ഇന്നലെ രാത്രിയിൽ കിടന്നുറങ്ങിയ ശേഷം ഏകദേശം പന്ത്രണ്ട് – പന്ത്രണ്ടര ആയിക്കാണും. ജനലില്‍ ആരോ തുടരെ തുടരെ തട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നത്.
സുഖകരമായ ഉറക്കം നഷ്ടമായ ദേഷ്യത്തില്‍ കണ്ണ് തിരുമ്മി എഴുന്നേറ്റു. ഈ പാതിരാത്രിയില്‍ ആരാണ് ജനാലക്കെ വന്ന് മുട്ടുന്നത്. അതും ഞാൻ തനിച്ചു താമസിക്കുന്ന ഈ ഫ്ലാറ്റിൽ. നല്ല പാലപ്പൂവിന്റെ മണം മുറിയില്‍ ആകെ പരന്നിട്ടുണ്ട്. അതും ഡൽഹിയെന്ന ഈ മഹാ നഗരത്തിൽ. ഇനി വല്ല യക്ഷിയോ മറ്റോ ആണോ ? അതാ വീണ്ടും മുട്ടുന്നു.
ആ…. രാ…. ?
കാറ്റു മത്രമേ പുറത്തേക്ക് വന്നുള്ളൂ, ശബ്ദം വന്നില്ല പേടികൊണ്ട്.
“ഞാനാ….. “
ഹാ… ഇത് അതു തന്നെ. പെണ്ണിന്റെ സ്വരമാണ്. തന്നെ-തന്നേ ദിത് പ്രേതം തന്നെ!
“ഞാ… ഞാനെന്നു പറഞ്ഞാൽ… “
ദൈവമേ… അതിനിടയിൽ വിക്കും തുടങ്ങിയോ എനിക്ക്? കിടക്കയില്‍ തന്നെ മുള്ളി പോകുമോ എന്ന് ഭയന്നെങ്കിലും ധൈര്യം സംഭരിച്ച് ചോദിച്ചു. നമ്മളോടാ കളി, ഏത് പ്രേതം വന്നാലും നമുക്ക് ഗ്രാസ്സാ… അല്ല പിന്നെ.
“ഞാന്‍ ശിഖ…. എന്നെ മറന്നോ?”
ശിഖയോ. അതാരപ്പാ? ഒരോർമ്മയും കിട്ടുന്നില്ലല്ലോ.
“എന്റെ പച്ചക്കല്‍ മൂക്കുത്തി മറന്നോ നിങ്ങള്‍? അതിവിടെ എവിടെയോ കളഞ്ഞു പോയി. കുറെ നാളുകളായി ഞാനത് തിരഞ്ഞ് ഇതിലേ നടക്കുന്നു. “
ഞാൻ മെല്ലെ എഴുന്നേറ്റ് ചെന്ന് ജനാല തുറന്നു നോക്കി.
ഒരു സുന്ദരി പുറത്തു നില്‍ക്കുന്നു. നന്നേ വെളുത്ത് കൊലുന്നനെ നല്ല നീളമുള്ളൊരുത്തി. ശരിയാണ് ഒരു മൂക്കുത്തി കൂടി ഉണ്ടായിരുന്നെങ്കില്‍ അവൾ കൂടുതൽ സുന്ദരിയായേനേ… ഞാനോർത്തു.
“ഇനിയും എത്രനാള്‍ കൂടി തിരിയണം ഞാനത്? “
മറുപടി പറയാനായി ഒരുങ്ങുമ്പോഴാണ് അവള്‍ക്ക് പിന്നില്‍ കുറച്ചു മാറി നില്‍ക്കുന്ന വേറെ കുറേപേരെ കൂടി ഞാൻ കാണുന്നത്.
“Wait. wait. അവരൊക്കെ ആരാണ്?”
“അവരും എന്നെപോലെ താങ്കളെ കാണാനായി വന്നതാണ്. “
“എന്നെയോ…. എന്തിന്?”
“അവര്‍ക്കും താങ്കളോട് എന്തൊക്കെയോ ചോദിക്കുവാനും അറിയാനും ഉണ്ടെന്ന്. “
അവരെല്ലാം കുറച്ചു കൂടി മുന്നോട്ട് നീങ്ങി വന്നു. ഇപ്പോള്‍ എനിക്കെല്ലാവരുടെയും മുഖം വ്യക്തമായി കാണാം. പടച്ചോനേ… ഇവരൊക്കെ ആരാണാവോ? ഞാൻ അങ്ങനെ ആരോടും കടം മെടിക്കുന്ന കൂട്ടത്തിൽ അല്ലല്ലോ. സൊ…, കടക്കാർ ആവില്ല. പിന്നെ ആരാവും?
മനസ്സിൽ ഓർത്തു നിൽക്കുമ്പോൾ ഒരാൾ മുന്നിലേക്ക് കടന്നു വന്ന് പറഞ്ഞു:
“മീ ആഹേ സച്ചിന്‍ കാംബ്ലേ. മജ്യാ പത്നീചാ സോധാ ഗേഥാ ആഹേ”
(ഞാന്‍ സച്ചിന്‍ കാംബ്ലെ എന്റെ ഭാര്യയെ അന്വേഷിച്ചു വന്നതാണ്)
ആഹാ മറാഠിക്കാരനും ഉണ്ടല്ലോ. ഇനിയാരാണാവോ?
“അതേ. എനിക്കീ മുടിയൊന്ന് കെട്ടിവെക്കണം. ഇതിനൊരു തീരുമാനം ഉണ്ടാക്കുമോ?”
ഇത് എനിക്ക് നല്ല സുപരിചിതമായ സ്വരമാണല്ലോ ഞാനോർത്തു.
മുന്നില്‍ നിന്ന രണ്ടുമൂന്നു പേരെ തള്ളി മാറ്റി ഒരു അന്‍പത്തഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന വെളുത്ത് കുറുകിയ സ്ത്രീ മുന്നോട്ട് വന്നു. അവരുടെ മുടി ചീകാതെ അഴിച്ചു വിടര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു.
“അതെങ്ങനെ ശരിയാകും ജഡരാധാ? നിങ്ങള്‍ റൂള്‍ തെറ്റിച്ചിരിക്കുന്നു. നമ്മള്‍ എല്ലാവരും ഇവിടെ വന്നിരിക്കുന്നത് ഒരേ ആവശ്യത്തിനായിട്ടല്ലേ. അപ്പോൾ നിങ്ങൾ റൂള്‍ വയലേറ്റ് ചെയ്യാൻ പാടില്ലായിരുന്നു. “
ഘനഗംഭീരമായ സ്വരം അവിടെ മുഴങ്ങി. തികച്ചും ജെന്റില്‍മാനായ, വക്കീല്‍ കോട്ടണിഞ്ഞ ഒരുവന്‍ നാല്പതിനടുത്തു പ്രായം തോന്നിക്കുന്നുണ്ട് അയാൾക്ക്.
“അതിന് ഞാനെന്തു ചെയതു?
എത്രനാളായി ഇങ്ങനെ കാത്തു നില്‍ക്കുന്നു. ഇവർ പോകുന്ന വഴിയിലും. രാത്രി ഉറങ്ങാന്‍ കിടക്കുന്നിടത്തും. കൂട്ടുകാരോടൊപ്പം ഇവർ ഉല്ലസിച്ചു നടക്കുന്നിടത്തും. എല്ലാം. എന്നിട്ടോ? ഇവർക്ക് ആ ചിന്ത വല്ലതുമുണ്ടോ? ഒരിക്കലെങ്കിലും ഇവർ നമ്മളെയൊന്ന് തിരിഞ്ഞു നോക്കുന്നുണ്ടോ? നമ്മുടെ വിഷമം കാണുന്നുണ്ടോ?”
അവസാന വാചകം പറഞ്ഞപ്പോള്‍ രാധയൊന്ന് വിതുമ്പി പോയി.
രംഗം വഷളാകുന്നതു കണ്ട് വെള്ള മുണ്ടും ഷർട്ടും ധരിച്ച അഞ്ചടി പൊക്കമുള്ള ഒരുവന്‍ മുന്നോട്ട് വന്ന് ജഡരാധയെയും വക്കീലിനെയും പിടിച്ചു മാറ്റി.
“നമ്മളിപ്പോൾ ഇവിടെ അടിയുണ്ടാക്കാൻ വന്നതല്ലല്ലോ നമ്മുടെ കാര്യം ഇവരോട് സംസാരിച്ചു ഒരു തീരുമാനം ഉണ്ടാക്കാൻ വന്നതല്ലേ. “
എല്ലാവരും ഒന്ന് അടങ്ങി. ഞാനയാളെ സൂക്ഷിച്ചു നോക്കി, എല്ലാവരെയും വരുതിയിലാക്കാന്‍ അയാള്‍ക്ക് പ്രത്യേക കഴിവുള്ളതു പോലെ.
“നിങ്ങള്‍?”
“ഞാനോ… എന്നെയും നിങ്ങൾ മറന്നോ? ഞാൻ സോബിൻ സൗമ്യയുടെ ആങ്ങള. എനിക്കു നിങ്ങൾ വാക്കു തന്നിരുന്നതല്ലേ. ആ വാക്ക് പൂര്‍ത്തീകരിച്ചാൽ മാത്രം മതി. “
“വാക്കോ? എന്ത് വാക്ക്? എപ്പോൾ തന്നു. “
“സീ അയന. നിങ്ങള്‍ അല്ലേ അന്നെന്നോട് പറഞ്ഞത് ആ ക്രിസ്മസ് കാര്‍ഡ് അയക്കാൻ എന്നെ സഹായിക്കുമെന്ന്. എന്നിട്ടിപ്പോൾ… “
എന്റെ തല പെരുത്ത് തുടങ്ങി. ഞാന്‍ കൈവിരലുകള്‍ മുടിയില്‍ കൊരുത്തി വലിച്ചു.
“ഒന്ന് നിര്‍ത്തുന്നുണ്ടോ? “
ഞാന്‍ അലറി.
“ആരാ നിങ്ങളൊക്കെ. എന്തിനാണ് എല്ലാവരും ഈ പാതിരാത്രിയില്‍ വന്ന് എന്നെ വിളിച്ചുണർത്തി എന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നത്?”
“ഞങ്ങളോ? നിങ്ങൾ, നിങ്ങളല്ലേ. ഞങ്ങളെ ഉറങ്ങാന്‍ പോലും വിടാതെ. ഇങ്ങനെ അലയാൻ വിട്ടിരിക്കുന്നത്. “
“ഞാനോ. ഞാനെന്തു ചെയതു?”
“ഞങ്ങൾക്കെല്ലാം ഉത്തരം വേണം. ഇനി ഞങ്ങൾ എന്ത് ചെയ്യണം. എങ്ങോട്ട് പോകണം എന്നൊക്കെ ഒന്നു പറഞ്ഞു തരാമോ?”
എല്ലാവരും കോറസായി പറഞ്ഞു.
ഉത്തരമൊന്നും പറയാനില്ലാതെ ഞാനവരെ ഉറ്റു നോക്കി. ശേഷം ഞാനാ ജനാല കൊട്ടിയടച്ചു.
ബെഡില്‍ വന്നു കിടന്നെങ്കിലും എനിക്കുറക്കം വന്നില്ല. ആരായിരിക്കും അവരൊക്കെ എന്തായിരിക്കും അവര്‍ക്കൊക്കെ എന്നോട് പറയുവാനുള്ളത്. ഞാൻ ഓര്‍മ്മയില്‍ മുങ്ങാം കുഴിയിട്ട് ഒന്നു തപ്പിനോക്കി.
“ശിഖ” അതേ. അതവൾ തന്നെയല്ലേ ഒരിക്കല്‍ ഷിംലയിലേക്കുള്ള യാത്രയില്‍ ഞങ്ങളുടെ വണ്ടിക്ക് മുന്നില്‍ വട്ടം ചാടി ഓടി പോയവൾ. അന്നാ പച്ചക്കല്ല് വെച്ച മുക്കുത്തിയല്ലേ എന്റെ കണ്ണില്‍ ആദ്യം ഉടക്കിയതും.
പതിയെ. ഓര്‍മ്മകള്‍ മറ നീക്കി എന്നിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.
“ജഡ രാധ”. സ്വന്തം ഭർത്താവിനെ കുറിച്ചറിയുവാനായി എനിക്കു പിന്നാലെ കൂടിയവർ.
“സോബിൻ” അന്ന് ആശുപത്രി കിടക്കയില്‍ വെച്ച് പരിചയപ്പെട്ട തൊട്ടപ്പുറത്തെ ബെഡ്ഡിലെ അമ്മച്ചിയുടെ മകന്‍. അന്നവന് താന്‍ വാക്കു കൊടുത്തതാണ് ക്രിസ്മസ് കാര്‍ഡയക്കാൻ സഹായിക്കാമെന്ന്.
അങ്ങനെ. ഓരോരുത്തരും. അവരെല്ലാവരും എന്റെ കഥാപാത്രങ്ങള്‍ ആയിരുന്നുവല്ലോ. പകുതിക്ക് വെച്ച് ഞാൻ നിര്‍ത്തിപ്പോയ എന്റെ സ്വന്തം കഥാപാത്രങ്ങൾ.
രണ്ടുവര്‍ഷങ്ങൾ മടിപിടിച്ച് ഞാൻ മറഞ്ഞിരുന്നപ്പോൾ ഇവരെല്ലാം ഇത്ര വേദനിച്ച് എന്റെ പിറകെ അലയുന്ന കാര്യം ഞാൻ അറിഞ്ഞല്ലല്ലോ. ഇനിയെങ്കിലും അവരോട് നീതി പുലർത്തിയെ മതിയാവൂ. അവരുടെ വേദനക്ക് ഇനിയെങ്കിലും മറുമരുന്ന് കണ്ടേ തീരൂ.
അയന. ✍
NB:- അപ്പൊ കൂട്ടുകാരേ. തുടങ്ങാം അല്ലേ. എന്റെ പിന്നാലെ നടക്കുന്ന ഇവർക്കൊക്കെ ജീവൻ വെപ്പിക്കാം അല്ലേ? ഓരോ കഥാപാത്രങ്ങളും ആയി ഉടനേ തന്നെ ഞാൻ നിങ്ങളുടെ മുന്നിലേക്ക് വീണ്ടും വരുന്നതായിരിക്കും കൂടെയുണ്ടാവില്ലേ. 🥰💞💞


5 Comments
നന്നായിട്ടുണ്ട് ….ഓരോരുത്തരായി അവതരിക്കട്ടെ ….👍❤️
ഇവരെല്ലാവരും ജീവൻ വെച്ച് വന്നാൽ ഉഷാറാക്കും. Super അയന👌
👏👏👏
അയനാ, കൊള്ളാം . വരട്ടെ കഥാപാത്രങ്ങൾ ഒന്നൊന്നായി. വായിക്കാം
അയനാ കലക്കീട്ടോ👌🌹❤️
പഴയ എഴുത്തുകളൊക്കെ ഓർമ്മയിലുണ്ട്. ആവശ്യത്തിനു മൃതസഞ്ജീവനി കൈയിലുണ്ടല്ലോ
വേഗം ഓരോരുത്തരെയായി ജീവൻ വെപ്പിച്ചു വരു❤️
കട്ട വെയിറ്റിംഗ്❤️❤️
കൊള്ളാം ❤️