ചെറുകരയിൽ നേർത്ത വെളിച്ചം നീന്തി
പുലരിയുടെ പൂമുഖം തുറക്കും നേരം
ചുഴികളിൽ ആടി ഉലഞ്ഞാടി നിൽക്കും
ചെറുതോണി തൻ കരളിടി കേട്ടുണരും മുക്കുവൻ.
നെഞ്ചോടു ചേർക്കും തുഴയേയും വലയേയും
ഉപ്പിൻ്റെ ഗന്ധം പുരണ്ടൊരു ജീവിതം
അകലെയാഴത്തിൽ നീലക്കടൽ മാത്രം
അലകടലിൻ്റെ മകനായ് വീണ്ടുമിറങ്ങുന്നു.
വിറയ്ക്കുന്ന കയ്കളിൽ വലിഞ്ഞു മുറുകിയ
നരച്ച കയറിൻ്റെ നോവുണ്ട് കഥയുണ്ട്
പുതുമഴക്കാലം കാറ്റും കോളും വരുമ്പോൾ
ഉള്ളിലെ ഭയമയാൾ പുറമെ കാണിക്കാറില്ല.
ആഴമേറിയ തിരമാലകൾ അലറി വരുമ്പോൾ
ചുറ്റും കനക്കുന്ന ഇരുളിൻ്റെ കൂട്ടിലായ്
മീനുകൾക്കായ് വലയെറിയും ശ്രദ്ധയോടെ
നാളെത്തെ വയറ്റിലെ തീ അണയ്ക്കാനായ്.
ഓരോ മീൻപിടുത്തവും ഒരു പോരാട്ടമാണ്
ജീവിതം തുഴയുന്ന ഒറ്റയാൾ പ്രയാണമാണ്
തിരിച്ചെത്തുമ്പോൾ, കരയിലുണ്ടവൾ
കരിന്തിരി വെട്ടത്തിൽ കാത്തിരിക്കും കുടുംബം.
കഴലുകൾക്കെന്നും മണലിൻ്റെ ചൂടുണ്ട്
കണ്ണുകളിൽ തീരാത്ത കടലിൻ്റെ നീലയുണ്ട്
ഇതൊരു ശാപമോ അനുഗ്രഹമോ അറിയില്ല
ഈ തിരയല്ലാതെ മറ്റെങ്ങും വേരുകളില്ല.
ശ്യാമള ഹരിദാസ്


3 Comments
👍👏
നല്ല കവിത❤️👌🌹
Thank you so much