ഡിസംബർ മാസത്തിലെ നിശ്ശബ്ദമായ ആ തണുത്ത രാത്രി. ആകാശത്ത് നക്ഷത്രങ്ങൾ അസാധാരണമായി തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. —ബെത്ലഹേമിലെ നക്ഷത്രത്തെ പോലെ. ആ ഓടിട്ട ചെറിയ വീട്ടിൽ, അമ്മ മേരിയും മകൾ ആനിയും അപ്പൻ്റെ വരവിനായി കാത്തിരിക്കുകയായിരുന്നു.
“അമ്മേ വിശക്കുന്നു. “
“അപ്പൻ വരട്ടെ മോളേ, മീനും കൂട്ടി ചോറ് കഴിച്ചിട്ട് നമുക്ക് പള്ളിയിൽ പോകാം. “
“അപ്പൻ എനിക്ക് ഫ്രോക്കും പാവക്കുട്ടിയും കൊണ്ട് വരുമോ അമ്മേ. ഉടുപ്പില്ലേലും കുഴപ്പമില്ല. പാവക്കുട്ടി വേണമെനിക്ക്. “
“അപ്പൻ കൊണ്ട് വരും. “
ജോസ് ഒരു വല്ലാത്ത സ്വഭാവക്കാരനാണ്, അയാൾ നാട്ടിലെ ഒരു ഗുണ്ടയാണ്. സ്നേഹമുണ്ടെങ്കിലും അത് അയാൾ ആരോടും പ്രകടിപ്പിക്കാറില്ല. ഭാര്യയ്ക്കും മകൾക്കും അയാളെ പേടിയാണ്.
മേശപ്പുറത്ത് ഒരു മരക്കുരിശും, യേശുവിന്റെ രൂപവും. രണ്ട് മെഴുകുതിരികൾ അതിന് മുന്നിൽ മിന്നി മിന്നി കത്തുന്നു.
“അമ്മേ… അമ്മ ഈ മെഴുകുതിരി എന്തിനാണ് എന്നും മുടങ്ങാതെ കത്തിച്ച് വയ്ക്കുന്നത്. ”
ആനി ചോദിച്ചു.
“അതൊരു പ്രതീകമാണ് മോളെ. ഇരുട്ടിൽ പോലും ദൈവത്തിന്റെ പ്രകാശം ഉണ്ടെന്ന് മനുഷ്യനെ ഓർമ്മിപ്പിക്കാൻ. നിൻ്റെ അപ്പന് ദൈവത്തിൽ വിശ്വാസമില്ലല്ലോ. “
അമ്മ പറഞ്ഞു.
അമ്മ കൈ കൂപ്പി പ്രാർത്ഥന തുടർന്നു.
“കർത്താവേ, എൻ്റെ കുടുബത്തെ കാത്തുകൊള്ളേണമേ…ഈ തീനാളങ്ങൾ ജോസിന് വെളിച്ചമാകണേ. “
ആനിയുടെ അപ്പൻ ജോസിന് അന്നത്തെ കൂലി കിട്ടാൻ വൈകി. ജോലി തീർന്നപ്പോൾ അയാളുടെ ശരീരം തളർന്നിരുന്നു, ശ്വാസം നെഞ്ചിനുള്ളിൽ കുടുങ്ങിയ പോലെ. വിശ്രമിക്കാനുള്ള ഡോക്ടറുടെ തലേ ദിവസത്തെ നിർദ്ദേശം ജോസ് അവഗണിച്ചിരുന്നു. നാളെ ക്രിസ്മസാണ്. മേരിക്കും ആനിക്കും പുതിയ വസ്ത്രങ്ങൾ വാങ്ങണം. നാളത്തേക്കുള്ള പലചരക്ക് സാധനങ്ങൾ മേടിക്കണം.
“ആദ്യം എന്റെ കുടുംബം… പിന്നെ എൻ്റെ ആരോഗ്യം. “
അയാൾ മനസിൽ പറഞ്ഞു.
“എനിക്കൊന്നും വേണ്ട… എന്റെ മകളുടെ കണ്ണുകളിൽ സന്തോഷം മാത്രം കണ്ടാൽ മതി. “
കടയിൽ നിന്നു സാന്താക്ലോസിൻ്റെ പാവ വാങ്ങുമ്പോൾ, ആ അപ്പന്റെ കൈ വിറച്ചു. അത് അപ്പൻ മകൾക്ക് നൽകിയ
ഒരു വാഗ്ദാനം ആയിരുന്നു. തൻ്റെ രോഗവിവരം ഭാര്യയിൽ നിന്നും മകളിൽ നിന്നും മറച്ച് വച്ചിരുന്നു. താനല്ലാതെ മറ്റാരും അവർക്കില്ല. ചികിൽസയൊക്കെ ക്രിസ്മസ് കഴിഞ്ഞ് തുടങ്ങണം.
വീട്ടിലേക്കുള്ള വഴിയിൽ വച്ച് നെഞ്ച് വേദനിച്ചപ്പോൾ ജോസ് ബൈക്ക് നിർത്തി, അയാൾ ആകാശത്തേക്ക് നോക്കി പറഞ്ഞു.
“ദൈവമേ നിന്നിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. എൻ്റെ മകളെ ഒന്ന് അവസാനമായി കാണാൻ… എനിക്ക് സുരക്ഷിതമായി എന്റെ കുടുംബത്തിൽ എത്തിച്ചേരാൻ ശക്തി തരണമേ…”
ജോസ് നാലുപാടും നോക്കി. നേരം വൈകിയത് കൊണ്ട് സഹായിക്കാൻ പരിസരത്ത് എങ്ങും ആരുമില്ല. കണ്ണടച്ചു പിടിച്ചു, ദൈവമേ നീ തന്നെ തുണ. പെട്ടെന്ന്
ഒരു അദൃശ്യ സാമീപ്യം ജോസിന് തോന്നി. അവന്റെ നെഞ്ചിലെ ഭാരം കുറഞ്ഞത് പോലെ.
വാതിൽ മുട്ടിയപ്പോൾ, ആനി ഓടിവന്നു.
“അപ്പാ!”
അവൾ കെട്ടിപ്പിടിച്ചപ്പോൾ, ജോസിന് നല്ല ആശ്വാസം തോന്നി—
സമ്മാനപ്പൊതി തുറന്നപ്പോൾ ആനിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അപ്പനെ കെട്ടിപ്പിടിച്ചു ഒത്തിരി ഉമ്മ വച്ചു
“എനിക്ക് ഇത് ഒത്തിരി ഇഷ്ടമായി. “
കുഞ്ഞിൻ്റെ സന്തോഷം കണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു.
നെഞ്ച് വേദന വക വയ്ക്കാതെ, അത്താഴവും കഴിച്ച് പാതിരാ കുർബാനയ്ക്ക് മേരിയ്ക്കും ആനിയ്ക്കുമൊപ്പം പള്ളിയിലേക്ക് ഇറങ്ങിയ ജോസ് വഴിയിൽ കുഴഞ്ഞ് വീണു.
അവരുടെ പിറകേ പള്ളിയിലേക്ക് നടന്ന് വന്ന കൂട്ടർ ഒരു വാഹനത്തിന് ആയി തെരഞ്ഞ് നടന്നു. ഒടുവിൽ വളരെ വൈകി ഒരു കാറിൽ ജോസിനെ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ പരിശോധന നടത്തിയ ഡോക്ടർ പറഞ്ഞു.
“കുറച്ച് വൈകിയിരുന്നെങ്കിൽ…ആളെ നഷ്ടപ്പെട്ടേനെ. “
ഡോക്ടർമാർ എല്ലാം പറഞ്ഞത് ഒരേ ശബ്ദത്തിൽ ആയിരുന്നു
“ശസ്ത്രക്രിയ അല്ലാതെ വേറെ വഴിയില്ല. ”
ആ രാത്രിയിൽ, ആശുപത്രിയിൽ വച്ച് ജോസ് തിരിച്ചറിഞ്ഞു ദൈവം തൻ്റെ കൂടെയുണ്ടായിരുന്നു, സഹായിച്ച മനുഷ്യരുടെ രൂപത്തിൽ, കാറിൻ്റെ രൂപത്തിൽ, ഡോക്ടറുടെ രൂപത്തിൽ.
ജോസ് ആശുപത്രിക്കിടക്കയിൽ നിശ്ശബ്ദനായി കിടന്നു. അയാളുടെ ഹൃദയത്തിലെ രക്തക്കുഴലുകൾ അപകടകരമായി അടഞ്ഞിരുന്നു. പിറ്റേ ദിവസം രാവിലെ തന്നെ സർജറി നടത്തണം.
ഭാര്യ മേരി, ജോസിൻ്റെ കിടക്കയ്ക്കരികിൽ നിൽക്കുമ്പോൾ, ഭയം അവരുടെ കണ്ണുകളിൽ നിറഞ്ഞിരുന്നു. ജോസ് മാത്രം ശാന്തനായി കാണപ്പെട്ടു.
ആ രാത്രി, ആശുപത്രിയുടെ വെളിച്ചങ്ങൾ അണഞ്ഞപ്പോൾ, ജോസിന് ഹൃദയത്തിനുള്ളിൽ ഒരു ചൂട് അനുഭവപ്പെട്ടു. വേദനയായിരുന്നില്ല,
ഒരു കൈ ഹൃദയത്തിന് മീതെ വെച്ചതു പോലെ.
അയാൾ കണ്ണുകൾ അടച്ചു. മരണം തൊട്ടടുത്ത് എത്തി കഴിഞ്ഞു ജോസ് ഒരു വെളിച്ചത്തിലേക്ക് പ്രവേശിച്ചു. അവിടെ ഒരശരീരി കേട്ടു.
“ നിന്റെ സമയം ആയിട്ടില്ല, മടങ്ങി പോകൂ, നാളെ ക്രിസ്മസ് ആണ്. ”
ജോസിൻ്റെ മനസ്സിൽ ജീവിത്തിലെ കഴിഞ്ഞ നിമിഷങ്ങളെല്ലാം ഒരു സിനിമയിലെ പോലെ കടന്നുപോയി.
പറയാതെ പോയ ക്ഷമാപണങ്ങൾ, നിറവേറ്റാതെ പോയ വാഗ്ദാനങ്ങൾ, മറന്നുപോയ പ്രാർത്ഥനകൾ, സൗഹൃദങ്ങൾ.
ജോസ് മയക്കത്തിൽ പിറുപിറുക്കുന്നത് മേരി കേട്ടു. അയാൾ മൃദുവായി പറഞ്ഞു.
“ദൈവമേ… ഒരവസരം കൂടി. ”
രാവിലെ ജോസിനെ ശസ്ത്രക്രിയയ്ക്കായി കൊണ്ടു പോകുമ്പോൾ, മോണിറ്ററിൽ ഒരു ശബ്ദമാറ്റം ഡോക്ടർമാർ ശ്രദ്ധിച്ചു. അനിയന്ത്രിതമായിരുന്ന ഹൃദയതാളം സ്ഥിരമായി മാറി.
അവർ വീണ്ടും പരിശോധനകൾ നടത്തി നോക്കി. അത്ഭുതം തന്നെ. ഗുരുതരമായി കാണപ്പെട്ട ബ്ലോക്കുകൾ കാണാനില്ല. ഡോക്ടർമാർ ശസ്ത്രക്രിയ വേണ്ടെന്ന് വച്ചു.
ഡോക്ടർമാർക്ക് അത്ഭുതമായി. മുതിർന്ന സർജൻ പറഞ്ഞു.
“മെഡിക്കൽ ഭാഷയിൽ ഇതിന് വിശദീകരണമില്ല. ”
ജോസ് കണ്ണ് തുറന്നപ്പോൾ നെഞ്ചിൽ ട്യൂബുകളില്ല. താൻ മരിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു.
ദിവസങ്ങൾക്കുശേഷം, ജോസ് സുഖം പ്രാപിച്ചു വീട്ടിലെത്തി.
ജോസ് ക്ഷമിക്കാൻ പഠിച്ചു. എല്ലാവരേയും സ്നേഹിക്കാൻ തുടങ്ങി.
ജോസ് മേരിയോട് പറഞ്ഞു.
“കത്തി ഹൃദയത്തെ സ്പർശിക്കുന്നതിനു മുൻപേ… ദൈവം എന്നെ സ്പർശിച്ചു. ”
ജോസ് ഒരു ദൈവ വിശ്വാസിയായി മാറി.
“ഈ വർഷം ക്രിസ്മസ് ആഘോഷിക്കാൻ നമുക്ക് പറ്റിയില്ല. “
ജോസ് ആനി മോളുടെ കൈ പിടിച്ചു സങ്കടപ്പെട്ടു.
ആനി മുകളിലേക്ക് കൈയുയർത്തി പ്രാർത്ഥിച്ചു.
“യേശുവേ…
നീ എൻ്റെ അപ്പനെ രക്ഷിച്ചതിന് നന്ദി. ”
ആ വർഷത്തെ ക്രിസ്മസ് ജോസിനെ ഒരു നല്ല മനുഷ്യൻ ആക്കി മാറ്റി.
✍️✍️നിഷ പിള്ള


2 Comments
എല്ലാം നല്ലതിന് 😍
നല്ല രചന. 👍.