അച്ഛച്ഛന്റെ വീടിനെ കുറിച്ചുള്ള ഓർമകൾ കുറച്ചു മങ്ങിയതാണെങ്കിലും ഇപ്പോഴും ഓർമയുണ്ട്. മൂന്നു നിലയുള്ള വലിയ അഞ്ച് മുറി പടിഞ്ഞിറ്റി. ചുറ്റും കുളങ്ങൾ, ആകെ തണുത്ത ഒരു അന്തരീക്ഷം.
പാപ്പൻ ആയിരുന്നു ഭാഗം വെച്ച ശേഷം അവിടെ താമസിച്ചത്. പാപ്പന്റെ ചെറിയ കുടുബത്തിന്. ആ വീടിന്റെ ഒരു മൂല മതി. ബാക്കി അടച്ചിടുമായിരുന്നു. പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്. ഒരു നാലു വയസ്സുവരെ ഞങ്ങൾ എറണാകുളത്തായിരുന്നു,
അവിടെയും നല്ലൊരു ക്വാട്ടേഴ്‌സിൽ. തൊട്ടടുത്ത് ഒരു ജഡ്ജിയും ഭാര്യയും ആയിരുന്നു.
വളരെ സ്നേഹമുള്ള, ഞങ്ങൾ കുട്ടികളെ ഭയങ്കര ഇഷ്ട്ടമുള്ള ഒരു ആന്റി. അമ്മയും അവരും ഉറ്റ സുഹൃത്തുക്കളായി. തുന്നൽ, പാചകം ഇതൊക്കെ അവരുടെ ഇഷ്ടപ്പെട്ട വിഷയങ്ങൾ. എനിക്ക് അതു കേട്ടിരിക്കാൻ ഇഷ്ടമായിരുന്നു.
ചില ദിവസങ്ങളിൽ വൈകുന്നേരം, ഞങ്ങൾ കുട്ടികളുടെ കലാപരിപാടി
നടത്താൻ അവർ പ്രോത്സാഹിപ്പിക്കും. പിന്നെ രസമായി. ഞാനും ചേച്ചിമാരും മറ്റു കുട്ടികളും അണിഞ്ഞൊരുങ്ങും. പൗഡർ വെള്ളത്തിൽ ചാലിച്ച് പുരികത്തിന് മുകളിൽ വെള്ള കുത്തുകളും, പിന്നെ നല്ല ഉടുപ്പും,, എന്തൊക്കയോ റോൾഡ് ഗോൾഡ് ചെയിനും വളയും കാതിലും ഒക്കെ ഇട്ട് കണ്ണെഴുതി പൊട്ടുതൊട്ടു ഞങ്ങൾ ഡാൻസും പാട്ടും നാടകവും ഒക്കെ കളിക്കുമായിരുന്നു. കാണികളായി അമ്മയും ആ ആന്റിയും പിന്നെ കുറച്ചു അമ്മമാരും. ചിലപ്പോൾ ആ ജഡ്ജ് അങ്കിൾ തന്നെ വന്നിരിക്കും. ഒരു മടിയും കൂടാതെ ഞങ്ങൾ എന്തൊക്കെയോ കളിച്ചു.
എന്തൊരു കാലം!
എപ്പോഴും ബീഡി വലിച്ചു കൊണ്ടിരുന്ന ഒരു കേളപ്പൻ നായരായിരുന്നു അമ്മയുടെ സഹായി. അച്ഛൻ എത്ര ചിത്ത പറഞ്ഞാലും കേളപ്പനായര് ബീഡി വലി നിർത്തുല.
കേളപ്പന്നായരാണ് ഞങ്ങളെ സ്കൂളിൽ കൊണ്ടുപോവുക. പോകുന്ന വഴി മഴവില്ലിന്റെ വർണങ്ങൾ നിളത്തിലുള്ള ചോക്പെൻസിൽ വാങ്ങിത്തരും. അതുകൊണ്ട് അന്നേ ഞാൻ മലയും സൂര്യനും കടലും ഒക്കെ വരക്കുമായിരുന്നു. അമ്മ അത് മേശപ്പുറത്ത് ചാരി വെച്ചു പ്രദർശിപ്പിക്കും.
സമ്മർ വെക്കേഷന് അവിടന്ന് അച്ഛച്ഛ വീട്ടിലാണ് വരുക. ഞങ്ങൾ വരുമ്പോഴേക്കും തെക്കേ അറ്റത്തെ ഒരു വലിയ മുറി പാപ്പൻ റെഡിയാക്കി വെക്കും. വീതിയുള്ള കട്ടിൽ
കൊതുവല കൊണ്ടു മുടി, പിന്നെ ഒരു വലിയ കറുത്ത പെയിന്റ് ഉള്ള ഉഷ ടേബിൾ ഫാനും ഉണ്ടായിരുന്ന ഒരു മുറി. (ആ ഉഷാ ഫാൻ എന്റെ കൈയ്യിൽ ഇപ്പോഴും ഉണ്ട്., തണുത്ത കാറ്റ് ഒഴുകുന്ന ആ ഫാൻ കുളിര്മയുള്ള ഓർമകൾ തരുന്നു)
വലിയ ഇടനാഴിയിലൂടെ മുറിയിലേക്ക് പോവാൻ എനിക്ക് പേടിയായിരുന്നു. രണ്ടു ഭാഗത്തും അടച്ചിട്ട മുറികൾ വാതിലിന് ഇടയിലുയുടെ നോക്കിയാൽ, ക്ലാവ് പിടിച്ച ഉരുളി, ചെമ്പ്, കുട്ടകം ഒരു പാട് വിളക്കുകൾ ഒക്കെ പേടിപ്പെടുത്തുന്ന കാഴ്ച്ചകൾ ആയിരുന്നു എനിക്ക്. അച്ഛമ്മ എന്നും എന്റെ കൂട്ടുകാരി ആയിരുന്നു. കാരണം അച്ഛമ്മക്ക് കുറെ പാട്ടുകളും കഥകളും അറിയാം. ചെറിയ കൈയുള്ള കുറച്ചു നീണ്ട മിനുമിനുത്ത ജംബറും കസവ് മുണ്ട്, കാതിൽ വലിയ സ്വർണ്ണ തോട, കഴുത്തിൽ ചുവന്ന കല്ലുള്ള പതക്കം ഉള്ള കട്ടിയുള്ള മാല, കൈ രണ്ടിലും സ്വർണ വളകൾ.
ഇതായിരുന്നു സ്നേഹം മാത്രം മുഖത്തു കണ്ടിരുന്ന എന്റെഅച്ഛമ്മ.
പണിക്കാരത്തികളുടെ ഇടയിൽ അടുക്കളയിൽ ഒരു വലിയ പലകമേൽ ഇരുന്നു അച്ഛമ്മ നാട്ടു വർത്താനം പറയും. ബാക്കി എല്ലാ കുട്ടികളും ബബ്ലൂസ് നാരങ്ങ മരത്തിനും ആത്തച്ചക്കക്കും ചുറ്റും കുടുമ്പോൾ, ഞാൻ അച്ഛമ്മയുടെ പാട്ടും വർത്താനവും കേൾക്കാൻ ഇരിക്കും.
നല്ല മഴയുള്ളപ്പോ ഇടി വെട്ടുമ്പോൾ അച്ചമ്മ ഒരു പലകയിൽ ഇരുന്ന് “ഇടി അതാ വെട്ടുന്നു. മഴയതാ പെയ്യുന്നു. കോരപ്പൻ്റെ ഓളതാ, മത്തിക്ക് പായുന്നു”.
എന്തിഷ്ടായിരുന്നു എന്നോ എനിക്ക് ഇത് കേൾക്കാൻ.
ഒരു ദിവസം രാത്രി ഉറക്കത്തിൽ നിന്നും നളിനി ഏടത്തി( ഞങ്ങളെ നോക്കുന്ന വകയിലുള്ള ഒരു ഏടത്തി) എന്നെ എടുത്തു താഴേക്കു കൊണ്ടു വന്നു. താഴെ ഇടന്നാഴിയിലും മുറ്റത്തും കുറെ ആളുകൾ. പേടിയോടെ ഞാൻ നടുമുറിയിലേക്കു നോക്കി. അച്ഛന്റെ മടിയിൽ അച്ഛമ്മയെ കിടത്തിയിരിക്കുന്നു. എനിക്ക് പാതി ഉറക്കത്തിൽ ഒന്നും മനസ്സിലായില്ല. ചേച്ചി ചെവിട്ടിൽ പതുക്കെ പറഞ്ഞു, “അച്ഛമ്മ മരിച്ചു”.
മരണം ഒരു ഭീകര സംഭവമായി എന്റെ മനസ്സിൽ പതിഞ്ഞത്, അച്ഛമ്മയെ ചുവന്ന പട്ടിൽ മൂടി കൊണ്ടുപോവുന്നത് കണ്ടതുമുതലാണ്. ഞാൻ വളരെ അടുത്തു കണ്ട ആദ്യ മരണം.
മൂന്നാല് ദിവസം കഴിഞ്ഞപ്പോൾ, അച്ഛച്ഛന്റെ ഫോട്ടോക്ക് അടുത്ത് അച്ഛമ്മയുടെയും മാലയിട്ട വലിയ ഫോട്ടോ വെച്ചിരുന്നു. അത് നോക്കാൻ പോലും എനിക്ക് പേടിയായിരുന്നു.
എന്തൊക്കെ ആയാലും കോരി ചൊരിയുന്ന മഴയും ഇടിയും, കുളത്തിൽ നിന്നും ചാടി ഉയരുന്ന ബ്രാലുകളും അതിനെ വെട്ടിവീഴ്ത്താൻ തലക്കെട്ട് കെട്ടി ഇരിക്കുന്ന പാപ്പനും. (പാപ്പന് ബ്രാലും മുഷുവും, ഒരു വീക്നെസ് ആയിരുന്നു). അതൊക്കെ മങ്ങിയ കണ്ണാടിയിലൂടെ ഇന്നും ഞാൻ കാണുന്നു. മൂന്നാല് ജർമൻ ഷെപ്പേർഡ് നായ്ക്കൾ ഉള്ള പാപ്പൻ എന്റെ ഹീറോ ആയിരുന്നു. അവയോട് കളിക്കുമ്പോൾ പാപ്പൻ അടുത്തു നിക്കും. അച്ഛനേക്കാൾ രസികനും ആരോഗ്യവുമുണ്ടായിരുന്ന പാപ്പൻ ആദ്യം പോയി.
അച്യുതൻ ഗേൾസ് ഹൈ സ്കൂളിന്റെ അടുത്തു കാർ നിർത്തി അച്ഛച്ഛ വീട്ടിലേക്കു എറണാകുളഞ്ഞു നിന്നും വരുന്ന ഞങ്ങളെ നോക്കി തിണ്ടത്തു ചുറ്റുമുള്ള പെണ്ണുങ്ങളും ആണുങ്ങളും നിൽക്കും. അവരോടൊക്കെ അച്ഛനും അമ്മയും കുശലം പറഞ്ഞു നടന്നു പോകുന്നത് ഇന്നലെ എന്നവണ്ണം ഓർമ്മയിൽ നിൽക്കുന്നു. ചാലപ്പുറത്തെ ഇ സ് ഐ യിൽ ജോയിൻ ചെയ്ത സമയം( ഈ എസ് ഐ കെട്ടിടം അച്ഛച്ഛൻ എരുമക്കാർക്കു ‘കെട്ടിക്കറവിന്’ കൊടുത്ത സ്ഥലത്തായിരുന്നു. വീടിനുകുറച്ചു വിട്ടു കൊണ്ടു. )
അച്യുതൻ ഗേൾസ് ഹൈ സ്കൂളിന് അടുത്തുന്നു. അച്ഛച്ഛ വീട് ചോദിച്ച ഒരു രസകരം സംഭവം ഉണ്ട്. ഒരു വയസ്സായ ആളോട് ” ആണ്ടി മൂപ്പരുടെ വീട് എവിടെയാ” എന്നു ഞാൻ ചോദിച്ചപ്പോൾ അയാൾ മോണ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
” അയ്യോ മോളെ ആണ്ടി മുപ്പരൊക്കെ എന്നോ മരിച്ചുപോയല്ലോ” എന്ന്.
ആ നാട്ടുപ്രമാണിയുടെ കൊച്ചു മോളാണ് ഞാൻ എന്ന് പറഞ്ഞില്ല. ആ വഴിനോക്കി എന്തൊക്കെയോ ഓർത്തുനിന്നു. പിന്നീട് കണ്ടുപിടിച്ചു ചെന്നപ്പോളാണ് അവിടെ
ഈ. എസ്. ഐ. ക്വാർട്ടർസും ലോക്കൽ ഓഫീസും ഒക്കെ ആയ വലിയ ഒരു സമുച്ചയമായിരിക്കുന്നു.
ഓർമ്മകൾ തിരകളായി!
എന്നാലും ആ മരങ്ങൾക്കും, തെങ്ങുകൾക്കും കാറ്റിനും, വെയിലിനും
എന്റെ കുട്ടിക്കാലം ഓർമ്മ ഉള്ളതുപോലെ. “എന്താ സുഖമാണോ മോളെ ” എന്ന് അവ ചോദിക്കുന്നുണ്ടോ?
സുധി


11 Comments
ഓർമ്മകൾ മനോഹരം❤️
ഓർമ്മകൾ നല്ല രസകരമായി എഴുതി ചേച്ചി.. 👌🥰❤️നിങ്ങൾടെ കൂടെ ഞങ്ങളും അവിടെ പരിസരത്ത് ഉണ്ടായത് പോലെ 😌
നന്ദിയുണ്ട് വായിച്ചതിന്
Enjoyed reading it,Sudhi! Your writing always evokes a sense of nostalgia. Love your style!
Keep writing,pl.
കൂടെയുണ്ടായിരുന്ന പോലെ തോന്നി ….മനോഹരമായ അവതരണം❤️👍
രസകരം സുധി. 👌👌
നന്നായിട്ടുണ്ട്.. തുടർന്നും എഴുതൂ
ലേഖ,, ലിസ്…വായിച്ച് അഭിപ്രായം പറഞ്ഞല്ലോ ,,നന്ദി
Sudhi, Im surprised about the way you remember all the minute details. Love your writing style. Very simple language
ബീന….. ഒരുപാട് thanks
കുട്ടിക്കാലത്തെ ഓർമകൾക്ക് എന്തു മധുരമാണല്ലേ. നല്ല വായനാനുഭവം ❣️