വീഞ്ഞും അപ്പവും സ്റ്റൂവും…. ക്രിസ്തുമസ് എന്ന് പറയുമ്പോൾ മനസ്സ് അതിവേഗം പുറകിലേക്ക് സഞ്ചരിക്കുന്നു.
എൻ്റെ വീടിൻ്റെ എതിർ ദിശയിൽ വടക്കുഭാഗത്തായി ഒരു ചെറിയ വീട് ആൾതാമസം ഇല്ലാതെ കിടന്നിരുന്നു. ഡിസംബറിലെ പുലർ കുളിരിൽ ഒരു കപ്പ് ചായയുമായി ഉമ്മറത്തിരിക്കുമ്പോൾ ആ വീടിൻ്റെ പടിക്കൽ ഒരു ചെറിയ സൈക്കിൾ റിക്ഷ വന്നു നിന്നു. അതിൽ നിന്നും അച്ഛനും അമ്മയും നാലു മക്കളും അടങ്ങുന്ന കുടുംബം വളരെ കുറച്ചു വീട്ടുസാധനങ്ങളുമായി ആ വീട്ടിലേക്ക് കയറി പോകുന്നത് കണ്ട് ഞാൻ എൻ്റെ ഭർത്താവിൻ്റെ അമ്മയോട് പോയി പറഞ്ഞു.
“അവിടെ ആരോ താമസം തുടങ്ങിയെന്നു തോന്നുന്നു. അമ്മ ഒന്നു വന്നു നോക്കിക്കേ….”
അപ്പോഴാണ് അമ്മ പറയുന്നത് “മേരിക്കുട്ടിയും തൊമ്മിയും ആയിരിക്കും, അവരുടെ കുടുംബത്തിൽ എന്തോ പ്രശ്നം ഉണ്ട്. അവർ ഇങ്ങോട്ടേക്ക് താമസം മാറിയതാകാനാണ് സാധ്യത. മുറ്റമടിക്കാൻ വരുന്ന ഏലി പെമ്പിള ഇന്നലെ ഇവിടെ പറയുന്നുണ്ടായിരുന്നു അവർ മാറി താമസിക്കാൻ പോകുന്നുവെന്ന്. ”
പിന്നീട് അമ്മ വളരെ സങ്കടത്തോടെ പറഞ്ഞത് ആ വീടിനെക്കുറിച്ച് ആയിരുന്നു. അമ്മയുടെ സംസാരം മുഴുവനും ആ നിലവിറക്കുഴി പോലെയുള്ള വീട്ടിൽ ഈ കുഞ്ഞുങ്ങളുമായിട്ട് അവരെ എങ്ങനെ താമസിക്കുമോ എന്നാണ്. എന്തോ അമ്മയ്ക്ക് എല്ലാവരോടും അനുകമ്പയും സഹതാപവും കൂടുതലുള്ള സ്ത്രീയാണ് അതുകൊണ്ടുതന്നെ എന്നെ കൂട്ടി അവിടേക്ക് പോയി. കണ്ടപ്പോൾ വളരെയധികം സങ്കടം തോന്നി. മൂത്ത കുട്ടിക്ക് 12 വയസ്സ് പ്രായം കാണും ഒരു പെൺകുട്ടിയാണ്, ബാക്കി താഴെയുള്ള 3 ആൺകുട്ടികൾ… മേരിക്കുട്ടി ആൻ്റി ആകെ വിഷമിച്ചിരിക്കുന്നു. അടുത്തുതന്നെ അങ്കിളും ശോകമൂകനായിട്ട് ഇരിക്കുന്നു, അമ്മയെ കണ്ട ഉടനെ തന്നെ രണ്ടുപേരും അടുത്തുവന്നു വിഷമങ്ങൾ പറഞ്ഞു കരയാൻ തുടങ്ങി. അമ്മ അവരെ സമാധാനിപ്പിച്ചു.
“എല്ലാ വീടുകളിലും ഇങ്ങനെയൊക്കെ ഉണ്ട്, മക്കളെ വിഷമിക്കേണ്ട. ഞങ്ങളൊക്കെ അടുത്തില്ലേ എന്താവശ്യമുണ്ടെങ്കിലും വിളിക്കുക.”
തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ അമ്മയുടെ മുഖം വല്ലാണ്ട് വാടിയിരുന്നു. വീട്ടിലെത്തി ഇഡലിയും സാമ്പാറും ചമ്മന്തിയും എൻ്റെ കൈവശം അവർക്ക് കൊടുക്കാനായി തന്നയച്ചു. അങ്ങനെ അവിടെ തുടങ്ങി ഞങ്ങളുടെ സൗഹൃദം . അത് കഴിഞ്ഞ 45 വർഷങ്ങളായി തുടരുന്നു…
ആദ്യകാലങ്ങളിൽ ക്രിസ്തുമസ് ദിനങ്ങളിൽ പുൽക്കൂട് ഉണ്ടാക്കുവാനും ക്രിസ്മസ് ട്രീ അലങ്കരിക്കുവാനും ഒക്കെ ഞാനും എൻ്റെ ഭർത്താവും കൂടുമായിരുന്നു ക്രിസ്തുമസ്സിന്റെ അന്ന് രാവിലെ തന്നെ മേരിക്കുട്ടി ആൻ്റി അപ്പവും താറാവ് സ്റ്റുവും ഒക്കെ എത്തിക്കും. ഞാൻ വെജിറ്റേറിയൻ ആയതുകൊണ്ട് തന്നെ വെജിറ്റബിൾ കുറുമയും ഉണ്ടാക്കി തരുമായിരുന്നു, ആ പതിവ് അങ്ങനെ തുടർന്നു. വർഷങ്ങൾ കടന്നു പോയപ്പോൾ എനിക്കും കുട്ടികളായി അവർ അവിടുത്തെ കുട്ടികളുമായി ചങ്ങാത്തം ആയതും ഒക്കെ ഒരു മധുരിക്കും ഓർമ്മകൾ തന്നെയാണ്.
ഓണം വരുമ്പോൾ അടപ്രഥമനും അവിയലും വേണമെന്ന് അങ്കിളിന് നിർബന്ധമായിരുന്നു അമ്മയുടെ അവിയലിന്റെ സ്വാദ് പറയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു. സത്യം പറയാമല്ലോ എൻ്റെ അമ്മയുടെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ് അത് പറയാതിരിക്കാൻ നിർവാഹമില്ല ആന്റി ആണ് എൻ്റെ മക്കളെ നോൺവെജ് കഴിക്കാൻ പഠിപ്പിച്ചത്. മീനിന്റെ മുള്ള് എടുത്തുമാറ്റി കഴിക്കുവാനും മറ്റും അവരായിരുന്നു പഠിപ്പിച്ചത് അവിടുന്ന് ഭക്ഷണം കഴിച്ചു വരുന്ന ദിവസങ്ങളിൽ സോപ്പും വെള്ളവുമായി ഞാൻ വാതിൽക്കൽ തന്നെ നിൽക്കും. വെജിറ്റേറിയൻ ആയതുകൊണ്ട് തന്നെ അതിൻ്റെ മണം എനിക്ക് തീരെ സഹിക്കില്ലായിരുന്നു. മക്കൾക്ക് അത് കാണുമ്പോൾ ദേഷ്യം വരും ഇതിൻ്റെ മണം ഒന്ന് ആസ്വദിക്കാൻ പോലും അമ്മ സമ്മതിക്കില്ല ആന്റിയുടെ മക്കളായിട്ട് എങ്ങാനും ജനിച്ചാൽ മതിയായിരുന്നു എന്ന്, എന്റെ മക്കൾ പല പ്രാവശ്യം പറയുമായിരുന്നു.
ആൻറിയുടെ മക്കളുടെ വളർച്ചയും പുരോഗതിയും കണ്ടു ഞാൻ അതിശയിച്ചു പോയിട്ടുണ്ട്. അപ്പനെയും അമ്മയെയും അനുസരണയുള്ള കുട്ടികളായിരുന്നു അവർ നാലാളും കൂടുമ്പോൾ ഇമ്പം ഉള്ളത് കുടുംബം എന്ന് പറയുന്നത് ഇവരുടെ കുടുംബം കണ്ടാണ് ഞാൻ പഠിച്ചത്. പഴയ നിലവറ കുഴി ഒരു കൊട്ടാരമാക്കി ആ മക്കൾ.എല്ലാവരും നല്ല നിലയിൽ ആയി ആ സ്ഥലം ഇന്ന് ഏറ്റവും വലിയ ഒരു റിസോർട്ട് ആയിരിക്കുകയാണ്. എല്ലാ വിഷുദിനങ്ങളിലും എൻ്റെ കൈനീട്ടം കിട്ടാനായി ആ വീട്ടിലെ കുട്ടികൾ ഉൾപ്പെടെ കാത്തിരിക്കുന്നത് വളരെ സന്തോഷമുളവാക്കുന്നതാണ്.
പിതൃദിനത്തിൽ വാവിന്റെ ദാഹം വെക്കുന്ന അടയും കരിക്കും കഴിക്കുവാനും മറ്റുമായി ഗേറ്റ് പൂട്ടാതെ രാത്രി മുഴുവൻ എന്നെ കാത്തിരിക്കുന്ന മക്കൾ അവിടെയുണ്ട് .ഒരിക്കൽ അവരുടെ വീട്ടിൽ എല്ലാ മക്കളും ദൂരെ ജോലി സ്ഥലത്തേക്ക് പോയിക്കഴിഞ്ഞു ഒരു ക്രിസ്തുമസ് ദിനത്തിൽ അങ്കിളും ആൻ്റിയും വല്ലാത്ത ഏകാന്തതയിൽ വീർപ്പുമുട്ടിയിരിക്കുന്ന അവസരത്തിൽ എൻ്റെ മക്കൾ പുൽക്കൂട് ഉണ്ടാക്കി കേക്കും സമ്മാനങ്ങളുമായി ആന്റിയും അങ്കിളിനെയും കാണാൻ എത്തിയത് അവരിൽ ഉണ്ടാക്കിയ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
കാലങ്ങൾ കടന്നുപോയി എൻ്റെ അമ്മയും അച്ഛനും ഭർത്താവും എല്ലാം ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടും എന്നും ഒരു കൂടപ്പിറപ്പിനെ പോലെ എന്നെ ചേർത്തുപിടിച്ചു എൻ്റെ മക്കൾക്ക് അവർ സ്വന്തം ആന്റിയും അങ്കിളും കൂടപ്പിറപ്പുകളും ആയിരുന്നു. ഇപ്പോഴും ലീവിന് നാട്ടിൽ വന്നാൽ എൻ്റെ മക്കൾ എൻ്റെ കുടുംബത്ത് കയറുന്നതിനുമുമ്പ് തന്നെ അങ്കിളിനെയും ആന്റിയും കണ്ടതിനുശേഷം മാത്രമേ വീട്ടിലേക്ക് വരികയുണ്ടായിരുന്നുള്ളൂ. എൻ്റെ മക്കളുടെ സങ്കടം ആൻ്റിയും അങ്കിളുംഒരുപാട് വയസ്സായിരിക്കുന്നു എന്നതാണ്. ആന്റിക്കും അങ്കിളിനും പഴയ പ്രസരിപ്പൊന്നുമില്ല എന്നവർ വളരെ സങ്കടത്തോടെ കൂടി എന്നോട് പറയും. അത് പറയുമ്പോൾ എന്റെ മകൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അവരോടുള്ളത് പോലെ തന്നെ അവിടുത്തെ ഇളം തലമുറയോടും ഞങ്ങക്ക് അടുപ്പം തന്നെയാണ്. ഇപ്പോൾ ആ വീട്ടിൽ അംഗങ്ങൾ കുറവാണെങ്കിലും വിഷുവും ഈസ്റ്ററും ക്രിസ്തുമസും ഓണവും എല്ലാം ഞങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്നു. ഇനി ഒരുപാട് ഒരുപാട് അനുഭവങ്ങൾ എഴുതാൻ ഉണ്ടെങ്കിലും സമയക്കുറവും എഴുത്തിന്റെ നീള കൂടുതലും കൊണ്ട് ഞാനിത് ഇവിടെ നിർത്തുന്നു. ഇതാണെന്റെ ക്രിസ്തുമസ് ഓർമ്മകളും സന്തോഷങ്ങളും…..


9 Comments
ഹൃദ്യമായ കഥ …..ഇഷ്ടം❤️👍
ഹൃദ്യമായ എഴുത്തും മധുരമുള്ള ഓർമ്മകളും . നന്നായിരിക്കുന്നു കുമാരി👌👌❤️❤️.❤️
എന്തും ആഘോഷിക്കണമെങ്കിൽ ആളു വേണം, ബന്ധങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കുന്നതിൽ ഇത്തരത്തിലുള്ള ഒത്തുചേരലുകളും പങ്കു വെയ്ക്കലും കൊടുക്കൽ വാങ്ങലും എല്ലാം പങ്കു വഹിയ്ക്കുന്നുണ്ട്. അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാൻ ഏറ്റവും നല്ലത് ഈ ഓർമ്മകൾ തന്നെ അതാണല്ലോ ജീവിതത്തിന് മധുരം പകരുന്നതും. 😍
നന്ദി മോളേ
മനോഹരം.👌 ഹൃദയബന്ധങ്ങളുടെ ഊഷ്മളത, അയൽക്കാരെ സ്നേഹിക്കുന്ന നല്ല മനുഷ്യരുടെ വിവരണത്തിലുണ്ട്. സന്തോഷം തന്ന രചന.
❤️👏👍
നന്ദി ജോയ്സ്
നിങ്ങളുടെ സ്നേഹം കണ്ണു നിറയിച്ചു. പങ്കുവെച്ചു ജീവിക്കുന്നതിൻ്റെ സുഖവും സന്തോഷവും ഒന്നു വേറെ തന്നെയാണ്❤️❤️❤️❤️
നന്ദി സുമ കുട്ടി
ആഘോഷത്തിന് മിഴിവ് കൂടുന്നത് ആളുകൾ ഉണ്ടെങ്കിലാണ്…
നന്നായി എഴുതി