എൻ്റെ കണ്ണും… പുട്ടിൻ്റെ നാടും
മുമ്പ് ഇംഗ്ളീഷിൽ എഴുതിയതാണ് ഭയപ്പെടുത്തിയ ഈ ഓർമ്മ!
ഹസ്ബൻഡിൻ്റെ ബാച്ചിന് ഒപ്പമാണ് റഷ്യ എന്ന ഏറെക്കാലം കാണാൻ ആഗ്രഹിച്ച നാട്ടിലേക്ക് പറന്നത്. 2017 ൽ. കണ്ടൂ അതിസുന്ദരമായ സെൻ്റ്പിറ്റ്റ്സ്ബർഗ്, മോസ്കോ. ഒൻപത് ദിവസത്തെ ടൂർ.
എവിടെ പോയാലും എനിക്ക് വേഗം വീട്ടിൽ തിരിച്ചെത്തണം.
അതാണ് ഞാൻ. മോസ്കോ എയർ പോർട്ടിൽ നിന്നാണ് തിരിച്ച് വരവ്. സുന്ദരികളുടെയും സുന്ദരന്മാരുടെയും നാടിനോട് ബൈ പറഞ്ഞു,മോസ്കോ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാർ എടുക്കുന്നു. ഞങ്ങൾ എഴുപത് അംഗങ്ങൾ. ബാഗേജ് വിമാനക്കമ്പനിക്ക് കൈമാറി പാസ്പോർട്ട് കൈയ്യിൽ
പിടിച്ച് സുരക്ഷ പരിശോധനക്ക് നിന്നു. ഹസ്ബൻഡ് മുന്നിലും ഞാൻ നേരെ പിന്നിലും.
ഞങ്ങളുടെ ഊഴം എത്തി. പാസ്പോർട്ടും മറ്റും കാണിച്ചു. അസാമാന്യ ഉയരവും നിറവും ഗൗരവവും ഉള്ള റഷ്യൻ പൊലീസുകാരിയും പോലീസുകാരനും. ഹസ്ബൻഡ് ഓക്കേ. പിന്നെ ഞാൻ….എന്തോ പന്തികേട് ഉള്ള പോലെ അവർ പാസ്പോർട്ടും എന്നെയും നോക്കി. ഞാൻ ബേജാറായി. പിന്നെ പൊയ്ക്കോള്ളാൻ അനുമതി.
വീണ്ടും സുരക്ഷ. അവിടെ രണ്ട് ആൺപോലീസുകാർ. റഷ്യൻ പോലീസിനെ ആദ്യമായി കാണുകയാണ് ട്ടോ. എന്നെയും എൻ്റെ പാവം പാസ്‌പോർട്ടിനെയും മാറി മാറി നോക്കുന്നു. പിന്നെ തല താഴ്ത്തി ഒരു കുന്ത്രാണ്ടത്തിലേക്ക് നോക്കാൻ പറഞ്ഞു.
“ഞാൻ കൺമഷി എഴുതിയത് കൂടിപ്പോയോ” എനിക്ക് സംശയം. അവർ എണീറ്റു പോയി. വേറൊരു ഭയങ്കരനെ കൊണ്ട് വന്നു. എൻ്റെ കണ്ണ് പരിശോധന വീണ്ടും. കുറ്റവാളിയെപ്പോലെ എന്നെ നോക്കി പൊയ്ക്കോളാൻ പറഞ്ഞു. സമാധാനം. അപ്പോഴേക്കും കൂടെ ഉള്ളവർ മൂന്നാമത്തെ സുരക്ഷ കൗണ്ടറിൽ എത്തിക്കഴിഞ്ഞു. ഹസ്ബൻഡ് കാത്തു നിൽക്കുന്നു.
മൂന്നാമത്തെ കൗണ്ടറിൽ കാര്യങ്ങൾ ആകെ മാറി. എൻ്റെ രേഖകളും കണ്ണും തന്നെ വിഷയം. ഒരു സ്ക്രീനിൽ പല ജാതി കണ്ണുകൾ ഉള്ള മുഖങ്ങൾ നീങ്ങുന്നു. എൻ്റെ കണ്ണുമായി അവ യോജിപ്പിച്ച് നോക്കുന്ന പോലീസുകാർ. അക്ഷമനായി നിൽക്കുന്ന ഹസ്ബൻഡ്. പിന്നെ എന്തൊക്കെ സംഭവിച്ചു എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങൾ.
ദൂരെ.ദൂരെയുള്ള ഒരു പരിചയവും ഇല്ലാത്ത മോസ്കോയിൽ,
നാട്ടിലേക്ക് പോവാനിരിക്കെ, വിസ തീരുന്ന അന്ന് എന്നെ മാറ്റി നിർത്തുന്നു ഒരു സംഘം പോലീസുകാർ. സിംഹത്തിന് മുന്നിൽ കുടുങ്ങിയ എലിയെ പോലെ ഞാൻ. “എന്തിന് എന്നെ പിടിച്ചു വെച്ചിരിക്കുന്നു” എന്ന് എനിക്കറിയാവുന്ന എല്ലാ ഭാഷയിലും ഞാൻ ഉച്ചത്തിൽ ചോദിച്ചു കൊണ്ടിരുന്നു. ഒന്നും കേൾക്കാത്ത പൊട്ടന്മാരെ പോലെ ഈ ഉയരവും വണ്ണവും ഉള്ള പോലീസുകാർ നിന്നു. അപ്പോഴേക്കും ഞങ്ങളുടെ ഗൈഡും മറ്റുള്ളവരും എത്തി. ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മനസ്സിലാവുന്നില്ല. എന്റീശ്വരാ! ആംഗ്യം കാണിച്ചു നോക്കി. ഫ്‌ളൈറ്റിന് ഏകദേശം ഒന്നര മണിക്കൂറെ ഉള്ളൂ. അതിലും ഭയപ്പെടുത്തും വിധം എന്നെ കുറെ പോലീസുകാർ ഒരു വലിയ ഹാളിൻ്റെ മുന്നിലേക്ക് കൊണ്ട് പോയി. മോസ്കോ
എയർപോർട്ട് ആണെന്ന് ഓർക്കണം. പല എസ്‌കലേറ്ററുകളും നീണ്ട വഴികളും പോലീസുകാരുടെ കൂടെ ഓടി എത്തിയാണ് ഹാളിന് മുന്നിൽഎത്തിയത്. വളരെ മര്യാദയോടെയാണ് അവര് പെരുമാറിയത് എന്നത് മാത്രം ആശ്വാസം.
എൻ്റെ കൂടെ കുറച്ച് ലേഡി സുഹൃത്തുക്കൾ ഓടിവന്നു, ഗൈഡും. അവരൊക്കെ അവരെ വിടൂ… ഞങ്ങൾക്ക് പോണം. ഫ്ലൈറ്റ് സമയം ആയി എന്ന് പല വിധത്തിലും രാഗത്തിലും താളത്തിലും അലമുറയിട്ടു കൊണ്ടിരുന്നു. ഒന്നും ഏശുന്നില്ല. എനിക്ക് തലചുറ്റുന്ന പോലെ. കൂടെ വന്നവരോടൊക്കെ പോവാൻ പറഞ്ഞു. പ്രതികരിക്കാൻ വയ്യല്ലോ. ആ ഹാളിന് മുന്നിൽ ഞാൻ മൃതപ്രയായി നിന്നു. എൻ്റെ അവസാനമായി. എല്ലാരും പോവും. കാലിനടിയിൽ മണ്ണൊലിച്ചു പോവുന്ന അവസ്ഥ.
“മൈ പാസ്പോർട്ട്, മൈ ഫ്ലൈറ്റ്” എന്ന് പൊട്ടനെ പോലെ(ക്ഷമിക്കണം) നിൽക്കുന്ന പോലീസുകാരോട് ഞാൻ പറഞ്ഞ് കൊണ്ടേ ഇരുന്നു.കൈകൾ താഴോട്ട് വീശി. ”വെയ്റ്റ്..വെയ്റ്റ്” എന്ന അർത്ഥത്തിൽ അവർ. പിന്നെ എന്നെ ഹാളിൽ എത്തിച്ചു. ആലോചിച്ചു നോക്കൂ.ഒരു വലിയ കോൺഫറൻസ് ഹാളിൽ അനവധി റഷ്യൻ പോലീസുകാർക്കിടയിൽ ഞാൻ. ബീപ്പ്… ബീപ്പ് ശബ്ദം. കമ്പ്യൂട്ടറുകൾ മിന്നുന്നു. കണ്ണുകൾ മാത്രം മുള്ള മുഖങ്ങൾ സ്ക്രീനിൽ മിന്നി മറയുന്നു. എന്നെ നോക്കി കൊടും ഭീകരനെ പോലെ പലതും റഷ്യൻ ഭാഷയിൽ പറയുന്നു.ഞാൻ ഏകദേശം അബോധാവസ്ഥയിൽ ആയി. മരണം ആദ്യമായി മുന്നിൽ
ഉണ്ട് എന്ന് തോന്നിയ നിമിഷങ്ങൾ. മിനിറ്റുകൾ ഓടിക്കൊണ്ടിരുന്നു. എത്രയോ വിശാലമായ എയർപോർട്ട്. ഒന്നും അറിയുന്നില്ല. വാച്ച് നോക്കിയപ്പോൾ ബോർഡിങ്ങിന് മുക്കാൽ മണിക്കൂർ മാത്രം. എനിക്ക് ഭയങ്കര മൂത്രശങ്ക. ഒരു പോലീസുകാരനോട് എങ്ങിനെയൊക്കെയോ പറഞ്ഞു മനസ്സിലാക്കി. എന്തൊരു സങ്കടം! രണ്ടു പോലീസുകാരുടെ അകമ്പടിയോടെ എന്നെ ടോയ്‌ലറ്റിൽ എത്തിച്ചു. മുറിക്ക് മുന്നിൽ അവർ നിന്നു. എനിക്ക് ഓടാനും കൂടി തോന്നാത്ത അവസ്ഥ.
തിരിച്ച് വീണ്ടും ഹാളിൽ. ബോർഡിങ്ങിന് ഏകദേശം അര മണിക്കൂർ മാത്രം. പെട്ടെന്ന്, എന്തൊക്കെയോ മെസ്സേജുകൾ വരുന്ന ശബ്ദങ്ങൾ. പോലീസുകാരുടെ മുഖത്ത് ഭാവവ്യത്യാസം. പാസ്പോർട്ട് എൻ്റെ കൈയ്യിൽ തന്ന് രണ്ടു ഭീമാകാരന്മാരായ
പോലീസുകാരുടെ കൂടെ ഓടിയും നടന്നും ഞാൻ ഗേറ്റിന് അടുത്തെത്തി. എല്ലാരും ബോർഡിങ്ങിന് ക്യൂ നിൽക്കുന്നു. എന്നെ കണ്ടപാടെ കെട്ടിപ്പിടിക്കലും കരയലും. ആശ്വാസത്തിൻ്റെ കണ്ണുനീർ നിസ്സഹായരായ അവരൊക്കെ ഇന്നും എന്നെ കാണുമ്പോൾ ഓർത്തെടുക്കുന്നു ആ ദിവസം. പിന്നെ ഇപ്പൊൾ അവരുടെ ഇടയിൽ എനിക്ക് ഒരു പേര് വന്നു. “തീവ്രവാദി, ഭീകര” തമാശ തോന്നുന്നുണ്ടാവാം.
ഇപ്പോഴും എനിക്കറിയില്ല എന്തിനാ എന്നെ അവർ തടഞ്ഞു വെച്ചത് എന്ന്. ആര് പറഞ്ഞാലും റഷ്യൻ പ്രസിഡൻ്റ് സാക്ഷാൽ പുട്ടിൻ പോലും എയർപോർട്ട് സെക്യൂരിറ്റിയില് ഇടപെടില്ലത്രെ. ഒരു നിഗൂഢ കാര്യമായി ഇന്നും നടുക്കത്തോടെ ഞാൻ ഓർത്തെടുക്കുന്നു. നമ്മുടെ നാടിൻ്റെ സുരക്ഷയിൽ
സമാധാനമായി കഴിഞ്ഞ ഞാൻ എങ്ങനെ ഒരു ഭീകരജീവിയായി?
ആ… ആ?
സുധി


4 Comments
ശരിയാണ് ഇത്തരം യാത്രകൾ ഒരിക്കലും മറക്കാൻ കഴിയില്ല..
നന്നായിട്ട് എഴുതി
ഏതു യാത്ര മറന്നാലും ഈ യാത്ര മറക്കില്ല. നന്നായി എഴുതി.👍
നല്ലെഴുത്ത് ഞാനിത് വായിച്ചിരുന്നു. രാജ്യത്തിനു പുറത്താകുമ്പോൾ ഇത്തരം സന്ദർഭങ്ങൾ നമ്മളെ തകർത്തു കളയും . ഭാഷയും, തുടക്കത്തിലേ പിടിപെടുന്ന ഭീതിയും കൂടി നിരാംബരാക്കിക്കളയും. 👌👌👏👏❤️
‘ ഇതു ഞാൻ വായിച്ചിരുന്നതാണ്. വിദേശത്തു ചെന്ന് ഇങ്ങനെ പെട്ടു പോയാലത്തെ അവസ്ഥ മനോഹരമായി എഴുതി.❤️👏🥰