ചുറ്റും നിറഞ്ഞു തെളിയുന്ന കാർത്തിക ദീപങ്ങൾ മിസ് ചെയ്തു തുടങ്ങിയത് കോട്ടയത്ത് ജീവിതം തുടങ്ങിയപ്പോഴാണ്. ചുറ്റുവട്ടത്തെ വീടുകളിലൊന്നും ദീപം തെളിക്കലില്ല. എൻ്റെ കാർത്തിക ദീപങ്ങൾ, ഇന്ന് അയൽ ദീപങ്ങൾ കൂട്ടില്ലാത്ത മടുപ്പിലും വെെകിട്ടത്തെ അപ്രതീക്ഷിത മഴയുടെ കുളിരിലും പെട്ട് വേഗത്തിൽ കാറ്റിനു കീഴടങ്ങി.
എല്ലാ വൃശ്ചിക മാസത്തിലും കുട്ടിക്കാലത്തെ കാർത്തിക വിളക്കുകൾ, എന്നെ ഓച്ചിറ അമ്പലത്തിലേക്ക് മടക്കി വിളിക്കും. അവിടത്ത 12 വിളക്കും, കാർത്തിക വിളക്കും ഇന്നും കണ്ണിൽ കത്തി നിൽപ്പുണ്ട്. ഓർമ്മയുറച്ച കാലം മുതൽ വൃശ്ചികത്തിലെ ആദ്യത്തെ 12 ദിവസം, അമ്മമ്മയും മാമനും മറ്റു ബന്ധുക്കളുമായി ഓച്ചിറയിലാണ് പൊറുതി. 15 വയസ്സു വരെ എല്ലാ ഭജനക്കാലവും മുടങ്ങാതെ പരബ്രഹ്മ സങ്കല്പത്തിനിണങ്ങും പോലെ സ്കൂളിൻ്റെ, വീടിൻ്റെ, സമയത്തിൻ്റെ, കെട്ടുപാടുകളില്ലാതെ ജീവിച്ചത് ഇന്നും ഇന്ധനമായി ഉള്ളിലുണ്ട്.
അന്ന ദാന മന്ദിരത്തിലെ 2-ാം നമ്പർ മുറി സ്ഥിരമായി അന്ന് ഞങ്ങൾക്കായിരുന്നു. വൃശ്ചികം 13-ാം തീയതി ഭജനം നിർത്തി മടങ്ങുമ്പോൾ അടുത്ത വർഷത്തേക്ക് മുൻകൂർ ബുക്ക് ചെയ്ത് കൃത്യമായി അത് നിലനിർത്തിപ്പോന്നു. ഒന്നാമത്തെ മുറി എറണാകളത്തു നിന്നു മുടങ്ങാതെ എത്തിയിരുന്ന 12 ദിവസത്തെ രാപ്പകൽ കൂട്ടുകാരി ജയലക്ഷ്മിയുടെ മാമൻ്റേതാണ്. മന്ദിരത്തിൽ കതകും പൂട്ടും ആ രണ്ടു മുറികൾക്കേയുള്ളൂ. വിശാലമായ ബാക്കി ഭാഗം ഭജനക്കാലത്തൊാഴികെ അന്നദാനത്തിനുപയോഗിക്കും. ഭജനക്കാലത്ത് പനമ്പു വെച്ച് തിരിച്ച് കുഞ്ഞു മുറികളാക്കി ആവശ്യക്കാർക്കു നൽകും.
വൃശ്ചികം ഒന്നിനു രാവിലെ പുതിയ പായ, തലയിണ, വസ്ത്രങ്ങൾ, പാചകത്തിനുള്ള പാത്രങ്ങൾ ഒക്കെയായി ഭക്തി പാരവശ്യത്തോടെ മുതിർന്നവരും ഉത്സവ ലഹരിയിൽ ഞങ്ങളും ചെന്നങ്ങിറങ്ങും. ആ നാട്ടുകാർ തന്നെ ആയതു കൊണ്ട് പന്ത്രണ്ടു ദിവസവും എവിടെത്തിരിഞ്ഞു നോക്കിയാലും ബന്ധുക്കളും നാട്ടുകാരുമായിരിക്കും. ചോദിക്കുന്നതെന്തും കയ്യിലെത്തുന്ന 12 ദിനരാത്രങ്ങൾ! ആദ്യകാലങ്ങളിൽ ആപ്പിൾ ബലൂണും ചെറിയ കളിപ്പാട്ടങ്ങളുമാണ് മോഹിപ്പിച്ചതെങ്കിൽ പിന്നീടത് വളയും മാലയും ചാന്തും പൊട്ടും കണ്മഷിയുമൊക്കെയായി. ഇതെല്ലാം വാങ്ങിത്തരാൻ ഒരപ്പച്ചിയോ കുഞ്ഞമ്മയോ, വല്യമ്മയോ, അപ്പുപ്പനോ മാമനോ, ഓച്ചിറ പടനിലത്ത് സദാ ചുറ്റിത്തിരിയുന്നുണ്ടാവും. മുറിയുടെ മൂലയിൽ ജയയും ഞാനും ദിവസേന കിട്ടുന്ന സമ്മാനങ്ങൾ കൂട്ടി വെച്ച് കണക്കെടുക്കും. ലോക്കൽ സപ്പോർട്ട് എനിക്കായതു കൊണ്ട്, ഞാനാവും അതിൽ സമ്പന്ന!
ഭജനക്കാലത്ത് വളരെ കുറച്ച് വിഭവങ്ങളെ ഉണ്ടാക്കൂ. പക്ഷേ കുട്ടകങ്ങളിൽ വലിയ അളവിലാണ് കഞ്ഞിയും, പുഴുക്കും, ഉച്ച നേരത്തെ ചോറും ഒന്നോ രണ്ടോ കറികളും പാകമാക്കുന്നത്. അപ്പോൾ സ്ഥലത്തുള്ള ബന്ധുക്കളും, വീട്ടിലെ സഹായികളും, കൃഷിക്കാരും എല്ലാം ചേർന്നാണ് പാചകം. ഓരോ നേരവും ഭക്ഷണം പാകമാകുമ്പോൾ മുതൽ മുറിയുടെ മുന്നിലെ ചെറിയ വരാന്തയിൽ വിളമ്പു തുടങ്ങും. പാത്രത്തിൻ്റെ മുന്നിൽ ആരു വന്നിരിക്കുന്നോ, അവർക്ക് ഭക്ഷണം. അതാണ് രീതി. ഇടതടവില്ലാത്ത അന്നദാനം. എത്രയേറെ ഉണ്ടാക്കിയാലും ഇന്നത്തെ പോലെ വെട്ടി മൂടേണ്ടി വരില്ല. ധാരാളം ഭിക്ഷക്കാരും പട്ടിണിപ്പാവങ്ങളും അവിടെയുണ്ട്. പക്ഷേ അവരാരും അന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോവുകയോ, എന്തെങ്കിലും പിടിച്ചു പറിക്കുകയോ ചെയ്തതായി കേട്ടു കേൾവി പോലുമില്ല. അങ്ങനെയൊരു ഭീതിയും അവിടെ പറന്നു നടന്ന ഞങ്ങൾ കുട്ടികൾക്കോ, വീട്ടുകാർക്കോ ഇല്ലായിരുന്നു.
ഓച്ചിറയിലെ രണ്ടു തിയേറ്ററുകളിലും മാറി മാറി സിനിമ കാണുന്നതും കുട്ടികൾക്ക് ആചാരങ്ങളുടെ ഭാഗമായിരുന്നു ഒരിടത്ത് ഭക്തിപ്പടവും മറ്റിടത്ത് വാണിജ്യ സിനിമയും അതാണ് പതിവ്. ഭജനമിരിക്കുന്നവർ സിനിമ കാണില്ല. പക്ഷേ തൊഴുതു മടങ്ങാൻ വരുന്ന ബന്ധുക്കൾക്കു കാണാം. കുട്ടികൾക്ക് ഇളവുമുണ്ട്. സകല ബന്ധുകൾക്കുമൊപ്പം പോയി സിനിമ കാണാപാഠം പഠിക്കാം.. സിനിമക്കു പോകുന്ന ബന്ധുക്കൾക്ക് അമ്മമ്മ വക സെൻസറിങ്ങ് ഉണ്ട് എല്ലാവരും ഭക്തിപ്പടത്തിൻ്റെ പേരു പറഞ്ഞാണ് ഊരുന്നത്. അതും തമാശയാണ്. ഒന്നാം തരം കച്ചവട സിനിമയായ ‘ദിവ്യദർശനം’ ഒക്കെ പേരിൻ്റെ മറവിൽ ഭക്തിപ്പടമായി അവതരിച്ചവയാണ്. പേര് കേട്ട് ‘അമ്മേ നാരായണാ’ പറഞ്ഞ് കൈകൂപ്പിയ അമ്മമ്മയെ ഓർത്ത് പിൽക്കാലത്ത് ഒത്തിരി ചിരിച്ചിട്ടുണ്ട്.
നടന്നു കാലു കഴക്കുന്നത്ര വിശാലമായ അമ്പലപ്പറമ്പിലാകെ ഓലയും പനമ്പും കൊണ്ടുണ്ടാക്കിയ കുഞ്ഞു കുഞ്ഞു കുടിലുകളാവും. ബാക്കി സ്ഥലത്തു മുഴുവൻ ചിന്തി, വറ പൊരി, ആദായ വിൽപന കടകളും, വെച്ചു വാണിഭക്കാരും, കൈനോട്ടക്കാരും. നിറഞ്ഞിരിക്കും. സ്ഥിരമായി അവിടെ അട്ടിപ്പേറ് കിടക്കുന്ന ജയക്കും എനിക്കും മുഖപരിചയമില്ലാത്ത ഒറ്റ കച്ചവടക്കാർ പോലുമില്ലായിരുന്നു. ഇന്ന് സങ്കല്പിക്കാനാവാത്ത തരത്തിലുള്ള സ്വാഭാവിക ബോണ്ടിങ്ങ് അവിടത്തെ എല്ലാത്തരം മനുഷ്യർ തമ്മിലും പ്രകൃതിയുമായും അന്നുണ്ടായിരുന്നു.
കൗമാരത്തിൽ ജയയും ഞാനും അടുത്തു നിന്ന് കണ്ട ആദ്യ പ്രണയവും ഓച്ചിറയിലെ മണ്ണിലാണ്. ഞങ്ങളുടെ എട്ടാം ക്ലാസ്സിലെ ഭജനക്കാലത്താണ്, ജയയുടെ കസിൻ കായംകുളം MSM കോളേജിലെ ഒന്നാം വർഷ പ്രീഡിഗ്രിക്കാരി സുകന്യച്ചേച്ചി, ഹോസ്റ്റലിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി, വൈകിട്ട് ഭജനസ്ഥലത്ത് വന്നു പോകാൻ തുടങ്ങിയത്. മുൻ വർഷങ്ങളിലും കക്ഷി വരാറുണ്ടായിരുന്നെങ്കിലും ചവറയിലെ വീട്ടിൽ നിന്ന് അച്ഛനമ്മമാർക്കൊപ്പം വന്ന് അന്നു തന്നെ മടങ്ങുമായിരുന്നു. ചേച്ചി വന്നാലുടനെ ഞങ്ങൾ പിന്നാലെ കൂടും. അവരുടെ ഇഷ്ടസ്ഥലം അമ്പലത്തിൻ്റെ വടക്കുപടിഞ്ഞാറേ അതിരിലുള്ള മനോഹരമായ ഒണ്ടിക്കാവാണ്. ബഹളങ്ങളിൽ നിന്ന് തെല്ലൊന്നൊഴിഞ്ഞ് നാമം ജപിച്ചിരിക്കുന്ന എട്ടോ പത്തോ ആളേ ഏതു നേരത്തും അന്നവിടെ ഉണ്ടാകാറുള്ളൂ. അവിടിരുന്നാണ് കോളേജ് കഥകൾ അടിച്ചു വിടുന്നത്. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഒണ്ടിക്കാവിലെ ആൽത്തറയിൽ നിന്ന് താഴേക്ക് ചാടുമ്പോൾ ചേച്ചിയുടെ കാലിൽ എന്തോ കൊണ്ടു. കാവിലെ മരത്തിൽ ചാരിനിന്ന് ഒരു കാൽ മടക്കി പരിശോധിക്കുമ്പോൾ, അടുത്തെവിടെയോ നിന്നൊരു മൂളിപ്പാട്ട്
“കാലിൽ ദർഭമുന കൊണ്ടിട്ടോ. നിൻ്റെ സാരിത്തുമ്പിലൊന്നു തൊട്ടിട്ടോ ”
സുകന്യച്ചേച്ചി ഞങ്ങളെ തട്ടി മറിച്ച് ശരം കൊണ്ട മാനിനെ പോലെ കുതിച്ചൊരോട്ടം. പകച്ച ബാല്യങ്ങൾ പാട്ടിൻ്റെ ഉടമക്കായി ചുറ്റും പരതി. കാവിലേക്കുള്ള വഴിയിൽ അന്ന് വളരെ കുറച്ച് കടകളേയുള്ളൂ. അതിലൊന്നിൻ്റെ പിന്നിൽ നിന്ന് രണ്ടു ചേട്ടന്മാർ ചിരിച്ചു കൊണ്ടു നടന്നു വന്നു. ഒരാളെ ഞങ്ങൾക്കറിയാം. അതിലൊരു വളക്കടയിലെ ചേച്ചിയുടെ മകനാണ്. മുഖപരിചയം ഉണ്ട്.
“നിങ്ങടെ ചേച്ചി ഭയങ്കര ധൈര്യശാലി ആണല്ലോ. ! ദേ, ഈ ചേട്ടനെ കണ്ടോ? ചേച്ചിയെ കെട്ടാൻ പോന്ന ആളാ. ”
“അയ്യേ! ഈ കൊരങ്ങനോ ?” ജയക്കു സഹിക്കാനായില്ല.
“കൊരങ്ങനൊന്നുമല്ല. വലിയ കവിയും പാട്ടുകാരനുമാ. ചേച്ചീടെ കൂടാ പഠിക്കുന്നേ! ”
എന്തു പാട്ടുകാരനായാലും ഞങ്ങൾക്കു രണ്ടാൾക്കും തീരെ പിടിച്ചില്ല. ചുരുണ്ട മുടിയും ചിരിക്കുന്ന കണ്ണുമുള്ള ചേച്ചിയെ വളക്കാരൻ ചേട്ടൻ കെട്ടിയാലും സഹിക്കാം. ഇതു വയ്യ. ഞങ്ങൾ തിരിച്ചോടി. പാതി വഴിയിൽ പാരവശ്യത്തോടെ കാത്തു നിൽക്കുന്ന ചേച്ചിയെ കണ്ട് ഞങ്ങൾ കാര്യം പറഞ്ഞു. ഒപ്പം അയാൾ നമ്മുടെ പൂർവ്വിക വർഗ്ഗമാണെന്ന പരാമർശം ജയ ആവർത്തിച്ചു. മുറിവേറ്റ കാമുകി ചീറി.
“ജയേ മൂത്തവരെ കുറിച്ച് ഇങ്ങനാണോ സംസാരിക്കുന്നത്? മാമനോട് പറഞ്ഞു കൊടുക്കുന്നുണ്ട്.
ഞങ്ങൾ രോഷം ഉള്ളിലടക്കി നിശ്ശബ്ദരായി. രണ്ടു ദിവസത്തിനു ശേഷം ഒണ്ടിക്കാവിൽ നിന്നു മടങ്ങുമ്പോൾ മറവിൽ നിന്ന് വീണ്ടും പാട്ട് ഇത്തവണ കവിയുടെ സ്വന്തം രചനയാണ്.
“ഒണ്ടിക്കാവിനു ചുറ്റും മണ്ടി നടക്കും പെണ്ണേ!
ഇന്നല്ലെങ്കിൽ നാളെ, നിന്നെ കൂടെ കൂട്ടും ”
ചേച്ചിയുടെ മുഖത്ത് ദേഷ്യത്തിനു പകരം സ്വപ്നങ്ങൾ പൂക്കുന്നതു കണ്ടു ഞങ്ങൾ ഹതാശരായി. അടുത്ത ഭജനക്കാലത്ത് ഇതെങ്ങനെയും പൊളിക്കണമെന്നുറച്ചാണ് ഞാനും ജയയും അത്തവണ മടങ്ങിയത്. പക്ഷേ, സംഗതി മണത്തറിഞ്ഞ വീട്ടുകാർ അടുത്ത ഓണക്കാലത്തു തന്നെ ചേച്ചിയെ ഒരു കോളേജ് അദ്ധ്യാപകന് കെട്ടിച്ചു കൊടുത്തു. ഭർത്താവിനൊപ്പം വന്ന പുതുപ്പണ്ണിന് കവികൾ, പാട്ടുകാർ തുടങ്ങിയ വർഗ്ഗങ്ങളൊന്നും ഭൂമിയിലുള്ളതായി തന്നെ അറിയില്ലെന്നു തോന്നി. വളക്കാരൻ ചേട്ടൻ്റെ കടയുടെ മുന്നിലൂടെ ഞെളിഞ്ഞു നടന്നു ഞങ്ങൾ വിജയം ആഘോഷിച്ചു.
ഇത്തവണ വൃശ്ചികം രണ്ടിന് വൈകിട്ട് ഞാൻ ഓച്ചിറയിൽ പോയിരുന്നു. എല്ലായിടവും മാറിപ്പോയി. തിരക്ക് അസഹ്യമായി. ഒണ്ടിക്കാവിൽ തന്നെ ചെറു പൂരത്തിനുള്ള ആള്. കാവിൻ്റെ പള്ളയിലേക്കു വരെ കടകൾ എത്തി. കാവിൽ നിന്ന് മന്ദിരത്തിലേക്കുള്ള വഴിയിൽ ഞാൻ സൂക്ഷിച്ചു നോക്കി. കാലിൽ ദർഭമുനയുമായി സുകന്യച്ചേച്ചി ഓടിയ വഴിയിൽ പുല്ലു മുളച്ചോ എന്ന്. ഇല്ല ! ഇന്നും ഒറ്റയൊരെണ്ണം പോലുമില്ല.
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


8 Comments
ഓച്ചിറ വിളക്ക് കേട്ടിട്ടേ ഉള്ളായിരുന്നു …..ഇപ്പോൾ കണ്ടു താരാ ….പിന്നെ ഒരു നഷ്ട പ്രണയവും……. ഹൃദ്യമായ രചന👍❤️
ഒരു പാട് സ്നേഹം മിനി.❤️❤️വായനക്കും കമൻ്റിനും❤️❤️🥰🥰
ഓച്ചിറ വൃശ്ചിക വിളക്ക് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഈ വായനയിലൂടെ വിളക്ക് എന്റെ കൺമുമ്പിൽ തെളിഞ്ഞു. അന്നദാനവും വഴിക്കച്ചവടവുമായി.
ഒരു ദേശത്തിന്റെ വികാരമായ ആഘോഷം ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാൻ നാട്ടുകാർക്കെ സാധിക്കൂ. കൂട്ടത്തിൽ സുകന്യ ചേച്ചിയും ചിരിപ്പിച്ചു.
👏👍
വായിച്ചതിനും കമെൻ്റ് ചെയ്തതിനും ഒത്തിരി സ്നേഹം ജോയ്സ് . ❤️🥰നാട്ടുകാർക്ക് ഓണം പോലും ഇത്രക്കങ്ങ് വരില്ല.😃
ഓച്ചിറക്കാരായ സഹപ്രവർത്തകർ പറഞ്ഞ് വിശേഷങ്ങൾ പലതും അറിയാമെങ്കിലും ഈ അനുഭവങ്ങൾ ഹൃദ്യമായി താരച്ചേച്ചീ❤️
കുട്ടിക്കാലത്ത് മനോഹരമായി ഒരുക്കിയ ഓച്ചിറക്കാളയുമായി എല്ലാവർഷവും വീട്ടിൽ വന്നിരുന്ന ഒരപ്പൂപ്പനെ ഓർക്കുന്നു.❤️
സ്നേഹം സുമക്കുഞ്ഞേ! കരുനാഗപ്പള്ളിക്കാരുടെ ദേശീയോത്സവമാണ് 12 വിളക്ക്. ഓണം അതിനു താഴെയേ വരൂ.
ചേച്ചീ, ഇതോടൊപ്പം വീണ്ടും ഓച്ചിറയിൽ പോകാൻ സാധിച്ചു കേട്ടോ…ഒണ്ടിക്കാവ് ഒക്കെ ഇപ്പോളും മനസ്സിൽ ഇപ്പോഴും ഉണ്ട്.
ഒരിക്കൽ കൂടെ ആ വഴിക്ക് കൊണ്ടുപോയത്തിൽ ഒരു പാട് സന്തോഷം 👌👌👌❤️❤️❤️❤️
സ്നേഹം ജിനു ‘എൻ്റെ ഒരു സ്ഥിരം വായനക്കാരനാകുന്നതിന് പ്രത്യേക സ്നേഹം. ഓച്ചിറ ഒരു വികാരമാണെനിക്ക്. കൂടെ പോന്നതിൽ സന്തോഷം❤️❤️❤️