Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പരിണാമം
കഥ ജീവിതം ജോലി

പരിണാമം

By JINU JAMESNovember 28, 2025Updated:December 26, 20256 Comments10 Mins Read938 Views
Bookmark Now
Please login to bookmark Close

No account yet? Register

രാത്രി ജോലി തീർത്ത്‌ പൈലി സ്റ്റേഷനിൽ നിന്നും മടങ്ങുമ്പോൾ ഏറെ വൈകിയിരുന്നു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് രണ്ടു ദിവസം മുമ്പ് അലക്കാൻ വേണ്ടി എടുത്തു വെച്ച മുഷിഞ്ഞ യൂണിഫോം അവിടെ തന്നെ ഇരിക്കുന്നത് കണ്ടത്. പൊതിയാൻ പേപ്പറൊന്നും കാണാത്തതിനാൽ അവിടെ കണ്ട ഒരു തുണി സഞ്ചിക്കുള്ളിൽ യൂണിഫോം ഇട്ടു പൈലി പതിയെ പുറത്തേക്കിറങ്ങി.

നേരമൊരുപാട് ആയതിനാൽ സ്റ്റാൻഡിൽ ഓട്ടോ ഒന്നും ഇല്ലായിരുന്നു. അല്പസമയം അവിടെ നിന്നെങ്കിലും ഇനി നിന്നിട്ട് കാര്യം ഒന്നും ഇല്ലന്ന് തിരിച്ചറിഞ്ഞ പൈലി പതിയെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. വീടിനടുത്തുള്ള വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇരുളിന്‍റെ മറവിൽ നിന്നും പൊന്തിവന്ന ഒരാൾ പൈലിയുടെ സഞ്ചിയില്‍ പിടുത്തമിട്ടത്. തന്‍റെ സഞ്ചിയില്‍ പിടിച്ച ആളെ പെരുവിരലിൽ കുത്തിത്തിരിഞ്ഞു ഒരു അടി അടിക്കുകയും ആ അടിയുടെ ആഘാതത്തിൽ ചെറിയ ഞരുക്കത്തോടെ അയാൾ ബോധരഹിതനായി നിലംപതിച്ചു. തന്‍റെ കൊമ്പൻ മീശയില്‍ ഒന്ന് തലോടി തീപ്പെട്ടി ഉരച്ചു നോക്കുമ്പോൾ ഒരു മനുഷ്യൻ ചുരുണ്ടു കിടക്കുന്നു.

ദൂരെ നിന്നും ഒരു വാഹനത്തിന്‍റെ വെളിച്ചം മരങ്ങൾക്കിടയിലൂടെ കടന്നു വരുന്നുണ്ടായിരുന്നു. അല്പസമയത്തിനുള്ളിൽ ഒരു ജീപ്പ് കിതച്ചു കിതച്ചു അരികിലെത്തി…. പൈലി കൈ കാട്ടിയതു കൊണ്ട് അടുത്തു നിർത്തി.

“എവിടെ പോകാനാ ?” കടിച്ചു പിടിച്ച ബീഡി ആഞ്ഞു വലിച്ചു കൊണ്ട് അയാൾ ചോദിച്ചു.

തന്‍റെ ന്യൂട്രൽ നശിപ്പിച്ചതിലുള്ള നീരസം അയാളുടെ മുഖത്ത് കാണാമായിരുന്നു.

” പോലീസ് സ്റ്റേഷൻ വരെ.” മീശ തടവി പൈലി പറഞ്ഞു.

പോലീസ് സ്റ്റേഷൻ എന്ന് കേട്ടതോടു കൂടെ ബീഡി തുപ്പിക്കളഞ്ഞു അയാൾ ജീപ്പിൽ നിന്നും ചാടിയിറങ്ങി.

“താൻ പുറകിലെ വാതിൽ തുറന്നേ…”

നിലത്തു കിടക്കുന്ന ആളുടെ മുണ്ടഴിച്ചു കൈകൾ കൂട്ടിക്കെട്ടി അയാളെ പൊക്കി തോളിലെടുത്ത്‌ ജീപ്പിന്റെ പുറകിൽ നിലത്തു കിടത്തി.

“ആൾക്ക് എന്തെങ്കിലും…” ജീപ്പിന്‍റെ പിൻവാതിലിൽ പിടിച്ചു കൊണ്ട് ഡ്രൈവർ ചോദിച്ചു .

“പിടിച്ചു പറിക്കാൻ നോക്കിയതാ, ഞാൻ എതിർത്തപ്പോൾ അയാളുടെ ബോധവും പോയി അത്ര മാത്രം.”

വഴിവക്കിൽ കിടന്ന സഞ്ചി എടുത്തു പൈലി മുൻസീറ്റിൽ കയറി ഇരുന്നു.

പോലീസ് സ്റ്റേഷൻ വരെ ആരുമൊന്നും സംസാരിച്ചില്ല. ജീപ്പിൽ നിന്നുമിറങ്ങി പൈലി ഡ്രൈവറോട് പിന്നിലേക്ക് വരാൻ ആംഗ്യം കാണിച്ചു. ജീപ്പിൽ കിടക്കുന്ന ആളെ പൈലിക്കൊപ്പം എടുത്തു സ്റ്റേഷന്‍റെ വരാന്തയിൽ കൊണ്ട് കിടത്തിയപ്പോളാണ് മുഖം കാണാൻ സാധിച്ചത്.

“ഈശ്വരാ ഇത് കള്ളൻ മണി അല്ലേ!” ആശ്ചര്യത്താൽ ഡ്രൈവറുടെ ശബ്ദം അല്പം ഉറക്കെ ആയിപ്പോയി.

പുറത്തു വാഹനത്തിന്‍റെ ശബ്‌ദം കേട്ട് ഒരു പോലീസ് കോൺസ്റ്റബിൾ ഉറക്കച്ചുവടോടെ വരാന്തയിലേക്ക് കടന്നു വന്നു, വരാന്തയിൽ കിടക്കുന്ന ആളുടെ അടുത്ത് ചെന്ന് നോക്കി:

“ഇയാളെ എവിടുന്നു കിട്ടി? ഇത് ആരാണെന്ന് അറിയാമോ?”

ഒരു ഞെട്ടലോടെ അയാൾ പൈലിയുടെ മുഖത്തേക്ക് നോക്കി,

“ഞാൻ വീട്ടിലേക്ക് നടന്നു പോകുമ്പോൾ ഇയാൾ പിടിച്ചു പറിക്കാൻ ശ്രമം നടത്തി. ഞാൻ അതിനെ ഒന്ന് പ്രതിരോധിച്ചതാണ്.” പൈലി തന്‍റെ ഷർട്ടിന്‍റെ കൈകൾ ചുരുട്ടി വെച്ച് കൊണ്ട് പറഞ്ഞു.

“പൈലി ഇതാണ് ഇവിടുത്തെ സ്ഥിരം തലവേദന : കള്ളൻ മണി.” കഴുത്തിലെ ഷാൾ ഒന്നുകൂടി ചുറ്റികൊണ്ട് കോൺസ്റ്റബിൾ നാരായണൻ പറഞ്ഞു.

“ഓഹോ ആ പറഞ്ഞ കക്ഷി ഇതാ അല്ലേ, നാരായണേട്ടാ,”

തെല്ലു ഗൗരവത്തോടുകൂടി പൈലി തുടർന്നു:

“ഇത്രയും പാവത്താനെ ഇതിനുമുമ്പ് ഞാൻ കണ്ടിട്ടില്ല. ഇതാണോ നിങ്ങളുടെ കേമൻ?”

തെല്ല് പരിഹാസച്ചിരിയോടു പറഞ്ഞുനിർത്തി.

വരാന്തയിലെ കൂജയിൽ നിന്നും കുറച്ചു വെള്ളമെടുക്കാൻ പൈലി ഡ്രൈവറോട് പറഞ്ഞു. കൂജയുടെ മുകളിൽ കമഴ്ത്തി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് ഗ്ലാസിൽ കുറച്ചു വെള്ളം എടുത്തു കൊണ്ടുവന്നു പൈലിയുടെ കയ്യിൽ കൊടുത്തു. അല്പം വെള്ളം കൈയിലെടുത്ത് നിലത്ത് കിടക്കുന്ന അയാളുടെ മുഖത്തേക്ക് കുടഞ്ഞു.

ഞെട്ടി കണ്ണുതുറന്ന് അയാൾ ചുറ്റിനും നോക്കി, മുന്നിൽ ഒരു കൊമ്പൻ മീശക്കാരൻ നിൽക്കുന്നു. എണീക്കാൻ നോക്കിയപ്പോൾ ഒരു ബലിഷ്ടകരം അയാളെ തറയിലേക്ക് ശക്തമായി അമർത്തി. അയാൾക്ക് മനസ്സിലായി തന്നെ കെട്ടിയിട്ടിരിക്കുകയാണെന്ന്…

“അവിടെ അനങ്ങാതെ കിടക്കടാ…” പൈലി മുരണ്ടു.

“എന്തായാലും താൻ ആള് കൊള്ളാമല്ലോ!” താടിക്ക് കൈ കൊടുത്തുകൊണ്ട് നാരായണൻ തുടർന്നു:

“ ഞാൻ സൈമൺ സാറിനെ ഒന്ന് വിളിക്കട്ടെ.”

നാരായണൻ അകത്തേക്ക് നടന്നു.

“നാരായണേട്ടാ ഇയാളെ ഒന്ന് പിടിച്ചേ, സെല്ലിൽ ഇട്ടു കഴിഞ്ഞാൽ എനിക്ക് പോകാമായിരുന്നു”.

” എന്‍റെ പൊന്നു പൈലി, അങ്ങനെ താൻ പോകാതെ.. താൻ പിടിച്ച ആളിന്‍റെ കാര്യങ്ങൾ തനിക്കറിയില്ല, പിന്നെ ഇവിടെ ഞാൻ മാത്രമേയുള്ളൂ. ഇവനെ നോക്കി ഈ രാത്രി എനിക്കിവിടെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റില്ല.”

അകത്തേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കാതെ നാരായണൻ പറഞ്ഞു.

ഡ്രൈവർ ആദരവോടെ പൈലിയെ നോക്കിനിൽക്കുകയായിരുന്നു. അഭ്യാസിയായ മണിയെ കീഴടക്കാൻ ഇദ്ദേഹത്തിന് സാധിച്ചെങ്കിൽ ചില്ലറക്കാരനായിരിക്കില്ല അയാൾ മനസ്സിൽ കരുതി; പക്ഷേ സമയം ഏറെയായി എന്നോർക്കുമ്പോൾ ചെറിയ വിഷമവും തോന്നാതിരുന്നില്ല.

ഏതായാലും ഇനി എസ് ഐ വരാതെ പോകാൻ സാധിക്കില്ലെന്ന് പൈലിക്കു ഉറപ്പായി.

“ഉം…. താൻ പൊക്കോ.”ഗൗരവത്തോടെ പൈലി തുടർന്നു: ”രാവിലെ വന്നു തന്‍റെ കാശ് വാങ്ങിക്കോണം.. തന്‍റെ കൈയ്യിൽ വലിക്കാൻ വല്ലതുമുണ്ടോ?”

“സാറേ ബീഡി മാത്രമേ ഉള്ളൂ…”

“ബീഡിയെങ്കിൽ ബീഡി, ഒരെണ്ണം എടുത്തേ…”

പൈലി മനസ്സില്ലാമനസ്സോടെ കൈ നീട്ടി.

പായ്ക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു കത്തിച്ച് ആഞ്ഞുവലിച്ചു പുക ഊതിക്കൊണ്ട് ഡ്രൈവറോട് പൊക്കോളാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു . ബോധം വീണ മണിയെ എണീപ്പിച്ച് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് കൊണ്ടുപോയി. ജീപ്പിലിരുന്ന് ഒന്നുകൂടി അയാൾ പോലീസ് സ്റ്റേഷനിലേക്ക് നോക്കി. അകത്ത്‌ മണിയുടെ അട്ടഹാസം മുഴങ്ങുന്നുണ്ടായിരുന്നു…. അട്ടഹാസം ദീനരോദനത്തിന് വഴിമാറി തുടങ്ങിയപ്പോൾ ജീപ്പ് പോലീസ് സ്റ്റേഷന്‍റെ ഗേറ്റ് കടന്ന് പതിയെ പുറത്തേക്ക് നീങ്ങി തുടങ്ങി.

ഫോൺ ചെയ്തു നാരായണൻ തിരികെ വരുമ്പോൾ പൈലി കസേരയിൽ ഇരുന്നു ബീഡി വലിക്കുന്നു. ലോക്കപ്പിന്‍റെ അരികിലെ ഭിത്തിയിൽ ചാരിയിരുന്നു മണി തേങ്ങി കരയുന്നു! നാരായണന് തന്‍റെ കണ്ണുകളെ വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല, കാരണം കഴിഞ്ഞ മാസം ചന്തയിൽ വെച്ച് അറവുകാരൻ കുഞ്ഞിനെ അടിച്ചു താഴെയിട്ട ആ മണി തന്നെയാണോ ഇത്?

“അല്ല പഹയാ നീ ഇവനെ തല്ലിക്കൊല്ലാൻ തീരുമാനിച്ചോ?”

“അതല്ല നാരായണേട്ടാ, അവൻ എന്നെ ഭീഷണിപ്പെടുത്തുന്നു. അപ്പോൾ അവന്‍റെ വിഷമം മാറ്റിക്കൊടുക്കേണ്ടേ ഞാൻ…”

വായിൽ വന്ന മുട്ടൻ തെറി വിഴുങ്ങി കൊണ്ട് പൈലി ബീഡി ആഞ്ഞു വലിച്ചുകൊണ്ട് തുടർന്നു:

“സൈമൺ സാർ എന്തു പറഞ്ഞു?”

പൈലിയുടെ മുഖം പുകയാൽ മറഞ്ഞപ്പെട്ടിരിക്കുകയായിരുന്നു.

“ഇപ്പോൾ തന്നെ വരും എന്നാ പറഞ്ഞത്, സാറിന് ഇവനോട് ഇത്തിരി കണക്ക് തീർക്കാനുണ്ട് പോലും !!”

പൈലിയുടെ എതിരെ കസേര വലിച്ചിട്ട് അതിലിരുന്ന് നാരായണൻ തുടർന്നു:

“നീ എങ്ങനെ ഇവന്‍റെ അടുത്ത് എത്തിച്ചേർന്നു?”

“കവലയിൽ നിന്നും വാഹനം ഒന്നും കിട്ടാത്തതിനാൽ വീട്ടിലേക്ക് നടക്കുകയായിരുന്നു.. പള്ളിത്തോട്ടത്തിന്‍റെ അടുത്ത് എത്തിയപ്പോൾ ഇവൻ എന്‍റെ സഞ്ചിയിൽ എന്തോ ഉണ്ടെന്നു കരുതി പിടിച്ചപ്പോ ചെറുതായി ഒന്ന് കൊടുത്തു, അതോടെ ഇവന്‍റെ ബോധവും പോയി….”

തന്‍റെ തുടയിൽ തട്ടി അട്ടഹസിച്ചു കൊണ്ട് പൈലി പറഞ്ഞു.

“താൻ ആളു കൊള്ളാമല്ലോ അസമയത്ത് പള്ളിത്തോട്ടത്തിന്‍റെ അരികിലൂടെ ആരും നടക്കാറില്ല. നടക്കരുത്, അത് നല്ലതല്ല.” മുന്നറിയിപ്പ് പോലെ നാരായണൻ പറഞ്ഞു. നാരായണന്‍റെ വാക്കുകൾ കേട്ടപ്പോൾ പൈലിക്ക് ചിരിയാണ് വന്നത്.

പുറത്ത് മോട്ടോർസൈക്കിൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ നാരായണൻ വേഗം തന്‍റെ തൊപ്പി എടുത്തു വെച്ചു എണിറ്റ് നിന്നു.

എസ് ഐ വേഗം അകത്തേക്ക് കയറി വന്നു നോക്കുമ്പോൾ മണി ലോക്കപ്പിന്‍റെ സൈഡിൽ ചുരുണ്ട് ഇരിക്കുന്നു.

“പൈലി താൻ ഇയാളെ വല്ലതും ചെയ്തോ?”മണിയുടെ അടുത്തുചെന്നു അയാളെ നോക്കിക്കൊണ്ട് എസ് ഐ ചോദിച്ചു.

“സാർ അത് പിന്നെ ചെറുതായി…”

“ഉം… സാരമില്ല രണ്ടെണ്ണം കൊടുത്തില്ലെങ്കിൽ ഇവൻ മിടുക്കൻ ആകും. ഇനി ഇവന്‍റെ തല പൊന്തരുത്.” കൈകൾ കൂട്ടി തിരുമ്മി എസ് ഐ പറഞ്ഞു. മണിയുടെ പേരിൽ ഒരുപാട് കുറ്റങ്ങൾ ചുമത്തപ്പെട്ടു. ചെയ്തതും, ചെയ്യാത്തതും ആയ ഒരുപാട്…

ഇവിടെ നിന്നാണ് കള്ളൻ മണിയുടെ അസ്തമയവും പൈലിയുടെ ( മീശ പൈലി) ഉദയവും നടന്നത്.

മണി അന്തിയുറങ്ങിയിരുന്ന ചെറിയ വീട് ആരുമില്ലാതെ അനാഥമായി കിടന്നു. കള്ള് ഷാപ്പിലെ മണിയുടെ പതിവ് കസേരയിൽ പൈലി ഇരിക്കാൻ തുടങ്ങി. എസ്ഐയെ കണ്ടു പരാതി കൊടുക്കാൻ കാത്തു നിന്നവർ പൈലിയുടെ അടുക്കൽ പരാതി ബോധിപ്പിക്കാൻ കാത്തുനിൽക്കുക പതിവായി. പൈലി ക്ഷിപ്രപ്രസാദിയാണെന്നാണ് നാട്ടിലെ വാമൊഴി. പൈലി ഒറ്റത്തടി ആയിരുന്നു അയാളുടെ കുടുംബത്തെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല അവിടുത്തെ അമ്പലത്തിന്‍റെ വിശാലമായ മൈതാനത്തിന് അരികിലുള്ള ഒരു ഒറ്റ വീട്ടിലാണ് താമസിക്കുന്നത്. വളരെ കുറവായിരുന്നു സംസാരം. വീട്ടിലേക്ക് നടക്കുമ്പോൾ അടുത്തുള്ള കടയിൽ നിന്നും സിഗരറ്റും വാങ്ങി നടന്നു പോകുകയാണ് പതിവ്. എന്തെങ്കിലും ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം കൊടുക്കും. ആളുകൾ അധികം ഒന്നും ചോദിക്കാറില്ലായിരുന്നു, ഭയമായിരുന്നു കാരണം. പൈലിയുടെ സാന്നിധ്യം ഇല്ലാത്ത ചായക്കടയിലും കവലയിലും മീശ പൈലിയും അയാളുടെ സാന്നിധ്യത്തിൽ പൈലി സാറുമായി അയാൾ ആ  നാട്ടിൽ ലയിച്ചു ചേർന്നു. പൈലി അന്വേഷിച്ച കേസുകൾ ഒന്നും തെളിയാതിരുന്നിട്ടില്ല, കള്ളന്മാർ കുറ്റവാളികൾ എല്ലാം പൈലിയുടെ പോലീസ് സ്റ്റേഷൻ പരിധിവിട്ട് ജീവിക്കുവാൻ തുടങ്ങി. ജോലിയിലെ ആത്മാർത്ഥത കാരണം പൈലി എ.എസ്.ഐ ആയി സ്ഥാനക്കയറ്റം നേടി.

ഉച്ചഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോഴാണ് ഒരു വീട്ടിൽ അടിപിടി നടക്കുന്നതായി ഫോൺ വന്നത്.

ഒരു കുടുംബത്തിലെ മൂന്നു മക്കൾ തങ്ങളുടെ തറവാട് വീതം വയ്ക്കുന്നതിൽ ഉണ്ടായ അഭിപ്രായവ്യത്യാസം അയിരുന്നു കാരണം. മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന അല്പം ഉയരത്തിലുള്ള പഴയ വീടാണെങ്കിലും ഇപ്പോഴും നല്ല പ്രൗഢിയോടുകൂടെ തല ഉയർത്തി നിൽക്കുന്നു. മൂന്നു മക്കൾക്കും വീടുവിറ്റ് പണം കിട്ടിയാൽ മതി, കാരണം അവരൊക്കെ കുറച്ചു മാറി സ്വന്തം വീട്ടിൽ നിൽക്കുന്നു അല്പസമയം അവരുടെ സംസാരം കേട്ടപ്പോൾ വീട് വാങ്ങാൻ ആരുംവരുന്നില്ല എന്ന് മനസ്സിലായി, പയ്യെ വീടിനു ചുറ്റിനും നടന്നു നോക്കുമ്പോൾ സൈമൺ പതിയെ പറഞ്ഞു : �”അല്ല പൈലി ഇത് വാങ്ങിക്കോ… ഇവിടെത്തന്നെ താമസം ആക്കാം വാടകയും ലാഭം ആകും, തന്നെയുമല്ല ഇത് ഇപ്പോൾ ചുളുവിലയ്ക്ക് ഇത് കിട്ടും തനിക്ക് താല്പര്യം ഉണ്ടെങ്കിൽ ഞാൻ വാങ്ങി തരാം.”�

സൈമൺ സാറിന്‍റെ വാക്ക് കേട്ടപ്പോൾ തരക്കേടില്ലാത്ത കാര്യമായി പൈലിക്ക്‌ തോന്നി.

നാട്ടിലെ സ്ഥലം വിട്ട് കിട്ടിയ പണം ബാങ്കിൽ കിടക്കുന്നുമുണ്ട്.

“അത് അവര് കൊടുക്കുമോ?” അലസമായി പൈലി ചോദിച്ചു.

“എന്താ സംശയം? അവിടുത്തെ കാർന്നോര് ജഗജില്ലി ആയിരുന്നു എന്നാൽ ആ മക്കൾക്കൊന്നിനും  അങ്ങേരുടെ ഒരു കഴിവും കിട്ടിയിട്ടില്ല പിന്നെ എല്ലാറ്റിനും ജോലിയൊക്കെയായി ഓരോ സ്ഥലത്താണ്, ഇവർക്ക് ഇപ്പോൾ കാശു മതി, തറവാട് ഒന്നും വേണ്ടാ, ഇത് ഒരു നല്ല അവസരമാണ്; നോക്കിക്കോ….”

“എന്നാ സാർ സംസാരിച്ചു നോക്കൂ, വലിയ വിലയൊന്നും കൊടുക്കാൻ ഇല്ല.”സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് പറഞ്ഞു.

“ഇത് ഞാൻ കച്ചവടം ആക്കി തരാം, പിന്നെ കുറച്ചു കഴിഞ്ഞാൽ ഇവിടമൊക്കെ നല്ലതുപോലെ വികസിക്കും.അപ്പോൾ പൊന്നിൻ വിലയ്ക്ക് വേണേ മറിച്ചു കൊടുക്കാം.”

ജീപ്പ് പോലീസ് സ്റ്റേഷനിൽ എത്തി സൈമൺ തന്‍റെ മുറിയിൽ കയറി ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. പൈലി പുറത്തുനിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി. കുടിയേറ്റ മേഖല ആയതിനാലും വികസനം ആയി വരുന്നതേയുള്ളതു കാരണവും ആ വലിയ സ്ഥലവും പുരയിടവും പൈലിക്ക് ചുരുങ്ങിയ വിലയ്ക്ക് കിട്ടി. പൈലിയും സൈമൺ സാറും കൂടി ആ വീട്ടിലേക്ക് കയറി. വിശാലമായ വരാന്തയായിരുന്നു, വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ അടച്ചു കിടക്കുന്ന വീടായതിനാൽ ഒരു രൂക്ഷഗന്ധം അവിടെ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. തന്‍റെ അച്ഛന്‍റെ തറവാട്ടിൽ എത്തിയത് പോലെയാണ് പൈലിക്ക്‌ തോന്നിയത്. ഒരാഴ്ച കഴിഞ്ഞ് പൈലി പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ തന്‍റെ സഹപ്രവർത്തകരെയൊക്കെ വിളിച്ചിരുന്നു.

“ഈ വലിയവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചാൽ ബോറടിക്കില്ലേ?” നാരായണന്‍റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു

“നാരായണാ നമ്മുടെ റപ്പായി മാപ്പിളയുടെ മകളില്ലേ? അവളെ പൈലിക്ക്‌ വേണ്ടി ആലോചിച്ചാലോ എന്ന് കരുതിയിരിക്കുകയായിരുന്നു.”

സൈമൺ പൈലിയുടെ രക്ഷകർത്താവ് ആവുകയായിരുന്നു.

“അത് നല്ല ചേർച്ചയായിരിക്കും സാറേ.” നാരായണൻ സൈമണിനെ പിന്താങ്ങി.

“അതൊന്നും നടക്കുമെന്നു തോന്നുന്നില്ല , എനിക്ക് ബന്ധുക്കൾ എന്നു പറയാൻ ആരുമില്ല. മാതാപിതാക്കൾ ചെറുപ്പത്തിലെ മരിച്ചു. നാടും കൂടും ഇല്ലാത്തവർക്ക് ആര് പെണ്ണ് തരും?”പൈലി ചോദിച്ചു.

“അതിനല്ലേ പൈലി ഞങ്ങളൊക്കെ? ഒന്നും പറയേണ്ട ഈ ഞായറാഴ്ച നമുക്ക് പെണ്ണ് കാണാൻ പോകാം; റപ്പായി ചേട്ടനോട് ഒന്ന് സംസാരിക്കട്ടെ.” സൈമൺ പറഞ്ഞു നിർത്തി.പിന്നീട് എല്ലാം പെട്ടെന്നായിരുന്നു പെണ്ണുകാണലും കല്യാണവും ഒക്കെ.നാട്ടിൽ അറിയപ്പെടുന്ന ആരോഗ്യവാനായ കരുത്തനായ പൈലിയെ റപ്പായിക്ക് ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടമായി.നാട്ടിലെ ഒരു പാട് വീരകഥകളിലെ നായകനെ മറിയക്കുട്ടിക്കും ബോധിച്ചു. കല്യാണത്തോടെ പൈലി ഒരുപാട് മാറി. തന്‍റെ കൂടപ്പിറപ്പായ പുകവലിയെ പാടെ ഒഴിവാക്കി, ഭാര്യയുടെ സ്നേഹസമ്പന്നതയും കരുതലും പിന്നെ സ്വല്പം ഭീഷണിയും കൂടെ ആയപ്പോൾ പൈലി പുതിയ ആളായി. വീട്ടിലെ എല്ലാ ഭരണവും ഭാര്യക്ക് ഒഴിഞ്ഞു കൊടുത്തു. കിട്ടുന്ന ശമ്പളവും ഭാര്യയെ ഏൽപ്പിച്ചു പൈലി സ്വതന്ത്രനായി. ഒപ്പം പുതിയ ഒരു ശീലം ഭാര്യ കൊടുത്തു. രാത്രി ഭക്ഷണത്തിനുശേഷം ഹോർലിക്സ് ഇട്ട് ഒരു ഗ്ലാസ് ചൂട് പാൽ… തന്‍റെ ഭർത്താവിന്‍റെ ആരോഗ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും മറിയക്കുട്ടി തയ്യാറല്ലായിരുന്നു!

കാലം അതിന്‍റെ യാത്ര തുടരുകയായിരുന്നു….

പൈലി സർവീസിൽ നിന്നും വിരമിച്ചു. പഴയ കാലങ്ങൾ അയവിറക്കി വീട്ടിൽ തന്നെയായി. പ്രതാപിയും കരുത്തനുമായിരുന്ന പൈലി ഇപ്പോൾ ശാന്തനും സാമാധാനപ്രിയനുമായിത്തീർന്നു… മക്കൾ രണ്ടുപേരുള്ളത് വിവാഹം കഴിഞ്ഞ് വിദേശത്ത് തന്നെ താമസമാക്കി.രണ്ടാമത്തെ മകൻ ഒരു വിദേശിയെ ആണ് വിവാഹം കഴിച്ചത്! തുടക്കത്തിൽ എതിർപ്പായിരുന്നെങ്കിലും ഭാര്യയുടെ അനുനയത്തിൽ എല്ലാം ഉൾക്കൊള്ളാൻ ശ്രമിച്ചു.

ശരീരത്തിന്‍റെ കരുത്ത് കുറയും തോറും എല്ലായിടത്തും കീഴടങ്ങുകയല്ലാതെ മറ്റൊരു നിവൃത്തിയില്ലന്ന സത്യം പൈലി തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു! പകൽ സമയങ്ങളിൽ വലിയ പണിയൊന്നുമില്ലാത്തതിനാൽ രണ്ടുപേരും വരാന്തയിൽ ഇരിക്കും, പഴയ ഓരോരോ കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊണ്ടിരിക്കും. മറിയക്കുട്ടിക്ക്‌ തന്‍റെ ഭർത്താവിന്‍റെ വീരകഥകൾ കേൾക്കാൻ ഏറെ ഇഷ്ടമാണ്, കേൾക്കുന്ന മറിയക്കുട്ടിക്കും പറയുന്ന പൈലിക്കും ഒരു മടുപ്പും ഉളവാക്കാത്തതിനാൽ കഥകളിൽ ആവർത്തനങ്ങൾ വന്നുകൊണ്ടിരുന്നു. തൊട്ടു മുൻപിൽ ഉള്ള ഒരു പലചരക്ക് കടയിൽ വല്ലപ്പോഴും പോയി ഇരുന്നാലും മീശ പൈലി സംസാരങ്ങൾക്കിടയിൽ അതിവിദഗ്ധമായി തന്‍റെ വീരകഥകൾ ഇടിച്ചു കയറ്റുമായിരുന്നു. പുതുതലമുറയിലെ കുട്ടികൾ നാട്ടിലെ പൊങ്ങച്ചക്കാരെ കൊച്ചുപൈലി എന്നാണ് തമാശയ്ക്ക് അഭിസംബോധന ചെയ്യുക.. എവിടെനിന്നോ വന്നു ചേർന്ന പൈലി ആ നാട്ടിലെ ദാനധർമ്മിയായ ഒരു പണക്കാരൻ ആയതിനാൽ നാട്ടിലെ പഴയ ആളുകൾക്ക് പൈലിയോട് കടുത്ത അസൂയ ഉണ്ട്. നാട്ടിലെ പള്ളി പെരുന്നാളിനും ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും പൈലി ഒരു അഭിവാജ്യഘടകം ആയിരുന്നു.

അന്നും അത്താഴമൊക്കെ കഴിഞ്ഞു പതിവ് പോലെ വരാന്തയിൽ പൈലിയും ഭാര്യയും ചെന്നിരുന്നു, കള്ളൻ മണിയെ കീഴടക്കിയ കഥ വല്ലാത്ത ആവേശത്തിൽ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി  മഴ പെയ്തു തുടങ്ങി കാലവർഷത്തെ തോൽപ്പിക്കുന്ന മഴയായിരുന്നു. തന്‍റെ ഭർത്താവിന് പതിവു ഹോർലിക്സ് ഇട്ട പാൽ എടുക്കാനായി മറിയക്കുട്ടി അടുക്കളയിലേക്ക് പോയി.

മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയിരുന്നു. പൊടുന്നനെ റോഡിൽ നിന്നും ഒരു ശബ്ദം കേട്ടു പൈലി എണീറ്റ് നിന്ന് നോക്കുമ്പോൾ റോഡിൽ ഒരു ബൈക്ക് മറിഞ്ഞു കിടക്കുന്നു, ഉടൻ തന്നെ പൈലി അപകടസ്ഥലത്തേക്ക് ഓടിച്ചെന്നു; ബൈക്കിൽ നിന്നും തെല്ലു മാറി ഒരാൾ കിടക്കുന്നു. മറ്റൊരാളുടെ കാലിൽ ബൈക്ക് വീണു കിടക്കുന്നു. അയാൾ ചെറുതായി ഞരുങ്ങുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് കിടക്കുന്ന ആളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ അയാൾ ബോധരഹിതനാണെന്ന് മനസ്സിലായി. വഴിവിളക്കിന്‍റെ വെളിച്ചത്തിൽ നോക്കിയപ്പോൾ വലിയ പരിക്കുകൾ ഒന്നും കാണുന്നില്ലായിരുന്നു. അയാളെ പിടിച്ചു വലിച്ചു സമീപത്തെ കടവരാന്തയിൽ കിടത്തി. ബൈക്കിന് അടിയിൽ കിടക്കുന്ന ആളുടെ അടുത്തേക്ക് ചെന്നപ്പോൾ ആളുകൾ എത്തിത്തുടങ്ങിയിരുന്നു.ബൈക്ക് എടുത്തു മാറ്റിയപ്പോൾ അയാൾ സ്വയം എണീക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും വീണുപോയി. അടുത്ത് ചെന്നപ്പോൾ മദ്യത്തിന്‍റെ രൂക്ഷഗന്ധം! ആളുകൾ എല്ലാവരും കൂടി അയാളെയും കടവരാന്തയില്‍ ഇരുത്തി. അൽപസമയം കഴിഞ്ഞപ്പോൾ ബോധരഹിതനായ ആൾ കണ്ണു തുറന്നു.

“ഹോ എന്തൊരു നാറ്റമാടാ??”

അവന്‍റെ മുഖത്തേക്ക് ടോർച്ച് തെളിച്ചുകൊണ്ട് തൊട്ടടുത്ത താമസിക്കുന്ന കുഞ്ഞുമോൻ അലറി. ഒന്നും പറയാതെ അയാൾ എണീറ്റ് പതുക്കെ ബൈക്കിന്‍റെ അടുത്തേക്ക് നടന്നു.നാട്ടിലെ എല്ലാത്തിലും അനാവശ്യമായി തലയിടുന്ന കുഞ്ഞുമോന്‍റെ ധാർമികത തലയുയർത്തി..

” പൈലി ചേട്ടാ, അവനെ വിടരുത്… അവൻ നല്ല വെള്ളമാണ്!”

കുഞ്ഞുമോന്‍റെ വാക്കു കേട്ടപ്പോൾ വീട്ടിലേക്ക് തിരികെ നടന്നു തുടങ്ങിയ പൈലിയിലെ പഴയ പോലീസ് തലയുയർത്തി:

” നിന്നോട് പറഞ്ഞത് കേട്ടില്ലേ?”

തിരിഞ്ഞു നടന്നുകൊണ്ട് പൈലി ശബ്ദമുയർത്തി. ഇതൊന്നും ശ്രദ്ധിക്കാതെ അയാൾ തന്‍റെ ബൈക്കിന്‍റെ ചാവി തിരയുകയായിരുന്നു.

“നീ അങ്ങനെ ഇപ്പോ പോകേണ്ടാ, അവിടെ ഇരിക്കെടാ.”

കുഞ്ഞുമോൻ അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു.

“ചേട്ടാ,എനിക്ക് പോകണം.”

മുഖത്തേ വെള്ളം തുടച്ചു കൊണ്ട് അയാൾ പറഞ്ഞു.

കുഞ്ഞുമോന്‍റെ ടോർച്ചിന്‍റെ വെളിച്ചത്തിൽ ചാവി കിടക്കുന്നത് കണ്ടു അയാൾ ചാവി എടുക്കാനായി കുനിഞ്ഞപ്പോൾ കുഞ്ഞുമോൻ ചാവി ചവിട്ടിപ്പിടിച്ച് അലറി .

“നിന്നോടല്ലെടാ കോപ്പേ കുറച്ചു കഴിഞ്ഞു പോയാൽ മതി എന്നു പറഞ്ഞത്?”

“പോട്ടെ ചേട്ടാ….” അയാൾ കുഞ്ഞുമോന്‍റെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു:

“അവന്‍റെ ഒരു ചാവി; മിണ്ടാതിരിക്കെടാ…”

കുഞ്ഞുമോൻ അയാളെ ചവിട്ടി. മദ്യത്തിന്‍റെ ലഹരിയിലായതിനാൽ അയാൾ മറിഞ്ഞുവീണു….നാട്ടുകാരുടെ സാന്നിധ്യത്തേക്കാൾ പൈലിയുടെ സാന്നിധ്യമാണ് കുഞ്ഞുമോനെ ശക്തനാക്കിയത്.

“എന്തിനാ ചേട്ടാ എന്നെ വെറുതെ ചവിട്ടിയത്…?”

അഴുക്കുവെള്ളത്തിലേക്ക് മറിഞ്ഞു വീണായാൾ എണീറ്റ് കുഞ്ഞുമോന്‍റെ അടുത്തേക്ക് ചെന്ന് ചോദിച്ചു.

മെലിഞ്ഞു തന്നെക്കാളും ആകാരത്തിൽ ചെറിയ ആളെ പേടിക്കേണ്ടതില്ലെന്നു ധൈര്യത്തിൽ കുഞ്ഞുമോൻ മുണ്ട് മടക്കികുത്തി പീടിക തിണ്ണയിൽ കുത്തിയിരിക്കാൻ ആംഗ്യം കാണിച്ചു.

പൊടുന്നനേ ഒരു ശബ്ദം കേട്ട് എല്ലാവരും നോക്കുമ്പോൾ കുഞ്ഞുമോൻ നിലത്ത് കമന്നു കിടക്കുന്നു.

“നിന്നോടല്ലേ കോപ്പേ എനിക്ക് പോകാനുണ്ടെന്ന് പറഞ്ഞത്?”

കുഞ്ഞുമോന്‍റെ മുതുകത്ത് ചവിട്ടിക്കൊണ്ട് അയാളലറിയത് കുഞ്ഞുമോൻ കേട്ടില്ല,കാരണം ആദ്യം കിട്ടിയ അടിയിൽ തന്നെ കുഞ്ഞുമോന്‍റെ ബോധം പോയിരുന്നു.

അയാൾ ചാവി എടുത്ത് തിരിഞ്ഞപ്പോൾ പൈലിയുടെ കരുത്തുറ്റ അടിയിൽ അയാൾ നിലത്തേക്ക് വീണ അയാളുടെ കോളറിൽ പിടിച്ച് എണീപ്പിക്കാൻ കുനിഞ്ഞപ്പോൾ അവിടെ കിടന്ന ഹെൽമെറ്റ് എടുത്ത് അയാൾ പൈലിയുടെ തലയ്ക്കു ആഞ്ഞടിച്ചു. കനത്ത അടി ആയതിനാൽ കണ്ണിലിരിട്ടു കയറിയതുപോലെ പൈലിക്ക് തോന്നി. മരച്ചു നിൽക്കുന്ന പൈലിയെ രക്ഷിക്കണോ ബോധമില്ലാത്ത കുഞ്ഞുമോനെ രക്ഷിക്കണോ എന്നറിയാതെ മറ്റുള്ളവർ വാ പൊളിച്ചു നിന്നു. ഈ സമയത്ത് പൈലിയെ മറിച്ചിട്ട് നെഞ്ചിൽ കയറിയിരുന്നു അയാൾ തല്ലാൻ തുടങ്ങി. ബാക്കിയുള്ളവർ എല്ലാവരും പിടിച്ചിട്ടും അയാളുടെ പിടിയിൽ നിന്നും പൈലിയെ രക്ഷിക്കാൻ നാട്ടുകാർക്ക് സാധിച്ചില്ല. കൂട്ടത്തിൽ ആരോ തൊട്ടടുത്ത വേലിയിൽ നിന്നും ഒരു കമ്പ് ഓടിച്ച് അവനെ തടങ്ങും വിലങ്ങും തല്ലിയപ്പോൾ പതറിയ അയാൾ പൈലിയെ ഉപേക്ഷിച്ച് മറ്റുള്ളവരുടെ നേരെ തിരിഞ്ഞു. പൈലിയുടെ മുഖമാകെ ചോരയിൽ കുളിച്ചിരുന്നു. നാട്ടുകാരുടെ ആക്രമണത്തിൽ അയാളുടെ ചെറുത്തു നിൽപ്പവസാനിച്ചു. എല്ലാവരും കൂടെ അയാളെ കെട്ടിയിട്ടു. മുന്നിലെ രണ്ടു പല്ല് നഷ്ടപ്പെട്ട കുഞ്ഞുമോൻ ചോരയൊലിക്കുന്ന മുഖത്തോടെ നിസ്സഹനായി പൈലിയെ നോക്കി. റോഡിൽ വിഷമിച്ചു എണീറ്റിരുന്നു ശ്വാസം എടുക്കാൻ പൈലി ബുദ്ധിമുട്ടുകയായിരുന്നു. ഇതിനിടയിൽ ആരോ പോലീസിനെ വിളിച്ചിരുന്നു. തങ്ങളുടെ ആരാധ്യ പുരുഷന്‍റെ ദയനീയമായ കാഴ്ച കണ്ടു പോലീസുകാർ തരിച്ചു നിന്നു.

പൈലിയെ പിടിച്ചു പൊന്തിക്കുമ്പോൾ പൈലി പതിയെ എസ്ഐയോട് പറഞ്ഞു:

“അതേ, എന്‍റെ പേര് ഇതിൽ വരണ്ട, വേറെ വകുപ്പിൽ എഫ്ഐആർ ഇട്ടാൽ മതി, നല്ലതുപോലെ ഒന്ന് പെരുമാറണം.” തന്നെ പിടിച്ചു പൊന്തിക്കുന്ന എസ്‌ ഐ യോട് പൈലി പറയുമ്പോൾ കിതക്കുകയയിരുന്നു.

“എന്‍റെ പൊന്നു സാറേ; ഇവനെ ഒന്നും ചെയ്യാൻ പറ്റില്ല, വേണെമെങ്കിൽ രണ്ടുമൂന്നു കീറു കൊടുക്കാം. ഇതിനു മൂത്ത ഭ്രാന്താ…..” എസ് ഐ പൈലിയുടെ ചെവിയിൽ മന്ത്രിച്ചു.

തന്‍റെ പ്രതാപം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയ ആളെ പൈലി അടുത്ത് ചെന്ന് ഒന്നുകൂടി നോക്കി. കുഞ്ഞുമോൻ തന്‍റെ നഷ്ടമായ പല്ലുകളെ ദുഃഖത്തോടെ നോക്കിയിരിക്കുകയായിരുന്നു. ദേഹമാസകലം ചെളിയും തകർന്ന മനസ്സുമായി പൈലി പതിയെ വീട്ടിലേക്ക് നടന്നു.

വരാന്തയിൽ പൈലിയെ കാത്തിരിക്കുന്ന ഹോർലിക്സ് ഇട്ട പാൽ തണുത്തു തുടങ്ങിയിരുന്നു.

ജിനു ജെയിംസ്‌.

Post Views: 55
6
JINU JAMES
  • Website

വേരുകൾ കോട്ടയത്തു ആയിരുന്നെങ്കിലും വയനാട്ടിലേക്ക് പറിച്ചു നടേണ്ടി വന്നു. സ്വപ്‌ന ജീവി ആയതിനാൽ വായനയും ചിന്തകളും ആയിരുന്നു ഒപ്പം. മടിയനും നാണം കുണുങ്ങിയും ആയതിനാൽ വല്ലപ്പോഴും എഴുതാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ സ്വ‌പ്നങ്ങൾ പൂർത്തിയാക്കാൻ പ്രവാസജീവിതം നയിക്കുന്നു…..

6 Comments

  1. Thara Subhash on December 3, 2025 8:09 PM

    ജിനു, നല്ല കഥ. എല്ലാ മല്ലന്മാർക്കും ഒടുവിൽ ഒതുങ്ങുന്നൊരു ദിവസം വരും! നല്ല ആശയം . ചേർന്ന ഭാഷ ഒട്ടും ലാഗില്ലാത്ത ഒഴുക്ക്. . ഒത്തിരി ഇഷ്ടമായി . ആൺ കഥകളുടെ ഉസ്താദാണ് താങ്കൾ. 👌👌👏👏❤️❤️

    Reply
    • JINU JAMES on December 4, 2025 4:23 PM

      എന്റെ പൊന്നു ചേച്ചീ, എല്ലാ കഥകളും വായിക്കാനും ആത്മാർഥമായി അഭിപ്രായം പറയാനും വേണ്ടി സമയം മാറ്റിവെക്കുന്ന ആ മനസ്സിന് ഒരായിരം നന്ദി❤️❤️❤️😍😍🙏🙏

      Reply
  2. Joyce Varghese on November 30, 2025 12:45 AM

    പോലീസുകാരുടെ അഭവങ്ങൾ, അവരുടേത് പ്രത്യേക ലോകമാണല്ലോ, ശിക്ഷയെ കുറച്ച് ആലോചിക്കാതെ impulsive ആയി പ്രതികരിക്കുന്നവരെ deal ചെയ്യുന്നവർ.
    നല്ല രചന
    👍

    Reply
    • JINU JAMES on November 30, 2025 2:24 AM

      ഈ തിരക്കുകൾക്കിടയിലും കഥകൾ വായിക്കാനും അഭിപ്രായങ്ങൾ പറയാനും സമയങ്ങൾ കണ്ടെത്തുന്നതിന് ഒരു പാട് നന്ദി ❤️❤️🙏🙏

      Reply
  3. Sunandha on November 29, 2025 4:38 PM

    നല്ല കഥ..
    അധികം എഴുത്തപ്പെടാത്ത വിഷയം.
    👍

    Reply
    • Jinu James on November 29, 2025 4:41 PM

      വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് സ്നേഹം ❤️❤️🙏

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.