രാത്രി 12 മണി കഴിഞ്ഞാണ് വിപിൻ സാറിൻ്റെ ഫോൺ വന്നത്. സ്വാഭാവികമായും ഉറക്കം നഷ്ടപ്പെട്ടതിൻ്റേയും അലോസരത്തിൻ്റേയും സ്വരത്തിലായിരുന്നിരിക്കാം എൻ്റെ മറുപടി.
‘നീ ഉറങ്ങിയോടാ, എനിക്കൊരു അർജൻ്റ് കാര്യം പറയാനുണ്ടായിരുന്നു.’
‘എൻ്റെ സാറേ, നാളെ സംസാരിച്ചാൽ പോരേ?’
കോളുകൾക്കിടയിലെ നിശ്ശബ്ദത പറഞ്ഞ മെസ്സേജ് എനിക്കഴിക്കാൻ തോന്നിയില്ല.
‘എന്നാൽപ്പിന്നെ അതുമതി.’
രാവിലെ എണീറ്റപ്പോൾ പിന്നേയും മൂന്നാലു മിസ് കോളുകൾ. ‘നീ ഫ്രീ ആവുമ്പോൾ വിളിക്കണേ’ എന്ന മെസ്സേജും.
ഒൻപതു മണിയായപ്പോഴാണ് ഞാൻ തിരിച്ചു വിളിച്ചത്. എടുത്തത് പക്ഷേ വേറെ ആരോ ആയിരുന്നു.
‘ഇത് വിപിൻ സാറിൻ്റെ ഫോണല്ലേ?’
‘അറിയില്ല, നിങ്ങളാരാണ്.’
‘ഞാൻ അദ്ദേഹത്തിൻ്റെ കൂടെ ജോലി ചെയ്യുന്നയാളാണ്.’
‘ഈ ഫോൺ അരമണിക്കൂർ മുമ്പ് ട്രെയിൻ തട്ടി മരിച്ച ഒരാളുടേതാണ്. ആളെ നിങ്ങൾക്കറിയുമെങ്കിൽ ചാലക്കുടി ഗവ. ആശുപത്രിയിലേയ്ക്കു വരൂ. അല്ലെങ്കിൽ പോലീസ് സ്റ്റേഷനിലേയ്ക്ക്. പെട്ടെന്ന് വരുമല്ലോ, അല്ലേ?’
ഇന്നലെ അദ്ദേഹം എന്താണാവോ പറയാൻ ശ്രമിച്ചത്? ഇന്നെന്തു പറ്റിയതാണാവോ? ദൈവമേ, അത് വേറെ ആരെങ്കിലുമാകണേ? എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് ഞാൻ ആശുപത്രിയിലെത്തിയത്.
ചാലക്കുടി റെയിൽവേ സ്റ്റേഷനു പുറത്ത് പാർക്കിങ്ങിൽ ലോക്കു ചെയ്തു വച്ച ബൈക്കും തെറിച്ചു പോയ ബാഗും അതിലെ കല്യാണക്കുറിയും മൊബൈലുമൊക്കെ നോക്കി തിരിച്ചറിഞ്ഞ ബോഡിക്ക് അധികം പരിക്കുപറ്റിയിരുന്നില്ല.
പ്ലാറ്റു ഫോമിൽ നിർത്താൻ പോയ ട്രെയ്നിനു മുന്നിൽ പൊടുന്നനെ കയറി നിന്ന് കൈകൾ വിരിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കണ്ടു നിന്നവരും റെയിൽവേ അധികൃതരും പോലീസും പറഞ്ഞു. തലയ്ക്കു പിറകിലെ ഒരടിയേറ്റ് തെറിച്ചു വീണപ്പോൾ തന്നെ മരിച്ചിരുന്നു.
അതിരപ്പിള്ളി ഓഫീസിലേക്കു പോകേണ്ട ആൾ എറണാകുളത്തെ ചിലരെ അടുത്ത മാസം നടക്കുന്ന അദ്ദേഹത്തിൻ്റെ കല്യാണം വിളിക്കാൻ പോയി കുറച്ച് ലേറ്റായി വരുമെന്നവിടെ അറിയിച്ചിരുന്നത്രേ. പിന്നെന്തിന് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ വന്ന് ഇത്തരമൊരു ചെയ്ത്ത് ചെയ്യണം?
എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തിൻ്റെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ വിവാഹം നിശ്ചയിച്ച പെൺകുട്ടിക്കോ സഹപ്രവർത്തകർക്കോ എനിക്കോ ഇന്നുമറിയില്ല.
ഇനി അതൊരു അപകടമരണമായിരുന്നിരിക്കുമോ? അതും ശരിക്കറിയില്ല.
