“സ്വദേശം മാള, പേര് സുരേഷ്. ഒരു ജോലി കണ്ടെത്താനുള്ള യാത്രയിൽ ഇവിടെ എത്തപ്പെട്ടു.” പറയുമ്പോൾത്തന്നെ അദ്ദേഹത്തിൽ നിസ്സഹായത നിഴലിച്ചിരുന്നു…
അതെ അയാൾ നമ്മളുടെയെല്ലാം പ്രതിപുരുഷൻ എന്നപോലെ തോന്നി ഒറ്റപ്പെടൽ എന്ന വിധിയുടെ വേട്ടയാടൽ അതെപ്പോഴാണെന്ന് പ്രവചിക്കാൻ സാധ്യമല്ല ആ അവസ്ഥ കുറച്ചൊന്നുമല്ല മനുഷ്യനെ ദുഖത്തിലാഴ്ത്തുന്നത്, ലിംഗവ്യത്യാസമില്ലാതെ പക്ഷേ, തരണം ചെയ്യുന്നവർക്ക് പുതുജീവൻ വെക്കും അത് സ്വയം ആർജ്ജിക്കുന്നതായിരിക്കില്ല. സാഹചര്യങ്ങളാൽ മനസ്സിന്റെ ഉള്ളറകൾ കീറിവരിഞ്ഞ് രക്തം കിനിയുമ്പോൾ നമ്മുടെ സ്വന്തബന്ധങ്ങളോ സുഹൃദ്‌വലയമോ ദൃഢതയോടെ കൂടെനിന്നാൽ ആ പിടിവള്ളി മതി അവർക്ക് അതൊരുയർത്തെഴുന്നേൽപ്പായിരിക്കും.
എല്ലാവരാലും തഴയപ്പെട്ടു എന്ന യാഥാർഥ്യം പറയാതെ മൗനത്താലുള്ള ശരീരഭാഷയിൽ എന്നിലേക്ക് അദ്ദേഹംപകർന്നു. ഹൃദയത്തിന്റെ താളം ശരിയാക്കിയതിന്റെ അവശത ഓരോവാക്കിലും നോക്കിലുമുണ്ട്. എങ്ങനെയെങ്കിലും ഒരു ജോലി ശരിയാക്കണം എന്ന് പറയുമ്പോൾ തന്നെ മൂന്ന് നാലുവട്ടം അദ്ദേഹം ചുമച്ചു. ഒരു ജോലിയും ഈ അവസ്ഥയിൽ ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു എങ്കിലും പ്രതീക്ഷ അർപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ആ ഒരു കേഴൽ. മനസ്സ് പിടഞ്ഞുപോയെങ്കിലും വിവരങ്ങൾ എല്ലാം തിരക്കി അറിയാൻ ശ്രമിച്ചു. സ്വന്തബന്ധങ്ങളെ ആരെയും പഴിപറഞ്ഞില്ല എല്ലാവരുമുണ്ടെന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അവരോടുള്ള സ്നേഹം ഇപ്പോഴും അദ്ദേഹത്തിൽ തളം കെട്ടികിടക്കുന്നു ….നിർമ്മലമായ സ്നേഹം.
മുഷിവ് പറ്റിയ ബാഗിൽ വെച്ചിരുന്ന ഒരു പ്ലാസ്റ്റിക് കവർ തുറന്ന് ഒരുകെട്ട് ചെക്ക്ബുക്കും പാസ്സ്‌ബുക്കുമൊക്കെ കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നല്ലകാലം വർണ്ണിക്കാൻ തുടങ്ങി. പേരിൽ വസ്തുവകകൾ ഉണ്ടെന്നൊക്കെ പറഞ്ഞു. പറയുമ്പോൾ അവശതയിലും അദ്ദേഹത്തിന്റെ കണ്ണുകളിൽ വർണ്ണങ്ങൾ വിരിഞ്ഞു. ഇപ്പോൾ ബുദ്ധിമുട്ടിലാണ് എന്ന് അവസാനം സമ്മതിക്കേണ്ടിവന്നു സാഹചര്യം കയ്യിലെ മൊബൈൽ വിൽക്കേണ്ട അവസ്ഥയിലെത്തിച്ചു എന്നും. കേട്ടുനിന്ന ശശിയേട്ടനടക്കം ഏവർക്കും ഒന്നും ചെയ്യാനില്ലായിരുന്നു അത്യാവശ്യം അദ്ദേഹത്തിന് ചികിത്സ ശേഷമുള്ള വിശ്രമം ആയിരുന്നു വേണ്ടത് യാത്രക്കും വഴിച്ചിലവിനുമുള്ള കുറച്ചുരൂപ ശശിയേട്ടൻ ഏൽപ്പിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് തന്റെ ആത്മാഭിമാനം കളഞ്ഞുകുളിക്കാൻ തയ്യാറാവാതെ ഒരു ചെക്കിൽ തുക എഴുതാതെ സംഭാവന എന്നരീതിയിൽ ഏൽപ്പിക്കാൻ ശ്രമിച്ചു. ആ ഒപ്പ് കണ്ടാലറിയാമായിരുന്നു അദ്ദേഹത്തിന്റെ പ്രൊഫഷണലിസം. പതിയെ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിപ്പിച്ചുകൊണ്ട് ആഹാരം നൽകി ആ ഒരു തുക കൈകളിലേൽപ്പിച്ചുകൊണ്ട് ശശിയേട്ടനടക്കമേവരും അദ്ദേഹത്തെ യാത്രയാക്കി കൂടെ നല്ലത് വരുത്തണെ എന്ന പ്രാർത്ഥനയും.
വർഷങ്ങളോളം നല്ലൊരുസ്ഥാപനത്തിൽ നല്ലൊരു സ്ഥാനത്തിരുന്നയാൾ ഇന്ന് ആരോരുമില്ലാതെ. അവശതയിൽ ആരുണ്ട് എന്നതിന് പ്രസക്തി ഏറെയാണ്. ഇപ്പോഴുള്ളവരിൽ ആരുണ്ടാകും എന്നതിപ്പോൾ ഒരു ചോദ്യചിഹ്നമാകുന്നില്ലെങ്കിലും ഉണ്ടാവണം ലാഭേശ്ചയില്ലാത്ത ഒരാളെങ്കിലും. സാമ്പത്തികത്തിനേക്കാൾ മാനസികമായും ആരോഗ്യപരവുമായു ഉള്ള ഉണർവ് പകരലാണ് അത്തരം സാഹചര്യങ്ങളിൽ ഒരു മനുഷ്യന് അവശ്യം വേണ്ടുന്നത്. ചിന്തിക്കാൻ മനുഷ്യൻ പ്രാപ്യനാണ് പക്ഷേ ഭാവി സാമ്പത്തികം എന്നതിലേക്ക് മാത്രമായ് ചുരുങ്ങുന്നതിനാൽ ആ അവസാന നാളുകളിലേക്ക് ഇത്തരം നിസ്സഹായതയിലേക്ക് മനപ്പൂർവ്വം മനുഷ്യമനസ്സ് എത്തുകയില്ല.
ഏവർക്കും നല്ലത് വരട്ടെ 🙏🏻
ശുഭരാത്രി 😌

