ന് മനസ്സിലായ എനിക്ക് ആവേശമായി.
ഒരു പൈൻഡ് മതിയല്ലോ, നമ്മൾ മാത്രമല്ലേ അറിയൂ, വേറെ ആരറിയാൻ? ഇപ്പോൾ അമ്പലം അടയ്ക്കാറായല്ലോ.
എന്‍റെ പ്രലോഭനങ്ങളിൽ അയാൾ വീണു…
എല്ലാവരും പോയിട്ടേ കഴിക്കാവൂ അയാൾ അഭ്യർത്ഥിക്കുകയായിരുന്നു.
ഓ ശരി എന്നാ ഭായി പരിചയമുള്ള ഓട്ടോ സ്റ്റാൻഡിൽ ഉണ്ടെങ്കിൽ പറഞ്ഞുവിട്ടു വാങ്ങിക്കൂ, ഞാൻ കാശ് കൊടുത്തു.
കുപ്പി വാങ്ങി വെച്ചു കാത്തിരിക്കുക അല്പം അല്ല നല്ല സഹനം ആവശ്യമുള്ള പ്രവർത്തിയാണ്. അമ്പലത്തിലെ നട അടച്ചു ഇനി അധികം ആളുകൾ ഉണ്ടാകില്ല. ഇരുട്ടിനു കനം വെച്ചു തുടങ്ങി. ഞാൻ ഭായിയുടെ മുറിയിലേക്ക് കയറി കുപ്പി പൊട്ടിച്ചു രണ്ടുപേർക്കും ഒഴിച്ചു, ഒറ്റവലിക്ക് എന്‍റെ ഗ്ലാസ് കാലിയാക്കി, കണ്ണടച്ചിരുന്നു ശരീരം ഒന്ന് റിലാക്സ് ആയതുപോലെ… ഭായി കഴിക്കുന്നത് കാണാൻ രസമാണ്. വെള്ളം പതിയെ ഒഴിച്ചു ഗ്ലാസ് രണ്ടു കൈകളിലും പിടിച്ചു കുറച്ചുനേരം നേരം നോക്കി നിൽക്കും. പിന്നെ എണീറ്റുനിന്ന് ഒറ്റവലിക്ക് കുടിച്ചു തീർക്കും പിന്നെ കുറച്ചുസമയത്തേക്ക് സംസാരിക്കില്ല. സംസാരിച്ചാൽ ലഹരി പോകും പോലും! മദ്യത്തിന്‍റെ ലഹരി ഞങ്ങളെ ചുറ്റിവരിഞ്ഞു തുടങ്ങി, എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു, ഭായിയുടെ നാട്ടിലെ കഥകൾ പറഞ്ഞു തുടങ്ങി, മോളെക്കുറിച്ച് പറയുമ്പോൾ ഭായിയുടെ കണ്ണുകൾ നിറഞ്ഞു.
ഞാൻ ഒരു സിഗരറ്റിനു തീ കൊളുത്തി വലിച്ചു കൊണ്ടിരിക്കുകയായിരുന്നു. വാതിൽക്കൽ പാദസ്വരത്തിന്‍റെ കിലുക്കം കേട്ടു നോക്കുമ്പോൾ രാധ! അവർ ഭായിയെ പുറത്തേക്ക് വിളിച്ചു അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് ഭായി തലചൊറിഞ്ഞു കൊണ്ട് അകത്തേക്ക് കയറി വന്നു, “അതേ അച്ചായാ, രാധമ്മയ്ക്ക് എന്തോ ഒരു സങ്കടം ആണ് പോലും അതുകൊണ്ട് അവർക്ക് കുറച്ചു കുടിക്കാൻ കൊടുക്കാമോ?”
മുന്നിൽ കുപ്പി ഇരിക്കുമ്പോൾ എങ്ങനെ ഇല്ലെന്നു പറയും, എടുത്തോളാൻ ആംഗ്യം കാണിച്ചു. ഭായി അയാളുടെ ഗ്ലാസെടുത്തു മദ്യം ഒഴിച്ചു വെള്ളം ഒഴിക്കാൻ തുടങ്ങിയപ്പോൾ വേണ്ടെന്ന് അവർ ആംഗ്യം കാണിച്ചു. ഒറ്റവലിക്ക് കുടിച്ചു തീർത്തു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ പുറത്തേക്കിറങ്ങി, ഭായിയോട് ഒരു മുറുക്കാൻ ആവശ്യപ്പെട്ടു, മുറുക്കാൻ വാങ്ങി ചവച്ചു കൊണ്ട്
ഞാൻ ഇനി നിൽക്കുന്നില്ല പോകുകയാണ് എന്ന് ഭായിയോട് പറയുന്നത് കേട്ടു.
അവർ തന്‍റെ കവറും തൂക്കി ഇരുളിലേക്ക് നടന്നു മറയുന്നത് നിരപ്പലകക്കിടയിലൂടെ എനിക്ക് കാണാമായിരുന്നു.
എന്താ ഭായ് അവർക്ക് ഇത്ര സങ്കടം?
“അതൊക്കെ വലിയ കഥയാ പറയാൻ തുടങ്ങിയാൽ നേരം പുലർന്നാലും തീരില്ല, എന്തിനാ അതൊക്കെ കേട്ട് വെറുതെ അച്ചായൻ സങ്കടപ്പെണ്ടേ. പിന്നെ ഈ പണിക്ക് അവർ ഇറങ്ങുണ്ടങ്കിൽ നമ്മളാണ് അതിന് ഉത്തരവാദികൾ. ”
ഞാൻ ഭായിയെ തന്നെ നോക്കിയിരുന്നു, ഇതുവരെ കാണാത്ത അറിയാത്ത മറ്റൊരു മുഖം അയാൾക്ക് ഉണ്ടെന്ന് എനിക്ക് തോന്നി. റോഡിൽ വാഹനങ്ങൾ കുറഞ്ഞു തുടങ്ങിയിരുന്നു. ഞാൻ ഒരു സിഗരറ്റിനു കൂടി തീകൊളുത്തി പതിയെ നടന്നു റൂമിലെത്തി കിടക്കയിലേക്ക് വീണു.
ആൽമരത്തിന്‍റെ ഇല കൊഴിയുന്നത് പോലെയാണ് ദിനങ്ങളും കൊഴിഞ്ഞു പോകുന്നത് അതിവേഗം…
എന്‍റെ ഒപ്പമുണ്ടായിരുന്ന സ്നേഹിതൻ പഠനം കഴിഞ്ഞു പോയതോടുകൂടി ഞാൻ ഏറെക്കുറെ ഒറ്റപ്പെട്ട ജീവിതം ആയി തുടങ്ങി. ഷൈജുവിന്‍റെ ഓർമ്മകൾ എന്‍റെ മനസ്സിലേക്ക് ഓടിക്കയറി വന്നു. എനിക്ക് എന്തെന്നില്ലാത്ത നഷ്ടബോധം അനുഭവപ്പെട്ടു മനസ്സിൽ ഉണ്ടായ ഒരു ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം ഇല്ലാതെ പോയതിൽ എനിക്ക് കഠിനമായ ജാള്യത അനുഭവപ്പെട്ടു. ഒപ്പം വലിയ കുറ്റബോധവും… എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയായിരുന്നു കണ്ണാടിയിൽ എന്‍റെ പ്രതിബിംബം നോക്കാൻ പോലും മടിയായിരുന്നു. അത്രമേൽ ഞാൻ എന്നെത്തന്നെ വെറുത്തു തുടങ്ങി. മേൽവിലാസം എഴുതിവെച്ച ബുക്കിൽ എന്തോ ഞാൻ തിരയുമ്പോൾ ഷൈജുവിന്‍റെ ഫോൺ നമ്പർ ഞാൻ കണ്ടു… എന്തോ എനിക്ക് പൊടുന്നനെ അവളെ വിളിക്കാൻ തോന്നി ഞാൻ വേഗം താഴെയുള്ള ഫോൺ ബൂത്തിലേക്ക് കയറിച്ചെന്നു അവളുടെ നമ്പർ ഡയൽ ചെയ്തു അൽപസമയം കഴിഞ്ഞപ്പോൾ ഫോണെടുത്തത് അവളുടെ അനിയത്തി ആയിരുന്നു. എന്‍റെ ശബ്ദം അവൾ തിരിച്ചറിഞ്ഞു. ഷൈജുവിന്‍റെ കല്യാണം കഴിഞ്ഞു എന്നും ഫോൺ നമ്പർ തരാൻ സാധിക്കില്ലന്നും അവൾ തുറന്നു പറഞ്ഞതോടുകൂടി ഞാൻ ആകെ തളർന്നുപോയി. ബൂത്തിൽ നിന്നും ഇറങ്ങിയ ഞാൻ നടത്തം അവസാനിപ്പിച്ചത് ഒരു ബാറിലായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ എന്‍റെ മനസ്സൊന്നു തണുത്തു. ഞാൻ തിരികെ റൂമിലെത്തി കുറച്ചുസമയം കണ്ണടച്ചു കിടന്നു. ക്ലാസുകളെ ഞാൻ വെറുത്തു തുടങ്ങി, എല്ലാറ്റിൽ നിന്നും ഞാൻ അകന്നു തുടങ്ങി. ഇപ്പോൾ മദ്യവും സിഗരറ്റും എന്‍റെ ഏറ്റവും അടുത്ത ചങ്ങാതിമാരായി. സ്നേഹിതൻമാരിൽ നിന്നും ഒക്കെ ഞാൻ അകലുകയായിരുന്നു റൂമിൽ നിന്നും അധികം പുറത്തിറങ്ങാത്ത അവസ്ഥയിൽ എത്തിച്ചേർന്നു.
അന്ന് പതിവില്ലാതെ മഴ തുടങ്ങി, ഞാൻ ഈർഷ്യതയോടുകൂടി ജനൽ വലിച്ചടച്ചു കിടക്കയിൽ ചുരുണ്ട് കിടന്നു. ആരോ വാതിലിൽ മുട്ടുന്നത് കേട്ടപ്പോഴാണു ഞാൻ ഉറങ്ങിപ്പോയി എന്ന് അറിയുന്നത്. വാതിൽ തുറന്നപ്പോൾ എനിക്ക് പരിചയമില്ലാത്ത ഒരാൾ. തൊട്ടപ്പുറത്തുള്ള ആളെ അന്വേഷിച്ചു വന്നതായിരുന്നു. ബുദ്ധിമുട്ടിച്ചതിൽ ക്ഷമാപണം നടത്തിയിട്ടാണ് അയാൾ പോയത്. സത്യത്തിൽ എനിക്ക് നല്ല അരിശം വന്നു. വാച്ച് എടുത്തു സമയം നോക്കുമ്പോൾ അഞ്ചു മണി കഴിഞ്ഞു. ഞാൻ പതിയെ പുറത്തേക്കിറങ്ങി, റോഡിലൂടെ ഒറ്റയ്ക്ക് നടക്കുകയായിരുന്നു. നടത്തം അവസാനിച്ചത് ബാറിന് മുന്നിലായിരുന്നു. ബാർ അടക്കാറായി എന്ന് വെയിറ്റർ അറിയിച്ചപ്പോഴാണ് അവിടെ നിന്നും ഇറങ്ങിയത്. നടക്കുമ്പോൾ ചെറുതായി അല്ല നല്ലതുപോലെ വേച്ച് പോകുന്നുണ്ടായിരുന്നു. ഭായിയുടെ കടയിൽ എത്തിയപ്പോൾ അവിടേക്ക് നോക്കി അത് അടച്ചു കിടക്കുന്നു. റൂമിന്‍റെ നിരപ്പലക്കുള്ളിലൂടെ നോക്കി അവിടെ ആരും ഉള്ളതായി കണ്ടില്ല. പൊടുന്നനെ മഴ ശക്തമായി പെയ്യാൻ തുടങ്ങി മദ്യത്തിന്‍റെ പിടിയിലായതിനാൽ റൂമിലേക്ക് ഓടാനുള്ള ശക്തി എനിക്കില്ലായിരുന്നു. ഞാൻ കടത്തിണ്ണയിൽ ഇരുന്നു. മഴച്ചാറൽ അടിക്കുന്നുണ്ടായിരുന്നു. നനുത്ത തണുപ്പ് എന്നെ പൊതിയുന്നുണ്ടായിരുന്നു.
ഒരു സിഗരറ്റിന് തീകൊളുത്തി ആഞ്ഞു വലിച്ച് തണുപ്പിൽ നിന്നും രക്ഷ നേടാൻ ഞാനൊരു ശ്രമം നടത്തി. കുറച്ചു മാറിയുള്ള തട്ടുകടയിൽ നിന്നും ഉച്ചത്തിലുള്ള വർത്തമാനങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഇരുളിൽ നിന്നും പാദസരത്തിന്‍റെ കിലുക്കം കേൾക്കാൻ തുടങ്ങി. ഒന്നു ശ്രദ്ധിച്ചപ്പോൾ അത് എന്റെ അടുത്തേക്കാണ് വരുന്നത്. ബ്ലൗസിന്‍റെ ഉള്ളിലേക്ക് എന്തോ വെച്ചുകൊണ്ട് രാധ എന്‍റെ അടുത്തെത്തി. ഞാൻ അവരെ ഒന്നു നോക്കി.
“എന്താടാ നിനക്ക് രാത്രിയിലിവിടെ പണി? നിന്‍റെ മുറിയിൽ പോയി കിടക്കാൻ മേലെ?”
യാതൊരു മുഖവുരയും കൂടാതെ അവർ പരുഷമായി സംസാരിച്ചു. ഞാൻ അവരിൽ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ലായിരുന്നു.
‘മഴപെയ്തപ്പോൾ… ഇവിടെ നിന്നതാ… ‘
സംസാരിക്കാൻ വയ്യാതെ ആയോ? എടാ കൊച്ചനെ നിനക്ക് ഇത്രയല്ലേ വയസ്സ് ആയിട്ടുള്ളൂ എന്തിനാടാ ശരീരം ചീത്തയാക്കുന്നത്? ഞാൻ എല്ലാം കാണുന്നുണ്ട് കേട്ടോ, വന്നുവന്ന് പഠിക്കാനും പോകാതായി അല്ലേ? എണീറ്റ് വാ, ഞാൻ കൊണ്ടാക്കാം. ഇതും പറഞ്ഞവർ കവറിനുള്ളിൽ നിന്നും കുട എടുത്തു നിവർത്തി. ഞാൻ തെല്ലമ്പരന്നു അവിടെ തന്നെ ഇരിക്കുകയായിരുന്നു. എന്‍റെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവർ തുടർന്നു. “തന്തേം തള്ളേം കഷ്ടപ്പെട്ടു പഠിപ്പിക്കാനായി എവിടെയെങ്കിലും കൊണ്ടാക്കും. എന്നാൽ ഇവനൊന്നും ആ ചിന്തയില്ല, ആരാടാ നിന്നെ പറ്റിച്ചിട്ട് പോയത്?”
ഞാൻ കരുതിയതിനേക്കാൾ ശക്തി അവർക്കുണ്ടായിരുന്നു. എന്‍റെ ഇടത്തെ കൈയ്യിൽ പിടിച്ചായിരുന്നു അവർ വലിച്ചത് അവരുടെ കൈത്തണ്ടയിൽ കൃഷ്ണന്‍റെ ഒരു പടം പച്ചകുത്തിയത് ഞാൻ വ്യക്തമായി കണ്ടു. അവരുടെ കൂടെ ഞാൻ കുടയിൽ കയറി. റോഡ് സൈഡിൽ വിൽക്കുന്ന അത്തറിന്‍റെ മണമായിരുന്നു അവരെ. എന്നെ മഴ നനയ്ക്കാതെ പരമാവധി എന്‍റെ അടുത്തേക്ക് കുട ചെരിച്ചു പിടിച്ചിട്ടുണ്ടായിരുന്നു.
“ഇവിടെ വന്നത് പഠിക്കാൻ അല്ലേ, ഇനി നിന്നെ വല്ല ബാറിലും വെച്ച് കണ്ടാൽ എന്‍റെ വായിൽ നിന്നും നീ നല്ലത് കേൾക്കും. എന്‍റെ നാക്കിന്‍റെ
ചൂടിനെക്കുറിച്ച് നിന്‍റെ ഭായിയോട് ചോദിച്ചാൽ മതി പറഞ്ഞുതരും. കുറച്ചുസമയം ആരും ഒന്നും സംസാരിച്ചില്ല റോഡ് കുറുകെ കടക്കുമ്പോൾ അവർ എന്‍റെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. റോഡിൽ വാഹനങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടും അവർ തെല്ലു പരിഭവത്തോടെ കൂടെയാണ് മുറിച്ചു കടന്നത്. ലോഡ്ജിന്‍റെ അടുത്തെത്താറായപ്പോൾ അവർ പറഞ്ഞു ഇതുപോലെ റോഡ് മുറിച്ചു കടക്കുമ്പോളാ എന്‍റെ കണ്ണനെ എനിക്ക് നഷ്ടപ്പെട്ടത്.
അതുവരെ ആത്മവിശ്വാസം തുളുമ്പി നിന്നിരുന്ന അവർ പൊടുന്നനെ തളർന്നുപോയി.
കഴിക്കാൻ വേണമെങ്കിൽ കുറച്ചു മുറിയിൽ കാണും എടുത്തു കൊണ്ട് വരാം. എവിടെനിന്നോ ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു.
“വേണ്ട മോനെ ചില വേദനകൾ ഒരു ലഹരിക്കും മായിക്കാനാകില്ല, മറിച്ച് കഴിക്കാതിരിക്കാൻ എങ്കിൽ അതാ നല്ലത്. “എന്നെ ഗേറ്റിന്‍റെ അടുത്തേക്ക് തള്ളി വിട്ടു കൊണ്ട് അവർ പറഞ്ഞു. ഞാൻ ലോഡ്ജിന്‍റെ വരാന്തയിൽ നിന്നു കൊണ്ട് അവരെ നോക്കി നിന്നു. അവർ തലയുയർത്തി തിരികെ നടന്നു പോകുകയായിരുന്നു. ഒരിക്കൽ അവർ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ, ഞാൻ വെറുതെ ആശിച്ചു പോയി. ആ രാത്രി എനിക്ക് മറക്കാൻ സാധിച്ചിട്ടില്ല. അവരിൽ നിന്നും കിട്ടിയ പ്രചോദനം പിന്നീട് ഇതുവരെ ആരിൽനിന്നും എനിക്ക് ലഭിച്ചിട്ടില്ല. ഞാൻ പതിയെ എന്‍റെ ലോകത്തേക്ക് മടങ്ങി. ഏറെ പഠിക്കാനുള്ളത് കാരണം ഞാൻ അധികം പുറത്തിറങ്ങാറില്ലായിരുന്നു.
‘രാധ ജീവനൊടുക്കി!!’
ഒരു ദിനം ഭായി ആണ് ആ വിവരം എന്നെ അറിയിച്ചത്. നിർവികാരതയോടെയാണ് അയാൾ പറഞ്ഞെങ്കിലും അയാളുടെ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. ഞാൻ ഒരു ഞെട്ടലോടെ ഭായിയെ നോക്കി. വീടിനടുത്തുള്ള റെയിൽവേ പാളത്തിൽ മരിച്ചു കിടക്കുന്നുണ്ട്. ഭായി പറഞ്ഞു നിർത്തി.
അധികം ദൂരത്തല്ല ആ സ്ഥലം. ഞങ്ങൾ അവിടേക്ക് പോയി. ലെവൽ ക്രോസിന്‍റെ കുറച്ചു മാറി അവർ കിടക്കുന്നു. ഒരു തുണി കൊണ്ട് അവരെ മൂടി ഇട്ടിരിക്കുയായിരുന്നു. പച്ചകുത്തിയ ആ കൈ തുണിക്ക് പുറത്തായി കിടക്കുന്നുണ്ടായിരുന്നു – എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന കൈ!!! ഞാൻ ആ കൈയ്യിൽ തന്നെ നോക്കി നിന്നു… എന്‍റെ നട്ടെല്ലിൽ കൂടി ഒരു തണുപ്പ് അരിച്ചു കയറുന്നുണ്ടായിരുന്നു.
വാടോ പോകാം… സ്നേഹിതരുടെ വിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി ഒരാവർത്തികൂടി ആ കൈയിലേക്ക് നോക്കി, ഒരു നെടുവീർപ്പോടുകൂടി ഞങ്ങൾ തിരികെ നടന്നു
- പാഴ്കിനാവ്.
മഞ്ഞ് അത്ര കനത്തില്ലെങ്കിലും ആ കാറ്റിന് തണുപ്പായിരുന്നു… കാറ്റിന്‍റെ വേഗം കൂടുന്നതിനൊപ്പം തണുപ്പും കൂടി വരുന്നുണ്ടായിരുന്നു. ദേവൻ ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കുന്നുണ്ടായിരുന്നു, ആ വിശാലമായ മൈതാനത്ത് വളരെ കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ എല്ലാവരും തണുപ്പ് കഠിനമാകുന്നതിനു മുൻപേ അവിടം വിട്ടു പോയി കൊണ്ടിരിന്നു. സൂര്യൻ യാത്ര പറഞ്ഞു പോയത് കാരണം ഇരുൾ വ്യാപിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയതിനാൽ ദേവൻ അവിടെനിന്നും റൂമിലേക്ക് നടന്നു. പോക്കറ്റിൽ കൈ ഇട്ടപ്പോൾ സിഗരറ്റ് ഇല്ലാത്തതിനാൽ ഒരു പായ്ക്കറ്റ് വാങ്ങി നടക്കുമ്പോൾ ഹോട്ടലിനു മുന്നിൽ കുറച്ചുസമയം നിന്നു. ആഹാരത്തെക്കാൾ ആസക്തി ലഹരിയോടായിരുന്നു ദേവന് തോന്നിയത്. അയാൾ നേരെ ബാറിലേക്ക് കയറി. തണുത്ത കാലാവസ്ഥയിൽ ഉള്ളിലേക്ക് എത്തിയ മദ്യം തന്‍റെ സിരകളെ ചൂടുപിടിപ്പിക്കുന്നത് ദേവൻ അറിയുന്നുണ്ടായിരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് അയാൾ അവളെ കാത്തിരിക്കുന്നത്. ഓരോ ദിവസവും ഇനി കാത്തിരിക്കില്ല എന്ന് കരുതിയാണ് തിരികെ റൂമിൽ എത്തുക, കാണാൻ സാധിക്കാത്ത നിരാശയിൽ കുറേ മദ്യം ഉള്ളിലാക്കും. ഇപ്പോൾ ദേവന് സംശയമായി താൻ ആരെയാണ് ഇഷ്ടപ്പെടുന്നത്? മദ്യത്തെയോ? അവളെയോ?
ഇരുട്ടിലൂടെ റൂമിൽ അടുത്തെത്തിയപ്പോൾ വാതിലിനു അടുത്ത് നിൽക്കുന്ന രൂപം ലേഖയുടെതാണെന്ന് തിരിച്ചറിയാൻ സമയമൊന്നും വേണ്ടിവന്നില്ല. ഒപ്പം അവളുടെ ഗന്ധവും ദേവന്‍റെ മൂക്കിൽ അടിച്ചുകയറി.
“എന്താ മാഷേ എവിടെയായിരുന്നു ഇത്രനേരം? വേഗം വാതിൽ തുറക്കൂ… “സ്വത സിദ്ധമായ പുഞ്ചിരിയുടെ അകമ്പടിയോടെയുള്ള ചോദ്യത്തിന് ഉള്ളിൽ തികട്ടി വന്ന ദേഷ്യം ഉള്ളിൽ തന്നെ ഒതുക്കി ഒന്നും മിണ്ടാതെ വാതിൽ തുറന്നു. അയാൾക്ക് മുൻപേ അവൾ ചാടി കയറി റൂമിലേക്ക്, അവളുടെ മുതുകത്തു ഉള്ള ബാഗ് നിലത്തേക്ക് ഇട്ടു. അവളെന്നും ഇങ്ങനെയായിരുന്നു. അടുത്ത തവണ എന്തു ചിന്തിക്കും എന്നത് ഒരിക്കലും സഹിക്കാൻ അയാൾക്ക് സാധിക്കാറില്ല ഒപ്പം ഇന്നത്തെ അവളുടെ പ്രവൃത്തി ദേവനിൽ നടുക്കം സൃഷ്ടിച്ചു.
ലൈറ്റിട്ടപ്പോൾ പോക്കറ്റിൽ കൈയിട്ട് ചിരിച്ചുകൊണ്ട് നിൽക്കുന്ന ലേഖയെയാണ് കണ്ടത്.
“നല്ല തണുപ്പ്, വിരുന്നുകാർക്ക് കുടിക്കാൻ ചൂടു കാപ്പി കൊണ്ടു വാടോ”. പോക്കറ്റിൽ നിന്നും കൈകൾ എടുത്ത് കൂട്ടിത്തിരുമ്മി കൊണ്ട് ലേഖ ആജ്ഞാപിച്ചു. വാതിലടച്ചു അടുക്കളയിലേക്ക് നടക്കുമ്പോൾ ഇവിടെ എന്തു ഭാവിച്ചാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ദേവൻ നടന്നു… ഞാൻ പലതും ഭാവിച്ചു തന്നെയാ വന്നിരിക്കുന്നതെന്നുള്ള അവളുടെ മറുപടി കേട്ടപ്പോഴാണ് തന്‍റെ ആത്മഗതം തെല്ലുറക്കെ ആയിപ്പോയെന്ന് ദേവന് ബോധ്യപ്പെട്ടത്.
“നിനക്ക് എന്നോട് ഇപ്പോഴും പ്രേമമാണോ?”ചൂടു കാപ്പി കുടിക്കുന്നതിനിടയിൽ ലേഖ ചോദിച്ചു. ഒന്നും സംസാരിക്കാതെ ദേവൻ സിഗരറ്റിനു തീ കൊളുത്തി. കസേരയിലേക്ക് ചാരികിടന്നു പറഞ്ഞു. എനിക്ക് നിന്നോടുള്ള വികാരം അതിനെ എന്തു പേര് പറഞ്ഞു വിളിക്കണം എന്നെനിക്കറിയില്ല ഇല്ല. എന്നിരുന്നാലും നിന്‍റെ സാമീപ്യം അത് മെസ്സേജ് ആയാലും നേരിട്ട് ആയാലും എന്‍റെ ഹൃദയത്തിൽ എന്നും തിരയിളക്കം സൃഷ്ടിക്കാറുണ്ട്. ” ലേഖ ചെറുതായി മൂളി തലയിൽ ഉയർത്തി വെച്ചിരുന്ന കണ്ണട യഥാസ്ഥാനത്തേക്ക് വെച്ച് സെറ്റിയിലേക്ക് ചാരി കിടന്നു. ആ കണ്ണട അവളുടെ കണ്ണുകളുടെ ഭാവം അയാളിൽ നിന്നും മറച്ചു.
അന്തരീക്ഷത്തിന്‍റെ കനം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ദേവന് തോന്നി. എന്താടോ നീ കുറച്ചുദിവസമായി പറ്റിച്ചുകൊണ്ടിരുന്നത്?
അവൾ ഒന്നും പറഞ്ഞില്ല അതിനർത്ഥം ഇനി അതിനെക്കുറിച്ച് ഒന്നും ചോദിക്കേണ്ട എന്നതാണന്ന് അയാൾക്ക് മനസ്സിലായി.
ഇത്തരം അവസരങ്ങളിൽ അയാളെന്നും നിരാശനായിരുന്നു, താൻ അവഗണിക്കപ്പെടുന്നുണ്ടോ? ഈ സംശയം എന്നും അയാളോടൊപ്പം ഉണ്ടായിരുന്നു. കാരണം അവർ തമ്മിൽ ചാറ്റിങ് ആണെങ്കിലും ലേഖ പോകണമെന്നു തോന്നിയാൽ അപ്പോൾ തന്നെ പോകും. തനിക്ക് എന്തെങ്കിലും കാര്യത്തിന് പോകണം എന്നു പറഞ്ഞാൽ അത് അവൾ സമ്മതിക്കില്ല. പിന്നെ പിണക്കങ്ങൾ ആയി വഴക്കായി ഒടുവിൽ എന്നും കീഴടങ്ങി കൊടുത്തിരുന്നത് അത് താൻ തന്നെ. അത് നിന്നോടുള്ള ഭ്രാന്ത് മൂലമാണ് നീയെന്താ തിരിച്ചറിയാത്തത് പെണ്ണേ, ദേവൻ സ്വയം ചിന്തിച്ചു.
“എന്താ മാഷേ പതിവില്ലാത്ത ഒരു നോട്ടം? “
ലേഖയുടെ ചോദ്യം ദേവനെ ചിന്തകളിൽ നിന്നുണർത്തി. “അപ്പോൾ നിനക്ക് എന്നോട് പ്രണയം ഉണ്ടല്ലേ, എന്നിട്ടാണോ എന്‍റെ കാമുകൻ ഇങ്ങനെ കിനാവ് കണ്ടിരിക്കുന്നത്. എണീറ്റു വാ, പ്രണയം കൊണ്ട് വയറുനിറയില്ലല്ലോ. ലേഖ എണീറ്റ് ദേവന്‍റെ കൈ പിടിച്ചു വലിച്ചു കൊണ്ട് തീൻമേശയുടെ അരികിലേക്ക് നടന്നു. എന്റെ ചേട്ടനെ എനിക്കറിയാം കഴിക്കാൻ ഒന്നും വേണ്ടല്ലോ കുടിക്കാൻ കിട്ടിയാൽ മതിയല്ലോ. ഇതും പറഞ്ഞ് ലേഖ മേശപ്പുറത്തിരുന്ന കവർ തുറന്നു ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് തനിക്ക് നല്ല വിശപ്പുണ്ടായിരുന്നു എന്ന് ദേവന് മനസ്സിലായത്. ഭക്ഷണശേഷം ബാൽക്കണിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുമ്പോൾ താഴ്വരയിലെ വീടുകളിൽ നിന്നുമുള്ള വെളിച്ചം കാണാൻ നല്ല ഭംഗിയായിരുന്നു. എന്നും ഇവിടെ വന്നിരിക്കാറുണ്ടോ ലേഖയുടെ ചോദ്യത്തിന് ഇല്ലന്നർത്ഥത്തിൽ തലയാട്ടി ദേവൻ തുടർന്നു… ഇവിടെ ആരും വരാറില്ല.
ലേഖയെ തണുപ്പ് അസ്വസ്ഥമാക്കുന്നുണ്ടന്ന് അയാൾക്ക് തോന്നി. ദേവൻ അകത്തേക്ക് കയറിപ്പോയി ഒരു ഷാൾ എടുത്തു കൊണ്ടുവന്നു പുറകിലൂടെ ലേഖയെ പുതപ്പിച്ചു.
“താങ്ക്സ്, നിനക്ക് മാത്രമേ ഇങ്ങനെ മനസ്സ് അറിഞ്ഞ് പെരുമാറാൻ കഴിവുള്ളൂ”. ഷാളിനുള്ളിലേക്ക് ഒന്നു കൂടി ചുരുണ്ടുകൂടിയിരുന്നു ലേഖ.
“തനിക്ക് വയ്യെങ്കിൽ അകത്തേക്ക് പോകാം. “ദേവൻ പറഞ്ഞു.
“അതൊന്നും വേണ്ട ഈ തണുപ്പത്ത് കുറച്ചു സമയം എനിക്ക് ഇരിക്കണം, എടാ എന്‍റെ അടുത്ത് വന്നിരിക്കൂ. “
ദേവന്‍റെ തോളിലേക്ക് ചാരി ഇരുന്നു. ദേവൻ ലേഖയുടെ മൂർദ്ധാവിൽ ഒന്നു ചുംബിച്ചു. ആ ചുംബനത്തിൽ അവൾ ഒന്നും വിറപൂണ്ടൂ. ദേവനിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു. പാതിമയക്കത്തിൽ എന്നപോലെ ലേഖ ദേവന്‍റെ തോളിൽ കടിച്ചു.
“കഴിഞ്ഞ ദിവസങ്ങളിൽ എന്നെ നീ മിസ്സ് ചെയ്യുന്നുണ്ടായിരുന്നോ?” തരളിതമായ സ്വരത്തിൽ ലേഖ ചോദിച്ചു. ലേഖയെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അയാൾ തുടർന്നു:“നീ എന്നും എന്നോടൊപ്പം ഉണ്ടെടാ, കാരണം നീ എന്‍റെ ശ്വാസമാണ്”. ദേവൻ പറഞ്ഞു നിർത്തി. ദേവന്‍റെ നെഞ്ചിൽ കിടന്നു അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
“എടാ നമുക്ക് എവിടേക്കെങ്കിലും ഓടി പോയാലോ? നല്ല രസമായിരിക്കും അല്ലേ? വയസാം കാലത്ത് നമ്മുടെ ഫോട്ടോ പത്രങ്ങളിലൊക്കെ വന്ന്, അപ്പോൾ എല്ലാവരും നമ്മളെ ഉപേക്ഷിക്കും, പിന്നീട് നമ്മളെ അറിയുന്നവർ ആരുമില്ലാത്ത ഒരു നഗരത്തിൽ പോയി താമസിക്കണം അല്ലേ?”
“സത്യം, ഞാനും അതുതന്നെ ആലോചിക്കുകയായിരുന്നു. ലോകം എന്തുപറയും കരുതും അതു ഒന്നും എന്നെ ബാധിക്കുകയില്ല, നീ കൂടെയുണ്ടെങ്കിൽ!” ദേവൻ രേഖയുടെ കയ്യിൽ പിടിച്ചു നല്ല ചൂട് അനുഭവപ്പെട്ടു.
“ദേവൻ എനിക്ക് ആരാണെന്ന് അറിയാമോ? തെല്ലിട നിർത്തി ലേഖ തുടർന്നു: “നീ എന്‍റെ സമാധാനമാണ്. “
ദേവന്‍റെ നെഞ്ചിലേക്ക് ആ വാക്കുകൾ ഒരു കുളിരായി പെയ്തിറങ്ങി. ദേവൻ ലേഖയെ തന്നെ നോക്കിയിരുന്നു.
“ദേവന് ഒരു കാര്യം അറിയാമോ?”
അയാളുടെ കൈവെള്ളയിൽ ഏതോ ചിത്രം വരച്ചു കൊണ്ട് ലേഖ തുടർന്നു, ജീവിതത്തിൽ ഇനി ഒന്നും ചെയ്യാനില്ലന്ന് കരുതി വാർദ്ധക്യത്തിന് നിരുപാധികം കീഴടങ്ങി യാതൊന്നും ചെയ്യാനില്ലാത്ത ദിനങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് തന്നെ തോന്നുന്നു ഞാൻ കുറച്ച് അല്ല നല്ല ചെറുപ്പം ആയെന്ന്. “ലേഖ ദേവന്റെ കൈ എടുത്ത് അവളുടെ കവിളിൽ തൊട്ടു. ഇളംചൂട് ആ കവിളിനുണ്ടായിരുന്നു. ഒപ്പം പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേക സുഖം അനുഭവപ്പെട്ടു. അവിടെ നിന്ന് കൈ എടുക്കാൻ ഒരു മടി ദേവന് തോന്നി.
“എന്‍റെ പൊന്നേ, നിന്നെ ഓർമ്മിക്കാത്ത ഒരു ദിനം പോലും എന്‍റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഞാൻ ജോലി ചെയ്യുമ്പോഴും വെറുതെ നടക്കുമ്പോഴും നീ എന്‍റെ ഒപ്പം ഉണ്ടായിരുന്നു. “ലേഖയുടെ മുടിയിൽ തലോടി കൊണ്ട് ദേവൻ പറഞ്ഞു.
ലേഖയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. ഹരിയുടെ മെസ്സേജ് ആയിരുന്നു അത്.
“എന്തെടുക്കുവാ മൊട്ടേ? ഒപ്പം ഹൃദയത്തിന്‍റെ പടവും!”
ദേവൻ ലേഖയുടെ മുഖത്തേക്ക് തന്നെ നോക്കി. ഒപ്പം ഉള്ളിൽ അയാൾക്ക് കുറ്റബോധം തോന്നി.
“ഹാ ഞാൻ കിടക്കാനുള്ള തയ്യാറെടുപ്പിലാണ്. മക്കൾ എന്തു പറയുന്നു?”ലേഖ വോയിസ് മെസ്സേജ് അയച്ചു. എന്തുകൊണ്ട് വോയിസ് മെസ്സേജ് അയച്ചു?
തന്നെ കേൾപ്പിക്കാൻ ആണോ? ദേവന്‍റെ ചിന്തകൾ കാടുകയറാൻ തുടങ്ങി അപ്പോൾ അടുത്ത മെസ്സേജ്: “മരുന്ന് കഴിക്കാൻ മറക്കരുതേ. “
“ഇല്ല, ഞാൻ കഴിച്ചോളാം കുട്ടാ, കിടന്നോളൂ ഗുഡ് നൈറ്റ്!!”
തിരികെ എന്തോ ഒരു മെസ്സേജ് വന്നൂ ദേവൻ അത് വായിക്കാൻ തുനിയാതെ ഒരു സിഗരറ്റിന് തീ കൊളുത്തി, ആഞ്ഞുവലിച്ചു.
ദേവൻ ആകെ അസ്വസ്ഥനായിരുന്നു. ബാൽക്കണിയിൽഎണീറ്റ് നിന്ന് ആകാശത്തേക്ക് നോക്കി പുക ഊതി വിട്ടു. ലേഖ ഫോൺ ടീപ്പോയിൽ വെക്കുന്ന ശബ്ദം കേട്ടപ്പോൾ ദേവൻ തിരിഞ്ഞുനോക്കി
“എന്താ ഗുളിക കഴിക്കാൻ പറഞ്ഞത്? എന്തുപറ്റി തനിക്ക്?”ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങൾ തൊടുത്തു വിടുകയായിരുന്നു ദേവൻ.
“ഒരു ചെറിയ ഡിപ്രഷൻ… എല്ലാറ്റിനോടും ഒരു ഭയം. “
“നിനക്കോ? പേടിയോ? എനിക്ക് വിശ്വാസം വരുന്നില്ല. “
ലേഖ എണീറ്റ് അകത്തേക്ക് പോയി ഗ്ലാസ്സിൽ വെള്ളവും കൈയ്യിൽ ഗുളികയുമായി ദേവന്‍റെ അടുത്ത് വന്നു നിന്നു.
“ഞാൻ പറഞ്ഞിരുന്നില്ലേ കല്യാണം കഴിഞ്ഞ സമയങ്ങളിൽ ഞങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന്?”
“യേസ് ഞാനോർക്കുന്നു, പക്ഷേ അത് പഴയ കഥയല്ലേ,
ദേവൻ സംശയ ഭാവത്തിൽ ലേഖയെ നോക്കി.
ഗുളിക വായിലിട്ട് വെള്ളം കുടിച്ചു ചുണ്ട് തുടച്ചു കൊണ്ട് ലേഖ തുടർന്നു, അതിനു മുമ്പ് നാം പഠിക്കുമ്പോഴത്തെ ഒരു സംഭവം എനിക്ക് പറയണം. യുവജനോത്സവം നടക്കുന്ന സമയത്താണ് ആണ് നമ്മുടെ ക്ലാസിലേക്ക് എന്തോ എടുക്കാൻ തിടുക്കത്തിൽ ഓടി വരികയായിരുന്നു ഞാൻ, ക്ലാസിന്‍റെ വാതിൽക്കൽ എത്തിയപ്പോൾ ആരോ എന്നെ വിളിച്ചു ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി അപ്പോൾ പുറത്തേക്ക് വരുന്ന നീയുമായി ഞാൻ കൂട്ടിയിടിച്ചു. നോക്കി നടക്കൂ കൊച്ചേ എന്നു പറഞ്ഞു നീ നടന്നു പോയി. എന്‍റെ ഓർമ്മയിൽ നീ എന്നോട് സംസാരിച്ച മൂന്നു തവണകളിൽ ഒന്നായിരുന്നു അത്! അപ്പോൾ നിന്‍റെ വലതുകൈ എന്‍റെ ഇടത്തെ മാറിൽ തട്ടിയിരുന്നു… അന്ന് ആ തിരക്കിൽ ഇത് കാര്യമാക്കില്ലായിരുന്നു.
വിവാഹശേഷം ഹരി എന്നെ സ്പർശിച്ചപ്പോൾ എനിക്ക് നിന്നെ ഓർമ്മ വന്നു. ക്ലാസ് മുറിയിൽ എന്നെ നിശബ്ദം പിന്തുടർന്ന നിന്‍റെ കണ്ണുകൾ എനിക്ക് ഓർമ്മ വന്നു. ഞാൻ നിന്നെ അവഗണിച്ചതായി എന്‍റെ മനസ്സ് എന്നോട് പറയുകയായിരുന്നു. കുറ്റബോധത്താൽ ഞാൻ നീറുകയായിരുന്നു… പിന്നീട് ഹരിയെ എനിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലായിരുന്നു. ഹരി നല്ല മനുഷ്യനാണ്, കരുണയോടു കൂടി എന്നോട് പെരുമാറി, ഒന്നിനും എന്നെ നിർബന്ധിച്ചില്ല. മാനസികമായി തളർന്ന എന്നെ ഹരി നല്ലതുപോലെ സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. സത്യത്തിൽ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി, ഞാൻ ആരുടെ കൂടെ നിൽക്കണം എന്ന കാര്യത്തിൽ. ഞങ്ങൾ ഇരുവരും കൂടി ഒരു ഡോക്ടറെ കണ്ടു. എന്നോട് ആ ഡോക്ടർ കുറെ സംസാരിച്ചു. താൻ ഞാൻ ഇതൊന്നും ഓർക്കുന്നുണ്ടാകില്ലെന്നും ഇപ്പോൾ വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നുണ്ടാകുമെന്നും, ഇപ്പോൾ എന്നെ സ്നേഹിക്കുന്ന ഭർത്താവിനെയും മാതാപിതാക്കളെയും പറ്റി ചിന്തിക്കാൻ പറഞ്ഞു. ഒപ്പം കുറച്ചു മരുന്നുകളും തന്നു. ഒന്നരവർഷം ആയപ്പോൾ എല്ലാം നോർമൽ ആയി. ഞാൻ ഹരിയുമായുള്ള ജീവിതത്തെ അംഗീകരിച്ചു. ഒരു മകളുണ്ടായി,
ഒരമ്മയുടെ തിരക്കുകളായി. അതോടെ ഞാൻ തന്നെ പൂർണമായി മറന്നു. തന്നെക്കുറിച്ച് പിന്നെ ഞാൻ ഓർത്തില്ല എന്നതാണ് ശരി. “
ദേവൻ ഒന്നും സംസാരിച്ചില്ല, ലേഖയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു. തന്‍റെ കിടക്കയിൽ അവളെ ഇരുത്തി. കിടന്നോളാൻ ആംഗ്യം കാണിച്ച് കിടക്കക്ക് അരികിലേക്ക് ഒരു കസേര വലിച്ചിട്ടു അതിൽ ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ലൈറ്റ് ഓഫ് ആക്കി. പുറത്തു നിലാവ് ഉള്ളതിനാൽ ജനാലയിലൂടെ വെളിച്ചം അകത്തേക്ക് വരുന്നുണ്ടായിരുന്നു, അല്പസമയം കസേരയിൽ എന്തോ ചിന്തിച്ചു ദേവനിരുന്നു. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: നീ പറഞ്ഞ കാര്യം എനിക്ക് ഓർമ്മയിൽ തെളിയുന്നില്ല. എന്നിരുന്നാലും നീ എന്‍റെ ഉള്ളിൽ ഉണ്ടായിരുന്നു. സ്നേഹിതരോട് തന്നെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിയില്ല എന്നാണ് മറുപടി കിട്ടിയത്. ഒരിക്കൽ ഞാനറിഞ്ഞു നിന്‍റെ വിവാഹം കഴിഞ്ഞു ഈ നഗരത്തിലേക്ക് വന്നു എന്ന്. ഒരു നേർത്ത ഓർമ്മയായി നീ എന്നും എന്‍റെ ഉള്ളിൽ ഉണ്ടായിരുന്നു. നിന്‍റെ ഓർമ്മകൾ എന്‍റെ മാത്രം സ്വകാര്യതയായി ഞാൻ കൊണ്ടു നടന്നു. “ലേഖയുടെ കണ്ണുകളടഞ്ഞു പോകുന്നുണ്ടായിരുന്നു.
ദേവൻ ലേഖയെ തന്നെ നോക്കിയിരുന്നു. സത്യത്തിൽ തനിക്ക് കുറച്ചുനാളുകളായി എന്താണ് സംഭവിച്ചത്? ഇത്ര മാത്രം ഞാൻ അവളെ സ്നേഹിച്ചിരുന്നുവോ? ലേഖ യോടു ഒന്നും തുറന്നു പറയാൻ പാടില്ലായിരുന്നു. ഇതൊക്കെ ശരിയായിരിക്കാം, പക്ഷേ തനിക്ക് അവളെ പിരിയാൻ സാധിക്കില്ലെന്ന് സത്യം ദേവന് മനസ്സിലായി. തണുപ്പും മദ്യത്തിന്‍റെ ലഹരിയും ദേവനെ പതിയെ ഉറക്കത്തിലേക്ക് കൊണ്ടുപോയി.
അടുക്കളയിൽ നിന്നും ശബ്ദം കേട്ടാണ് ദേവൻ കണ്ണു തുറന്നത് ആ കസേരയിൽ തന്നെ ഇരുന്നു ഉറങ്ങുകയായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത്. കിടക്കയിൽ ലേഖയെ കാണുന്നില്ല. അടുക്കളയിലേക്കു ചെന്നു
ഒരു മൂളിപ്പാട്ടും പാടി ലേഖ കാപ്പി ഉണ്ടാക്കുന്നു, “ആ താൻ എണീറ്റോ ? വേഗം ഫ്രഷായി വരൂ, നമുക്ക് ഒരു കാപ്പി കുടിക്കാം. “
ദേവൻ ഒന്നും പറയാതെ ബാത്റൂമിലേക്ക് കയറി വാതിൽ അടച്ചു മുഖം കഴുകുമ്പോൾ കണ്ണാടിയിൽ ഒന്നു നോക്കി ഡൈ ചെയ്യാൻ ആയല്ലോ. ഇനി നാളെ ചെയ്യാം ദേവൻ മനസ്സിലോർത്തു.
“ ഇന്നലെ തന്നോട് കുറേ സംസാരിക്കണം എന്ന് കരുതിയതായിരുന്നു. പക്ഷേ, ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി. സോറി. “
“അതു നന്നായി ഇല്ലേൽ രണ്ടുപേരും ഒരു കട്ടിലിൽ കിടന്നു ഉറങ്ങിയേനേ. ” ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഒന്നു പോടോ തന്നെ എനിക്ക് വിശ്വാസമാ, ഞാൻ താല്പര്യം എടുത്താലും നീ പിന്മാറും എന്ന് എനിക്കറിയാം”
“ഉവ്വേ, നീ അങ്ങനെ എന്നെ പൂട്ടാൻ നോക്കേണ്ടട്ടോ… “ദേവൻ കാപ്പി കപ്പ് എടുത്തു കൊണ്ടു പറഞ്ഞു.
“നിനക്കറിയാമോ ഒരു സ്ത്രീ ഒരു പുരുഷനെ ഇഷ്ടപ്പെടുന്നത് എപ്പോഴാണെന്ന്?”
എന്ന ഭാവത്തിൽ ദേവൻ നിന്നു.
“ആരുടെ അടുത്താണ് ഒരു സ്ത്രീ ഏറ്റവും കൂടുതൽ സുരക്ഷിത എന്ന് തോന്നുന്നത് അയാളോടാണ്. !!!
പുതിയ അറിവിന് നന്ദി. ചിരിച്ചുകൊണ്ട് ദേവൻ തുടർന്നു എപ്പോളാ ഹോസ്റ്റലിലേക്ക് മടക്കം?
ഇനി നേരെ വീട്ടിലേക്ക്, ഞാൻ ഇന്നലെ ഹോസ്റ്റലിൽ നിന്നും ഇറങ്ങി. എന്‍റെ ട്രെയിനിംഗ് കഴിഞ്ഞു. അതല്ലേ ഞാൻ ഇവിടേയ്ക്ക് വന്നത്. ലേഖ എണീറ്റ് ദേവന്‍റെ പുറകിലൂടെ കഴുത്തിൽ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.
“എത്ര മണിക്ക് പോകണം തനിക്ക്? ഞാൻ വേഗം ഭക്ഷണം വാങ്ങി കൊണ്ടു വരാം. “
ഞാൻ എട്ടു മണിയാകുമ്പോൾ ഇറങ്ങും ഹോസ്റ്റലിന്‍റെ അടുത്തുനിന്നുള്ള ബസ് എട്ടു മണി കഴിയുമ്പോൾ ഇവിടെ വരും അപ്പോൾ യഥാസമയം ഞാൻ വീട്ടിലെത്തും, അവിടെ എല്ലാവരും വെയ്റ്റ് ചെയ്യുന്നുണ്ടാകും എന്നെ.
കൊള്ളാമല്ലോ നീ, എല്ലാം നല്ല പ്ലാനിങ്… സമ്മതിച്ചു നിന്നെ ഞാൻ.
കുറച്ചുസമയം ആരും ഒന്നും സംസാരിച്ചില്ല. കുളിച്ചു ഇറങ്ങി വന്ന ലേഖയെ കണ്ടപ്പോൾ ഒരു വശ്യത!!!! ദേവൻ ലേഖയെ തന്നെ നോക്കിയിരുന്നു.
എന്താടോ, എന്നെ മുഴുവനായി വിഴുങ്ങുകയാണോ?
ഇല്ല ഇപ്പോൾ നിന്നെ കടിക്കാൻ തോന്നുന്നു… ദേവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ലേഖ ദയനീയമായി ദേവനെ നോക്കി. പൊടുന്നനെ അവളുടെ കണ്ണുകൾ നിറഞ്ഞു.
“ദേവാ, എനിക്ക് നിന്നെ വേണം, ഞാനൊരിക്കൽ വരും നിന്‍റെ അടുത്തേക്ക്. അന്ന് ഞാൻ നിന്‍റേതു മാത്രം ആയിരിക്കും നിന്‍റേതു മാത്രം. !!! ബാഗ് എടുത്ത് പുറത്തേക്ക് ഇട്ടു കൊണ്ട് തുടർന്നു:“ഇപ്പോൾ എനിക്കൊന്നും പറയാനാകില്ല. കാരണം കുടുംബത്താൽ ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഞാൻ ഒരിക്കൽ വരും. അത്രയേ എനിക്ക് ഇപ്പോൾ പറയാനാകൂ. ”
ദേവൻ ഒന്നും പറയാതെ തല താഴ്ത്തി ഇരുന്നു. കുറച്ചുകഴിഞ്ഞ് എണീറ്റ് അവളോടൊപ്പം പുറത്തേക്കിറങ്ങാൻ തയ്യാറായി.
“ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം, അല്ലെങ്കിൽ എന്‍റെ പിടിപെട്ടു പോകും. ” ലേഖ കരയുകയായിരുന്നു.
“ദേവാ, എന്നെ ഒന്ന് കെട്ടി പിടിക്കാമോ?
ലേഖ ദേവന്‍റെ നെഞ്ചിലേക്ക് മുഖമമർത്തി. അവരുടെ കണ്ണീരിന്‍റെ ചുട് ദേവന്‍റെ നെഞ്ച് അറിയുന്നുണ്ടായിരുന്നു. യാതൊന്നും പറയാതെ ദേവൻ ലേഖയെ പുണർന്നു, മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് മെല്ലെ പറഞ്ഞു, “നീയെന്നും എന്‍റെ ഉള്ളിൽ ഉണ്ടാകും!!!!!”
ദേവനിൽ നിന്നും അകന്നു ലേഖ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഒരിക്കൽ കൂടി അവൾ ദേവനെ തിരിഞ്ഞുനോക്കി. പതിയെ നടന്നു കാഴ്ചയിൽ നിന്നും മറഞ്ഞു…
കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവൻ ലേഖയെ വിളിച്ചു. കോൾ പോകുന്നുണ്ടായിരുന്നില്ല. നെറ്റ്‌വർക്ക് തകരാർ ആയിരിക്കും മനസ്സിലോർത്തു.
കുറച്ചുകഴിഞ്ഞ് മെസ്സേജ് ഇട്ടു. അവൾ അത് വായിച്ചില്ല, അവളുടെ പ്രൊഫൈൽ ഫോട്ടോ അപ്രത്യക്ഷമായിരിക്കുന്നു. ലേഖ തന്നെ ബ്ലോക്ക് ആക്കിയിരിക്കുന്നു. ദേവന് ചിരിവന്നു… മനസ്സമാധാനം ബ്ലോക്ക് ആയല്ലോ…
ലേഖ അവളുടെ കുടുംബജീവിതത്തെ ഭദ്രമാക്കിയതായിരിക്കണം. കുറച്ചുദിവസം കൂടി അവളുടെ കോളും മെസ്സേജും ദേവൻ പ്രതീക്ഷിച്ചു. ഒന്നും ഉണ്ടായില്ല താൻ പറ്റിക്കപ്പെട്ടു എന്ന തോന്നൽ അയാളിൽ പക വർദ്ധിപ്പിക്കുകയായിരുന്നു.
പാതി ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് നോക്കി ദേവൻ ഇരുന്നു. ഈ ഇടയായി ഒറ്റയ്ക്കാണ് അയാൾ മദ്യശാലയിലേക്ക് പോകുക. അവിടെ വെച്ച് പരിചയമുള്ളവരെ പോലും ഗൗനിക്കാറില്ല. ലഹരി പതിയെ കയറി തുടങ്ങിയതായി ദേവന് തോന്നി. ഒരു നെടുവീർപ്പോടെ കൂടി അവശേഷിച്ചിരുന്നതും കൂടി ഒറ്റവലിക്ക് തീർത്തു, കസേരയിലേക്ക് ചാഞ്ഞിരുന്നു ഒരു സിഗരറ്റിന് തീകൊളുത്തി, തന്‍റെ മനഃസംഘർഷത്തിന്‍റെ കാഠിന്യം കുറയ്ക്കാനായി പുക ഉള്ളിലേക്ക് ആഞ്ഞുവലിച്ചു. പതിയെ മുന്നോട്ടു ആഞ്ഞു താടിക്ക് കൈ കൊടുത്തു ചിന്തകളിലേക്ക് ആഴ്ന്നിറങ്ങി. എന്നും സ്വപ്നങ്ങൾ മാത്രമേ ദേവന് കൂട്ടുണ്ടായിരുന്നുള്ളൂ…
ജിനു ജെയിംസ്


10 Comments
വ്യത്യസ്തമായ മൂന്നു പെൺജീവിതങ്ങളെ നന്നായി അവതരിപ്പിച്ചു👍🌹
വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് സ്നേഹം 😊😊❤️
ജിനു,
മൂന്നു കഥകളും വായിച്ചു. വ്യത്യസ്ഥമായ അനുഭവങ്ങൾ. മൂന്നു വ്യത്യസ്ഥ സ്ത്രീകളെ കുറിച്ച് അവരുടെ ജീവിതത്തെ കുറിച്ച് – അവരോടൊത്തുള്ള അനുഭവത്തെക്കുറിച്ച് നന്നായി എഴുതിയിരിക്കുന്നു. 👌സ്ത്രീകളുടെ പിടികൊടുക്കാത്ത മനസ്സിനെ കുറിച്ച് നന്നായി തന്നെ മൂന്നു കഥകളിൽ നിന്നും വായനക്കാരന് മനസ്സിലാകുന്നു. കഥയുടെ പശ്ചാത്തലവും കഥ പറയുന്ന രീതിയും നന്നായി ഇഷ്ടപ്പെട്ടു. ഇനിയും വേറിട്ട കഥകൾക്കായി കാത്തിരിക്കുന്നു. ആശംസകൾ❤️✨
തിരക്കുകളക്കിടയിലും നീണ്ട കഥ വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതിന് ഒരു പാട് നന്ദി …….
പെൺമനസ്സുകളെ ആഴത്തിൽ മനസ്സിലാക്കിയ കൃത്യമായ എഴുത്ത്. വളരെ നന്നായിരിക്കുന്നു.
വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയല്ലോ, ഒരു പാട് സന്തോഷം……
ഭാരിച്ച മൂന്നു പെൺജീവിതങ്ങൾ! ഒപ്പം അത്ര തന്നെ ഉഴറുന്ന പുരുഷന്മാരും..കുറച്ചു ഭാരം. ഏറ്റിയ വായനാനുഭവം !👌❤️❤️
ചേച്ചീ,വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് സന്തോഷം…….
ഇപ്പോഴാണ് മുഴുവനും വായിച്ചു തീർത്തത്. ഓരോരോ ജീവിതങ്ങൾ. നല്ലെഴുത്ത് 👌👌
വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹം ❤️❤️