ജീവിതത്തിൽ ഇന്നോളം എൻ്റെ കന്നത്തരങ്ങൾ, പൂർണ്ണമായി വകവെച്ചു തന്നിട്ടുള്ള ഒരാളേയുള്ളൂ. അതെൻ്റെ ചേച്ചി, മീരയാണ്. പിന്നിലെ പ്രേരകശക്തി എന്തായിരുന്നാലും, അതെന്നോടുള്ള സ്നേഹമാണെന്നു വിശ്വസിക്കാനാണിഷ്ടം ഞങ്ങളുടെ ബന്ധത്തിൽ, എന്നും ഗുണഭോക്താവ് ഞാനായിരുന്നു. എന്നെക്കൊണ്ട് നാളിതുവരെ ചേച്ചിക്കു പത്തിൻ്റെ ഗുണമുണ്ടായിട്ടില്ല. എട്ടിൻ്റെ പണികൾ കിട്ടീട്ടുമുണ്ട്. എങ്ങനെ സഹിച്ചു പഴയ എന്നെ, എന്നു ചോദിക്കണമെന്നു പലപ്പോഴും തോന്നീട്ടുണ്ട്
പലരും ഒരേ പോലത്തെ വസ്ത്രങ്ങൾ ധരിച്ച് ട്വിന്നിങ്ങ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതു കാണുമ്പോൾ, പഴയ കുറേ ട്വിന്നിങ്ങ് ഓർമ്മകൾ മനസ്സിലേക്കിടിച്ചു കയറി വരും. എത്ര കെഞ്ചിയാലും ചേച്ചിക്കും എനിക്കും ഒരേ തുണി കൊണ്ട് തന്നെ പാവാടയും ബ്ലൗസും തുന്നിക്കണമെന്ന നിർബന്ധം പണ്ട് വീട്ടുകാർക്കുണ്ടായിരുന്നു, അപ്പോളോ കഴുത്തുളള ഫ്രോക്കെങ്കിൽ രണ്ടാൾക്കും അത്. ഷാമോ സാറ്റിൻ പാവാടയും, ബ്ലൗസുമെങ്കിൽ അതും ഒരുപോലെ. ചീട്ടിയോ, കോറയോ ആയാലും വ്യത്യാസമൊന്നുമില്ല.
എൻ്റെ പ്രീഡിഗ്രി കാലത്ത്, ഡിഗ്രി ക്ലാസ്സിൽ ചേച്ചിയുണ്ട്. ഒരേ കോളേജിലാണെങ്കിലും, വരവും പോക്കും ഒന്നിച്ചല്ല. ഞാൻ വളരെ നേരത്തെ വലിയൊരു സംഘത്തെ ആട്ടിത്തെളിച്ചു പോകും. ചേച്ചിയും രണ്ടു കൂട്ടുകാരികളും കൃത്യം ഫസ്റ്റ് ബെല്ലിൽ ക്ലാസ്സിൽ കയറാൻ പാകത്തിലെത്തും. ഞാനപ്പോൾ കോളേജ് ക്യാൻ്റീനിൽ നിന്ന് സ്വാമീടെ ഉപ്പുമാവ്, വട കാരാവട ഒക്കെ സാപ്പിട്ട്, ക്ലാസ്സിലേയ്ക്ക് ഓടുകയായിരിക്കും. ചേച്ചിക്ക് സ്വാമീടെ ക്യാൻ്റീൻ, കേളേജിൻ്റെ ഏതു ഭാഗത്താണെന്നു തന്നെ തെരിയുമോന്നു സംശയമാണ്.
രാവിലെകളിൽ വീട്ടിലെ അടുക്കള യുദ്ധക്കളമായിരിക്കും. അപ്പോഴേക്കും റിട്ടയർ ചെയ്ത അച്ഛനൊഴികെ ബാക്കി അഞ്ചാൾക്കും പൊതി കെട്ടണം, പലഹാരം ആകണം. ജഗപൊക! വീട്ടിലെ സഹായിയും ചേച്ചിയും യന്ത്രം പോലെ പ്രവർത്തിക്കുന്നുണ്ടാവും. അമ്മ റിംഗ് മാസ്റ്ററായിട്ടു നിന്നു അന്തരീക്ഷത്തിലേക്ക് കമാൻഡുകൾ പറഞ്ഞി വിടും. ഞാനാണ് അരകല്ലിൻ്റെ ഓപ്പറേറ്റർ. സുമിത് മിക്സിയൊരെണ്ണം വീട്ടിലുണ്ടെങ്കിലും, കറികളുടെ രുചി പോകുമെന്നു പറഞ്ഞ്, അച്ഛനതിൻ്റെ പ്രവർത്തനം ഏതാണ്ട് പൂർണ്ണമായി തടഞ്ഞിരുന്നു. വല്ലപ്പോഴും ഒരു ജ്യൂസ് അടിക്കാനല്ലാതെ, ആ പാവത്തിനെ ദ്രോഹിക്കാൻ അച്ഛൻ അനുവദിച്ചിട്ടേയില്ല. നേരം വൈകിയെന്നു തോന്നിയെങ്ങാനം, മിക്സിയെടുത്തു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ, ആ നിമിഷം പത്രം മടക്കി പിതാജി പാഞ്ഞെത്തും. ഒച്ചയില്ലാത്ത മിക്സി കണ്ടുപിടിക്കാത്തവരെ പറഞ്ഞാൽ മതിയല്ലോ!
അരകല്ലിൻ്റെ ഖലാസി ഞാനാണെന്നു പറഞ്ഞല്ലോ. വെളുക്കുമ്പാടെ ഞാൻ ഓടി അടുക്കളയിൽ ചെന്ന് സ്വൈര്യം കെടുത്താൻ തുടങ്ങും. അസംസ്കൃത വസ്തുക്കളെല്ലാം അപ്പോൾ റെഡിയായിരിക്കണം. തേങ്ങ ചുരണ്ടിയില്ല, മല്ലിയും മുളകും കുതിർന്നില്ല, എന്നൊക്കെ കേട്ടാൽ, ഞാനിട്ടിട്ടു പോകും. എല്ലാം സെറ്റ് ആണെങ്കിൽ, നാറാണത്തു ഭ്രാന്തൻ്റെ പിന്മുറക്കാരിയെപ്പോലെ കല്ലു തട്ടിയുരുട്ടി, ഒന്നിനു പുറകേ ഒന്നായി എല്ലാം അരച്ചു തള്ളിയിട്ട്, അടുക്കള വിടും. പിന്നെ കുളിച്ച് എന്തെങ്കിലും വാരി വിഴുങ്ങി കോളേജിലേക്ക് ഓടാനുള്ള തിരക്കാണ്. ചേച്ചി അപ്പോഴും അടുക്കള സഹായിക്കൊപ്പം അടുക്കടുക്കായി കാര്യങ്ങൾ ചെയ്യുകയാവും.
ഇതൊരു ക്രൂഷ്യൽ ടൈമാണ്. ഇടാനുള്ള വസ്ത്രം തിരയുന്ന സമയം! അലമാരയിൽ എൻ്റെ തട്ടൊരു രണാങ്കണം പോലെ കിടക്കും. ചേച്ചീടെ തട്ടങ്ങനെ അട്ടിയടുങ്ങി മോഹിപ്പിക്കുന്ന മട്ടിലും. ഞാനാദ്യം ചേച്ചിയെ ദ്രോഹിക്കാതെ ഒപ്പിക്കാമോന്നു നോക്കും രക്ഷയുണ്ടാവില്ല! ചുവന്ന പാവാട, നെടുനീളത്തിൽ കീറിയിരിക്കും. ബ്ലൗസ് ok ആയിരിക്കും. പറഞ്ഞിട്ടു കാര്യമില്ലല്ലോ. പച്ചപ്പാവാട വലിയ പ്രശ്നമുണ്ടാവില്ല. പക്ഷേ അതിൻ്റെ ബ്ലൗസ് ഖനനം നടത്തിയാലും കിട്ടില്ല. ആകാശ നീലയാകട്ടെ മുഷിഞ്ഞ്, തുണിസ്റ്റാൻഡിൽ മച്ചും നോക്കി കിടക്കുന്നുന്നുണ്ടാവും. പാവാടയും ബ്ലൗസും ഒരേ തുണിയിൽ തന്നെയുളള പുള്ളിപ്പാാവാട സെറ്റ് വള്ളിയും പൊട്ടി പുള്ളിയും തെറ്റി കിടക്കുകയാവും. എന്തു ചെയ്യും!പിന്നെ ചേച്ചീടെ കൂടി അഭിമാനം സംരക്ഷിക്കണമല്ലോ എന്നു വിചാരിച്ച് ജോറായി അടുക്കി വെച്ചിരിക്കുന്നതിൽ നിന്നൊരെണ്ണം എടുത്തിട്ട് വേഗത്തിൽ സ്ഥലം വിടും. മിക്കവാറും ആ സമയത്ത് ചേച്ചി കുളിക്കാൻ കയറിയിട്ടുണ്ടാകും. ഇല്ലെങ്കിൽ മിന്നായം പോലെ എന്നെ കണ്ടിട്ടുണ്ടാവും. പക്ഷേ രണ്ടാളുടെയും മൊത്തം വേഷങ്ങളും ഒരുപോലെയായതുകൊണ്ട് പിടി കിട്ടില്ല.
കുളി കഴിഞ്ഞു വന്നു ഡ്രസ്സ് തിരയുമ്പോൾ, കാര്യംമനസ്സിലാക്കി ചേച്ചി, സങ്കടപ്പെടാറുണ്ടെന്നൊക്കെ അടുക്കള സഹായി പരാതി പറഞ്ഞിട്ടുണ്ട്. (സ്വാഭാവികമായും അവരുടെയെല്ലാം കണ്ണിലുണ്ണി ആയിരുന്നല്ലോ ചേച്ചി, നമ്മൾ കരടും. ) പക്ഷേ ഒരിക്കൽ പോലും ബ്രേക്ക് ടൈമിൽ കോളേജിൽ വെച്ചു കാണുമ്പോഴോ, തിരിച്ചു വീട്ടിൽ വന്നിട്ടോ, എന്നെ ചോദ്യം ചെയ്തിട്ടുമില്ല. എന്നോട് പിണങ്ങിയിരുന്നിട്ടുമില്ല. ഇന്നിപ്പോ, അതോർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. ചേച്ചിക്ക് വല്ലപ്പോഴും എന്നെയൊന്നു വഴക്കു പറയാമായിരുന്നു ………… !
പരീക്ഷക്കാലമായാൽ, ആവശ്യപ്പെടാതെ തന്നെ എൻ്റെ പുസ്തകങ്ങൾ എടുത്ത്, ചേച്ചി പ്രധാനപ്പെട്ട അനോട്ടേഷനുകൾ, എസ്സേകൾ, ഷോർട്ട് നോട്ടുകൾ എല്ലാം മാർക്കു ചെയ്തു തരും. തിരിച്ചു രണ്ടു വാക്കു ചേച്ചിയെ പഠിപ്പിക്കാൻ ആശയില്ലാഞ്ഞല്ല. ചേച്ചി മുകളിലത്തെ ക്ലാസ്സിലായിപ്പോയില്ലേ!
ഞാൻ ചിന്നുവിനെ പ്രസവിച്ചു കിടക്കുമ്പോൾ എനിക്കും കുഞ്ഞിനുമൊപ്പം ഉറങ്ങുന്നത് ചേച്ചിയായിരുന്നു. പല പ്രാവശ്യം ഉണർന്ന് കുഞ്ഞിനെ ഉറക്കാനും, കൂടെ ശുചിമുറിയിൽ വരാനും, പാലൂട്ടാൻ സഹായിക്കാനും ഒരിക്കലും മുഷിച്ചിൽ കാട്ടിയിട്ടേയില്ല. തിരിച്ച് ചേച്ചിക്കു വേണ്ടി ഇത്തരത്തിലൊന്നും ചെയ്യാൻ കഴിഞ്ഞിട്ടുമില്ല! ഞാൻ വിദ്യാർത്ഥിനിയായിരുന്ന കാലത്തേ, ചേച്ചി കല്യാണം കഴിക്കുകയും പ്രസവിക്കുകയും ചെയ്ത് കളഞ്ഞതുകൊണ്ടാണു കേട്ടോ…….. !
ചേച്ചിയുടെ ശാന്തതയോ, സൗമ്യതയോ, ക്ഷമയോ, ഉത്തരവാദിത്ത ബോധമോ അതേയളവിൽ കയ്യെത്തിപ്പിടിക്കാൻ എനിക്കു കഴിഞ്ഞിട്ടേയില്ല, കഴിയുകയുമില്ല. പക്ഷേ, സ്വന്തം കുടുംബം കെട്ടിപ്പടുത്ത കാലത്തെനിക്കു മനസ്സിലായി എന്നിലും എവിടെയോ ഒരു മീരയുണ്ട്. അതാവശ്യ സന്ദർഭങ്ങളിൽ ഒടുക്കത്തെ ഒരു ചിട്ടയും, ഉത്തരവാദിത്ത ബോധവും എന്നിലും സട കുടയുന്നുണ്ട്. അത്യാവശ്യ രേഖകൾ, താക്കോലുകൾ, ബില്ലുകൾ, എല്ലാം എപ്പോഴും, ഒരേ സ്ഥലത്തു സൂക്ഷിക്കാൻ മക്കളോടു നിഷ്കർഷിക്കുമ്പോൾ, എൻ്റെ ഓർമ്മകൾ പിന്നിലേയ്ക്കോടും, കൈലേസുകൾ, സേഫ്ടി പിന്നുകൾ റിബണുകൾ, ഹെയർ ക്ലിപ്പുകൾ എല്ലാം കൃത്യസ്ഥലങ്ങളിൽ ചെറിയ ടിന്നുകളിൽ, സൂക്ഷിച്ചിരുന്നൊരു 18 കാരിയും, വേണ്ടപ്പോൾ അതെല്ലാം എടുക്കുകയും ആവശ്യം കഴിഞ്ഞ് എവിടേലും ഇടുകയും ചെയ്തിരുന്നൊരു 16 കാരിയും ഉള്ളിൽ കണ്ണുപൊത്തി കളിക്കും.
ചേച്ചിയോടുള്ള കടങ്ങൾ, അതവിടെ കിടക്കട്ടെ! അടുത്ത ജന്മം വീണ്ടുമൊന്നിക്കുമ്പോൾ, ഞാനും, ചട്ടവും ചിട്ടയും പാലിക്കുന്ന നല്ല കുട്ടിയാകാം എന്നൊരു വാക്കു മാത്രം……………………….. !


11 Comments
good
വായിച്ചു തീർന്നിട്ടും മനസിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന കഥ❤️
Nice❣️
nice
Thank you❤️
അനിയത്തി ഒരു unique Piece ആണെന്ന് മീരച്ചേച്ചി പണ്ടേ മനസ്സിലാക്കിയിരുന്നു. അല്ലേ? ഈ കഥകളൊക്കെ ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്. നന്നായി എഴുതി ട്ടോ♥️♥️♥️
🤣🤣 സ്നേഹം😍❤️🥰🥰🥰
പറഞ്ഞിട്ട് കാര്യമില്ലെന്ന് അവർക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു 🤭
സൂപ്പർ ചേച്ചി ❤️
സത്യം നന്ദാ.🤣 സ്നേഹം❤️🥰🥰
ഇത്ര നല്ലൊരു ചേച്ചിയെ ലഭിച്ച ഭാഗ്യവതിയെ പറ്റി അസൂയ തോന്നുന്നു. ഓർമ്മകൾ മനോഹരമായി അടുക്കിയ എഴുത്ത്.👌
👏❤️
സ്നേഹം ജോയ്സ്.❤️🥰