💕 ആദ്യഭാഗം💕
=========================
മിന്നൽ പ്രളയം ഉണ്ടായി 28 ദിവസങ്ങൾക്ക് ശേഷം സിക്കിം ബോര്‍ഡര്‍…
(കൃത്യമായി പറഞ്ഞാൽ ആൻലിയ ബാൽകാണിയിൽ വീണ് സർജറി കഴിഞ്ഞ് ഒരാഴ്ച്ചക്കു ശേഷം)
ആര്‍മി ഈസ്റ്റ് കമാന്‍ഡ് റെജിമെന്റ് ബേസ് ഹോസ്പിറ്റല്‍:
നീണ്ട ഹാളില്‍ നിരവധി കട്ടിലുകൾ നിരത്തി ഇട്ടിരിക്കുന്നു… എല്ലാ ബെഡിലും ദേഹത്ത് അവിടിവിടെയായ് ബാന്റേജ് ഒട്ടിച്ചും തുന്നിക്കെട്ടലും ആയി കുറേ പേര്‍ കിടപ്പുണ്ട്.
ഇടത്തു നിന്നും മൂന്നാമത്തെ കട്ടിലില്‍ ഒരുവന്‍ തന്റെ ലിയയെയും ഓര്‍ത്ത് കിടക്കുന്നുണ്ട്. അവളുടെ ഓര്‍മ്മയില്‍ അവന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീർ കവിളിലേക്ക് ഇറ്റുവീണു.
അന്ന് മണ്ണൊലിച്ചിലില്‍ പെട്ടപ്പോൾ ഇനിയൊരിക്കലും ജീവൻ തിരികെ കിട്ടുമെന്ന് ഓര്‍ത്തതല്ല. പക്ഷേ… ആ ഒരുവളുടെ പ്രാർത്ഥന…. അതൊന്നു മാത്രമാണ് തന്നെ ഇപ്പോൾ ഇവിടെ ഇങ്ങനെ കിടത്തിയിരിക്കുന്നത്.
എന്നിട്ടും ഇതുവരെ അവളെയൊന്ന് വിളിക്കുവാൻ സാധിച്ചിട്ടില്ല. എന്റെ വിവരമറിയാതെ പാവം എത്രമാത്രം ടെൻഷൻ അടിക്കുന്നുണ്ടാവും ഇപ്പോൾ. ദേഹമാസകലം ഒടിഞ്ഞു നുറുങ്ങുന്ന വേദനയിലും… ആ ഒരുവളെ കുറിച്ചുള്ള ഓർമ്മയാണ് അവനെ കൂടുതൽ മുറിപ്പെടുത്തുന്നത്.
വൈദ്യുതി തകരാര്‍ ശരിയാക്കി എങ്കിലും ടവര്‍ ശരിയാകാത്തതിനാൽ മൊബൈലില്‍ നിന്നും ആരെയും വിളിക്കാന്‍ കഴിയില്ല. മൊബൈൽ ഫോണിനു കെടുപാടൊന്നും പറ്റിയില്ല മണ്ണിൽ പൂണ്ടു പോയെങ്കിലും. ചാർജ് ചെയ്ത് ഓണായി കിട്ടിയിട്ടുണ്ടിപ്പോൾ… അതിൽ വാൾപേപ്പർ ആയി ഇട്ടിരിക്കുന്ന ലിയയുടെ ഫോട്ടോ നോക്കി കിടന്നു അവൻ… അന്ന് ബർത്തഡേക്ക് അവളെ കാണാൻ നാട്ടിൽ ചെന്നപ്പോൾ അവളറിയാതെ എടുത്ത ഫോട്ടോയാണ്. നിർമ്മല സിസ്റ്ററിനോട് എന്തോ സംസാരിച്ചു ചിരിച്ചു നിൽക്കുമ്പോൾ എടുത്തതാണ്… ചിരിക്കുമ്പോൾ തെളിഞ്ഞു കാണുന്ന നുണക്കുഴികവിളുകളും ആ കാപ്പി കണ്ണുകളും ഈ ഫോട്ടോയിൽ അവളെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. ആ കവിളിലൂടെ തന്റെ വിരലുകൾ കൊണ്ട് മെല്ലെ തലോടി അവൻ…
“പെണ്ണേ… നിന്നെ കാണാൻ തോന്നുന്നു എനിക്ക്…. നിന്നരികെയെത്തി എന്റെ നെഞ്ചോട് ചേർത്ത് പുൽകാനും ഈ നുണക്കുഴി കവിളിൽ ഒരു മുത്തം നൽകാനും കൊതിയാവുന്നു പെണ്ണേ… ഇനിയും എന്റെ ഇഷ്ടം നിന്നോട് തുറന്നു പറയാതെ മുന്നോട്ട് പോകുവാൻ ആവില്ല പെണ്ണേ എനിക്ക്.”
ഈ കട്ടിലില്‍ നിന്നും ഒന്ന് പിടിച്ച് എഴുന്നേറ്റ് നിൽക്കാൻ എങ്കിലും കഴിഞ്ഞിരുന്നുവെങ്കില്‍….
ആരുടെയെങ്കിലും സഹായത്തോടെ മെയിൻ എൻട്രൻസിൽ പോയി അവിടുത്തെ ഫോണിൽ നിന്നും അവളെ ഒന്നു വിളിക്കാമായിരുന്നു…. ആ സ്വരമൊന്ന് കേൾക്കാമായിരുന്നു… എന്റെ യാതൊരു വിവരവും അറിയാതെ ആ ഒരുവൾ ഏതൊരവസ്ഥയിൽ ആയിരിക്കും എന്നോർത്തിട്ട് ഒരു സമാധാനവുമില്ല.
ലിയാ നിന്നെ കുറിച്ച് എനിക്കല്ലാതെ മറ്റാർക്കാണ് പെണ്ണേ കൂടുതൽ അറിയുക. എന്റെ സ്വരമൊന്ന്
കേൾക്കാതെ… വിവരം ഒന്നും അറിയാതെ നിനക്കു പിടിച്ചു നിൽക്കാൻ ആവില്ലെന്ന് എനിക്കറിയാം പെണ്ണേ. എന്നോട് ഇതുവരെ തുറന്നു പറഞ്ഞില്ലെങ്കിലും നിനക്ക് എന്നോടുള്ള പ്രണയം നിന്റെ കണ്ണുകളിൽ പലവട്ടം കണ്ടതാണ് ഞാൻ. പിടിച്ചു നിൽക്കണേ ലിയാ… നീയവിടെ… തളർന്നു പോകല്ലേ പെണ്ണേ. ഈ യാതനകൾ എല്ലാം സഹിച്ചും… തരണം ചെയ്തും… ഞാൻ മുൻപോട്ട് പോകുന്നത് നിന്നെ മാത്രം ഓർത്താണ് പെണ്ണേ… നിന്നരികിൽ എത്താനായി മാത്രമാണ്.
ഈശ്വരാനുഗ്രഹം ഒന്നു കൊണ്ട് മാത്രം രക്ഷപ്പെട്ടു, ഇന്നിവിടെ ഈ ആശുപത്രി കിടക്കയിൽ ഇങ്ങനെ കിടക്കുന്നു. അല്ലായിരുന്നുവെങ്കിൽ…. ഞാനും… ഞാനും പോകില്ലായിരുന്നോ അവർക്കൊപ്പം. അവൻ വേദനയോടെ ഓർത്തു.
റോഡുകളും പാലങ്ങളും എല്ലാം മുറിഞ്ഞു കിടക്കുന്നതു കൊണ്ടും… കാലാവസ്ഥ മോശമായതു കൊണ്ടും… ഇനി ഹെലികോപ്ടറോ ട്രക്കോ ഒന്നും വരില്ല നമ്മളെ രക്ഷപ്പെടുത്താൻ, അതുകൊണ്ട് ഇപ്പോൾ നമ്മൾ നിൽക്കുന്ന മലയിറങ്ങി തൊട്ടടുത്തു കാണുന്ന ആ മല കയറിയിറങ്ങിയാൽ താഴെ ആർമിയുടെ ട്രക്ക് നമ്മെ കാത്തു നിൽപ്പുണ്ടെന്ന് ചീഫ് പറഞ്ഞതനുസരിച്ച് നടന്നു തുടങ്ങിയതായിരുന്നു അന്ന് ഞങ്ങൾ എല്ലാവരും. ചീഫ് ഉൾപ്പെടെ ഇരുപത്തിയൊന്ന് പേർ.
കഴിഞ്ഞ പതിനാറു ദിവസങ്ങളായിട്ട് കഴിക്കാനായി ആകെ കിട്ടിയിരുന്ന ഒരു ബണ്ണും കാൽ ബോട്ടിൽ വെള്ളവും തീരാനായിരുന്നു. ഇനിയും അവിടെ തുടർന്നാൽ പട്ടിണി കിടന്നു തന്നെ മരണപ്പെടും എന്നുള്ളത് കൊണ്ട് രണ്ടു ദിവസങ്ങൾക്കുള്ളിൽ എങ്ങനെയും അവിടെ എത്തണം എന്ന ഉദ്ദേശത്തോടെ കാറ്റും മഴയും ഒന്നും വക വെക്കാതെ ഞങ്ങൾ ദുർഘടം പിടിച്ച ആ കാട്ടു പാതയിലൂടെയും കുത്തനെയുള്ള കയറ്റിറക്കങ്ങളിലൂടെയും യാത്ര തിരിച്ചു. വന്യ മൃഗങ്ങളെ ഭയന്ന് രാത്രിയിൽ മാത്രം ഏതെങ്കിലും മരത്തിനു മുകളിൽ അല്പ നേരം വിശ്രമിച്ചു.
രണ്ടു ദിവസം കൊണ്ട് തന്നെ ആദ്യത്തെ മലയിറങ്ങി അടുത്ത മലയുടെ മുകളിൽ എത്തിയിരുന്നു ഞങ്ങൾ… ആ രണ്ടു ദിവസവും മഴവെള്ളം ബോട്ടിലിൽ നിറച്ചാണ് ദാഹം തീർത്തത്.. ഭക്ഷണം ഏതൊക്കെയോ പേരറിയാത്ത ഇലകളും പഴങ്ങളും ആയിരുന്നു. ഒരുവിധം യാത്ര അവസാനിക്കാൻ ആയപ്പോഴാണ് വീണ്ടും ആ ദുരന്തം ഞങ്ങളെ തേടിയെത്തിയത്.
രണ്ടാമത്തെ മലയുടെ സൈഡിലൂടെ ഉള്ള പാത ദുർഘടം നിറഞ്ഞതായിരുന്നു. കൂറ്റൻപാറകളും… വള്ളിച്ചെടികളും… വേരുകളും… കല്ലും-മണ്ണും… മറ്റുമായി ഒരിടുങ്ങിയ ചെറിയ നടപ്പാത. കഷ്ടിച്ച് ഒരാൾക്ക് നടക്കാം അതുവഴി, നല്ല വഴുക്കലുമുണ്ട്. കാലു തെന്നിയാൽ, താഴെ അഗാധമായ ഗർത്തത്തിലേക്ക് വീഴും.
കയറിന്റെ അറ്റത്ത് ഒരു ഹുക്ക് പിടിപ്പിച്ചു അത് പാറയുടെ മുകളിൽ കൊളുത്തിയിട്ടിട്ട് ആ കയറിൽ പിടിച്ച് ഓരോരുത്തരായാണ് അതിലൂടെ പതിയെ ഇറങ്ങി അപ്പുറത്തേക്ക് കടക്കുന്നത്.
ചീഫും മറ്റു മൂന്നു പേരും അപ്പുറം കടന്ന് നിരപ്പായ പ്രതലത്തിൽ എത്തിയിരുന്നു. പൊടുന്നനയാണ് ചെറുതായി പൊടിഞ്ഞു കൊണ്ടിരുന്ന ചാറ്റൽ മഴ ശക്തിയാർജ്ജിച്ചത്. വലിയൊരു ശബ്ദം കേട്ട് ഞങ്ങൾ നോക്കിയപ്പോൾ മുകളിൽ നിന്നും എന്തോ ഒലിച്ചു വരുന്നു…. മണ്ണിടിച്ചിൽ ആയിരുന്നു. മരണത്തെ മുഖാ മുഖം കണ്ട നിമിഷം…!!
അവശേഷിച്ചിരുന്ന ഞങ്ങൾ പതിനേഴു പേരും ആ മണ്ണിനും വെള്ളത്തിനുമൊപ്പം താഴേക്ക് നിലം പതിച്ചു. ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പിച്ച നിമിഷം…!!
താഴേക്ക് പതിക്കുമ്പോൾ മരണം മുന്നിൽ കണ്ടിരുന്നു… അപ്പോഴും മനസ്സിൽ ഈ ഒരു മുഖം മാത്രമാണ് തെളിഞ്ഞത്. ഇനിയൊരിക്കൽ കൂടി ഈ മുഖമൊന്നു കാണാൻ കഴിയില്ലല്ലോ… ഉള്ളിലെ ഇഷ്ടം അവളോടൊന്ന് പറയാൻ കഴിഞ്ഞില്ലല്ലോ എന്നൊരു വേദന മാത്രമായിരുന്നു അന്നേരം മനസ്സിൽ… പിന്നെയൊന്നും ഓർമ്മയുണ്ടായിരുന്നില്ല.
ഒന്നര ദിവസങ്ങള്‍ക്ക് ശേഷം അതിലെ വന്ന ആദിവാസികള്‍ ആണ് എന്നെ കണ്ടത്. ഇല്ലായിരുന്നുവെങ്കിൽ….
ശരീരത്തിന്റെ മുക്കാൽ ഭാഗവും മണ്ണിനടിയിൽ മൂടിപ്പോയിരുന്നു. അവർ കണ്ടതു കൊണ്ട് ഈ നിലയിൽ എങ്കിലും ജീവൻ തിരികെ കിട്ടി.
ബോധം വന്നപ്പോൾ ഇവിടെ ബേസ് ഹോസ്പിറ്റലിൽ ആണ്. അഞ്ചു ദിവസം ഐസിയുവിൽ ആയിരുന്നു… ഇന്നലെ വൈകിട്ടാണ് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തത്.
കണ്ണു തുറന്നപ്പോൾ ആദ്യം അന്വേഷിച്ചതും കൂടെ ഉണ്ടായിരുന്നവരെ കുറിച്ചായിരുന്നു. മൂന്നുപേര് കൂടി രക്ഷപ്പെട്ടിരുന്നു എന്നറിയാൻ കഴിഞ്ഞു. അവർ ആ കയറിൽ പിടിച്ച് അപ്പുറത്തേക്ക് ചാടിയിരുന്നു… ചെറിയ ഒടിവു ചതവുകളോടെ അവരെ തിരിച്ചു കിട്ടി. ചീഫും മറ്റു മൂന്നുപേരും കണ്ടു നിന്നതിനാൽ അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ബാക്കി പതിമൂന്നു പേരും ഞങ്ങളെ വിട്ടുപോയി… കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു ഞങ്ങളുടെ രൺവീർ സിംങ്… കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പയ്യൻ…!! എന്റെ തൊട്ടു പിന്നിൽ അവനായിരുന്നു… എപ്പോഴും എന്നോടൊപ്പം തന്നെ ആയിരിക്കും…, വലിയ വിശ്വാസമായിരുന്നു എന്നെ. ശ്രീജിത്ത് സർ കൂടെ ഉള്ളപ്പോൾ എനിക്കൊന്നും സംഭവിക്കില്ല എന്നെ ഭയ്യ രക്ഷിക്കും എന്ന് പറയുമായിരുന്നു… പക്ഷേ…., എനിക്ക് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ ദൈവമേ….
ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളിൽ ഭയ്യാ എന്നും വിളിച്ച് കൂടെ കൂടും ഓരോ സംശയങ്ങൾ ചോദിച്ചു കൊണ്ട്. മൊബൈലിൽ ലിയയുടെ ഫോട്ടോ കണ്ടിട്ട് ഇതാണോ മേരാ ഹോനേവാലി ഭാബി…? “സുന്ദരിയാണ് ഭയ്യാ… ഞാൻ നിങ്ങളുടെ മാര്യേജിന് കേരളത്തിൽ വരും” എന്നൊക്കെ എപ്പോഴും പറയുമായിരുന്നു. പക്ഷേ… ഇനി..,
തലേദിവസം കൂടി അവൻ പറഞ്ഞതാണ്, നമ്മൾ ഇവിടുന്ന് രക്ഷപ്പെടില്ല ഭയ്യാ… നമ്മുടെ അന്ത്യം മിക്കവാറും ഇവിടെ ഈ സിക്കീമിലെ മഞ്ഞുമലയിൽ എവിടെയെങ്കിലും ആയിരിക്കും ഭയ്യാ എന്ന്. ഇനി അഥവാ എനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്നെ എന്റെ മാജിയോട് പറയണം…
“മാജിയുടെ ബേട്ടാ ഒരു ധീര ജവാൻ ആയിരുന്നു എന്ന്… നാടിനു വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച ഒരു പട്ടാളക്കാരൻ ആയിരുന്നു എന്ന്. മാജി അതിൽ ബഹുമാനിക്കണം എന്നും”.
അപ്പോഴും ഞാനവനെ ആശ്വസിപ്പിച്ചിരുന്നു… ഒന്നും സംഭവിക്കില്ല രൺബീർ രണ്ടു ദിവസങ്ങൾ കൊണ്ട് നമ്മൾ താഴെ എത്തും. പിന്നെ നിനക്കു നിന്റെ മാജിയുടെ അടുത്ത് എത്താം എന്നും പറഞ്ഞു. പക്ഷേ…. ഇന്നവൻ ഈ ഭൂമിയിൽ ഇല്ലല്ലോ എന്നോർക്കുമ്പോൾ സഹിക്കുന്നില്ല.
അവൻ മാത്രമല്ലല്ലോ… ഈ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം കൂടെ ഉണ്ടായിരുന്നവർ…. ഒരുമിച്ച് ഉണ്ടും ഉറങ്ങിയും നടന്നവർ…. വിശപ്പും ദാഹവും പട്ടിണിയും എല്ലാം ഒരുമിച്ചു പങ്കിട്ടവർ. അവർ ഇന്ന് കൂടെയില്ല എന്നോർക്കുമ്പോൾ… സഹിക്കാൻ കഴിയുന്നില്ല. അവരുടെ കുടുംബത്തിൽ ഉള്ളവർ ഇതെങ്ങനെ അതിജീവിക്കും.
ശ്രീജിത്ത് തന്റെ വലം കൈ കണ്ണിനു മുകളിൽ കുറുകെ വെച്ചു.., കരയുന്നത് മറ്റാരും അറിയാതെയിരിക്കാനായി. അവരോടൊപ്പം പോകേണ്ടതായിരുന്നു ഞാനും. ഭാഗ്യം കൊണ്ടു മാത്രം രക്ഷപെട്ടു. അതോ… ആ ഒരുവളുടെ പ്രാർത്ഥനയുടെ ഫലമോ… അറിയില്ല.
ഇപ്പോൾ അവൾ ഏതവസ്ഥയിൽ ആയിരിക്കുമോ ആവോ… പത്ര വാർത്തയിൽ പതിനേഴു പേരും മണ്ണിടിച്ചിലിൽ പെട്ടു താഴേക്ക് വീണു എന്നാണ് കൊടുത്തിരിക്കുന്നത്. വീട്ടിലെ നമ്പർ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് അമ്മയെ വിളിച്ചു ഞാൻ സേഫ് ആണെന്ന് അറിയിച്ചിട്ടുണ്ട് എന്നാണ് ചീഫ് കാണാൻ വന്നപ്പോൾ പറഞ്ഞത്. പക്ഷേ… അപ്പോഴും ആ ഒരുവൾ…. അവളോ…? ഉരുകി തീരുന്നുണ്ടാവും ഇപ്പോൾ… എന്റെ വിവരം ഒന്നുമറിയാതെ.
രണ്ട് ദിവസമായി വല്ലാത്തൊരു ആസ്വസ്ഥതയാണ്. ഹൃദയത്തിൽ ഭാരമുള്ള എന്തോ കയറ്റി വെച്ചിരിക്കുന്ന പോലൊരു ഫീൽ. അത്രയും വേണ്ടപ്പെട്ട ആർക്കോ എന്തോ ആപത്ത് സംഭവിച്ചത് ഹൃദയം മുന്നറിയിപ്പ് തരുന്ന പോലെയാണ് തോന്നുന്നത്.
എന്റെ വിവരം ഒന്നും അറിയാതെ പെണ്ണിന് എന്തെങ്കിലും സംഭവിച്ചോ എന്നൊരു അകാരണമായ ഭയം ഉള്ളിൽ നിറയുന്നു. ഒന്ന് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ… അവളെ അറിയിക്കാമായിരുന്നു ഞാൻ ഇവിടെ സേഫാണെന്ന്.
അവൻ അവനെത്തന്നെ നോക്കി… ഈ അവസ്ഥയിൽ എങ്ങിനെ….
ഇടത്തേ കൈ ഒടിഞ്ഞ് പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു. പുറത്ത് ഒന്നിലേറെ ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട് എല്ലായിടത്തും സ്റ്റിച്ചിട്ട് ബാന്റേജ് കെട്ടിയിരിക്കുന്നു വലത് തോളിലും പതിനാലു സ്റ്റിച്ച് ഉണ്ട്. കൂടാതെ മുൻപ് ആ കുട്ടിയെ രക്ഷപ്പെടുത്തുമ്പോൾ പറ്റിയ വലത്തേ കൈമുട്ടിനു മുകളിൽ ഉള്ള മുറിവിൽ മണ്ണ് അടിഞ്ഞ് അതു വ്രണമായി മാറിയിട്ടുണ്ട്… അതും ഡ്രെസ്സ് ചെയ്ത് കെട്ടിവെച്ചിരിക്കുന്നു. നെറ്റിയിലും ഇടത്തേ കവിളിലും മൂന്ന് സ്ചിറ്റുകൾ വീതമുണ്ട്.
ഇടത്തേ കാലില്‍ കണ്ണങ്കാലിന് തൊട്ട് മുകളില്‍ കൂടി ഒരു കമ്പ് തുളഞ്ഞു കയറിപ്പോയി. ഇവിടെ ആശുപത്രിയിൽ എത്തിക്കുമ്പോഴും ആ കമ്പ് കാലിൽ തന്നെയുണ്ടായിരുന്നു എന്നാണ് പറഞ്ഞത്. ഒരു പത്തുരൂപ നാണയത്തിന്റെ വട്ടത്തില്‍ ഇറച്ചി പോയിട്ടുണ്ട് ആ ഭാഗത്ത്. തുടയില്‍ നിന്നും കുറച്ചു ഭാഗം മുറിച്ചെടുത്താണ് അവിടെ സര്‍ജറി ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ കാൽ നിലത്തു കുത്താൻ പാടില്ല… മൂന്നു ദിവസം കൂടി കഴിഞ്ഞേ സ്റ്റിച്ച് എടുക്കുകയുള്ളൂ… എന്നാലും നടന്നു തുടങ്ങുന്ന കാര്യം സംശയം ആണ്.
എങ്കിലും ആ കിടപ്പിൽ കിടന്ന് ദൈവത്തോട് വീണ്ടും വീണ്ടും നന്ദി അറിയിച്ചു അവൻ… ജീവൻ തിരിച്ചു നൽകിയതിൽ. ഇത്രയല്ലേ പറ്റിയുള്ളൂ… അപ്പുറവും ഇപ്പുറവും കിടക്കുന്ന ഓരോരുത്തരെയും കാണുമ്പോൾ അതിലും വേദന തോന്നി അവന്.
ആ നാടിന്റെ ദുരന്തം കാണുമ്പോൾ അതിലും ഭയാനകം ആണ്. ഇത്രയും നാൾ മലമുകളിൽ ആയിരുന്നതിനാൽ താഴെ എന്തൊക്കെ സംഭവിച്ചിരുന്നു എന്നു പോലും അറിഞ്ഞിരുന്നില്ല. പക്ഷേ…, ഇപ്പോൾ ടീവിയിൽ വാർത്ത കാണുമ്പോൾ സഹിക്കുന്നില്ല, എത്ര ജീവൻ പൊലിഞ്ഞു പോയി. ഒരു സിറ്റി അങ്ങനെ തന്നെ മണ്ണിനടിയിൽ പോയി, ആ കെട്ടിടങ്ങളിൽ ഉറങ്ങി കിടന്നിരുന്ന എല്ലാവരും മണ്ണിനടിയിലും ആയി. എത്രയോ പേർക്ക് ഉറ്റവരും ഉടയവരും വീടും എല്ലാം നഷ്ടപ്പെട്ടു. ആർമിയുടെ ഒരു ക്യാമ്പ് അങ്ങനെ തന്നെ പോയി…. അവിടെ അങ്ങനെയൊരു ബേസ് ഉണ്ടായിരുന്നു എന്നുപോലും പറയില്ല, മുഖഛായ പോലും മാറിയിരിക്കുന്നു ഈ നാടിന്റെ. ഇപ്പോൾ വെറും തരിശു ഭൂമി മാത്രം ബാക്കി. ടീസ്റ്റ നദിയിലൂടെ ഒലിച്ചു പോയ മൃതദേഹങ്ങൾ പശ്ചിമ ബംഗാളിന്റെ തീര പ്രദേശങ്ങളിൽ ആണ് അടിഞ്ഞത്. റോഡുകളും പാലങ്ങളും എല്ലാം തകർന്നു…, ഇനി ഇതെല്ലാം എന്ന് പഴയപോലെ ശരിയാകും…. നഷ്ടമായ ജീവനുകളോ…? തിരികെ വരില്ലല്ലോ….
അവൻ വേദനയോടെ ഓർത്തു കൊണ്ട് കണ്ണടച്ചു കിടന്നു.., മറ്റെല്ലാം മറക്കാനായി ഒരുവളുടെ മുഖം മാത്രം ഓർത്തുകൊണ്ട്.
ഒന്ന് വടി കുത്തിയെങ്കിലും എഴുന്നേറ്റു നടക്കാൻ ആയാൽ പെണ്ണേ… നിന്നെ ഞാൻ വിളിച്ചേനെ…. നിന്റെ സ്വരമൊന്ന് കേൾക്കാൻ കൊതിയായി പെണ്ണേ…
ഈ വേദനയിലും എല്ലാം മറക്കുന്നത് നിന്നെയോർത്തു മാത്രമാണ്…
കാത്തിരിക്കുന്നൂ ലിയാ… നിന്നരികെ എത്തുവാനായി…
അയന…. ✍️
തുടരും…. @
വൈകിയതിൽ ഒരുപാടു ക്ഷമ ചോദിക്കുന്നു… 🙏🙏
സോറി some personal issues ആയിരുന്നു.. 🙏


1 Comment
വായിച്ചു .ഇഷ്ടപ്പെട്ടു അയന.👌👏❤️❤️