“പൊന്നാനി, പൊന്നാനി പൊന്നാനി… ലാസ്റ്റ് ബസ്സാണ്. ലാസ്റ്റ് ബസ്സാണ്, പൊന്നാനി, പൊന്നാനി, പൊന്നാനി….”
ബസ്സിലെ കിളിക്ക്, കൊടുക്കുന്ന കാശിനെക്കാൾ, തൊഴിലിനോട് ആത്മാർത്ഥതയുണ്ടെന്നു അവന് തോന്നി. സീറ്റുകളെല്ലാം നിറഞ്ഞിട്ടുണ്ട്, താൻ ഒരാണായതു കൊണ്ടാവാം തന്റെ അടുത്തു ഇരിക്കാൻ കൂട്ടാക്കാതെ മൂന്നാലു സ്ത്രീകൾ നിൽക്കുന്നുണ്ട്, അവർക്ക് വേണ്ടി ത്യാഗം ചെയ്യാൻ വയ്യാത്തപോലെ അയാൾ പുറത്തേക്ക് നോക്കിയിരുന്നു. മഴവെള്ളം സ്റ്റാൻഡിലെ ഓടകൾക്കെല്ലാം വിരുന്നായിട്ടുണ്ട്. ഇതുവരെ മനുഷ്യരായി കൊടുത്തത് ഒരുപണിതൂക്കം കുറയാതെ അത് ഛർദിച്ചു വെച്ചതിൽ തുഴഞ്ഞു വരുന്ന ആണും പെണ്ണും. പെരുന്നാളാണ് വരുന്നത് കടകളെല്ലാം നേരം വൈകിയേ അടക്കു, ഒച്ചിനെ പോലെ വീടും ചുമന്നുനടക്കുന്ന പെൺക്കൂട്ടത്തിനോട് സഹതാപമുണ്ടെങ്കിലും ഈ അവസരത്തിൽ പ്രകടിപ്പിക്കാൻ അവനിലെ ആണഹന്ത അനുവദിക്കുന്നില്ല.
വിയർപ്പിനോട് യുദ്ധം ചെയ്യുന്ന രൂക്ഷഗന്ധങ്ങളോട് അവന്റെ മൂക്ക് പലവട്ടം അപശബ്ദമുണ്ടാക്കി പ്രതികരിച്ചു.
“നാശം ഇതൊന്നു എടുത്തിരുന്നുവെങ്കിൽ”
അവന്റെ ഉറക്കെയുള്ള ആത്മഗതം ശ്രവിച്ച പെണ്ണൊരുത്തിയുടെ ചൂണ്ടിൽ പുച്ഛരസം നിറഞ്ഞുകവിഞ്ഞു പുറത്തേക്ക് തെറിച്ച ലിപിയില്ലാ ഭാഷയിൽ അവൻ തടഞ്ഞു വീണു. എഴുന്നേറ്റ് കൊടുക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കും മുമ്പ് ഒരപ്സരസ്സ് അയാളോട് ചേർന്നിരുന്നു. സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്ന സന്തോഷത്തിൽ അവന്റെ മൂക്കും കണ്ണും ഇരട്ടി പണിയെടുത്തു.എന്റെ സ്വർഗത്തിൽ നിങ്ങൾ വെറുമൊരു കട്ടുറുമ്പാണ് മിസ്റ്റർ എന്ന മട്ടിലവൾ സ്പോട്ടീഫൈ ഓണാക്കി ഇയർപോഡിൽ ലയിച്ചിരുന്നു.ശരീരത്തിലെ ഉഷ്ണതരംഗങ്ങൾ കണ്ണിനേയും കൈകളെയും പ്രവർത്തിപ്പിച്ചു തുടങ്ങി,തൊണ്ട വരണ്ടു.
ഒരു ചുമ,ആ ഒറ്റ ചുമ,അവന്റെ താപത്തെ മുഴുവൻ ഏറ്റുവാങ്ങി.
പിടിക്കപ്പെട്ട കള്ളനെപ്പോലവൻ ചുമ കേട്ട ഭാഗത്തേക്ക് തല തിരിച്ചു. ബസിലെ കിളിയാണ്. അവൻ അയാളെ നോക്കി.കിളിയുടെ കണ്ണുകളൊരു പ്രത്യേക ദിശയിലേക്ക് ഉയർന്നുതാണു. കിളി അവനെ നോക്കി മന്ദഹസിച്ചു.അവിടെ ശ്രദ്ധിക്കുക നിങ്ങൾ സിസിടിവി നീരീക്ഷണത്തിലാണ് എന്നെഴുതിയ ബോർഡ് കണ്ട് അവനൊന്നു പരുങ്ങി.പിന്നെ നേരെയിരുന്നു ചാഞ്ഞും ചെരിഞ്ഞും കിളിയെ നോക്കി.താനിതൊക്കെ എത്ര കണ്ടതാ എന്നൊരു ഭാവം കിളിയിൽ ഉണ്ടോ? ഏയ് തനിക്ക് തോന്നിയതാവും.വേറെ ആരെങ്കിലും തന്നെ ശ്രദ്ധിച്ചുവോ?അവൻ ചുറ്റോടുമൊന്ന് നീരീക്ഷിച്ചു. നേരത്തെ പുച്ഛം വിതറിയ പെണ്ണൊരുത്തി നിന്നു ചിരിക്കുന്നുണ്ട്. അവൻ അങ്ങോട്ട് നോക്കാതെ തന്റെ അടുത്തിരിക്കുന്നവളോട് ചോദിച്ചു.
“പെങ്ങളെ ഈ ബാഗൊന്ന് നേരെ വെക്കുമോ”
അവളവനെ തുറിച്ചു നോക്കി. എന്നിട്ട് ബാഗ് മടിയിൽ ഒന്നുടെ ഒതുക്കിവെച്ചു. വീണ്ടും കണ്ണടച്ച് പാട്ടിൽ ലയിച്ചു.അയാൾക്ക് ആകെയൊരു വിമ്മിഷ്ടം അനുഭവപ്പെട്ടു. അവിടുന്ന് ഇപ്പോൾ എഴുന്നേറ്റ് കൊടുത്താൽ അവർ വീണ്ടും ചിരിക്കും. ഇനിയും ഒരു മണിക്കൂർ യാത്രയുണ്ട്. അടുത്ത സ്റ്റോപ്പിൽ ബസ് നിന്നാൽ മെല്ലെ ഇറങ്ങിപോയാലോ…
ഇപ്പോൾ ഇതിൽ നിന്നുമിറങ്ങിയാൽ ഇനിയെപ്പോൾ അടുത്ത ബസ് കിട്ടാനാ.. അത് ശരിയാവില്ല.
അയാൾ കണ്ണടച്ച് ഉറങ്ങുമ്പോലെ യിരുന്നു. അടുത്ത സ്റ്റോപ്പിൽ നിന്നും ഒരു അമ്മയും മോളും ബസിൽ കയറി. അഞ്ചു വയസ്സൊളം തോന്നുന്ന കുട്ടിയെ അമ്മ എടുത്തിട്ടാണ് ബസിൽ കയറിയത്. ബസ് ഏകദേശം നിറഞ്ഞുകവിഞ്ഞിരുന്നു. എല്ലാവരും ഈ അമ്മയെയും കുട്ടിയേയും നോക്കുന്നുണ്ട്. അമ്മ പ്രതീക്ഷയോടെ ഇരിക്കുന്ന മനുഷ്യരെ ഓരോരുത്തരെയും മാറിമാറി നോക്കുന്നു.
“ഈ തിരക്കിനിടയിൽ സീറ്റ് കിട്ടാൻ ഈ വിളവൊന്നും മതിയാവില്ല ചേച്ചി..!”
ആരാണാവോ അത് പറഞ്ഞത്. പറഞ്ഞ ആളെ കാണാൻ കഴിഞ്ഞില്ലെങ്കിലും എല്ലാവരും ചിരിക്കുന്നുണ്ട്. ആ അമ്മയുടെ മുഖത്തു വല്ലായ്മ നിറഞ്ഞു.ചിരിയുടെ ഒച്ച കേട്ടിട്ട് ആവും പാട്ടുനിർത്തി ആ പെൺകുട്ടി തലയുയർത്തി നോക്കിയത്. അമ്മയെയും കുട്ടിയേയും കണ്ട അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റ് സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ റെഡിയായി.
ഇവൾക്കിതെന്തു പറ്റി.. സാധാരണ ഇപ്പോഴത്തെ കുട്ടികൾ ഒട്ടും എഴുന്നേൽക്കാത്തത് ആണല്ലോ. എന്നാലോചിച്ചുകൊണ്ടവൻ പറഞ്ഞു.
“കുട്ടി എഴുന്നേൽക്കണ്ട. ഞാൻ ഒഴിഞ്ഞുകൊടുക്കാം.” അവൻ ഉദാരനായി.എങ്ങനെയെങ്കിലും അവിടെ നിന്നും എഴുന്നേറ്റ് പോകണമെന്ന് വിചാരിക്കുമ്പോൾ കിട്ടിയ കച്ചിത്തുരുമ്പാണ്. അതിനെ വിട്ടാലെങ്ങനെ. ആ കുഞ്ഞിനെ മടിയിൽ വെച്ച് ആ സ്ത്രീ അവിടെയിരുന്നു. അവനെ നന്ദിയോടെ നോക്കാനവർ മറന്നില്ല. ആ കുഞ്ഞിനെ മടിയിൽ ഇരുത്തുമ്പോഴാണ് അയാൾ ശ്രദ്ധിച്ചത് ആ കുഞ്ഞിന്റെ കാലിനു ചലനശേഷിയില്ല എന്നത്. ഇത്രയും ആളുകൾ കളിയാക്കിട്ടും ആ പെണ്ണൊന്നു പ്രതികരിച്ചു പോലുമില്ലാലോ. അയാൾ സങ്കടത്തോടെ ആ കുഞ്ഞിനെ നോക്കി. കുഞ്ഞു അവനെ നോക്കി കൊഞ്ഞനം കുത്തി. അവൻ ചിരിച്ചൂ. കുഞ്ഞും ചിരിച്ചൂ.
അവൻ തന്റെ പോക്കറ്റിൽ കയ്യിട്ട് തന്റെ മകന് വാങ്ങിയ മിട്ടായി ആ കുഞ്ഞിനു നേരെ നീട്ടി. കുഞ്ഞു കണ്ണിൽ സന്തോഷം വിടർന്നു. അവൾ അമ്മയെ ചെരിഞ്ഞൊന്നു നോക്കി. അനുവാദം കിട്ടിയപ്പോൾ പതുക്കെ കൈനീട്ടി. കൈവെള്ളയിൽ വെച്ചുകൊടുത്തപ്പോൾ മുത്ത്പൊഴിയും ചിരി അവനു തിരികെ കിട്ടി.
“കൂടെ ആരുമില്ലേ”
അവനാ അമ്മയോട് തിരക്കി. അവൾ ബാക്കിലേക്ക് കണ്ണോടിച്ചു കൊണ്ടുപറഞ്ഞു.
” അച്ഛനുണ്ട്”
പിന്നിലെ ഡോറിനടുത്തു വളഞ്ഞ പിടിയുള്ള കുടക്കാല് പോലെ മെലിഞ്ഞു വിളർത്തൊരു മനുഷ്യൻ തല കുമ്പിട്ടു മുന്നിലെ സീറ്റിൽ പിടിച്ചുനിൽക്കുന്നതവൻ കണ്ടു.അയാൾ ചുറ്റോടും നോക്കി. സീറ്റ് കിട്ടിയവരൊക്കെ മൊബൈലിൽ തലയും പൂഴ്ത്തി ഇരിക്കുകയാണ്. അടുത്തുള്ള പയ്യനെ അവൻ തോണ്ടി.
തോണ്ടിയത് ഇഷ്ടപ്പെടാതെ അവനെയൊന്നു നോക്കി പയ്യൻ കൊറിയൻ സീരിസിലേക്ക് തന്നെ മുഖം തിരിച്ചു.
നേരത്തെ തന്നോട് പുച്ഛം വാരിവിതറിയിരുന്ന പെണ്ണ് എഴുന്നേറ്റ് വൃദ്ധന് സീറ്റ് കൊടുക്കുന്നത് കണ്ടവന് സമാധാനമായി. ഇവൾക്ക് എപ്പോഴാണ് സീറ്റ് കിട്ടിയത് താൻ കണ്ടില്ലാലോ… കുഞ്ഞിനെ കളിപ്പിക്കുന്നതിനിടക്ക് ആരോ ഇറങ്ങിക്കാണും. അവനാ കുഞ്ഞിനെ ഒന്നുടെ നോക്കി. അവൾ ശ്രദ്ധാപൂർവ്വം ചോക്ലേറ്റ് തിന്നുകയാണ്. ചുണ്ടിന്റെ വശങ്ങളിലാവുന്നതൊക്കെ നാവുകൊണ്ട് ഞൊട്ടി നുണയുന്നുണ്ട്. അവൻ തന്റെ മോനെയോർത്തു. താനെത്തുന്നതും കാത്തുറങ്ങാതെ നിൽപ്പുണ്ടാവും.ശനിയാഴ്ചകളിൽ വീട്ടിലെത്തി തിങ്കളാഴ്ച പുലർച്ചെ താൻ പോകും വരെ തന്നെ ഒട്ടിപിടിച്ചുണ്ടാവും ഓളും മോനും. നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടാനുള്ള പേപ്പർ എന്ന് ശരിയാവാനാണ്. അവനിൽനിന്നുമൊരു നെടുവീർപ്പുയർന്നു.
തന്റെ അപ്സരസ് എഴുന്നേറ്റ് നിൽക്കുന്നുണ്ട്, അവൾക്ക് ഇറങ്ങാനുള്ള സ്റ്റോപ്പായിക്കാണും.അവൾ ഇറങ്ങുമ്പോൾ കുതിരവാൽ പോലെ അവളുടെ മുടി ഇളകിതുള്ളികളിക്കുന്നത് അയാൾക്ക് നോക്കാതിരിക്കാനായില്ല. അവൾ ഇറങ്ങി കഴിഞ്ഞിട്ടും ബസ് എന്താണ് എടുക്കാത്തത് എന്ന് നോക്കുമ്പോഴാണ് അവളും കിളിയും സംസാരിക്കുന്നതവൻ കണ്ടത്. കിളി കയറി കണ്ടക്റ്ററോട് പറഞ്ഞു.
“ഏട്ടാ.ആ കുട്ടിയെ കൂട്ടാൻ ആരും എത്തിയിട്ടില്ല. എങ്ങനെയാ ഒരു പെൺകുട്ടിയെ ഇരുട്ടിലേക്ക് ഇറക്കി വിടുക.”
“മോളെ അച്ചനെ വിളിച്ചുനോക്ക്. ആരെങ്കിലും വരും വരെ ഞങ്ങ ഇവിടുണ്ടാവും ”
കണ്ടക്റ്റർ അവളോട് പറഞ്ഞു. ബസ്സിലെ ചിലരെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ബാക്കിയെല്ലാവരും അനുകൂലിച്ചു.
“എന്റെ ഫോൺ ഓഫാണ്”.
ആ പറച്ചിൽ കിളിയിൽ കലിപ്പുണ്ടാക്കി.
“പൊന്നുമോളെ ഇത്രനേരം ആ കുന്ത്രാണ്ടം ചെവിയിൽ വെച്ച് ഓരോന്ന് കാണുമ്പം വിളിക്കാനുള്ള ചാർജെങ്കിലും ബാക്കിവെക്കണ്ടേ, നമ്പർ പറയ് ഞാൻ വിളിച്ചു തരാം”
“അത് നമ്പർ ഞാൻ.. നോക്കട്ടെ”
അവൾ വാക്കുകൾക്കായി തപ്പി.എന്നിട്ട് ബാഗ് തുറന്നു എന്തോ തപ്പുന്നുണ്ടായിരുന്നു.
നേരം പന്ത്രണ്ട് ആവുന്നു..അച്ഛന്റെ നമ്പർ പോയിട്ട് സ്വന്തം നമ്പർ പോലും ഓർമയില്ലാത്ത പലരെയും താൻ കണ്ടിട്ടുണ്ടല്ലോ എന്നവനോർത്തു.എന്തിനു തനിക്ക് തന്നെ ഓർമയിൽ നിൽക്കുന്ന നമ്പർ ആകെ രണ്ടെണ്ണമാണ്. ഏതോ ഫോമിൽ നിന്നും നമ്പർ കണ്ടുപിടിച്ചു കിളിക്ക് പറഞ്ഞുകൊടുക്കുന്നവളെ അവൻ ചെറുചിരിയോടെ നോക്കിനിന്നു.
“അപ്പാ.. പെട്ടെന്ന് വരുമോ.. എന്റെ ഫോണ് ഓഫായിപ്പോയി. ഞാൻ വിചാരിച്ചു അപ്പനിവിടെ കാത്തുനിൽപ്പുണ്ടാവുമെന്ന്”
അവളുടെ സ്വരത്തിൽ സങ്കടം ഇരച്ചു കയറുന്നുണ്ടായിരുന്നു.ഫോൺ തിരികെ കൊടുക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
“അഞ്ചു മിനുട്ട്, അതിനുള്ളിൽ എത്തും”
“ഓക്കേ പേടിക്കേണ്ട ഞങ്ങൾ പോവില്ല”.
ബസ് സ്റ്റോപ്പിൽ അവളെ നോക്കിനിന്ന ശുനകപട കാര്യമില്ലെന്ന് കണ്ട് വീണ്ടും ശവാസനത്തിലേക്ക് മടങ്ങി.അവളെയും കൊണ്ടു അവളുടെ അച്ഛന്റെ ബുള്ളറ്റ് തിരിച്ചശേഷമാണു ബസ് എടുത്തത്. അവൾ ദൂരേക്ക് മറയുംവരെ കുഞ്ഞി കൈകൾ റ്റാറ്റാ കാട്ടുന്നത് അവൻ നോക്കിനിന്നു.
ഓരോ സ്റ്റോപ്പിലും ആളുകൾ ഇറങ്ങിയിറങ്ങി ബസ് ഏകദേശം കാലിയായി തുടങ്ങി. തന്റെ സ്റ്റോപ്പ് എത്താനായാതോടെ വീണ്ടും അവനുള്ളിൽ ഭാര്യയും കുഞ്ഞും നിറഞ്ഞു. സ്റ്റോപ്പ് എത്തും മുന്നേ ബാഗൊക്കെ ശരിയാക്കി മുടിയൊന്നു ചീകി അവൻ തയ്യാറായി നിന്നു. ബസിന്റെ സ്റ്റെപ് ഇറങ്ങി പോവുന്ന അവനെ കിളി പിടിച്ചുനിർത്തി. എന്നിട്ട് പറഞ്ഞു.
“ഒരാഴ്ചയായി സിസിടിവി വർക്ക് ചെയ്യുന്നില്ല ബ്രോ”
അതുകേട്ടവൻ ഒരുനിമിഷം പകച്ചു. പിന്നെ മെല്ലെ പറഞ്ഞു. “താങ്ക്സ്’.
“ന്നെ പോലത്തെ പടപ്പുകളെ അനക്ക് പറ്റിക്കാൻ പറ്റും എന്നാൽ പടച്ചോനെ, വേണ്ട അന്നെ തന്നെ അനക്ക് പറ്റിക്കാൻ പറ്റോ. നമ്മളെ ആരെങ്കിലും കാണുന്നുണ്ട്, അവൻ നമ്മുടെ മനസ് പോലും വായിക്കുന്നുണ്ട്, ഓരോന്നും റെക്കോർഡ് ചെയ്യുന്നുണ്ടെന്ന വിചാരം ഉണ്ടേൽ യ്യ് ന്നല്ല ആരും വല്ലാണ്ട് തെറ്റിക്ക് പോവൂല ഫാസിലെ..ഉമ്മാന്റെ കുട്ടിനെ പടച്ചോൻ കാത്തോളും.”
ഉമ്മ പറഞ്ഞ ഓർമയിൽ അവന്റെ ഉള്ളം പുകഞ്ഞു. താനിപ്പോ അതൊക്കെ മറന്നിരിക്കുന്നു.താനിപ്പോ ചിന്തിച്ചതും പ്രവർത്തിച്ചതുമൊക്കെ ആരായിരിക്കും എഴുതിയെടുക്കുക. റഖീബോ,അതീദോ..തന്റെ യാത്ര എങ്ങോട്ടാവും.. നരകമോ, സ്വർഗ്ഗമോ.. യാ അല്ലാഹ് നേർവഴി കാട്ടണേ..
പ്രാർത്ഥനയോടെ അവൻ തന്റെ വീട്ടിലേക്ക് നടന്നു, വെളിച്ചമണക്കാതെ തന്നെയും കാത്തുനിൽക്കുന്ന തന്റെ ഭൂമിയിലെ സ്വർഗ്ഗത്തിലേക്ക്.
Nb :റഖീബ്&അതീദ്. ഇസ്ലാമിക വിശ്വാസ പ്രകാരം മനുഷ്യന്റെ നന്മ തിന്മകൾ എഴുതാൻ നിയോഗിക്കപ്പെട്ട മാലാഖമാർ
#എന്റെരചന
# യാത്രകൾ അവസാനിക്കുന്നില്ല


17 Comments
ആ ബസിൽ ഞാനുമൊന്നു കയറി സാബി… നന്നായിരിക്കുന്നു…
👍👍🥰
❤️❤️
നന്നായി എഴുതി സാബീ🥰❤️
സെറി.. 🥰
ഓ , ഗംഭീര എഴുത്ത് സാബീ. ഒരു പാട് തലങ്ങളും മാനങ്ങളുമുണ്ട് ഈ എഴുത്തിന്. ഒരു സാധാരണ മനുഷ്യൻ്റെ നന്മ തിന്മകളിലേക്ക് ഇടക്കിടെ വഴുതിമാറുന്ന മനസ്സിനെ സമർത്ഥമായി അറിഞ്ഞെഴുതി. സമൂഹത്തിൻ്റെ ഒരു ക്രോസ് സെക്ഷൻ ബസിനുള്ളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. നന്മയുടെ എണ്ണ തീർത്തും വറ്റിപ്പോകാത്ത മനുഷ്യർ. അവരെ തിന്മയിലേക്ക് ചായ്ക്കാൻ ശ്രമിക്കുന്ന പ്രലോഭനങ്ങൾ ! എനിക്ക് വല്ലാണ്ടങ്ങിഷ്ടായി ചെങ്ങായീ ഈ എഴുത്ത്.👌👌👏👏❤️❤️🥰
താരാ എനിക്ക് വല്ലാണ്ട് ഇഷ്ട്ടായി . എന്റെ കഥയുടെ മനസ്സറിഞ്ഞ ഈ കുറിപ്പ്. സ്നേഹം ഡിയർ ❤️🥰
നന്ദേച്ചി ചെറിയ ഒരു യാത്രയിൽ പോലും കണ്ണൊന്നു തുറന്നുവെച്ചാൽ ചിലത് കാണാനും പഠിക്കാനും ഉണ്ടാവും
ഓരോ യാത്രയും ഓരോ അനുഭവമാണ്..
മനോഹരമായി എഴുതി സാബീ 😍
അതിസാധാരണമായ ഒന്നുമില്ലാത്ത ഒരു ബസ് യാത്ര.പക്ഷേ സാബി അതിനെ മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങൾ.
സിൽവി ചേച്ചി. താങ്ക്സ് ❤️❤️. സാധാരണ നമ്മൾ കണ്ടുവരുന്ന കുറച്ചു കാര്യങ്ങൾ അത്രേ ഉള്ളു.
സൂപ്പർ ആയിട്ടുണ്ട്. ഒരു സാധാരണയാത്രയെ അസാധാരണമാക്കിയ എഴുത്ത്👌👏❤️
സൂപ്പർ ആയിട്ടുണ്ട്. ഒരു സാധാരണയാത്രയെ അസാധാരണമാക്കിയ എഴുത്ത്👌👏❤️
സ്നേഹം ഡിയർ ❤️
തിരക്കുള്ള ആ ബസ്സിൽനടക്കുന്ന കാര്യങ്ങൾ വിവരിച്ചത് മനോഹരമായി സാബീ. ആൾക്കാരേക്കുറിച്ചുള്ള മുൻവിധികൾ എപ്പോഴും ശരിയാവണമെന്നില്ല –
നന്നായിരിക്കുന്നു.❤️❤️❤️👌🌹
സുമേച്ചി സന്തോഷം. വായിച്ചതിൽ അഭിപ്രായം പറഞ്ഞതിൽ
ഒരു കാലം. .വൈകുന്നേരം ആകുമ്പോഴേക്കും അന്നത്തെ ശ്വാസം ഏകദേശം തീരാറായിട്ടുണ്ടാകും. സ്കൂളിൽ നിന്നും ഓടി കിതച്ചു ക്യു നിന്ന്, തൊട്ട് മുന്നിലുള്ള ആള് കയറി കഴിഞ്ഞാൽ, കക്ഷത്തിലെ കിലുങ്ങുന്ന ബാഗ്, മതി അടുത്ത ബസ്സിൽ കയറിക്കോ എന്ന് പറയും, നിർത്താതെ പോകുന്ന ബസ് കണ്മുന്നിൽ നിന്ന് മായുന്നത് വരെ, എന്തൊരു കഷ്ടായിതു എന്ന് പറഞ്ഞു സങ്കടപ്പെടും, സ്റ്റോപ്പ് കഴിഞ്ഞു നിർത്തുന്ന ബസ്സിൽ ഓടി കയറുമ്പോഴേക്കും ബസ് പുറപ്പെടും, കയറാൻ പറ്റാതെ വീണ്ടും ക്യു യിലേക്ക് തിരിച്ചെത്തും. മനസ്സ് അലിവുള്ള ഡ്രൈവർ കറക്റ്റ് ക്യു നോക്കി നിർത്തുമ്പോൾ, സീറ്റ് കിട്ടണേ എന്ന് പ്രാർത്ഥിക്കും, ഇനി പടച്ചോൻ പ്രാർത്ഥന കേട്ടാലോ, ഒക്കത്തുള്ള കുഞ്ഞിനെ നുള്ളി കരയിച്ച് സീറ്റിനു നോട്ടമിടുന്ന അമ്മമാരും. പിന്നെ ഓസ്‌ക്കാർ കിട്ടാനുള്ള ഉറക്കമാണ്. ബസ്സിലെ പാട്ട് കേട്ടു കാഴ്ചകൾ കാണാനുള്ള ഇഷ്ടം, ഒരു കണ്ണടച്ചു, മറ്റേ കണ്ണ് ഇറുക്കി പിടിച്ചു നോക്കും, സീറ്റിനു കാവലായി ആരുമില്ലല്ലോ എന്ന്. പിന്നെ തീർന്നു. ..പിറുപിറുത് എഴുന്നേറ്റു കൊടുക്കും. ..ഏത് ഭാഗത്താകും എഴുതി വെച്ചിട്ടുണ്ടാകുക. ഹേയ് പടച്ചോന് സത്യം അറിയാം. ..അത് വലതു ഭാഗം തന്നെ. ..അങ്ങനെ വിശ്വസിക്കാം അല്ലേ സാബി
അതെ വലത് ഭാഗം നിറഞ്ഞു കവിയട്ടെ