കണ്ട പാടേ കരളിൽ കസേരയിട്ടിരുന്നൊരു കക്ഷിയുടെ ചിത്രമാണിത്. വീട് സമർത്ഥമായി കൈപ്പിടിയിൽ ഒതുക്കുന്ന വിദ്യ എന്നെ പഠിപ്പിച്ച ചെങ്ങന്നൂരുകാരി ‘അച്ചായത്തി’ ഉഷ ജേക്കബിൻ്റെ.
വിവാഹശേഷം സ്ഥലം മാറ്റവും വാങ്ങി എറണാകുളത്തു ചെന്നിറങ്ങുമ്പോൾ സുഭാഷിൻ്റെ വിചാരം വീട്ടുകാര്യങ്ങൾ എന്തൊക്കെയോ എനിക്കറിയാമെന്നാണ്. റിഹേഴ്സൽ ഒന്നും നടന്നിട്ടില്ലെന്നും ഒക്കെ സ്റ്റേജിൽ ശരിയാക്കാമെന്നും പറഞ്ഞുള്ള വരവാണെന്നും നമുക്കല്ലേ അറിയൂ. വണ്ടി കയറുന്നതിനു തൊട്ടുമുമ്പ് അമ്മയുടെ ചോദ്യം.
“കാര്യങ്ങൾ എങ്ങനെ ഒപ്പിക്കുമെന്നാ, നിൻ്റെയീ നാക്കു മാത്രമല്ലേയുള്ളൂ?”
വിപദി ധൈര്യവും, പ്രത്യുല്പന്നമതിത്വവും ഉണ്ടല്ലോ എന്ന മറുപടി കേട്ടു തുളസി ടീച്ചർ പൊട്ടിച്ചിരിച്ചു. അങ്ങനെ ഒരു ഭക്ഷണവും പൂർണ്ണമായി ഉണ്ടാക്കിയിട്ടില്ലാത്ത, ഒരു മുറി പോലും നേരാംവണ്ണം വൃത്തിയാക്കിയിട്ടില്ലാത്ത ഞാൻ സുഭാഷിൻ്റെ മാന്യതയിൽ മാത്രം വിശ്വാസമർപ്പിച്ച്, ‘ഭർത്താവേ, ങ്ങള് സഹിച്ചോളീ’ ന്നും പറഞ്ഞ് ചെന്നങ്ങു ചാടിക്കൊടുക്കുകയാണ്
പനമ്പിളളി നഗറിൽ മലയാള മനോരമയുടെ എതിർ വശത്തെ ‘സിന്തിയാ കോട്ടേജ് ‘ എന്ന ചെറിയ അപ്പാർട്ടുമെൻ്റിൽ ഞങ്ങളുടെ ആദ്യത്തെ കൂടൊരുങ്ങി. രണ്ടു നിലകളിൽ നാലു ഫ്ലാറ്റുകളാണ്. താഴെയാണു ഞങ്ങൾ . ചെന്നിറങ്ങിയ ദിവസം തന്നെ ഒന്നെനിക്കു മനസ്സിലായി. ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം’ എന്നു പറയുന്നതെന്താണെന്ന്. ഞങ്ങളുടെ വീട്ടുസാധനങ്ങളുമായി പത്തനംതിട്ടയിൽ നിന്നു ലോറി തിരിച്ചിട്ടേയുള്ളൂ. വീടാണെങ്കിൽ, പഴയ താമസക്കാരുടെ ഷിഫ്റ്റിങ്ങിൽ മുഷിഞ്ഞ് ആരേലുമൊന്നു തേച്ചു കഴുകെന്നും പറഞ്ഞു കിടക്കുന്നു. ഞങ്ങളുടെ കയ്യിൽ വസ്ത്രങ്ങൾ നിറച്ച രണ്ടു പെട്ടികളല്ലാതെ യാതൊന്നുമില്ല . ചൂലില്ല , ബക്കറ്റില്ല, സോപ്പില്ല, മോപ്പില്ല!
അങ്ങനെ യാതൊരു ഹോപ്പുമില്ലാതെ നില്ക്കുമ്പോൾ, ദാ, വരുന്നു ഉന്നതങ്ങളിൽ നിന്നു പടിക്കെട്ടു ചാടിയിറങ്ങി എൻ്റെ രക്ഷക ! കൂടെ രണ്ടു കുട്ടിശിങ്കങ്ങളും .ആറാം ക്ലാസ്സുകാരൻ വിജയ്, നാലാം ക്ലാസ്സുകാരൻ അജയ്’ . പിന്നെ എല്ലാം ശടപടേന്നു നടന്നു. ശിങ്കങ്ങൾ ഓടിച്ചാടി സാധനങ്ങൾ എത്തിക്കുന്നു. നിങ്ങൾ ഡ്രസ്സ് ചീത്തയാക്കണ്ട, എന്നു പറഞ്ഞ്, ഞങ്ങളെ മാറ്റി നിർത്തി അമ്മയും മക്കളും ഗംഭീരമായി വീടു കഴുകുന്നു.
ഈ സമയത്ത്, ജീവിതത്തിൽ തുടർന്നിങ്ങോട്ട്, ഏറ്റവും കൂടുതൽ കേട്ട ഡയലോഗ് സുഭാഷ് പറയുന്നു……
“എന്നാൽ പിന്നെ ഞാൻ ഓഫീസ് വരെയൊന്ന്…., ഡ്യൂട്ടി സമയമാകുന്നു” ഞാൻ തലയാട്ടുമ്പോഴേയ്ക്കും ഉഷയുടെ മറുപടി,
“ക്ലീനിങ്ങിനു ഞങ്ങൾ മതി. വേണേൽ കൊച്ചിനെക്കൂടെ കൊണ്ടു പൊയ്ക്കോ. ലോറി എത്തുമ്പം വന്നാ മതി”. സുഭാഷും ഞാനും ചിരിച്ചു.
ക്ലീനിങ്ങ് അവസാന ഘട്ടമെത്തിയപ്പോൾ, ഞങ്ങളുടെ ആദ്യ അതിഥികളെത്തി. എൻ്റെ മൂത്ത സഹോദരൻ, ഉണ്ണിച്ചേട്ടനും കുടുംബവും ഒപ്പം അവരുടെ സുഹൃത്തുക്കളും.അവർ നെല്ലിയാമ്പതി യാത്രാമദ്ധ്യേ, പെങ്ങളുടെ പുതിയ പൊറുതി കാണാൻ കയറിതാണ്. തേച്ചു കഴുകി വെടിപ്പാക്കിയ വീടങ്ങനെ സ്വാഗതം പറഞ്ഞു നില്പുണ്ടെന്നേയുള്ളൂ. കസേരയില്ല, മേശയില്ല ,അടുപ്പില്ല ഒന്നുമില്ല. എനിക്കു മൗഢ്യം തുടരാനവസരം പോലും തരാതെ കസേരകൾ വരുന്നു. പിന്നാലെ ഭംഗിയുള്ള പാത്രങ്ങളിൽ ഡ്രൈ ഫ്രൂട്ട്സ് വന്നു. വീട് ചുറ്റിക്കണ്ട് അവരൊന്നു ശ്വാസം വിടുമ്പോഴേയ്ക്കും ചായയെത്തി. ആഹാ, ജീവിതമെത്ര സുന്ദരം ! യാത്ര പറയുമ്പോൾ ഉണ്ണിച്ചേട്ടൻ പറഞ്ഞു. “നിന്നെപ്പറ്റി യാതൊരു വേവലാതിയും വേണ്ടെന്ന് അമ്മയോട് പറയാം. ഇവരോട് എന്നും thankful ആയിരിക്കണം”
അങ്ങനെ അങ്കത്തട്ടിൽ ഇറങ്ങും മുമ്പേ, സാഹചര്യങ്ങളുടെ ആനുകൂല്യം കൊണ്ടു പാതി ജയിച്ച യോദ്ധാവിനെ പ്പോലെ ഞാൻ കുടുംബ ജീവിതം ആരംഭിച്ചു. പിന്നീടങ്ങോട്ട് ഉഷയുടെ തേർവാഴ്ചയാണ്. എന്നെയും പിടിച്ച് ഷോപ്പിങ്ങിനിറങ്ങുന്നു. വേണ്ട സാധനങ്ങൾ , നല്ല ബ്രാൻഡുകൾ നോക്കി എടുത്തുതരുന്നു. രണ്ടു ദിവസത്തിനുള്ളിൽ, എനിക്കും ഓഫീസിൽ പോയി തുടങ്ങേണ്ടതാണ്. ഉച്ച ഭക്ഷണം മിനിമം അദ്ധ്വാനത്തിൽ ഒപ്പിക്കുന്നതിൻ്റെ സൗജന്യ ട്യൂട്ടോറിയൽ ! ആഹഹാ !
ചുറുചുറുക്കും പ്രസന്നതയും വാരിവിതറി, അനുകരിക്കാൻ എളുപ്പമല്ലാത്ത ശരീരഭാഷയോടെ ഞാൻ പോലുമറിയാതെ അവരെൻ്റെ മെൻ്ററായിട്ടങ്ങ് അവരോധിതയായി. ഒരിക്കൽ പോലും സ്വന്തം ജീവിതത്തിൽ ഒരു തരത്തിലുള്ള നൈരാശ്യവും ഉഷ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. പ്രശസ്തമായ കൺസ്ട്രക്ഷൻ കമ്പനിയിൽ സിവിൽ എഞ്ചിനീയറായ ജേക്കബ്, വർഷത്തിൽ ഒരു മാസം മാത്രം വീട്ടിലെത്തുന്ന അതിഥിയായിരുന്നു. ജേക്കബിൻ്റെ വരവ് ഉഷയ്ക്കു സന്തോഷമായിരുന്നെങ്കിലും സേവനങ്ങൾ കുറയുന്നതിൻ്റെ ചെറിയൊരു ബുദ്ധിമുട്ട് എനിക്കുണ്ടായിരുന്നു.
കഴിവതും ഒരാളെയും ആശ്രയിക്കാതെ ജീവിക്കണമെന്ന്, എന്നെ പഠിപ്പിച്ചതിലാണ് എനിക്കവരോട് ഏറ്റവും സ്നേഹം. മക്കളേയും കൊണ്ട് ബാർബർ ഷോപ്പിൽ പോകുമ്പോഴും, പുരുഷസാന്ദ്രത കൂടുതലുള്ള മാർക്കറ്റിലും മറ്റും പോകുമ്പോഴുമുള്ള ഉഷയുടെ ശരീര ഭാഷ ഞാനെൻ്റേതായ രീതിയിൽ സ്വാംശീകരിച്ചിട്ടുണ്ട്. ഉറച്ച ചുവടുകളും, അതിനേക്കാൾ ഉറച്ച ശബ്ദവും. കടവന്ത്ര മീൻ മാർക്കറ്റിൽ ഗംബൂട്ട്സുമിട്ട് ഗ്ലാഡിയേറ്ററിനെപ്പോലെ നിന്നു മീൻ മുറിക്കുന്നവനെ, ഫ്രെഡി ! എന്നു കനത്ത ശബ്ദത്തിൽ വിളിക്കുന്നതും, അതു കേട്ടയാൾ വിനയാന്വിതനാകുന്നതും കണ്ടെനിക്ക് ആവേശവും രോമാഞ്ചവും ഒന്നിച്ചുണ്ടായിട്ടുണ്ട്.
ഒരുപാടു ബന്ധുക്കൾ, സുഹൃത്തുക്കൾ, ഒക്കെ വന്നു പോയിട്ടുണ്ട് സിന്തിയാ കോട്ടേജിൽ. ഗംഭീരമായി ഞാനവരെയെല്ലാം സൽക്കരിച്ചിട്ടുമുണ്ട്. അവർക്കാർക്കുമറിയില്ല. വിരുന്നുകാരെത്തുന്ന ദിവസം അതിരാവിലെ കട്ടിങ്ങ് ബോർഡും പല ജാതി കത്തികളും പീലറും ചോപ്പറും ഒക്കെയായി ചാടി വീഴുന്നൊരു മുതലാണ് എൻ്റെ തീൻ മേശയുടെ ഐശ്വര്യമെന്ന് ! ചോറും കറികളും സാലഡും ചൈനാഗ്രാസ് പുഡ്ഡിങ്ങുമെല്ലാം സെറ്റാകുന്നത്, അഡിഷണൽ ഗ്യാസ് സിലിണ്ടറിൻ്റെ മണ്ടയ്ക്ക് കാലാട്ടിയിരുന്ന് ആത്മനിർവൃതിയോടെ ഞാൻ കാണും. ഉള്ളി പൊളിക്കൽ പോലെ, അതീവ ശ്രദ്ധയും അധ്വാനവും വേണ്ട കാര്യങ്ങൾ ഒഴികെ മറ്റൊന്നിലും കൈ തൊടാൻ, ഉഷയിലെ പെർഫെക്ഷനിസ്റ്റ് എന്നെ അനുവദിച്ചിരുന്നില്ല. ഇപ്പോൾ എല്ലാം അടുപ്പിച്ചു തരാൻ ഞാനുണ്ട്. ഞാനടുത്തില്ലാത്തപ്പോൾ, എല്ലാ കാര്യങ്ങളും ഇതുപോലെ നോക്കിക്കണ്ട് ചെയ്തോണം എന്നു മാത്രമാണ് എപ്പോഴും പറഞ്ഞിരുന്നത്.
ഞായറാഴ്ചകൾ, കൃത്യമായി അതിൻ്റ ദൈവമായ സൂര്യഭഗവാന് ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അവരുടേത്. സാരികൾ, അടുക്കളയിലെ ധാന്യങ്ങൾ, പൊടികൾ, മസാലകൾ എല്ലാം പാത്രത്തോടെ സമർപ്പിച്ച ശേഷം, തലയിൽ തോർത്തും കയ്യിലൊരു വടിയുമായി പൊരിവെയിലിൽ ടെറേസിലെ കസേരയിൽ സ്വയം സമർപ്പിച്ചങ്ങിരിക്കും. ആദ്യമാദ്യം തലതല്ലി ചിരിച്ചെങ്കിലും ക്രമേണ നിവൃത്തി കെട്ട് ഞാനും സാധനങ്ങളെടുത്ത് രവി മഹായജ്ഞത്തിന് ഇറങ്ങിത്തുടങ്ങി. അങ്ങനെ ഒരു ദിവസം ടെറേസിലെത്തിയപ്പോൾ കണ്ട കാഴ്ചയാണ് ഈ കുറിപ്പിൻ്റെ ടൈറ്റിൽ ! വീട്ടിൽ ഉപയോഗിച്ചു പകുതിയായ മാങ്ങ, നാരങ്ങ, നെല്ലിക്കാ അച്ചാറുകൾ നിരന്നിരുന്നു വെയിൽ കായുന്നു, കൂടെ അതിൻ്റെ കാവൽ മാലാഖയും.
ഈ കക്ഷിയോടുള്ള കടപ്പാടുകൾ വീട്ടിത്തീർക്കാനാവുന്നതാണോ ?രണ്ടു വർഷമേ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. തുടർന്നൊരു വലിയ കാലയളവിൽ കുഞ്ഞുങ്ങളെ വളർത്തുന്ന തത്രപ്പാടിലൊക്കെ പെട്ട് പരസ്പരം കാണലും കേൾക്കലും കുറഞ്ഞു. സുഭാഷിന് കോട്ടയത്തേക്കും തുടർന്ന് കോഴിക്കോടിനും ട്രാൻസ്ഫർ വന്നു. അൻ്റാർട്ടിക്കക്ക് സ്ഥലംമാറ്റം വന്നാലും ഒപ്പം, എന്നൊരു നിർബ്ബന്ധം ഞങ്ങൾക്ക് ഉണ്ടായിരുന്നതിനാൽ, റിക്വസ്റ്റ് ട്രാൻസ്ഫർ വാങ്ങി, ഞാനും മക്കളും അവിടെയെല്ലാം കൂടെയെത്തി.
ഞങ്ങളുടെ കോഴിക്കോട് കാലത്തൊരിക്കൽ ജേക്കബിനു കാൻസറാണ്, ജോലി നിർത്തി വന്നിട്ടുണ്ടെന്നറിഞ്ഞു കാണാൻ ചെന്നു. ഉഷയുടെ പൊട്ടിച്ചിരി കേൾക്കാഞ്ഞ ഒരേ ഒരു സന്ദർശനം ! അക്കൊല്ലം തന്നെ ജേക്കബ് പോയി. ഉഷയെ തനിച്ചാക്കിപ്പോയി എന്നു പറയേണ്ട കാര്യമില്ല. അന്നും ഇന്നും എന്നും അവർ തനിച്ചായിരുന്നു , ‘ഒറ്റയ്ക്കൊരു പോരാളി!’
ഇപ്പോൾ മല്ലപ്പള്ളിയിൽ ജേക്കബിൻ്റെ വീട്ടിൽ, ഏകാന്ത ജീവിതം എങ്ങനെ മനോഹരമാക്കാം എന്നതിനൊരു പാഠ പുസ്തകമായി ഉശിരോടെ എൻ്റെ ‘അച്ചായത്തി’ ജീവിക്കുന്നു. കുട്ടികൾ രണ്ടാളും അവരുടെ ജീവിതം കണ്ടെത്തി. ഉഷയ്ക്കൊരു കൂട്ട് ഉണ്ടാക്കാനുള്ള മക്കളുടെ ശ്രമം മാത്രം അവർ ചിരിച്ചു തള്ളി.
സ്വന്തം സ്ഥലമായ പുത്തൻ കാവിനു പുത്തൻ ക്യാവെന്നു പറയുന്ന, അതുകേട്ടു ചിരിക്കുന്ന എന്നോട് ഞങ്ങൾ ‘ബാലികാ മഠ’ത്തിൽ പഠിച്ചവർ ഇങ്ങനേ പറയത്തൊള്ളു കൊച്ചേന്നു പറയുന്ന ,ടെറേസിൽ കാവലിരിക്കുമ്പോൾ നിങ്ങൾ രവിയേട്ടനുമായി സല്ലപിക്കുകയാണോ. എന്നു ചോദിച്ചാൽ അതിലെ വ്യംഗ്യം മനസ്സിലാകാത്ത, എന്നാൽ പ്രായോഗിക ജീവിതത്തിൽ അനിഷേധ്യയായ, സ്നേഹവും കരുതലും കൊണ്ടെന്നെ വിനീതയാക്കിയ, ഉഷയെന്ന തെളിച്ചം എന്നും എൻ്റെ ഉള്ളിൽ മിഴിവോടെയുണ്ടാവും
പതിവായി ഉഷയെ വിളിക്കാനും ഇടയ്ക്കിടെ കാണാനും ഇപ്പോൾ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അയൽപക്കങ്ങളിൽ പുതുതായി ജീവിതം തുടങ്ങുന്ന കുട്ടികൾക്കു പിടിക്കാൻ പാകത്തിൽ ചെറുവിരലെങ്കിലും നീട്ടിക്കൊടുക്കാൻ ശ്രമിക്കാറുമുണ്ട്. ഉഷ ചെയ്തതു പോലെ , ഇരുകൈകളും കൂട്ടിപ്പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും.
അച്ചാറിനു വരെ കാവലാളായ പ്രിയങ്കരീ, നിങ്ങളുടെ പൊട്ടിച്ചിരിയുടെ അനുരണനങ്ങൾ, ഞാനുള്ളിടത്തോളം എന്നെ അനുധാവനം ചെയ്തു കൊണ്ടേയിരിക്കും, നിങ്ങൾ പകർന്ന ജീവിത പാഠങ്ങൾക്കൊപ്പം . സ്നേഹം! എന്നെന്നും സ്നേഹം മാത്രം!


15 Comments
ഇങ്ങനെയുള്ള ചില മനുഷ്യരല്ലേ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചു കളയുന്നത്. നല്ല ഓർമ്മകൾ നല്ല അവതരണം
സത്യം ഹരീ. ഒരിക്കലും മറക്കാൻ പാടില്ലാത്ത ചിലരിൽ ഒരാൾ !😀❤️
നല്ല ഓർമ്മകൾ, ചില സൗഹൃദങ്ങൾ നമുക്ക് ജീവിതത്തിൽ ലഭിക്കുന്ന അനുഗ്രഹങ്ങളാണ്.
❤️👍
സ്നേഹം ജോയ്സ്❤️🥰
It is really nice . Good neighbor is a blessing 🙌 🙏. I also helped many people when I was residing in Delhi. Our flat was in 3rd floor. Whenever we get opportunity we should help without any caste & colour.
It is really nice . Good neighbor is a blessing 🙌 🙏. I also helped many people when I was residing in Delhi. Our flat was in 3rd floor. Whenever we get opportunity we should help without any caste & colour.
Thanks for reading .
Love you .Hugs!❤️🥰
തനിച് ജീവിക്കുന്ന സാഹചര്യങ്ങളിൽ അമ്മയുടെ സാന്നിധ്യം പോലെ ചിലർ ഇങ്ങനെ കൂടെ കാണും. ദൈവനിയോഗം പോലെ ❤️
എനിക്കുമുണ്ട് ഇതുപോലെ ചിലർ.
ചില സ്നേഹങ്ങൾ അങ്ങിനെയാണ്…… അതിരുകളില്ലാതെ ….. സുന്ദരമായ എഴുത്ത്❤️👍
സ്നേഹം മിനി❤️❤️❤️🥰🥰
ഹൃദയസ്പർശിയായ എഴുത്ത്.. ❤️
സ്നേഹം സോണിയ❤️❤️🥰
സത്യം. സ്നേഹo വിമിത❤️❤️🥰
സ്നേഹം സുമക്കുഞ്ഞേ!❤️❤️🥰🥰🥰🥰
ഉഷയുടെ ആ സ്നേഹവായ്പു കാണാനും അനുഭവിയ്ക്കാനും എനിക്കും കഴിഞ്ഞല്ലോ. സ്വർണ്ണനിറമാർന്ന ആ പുഡ്ഡിംഗ് സെറ്റ് ഇന്നും ഓർമ്മയിലുണ്ട്. ഒപ്പം ആ പുഡ്ഡിംഗിൻ്റെ മധുരവും♥️
അച്ചായത്തിക്ക് എൻ്റെ സ്നേഹം♥️❤️
മനോഹരമായ ഈ ഓർമ്മക്കുറിപ്പിനും❤️❤️❤️