2020 ജനുവരി ഒന്നിനാണ് തലശ്ശേരി നഗരസഭയിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ച് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്. കണ്ണൂർ ജില്ലാഭരണകൂടം തൊട്ടു മുൻവർഷം നടത്തിയ സർവ്വീസ്-സ്റ്റോറി മത്സരത്തിൽ പ്രോത്സാഹന സമ്മാനം കിട്ടിയ വ്യക്തി എന്ന നിലയിൽ എനിക്ക് നഗരസഭയുടെ വകയായി അന്ന് സമ്മാനിച്ച മെമന്റോ അഭിമാനപൂർവ്വമാണ് ഏറ്റുവാങ്ങിയത്.
അടുത്ത ദിവസം പൊതു അവധിയായിരുന്നതിനാലും, നാട്ടിൽ വന്നുപോയിട്ട് ഒരാഴ്ചയേ
ആയുള്ളൂ എന്നതിനാലും, ക്വാർട്ടേഴ്സിലെ സഹമുറിയന്മാർ അന്നുതന്നെ സ്ഥലംവിടുമെന്നതിനാലും, രണ്ടു രാത്രികൾ എങ്ങനെ തള്ളി നീക്കുമെന്നാലോചിച്ചപ്പോഴാണ്- പലതവണയായി റോയ് മാഷ് വീട്ടിലേക്ക് ക്ഷണിക്കുന്ന കാര്യം ഓർത്തത്.
വൈകിട്ട് തലശേരീന്ന് കാഞ്ഞങ്ങാട്ടേക്ക് ട്രെയിൻ കയറി.
ഏഴര -എട്ട് മണിക്കവിടെ എത്തും.
നന്നായൊന്നുറങ്ങാൻ സമയമുണ്ട്.
എത്ര വർഷങ്ങൾക്കു ശേഷമാണ് മാഷിനെ കാണുന്നത്….?
ഓർമ്മകൾ ഒരുപാട് കാലം പിന്നോട്ട് സഞ്ചരിച്ചു.
………………………………………………,,…………..
അന്നൊരു സിനിമാക്കാലം.
1993- മധുസാറിന്റെ ചലച്ചിത്രജീവിതത്തിന്റെ മുപ്പതാം വർഷമായിരുന്നു. അപ്പോൾ അദ്ദേഹത്തെക്കുറിച്ച് ചിത്രഭൂമിയിലെഴുതിയ ഒരു ലേഖനത്തെ പിൻപറ്റി അതിലെ ശരി-തെറ്റുകളോട് യോജിച്ചും വിയോജിച്ചും രണ്ടു ലക്കങ്ങളിലായി കത്തുകളെഴുതിയ വ്യക്തി എന്ന നിലയിലാണ് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് -അട്ടേങ്ങാനം-പോർക്കളം സ്വദേശിയായ ശ്രീ.റോയ് ജോസഫിനെ പരിചയപ്പെടുന്നത്. അദ്ദേഹം സ്കൂൾ അധ്യാപകനാണ്.
പരിചയം പിന്നീട് സൗഹൃദമായി. ശക്തമായ ഒരു തൂലികാ സൗഹൃദം. അഞ്ചാറ് വയസ്സ് മുതിർന്നയാളായിരുന്നു മാഷ്. കത്തുകളിൽ പലതിലും മധുസാർ ഒരു പരാമർശമോ ഒരു വിഷയമോ ആകാറുണ്ടായിരുന്നു എന്നതും കൗതുകത്തോടെ ഓർക്കുന്നു.
1997 നവംബറിലായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ആ സന്തോഷത്തിൽ പങ്കുചേരാൻ ഇങ്ങ് തെക്കേയറ്റത്തുനിന്ന് വടക്കേയറ്റത്തേക്ക് ചെറിയൊരു സമ്മാനവുമായി ഞാൻ പോയിരുന്നു.
കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു എന്റെ സന്ദർശനം. കാഞ്ഞങ്ങാടുനിന്നും കുറേയകലെ പോർക്കളം എന്ന ഗ്രാമത്തിൽ ഒരു ചെറിയ കുന്നിൻമുകളിലെ ആ വീട്ടിലെത്തുമ്പോൾ ഉച്ചയായിരുന്നു. മാഷ് സ്കൂളിലാണ്.
സമ്മാനം നവവധുവിനെ ഏല്പിച്ച് കർണ്ണാടക അതിർത്തിക്കടുത്തുള്ള മഥുർ എന്ന സ്ഥലത്തെ സ്കൂളിലെത്തി നേരിൽക്കണ്ടപ്പോൾ മാഷിനുണ്ടായ ആശ്ചര്യ-ആഹ്ലാദ- അത്ഭുതങ്ങൾ ഇന്നും കണ്മുന്നിൽ മിഴിവാർന്നു നില്പുണ്ട്.
കാലമെത്ര കടന്നുപോയി. മാഷിന് മൂന്ന് ആൺകുട്ടികളാണ്. മൂത്തവൻ SSLC ക്ക് full A+ വാങ്ങിയവനാണ്. പക്ഷേ വിചിത്രമായിരുന്നു അവന്റെ തീരുമാനം.
അവന് വൈദികനാകണം.
ഒരുപാട് നിർബന്ധങ്ങൾകൊണ്ടാണ് അവൻ ആ സമ്മതം നേടിയെടുത്തത്. ഇപ്പോളവൻ സെമിനാരിയിലാണ്. വല്ലപ്പോഴും വീട്ടിൽ വരുന്ന ഒരതിഥി. ഇളയവൻ കോട്ടയത്ത് പഠിക്കുന്നു. മൂന്നാമൻ മാത്രമാണ് വീട്ടിലൊപ്പമുള്ളത്.
……………………………………………………………,….
cut to railway Station.
കാഞ്ഞങ്ങാട് സ്റ്റേഷനിലിറങ്ങി ഏത് വഴി റോഡിൽ കയറണമെന്നും അവിടെ നിന്നും പോർക്കളത്തേക്ക് പുറപ്പെടുന്ന ബസ് ഏത് ലൈനിലുണ്ടാകുമെന്നും, അത് എത്രമണിക്ക് പുറപ്പെടുമെന്നുമൊക്കെ മാഷ് കൃത്യമായി പറഞ്ഞിരുന്നു.
പറഞ്ഞതുപോലെ സ്റ്റേഷനിലിറങ്ങി മുൻപിലുള്ള തിയേറ്ററിന്റെ വലത്തേയറ്റത്തുള്ള കുറുക്കുവഴി താണ്ടാൻ തുടങ്ങി. ഒത്തിരിപ്പേർ അതുവഴി കടന്നുപോകുന്നുണ്ട്. പ്ലാറ്റ്ഫോമിന്റെ വലത്തേയറ്റത്ത് വെളിച്ചം കുറവായിരുന്നു. പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾക്കിടയിലൂടെ മറ്റുള്ളവരെപ്പോലെ ഞാനും മുന്നോട്ട് നീങ്ങി.
പക്ഷേ പൊടുന്നനെ എന്താണ് സംഭവിച്ചത്…? ഒരു നിമിഷത്തെ മൗഢ്യത്തിനുശേഷം സ്ഥലകാലബോധം വരുമ്പോൾ ഞാനൊരു കാന(ഓട)യിലാണ്. ഏറെ താഴ്ചയുള്ളൊരു കുഴിയിൽ കൃത്യം അളവുകളാൽ തയ്യാറാക്കപ്പെട്ടൊരു ശവപ്പെട്ടിയിലെന്നതു പോലെ അനങ്ങാനും തിരിയാനും വയ്യാതെ നീണ്ടുനിവർന്നൊരു ശരീരമായി ഞാൻ….
ശബ്ദിക്കാൻ പോലും മറന്നുപോയൊരു വെറും ദേഹം…. -ബോധമുള്ളൊരു ബോഡി.
വീഴ്ചയുടെ ശബ്ദം വലുതായിരുന്നിരിക്കാം.
ആരൊക്കെയോ ഓടി വന്നു.
മൊബൈൽ ടോർച്ചുകൾ മിന്നി.
ആരോ രണ്ടുപേർ (മാലാഖമാരെന്നാണ് പറയേണ്ടത്) ആ ഇടുങ്ങിയ ഓടയിലിറങ്ങി എന്നെപ്പൊക്കി കരയ്ക്കെത്തിച്ചു.
രണ്ട് കൈമുട്ടുകളും കാലും ഉരഞ്ഞ്പൊട്ടിയിട്ടുണ്ട്.
മുതുകിലും ചതവുണ്ടെന്ന് തോന്നുന്നു. (തലയ്ക്കകത്ത് വലുതായിട്ടൊന്നുമില്ലാത്തതിനാകാം അതിന് വലിയ കുഴപ്പമേറ്റിട്ടില്ല.)
തോളിൽനിന്നൂർന്നുപോയ ബാഗ് എവിടുന്നോ ആരോ എടുത്ത് തന്നു. മൊബൈൽ എങ്ങോ തെറിച്ചു പോയിരുന്നു. ഒരാൾ-എന്റെ നമ്പരിലേക്ക് dial ചെയ്ത് ദൂരെ മുൾപ്പടർപ്പിനരികിൽ നിന്നും അതും കണ്ടെടുത്തു. മനുഷ്യത്വം ഇനിയും കൈമോശം വന്നിട്ടില്ലാത്ത അവരിൽ ചിലർ എന്നോട് അടുത്തുള്ള ആശുപത്രിയിൽ പോകാമെന്നൊക്കെപ്പറഞ്ഞെങ്കിലും എന്നെ റോഡിലെത്തിച്ചാൽ മതി എന്നു ഞാൻ നന്ദിപൂർവ്വം അറിയിച്ചു.
ഓഫീസിലെ കൂട്ടായ്മയിൽ മെമന്റോ ലഭിച്ചതിലെ അഭിമാനവും, ഒരു സൗഹൃദം ദീർഘനാൾ തുടർന്നുപോന്നതിലെ ആനന്ദവും, ഓർമ്മകൾ തുറന്നുവിട്ട ആവേശവും
എവിടെയോ പോയ്മറഞ്ഞു. വേദന സൃഷ്ടിച്ച അസ്വസ്ഥതയും ഈർഷ്യയും ബോധമാകെ നിറയുന്നു.
പറഞ്ഞിരുന്ന സമയവും കഴിഞ്ഞതുകൊണ്ടാകാം മൊബൈലിൽ മാഷ് തുടരെ വിളിക്കുന്നുണ്ട്. ഒന്നും attend ചെയ്തില്ല.
തിരിച്ചു പോകാം എന്നു ചിന്തിച്ചു.
ഇനി എപ്പോഴാണാവോ ട്രെയിൻ..?
ഈ ഭാഗത്തു നിന്നും തലശേരിക്കുള്ള ബസ് കിട്ടുമോ…?
ചിന്ത അങ്ങനെ നീണ്ടപ്പോൾ വീണ്ടും അദ്ദേഹം വിളിക്കുന്നു.
ഫോണെടുത്തപ്പോൾ ചോദ്യങ്ങൾ വരുന്നു
റോഡിലെത്തിയോ…,?
ബസ് കണ്ടോ….?
കയറിയോ…..?
എന്റെ മറുപടി ഇങ്ങനായിരുന്നു:
“ഞാനെങ്ങോട്ടും വരുന്നില്ല.. മടങ്ങുകയാണ്, നിങ്ങൾ പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച് ഒരു പടുകുഴിയിൽ വീണ് ഞാനാകെ മുറിഞ്ഞിരിക്കുവാ….
atleast ആ ഭാഗത്തൊരു drainage line ഉണ്ടെന്ന് പറയാമായിരുന്നല്ലോ….?
ഇന്നിനി അങ്ങോട്ടില്ല…
എന്നെ വിളിക്കണ്ടാ…. ”
ദേഷ്യവും സങ്കടവും കൊണ്ട് പിന്നെയും എന്തൊക്കെയോ പുലമ്പി ഞാൻ ഫോൺ cut ചെയ്തു.
പിന്നെയും കുറേ calls വന്നു. ഒരിക്കൽക്കൂടി മറുപടി പറഞ്ഞേക്കാമെന്നു വച്ച് ഫോൺ എടുത്തയുടനെ മാഷ് പറയുവാണ്.
“മടങ്ങണ്ട… സ്റ്റേഷനിലിറങ്ങി മടങ്ങാനല്ലല്ലോ വന്നത്..?
അവിടെത്തന്നെ നിൽക്കൂ…
ഞാനങ്ങോട്ട് വരാം…
ആശുപത്രിയിൽ പോകാം….
പരിഹാരമില്ലാത്ത പ്രശ്നമില്ലല്ലോ…
ഈ New year നിങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞിരുന്നല്ലോ,,
അത് മറന്നോ..?
please മടങ്ങരുത്…”
അതിൽ ഞാനയഞ്ഞു.
“ഇങ്ങോട്ട് വരണ്ട…
ബസ് കിടപ്പുണ്ടിവിടെ.. ഞാനങ്ങെത്തിക്കോളാം… ”
– മറുപടി പറഞ്ഞു.
ബസിൽ കയറിയിരുന്നപ്പോഴാണ് ശ്രദ്ധിച്ചത്
എന്റെ കൈമുട്ടുകളിൽ നിന്നും രക്തം വരുന്നുണ്ട്.
ഷർട്ടിലൊക്കെ പടർന്നിട്ടുണ്ട്.
ചെറിയൊരു വീഴ്ച കൊണ്ട് ഇങ്ങനങ്ങ് തകർന്നുപോയതിൽ ഞാൻ ലജ്ജിതനായി.
ബസിലിരുന്നപ്പോൾ ശ്രീമതി വിളിക്കുന്നു: എത്തിയോ ഫ്രണ്ടിന്റെ വീട്ടിൽ..?
പ്രസന്നത ഭാവിച്ച് മറുപടി പറഞ്ഞു: അര മണിക്കൂറിനുള്ളിലവിടെത്തും, ചെന്നിട്ട് വിളിക്കാം.
40 മിനിട്ടുകൊണ്ട് സ്ഥലത്തെത്തി. ബസിറങ്ങുമ്പോൾ stop-ലുണ്ട് കഥാനായകൻ.
ക്ഷമാപണങ്ങളും സമാശ്വാസങ്ങളും തുരുതുരെ പറയുന്നുണ്ട്.
വീട്ടിൽച്ചെന്നു കയറിയപാടെ ഒരു പെങ്ങളുടെ സ്വാതന്ത്ര്യത്തോടെ മാഷിന്റെ ഭാര്യ വന്ന് ബാഗ് വാങ്ങിവച്ചു. ഞാൻ വീണതിലെ വേദന അവരുടെ മുഖത്തും വാക്കുകളിലും പ്രകടമായിരുന്നു.
ചായ കുടിക്കുന്നതിനിടെ പറഞ്ഞു : “വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്…
കുറച്ച് വേപ്പിലയും ചതച്ചിട്ടുണ്ട് അതിൽ… മേല്കഴുകി വന്നാൽ നല്ല മരുന്നുകളുണ്ടിവിടെ….പുരട്ടാം. ”
എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ആളാണല്ലോ എന്നോർത്ത് കുളിച്ചുവന്നപ്പോൾ മരുന്ന് റെഡി….
ഭക്ഷണം റെഡി….
എനിക്ക് പതിയെ ഉന്മേഷം വന്നു തുടങ്ങി.
സ്നേഹപരിചരണങ്ങളും ആതിഥ്യമര്യാദകളുംകൊണ്ട് ഇരുവരും എന്നെ വീർപ്പുമുട്ടിച്ചു. പുതുവർഷമായിട്ട് എനിക്ക് വീഴ്ച പറ്റിയതിന് താൻ കാരണമായെന്ന ഫീലിങ്ങായിരുന്നു മാഷിന്.
വെക്കേഷന് വീട്ടിലെത്തിയ രണ്ടാമത്തെ മകനും പത്താംക്ലാസുകാരൻ മൂന്നാമനും
ഈ പുകിലൊക്കെ ഒട്ടൊരതിശയത്തോടെ നോക്കിനില്പുണ്ടായിരുന്നു.
…………………………. …….. …………………..
ഒരു ട്വിസ്റ്റ്.
കുന്നിൻമുകളിലെ പ്രഭാതത്തിന് വല്ലാത്തൊരു ചാരുതയുണ്ടായിരുന്നു. വീട്ടുവരാന്തയിൽ ഭംഗിയിലൊരുക്കിയിരുന്ന പുൽക്കൂടും അതിനരികിലെ ക്രിസ്തുവിന്റെ വലിയ ചിത്രവും നക്ഷത്രങ്ങളുമൊക്കെ അപ്പോഴാണ് കണ്ടത്.
(തലേന്ന് അവ ശ്രദ്ധിച്ചതേയില്ലല്ലോ എന്നോർത്തു.)
കുറച്ചകലെ പള്ളിമണികൾ മുഴങ്ങി. പള്ളിയിലേക്കാകണം-
മക്കൾ സൈക്കിളുമെടുത്തിറങ്ങി.
മാഷിനൊപ്പം വിശാലമായ ആ പറമ്പിലൊക്കെ കുറച്ച് ചുറ്റിനടന്നു.
പ്രഭാതഭക്ഷണം കഴിഞ്ഞപ്പോൾ മാഷ് ഒരു പ്ലാസ്റ്റിക് കവറുമായി അടുത്തുവന്നിരുന്നു. അത് കുടഞ്ഞിട്ടപ്പോൾ കുറേ കത്തുകൾ. പല കാലങ്ങളിലായി പലരും മാഷിനയച്ച കത്തുകൾ. അതിൽ റബ്ബർ ബാന്റിട്ട ഒരു കൂട്ടം കത്തുകൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. അവയെല്ലാം എന്റെ കൈപ്പടയിലുള്ളതായിരുന്നു.
മാഷ് ഞെട്ടിച്ച് തുടങ്ങുന്നതേയുള്ളായിരുന്നു.
ആ കുടുംബത്തോടൊപ്പം ഉച്ചഭക്ഷണവും കഴിച്ച് രാത്രിയിലേക്കുള്ള ഭക്ഷണപ്പൊതിയുമെടുത്ത് നാലുമണിക്കവിടെ നിന്നിറങ്ങുമ്പോൾ കഴിഞ്ഞ രാത്രിയിൽ ഫോണിൽ മാഷിനോട് പറഞ്ഞ അരുതായ്മകളിൽ വല്ലാതെ ഖിന്നനായിരുന്നു ഞാൻ.
റെയിൽവേസ്റ്റേഷൻവരെ അദ്ദേഹം ഒപ്പം വന്നു. കുറച്ച് പഴക്കമുള്ളതായിരുന്നു പുള്ളിയുടെ ഷർട്ട്. പുറത്തുപോകുമ്പോൾ ഇത്രേം പഴയത് ധരിക്കുമോ എന്നു ചോദിക്കാനുദ്ദേശിച്ചെങ്കിലും പിന്നെയത് വിട്ടുപോയി.
തലേദിവസം എന്നെ വീഴ്ത്തിയ ഓടയുടെ ചിത്രമെടുക്കാൻ തുനിഞ്ഞപ്പോൾ മാഷ് വിലക്കി.
വേണ്ട – അതൊന്നും ഓർക്കണ്ട.
ട്രെയിൻ എത്തുന്നുവെന്ന അനൗൺസ്മെന്റ് കേട്ടപ്പോൾ മാഷ് എന്നോട് ചോദിച്ചു:
“ഈ ഷർട്ട് ഓർമ്മയുണ്ടോ പ്രദീപിന്…?”
അദ്ദേഹത്തിന്റെ ഷർട്ടെങ്ങനെയാ ഞാനോർക്കുന്നത് എന്ന് ചിന്തിച്ചു നിന്നപ്പോൾ മാഷ് തുടർന്നു:
“പ്രദീപ് എനിക്ക് തന്ന കല്യാണസമ്മാനമാണിത്. ഈ ഉടുപ്പ് ഞാനിപ്പോഴും സൂക്ഷിക്കുന്നു. ഉപയോഗിക്കുന്നു… എനിക്ക് ഇതെന്നും പ്രിയപ്പെട്ടതായിരുന്നു… ഇപ്പോഴും പ്രിയമാണ്…
നിങ്ങളെയും…”
ആ കണ്ണുകളിലെ അപ്പോഴത്തെ സ്നേഹ വാത്സല്യങ്ങളുടെ തിരയിളക്കത്തിൽ
ഞാൻ ശബ്ദം നഷ്ടപ്പെട്ടവനായി നിന്നു. എന്നെ അദ്ദേഹം ഇത്രകാലവും എങ്ങനെ അടയാളപ്പെടുത്തിയിരുന്നു എന്ന് അപ്പോൾ മാത്രം ഞാൻ തിരിച്ചറിയുകയായിരുന്നു.
ട്രെയിനിന്റെ വാതിൽക്കൽ നിന്ന് മാഷിന് കൈവീശി യാത്ര പറയുമ്പോൾ ഞാനറിഞ്ഞു എനിക്കിപ്പോൾ ഒരപ്പൂപ്പൻതാടിയുടെ ഘനം പോലുമില്ലെന്ന്.
എന്റെ കണ്ണുകൾ അപ്പോൾ സജലങ്ങളായതെന്തിനാവാം….?
എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടതെന്തുകൊണ്ടാകാം…?
എന്റെ ബോധമാകെ സുഖമുള്ളൊരു നോവ് വന്നുനിറഞ്ഞതെന്തുകൊണ്ടാകാം….!!!?
………………………………
വാലറ്റം.
മറ്റന്നാൾ (ഡിസംബർ 30 ന് )
മാഷിന്റെ മകൻ അർവിൻ റോയിയുടെ പൗരോഹിത്യ സ്വീകരണമാണ്.
കാഞ്ഞങ്ങാട് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചർച്ചിലാണ് ചടങ്ങുകൾ.
എന്നേം ക്ഷണിച്ചിട്ടുണ്ട് .
വ്യക്തിപരമായ ചില കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയില്ലെന്നറിയിച്ചിട്ടുണ്ട്.
പയ്യൻ സെമിനാരിയിൽ ചേർന്നപ്പോഴേ ഇത്തരമൊരു ദിനം ഉണ്ടാകുമെന്നും അതിൽ തീർച്ചയായും പങ്കെടുക്കണമെന്നും പറഞ്ഞിരുന്നതാണ്. പക്ഷേ നിർഭാഗ്യവശാൽ അതിന് സാധിക്കാതെ വന്നിരിക്കുന്നു.
മാഷിനെന്നെ മനസ്സിലാകും…. തീർച്ച.
പ്രദീപ് കുമാരപിള്ള
28/12/2025.


3 Comments
കളങ്കമില്ലാത്ത ഈ സ്നേഹം ജീവിതത്തിലെ വലിയ സൗഭാഗ്യം……. നന്നായെഴുതി.,👍❤️
ഒന്നിനും വേണ്ടിയല്ലാത്ത സ്നേഹം, അത് കിട്ടുന്നത് ഒരു ഭാഗ്യമാണ്.. നന്നായി എഴുതി.
ഹൃദയസ്പർശിയായ എഴുത്ത്♥️👌’ ഇത്രയും കാലം ആ സമ്മാനം സൂക്ഷിച്ച് ഉപയോഗിക്കുന്ന സ്നേഹസമ്പന്നനായ മാഷിനെ ഓർമ്മയിൽ സൂക്ഷിക്കട്ടെ♥️🌹