ഓർമ്മക്കുറിപ്പുകൾ
അമ്മമ്മ വീട്ടിലെ വേനൽക്കാലം.
സ്കൂൾ പൂട്ടുന്ന സമയം. മനസ്സിൽ സന്തോഷത്തിമർപ്പ് കാരണം ചുടൊന്നും ഒരു
പ്രശ്നമല്ല. പിന്നെ അയഞ്ഞ ഉടുപ്പ് സുഖകരമായ ഒരു വേഷം തന്നെ. ചക്കയും മാങ്ങയും പുളിയും, ഇടക്കുള്ള ഇടിയും മഴയും കുട്ടിക്കാലത്തിന്റെ ഒരു ഭാഗമാവുന്ന കാലം.
നിറച്ചും ചക്കയുണ്ടാവുന്ന എത്ര പ്ലാവുകൾ. പച്ചപ്ലാവില ബൊക്കെപോലെ കെട്ടാക്കി പിടികകളിൽ വെച്ചിട്ടുണ്ടാവും, ആടിന് കൊടുക്കാൻ. ആടുകൾ അത് തിന്നുന്നത് നോക്കി നിൽക്കാൻ തോന്നും. പ്ലാവിലയുടെ അറ്റത്തു ഒരു ചെറിയ കീറൽ ഉണ്ടാക്കി ഊതിയാൽ പിപ്പി ആയി.
അതൊക്കെ അന്നത്തെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ.
പഴുത്ത ചക്ക മുറിക്കൽ ഒരു ആഘോഷം തന്നെ ആണ് അമ്മമ്മ വീട്ടിൽ. വലിയ അടുക്കളയിൽ ഒരു പതിനൊന്നു മണിയോടെ രാവിലെയോ, അതല്ലെങ്കിൽ ഒരു മൂന്നു മണിയോടെ ഉച്ചക്കോ ആണ് ആഘോഷം. അടുക്കളയിൽ നടുവിൽ ചക്ക. മാധവിഅമ്മ മുതൽ സഹായത്തിനുള്ള എല്ലാരും ഉണ്ടാവും. ഞങ്ങൾ കുട്ടികൾ ചുറ്റും. അമ്മമ്മ സ്ഥിരം കസേരയിൽ രാജ്ഞിയെ പോലെ ഇരിക്കും. മാമന്മാരോ അമ്മയോ ആന്റിയോ (അമ്മയുടെ അനുജത്തി) ഉണ്ടെങ്കിൽ അവരും കൂടും. മാധവിഅമ്മയും കൂട്ടരും കൈയ്യിൽ വെളിച്ചെണ്ണ തേച്ച് റെഡി ആവും. പിന്നെ കൊടുവാള്കൊണ്ടു ചക്കമുറി. ഒരു ചകിരി തുപ്പുകൊണ്ട് വൃത്തിയായി വെളഞ്ഞി തുടച്ചു കളയും. ചുള ഇരിഞ്ഞിടുന്ന തനുസരിച്ചു ഞങ്ങൾ തീറ്റ തുടങ്ങും. ആ മധുരം ഇന്നും വായിലുറുന്നു.
അമ്മമ്മ നാലഞ്ചു ചുളയെ തിന്നുള്ളൂ. പക്ഷെ മുഴുനീളം വർത്താനം പറഞ്ഞു കൊണ്ടേ ഇരിക്കും. എനിക്ക് അതു കേൾക്കാനാ കൂടുതൽ ഇഷ്ടം. പണിക്കാരും കൂടെ ചേരും. ചക്കകഥകൾ.. അങ്ങനെ ഒരു പശ്ചാത്തല സംഗീതം പോലെ.. സുന്ദരം!!
പല വീടുകളിലെയും ചക്കയെ പറ്റി, ചക്ക മേല് വീണ കഥകൾ, വെളഞ്ഞി പറ്റി പിടിച്ച മുണ്ട് വൃത്തിയാക്കാൻ പെട്ട പാട്., ചക്കകള്ളന്മാരെ പറ്റി, മദിരാശിയിൽ ചക്ക ചുള വിൽക്കാൻ വെക്കുന്നതിനെ പറ്റി, ചക്കപ്പുഴുക്ക്, ചക്കപ്പായസ പുരാണം… അങ്ങനെ പോവും വർത്താനം.
ഇതിനൊക്കെ അവസാനം മിക്കവാറും ഒരു യുദ്ധത്തിലായിരിക്കും. ചക്കക്കുരു കൊണ്ടുള്ള ഏറ്. ഒരാൾ തുടങ്ങിയാൽ മതി. പിന്നെ ഏറോട് ഏറു തന്നെ. അത് അടിപിടിയിൽ കലാശിക്കും. പിന്നെ വിദഗ്ദ്ധ ഇടപെടൽ അമ്മമ്മയും മറ്റും ചെയ്യുന്നതോടെ ചക്കമടലുകളും കുരുവും ഒക്കെ വാരി മുറങ്ങളിലാക്കി.. മാധ്യമ്മയും കൂട്ടരും മിറ്റത്തെക്ക്.
ചക്കമടൽ പശുന്, കുരു പോണ്ടി എടുത്ത് വെക്കാൻ നളിനിഎടത്തിയും. വല്ലാത്തൊരു ഓർമകളാണ് അതൊക്കെ.
വെയിലുകൊണ്ടു തിമിർത്തു കളിച്ച് കിണറ്റും കരയിൽ നിന്നും കൂട്ടത്തോടെ ഒരു കുളി ഉണ്ട്. രണ്ടു കപ്പിയും കയറും കെട്ടിയ. വലിയ കിണറും അതിലെ മധുരിക്കുന്ന വെള്ളവും മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്. കിണറ്റിൽ നിന്നും കോരി ഓരോരുത്തരായി തലയിലൂടെ ഒഴിക്കും. എന്തൊരു സുഖമാ!!! ലൈഫ്ബോയ് സോപ്പും, ചെറുപയര് പൊടിയും കിണറ്റും കരയിൽ എപ്പോഴും കാണും. അമ്മമ്മ തോർത്തു മുണ്ടുകൾ കൊടുത്തയക്കും. അങ്ങോട്ടു മിങ്ങോട്ടും വെള്ളം തെറുപ്പിച്ചും വഴുക്കലിച്ചു വീണും, രസകരമായ കുളി.
അതോടെ സന്ധ്യയാവും. വിളക്കുവെക്കലും.. നാമം ജെപിക്കലും. എന്തിനാണെന്ന് അറിയില്ല അമ്മമ്മ ഇടക്കിടക്ക് “ഈശ്വരാ” എന്നു വിളിച്ചു കൊണ്ടേ യിരിക്കും. ഇപ്പോൾ അതിന്റെ അർത്ഥം മനസ്സിലാവുന്നു. ഈ സന്തോഷം എന്നുമുണ്ടാവണേ… അതാവും അമ്മമ്മയുടെ മനസ്സിൽ.
എന്റെ ബാല്യസ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന എന്റെ അമ്മമ്മ.. ഭസ്മത്തിന്റെ സുഗന്ധം ആയിരുന്നു അമ്മമ്മക്ക്. ഈ തടി അമ്മമ്മക്ക് ഒരു വിഷയമേ അല്ലായിരുന്നു.
രാവിലെ അഞ്ചു മണിക്ക് എണിക്കും.. നേരെ കോലായിലെ ഭസ്മത്തട്ടിൽ നിന്ന് ഭസ്മം തൊട്ട് കിഴക്കോട്ട് നോക്കി അമ്മമ്മ എന്തൊക്കെയോ പിറുപിറുക്കും. അമ്മമ്മയുടെ പിന്നിൽ സുരക്ഷയോടെ ഉറങ്ങുന്ന ഞാനും കൂടെ എണിക്കും. കൗതുകത്തോടെ അമ്മമ്മ പിറുപിറുക്കുന്നത് നോക്കി ഞാൻ ചോദിക്കും.
“എന്താ അമ്മമ്മ പറയുന്നേ. ആരോടാ?”
അമ്മമ്മ ദിർഘനിശ്വാസം ഇട്ട് പറയും. “ദൈവത്തോടാ മോളെ, ഒരുദിവസോം കിടത്താതെ എന്നെ വിളിക്കാണേ ന്ന് “
അമ്മമ്മയുടെ പ്രാർത്ഥന ആരോ കേട്ടു. കുളിമുറിയിൽ പോയി പുറത്തു വന്ന്, തെക്കേ
അകത്തെ കട്ടിലിൽ കിടന്ന് അമ്മമ്മ പോയി. ആ വലിയ വീട്ടിൽ അമ്മമ്മ നിറഞ്ഞു നിന്നിരുന്നു. ഞങ്ങളുടെ എല്ലാ കുസൃതികൾക്കും കൂട്ടുനിന്നുകൊണ്ട്. എന്റെ അമ്മമ്മ എനിക്ക് ആരൊക്കെയോ ആയിരുന്നു.. കിരിയും പാമ്പും പോലെ ആയിരുന്നെങ്കിലും, അമ്മമ്മ പോയശേഷം കഷ്ടിച്ച് ഒരു കൊല്ലമേ അമ്മച്ചൻ ഉണ്ടായുള്ളൂ. പൊട്ടിക്കരയുമായിരുന്നു അമ്മച്ചൻ അമ്മമ്മയുടെ മുറിയുടെ അടുത്തെത്തുമ്പോൾ..
എവിടെ ആയിരിക്കും അമ്മമ്മയും അമ്മച്ചനും..
ഒന്നു തിരിച്ചു വന്നെങ്കിൽ…
വിളക്ക് വെച്ച് നാമം ജപിച്ചു എല്ലാരും കൂട്ടം കൂടും. പിന്നെ കഥ പറച്ചിലും പല കളികളും ആയി ഞങ്ങൾ കുട്ടികൾ അമ്മച്ചൻ വരുന്നത് കാത്തിരിക്കും. അമ്മച്ചനും ഏട്ടനും കുട്ടിയേട്ടനും(വല്ല്യ മാമനും, ചെറിയ മാമനും) ഒക്കെ വന്നാൽ ബഹളമായി. പലഹാരപ്പൊതികൾ, ജീരകവും തേങ്ങാപ്പാലും ഒഴിച്ച കഞ്ഞി ചമ്മന്തി, ടൗണിലെ വിശേഷങ്ങൾ.. ചോറും സുഗന്ധം വരുന്ന പരിപ്പുകറിയും, മീൻ പൊരിച്ചതും !!
ഓർമകൾ സുന്ദരം!!!
എല്ലാം ഒന്ന് ശാന്തമായാൽ ചെറിയ മാമന്റെ അനൗണ്സ്മെന്റ് വരും”നായേനെ അഴിച്ചു വിടാൻ പോവാ.. ട്ടോ”.
അതിനർത്ഥം ‘വാതിലടക്കുക.. ആരും പുറത്തിറങ്ങേണ്ട’ എന്നാണ്. വലിയ ചുറ്റു മതിലുകളും മൂന്നാലു ഗേറ്റുകളും.. വിശാലമായ പറമ്പും, അമ്മമ്മ വീടും രണ്ടു ജർമൻ ഷെപ്പേർഡ് നായ്ക്കളുടെ കാവലിൽ രാത്രിയുടെ ഇരുട്ടിലേക്ക് വഴുതിവീഴും. പല ചിന്തകളുമായി.. അമ്മമ്മയുടെ പിന്നിൽ സമാധാനത്തോടെ ഒളിച്ചു കിടക്കാൻ ഞാനും!
ഒരുപാട് ഉണ്ട് എന്റെ ബാല്യത്തെ പറ്റി പറയാൻ.
പോയ്‌പോയ ആ സുന്ദര കാലം ഇനി തിരിച്ചു വരില്ലല്ലോ എന്ന ദുഃഖത്തോടെ തൽക്കാലം നിർത്തുന്നു.
സുധി


8 Comments
വെറുതെയെന്നറിഞ്ഞു കൊണ്ട് തിരികെ പോകാൻ മോഹിക്കുന്ന കാലം ….. ഹൃദ്യമായി എഴുതി❤️👍
മനോഹരം ❤️
ഗൃഹാത്തുരുത്വം തുളുമ്പുന്ന എഴുത്ത് 🥰
തറവാടും, അമ്മമ്മയും, അപ്പാപ്പനും cousins ഉം ഒക്കെയുള്ള കുട്ടികാലത്തേക്ക് കൊണ്ട് പോയതിനു oru big thanks, Sudhi. ❤️❤️
നന്ദി ലേഖ ,വായിച്ചതിന്..
Very beautifully written Sudhi. Impressed by your skill.. Was very interesting to read.. Expecting your next episode
ഗൃഹാതുരുത്വം തുളുമ്പുന്ന എഴുത്ത് 🥰
സന്തോഷം liz ,shyla