കുറച്ചു വർഷങ്ങൾ മുൻപ്.. മൂത്ത മോൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല.
ഇളയവൻ പഠിക്കുന്നു. കെട്ടിയവനും രണ്ടു മക്കളും ഒന്നിച്ചുള്ള ഒരോണം കൂടി.
പൂക്കളത്തിന്റെ ഡിസൈൻ, ഡയറക്ഷൻ മാത്രമാണ് തിരുവോണദിവസം എന്റെ
പണി. ബാക്കി അടുക്കളയിൽ.
ഭർത്താവും മക്കളും പൂക്കളം ഇടുന്ന തിരക്കിൽ…
ഞാൻ സദ്യയുടെയും…
അന്നൊക്കെ പാചകം ഒറ്റയ്ക്ക്. എത്ര വിഭവം വേണെങ്കിലും ഉണ്ടാക്കും. അപ്പോൾ ചോറ്, സാമ്പാർ, അവിയൽ, പച്ചടി, പുളി, കാളൻ, ഓലൻ, കൂട്ടുകറി, അച്ചാർ, പപ്പടം, മോര്.
വരുത്തുപ്പേരി, ശർക്കര ഉപ്പേരി( വാങ്ങിയത്) എല്ലാം റെഡി. പായസം രണ്ടു തരം. മതിയല്ലോ!
ഒന്നു കൂടി കുളിച്ചു, പുതിയ ഡ്രസ് ഇട്ടു.
അപ്പോഴേക്കും പൂക്കളവും റെഡി..
വല്ലാത്ത ഒരു സന്തോഷം തരുന്ന സമയം…
കാത്തിരുന്നു വന്ന തിരുവോണം.
അപ്പോഴതാ ഞങ്ങളുടെ കാവൽക്കാരനായ കോക്കർ സ്പാനിയൽ നായ ഭയങ്കരമായി കുരയ്ക്കുന്നു. ഞാൻ വാതിൽ തുറന്നു. ഒരു ഇരുപത്തഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പയ്യൻ( എന്റെ മൂത്ത മോന്റെ അന്നത്തെ പ്രായം). വൃത്തിയുള്ള പാന്റും ഷർട്ടും. ഫുൾ കൈ ഷർട്ട് കൈ വൃത്തിയിൽ മടക്കി വെച്ചിരിക്കുന്നു. സൗന്ദര്യമുള്ള മുഖം.
“ആരാ? എന്താ വേണ്ടേ?” ഞാൻ ചോദിച്ചു. (കളവ് പറഞ്ഞു പൈസ ചോദിക്കാൻ വന്നതാണെന്ന് ആ മുഖം കണ്ടപ്പോൾ തോന്നിയില്ല)
വളരെ പതിഞ്ഞ എന്നാൽ ധൈര്യത്തോടെ അവൻ പറഞ്ഞു “ഞാൻ കുറച്ചു
ദൂരെന്ന്…. ആന്റി. എന്റെ അമ്മ മാനസിക രോഗി ആണ്. ഇന്നലെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഞാനും അമ്മയും മാത്രേ ഉള്ളു. അച്ഛൻ പോയി. ഞാൻ പഠിക്കുകയാണ്. അമ്മയ്ക്കുള്ള മരുന്നും ടെസ്റ്റുകളും ചെയ്തു. ഭക്ഷണം വാങ്ങി
കൊടുത്തു. എന്റെ കൈയ്യിൽ ബസ്സിന് പോവാനുള്ള പൈസ മാത്രേ ഉള്ളു. ഇന്നലെ
മുതൽ ഒന്നും കഴിച്ചിട്ടില്ല. വിശന്നിട്ടു വയ്യ. തിന്നാൻ എന്തെങ്കിലും തരോ ആന്റി?”
എന്റെ ഉള്ള് പൊള്ളിപ്പോയി. എന്റെ മോന്റെ പ്രായത്തിലുള്ള ഒരു മോൻ മുന്നിൽ വന്നു ഭക്ഷണം ചോദിക്കുന്നു, അതും എല്ലാ വിഭവങ്ങളും തയ്യാറായ തിരുവോണ നാൾ.
കണ്ണിൽ വെള്ളം നിറഞ്ഞു.
“നിനക്കു പൈസ തന്നാൽ മതിയോ” വെറുതെ അങ്ങനെ ചോദിച്ചു നോക്കി.
( കാരണം മക്കളും ഭർത്താവും അവൻ കളവു പറയുകയാണ് എന്ന്, എന്നെ അകത്തേക്ക് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു)
ഉടൻ അവൻ “ആന്റി ഞാൻ വീട്ടിൽ പോയി എങ്ങനെ എങ്കിലും പൈസ ഒപ്പിക്കും.
ഇപ്പൊ എനിക്ക് വിശക്കുന്നു…നടക്കാൻ വയ്യ… “
” വേറെ എവിടെന്നും ആരും ഒന്നും തന്നില്ലേ?” എന്ന ചോദ്യത്തിന് അവൻ പറഞ്ഞത്.
” എനിക്കറിയില്ല ആന്റി, നടന്നു നടന്നു.. ഞാൻ ഇവിടെ എത്തി.. ഇവിടുന്നു
എന്തെങ്കിലും കിട്ടും എന്ന് എനിക്ക് തോന്നി.”
എനിക്ക് അത്ഭുതവും വ്യസനവും സന്തോഷവും ഒരുമിച്ചു വന്നു.
” നീ അകത്തു കേറി ഇരി” കോലായി ചൂണ്ടി ഞാൻ പറഞ്ഞു.
“വേണ്ട എനിക്ക് പുറത്തു വെച്ചു തന്നാൽ മതി” അവൻ.
ഇതൊക്കെ കേട്ടപ്പോൾ മക്കളും ഭർത്താവും എന്റെ ഭാഗത്തായി.
വേഗം ഒരു സ്ടൂളും കസേരയും പുറത്തേക്കു ഇട്ട് അവനോടു ഇരിക്കാൻ പറഞ്ഞു.
“കൈ കഴുകണം, ഇത്തിരി വെള്ളം” അവൻ.
പുറത്തെ പൈപ്പ് കാണിച്ചു കൊടുത്തു. കൈ കഴുകി എന്നെ വല്ലാത്തൊരു നന്ദിയും ദയനീയതയും കലർന്ന നോട്ടം നോക്കി അവനിരുന്നു. നിറച്ച് വിഭവങ്ങൾ വിളമ്പാൻ കുഴിയുള്ള വലിയ സ്റ്റീൽ പ്ലേറ്റിൽ ഞാൻ ചോറും എല്ലാ വിഭവങ്ങളും വിളമ്പി അവന്റെ മുന്നിൽ വച്ചു. ( എനിക്ക് വല്ലാത്തൊരു ആവേശവും വാത്സല്യവും )
ആർത്തി കാണിക്കാതെ വളരെ വൃത്തിയോടെ സാവധാനം അവൻ അതു കഴിക്കുന്നത് ഞാൻ വാതിലിനു പിറകിൽ നിന്നും നോക്കി നിന്നു. ഒരു ഗ്ലാസ്സിൽ വെള്ളവും രണ്ടു തരം പായസം രണ്ടു ഗ്ലാസ്സിലായി മോൻ കൊണ്ടുവെച്ചു. ഒരു മണി വറ്റ് പോലും കളയാതെ മുഴുവൻ അവൻ വടിച്ചു തിന്നു. വെള്ളം കുടിച്ചു. പായസവും.
പ്ലെയിറ്റ് പൈപ്പിനരികിൽ കൊണ്ട് കഴുകി വൃത്തിയാക്കി എനിക്ക് തന്നു. ഗാസ്സുകളും.
“വല്യ ഉപകാരം ആന്റി. മറക്കില്ല ഞാൻ ആന്റിയെ. ” കണ്ണു നിറഞ്ഞുകൊണ്ടു അവൻ പറഞ്ഞു.
ഞാൻ എന്റെ തരിപ്പിൽ നിന്നും മോചിത ആയിരുന്നില്ല.
“നിനക്കു പൈസ എന്തെങ്കിലും തരട്ടെ?” എന്നു ആ മുഖം നോക്കി ഞാൻ പറഞ്ഞൊപ്പിച്ചു.
“വേണ്ട. എനിക്കിനി വീട്ടിലേക്കു പോവാം. വയറു നിറഞ്ഞല്ലോ”
എനിക്ക് പൊട്ടിക്കരയാൻ തോന്നി.
” എന്നാ വരട്ടെ” കൈ കുപ്പി അവൻ പറഞ്ഞു.
അവൻ നടന്നകലുന്നത് ഞാൻ നോക്കി നിന്നു.
“ഈശ്വരാ! ഇങ്ങനെ ഒരു അതിഥിയെ ആരു കൊണ്ടുവന്നു. എന്തിന് എന്റെ കൈ കൊണ്ട് വെച്ച് വിളമ്പിയത് കഴിക്കാൻ, അതും ഒരു അവതാര പുരുഷനെ പ്രതീക്ഷിക്കുന്നു എന്ന വിശ്വാസം ഉള്ള ഒരു ദിവസം.”
ഞാൻ അടുത്തുള്ളവരോട് ചോദിച്ചു ഇങ്ങനെ ഒരു മോൻ വന്നിരുന്നോ എന്ന്.
എവിടെയും അവൻ പോയിട്ടില്ല!
ആരാ അവൻ?
ഈ തിരുവോണ ദിവസം തന്നെ വരാൻ?
എന്റെ കണ്ണിൽ അവന്റെ നോട്ടം ഇന്നും കാണുന്നു ഞാൻ.
മറക്കാൻ പറ്റാത്ത ഓരോണം.
പിന്നെ ഒരിക്കലും അവനെ കണ്ടിട്ടിട്ടില്ല…
അവന്റെ മനസ്സ് എന്നെ അനുഗ്രഹിച്ചോ? ആവോ!
“മഹാബലി ആണോ വന്നത്?”. ഞാൻ എല്ലാരേെയും നോക്കി പതുക്കെ പറഞ്ഞു.
എനിക്ക് ഒഴിച്ച് എല്ലാർക്കും ചിരിക്കാൻ വകയായി.
ജീവിതത്തിൽ ഇത്തരം അനുഭവം എന്തു ചായക്കൂട്ടു കൊണ്ടു വരക്കണം ഞാൻ?
വല്ലാത്തൊരു ഭാഗ്യമായി ഞാൻ കാണുന്നു.
അവൻ മഹാബലി തന്നെ എന്ന് ഞാൻ ഉറപ്പിച്ചു.
ഒരു തിരുവോണനാളും ഞാൻ അവനെ ഓർക്കാതിരുന്നിട്ടില്ല.
സുധി


9 Comments
Nannayi ezudhii. 👌👌👌
നന്ദി ,,അനുഭവം തന്നെ…ഇന്നും എന്നും ഓർമ്മിക്കാൻ…സുബീഷ്
അവതാരപുരുഷനാണെങ്കിലും അല്ലെങ്കിലും വിശന്നയാൾക്ക് ഭക്ഷണം കൊടുക്കാൻ സാധിച്ചല്ലോ❤️🙏
നല്ല രചന👌❤️
👌🥰❤️
അവതാര പുരുഷൻ ആണന്ന് തന്നെ വിശ്വസിക്കുക.നന്നായി എഴുതി.
സൂപ്പർ .. നല്ല കഥ 👍👌❤️
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ പള്ളിപ്പെരുന്നാൾ ദിവസം ഒരു ചേച്ചി മുറ്റത്ത് വെള്ളം ചോദിച്ചു വന്നു. അടുത്തുള്ള fish സ്റ്റാളിൽ പണ്ടൊരിക്കൽ ജോലി ചെയ്ത ചേച്ചിയാണ്. അമ്മയ്ക്ക് കണ്ട് പരിചയം ഉണ്ട്. അപ്പൊ ഉച്ചയ്ക്ക് 2 മണി കഴിഞ്ഞു. വെള്ളം കൊടുത്തിട്ട് വെറുതെ ഫുഡ് കഴിച്ചോ എന്നൊന്നു ഞാൻ ചോദിച്ചു. രാവിലെ മുതൽ ഒന്നും കഴിച്ചിരുന്നില്ല അവര്. ശെരിക്കും ഒന്നും കഴിക്കാതെ പണിയെടുത്തിട്ട് തല കറക്കം പോലെ വന്നു എന്തെങ്കിലും കഴിക്കാൻ ചോദിച്ചു വന്നതായിരുന്നു. അഭിമാനം സമ്മതിക്കാതെ വെള്ളം ചോദിച്ചു.
ആ നാട്ടിലെ ഏറ്റവും വലിയ ആഘോഷ ദിവസം ഒരാള് പട്ടിണി ഇരിക്കുന്നത് കേട്ടിട്ട് സഹിച്ചില്ല. അന്ന് ആ ചേച്ചി വയറും മനസ്സും നിറഞ്ഞു പോയത് ഞാനിപ്പോ ഓർത്തു. ഞങ്ങളും അന്ന് ഓർത്തു പുണ്യാളനാവും ചേച്ചിടെ രൂപത്തിൽ വന്നത് എന്ന്.
Super.!നല്ലെഴുത്ത്. നല്ല വായനാസുഖം തന്ന ഒട്ടും ലാഗില്ലാത്ത രചന!👌👌👌❤️❤️
നല്ലോർമ്മകൾ, ആരോ എന്തോ ആകട്ടെ, അയാൾക്ക് നല്ല വിശപ്പുണ്ടായിരുന്നു, സദ്യ മുഴുവൻ കഴിച്ചത് അതുകൊണ്ടാണല്ലോ.
നല്ല രചന.👍