”മാറി നില്ലു കുട്ടീ…….. പുലി ദേണ്ടേ അവിടെ പല്ലു തേച്ചു തീരാറായി”
ചായ കൂട്ടിക്കൊണ്ടിരുന്ന ലേഖയെ തള്ളിമാറ്റി, ലളിത ടീച്ചർ സ്പെഷ്യൽ ചായ പ്പാത്രം സ്റ്റൗവിൽ കയറ്റി. ചായയേക്കാൾ ശക്തിയിൽ തിളക്കുന്ന അമ്മയെ നോക്കി ലേഖ സഹതാപത്തോടെ ചിരിച്ചു. അച്ഛൻ്റെ കോപതാപങ്ങൾ ഏറ്റുവാങ്ങലും, പിടിവാശികൾക്കു വഴങ്ങലും, സുഖസൗകര്യങ്ങൾ ഒരുക്കലും മാത്രമാണോ അമ്മയുടെ അവതാരോദ്ദേശ്യം എന്നവൾ ചിന്തിച്ചു പോയി.
സുശീലൻ സാർ കസേര പിന്നോട്ടു വലിക്കുന്ന ശബ്ദം കേട്ട് ലേഖയും അമ്മയും ഒന്നിച്ചു ഞെട്ടി. ഇന്നിനി അദ്ദേഹം ചായ സ്വീകരിക്കില്ല. രാവിലെ ജോലിക്കു പോകേണ്ട ടീച്ചർ പണിത്തിരക്കിനിടയിൽ പലകുറി ഭർത്താവിൻ്റെ മുറിയിൽ പോയി എത്തി നോക്കി വേണം അദ്ദേഹം വാഷ് റൂമിൽ കയറിയോ എന്നറിയാൻ. പല്ലു തേപ്പ് തുടങ്ങിയ ഉടൻ അങ്ങ് ചായയെടുത്താൽ അതും പ്രശ്നമാണ്
“ഓഹോ, ചായയൊക്കെ നേരത്തെ എടുത്ത് പണി തീർത്തു അല്ലേ?സന്ധ്യക്കത്തെ നിലവിളക്കും കൂടിയങ്ങ് കത്തിച്ചു വെക്ക്. ഇന്നത്തെ ജോലികൾ തീരുമല്ലോ!”
എന്നാവും പറച്ചിൽ. ആഘോഷമായ കുലുക്കിത്തുപ്പിൻ്റെ ഒച്ച കേൾക്കുമ്പോൾ വേണം ചായ തിളക്കാൻ. രാവിലെ ടീച്ചർ കൊണ്ടു വെക്കുന്ന തൂവെള്ള തോർത്തിൽ മുഖം അമർത്തി തുടക്കുന്ന അതേ നിമിഷം ആയിരിക്കണം ചായയുടെ എൻട്രി. അതാണ് ആ വീട്ടിലെ ചിട്ട. ഇരിക്കാനുള്ള കസേര വലിച്ചു പോയാൽ പിന്നെ രക്ഷയില്ല. അതിനു ശേഷം പ്രവേശിക്കുന്ന ചായയും ടീച്ചറും ഒരു പോലെ അവഗണിക്കപ്പെടും. അദ്ദേഹം മുഖത്ത് ഷേവിങ്ങ് ക്രീം തേക്കുന്ന പ്രക്രിയ ആരംഭിക്കും. പിന്നെ മൂന്നോ നാലോ ദിവസം കഴിഞ്ഞേ വീട്ടിൽ നിന്നു ഭക്ഷണം കഴിക്കൂ. ‘അച്ഛൻ കോപഗൃഹത്തിൽ പ്രവേശിച്ചു’ എന്നാണ് അതിന് ആ വീട്ടിൽ അടക്കി പറയുന്ന പേര്.
അവളെ ഇടിച്ചുതെറിപ്പിച്ച് അതിനകം ചായയുമായി പുലിമടയിലേയ്ക്കു പാഞ്ഞ ആളിൻ്റ അവസ്ഥ എന്തായെന്ന് ലേഖ ആകുലപ്പെട്ടു. തൻ്റെ ചായയുമെടുത്ത് മുറിയിലേയ്ക്കു മടങ്ങുമ്പാൾ, മടയിൽ നിന്നുയർന്ന മുരൾച്ചകളിൽ നിന്ന് കാര്യങ്ങളത്ര പന്തിയല്ലെന്ന് അവൾക്കു മനസ്സിലായി. ഇന്നിനി ആ പരിസരം വഴി പോകാതിരിക്കുകയാണ് ബുദ്ധി.
സുശീലൻ സാറിൻ്റെ സ്വഭാവം പണ്ടേ ഇതാണ്. കുടുംബത്തെ മുഴുവൻ, പ്രത്യേകിച്ച് ഭാര്യയെ തൻ്റെ വിരൽത്തുമ്പിൽ വിറപ്പിച്ചു നിർത്തുന്നതിൽ മറ്റെന്തിനെക്കാളും ആഹ്ലാദം കണ്ടെത്തുന്നയാൾ! ബഹുമാനം അടിച്ചേല്പിച്ചാൽ കുടുംബം അച്ചടക്കത്തോടെ കാൽകീഴിൽ ഉണ്ടാകുമെന്നാണ് പാവം ധരിച്ചു വെച്ചിരിക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ ഇല്ലാതാക്കുന്നത് കടുംബത്തിൻ്റെ മൊത്തത്തിലുള്ള സമാധാനവും സന്തോഷവുമാണെന്ന് ചിന്തിക്കുന്നേയില്ല.
ഇന്നല്ലേ സുധച്ചേച്ചിയും ഭർത്താവും വിരുന്നു വരുന്നതെന്ന് ലേഖ വേവലാതിപ്പെട്ടു. വിരുന്നുകാരുടെ മുന്നിൽ മാതൃകാ കുടുംബ ഇമേജ് തകരാതിരിക്കാൻ അമ്മ ഇന്ന് എളുപ്പത്തിൽ ആത്മാഭിമാനം അടിയറവ് വെക്കും. ഇനി ഒരു ഏഴെട്ടു മാസത്തേക്ക് ചായയുടെ സമയക്രമം പാലിക്കുന്നതിൽ ടീച്ചർക്ക് യാതൊരു വീഴ്ചയും പറ്റില്ല. വീടിനടുത്തുള്ള ഏതെങ്കിലും ചെറിയ ഹോട്ടലുകളിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് വാങ്ങിപ്പിക്കുന്നതിനെ കുറിച്ച് ഉച്ചത്തിലുള്ള സ്വഗതങ്ങളാണ് സാറിൻ്റെ അടുത്ത നമ്പർ. ഒരിക്കലും അതു പക്ഷേ അടുത്ത കടയിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിലെത്തില്ല. അതിനു മുമ്പ് ടീച്ചർ സമസ്താപരാധം പറഞ്ഞ് കാലിൽ വീഴും. പിന്നെ ഈ മാതൃകാ കുടുംബ ഇമേജ് തകരരുതെന്ന കരുതൽ ടീച്ചർക്കൊപ്പമോ, അതിലേറെയോ സാറിനും ഉണ്ടെന്നു കൂട്ടിക്കോളൂ
സർക്കാർ ഉദ്യോഗവും നല്ല ശമ്പളവും സഹോദരന്മാരിൽ നിന്ന് സാമ്പത്തികം ഉൾപ്പടെ സർവ പിന്തുണയുമുള്ള അമ്മ എന്തിനിങ്ങനെ അച്ഛൻ്റെ അടിമയായി ജീവിക്കുന്നു എന്നത് ലേഖക്കും അനിയൻ ലിജുവിനും ഇന്നേവരെ മനസ്സിലായിട്ടില്ല. ചോദിക്കുമ്പോൾ ടീച്ചർ തിരിച്ചു ചോദിക്കുന്നത്, നിങ്ങളുടെ അച്ഛൻ മദ്യപിക്കുന്നോ , സ്ത്രീലമ്പടനാണോ, പണം ധൂർത്തടിക്കുന്നുണ്ടോ, എന്നെയോ നിങ്ങളെയോ ശാരീരികമായി ഉപദ്രവിക്കുന്നോ എന്നെല്ലാമാണ്. ഇതിൻ്റെ എല്ലാം ഉത്തരം ‘ഇല്ല’ എന്നു തന്നെയാണ് പക്ഷേ ………!
“എന്തു പക്ഷേ, നിങ്ങളോട് സ്നേഹമില്ലേ? ” ടീച്ചറിൻ്റെ അടുത്ത ചോദ്യം.. ലേഖയും ലിജുവും പരസ്പരം നോക്കും. സ്നേഹമില്ലെന്നു പറയാനാവില്ല. ലേഖയുടെ കാലു മുറിഞ്ഞു നിർത്താതെ ചോര ഒഴുകിയപ്പോഴും, ലിജുവിന് പനി കൂടി തലകറങ്ങി വീണപ്പോഴും അച്ഛൻ്റെ പരവേശവും കരച്ചിലും കണ്ടതാണ്. പക്ഷേ ചോരയൊഴുക്കു നിൽക്കുകയും, ബോധം തിരിച്ചു കിട്ടുകയും ചെയ്തതോടെ സ്നേഹവും ആ വഴിക്ക് പോയി, വീണ്ടും ആ കാർക്കോടക ഭാവം തിരിച്ചെത്തി. ഭാര്യയോടും മക്കളോടും സ്നേഹം പ്രകടിപ്പിക്കാൻ ഭയമാണോ അച്ഛനെന്ന് ലേഖക്ക് പലപ്പോഴും തോന്നീട്ടുണ്ട്. പത്തു രൂപാ നോട്ടു പോലെ എവിടെയും എടുത്ത് ഉപയോഗിക്കാവുന്ന സ്നേഹമാണ് അമ്മയുടേതെങ്കിൽ അച്ഛൻ്റേത് റിസർവ് ബാങ്ക് ഇറക്കാൻ ആലോചിച്ചിട്ട്, അല്ലേ വേണ്ട കുറച്ചൂടെ കഴിഞ്ഞിറക്കാം, എന്നു വെച്ച മൂല്യം കൂടിയ ഏതോ നോട്ടു പോലെയാണ്.
എല്ലാ സൗഭാഗ്യങ്ങളുമുള്ള തങ്ങളുടെ വീട്ടിൽ അച്ഛനൊരാളിൻ്റെ ദുർവ്വാശി ഉണ്ടാക്കുന്ന ഭൂകമ്പങ്ങൾ ഇല്ലായിരുന്നെങ്കിൽ, എന്നു ചിന്തിക്കാത്ത ഒറ്റ ദിവസം പോലും ലേഖയുടെയും ലിജുവിൻ്റെയും ജീവിതത്തിൽ ഉണ്ടായിട്ടില്ല. അല്പമൊന്നു മുതിർന്നപ്പോൾ മുതൽ അമ്മയോടു കാട്ടുന്ന അനീതിയോടും മനുഷ്യാവകാശ ലംഘനങ്ങളോടുമുളള പ്രതിഷേധമായി അതങ്ങു രൂപം മാറി. അച്ഛനോട് തങ്ങൾക്ക് യഥാർത്ഥത്തിൽ സ്നേഹമുണ്ടോ എന്നൊരു സന്ദേഹം പതിയെ മക്കളിൽ പടരുന്നതൊന്നും സുശീലൻ സാർ അറിഞ്ഞേയില്ല.
വിവാഹ ശേഷം വീട്ടിലേക്ക് വല്ലപ്പോഴും മാത്രം എത്തിയിരുന്ന ലേഖ ആദ്യ പ്രസവത്തിന് വന്നപ്പോഴാണ് അതിനകം റിട്ടയർ ചെയ്തു കഴിഞ്ഞ അമ്മയെ ഇടം വലം തിരിക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി പണ്ടത്തേക്കാൾ ശൗര്യത്തോടെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ലേഖയുടെയും കുഞ്ഞിൻ്റെയും കാര്യങ്ങൾ പോലും നോക്കാനാവാത്ത വിധം ടീച്ചറിനെ പൂട്ടിയിരിക്കുകയാണ്. അതിനകം ഉദ്യോഗസ്ഥനായിക്കഴിഞ്ഞ ലിജു ചെറിയ തോതിൽ പ്രതിഷേധിച്ചു തുടങ്ങിയെങ്കിലും ടീച്ചറിൻ്റെ കർശന വിലക്കു കാരണം അവനും ഒന്നും മിണ്ടാനാകാത്ത അവസ്ഥ. മക്കൾ അച്ഛനെതിരെ തിരിഞ്ഞൊന്നു നിൽക്കുന്നതു പോലും ടീച്ചർ സഹിക്കില്ല. ഒടുവിൽ കുഞ്ഞിന് രണ്ടു മാസമായതോടെ ലേഖ നീരസത്തോടെ കുഞ്ഞുമായി മടങ്ങി. കുഞ്ഞിൻ്റെ ഒന്നാം പിറന്നാളിന് അച്ഛന് കടുത്ത ജലദോഷമായതിനാൽ, അമ്മക്കും വരാൻ പറ്റില്ല എന്നു പറഞ്ഞതോടെ അവൾക്കു നിലതെറ്റി. കാര്യമായ രോഗം വല്ലതുമാണെങ്കിൽ മനസ്സിലാക്കാം കുഞ്ഞിന് ഉടുപ്പും സമ്മാനങ്ങളുമായി വന്ന ലിജുവിനോടു വരെ ലേഖ മുഖം വീർപ്പിച്ചു. ടീച്ചർ വിളിച്ചപ്പോഴെല്ലാം ഒന്നോ രണ്ടോ വാചകങ്ങളിൽ സംഭാഷണം നിർത്തി പ്രതിഷേധിച്ചു.
തൊട്ടടുത്ത ആഴ്ച ലളിത ടീച്ചറിനൊരു നെഞ്ചു വേദന. ആശുപത്രിയിൽ എത്തിക്കുന്ന ബുദ്ധിമുട്ട് പോലും ആർക്കും കൊടുക്കാതെ ഉത്തമഭാര്യാ വേഷം അഴിച്ചു വെച്ച് ടീച്ചർ യാത്രയായി.
ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുമ്പോൾ അച്ഛൻ്റെ പരിദേവനങ്ങൾ കേൾക്കാൻ ലേഖക്ക് മനസ്സുണ്ടായിരുന്നില്ല. തൻ്റെ ജോലിയും കുടുംബവും വിട്ട്, വീട്ടിൽ വന്നു നിൽക്കാവുന്ന അവസ്ഥയിലും ആയിരുന്നില്ല. മാറി മാറി വന്ന ജോലിക്കാരും സുശീലൻ സാറും തമ്മിലുള്ള വാക്കേറ്റങ്ങൾ കയ്യാങ്കളിയിൽ എത്തുമെന്ന നില വന്നപ്പോൾ, ബന്ധുക്കൾ ഇടപെട്ട്, ലിജുവിൻ്റെ വിവാഹം പെട്ടന്നങ്ങു നടത്തി. ഏജീസ് ഓഫീസിൽ ഉദ്യോഗസ്ഥയായ സബിത, വന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ സാറിൻ്റെ കാര്യങ്ങൾ തീരുമാനമായി. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന സബിത, വീട്ടുകാര്യങ്ങൾ നോക്കി നടത്താൻ സമർത്ഥയായിരുന്നു. പക്ഷേ തീരുമാനങ്ങളെല്ലാം ഏക പക്ഷീയമായേ എടുക്കൂ. ഫ്രിഡ്ജ് അലങ്കാര വസ്തുവായിരുന്ന വീട്ടിൽ അത് അവശ്യ വസ്തുവായി. പഴയതൊന്നും കഴിക്കില്ല എന്ന് നാട്ടുകാരോട് വീമ്പിളക്കിയിരുന്ന സുശീലൻ സാറിന് ചൂടാക്കിയ ഭക്ഷണവും ഇടക്കെല്ലാം കഴിച്ചാലേ വിശപ്പടക്കാനാവൂ എന്ന നിലയായി. പരാതികൾ കേൾക്കാൻ ആളില്ലാതായതോടെ, ടീച്ചറിൻ്റെ ഫോട്ടോയിലേക്കു നോക്കി ഏതുനേരവും പായാരം പറച്ചിലായി സാറിൻ്റെ മുഖ്യ ജോലി.
ലളിത ടീച്ചർ പോയി രണ്ടു വർഷം കൊണ്ട് തന്നെ പേരിൽ മാത്രമല്ല ശരിക്കും സാറൊരു സുശീലനായി മാറി. ആയിടെക്കാണ് സ്വന്തം ഭക്ഷണക്രമത്തിൻ്റെ പേരിൽ ഭൂകമ്പങ്ങൾ സൃഷ്ടിച്ചിരുന്ന ആൾക്ക് ഒരു ഭക്ഷണവും ഇറക്കാനാവാതെ വന്നത്. തുടർ പരിശോധനകൾ കാൻസർ സ്ഥിരീകരിച്ചപ്പോഴും ഏവരെയും അത്ഭുതപ്പെടുത്തി അദ്ദേഹം ശാന്തനായി നിന്നു.
പക്ഷേ അന്നേ വരെയില്ലാത്ത പുതിയൊരു ആവശ്യം അദ്ദേഹത്തിനുണ്ടായി.. മക്കളുടെയും പേരക്കുട്ടിയുടെയും സ്നേഹം വേണം. വെറും സ്നേഹമല്ല, അടുത്തിരിക്കണം കെട്ടിപ്പിടിക്കണം, ഉമ്മ നൽകണം. അങ്ങനങ്ങനെ. ലേഖയും ലിജുവും കുഴഞ്ഞു പോയി. ജീവിതത്തിൽ ഒരേ ഒരു തവണ, വിവാഹ ദിവസം കാൽതൊട്ടു വന്ദിച്ചപ്പോൾ മാത്രമാണ് മക്കൾ രണ്ടാളും ആ പാദങ്ങളിലെങ്കിലും തൊട്ടതായി ഓർക്കുന്നത്. ഒരിക്കൽ പോലും ലാളിച്ചിട്ടില്ലാത്തതു കൊണ്ട് സാർ എത്ര വിളിച്ചിട്ടും ലേഖയുടെ മകൾ അടുക്കാനേ കൂട്ടാക്കിയില്ല. അച്ഛൻ്റടുത്തു വന്നിരിക്കൂ, അച്ഛനൊരുമ്മ തരൂ എന്ന് പറഞ്ഞ് വിളിക്കുമ്പോൾ മക്കൾ രണ്ടാളും പരുങ്ങും. ദുർബ്ബലമായ കൈകൾ കൊണ്ട് അച്ഛൻ ചേർത്തു പിടിക്കുമ്പോൾ ആദ്യമാദ്യം എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു മക്കൾ. ക്രമേണ ആ ബുദ്ധിമുട്ടു മാറി വന്നു. അച്ഛനോടുള്ള സ്നേഹം എവിടെ നിന്നോ പതിയെ തങ്ങളിൽ ഊറിക്കൂടുന്നത് ലേഖയും ലിജുവും അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. ആ ദിവസങ്ങളിലൊന്നിലാണ് ലേഖ അച്ഛനോട്, എന്തു കൊണ്ടാണ് കുടുംബത്തിനു മേൽ ഇത്രക്ക് അച്ചടക്കവും ഭീതിയും അടിച്ചേൽപ്പിച്ചിരുന്നത് എന്നു ചോദിച്ചത്. വാർദ്ധക്യവും, രോഗവും, ഭാര്യാ വിരഹതാപവും കൊണ്ടു വലഞ്ഞ അവസ്ഥയിലും സുശീലൻ സാർ, അഭിമാനത്തോടെ ,ഉശിരോടെ പറഞ്ഞു.
“അതു കൊണ്ട് എൻ്റെ മക്കൾ പഠിച്ച് മിടുക്കരായി നല്ല ഉദ്യോഗസ്ഥരായില്ലേ? ഈ വീട് നാട്ടുകാർക്കെല്ലാം മാതൃകയായില്ലേ? ”
ഇക്കുറി അച്ഛൻ ചോദിക്കാതെ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ നൽകിയ മകൾ സഹതാപത്തോടെ ഓർത്തു, അച്ഛനെ ഒന്നും പറഞ്ഞിട്ടു കാര്യമില്ല. ചില ബോധ്യങ്ങൾ മനുഷ്യരെ വഴിതെറ്റിച്ചു കളയും, കൂടെ ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ ദൗർഭാഗ്യമെന്നേ പറയേണ്ടൂ. ചുവരിൽ ചിരിതൂകി ഇരിക്കുന്ന സർവ്വം സഹയുടെ മുഖത്ത്, എനിക്കിത് പണ്ടേ അറിയാം കുട്ടി എന്നൊരു ഭാവം കണ്ട് ലേഖയുടെ ചുണ്ടിലും ചിരിയൂറി.
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


19 Comments
താര മനോഹരമായി എഴുതി.
ഇതുപോലെ ഇപ്പോഴും ജീവിക്കുന്ന കുറേ പേരുണ്ട്
സത്യം മഞ്ജു.സ്നേഹം❤️❤️
👌❤️🌹
❤️❤️😍
സഹനത്തിൻ്റെ നെല്ലിപ്പലകയിലെത്തിയപ്പോൾ ടീച്ചറങ്ങ് പോയി…. ഇങ്ങനെ എത്ര ഭാര്യമാർ…….. സുന്ദരമായ എഴുത്ത്👍❤️
സ്നേഹം മിനീ❤️😍🥰
കഥ നന്നായി. പക്ഷേ ലളിത ടീച്ചറാണ് സുശീലനെ ദുശീലനാക്കിയത്.
അതും സത്യം😍
താരേച്ചി മാഷേ പ്പോലുള്ള ഒരു പാട് പേർ ഉണ്ട് , എല്ലാവരെയും വിറപ്പിച്ച് നിർത്തൽ, അസ്സലായിട്ടോ 💕💕💕🙏🙏
സ്നേഹം കുഞ്ഞേ😍
എവിടെയോ പരിചയമുള്ള മുഖങ്ങൾ
നന്നായി എഴുതി🌹🌹🌹🌹👏👏👏👏
നമുക്കിടയിൽ ഇവരെല്ലാം ഉണ്ടല്ലോ. സ്നേഹം സുമ😍❤️
ചില ബോധ്യങ്ങൾ മാത്രമല്ല എടുത്താൽ നടന്നേക്കും എന്ന ശാഠ്യങ്ങളും ചില കുടുംബനാഥന്മാരെ ഇങ്ങനെയാക്കും. അവർ മൂലം നഷ്ടപ്പെടുന്ന സന്തോഷത്തെ കുറിച്ച് അവർ ഗൗനിക്കുന്നില്ല എന്നതാണ് ദുഃഖകരം. ഇത്തരം മനുഷ്യരെ കണ്ടിട്ടുണ്ട്. നന്നായി എഴുതി.👍
ഇങ്ങനെയുണ്ട് കുറേപ്പേർ. സ്വന്തം ജീവിതം മാത്രമല്ല കൂടെയുള്ളവരുടെ ജീവിതം കൂടി ദുസ്സഹമാക്കുന്നവർ
സത്യം❤️😍
ശരിയാണു മഞ്ജു
സ്നേഹം സുമക്കുഞ്ഞേ😍❤️🥰
കഥയിലായാലും ജീവിതത്തിലായാലും ലളിത ടീച്ചർമാരേയും സുശീലൻഭർത്താക്കാന്മാരേയും ഒരു പാടു കണ്ടിട്ടുണ്ട്. നന്നായി എഴുതി താരച്ചേച്ചീ. ♥️♥️